ഇല്ലാതാക്കാന്‍ നല്ല ബുദ്ധിമുട്ടുള്ള അസംബന്ധകരമായ പിഴവാണ് ചരിത്രം.
ഇ എച്ച് കാര്‍, റോബര്‍ട്ട് ഡേവിസ് 1
സമീപകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള ചരിത്രവിശകലന ശാസ്ത്രത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട്, നവോത്ഥാനത്തെ സംബന്ധിച്ചുള്ള നമ്മുടെ തദ്ദേശീയ ചരിത്രങ്ങളെ വായിക്കാന്‍ ശ്രമിച്ച ചിലര്‍ യൂറോകേന്ദ്രിത യുക്തിയുടെ ഉപാധികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു എന്നുവേണം കരുതാന്‍. അതിലൂടെ കേരള മുസ്ലിമിന്‍റെ തനതു സാമൂഹിക ചരിത്രത്തെ അവര്‍ക്ക് യാതൊരു നിലയിലും ഇണങ്ങി നില്‍ക്കാത്ത നിലയില്‍ വായിക്കുകയായിരുന്നു ഈ വിഭാഗം. അധീശത്വങ്ങള്‍ക്കെതിരെയുള്ള മാപ്പിളമാരുടെ സമരം തങ്ങള്‍ കൊണ്ടുവരുന്ന അളവു കോലിന്ന് പാകമായിരിക്കണമെന്ന വാശിയും രാഷ്ട്രീയ താല്‍പര്യവും അവരുടെ വായനകളെ അങ്ങേയറ്റം ഇടുക്കിക്കളഞ്ഞു. സ്വച്ഛന്ദമായ ജീവിത രീതികള്‍ നിലനിര്‍ത്തിപ്പോന്ന ആത്മീയ സമൂഹങ്ങളെയും അവര്‍ തങ്ങളുടെ അളവുകോല്‍ പ്രകാരം മുറിച്ചെടുത്തു. അന്ധവിശ്വാസപരം, പ്രാകൃതം, യാഥാസ്ഥിതികം തുടങ്ങിയ അപമാനമുദ്രകള്‍ പതിച്ചാണ് തനതു സാമൂഹിക പ്രാദേശികചരിത്രങ്ങളെ യൂറോ നവോത്ഥാനം അവരുടെ സ്വന്തം ഇടങ്ങളില്‍ നിന്ന് പറിച്ചു കൊണ്ടുപോയത്. പുറമേക്ക് വ്യത്യസ്തം എന്ന് തോന്നിപ്പിക്കുമെങ്കിലും ആ യൂറോ നവോത്ഥാനത്തിന്‍റെ അളവുകോലുകളുമായി മാപ്പിള മുസ്ലിംകളുടെ ചരിത്രത്തെ ഒളിച്ചുകടത്താന്‍ വന്ന രണ്ട് ആധുനിക പ്രസ്ഥാനങ്ങളാണ് മാര്‍ക്സിസവും മൗദൂദിസവും. ഈ പശ്ചാത്തലത്തില്‍ മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ക്കും മൗദൂദികള്‍ക്കും മാപ്പിള മുസ്ലിം ചരിത്രത്തോട് അടുത്ത കാലത്തുണ്ടായിട്ടുള്ള സമീപനമാറ്റങ്ങളെക്കുറിച്ച് ചില മൗലികമായ വിലയിരുത്തലുകള്‍ നടത്തേണ്ടതുണ്ട്.
സൈനുദ്ദീന്‍ മഖ്ദൂം, മന്പുറം തങ്ങള്‍, ഉമര്‍ഖാളി, ആലി മുസ്ലിയാര്‍ തുടങ്ങിയ സ്വൂഫീ പണ്ഡിതന്മാര്‍ കേരള മുസ്ലിം സാമൂഹിക ചരിത്രത്തിലെ ഐതിഹാസിക ജീവിതാധ്യായങ്ങളായിരുന്നു എന്നത് നേര്. എന്നാല്‍ ഇവരെ സമര നായകര്‍ എന്ന അര്‍ത്ഥത്തില്‍ കാണാന്‍ ശ്രമിക്കുന്നതിലെ ചിന്താപരമായ കാഴ്ചക്കുറവ്, അല്ലെങ്കില്‍ ആശയപരമായ വ്യക്തതയില്ലായ്മ പലരും മുഖവിലക്കെടുത്തു കാണുന്നില്ല. അറിവിന്‍റെ സമരനായകരായിരുന്നു പ്രധാനമായും അവരെന്ന കാര്യം മറച്ചുവെച്ചാണ് ഇവരിലെ അധിനിവേശ വിരുദ്ധ പോരാട്ടക്കാരെ പുറത്തെടുക്കാന്‍ മാര്‍ക്സിസ്റ്റുകളും മൗദൂദികളും ഒരുപോലെ ധൃതി കാണിക്കുന്നത്. നവോത്ഥാനം എന്ന ഭംഗിവാക്കിന് വിഴുങ്ങാന്‍ കഴിയാത്ത ജീവിതലോകത്താണ് ഈ പാരന്പര്യ മുസ്ലിംകള്‍ തങ്ങളുടെ സാമൂഹിക ജീവിതം ജീവിച്ചു തീര്‍ത്തത്.
ജ്ഞാനരൂപീകരണത്തിലും സമുദായ രൂപീകരണത്തിലും ഏറെ മുന്നേറിയ ഈ സ്വൂഫിപണ്ഡിതന്മാര്‍ യൂറോ കേന്ദ്രിത ആധുനിക യുക്തിയുടെ പദാവലി പ്രകാരം അന്ധവിശ്വാസങ്ങളെയും പ്രാകൃത ആചാരങ്ങളെയും അവരുടെ നിത്യജീവിതത്തില്‍ ഏറെ പുണര്‍ന്നവരാണ്. ആധുനികതാ യുക്തികളെ കുത്തകവത്കരിക്കാന്‍ പാടുപെടുന്ന മാര്‍ക്സിസ്റ്റുകളും മൗദൂദികളും ഈ വിരോധാഭാസത്തെ മറികടക്കാനാവാതെയാണ് മാപ്പിള മുസ്ലിം ചരിത്രത്തെ സമീപിക്കുന്നത് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.
മാപ്പിളചരിത്രത്തിന് നേരെയുള്ള വരുതിയിലാക്കല്‍ ശ്രമങ്ങളില്‍ മാര്‍ക്സിസ്റ്റുകളും മൗദൂദികളും ഒരുപോലെ കാണിക്കുന്ന ഉത്സാഹം വെറും യാദൃഛികമല്ല മറിച്ച്, ചരിത്രത്തിലേക്ക് നോക്കാന്‍ ഇവരുപയോഗിക്കുന്ന കണ്ണടകള്‍ ഒന്നാണെന്ന കാര്യം ഇവരെ പലപ്പോഴും കൂട്ടിയിണക്കുന്നുണ്ട്.
കൃത്യമായി പറഞ്ഞാല്‍, യൂറോപ്യന്‍ ജ്ഞാനോദയം നല്‍കിയ മൂല്യങ്ങള്‍ വെച്ച് കേരളത്തെ രണ്ടു രൂപത്തില്‍ വായിച്ച രണ്ടു പ്രസ്ഥാനങ്ങളാണിവ. മാര്‍ക്സിസ്റ്റുകാര്‍ മുസ്ലിംകളെ പൊതുവില്‍ യൂറോപ്യന്‍ ജ്ഞാനോദയത്തെ വെച്ച് വായിച്ചപ്പോള്‍ മൗദൂദികള്‍ മുസ്ലിംകള്‍ക്കകത്തെ ചരിത്രത്തെ യൂറോപ്യന്‍ ജ്ഞാനോദയം വെച്ച് വായിക്കുകയായിരുന്നു.
