ശിഫ ആ രംഗം കണ്ട് അന്പരന്നു. താന്‍ ഒട്ടേറെ സ്ത്രീകളുടെ ഈറ്റെടുക്കാന്‍ പോയിട്ടുണ്ട്. കുഞ്ഞുങ്ങളെല്ലാം ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തേക്കു വന്നത് കൈകള്‍ ചുരുട്ടിപ്പിടിച്ചും കരഞ്ഞ് കൊണ്ടുമൊക്കെയായിരുന്നു. ശിഫയ്ക്ക് ആശ്ചരൃമടക്കാനായില്ല.. ഇതെന്താ ഇങ്ങനെ? ജനിച്ചു വീഴുന്നത് തന്നെ ഇരുകയ്യും നിലത്തൂന്നിക്കൊണ്ട്. പിന്നീട് നമ്രശിരസ്കനായി സുദീര്‍്ഘമായ സാഷ്ടംഗ പ്രണാമം ! പിന്നെ കൈയ്യും തലയും ആകാശത്തേക്കുയര്‍ത്തുന്നു. എന്തൊരത-്ഭുതം! കേട്ടവര്‍ക്കെല്ലാം അതിശയം… വാര്‍ത്ത മക്കയില്‍ പരന്നൊഴുകാന്‍ താമസമുണ്ടായില്ല. സുന്ദരിയും സുമുഖിയുമായ ആമിന ബീവിയുടെ പ്രഥമ പ്രസവത്തില്‍ ജനിച്ചുവീണ കുഞ്ഞിനെകുറിച്ചാണ് പറഞ്ഞു വരുന്നത്.
വിവരമറിഞ്ഞ അബ്ദുല്‍മുത്തലിബും ഓടിയെത്തി. ഗര്‍ഭകാലത്തുതന്നെ ബാപ്പ മരിച്ചതുകൊണ്ട് പിതാമഹനായ അബ്ദുല്‍ മുത്തലിബായിരുന്നല്ലോ കാരൃങ്ങള്‍ നോക്കിയിരുന്നത്. പുന്നാരമകനെ വാരിയെടുത്ത് കഅ്ബയിലേക്കോടി.. കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിച്ചു . മുഹമ്മദ് എന്ന് പേരിട്ടു. തിരിച്ചുവന്ന് ഉമ്മയെ ഏല്‍പിച്ചു.
ഉമ്മ ആമിനയുടെ മുഖത്തുമുണ്ട. ആനന്ദവും അതിശയവും കലര്‍ന്ന ഒരുവികാരം. എങ്കിലും ബനൂസഹ്റ ഗോത്രത്തിലെ കുലീനയായ ആ മഹിളാരത്നത്തിന്ന് അതൊന്നും ഒരു പുതുമയായി തോന്നിയില്ല . കാരണം ആ കുഞ്ഞിന്‍റെ അസാധാരണത്വം അവര്‍ നേരത്തെ അനുഭവിച്ച് തുടങ്ങിയിരുന്നു . ഒന്പതുമാസം ഒരുകുഞ്ഞ്് ഗര്‍ഭപാത്രത്തില്‍ വളര്‍്ന്നിട്ട് അതിന്‍റെ ഭാരം താനറിഞ്ഞിട്ടില്ല. കടിഞ്ഞൂല്‍ പ്രസവമായിട്ടു പോലും ചെറിയൊരു പേറ്റുനോവുപോലും അനുഭവപ്പെട്ടിട്ടില്ല. കുഞ്ഞ് വന്നതോ സുറുമക്കണ്ണുകളോടെയും ചേലാകര്‍മ്മം ചെയ്യപ്പെട്ടും! ഇനിയെന്തു വേണം?
