വര്ഷങ്ങളൊരുപാട് കഴിഞ്ഞിട്ടും ആ സംഭവം ഇപ്പോഴും ചിരിപടര്‍ത്തുകയാണ്. അന്ന് ഉമ്മ നെയ്ത തമാശയക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. ഞാന്‍ മദ്രസയില്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്പോഴാണ് സംഭവം. ആയിടെ ഒരു കള്ളന്റെ ശല്യം രൂക്ഷമായിരുന്നു. അവനെ കള്ളനെന്നു പറഞ്ഞുകൂടാ ഒരു പെറുക്കി. പക്ഷേ, രാത്രിയിലാണെന്ന പ്രത്യേകതയുണ്ട്. കൊണ്ടുപോവുന്നത് ചെരുപ്പ്, പാത്രങ്ങള്‍ തുടങ്ങിയവയാണ്. നാട്ടിലെ ഒരാള്‍ തന്നെയാണ് ഇത്ചെയ്യുന്നതെന്നും കിംവദന്തി ഉണ്ടായിരുന്നു. അല്ലാതെ ഇത്തരം എരപ്പന്‍ പരിപാടിക്ക് സാക്ഷാല്‍ കള്ളന്മാരെ കിട്ടുമോ?
അയാള്‍ എന്റെ തൊട്ടടുത്ത വീട്ടിലും കയറി. അവിടുത്തെ ചെരിപ്പാണ് പോയത്. പിറ്റേന്ന് രാവിലെ ഞാന്‍ മദ്രസയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ ഫിഖ്ഹ്കിതാബ് കാണാനില്ല. ഞാനാകെ വിളറി. പത്തനാപുരത്തുകാരനായ ശൗക്കത്ത് ഉസ്താദ് അടിശിക്ഷയില്‍ എല്ലാവരെക്കാളും മുന്നിലാണ്. അദ്ദേഹമാണ് എന്റെ ഉസ്താദ്. കിത്താബ് പലയിടത്തും തിരഞ്ഞു. ഒടുവില്‍ ഉമ്മയോടും ചോദിച്ചു. ഇന്നലെ കള്ളന് കൊണ്ടുപോയത് നിന്റെ ഫിഖ്ഹ് ആയിരിക്കും. ഉമ്മ എന്നെ കളിയാക്കി. ഞാന്‍ ചിന്തിച്ചു. കള്ളനെന്തിനാ എന്റെ ഫിഖ്ഹ്…!!
ഉസ്താദ് കിത്താബ് വായിച്ചു തുടങ്ങി. എനിക്കു മാത്രം കിത്താബില്ല. എവിടെ കിത്താബ്? ഉസ്താദ് കണ്ണുരുട്ടി. എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി. പറയെടാ… ഉസ്താദ് വടിയെടുത്തു. കള്ളന് കൊണ്ടുപോയി… ഞാന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു. പ്രതീക്ഷിച്ചതിന് വിപരീതമായി ഉസ്താദ് ചിരിച്ചു കുട്ടികളും.
പിറ്റേന്ന് വെള്ളിയാഴ്ച. ഉസ്താദ് മോഷണത്തെക്കുറിച്ച് പറഞ്ഞു: ചിലരുടെ മതഗ്രന്ഥങ്ങള്‍ വരെ കൊണ്ടുപോകാന്‍ മാത്രം കള്ളന്മാര് വളര്‍ന്നിരിക്കുന്നു. ഉസ്താദ് ചിരിച്ചാണ് പറഞ്ഞതെങ്കിലും ആളുകള്‍ പരസ്പരം നോക്കി അതിശയം പൂണ്ടു. എനിക്കും ചിരിവന്നു. ചിരിയൊതുക്കി ഞാന്‍ തലകുനിച്ചിരുന്നു.
സത്യത്തില്‍ ആ കിതാബ് എന്റെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. കട്ടിലിനടിയില്‍ ചുരുട്ടിവച്ച പുല്‍പായയുടെ ഉള്ളില്‍. അതെങ്ങനെ അവിടെയെത്തിയെന്നറിയില്ല. പക്ഷേ, കിതാബ് കള്ളന് കൊണ്ടുപോയെന്ന വാര്‍ത്ത നാട്ടില്‍ പരന്നു. എന്നെ കാണുന്പോള്‍ പലരും കളിയാക്കി ചോദിക്കും: കള്ളന് കിതാബോതി തിരിച്ചു തന്നോ? ഞാനും ചിരിക്കും. ഉമ്മയുടെ തമാശയുടെ ആയുസ് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഓര്‍മകള്‍ സങ്കടം തീര്‍ക്കുന്പോള്‍ ഓര്‍ത്ത് ചിരിക്കുവാന്‍ ഒരനുഭവം.
തസ്ലീം കൂടരഞ്ഞി
You must be logged in to post a comment Login