യൂറോപ്പ് ഭ്രമവും ചരിത്രവും
ചരിത്രത്തിന്‍റെ പ്രതിപാദ്യവിഷയം (ഞലളലൃലിരല) എപ്പോഴും എവിടെയും തയാര്‍ ചെയ്യപ്പെട്ട ഒരു യൂറോപ്പാണെന്ന് ദിപേഷ് ചക്രവര്‍ത്തിയുടെ വിഖ്യാതമായ നിരീക്ഷണമുണ്ട്.2 മലബാര്‍ മുസ്ലിംകളുടെ ചരിത്രത്തിന്‍റെ അതുല്യമായ വ്യതിരിക്തതക്കു മുകളിലും ഈ യൂറോപ്പിനെ വലിച്ചുകൊണ്ടുവന്നു കുടിയിരുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതുകൊണ്ടാണ് ഈ വ്യതിരിക്തതയെ യഥാര്‍ത്ഥ തലത്തില്‍ ഉള്‍ക്കൊള്ളാനുള്ള ത്രാണി മാര്‍ക്സിസ്റ്റ് ചരിത്ര വിശകലനത്തിന് ഇല്ലാതെ പോയത്. മാര്‍ക്സിയന്‍ സൈദ്ധാന്തിക കോട്ടകളുടെ വാതില്‍ക്കല്‍ ചെന്നാല്‍ അനുഭവിച്ചറിയാന്‍ കഴിയുന്ന ഒരു സത്യമാണ് ഈ പ്രത്യയശാസ്ത്ര ബലഹീനത.
മാര്‍ക്സിസ്റ്റ് വിശകലനോപാധികള്‍ക്ക് സംഭവിച്ച വലിയ പിഴവ് യൂറോപ്യന്‍ ചരിത്രത്തില്‍ നിന്നു കടം കൊണ്ട കാറ്റഗറികളും പദാവലികളും നമ്മുടെ ചരിത്രത്തിലേക്കും പ്രയോഗങ്ങളിലേക്കും കണ്ണുംചിമ്മി കുടിയിരുത്തി എന്നതായിരുന്നു.3 മലബാര്‍ കലാപത്തിലെ മതാത്മകതയെ അന്വേഷിച്ചു ചെല്ലുന്ന കെ എന്‍ പണിക്കറും4 പി കെ പോക്കറും5 മതത്തിന്‍റെ എല്ലാ വിപ്ലവ വീര്യങ്ങളും വിവരിച്ച ശേഷവും മാര്‍ക്സിന്‍റെ False Consciousness എന്ന കാറ്റഗറിക്കു പുറത്തേക്ക് മതത്തെ വളരാന്‍ കൂട്ടാക്കത്തത് മറ്റൊന്നു കൊണ്ടുമല്ല, മാര്‍ക്സിസത്തിന്‍റെ യൂറോ കേന്ദ്രിത പരിമിതികള്‍ വളരെ നിസ്സഹായമായി തുറന്നു കാട്ടപ്പെടുന്ന സന്ദര്‍ഭമാണിത്. False Consciousness എന്നാല്‍ വ്യാജ ബോധം എന്നര്‍ത്ഥം. അതായത് മന്പുറം തങ്ങള്‍ക്കും ഉമര്‍ഖാളിക്കും മറ്റുമുണ്ടായിരുന്ന രാഷ്ട്രീയ ബോധം വ്യാജമായിരുന്നുവെന്ന്. സാന്പത്തിക നിര്‍ണയവാദത്തിന്‍റെ മര്‍ക്കടമുഷ്ടിയില്‍, വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്‍റെ പ്രത്യയശാസ്ത്ര വാശിയില്‍, ഒരു ജീവിത വ്യവസ്ഥയുടെ സാകല്യം നിര്‍ണയിച്ചും നിയന്ത്രിച്ചുമിരുന്ന ആത്മീയ പ്രായോഗിക ബോധങ്ങളെ വ്യാജം എന്ന് വിളിക്കുന്നത് മറ്റൊരുതരം വംശകേന്ദ്രിത വാദമല്ലാതെ മറ്റെന്താണ്? യൂറോപ്പിന്‍റെ ഭ്രമങ്ങള്‍ തലക്കു പിടിക്കുന്പോള്‍ തദ്ദേശീയ സമൂഹങ്ങളെ പ്രാകൃതമെന്ന് വിലയിരുത്തുന്ന ഈ ഏര്‍പ്പാട് ഓറിയന്‍റലിസ്റ്റുകള്‍ സദാ നടപ്പിലാക്കിയിരുന്നതാണെന്ന് എഡ്വേര്‍ഡ് സൈദ് മുതലുള്ള കോളനിയാനന്തര ചിന്തകര്‍ തുറന്നു കാണിച്ചിട്ടുണ്ട്. രാഷ്ട്രീയ പൂര്‍വ്വ സമൂഹങ്ങള്‍ എന്നാണ് ഇത്തരം സമൂഹങ്ങളെ ചില ഓറിയന്‍റലിസ്റ്റുകള്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
വൈവിധ്യമാര്‍ന്ന ചരിത്രമുള്ള മലബാര്‍ മുസ്ലിംകളും അവരിലെ പണ്ഡിതന്മാരും വളരെ വ്യതിരിക്തമായ സമരമുറകളാണ് നിത്യജീവിതത്തില്‍ സ്വീകരിച്ചു പോന്നത്. ചരിത്രത്തോടുള്ള അവരുടെ സമീപനങ്ങള്‍ പലപ്പോഴും ആധുനികതയുടെ പദാവലിക്ക് പിടികിട്ടാത്തവയാണ്. എന്നാല്‍ ആധുനികതയുടെ അധികാര ശക്തികള്‍ തങ്ങളുടെ വരുതിക്കകത്തേക്ക് വരാന്‍ കഴിയാത്ത ജീവിത ലോകങ്ങളെ അറിവധികാരങ്ങള്‍ ഉപയോഗിച്ച് പുറത്താക്കുക എന്ന ഒരു തരം മൃഗീയനയമായിരുന്നു പിന്തുടര്‍ന്നത്. വര്‍ഗസമരത്തിന്‍റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനായി മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ മറ്റെല്ലാ സമരങ്ങളെയും പ്രാകൃതം എന്നോ വ്യാജം എന്നോ വ്യവഹരിച്ചു. പാരന്പര്യത്തിന്‍റെ ശക്തി സ്രോതസ്സുകള്‍ക്ക് ഇത്തരം അപമാന മുദ്രകള്‍ ചാര്‍ത്തിക്കൊടുക്കുന്നത് മാര്‍ക്സിന്‍റെ തന്നെ സ്വന്തം ഓറിയന്‍റലിസ്റ്റ് ഫ്രൈമുകളിലാണ്.
മാര്‍ക്സിന്‍റെ ഓറിയന്‍റലിസ്റ്റ് ചട്ടക്കൂടുകള്‍
കൊളോണിയല്‍ വെട്ടിപ്പിടിക്കലില്‍ നിന്നാണ് അധികാര രൂപങ്ങള്‍ മുഖ്യമായും പിന്നീടുള്ള ജ്ഞാന രൂപീകരണങ്ങള്‍ നടത്തിയത്. മാര്‍ക്സും കൊളോണിയലിസവും തമ്മില്‍ നിലനില്‍ക്കുന്ന ആഴത്തിലുള്ള അവിശുദ്ധ ബന്ധം നിരവധി പണ്ഡിതോചിത വിശകലനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. കൂടുതലും കോളനിയാനന്തര പഠനങ്ങളാണ് ഇവ്വിധം മാര്‍ക്സിനെ തുറന്നു കാട്ടിയത്. യൂറോപ്യന്‍ ജ്ഞാനോദയം ഉല്‍പാദിപ്പിച്ച ജ്ഞാന വ്യവസ്ഥയുടെ പരിസരത്തു നിന്നാണ് മാര്‍ക്സും പ്രവര്‍ത്തിച്ചത് എന്നതിനാല്‍ അതേ ജ്ഞാനോദയത്തിന്‍റെ പദാവലികള്‍ തന്നെയാണ് കൊളോണിയലിസത്തെ മനസ്സിലാക്കാന്‍ മാര്‍ക്സും വിനിയോഗിച്ചത്.