ഗര്‍ഭകാലത്തുണ്ടായ പല സ്വപ്ന ദര്‍ശനങ്ങളും ആമിന ബീവി തന്നെ വിവരിച്ചിട്ടുണ്ട് . മഹതി പറയട്ടെ : ഗര്‍ഭം ധരിച്ചപ്പോള്‍ എനിക്ക് സ്വപ്ന ദര്‍ശനമുണ്ടായി. നീ മനുഷ്യസമൂഹത്തിന്‍റെ നായകനെയാണ് ഗര്‍ഭം ചുമന്നിരിക്കുന്നത് . കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ സര്‍വ അസൂയാലുക്കളില്‍ നിന്നും എന്‍റെ കുഞ്ഞിനെ സംരക്ഷിക്കാന്‍ ഏകനായ നാഥനോട് ഞാന്‍ അപേക്ഷിക്കുന്നു. എന്നു നീ പ്രാര്‍ത്ഥിക്കണം. അവന്‍റെ മഹത്വം ബോധ്യപ്പെടുന്നതിന് നിനക്കൊരു ദ്യഷ്ടാന്തം ഉണ്ടാകും; അവനെ പ്രസവിക്കുന്പോള്‍ ഒരു പ്രകാശം പ്രവഹിക്കുന്നതാണ്.
ശാമിലെ ബുസ്്വറാ കൊട്ടാരങളും മറ്റു പല കാഴ്ച്ചകളും അതില്‍ നിനക്ക് കാണാനാകും. മുഹമ്മദെന്ന് പേരിടണം . തൗറാത്തിലും ഇഞ്ചീലിലും അവന്‍റെ നാമം അഹ്മദ് എന്നാണ്; വിശുദ്ധഖുര്‍ആനില്‍ മുഹമ്മദ് എന്നും.(താരീഖുത്ത്വബ്രി).
ആ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടു. പ്രസവ സമയത്ത് മഹതിയില്‍ നിന്ന് പ്രസരിച്ച് മാനം മുട്ടെ ഉയര്‍ന്നു പൊങ്ങിയ അദ്ഭുതകരമായ പ്രകാശവലയത്തില്‍ ബുസ്വ്റായിലെ രാജകൊട്ടാരങ്ങള്‍ ആമിനാ ബീവി കണ്ടു. പ്രസവ സമയത്തുളള അതുല്യമായ ഈ പ്രഭയെക്കുറിച്ച് ചരിത്രം വാചാലമാകുന്നുണ്ട് .തമസ്സിന്‍റെ ഇരുള്‍ മൂടിയ ഭൗതിക ലോകത്തെ തൗഹീദിന്‍റെ പ്രഭ കൊണ്ട് പ്രശോഭിതമാക്കാന്‍ ആഗതനായ ഒരു നബിയുടെ ജനനം അനിര്‍വചനീയമായ ഒരു പ്രതിഭാസത്തിലൂടെ ജഗന്നിയന്താവ് വെളിപ്പെടുത്തുകയായിരുന്നു. ആ കൊട്ടാരങ്ങള്‍ ദൃശ്യമായതിനു പിന്നിലും ചില ശുഭ സൂചനകളുണ്ട്. അധികാരത്തിന്‍റെ അരമനകളില്‍ വാണിരുന്ന സ്വേഛാധിപതികളായ റോമന്‍ ചക്രവര്‍ത്തിമാര്‍ പില്‍ക്കാലത്ത് ഖലീഫ ഉമര്‍(റ)വിന് കീഴടങ്ങുകയും അവിടം ഇസ്ലാമിക റിപ്പബ്ളിക്കിന്‍റെ സിരാകേന്ദ്രമായി മാറുകയും ചെയ്തു.