അവര്‍ക്ക് സ്വയം പ്രതിനിധാനം ചെയ്യാന്‍ കഴിയില്ല. അവരെ പ്രതിനിധാനം ചെയ്യപ്പെടേണ്ടതുണ്ട് എന്ന ഇതിനകം കുപ്രസിദ്ധമായ മാര്‍ക്സിന്‍റെ ഉദ്ധരണി കൊണ്ടാണ് എഡ്വേര്‍ഡ് സൈദിന്‍റെ ഐതിഹാസിക ഗ്രന്ഥമായ ഓറിയന്‍റലിസം ആരംഭിക്കുന്നത്. മാര്‍ക്സിനെക്കുറിച്ച് സൈദ് വിവരിക്കുന്ന സൂക്ഷ്മ സത്യങ്ങളുടെ ചുരുക്കം ഇങ്ങനെ മാര്‍ക്സിന്‍റെ മാനവികതയും അയാളുടെ സഹതാപവും വളരെ വ്യക്തമാണെങ്കിലും അയാളുടെ സാന്പത്തിക വിശകലനങ്ങള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓറിയന്‍റലിസ്റ്റ് ദൗത്യനിര്‍വഹണത്തിന്‍റെ പരിണതി മാത്രമാണ്. പൗരസ്ത്യം എന്നാല്‍ പാശ്ചാത്യമായ ശ്രദ്ധയും പുനര്‍നിര്‍മാണവും മോചനവും പരിചരണവും നിത്യവും വേണ്ടി വരുന്ന ഒരു പ്രദേശമാണെന്ന ഓറിയന്‍റലിസ്റ്റ് വാദം തന്നെയാണ് വളരെ വ്യക്തമായും മാര്‍ക്സ് വച്ചു പുലര്‍ത്തിയത്. ഏഷ്യയെ തകര്‍ക്കുന്നതിലൂടെ, ബ്രിട്ടന്‍ അവിടെ യഥാര്‍ത്ഥ വിപ്ലവത്തിന് തിരികൊളുത്തുകയായിരുന്നു എന്ന് മാര്‍ക്സ് എഴുതി. കൊളോണിയല്‍ സംഹാരത്തിന്‍റെ ചരിത്രപരമായ ആവശ്യകതയെക്കുറിച്ചെഴുതുന്പോള്‍ മാര്‍ക്സ് ഇതുപോലെ പൗരസ്ത്യരോടുള്ള സ്വാഭാവിക വെറുപ്പിനെ പുനരുല്‍പാദിപ്പിച്ചു എന്നും സൈദ് വാദിക്കുന്നു.
നമ്മള്‍ മറക്കരുത്, ആ ശാന്തമായ ഗ്രാമസമൂഹങ്ങള്‍ അത്ര വലിയ അപകടകാരികള്‍ അല്ലെന്ന് തോന്നുമെങ്കിലും പൗരസ്ത്യ സ്വേച്ഛാധിപത്യത്തിന്‍റെ അടിത്തറയാണവ. മനുഷ്യ മനസ്സിനെ ഏറ്റവും ചെറിയ അളവുകോലിന്‍റെ പരിമിതിയിലേക്ക് അവര്‍ ചുരുട്ടിമടക്കുകയും അന്ധവിശ്വാസത്തിന്‍റെ ഉപകരണമാക്കി മാറ്റുകയും ചെയ്തു. പരന്പരാഗത നിയമങ്ങള്‍ക്കു മനസ്സിനെ അടിമപ്പെടുത്തി. ചരിത്രപരമായ എല്ലാ തിളക്കങ്ങള്‍ക്കും, ഊര്‍ജങ്ങള്‍ക്കും ഭ്രഷ്ട് കല്‍പിച്ചു. ഇംഗ്ലണ്ടിന്‍റെ കുറ്റങ്ങള്‍ എന്തുതന്നെയാവട്ടെ, അവളായിരുന്നു വിപ്ലവം കൊണ്ടുവരുന്നതില്‍ ചരിത്രത്തിന്‍റെ അബോധ ഉപകരണം മാര്‍ക്സിന്‍റെ ഈ വാക്കുകളില്‍ കൃത്യമായി പ്രതിഫലിക്കുന്നത് ഒരു പൗരസ്ത്യ വാദിയുടെ ദുഷിച്ച മുന്‍വിധികളാണ്. ഈ മുന്‍വിധികള്‍ തന്നെയാണ് മാനവികതയെ അമൂര്‍ത്തമായി സാമാന്യവല്‍കരിക്കുന്നതിലേക്ക് മാര്‍ക്സിനെ എത്തിച്ചത്. പൗരസ്ത്യ സമൂഹത്തെ കൃത്രിമമായ സത്തകളിലൂടെ മനസ്സിലാക്കാനാണ് മാര്‍ക്സ് ശ്രമിച്ചത്. മാര്‍ക്സിന്‍റെ കാല്‍പനികമായ പൗരസ്ത്യവാദ ദര്‍ശനം മാര്‍ക്സിയന്‍ സാന്പത്തിക വിശകലനങ്ങള്‍ക്കു മേല്‍ വിജയം നേടിയെന്ന് സൈദ് നിരീക്ഷിക്കുന്നു. ഈ ശുദ്ധ പൗരസ്ത്യവാദത്തിന്‍റെ ഉപോല്‍പന്നങ്ങളാണ് വര്‍ഗസമര സിദ്ധാന്തവും മറ്റും.
ജ്ഞാനോദയത്തിന്‍റെ ഭക്തനായ സന്തതിയായിരുന്നു മാര്‍ക്സ്. അടിമുടി പുരോഗമന സിദ്ധാന്തമായിരുന്നു അയാള്‍ മുന്നോട്ടു വച്ചത്. പൗരസ്ത്യം എന്ന പ്രാകൃത ലോകത്തേക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍ സമത്വത്തിന്‍റെയും നീതിയുടെയും താടിവച്ച പ്രവാചകനായല്ല മാര്‍ക്സ് വന്നത്. മറിച്ച് ആഗോളതെക്കില്‍ വിമോചനത്തിന് വന്ന മാര്‍ക്സ് ഇവിടെയുള്ള വര്യേ വിഭാഗങ്ങള്‍ ആന്തരികവല്‍കരിച്ചു കഴിഞ്ഞിരുന്ന ഒരു യൂറോപ്പിന് നിയമസാധുത നല്‍കുകയായിരുന്നുവെന്ന് ആഷിസ് നന്ദി നിരീക്ഷിക്കുന്നുണ്ട്.8 മെക്കാളെ പ്രഭു ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരുന്ന അതേ യൂറോപ്യന്‍ നിലങ്ങളിലല്ല മാര്‍ക്സ് ഇവിടെ കളിച്ചു വളര്‍ന്നതെങ്കിലും യൂറോപ്പിന്‍റെ നിയമസാധുത തന്നെയായിരുന്നു മാര്‍ക്സിന്‍റെ പുരോഗമന സിദ്ധാന്തത്തിന്‍റെയും കാതല്‍. കറുത്ത തൊലി പ്രശ്നമല്ലെന്നും വികാര വിചാരങ്ങളില്‍ ഒരു യൂറോപ്യന്‍ ആവാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് രക്ഷയുണ്ടെന്നുമാണ് മെക്കാളെ പ്രഭു അന്ന് തെക്കിലെ ജനങ്ങളോട് പറഞ്ഞത്. അല്‍പം വ്യത്യസ്തമായിരുന്നെങ്കിലും മാര്‍ക്സ് നല്‍കിയ സന്ദേശവും ഇതു തന്നെയായിരുന്നു. (യൂറോപ്പിന്‍റെ) കൊളോണിയല്‍ അതിക്രമങ്ങളോടു കൂടെ ഞങ്ങള്‍ കൊണ്ടുവരുന്ന മറ്റൊരു യൂറോപ്പിനെ നിങ്ങള്‍ക്ക് സ്വീകരിക്കാം. നിങ്ങള്‍ സ്വീകരിക്കേണ്ട ഈ രണ്ടാമത്തെ യൂറോപ്പ് കൊളോണിയല്‍ സാമ്രാജ്യത്വ യൂറോപ്പിനെ ചെറുക്കാനുള്ള ശക്തിയും തത്വങ്ങളും ചട്ടക്കൂടുകളും നിങ്ങള്‍ക്ക് നല്‍കും എന്നാണ് മാര്‍ക്സ് പറഞ്ഞത്.
എന്നാല്‍ മാര്‍ക്സ് വാഗ്ദത്തം നല്‍കുന്ന ഈ രണ്ടാമത്തെ യൂറോപ്പ് ഒരു മുന്‍കൂര്‍ വ്യവസ്ഥ ആവശ്യപ്പെടുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവന്‍റെ ലോകദര്‍ശനത്തില്‍ വേരൂന്നിയ മറ്റെല്ലാ പ്രതിരോധങ്ങളും സമരങ്ങളും വലിച്ചെറിയണം. അത്തരം പ്രതിരോധങ്ങളെ നിഷ്ഫലം, സ്ത്രൈണം, ബാലിശം, അന്ധവിശ്വാസപരം, കാല്‍പനികം എന്നെല്ലാം മുദ്രയടിച്ച് പിണ്ഡം വെക്കണം. ചുരുക്കത്തില്‍ മാര്‍ക്സ് കുടിയിറക്കപ്പെട്ടവന്നും അടിച്ചമര്‍ത്തപ്പെട്ടവന്നും വേണ്ടി പോരാടിയെന്നത് ശരിയാണ്. എന്നാല്‍ അതേ മാര്‍ക്സ് തന്നെയാണ് ഇതേ ജനതയെ അപസാംസ്കാരീകരണം നടത്തിയതും അന്യവല്‍കരിച്ചതും.
ഈ ശുദ്ധയുക്തിവാദി മാര്‍ക്സിന് മതവും സാംസ്കാരിക പൈതൃകങ്ങളും അസ്വസ്ഥജനകമായ അധമചിഹ്നങ്ങളാണ്. അന്ധവിശ്വാസങ്ങളാണ്. ഇതുകൊണ്ടാണ് കൊളോണിയലിസത്തെ ന്യായീകരിക്കുന്പോള്‍ മാര്‍ക്സും മാര്‍ക്സിസ്റ്റുകളും എപ്പോഴും അന്ധവിശ്വാസം, അനാചാരം എന്നിങ്ങനെ ഊന്നിപ്പറയുന്നത്. ഫ്രാന്‍സിന്‍റെ അള്‍ജീരിയയിലെ കൊളോണിയല്‍ അധിനിവേശത്തെ ന്യായീകരിച്ചുകൊണ്ട് ഫ്രെഡറിക് ഏംഗല്‍സ് പറഞ്ഞത് അള്‍ജീരിയയിലെ നാഗരികതയുടെ പുരോഗതിക്ക് ഫ്രാന്‍സിന്‍റെ അധിനിവേശം വളരെ പ്രധാനപ്പെട്ടതും സൗഭാഗ്യങ്ങള്‍ കൊണ്ടുവരുന്നതുമാണെന്നാണ്. പ്രമുഖ മാര്‍ക്സിയനും രണ്ടു തലമുറയോളം വരുന്ന മികവുറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാര്‍ക്സിസത്തിന്‍റെ കണിശമായ രാഷ്ട്രീയത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നയാളുമായ കാംബ്രിഡ്ജിലെ വിഖ്യാത സാന്പത്തിക ശാസ്ത്രജ്ഞന്‍ ജോന്‍ റോബിന്‍സണ്‍ പറഞ്ഞു കോളനിവല്‍കരിക്കപ്പെടുന്നതിനെക്കാള്‍ മോശമായ ഏകകാര്യം കോളനിവല്‍ക്കരിക്കപ്പെടാതിരിക്കലാണ്.
മാര്‍ക്സും മധ്യവര്‍ഗ ബുദ്ധിജീവികളും
ഇത്രയും കൊളോണിയല്‍ യൂറോകേന്ദ്രീകൃതമായിരുന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ ആധുനിക വിദ്യ നേടിയ ഒരുപറ്റം നാഗരിക മധ്യവര്‍ഗത്തിന്‍റെ അഭിനിവേശങ്ങള്‍ മാര്‍ക്സിസത്തില്‍ തന്നെ തഴച്ചു വളരുന്നത് എന്ന് അന്വേഷിക്കുന്നത് ഈ പശ്ചാത്തലത്തില്‍ ഉചിതമായിരിക്കും. പത്തൊന്പതാം നൂറ്റാണ്ടോടെ യൂറോപ്പിലെ മധ്യവര്‍ഗ സംസ്കാരങ്ങളിലേക്ക് ആഴത്തിലുള്ള ഉള്‍വഴികള്‍ കണ്ടെത്താനും അതുവഴി ഭൂഖണ്ഡത്തിന്‍റെ ബൗദ്ധിക പരിതസ്ഥിതിയെ രൂപപ്പെടുത്താനും ജ്ഞാനോദയത്തിന് കഴിഞ്ഞിരുന്നു. ബാകോണിയല്‍ ശാസ്ത്രകൃതികള്‍, ചരിത്രഘട്ടത്തെക്കുറിച്ചുള്ള സാമൂഹിക പരിണാമ സിദ്ധാന്തങ്ങള്‍, ഇടതുപക്ഷ ഹെഗലിയന്‍ ആശയങ്ങള്‍ എന്നിവയാണ് അന്നത്തെ ബുദ്ധിജീവികള്‍ക്ക് സമൂഹത്തില്‍ നിയമസാധുത നല്‍കിയിരുന്നത്. പുരോഗമനപരം, വികസിതം, മുന്നാക്കം, റാഡിക്കല്‍ തുടങ്ങിയ ശബ്ദങ്ങളുടെ വിവര്‍ത്തനമായ ഇന്നത്തെകാലത്തും നമ്മുടെ നാട്ടിലും രാഷ്ട്രീയ മനഃശാസ്ത്രത്തിന്‍റെ ചട്ടക്കൂടുകളെ വര്‍ദ്ധമാനമായി കാര്‍ന്നു തിന്നിട്ടുണ്ട് ഈ ആശയങ്ങള്‍. വൈരുദ്ധ്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന ധൈഷണിക മൂശകള്‍ നല്‍കിയും അവ മധ്യവര്‍ഗത്തെ പ്രലോഭിപ്പിച്ചു കൊണ്ടിരിക്കുന്നു.
യഥാര്‍ത്ഥ ഇരകളുടെയും പീഢിതരുടെയും വേദനകളെക്കാള്‍ തങ്ങള്‍ക്കാണ് അധീശത്വത്തെക്കുറിച്ചറിയുക എന്ന് മുന്‍പറഞ്ഞ മൂന്ന് ആശയങ്ങളും ഓരിയിട്ടു കൊണ്ടിരുന്നു. ക്രമേണ മാര്‍ക്സിയന്‍ ഇടതുപക്ഷ ആശയങ്ങളും ആ കൂട്ട ഓരിയിടലിലേക്ക് പ്രവേശിക്കുകയാണുണ്ടായത്. ജനങ്ങളുടെ ശബ്ദമാവാന്‍ ഞങ്ങള്‍ക്കു മാത്രമാണവകാശമെന്ന വാദവുമായാണ് അവര്‍ തെക്കിലെ രാഷ്ട്രീയ സമരങ്ങളിലേക്ക് രംഗപ്രവേശം ചെയ്തത്. പ്രസവവേദനയല്ലേ, അതെല്ലാം നമ്മളെത്ര അനുഭവിച്ചതാ എന്നു പുരുഷന്‍ സ്ത്രീയോടു പറയുന്നതുപോലെയാണ് അധീശത്വത്തെക്കുറിച്ചുള്ള ഈ സിദ്ധാന്തങ്ങള്‍ ഇരകളുടെ വേദനകളെ തങ്ങളുടെ പ്രത്യയശാസ്ത്ര വരുതിയിലാക്കിയത്. നിങ്ങളുടെ വിമോചനപ്രക്രിയ ഞങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. അതിനാല്‍ നിങ്ങളിനി നിഷ്ക്രിയരായിരുന്നാലും കുഴപ്പമില്ല. അതല്ലെങ്കില്‍ പിന്നെ ചെയ്യാവുന്ന കാര്യം ഞങ്ങളുടെ കാലാള്‍ സൈന്യത്തില്‍ നിങ്ങളും ചേരുക എന്നതാണ്. ഇതായിരുന്നു മാര്‍ക്സിസം ഇരകള്‍ക്ക് നല്‍കിയ നിര്‍ദേശം.
മാര്‍ക്സിന്‍റെ ലോകദര്‍ശനങ്ങളെ കൂട്ടുപിടിച്ച് നമ്മുടെ മധ്യവര്‍ഗ ബുദ്ധിജീവികള്‍ ചൂഷണത്തിനും കൊളോണിയലിസത്തിനുമെതിരെ ശബ്ദിക്കുന്പോള്‍ തന്നെ അവരുപയോഗിക്കുന്ന ഭാഷയും ലോകദര്‍ശനവും മറ്റൊരു കൊളോണിയലിസത്തിന് നിയമസാധുത നല്‍കുന്ന വിരോധാഭാസവും അരങ്ങേറുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, മാര്‍ക്സിയന്‍ ബുദ്ധിജീവികള്‍ തങ്ങളുടെ ഭാഷയും മറ്റും കടംകൊള്ളുന്നത് അറിവിന്‍റെ സാമ്രാജ്യത്വ ശൃംഖലയില്‍ നിന്നാണ്. രാഷ്ട്രീയ മനഃശാസ്ത്ര വിശകലനത്തില്‍ യൂറോപ്യന്‍ ജ്ഞാനോദയം നല്‍കിയ ഈഗോ മറച്ചുവെക്കാനാണ് പലപ്പോഴും ഈ ബുദ്ധിജീവികള്‍ അത്തരം സിദ്ധാന്തങ്ങള്‍ക്കു പിറകെ പോകുന്നതെന്നു കാണാം.