ഗര്‍ഭത്തിലിരിക്കെ പിതാവ് കണ്‍മറഞ്ഞ പൊന്നോമനയുടെ രക്ഷാകര്‍തൃത്വമേറ്റെടുത്ത പിതാമഹനും പറയാനുണ്ട് കുറേ അതിശയകഥകള്‍ റജബ് മാസത്തിലെ ഒരു തിങ്കളാഴ്ചയാണ് ആമിനഅബ്ദുല്ല ദന്പതികള്‍ വീടുകൂടിയത്. വൈകാതെ ഗര്‍ഭം ധരിക്കുകയും ചെയ്തു . അന്നുമുതല്‍ മക്കാദേശത്തിന്ന് കൈവന്ന പ്രകൃതിപരമായ ഐശ്വര്യങ്ങളില്‍ ആ വയോവ്യദ്ധന്‍ ചിന്താകുലനായിരുന്നു . ദുരിതങ്ങളിലും വലിയ പ്രയാസങളിലും പെട്ട് ഉഴറുകയായിരുന്നു മക്കാനിവാസികള്‍. മഴ ലഭിച്ചിട്ട് നാളേറെയായിരുന്നു. ക്യഷിയൊക്കെ ഉണങ്ങിക്കരിഞ്ഞിരുന്നു. വയറൊട്ടിയ നാല്‍ക്കാലികളും മെലിഞ്ഞു ക്ഷീണിച്ച ഒട്ടകങ്ങളും ജീവിക്കുന്ന ദുരന്തങ്ങളായി മാറിയിരുന്നു. അബ്ദുല്ലാഹ്(റ) വില്‍ നിന്ന് ആ വിശുദ്ധ ജീന്‍ ആമിനാ ബീവിയുടെ ഉദരത്തില്‍ വളരാന്‍ തുടങ്ങിയതോടെ മക്കയില്‍ സമ്യദ്ധി കളിയാടാന്‍ തുടങ്ങി. നന്നായി മഴ പെയ്തു മണ്ണ് പച്ച പുതച്ചു. തോട്ടങ്ങളില്‍ അനിതര സാധാരണമാം വിധം കായ്കനി-്കള്‍ നിറഞ്ഞു. ഒട്ടകങ്ങളും വളര്‍ത്തു ജീവികളും തടിച്ചു കൊഴുത്തു. അവ വര്‍ദ്ധിച്ച തോതില്‍ പാല്‍ ചുരത്തി. എങ്ങും ആനന്ദം. അബ്ദുല്‍ മുത്തലിബിന്‍റെ ചിന്ത അസ്ഥാനത്തായിരുന്നില്ല. ഇത് മക്കത്ത് ജനിക്കാനിരിക്കുന്ന ഒരു അസാധാരണ പിറവിയുടെ പ്രത്യേകതയാണെന്ന് മുന്‍വേദങ്ങളില്‍ സാമാന്യം അറിവുണ്ടായിരുന്ന ആ പിതാമഹന്ന് ബോധ്യമുണ്ടായിരുന്നു . ആ ജന്മത്തിന്‍റെ ലക്ഷണങ്ങള്‍ തന്‍റെ പ്രിയപ്പെട്ട പേരക്കിടാവില്‍ ദൃശ്യമായപ്പോള്‍ അദ്ദേഹത്തിന്‍റെ ആഹ്ലാദത്തിന് അതിരുണ്ടായിരുന്നില്ല. കുഞ്ഞിനെയുമെടുത്ത് കഅ്ബാലയത്തില്‍ ചെന്ന് പ്രാര്‍ത്ഥന നിര്‍വ്വഹിച്ച ശേഷം ആലപിച്ച മധുര മനോഹരമായ താരാട്ടു ഗീതത്തിലൂടെ ഈ സത്യം അദ്ദേഹം മാലോകരെ അറിയിക്കുന്നുമുണ്ട്.