ജ്ഞാനശാസ്ത്ര പ്രകാരവും സത്താ ശാസ്ത്ര പ്രകാരവും ( മഖ്ദൂമുമാരും മന്പുറം തങ്ങന്മാരും ഉമര്‍ഖാളിയും ഉള്‍പ്പെടുന്ന പാരന്പര്യ ഉലമാക്കള്‍ യൂറോപ്യന്‍ യുക്തിയുടെയും എത്രയോ അപ്പുറത്ത് നിന്നാണ് സമരത്തിന്‍റെ സ്രോതസ്സ് കണ്ടെത്തിയത്. ആ സ്രോതസ്സുകള്‍ തങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന യൂറോപ്പിനെ തന്നെ വെല്ലുന്നുണ്ടെന്നു വരുന്പോള്‍ പോലും നമ്മുടെ ബുദ്ധിജീവികള്‍ക്ക് അത്തരം യഥാര്‍ത്ഥ സ്രോതസ്സുകളിലേക്കിറങ്ങി ച്ചെല്ലാന്‍ ത്രാണിയില്ലാതെ പോകുന്നു. വര്‍ഗസമര സിദ്ധാന്തത്തില്‍ മാപ്പിള ചരിത്രത്തെ പൊതിഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന ബുദ്ധിജീവികള്‍ ചെയ്യുന്ന വലിയ അപരാധം ഇതാണ്. അധീശത്വങ്ങളെ അവയുടെ തന്നെ ലോകദര്‍ശനങ്ങള്‍ ഉപയോഗിച്ച് തോല്‍പിക്കാനാകില്ലെന്ന സത്യം നമ്മളെന്നാണ് തിരിച്ചറിയുക?
രാഷ്ട്രീയ ഇസ്ലാമും മാപ്പിള ചരിത്രവും
ഇരപതാം നൂറ്റാണ്ടിന്‍റെ അവസാന പകുതിയില്‍ രൂപം കൊണ്ട മൗദൂദി പ്രസ്ഥാനത്തിന് പാരന്പര്യ ഇസ്ലാമിക സമൂഹങ്ങളോടും അവയുടെ ചരിത്രത്തോടും വര്‍ത്തമാനത്തോടും എല്ലാ കാലത്തും പുച്ഛമായിരുന്നു. മാപ്പിള മുസ്ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രാകൃത ആചാരങ്ങളെയും യാഥാസ്ഥിതികത്വത്തെയും ശുദ്ധീകരിക്കാന്‍ വന്ന മതപരിഷ്കരണ പ്രസ്ഥാനം എന്ന ചേതോഹരങ്ങളായ വിവരണങ്ങളോടെയാണ് മൗദൂദികള്‍ കേരളത്തില്‍ ഇപ്പോഴും സ്വയം അവതരിപ്പിക്കുന്നത്. ഈ ശുദ്ധീകരണ പദ്ധതി പ്രകാരം, മാപ്പിള മുസ്ലിം സംസ്കൃതിയുടെ ജൈവിക അന്തര്‍ധാരകളെ തുടച്ചു മാറ്റേണ്ട പ്രാകൃതത്വങ്ങളായാണ് മൗദൂദികള്‍ വിലയിരുത്തുന്നത്. ഈ അര്‍ത്ഥത്തില്‍ മാപ്പിള എന്ന പരികല്‍പനക്ക് തന്നെ പുറത്താണ് കേരളത്തിലെ മൗദൂദികള്‍. കേരളത്തിലെ മുസ്ലിംകള്‍ക്കിടയിലെ ആചാരങ്ങളിലെയും അനുഷ്ഠാനങ്ങളിലെയും വിശ്വാസങ്ങളിലെയും പ്രാകൃത സ്വഭാവത്തെയും അന്ധവിശ്വാസത്തെയും സൂചിപ്പിക്കാനുള്ള പദമായിരുന്നു മൗദൂദികള്‍ക്ക് മാപ്പിള എന്ന വാക്ക്. മാപ്പിളമാര്‍ ഈ അന്ധവിശ്വാസങ്ങളും പിന്നാക്കാവസ്ഥയും പ്രാകൃത സ്വഭാവങ്ങളും പഠിച്ചതാകട്ടെ മഖ്ദൂമുമാരില്‍ നിന്നും ഉമര്‍ഖാളിമാരില്‍ നിന്നും മന്പുറം തങ്ങന്മാരില്‍ നിന്നുമാണ്.
മലബാര്‍ ചരിത്രത്തെ പഠിച്ച സ്റ്റീഫന്‍ ഡൈലിന്‍റെ കൊളോണിയല്‍ ഫ്രൈമുകള്‍ പോലെ, കെ എന്‍ പണിക്കറുടെയും പി കെ പോക്കറുടെയും മറ്റും മാര്‍ക്സിയന്‍ ഫ്രൈമുകള്‍ പോലെ, മാപ്പിള ചരിത്രത്തിന്‍റെ ജൈവികമായ സ്രോതസ്സുകളിലെത്തിച്ചേരാതെ പാതിവഴിക്ക് വെച്ച് കിതച്ചു നിന്നു പോകുന്ന മറ്റൊരു തരം ചരിത്ര വിശകലന വ്യായാമമാണ് മൗദൂദികളുടെ മാപ്പിള ചരിത്ര പഠനം. ഇവ്വിധം മാര്‍ക്സിയന്‍ ചിന്താപദ്ധതികള്‍ സ്വാംശീകരിച്ച് ഉള്ളിലൊളിപ്പിച്ച കൊളോണിയല്‍ മനസ്സിന്‍റെ മറ്റൊരു രൂപവുമായിട്ടായിരുന്നു മൗദൂദികള്‍ മുസ്ലിം സമൂഹങ്ങളിലേക്കിറങ്ങി വന്നത്. അവരെല്ലാം ഭയങ്കര ഈമാനുള്ളവരായിരുന്നു എന്ന് തങ്ങളുടെ പൂര്‍വീകരെക്കുറിച്ച് മലബാറിലെ പ്രായം ചെന്ന കാരണവന്മാര്‍ ഇപ്പോഴും പറയുന്നുണ്ടെങ്കില്‍, ദൈനംദിന ജീവിതത്തില്‍ ചരിത്രത്തെ മനസ്സിലാക്കാന്‍ അവര്‍ ഉപയോഗിക്കുന്ന സവിശേഷമായ കാറ്റഗറികളുടെ ബലത്തിലാണവര്‍ക്കതു സാധിക്കുന്നത്. മൗദൂദിയന്‍ മാര്‍ക്സിയന്‍ ചരിത്രകാരന്മാരടക്കം എല്ലാവര്‍ക്കും ഇത് സാധാരണക്കാരില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കാനുതകിയേക്കും.
സമകാലിക ഫ്രഞ്ച് ദാര്‍ശനികനായ ഴാക് റാന്‍സിയറുടെ തത്വചിന്തകനും അവന്‍റെ ദരിദ്രവാസിയും എന്ന ഗ്രന്ഥത്തില്‍ തത്വചിന്തകന്‍ തനിക്ക് എപ്പോഴും നിസ്സാര ജനതയായി തോന്നാവുന്ന പാവങ്ങളെ തന്‍റെ ദര്‍ശനത്തിന്‍റെ സുപ്രധാന വഴികാട്ടിയായി ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. നിത്യജീവിതത്തിന്‍റെ നിരന്തരമായ വിവര്‍ത്തനവും നീതിപൂര്‍വ്വകമായ പ്രതിനിധാനവുമാണ് തത്വചിന്തകന്‍ പാവപ്പെട്ട ലോകവാസികള്‍ക്ക് തിരിച്ചു നല്‍കേണ്ട ബാധ്യതകള്‍. അപ്പോള്‍ അയാള്‍ തന്‍റെ ഉരുക്കു ഭാഷയെ കുടഞ്ഞെറിയേണ്ടിവരും. നിത്യജീവിതത്തിന്‍റെ ഭാഷയിലേക്ക് അത്തരം ഉരുക്കു ഭാഷയെ പിടിച്ചു കെട്ടേണ്ടി വരും. മാപ്പിള മുസ്ലിമിന്‍റെ നിത്യജീവിതം എന്താണെന്നും അതിലെ ചരിത്രം, സാമൂഹിക ശാസ്ത്രം, നരവംശശാസ്ത്രം, ദര്‍ശനം തുടങ്ങിയവ എന്തെല്ലാമാണെന്നും അറിയണമെങ്കില്‍ ആരും പ്രഥമമായി ആശ്രയിക്കേണ്ടത് അത്തരം നിത്യജീവിതത്തിന്‍റെ യഥാര്‍ത്ഥ പ്രതിനിധികളെയാണ്. ഒരുദാഹരണത്തിന് ഉമര്‍ഖാളി എന്ന ചരിത്ര വ്യക്തിത്വം ഇന്നത്തെ മാപ്പിള മുസ്ലിമിന്‍റെ നിത്യജീവിതത്തില്‍ എങ്ങനെയാണ് പ്രതിനിധാനം ചെയ്യപ്പെടുന്നത് എന്നുനോക്കാം. ഖാളിയുടെ റസൂലിനോടുള്ള പ്രണയവും മൗലിദുകളും വിഖ്യാതമായകീര്‍ത്തനങ്ങളും ഇന്നും മാപ്പിള ജീവിതത്തെ നിര്‍വ്വചിക്കുന്ന പുരാവസ്തുശേഖരം ആണ്. ഖാളിയെ സംബന്ധിച്ചിടത്തോളം നമ്മുടെ പുതിയ ചരിത്രകാരന്മാര്‍ ആരോപിക്കുന്ന സമരത്തെക്കാളും ഗ്രാംഷിയന്‍ ബുദ്ധിജീവി പട്ടങ്ങളെക്കാളും എത്രയോ പ്രധാനമായിരുന്നു ഇന്നും സജീവമായി നിലനില്‍ക്കുന്ന ഈ ആര്‍ക്കൈവുകളില്‍ കാണുന്ന യഥാര്‍ത്ഥ്യങ്ങള്‍. അതിലുപരി പുതിയ ചരിത്രകാരന്മാര്‍ നേരത്തെ മതപരിഷ്കരണവാദ/ ആധുനികതാ പദ്ധതിയുടെ ഭാഗമായി ഭ്രഷ്ട് കല്‍പിച്ച ജീവിതസംസ്കൃതികളുടെ നിര്‍ണായക ഘടകങ്ങള്‍ കൂടിയാണ് ഈ ആര്‍ക്കൈവുകളില്‍ കാണുന്ന ഖാളിയുടെ വിശ്വാസാചാര രീതികള്‍. ഖാളിക്ക് ഇവയെല്ലാം കഴിഞ്ഞായിരുന്നു മറ്റെന്തും അല്ലെങ്കില്‍ ഇവയുടെ തുടര്‍ച്ചയായിരുന്നു മറ്റെന്തും. ഈ നിലക്ക് നോക്കുന്പോള്‍ നമ്മുടെ മൗദൂദിയന്‍മാര്‍ക്സിയന്‍ ചരിത്രകാരന്മാര്‍ എങ്ങനെയായിരിക്കും ഖാളിയെ മനസ്സിലാക്കിയിട്ടുണ്ടാവുക എന്നത് ആശ്ചര്യമൂറുന്ന ഒരു ചോദ്യമായി അവശേഷിക്കുന്നു.
ഖാളി മാത്രമല്ല, മഖ്ദൂമുമാരും മന്പുറം തങ്ങളും ആലി മുസ്ലിയാരും വാരിയംകുന്നനും എണ്ണമറ്റ മറ്റനേകം പൂര്‍വിക വ്യക്തിത്വങ്ങളും മുറുകെ പിടിച്ചത്് മൗദൂദിയന്‍മാര്‍ക്സിയന്‍ ഭാഷയിലെ അന്ധവിശ്വാസങ്ങളെയായിരുന്നു. മാപ്പിള എന്ന് പറയുന്ന ഒരു സ്വത്വമുണ്ടെങ്കില്‍ അത് രൂപം കൊണ്ടത് ഈ പറയുന്ന ജീവിതലോകത്തുനിന്നാണെന്ന് നിസ്സംശയം പറയാന്‍ കഴിയും. ഈ ജീവിത ലോകത്തെ ധിക്കരിച്ചു കൊണ്ടുള്ള ചരിത്രമെഴുത്ത് അതുകൊണ്ടു തന്നെ അസംബന്ധകരമായ ചില വാചോടോപങ്ങളില്‍ കലാശിക്കുമെന്നതാണ് വാസ്തവം. ശരിക്കും നമ്മളിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നതും അതാണ്.
ചരിത്രവും, ചരിത്രത്തിന്‍റെ ചരിത്രവും
എന്താണ് ചരിത്രം എന്ന ക്ലാസിക് പ്രബന്ധത്തില്‍ ഇഎച്ച് കാറും റോബര്‍ട്ട് ഡേവിസും നിരീക്ഷിക്കുന്ന ചില കാര്യങ്ങള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ചരിത്ര വിശകലന വ്യായാമങ്ങളെ ശരിയായി മനസ്സിലാക്കാന്‍ സഹായിക്കും. ചരിത്രപരമായ വസ്തുതകള്‍ വിശാലമായ ചിലപ്പോള്‍ അപ്രാപ്യമായ സമുദ്രത്തില്‍ നീന്തിക്കൊണ്ടിരിക്കുന്ന മീനിനെപ്പോലെയാണ്. ചരിത്രകാരന്‍ പിടിക്കുന്ന മീന്‍ പലപ്പോഴും അപ്പപ്പോഴുള്ള സന്ദര്‍ഭത്തിനെ ആശ്രയിച്ചു നില്‍ക്കുന്നു. എന്നാല്‍ മിക്കവാറും സമുദ്രത്തിന്‍റെ ഏതു ഭാഗമാണ് അയാള്‍ മീന്‍പിടിക്കാന്‍ തിരഞ്ഞെടുക്കുന്നതെന്നും ഏതുതരം തന്ത്രമാണ് മീനിനെ ചൂണ്ടയില്‍ കുരുക്കാന്‍ അയാള്‍ വിന്യസിക്കുന്നതെന്നുമുള്ള കാര്യങ്ങളെയാണ് അത് ആശ്രയിച്ചു നില്‍ക്കുന്നത്. ഈ രണ്ടു കാര്യങ്ങളും നിര്‍ണയിക്കപ്പെടുന്നത്, ഏതു മീനിനെയാണ് അയാള്‍ ലക്ഷ്യം വെക്കുന്നത് എന്നതില്‍ നിന്നുമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ചരിത്രം വ്യാഖ്യാനത്തെയാണ് ഉള്‍ക്കൊള്ളുന്നത് വസ്തുനിഷ്ഠമായ വസ്തുതകളുടെ ഒരു സംഗ്രഹം എന്ന നിലയിലല്ല. അതിനാല്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒരസംബന്ധകരമായ പിഴവാണ് ചരിത്രം. തുടര്‍ന്ന് ചരിത്രം എങ്ങനെയായിരിക്കണമെന്നും അവര്‍ വിശദീകരിക്കുന്നുണ്ട് ചരിത്രം ഒരു മധ്യപാത പിന്തുടരണം. ഒരാളുടെ മുന്‍വിധികള്‍ക്കും താല്‍പര്യങ്ങള്‍ക്കും തെളിവുകള്‍ക്കുമിടയിലുള്ള വിനിമയമായിരിക്കണം അത്. ഭൂതവും വര്‍ത്തമാനവും തമ്മിലുള്ള നിരന്തരമായ സംഭാഷണം.
കാറും ഡേവിസും മുന്നറിയിപ്പ് നല്‍കിയ അസംബന്ധകരമായ പിഴവ് മാപ്പിള ചരിത്ര പഠനത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നാണ് ഇതുവരെയും വിശദീകരിക്കാന്‍ ശ്രമിച്ചത്. അത്തരം പിഴവുകള്‍ സംഭവിക്കാതിരിക്കാനുള്ള ചില മുന്‍കരുതലുകളെക്കുറിച്ച് പറഞ്ഞ് ലേഖനം അവസാനിപ്പിക്കാം.