വിശുദ്ധ കഅ്ബാലയം പൊളിക്കാന്‍ സര്‍വ്വസന്നാഹങ്ങളോടെ ഒഴുകിയെത്തിയ അബ്റഹതും സൈന്യവും ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത പതനം ഏറ്റുവാങ്ങിയതിന്നു പിന്നിലും തിരുപ്പിറവിയുടെ സൂചനകളുണ്ടായിരുന്നു . നബി(സ)ജനിക്കുന്നതിന്‍റെ ഏതാനും നാളുകള്‍ക്കുമുന്പാണ് മക്കാ നഗരം ഈ അത്ഭുത സംഭവത്തിന് സാക്ഷിയായത് . ഭൗതികമായ ഒരു മാധ്യമവുമില്ലാതെ മക്കയെയും പ്രദേശ വാസികളെയും അല്ലാഹു സംരക്ഷിച്ചതും അധികാരവര്‍ഗത്തിന്‍റെ ദംഷ്ട്രകളെ പിഴുതെറിഞ്ഞതും അന്ന് ആമിനാ ബീവിയുടെ ഗര്‍ഭഗൃഹത്തില്‍ വളര്‍ന്നിരുന്ന മുത്തുനബിയുടെ ദൗത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു . അത്കൊണ്ടായിരിക്കാം വിഗ്രഹാരാധകരായ മക്കാനിവാസികളെക്കാള്‍ എന്ത്കൊണ്ടും ഉത്തമര്‍ വേദക്കാരായ ക്രൈസ്തവരായിട്ടുപോലും അവരെ പ്രത്യക സഹായം നല്‍കി രക്ഷിച്ചത്. മക്കയില്‍ ജനിക്കാനിരിക്കുന്ന തിരുദൂതര്‍ (സ)ക്കുള്ള മുന്‍കൂര്‍ സമ്മാനമായിരുന്നത്രെ ഇത.-് നബി(സ)യുടെ ജനനം ഖുറൈശികളെല്ലാം ആനന്ദാതിരേകത്തോടെയാണ് വരവേറ്റത്. പിതൃവ്യനായ അബൂലഹബിന്‍റെ സമീപനം ഇതില്‍ പരാമര്‍ശമര്‍ഹിക്കുന്നുണ്ട് . സഹോദരപത്നി ആമിനക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നെന്ന സന്തോഷ വാര്‍ത്ത അറിയിച്ച ഒറ്റക്കാരണത്താല്‍ ഭൃത്യയായിരുന്ന സുവൈബതുല്‍ അസ്ലമിയ്യയെ അദ്ദേഹം അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചു . നുബുവ്വതിന് ശേഷം നബിതങ്ങളുടെ എതിര്‍ ചേരിയിലായിരുന്നുവെങ്കിലും മുത്ത് നബിയുടെ ജന്മത്തില്‍ സന്തോഷിച്ച കാരണത്താല്‍ എല്ലാ തിങ്കളാഴ്ച്ച ദിവസവും അബൂലഹബിന് നരകശിക്ഷയില്‍ ഇളവ് ലഭിക്കുമെന്നാണ് ഹദീസ്പണ്ഡിതരുടെ ഭാഷ്യം.(മതത്തിന് പുറത്തുള്ള ഒരു വ്യക്തിക്ക് പോലും തിരു ജന്മസുദിനത്തില്‍ സന്തോഷം രേഖപ്പെടുത്തിയതിനാല്‍ പ്രതിഫലം ലഭിക്കുന്പോള്‍ മതകീയരായ മുസ്ലിം സമൂഹത്തിന്ന് ഇത്തരം ആഘോഷങ്ങളാല്‍ പ്രതിഫലം ലഭിക്കുമെന്ന് മനസ്സിലാക്കാമല്ലോ. പണ്ഡിതവചനങ്ങള്‍ ആ വഴിക്ക് വിരല്‍ ചൂണ്ടുന്പോള്‍ വിശേഷിച്ചും.