ലിബറല്‍/ കൊളോണിയല്‍/ മാര്‍ക്സിസ്റ്റ്/ സബാള്‍ട്ടേണ്‍ ചരിത്ര വിശകലന ശാസ്ത്രങ്ങളില്‍ നിന്ന് ഇസ്ലാമിക ചരിത്ര വിശകലനത്തിന് ഒന്നും പഠിക്കാനില്ലെന്ന വാദം ഈ ലേഖനം മുന്നോട്ട് വെക്കുന്നില്ല. എന്നാല്‍, പല കാരണങ്ങള്‍കൊണ്ടും ചരിത്രവിശകലന ശാസ്ത്രത്തെക്കാള്‍ ചലനാത്മകമായി സമീപകാലത്ത് ഇസ്ലാമിനെ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്ത ആധുനിക പഠനധാര നരവംശശാസ്ത്രമാണ്. നരവംശ ശാസ്ത്രത്തിലെ പുതിയ ചലനങ്ങളില്‍ നിന്ന് ഇസ്ലാമിനെക്കുറിച്ചറിയാനാഗ്രഹിക്കുന്ന ചരിത്രകാരന് പലതും പഠിക്കാനുണ്ട്. തലാല്‍ അസദ് ഉയര്‍ത്തിക്കൊണ്ടുവന്ന വ്യാവഹാരിക പാരന്പര്യം എന്ന വിശകലനോപാധി അത്തരത്തിലൊന്നാണ്. അസദ് വാദിക്കുന്നത് ഇസ്ലാം എന്നാല്‍ സവിശേഷമായ ചില വ്യവഹാരങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ഒരു പാരന്പര്യമാണെന്നാണ്. അത്തരം വ്യവഹാരങ്ങള്‍ ആധുനികതക്ക് പിരിചിതമായ സങ്കേതങ്ങളല്ല ഉപയോഗിക്കുന്നതെന്നും അതിനാല്‍ യൂറോപ്യന്‍ വ്യവഹാരങ്ങള്‍ക്കവയെ മനസ്സിലാക്കാന്‍ സ്വന്തം സങ്കേതങ്ങള്‍ കൊണ്ട് കഴിയില്ലെന്നും അസദ് നിരീക്ഷിക്കുന്നു. അസദിനെ പിന്തുടര്‍ന്ന് നമ്മള്‍ ഇസ്ലാമിക ചരിത്രവിശകലനങ്ങളിലേക്ക് പോകുന്പോള്‍ മുസ്ലിം ജീവിതങ്ങളെ സ്വതസിദ്ധമായി നിലനിര്‍ത്തുന്ന സംസ്കാരങ്ങളെയും പാരന്പര്യങ്ങളെയും വ്യവഹാരങ്ങളെയും അവയര്‍ഹിക്കുന്ന കൃത്യതയും അവയുടേതു തന്നെയായ അളവുകോലുകളെയും ഉപയോഗിച്ച് തന്നെ പഠിക്കേണ്ടിവരുന്നു. അപ്പോള്‍ വര്‍ഗസമരസിദ്ധാന്തവും സാന്പത്തിക നിര്‍ണയവാദവും മതരാഷ്ട്രവാദവും പടിക്കു പുറത്തു നില്‍ക്കേണ്ടിവരുന്നു. ഈ പറയുന്ന ആധുനിക നിര്‍മിതികള്‍ക്ക് ഇസ്ലാമിക വ്യവഹാരങ്ങളുടെ പാരന്പര്യവുമായി ഒരു തുലനത്തിനും സാധിക്കാത്ത ബന്ധമാണുള്ളത്. ഇതു മറന്നൊരാള്‍, അത്തരം ബന്ധങ്ങളെ നിര്‍മിക്കുന്ന പ്രക്രിയയിലേക്ക് നീങ്ങിയാല്‍, അയാള്‍ ചെയ്യുന്നതാണ് കൃത്യമായും കാറും ഡേവിസും വിളിച്ച അസംബന്ധകരമായ പിഴവ്.
ജീവിതലോകത്ത് നിന്ന് അറുത്തുമാറ്റപ്പെട്ട ചരിത്ര വിശകലനം ഈ പിഴവ് ആവര്‍ത്തിച്ചു കൊണ്ടിരിക്കും. യൂറോ കേന്ദ്രിത ചട്ടക്കൂടില്‍ ഈ പരിണതി സ്വാഭാവികമായും സംഭവിക്കും. മുന്പുപറഞ്ഞപോലെ, അപ്പോള്‍ മലബാറിലെ പ്രായംചെന്ന മനുഷ്യരുടെ നിത്യജീവിതത്തെ ഇപ്പോഴും നിര്‍ണയിച്ചു കൊണ്ടിരിക്കുന്ന ചരിത്രത്തിന്‍റെ നൈരന്തര്യം യൂറോ കേന്ദ്രിത ലൈസന്‍സുകള്‍ക്ക് പിടികൊടുക്കാതെ കടന്നുകളയും. വീണ്ടും കാറിന്‍റെയും ഡേവിസിന്‍റെയും ഭാഷയില്‍ ആ മീന്‍ നിങ്ങളുടെ ചൂണ്ടയില്‍ കുരുങ്ങില്ല, കാരണം, നിങ്ങള്‍ മീന്‍ പിടിക്കുന്നത് സമുദ്രത്തില്‍ ആര്‍ക്കും വേണ്ടാത്ത ഒരു ഭാഗത്താണ്. Theory is very important ,life is more important എന്ന് തന്‍റേതായ ഭാഷയില്‍ കീഴാള പഠനങ്ങളുടെ സ്ഥാപകന്‍ രണ്‍ജിത് ഗുഹ (സിദ്ധാന്തം വളരെ പ്രധാനമാണ്. ജീവിതമാണ് അതിലും പ്രധാനം).
പോസ്റ്റ്-സ്ക്രിപ്റ്റ്: ഇസ്ലാമിക ചരിത്ര വിശകലന ശാസ്ത്രം എങ്ങനെയായിരിക്കരുത് എന്നതായിരുന്നു നമ്മളിതുവരെ ആലോചിച്ചത്. മൗദൂദിയന്‍മാര്‍ക്സിയന്‍ മാപ്പിള ചരിത്ര വിശകലനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇവിടെ ശ്രമം നടത്തിയത്. കൃത്യമായും ഇസ്ലാമിക ചരിത്രവിശകലന ശാസ്ത്രം എങ്ങനെയായിരിക്കണമെന്നുള്ള പഠനങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. മുഖദ്ദിമയില്‍ ഇബ്നു ഖല്‍ദൂന്‍ പറയുന്നുണ്ട്, ചരിത്രകാരന്‍ വിശ്വാസ ശാസ്ത്രം, കര്‍മശാസ്ത്രം, വ്യാഖ്യാന ശാസ്ത്രം തുടങ്ങിയ പഠനധാരകളിലെല്ലാം അവഗാഹമുള്ളയാളായിരിക്കണം. ഇസ്ലാമിക/ മുസ്ലിം സമൂഹങ്ങളുടെ ചരിത്രത്തോട് കൂറ് പുലര്‍ത്തുന്ന ഒരു ചരിത്രകാരന്‍, ഇബ്നു ഖല്‍ദൂന്‍ നല്‍കുന്ന പോലുള്ള ഫ്രൈമുകളുടെ അകത്തേക്കാണ് ഭൂതത്തെ തെളിച്ചു കൊണ്ടു വരേണ്ടത്. അല്ലാത്ത പക്ഷം, അയാള്‍ അസംബന്ധകരമായ പിഴവ് ആവര്‍ത്തിച്ചു കൊണ്ടിരിക്കും.
ഇ പി എം സ്വാലിഹ് നൂറാനി
1-Carr, Edward Hallett, and Robert William Davies. “What is history?.” (1961).
2-Chakrabarty, Dipesh. Provincializing Europe: Postcolonial Thought and Historical Difference (New Edition). Princeton University Press, 2009.
3-Ibid
4-Panikkar, Kandiyur Narayanan. Against lord and state: Religion and peasant uprisings in Malabar, 1836-1921. Delhi: Oxford University Press, 1989.
5- ]n sI t]m¡À, kzXz-cm-jv{Sobw, tImgn-t¡mSv: Progress Publication, 2012
6-Said, Edward. “Orientalism (New York.” Pantheon 6 (1978): 14-27.
7-Marx quoted in Said Op. cit.
8-Nandy, Ashis. “Dams and dissent: India’s first modern environmental activist and his critique of the DVC project.” Futures 33, no. 8 (2001): 709-731.