ഖുറൈശികള്‍ക്കന്ന് ഉത്സവമായിരുന്നു . അവര്‍ വിഗ്രഹങ്ങളെ അലങ്കരിച്ചു. കള്ള് കുടിച്ചും ഇറച്ചി ചുട്ടും ആടിത്തിമര്‍ത്തു. പാട്ടുപാടിയും വാദ്യോപകരണങ്ങളില്‍ ഒച്ചവച്ചും പരിസരം മറന്ന് നൃത്തം ചെയ്തു. അവസാനം വിഗ്രഹങ്ങള്‍ക്ക് നിവേദ്യമര്‍പ്പിക്കാന്‍ ദേവാലയത്തില്‍ പ്രവേശിച്ചപ്പോള്‍ എല്ലാവരുടെ മുഖവും മ്ലാനമായി. വിഗ്രഹങ്ങളെല്ലാം മുഖം കുത്തി വീണിരിക്കുന്നൂ! ദേഷ്യവും സങ്കടവും ഉള്‍ച്ചേര്‍ന്ന ഒരു വികാരം അവരില്‍ രൂപപ്പെട്ടു. മറിഞ്ഞുകിടക്കുന്ന വിഗ്രഹങ്ങളെ പൊക്കിയെടുത്ത് നേരെ വെക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രംഗം കണ്ട് നടുങ്ങിയ കാര്‍മികനായ ഉസ്മാനുബ്നു ഹുവൈരിസ് അട്ടഹസിച്ചു. ഭൂമിയില്‍ കാര്യമായതെന്തോ സംഭവിച്ചിരിക്കുന്നു. അതെ, അവരറിഞ്ഞിരുന്നില്ല. ഒരു നവജാതന്‍റെ പ്രതാപത്തിനു വഴങ്ങിയാണ് അവ തലകുത്തി വീണതെന്ന്! അന്ധകാരത്തിന്‍റെ അതിര്‍വരന്പുകളെ വകഞ്ഞു മാറ്റാന്‍ നിയുക്തനായ ഒരു നബിയുടെ വരവറിയിച്ചായിരുന്നു അതെന്ന്. ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത കേവലം മണ്ണും മരക്കഷ്ണങ്ങളും മാത്രമായ കോലങ്ങളെ പിഴുതു മാറ്റി ഏകദൈവ വിശ്വാസത്തിന്‍റെ പ്രദീപ്തമായ തിരുനാളവുമായി എത്തുന്ന ദൈവിക ദൂതന്‍റെ ആഗമനമായിരുന്നുവെന്ന്!
തിരുനബി(സ)യാണ് തിരശ്ശീല വീഴ്ത്തിയത് . അവിടുന്ന് പിറന്നുവീഴുന്ന സമയത്തുതന്നെ ഇതിന്ന് ആരംഭം കുറിച്ചിരുന്നു. തുടര്‍ന്ന് സ്നേഹ മസൃണമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ അന്ധവിശ്വാസങ്ങളെയും കടപുഴക്കിയെറിയുകയായിരുന്നു.
മക്കയില്‍ മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും തിരുജന്മത്തിന്‍റെ അനുരണനങ്ങള്‍ പ്രകടമായി. ആകാശലോകത്ത് ആഹ്ളാദം അലതല്ലി. കോടാനു കോടി മലക്കുകള്‍ തിരുപ്പിറവി ആഘോഷിച്ചു. ജിബ്രീലില്‍ നിന്നും മറ്റ് ഉന്നതരായ മലക്കുകളില്‍ നിന്നുമായി നബിയുടെ പ്രകീര്‍ത്തനം ആകാശത്തിലാകമാനം നിറഞ്ഞു. അതേസമയം തമസ്സിന്‍റെ വാഹകര്‍ക്ക് വലിയ ആഘാതങ്ങളേറ്റു. ഇരുട്ടിന്‍റെ ഉപാസകര്‍ ആര്‍ത്തട്ടഹസിച്ചു. പിശാചും കൂട്ടാളികളും ഭയന്നു ഒച്ചവച്ച് കരഞ്ഞു. പിശാച് അപൂര്‍വ്വമായി കരഞ്ഞ നിമിഷങ്ങളില്‍ ഒന്നത്രെ ഇത് . ഭൂമിയുടെ വിവിധ കോണുകളില്‍ വിഹരിച്ചിരുന്ന സ്വേഛാധിപതികള്‍ക്കും ബഹുദൈവാരാധകര്‍ക്കും നികത്താനാവാത്ത ക്ഷതമേല്‍പിച്ചു. സാമ്രാജ്യാധിപന്‍മാരുടെ ഹ്യദയങ്ങള്‍ കിടിലം കൊണ്ടു.
പേര്‍ഷ്യയിലെ കിസ്റാ ചക്രവര്‍ത്തി അനുശര്‍വാന്‍ ഖുസ്രുവിന്‍റെ സിംഹാസനം കിടുകിടാ വിറച്ചു. കൊത്തളങ്ങള്‍ കീഴ്മേല്‍ മറിയുന്നത് പോലെ. രാജാധികാരത്തിന്‍റെ പ്രൗഢിയായി നിലനിന്നിരുന്ന കൊട്ടാരത്തിലെ പതിനാല് കുംഭ ഗോപുരങ്ങള്‍ നിലംപതിച്ചു.
മധ്യേഷ്യയിലെ അഗ്നിയാരാധകരായിരുന്ന മജൂസികള്‍ ആയിരം വര്‍ഷമായി അണയാതെ സൂക്ഷിച്ചിരുന്ന അഗ്നികുണ്ഡം അണഞ്ഞു. അത് അണയുന്നത് അവരുടെ സങ്കല്‍പങ്ങള്‍ക്കതീതമായിരുന്നു. പക്ഷേ അത് സംഭവിച്ചു! രാവിലെ നോക്കുന്പോള്‍ ചാരക്കൂന മാത്രം. തീ അണഞ്ഞിരിക്കുന്നു. എന്നെന്നേക്കുമായി.
പിശാചിനും വന്നു ബന്ധനം. ആകാശലോകത്ത് നടക്കുന്ന ചില വാര്‍ത്തകള്‍ ചോര്‍ത്തിയെടുക്കാന്‍ പിശാചുക്കള്‍ക്ക് അവസരമുണ്ടായിരുന്നു എന്നാല്‍ തിരുനബിയുടെ ആഗമനത്തോടെ ഈ വാതില്‍ അടഞ്ഞു. നബിത്വലബ്ധിയോടെ പൂര്‍ണ്ണമായും ഇതിന്ന് കടിഞ്ഞാണിട്ടു.
അനീതിയും അക്രമവും പയ്യെപ്പയ്യെ നാടു നീങ്ങി. സമൂഹത്തെ ഭരിച്ചിരുന്ന അന്ധവിശ്വാസങ്ങളും അരാജകത്വങ്ങളും തുടച്ചുനീക്കപ്പെട്ടു. ധര്‍മ്മവും നീതിയും വേരിറക്കി. കാട്ടാളത്തഭീകരതയില്‍ ഉറഞ്ഞുതുള്ളിയിരുന്ന മക്കയും പരിസരവും സമാധാനത്തിന്‍റെ സിരാകേന്ദ്രങ്ങളായി. ലോകത്തെ ഏറ്റവും സംസ്കാര സന്പന്നെരെന്ന ഖ്യാതിയും ആ സമൂഹത്തെ തേടിയെത്തി. എല്ലാം ഒരു പിറവിയുടെ നിശ്ചയം. ജീവിതാവസാനം വരെ ആ ഹബീബ് സാധിച്ചെടുത്ത ധാര്‍മ്മിക വിപ്ലവം നമുക്ക് സ്മരിക്കാം. ഏറ്റെടുക്കാം. ഫിദാക യാറസൂലല്ലാഹ്.
മുഹമ്മദ് റഫീഖ് കാലടി
http://www.islamonlive.in/mohammednabi