9-Nandy, Ashis. “Theories of Oppression and Another Dialogue of Cultures.”Economic& Political Weekly 47, no. 30 (2012): 39.
10-Dale, Stephen Frederic. “The Mappilas of Malabar, 1498–1922: Islamic Society on the South Asian Frontier.” (1980).
11-Rancière, Jacques. The philosopher and his poor. Duke University Press, 2004.
12-Car and Davies Op. cit.
13-Asad, Talal. The idea of an anthropology of Islam. Center for Contemporary Arab Studies, Georgetown University, 1986.
14-RanjitGuha quoted in Agrawal, Arun. “Greener Pastures: Politics.” Markets, and Community among a Migrant Pastoral (1998).
ചില മുന്നേറ്റങ്ങളെയെല്ലാം കേരളത്തിന്റെ പൊതുചരിത്രം തമസ്‌കരിക്കുകയായിരുന്നു
ടിപ്പുസുല്‍ത്താനെ അനുസ്മരിച്ചുകൊണ്ട് തര്‍ജുമാനുല്‍ ഖുര്‍ആനില്‍ എഴുതിയ ഒരു ലേഖനത്തില്‍ സയ്യിദ് മൗദൂദി ചരിത്ര വായനയുടെ മൂന്ന് രീതികളെക്കുറിച്ച് പറയുന്നുണ്ട്. അവയിലൊന്ന് വംശീയമായ ചരിത്ര വായനയാണ്. ഏറ്റവും അപകടകരവും വിധ്വംസകാത്മകവുമായ ചരിത്ര വായനാ രീതി എന്നാണ് അതിനെ കുറിച്ച മൗദൂദിയുടെ നിരീക്ഷണം. ചരിത്രത്തിലെ എല്ലാ അധിനിവേശങ്ങള്‍ക്കും ആധിപത്യ വാസനകള്‍ക്കുമുള്ള പ്രത്യയശാസ്ത്രപരമായ ന്യായീകരണമായി മാറിയത് ഈ വംശീയ ചരിത്ര വായനയാണ്. തങ്ങള്‍ വംശീയമായി തന്നെ ഉത്കൃഷ്ടരായതിനാല്‍ എന്നും ആധിപത്യം വാഴാനും മറ്റുള്ളവര്‍ തങ്ങളുടെ ഇരകളാകാനും വിധിക്കപ്പെട്ടവരാണ് എന്ന മുന്‍വിധിയോടു കൂടി മാത്രമേ വംശീയമായ ചരിത്ര വായന ഏത് സമൂഹങ്ങളുടെയും ചരിത്രത്തെ സമീപിക്കുകയുള്ളൂ. ചരിത്രം തന്നെ ഏറ്റവും വലിയ മര്‍ദനോപാധിയായിത്തീരുകയാണ് ഇവിടെ. കൊളോണിയല്‍ ചരിത്ര വായനയുടെ ഊടും പാവും നിര്‍ണയിച്ചത് ഈ വംശീയ ചരിത്ര വായനയാണ്. കൊളോണിയല്‍ ശക്തികള്‍ ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും നൂറ്റാണ്ടുകളോളം നടത്തിയ കിരാതമായ അധിനിവേശത്തിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്ര ഉപകരണം ചരിത്രത്തിന്റെ ഈ വംശീയമായ വായനയായിരുന്നു.
ദീര്‍ഘകാലം കൊളോണിയല്‍ അധിനിവേശത്തിന് ഇരകളാക്കപ്പെട്ട ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ ദേശീയ ചരിത്രവും നിര്‍ഭാഗ്യവശാല്‍ പില്‍ക്കാലത്ത് രൂപപ്പെടുകയും വികസിക്കുകയും ചെയ്തത് കൊളോണിയല്‍ ചരിത്ര രചനാ സമ്പ്രദായം വെട്ടി തെളിച്ച ചാലിലൂടെതന്നെയാണ്. വംശീയ മേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ കൊളോണിയല്‍ ചരിത്ര രചന സമ്പ്രദായം ഇന്ത്യന്‍ ദേശീയ ചരിത്രത്തില്‍ എളുപ്പത്തില്‍ സ്വീകാര്യമാകാന്‍ ഒരു പ്രധാന കാരണം ഇവിടെ നേരത്തെ തന്നെ ജാതിയുടെ പേരില്‍ ജനങ്ങളെ തട്ടുകളായി തിരിക്കുന്ന വര്‍ണാശ്രമ ധര്‍മം സമൂഹത്തിലും സംസ്‌കാരത്തിലും രൂഢമൂലമായിരുന്നതാണ്. അതിനാല്‍ നൂറ്റാണ്ടുകളായി ഒരേ മണ്ണില്‍ പിറന്ന ഒട്ടേറെ സമൂഹങ്ങളെയും വംശങ്ങളെയും അപരവത്കരിച്ചുകൊണ്ട് തങ്ങള്‍ നിലനിര്‍ത്തി പോന്ന ജാതി സമ്പ്രദായത്തെ കുറെകൂടി ആധുനിക മുഖം നല്‍കി സംരക്ഷിക്കാന്‍ സവര്‍ണ പ്രത്യയശാസ്ത്രത്തിന് കൊളോണിയല്‍ ചരിത്ര രചനാ സമ്പ്രദായത്തെ അനുകരിച്ചുകൊണ്ടുള്ള ബ്രാഹ്മണ വംശീയതയിലധിഷ്ഠിതമായ ദേശീയ ചരിത്രത്തിലൂടെ സാധിച്ചു…….
ഇപ്രകാരം കൊളോണിയല്‍ ചരിത്രത്തിന്റെയും അതിന്റെ ചുവട് പിടിച്ച് വികസിച്ച ദേശീയ ചരിത്രത്തിന്റെയും വംശീയമായ ചരിത്ര വായനയുടെ ഇന്ത്യയിലെയും കേരളത്തിലെയും ഏറ്റവും വലിയ ഇരകള്‍ ദലിതുകളും മുസ്‌ലിംകളുമാണ്. ഏതെങ്കിലും സമൂഹത്തെയോ വിഭാഗത്തെയോ എന്നെന്നും അരികുവത്കരിക്കാനും ആവശ്യമെങ്കില്‍ വേട്ടയാടാനുമുള്ള ഏറ്റവും എളുപ്പമായ മാര്‍ഗം ചരിത്രം നിഷേധിക്കുക എന്നതാണ്. ചരിത്രപരമായി അസന്നിഹിതമാക്കപ്പെട്ട സമൂഹത്തിന് സ്വയം വികസിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും കഴിയില്ല. കാരണം, തങ്ങളില്‍ അടിച്ചേല്‍പിക്കപ്പെട്ട കീഴാളത്തം ചരിത്രപരമോ പ്രകൃതിപരമോ ആയ അനിവാര്യതയായി സ്വയം മനസ്സിലാക്കുന്ന ജനതക്ക് സ്വപ്നത്തെ സാധ്യമാക്കുന്ന ആത്മബോധം എവിടെ നിന്ന് ലഭിക്കാനാണ്.
ഉദാഹരണത്തിന്, കേരളത്തിന്റെ പൊതുമണ്ഡലത്തെ രൂപപ്പെടുത്തിയത് ശ്രീ നാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയ സമരങ്ങളും പോരാട്ടങ്ങളുമാണെന്നാണ് അക്കാദമികമായും ജനകീയമായും സ്ഥാപിക്കപ്പെട്ട ചരിത്രം. പക്ഷേ, വാസ്തവത്തില്‍ ഇവയെല്ലാം നടക്കുന്നതിന് എത്രയോ കാലങ്ങള്‍ക്ക് മുമ്പ് തന്നെ കച്ചവടം, അറിവിന്റെ ജനാധിപത്യവത്കരണം, ഭരണപരമായ സാമൂഹിക പരിഷ്‌കരണം, അവകാശ സമരങ്ങള്‍, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഇപ്പോഴത്തെ പൊതുമണ്ഡലത്തിന്റെ പ്രാഗ്‌രൂപം കേരളത്തില്‍ നിലനിന്നിരുന്നുവെന്നും ഏതോ അര്‍ഥത്തില്‍ അവയെ രൂപപ്പെടുത്തുന്നതില്‍ മുസ്‌ലിംകള്‍ക്ക് നേതൃപരമായ പങ്കുണ്ടായിരുന്നുവെന്നുമുള്ള വസ്തുത പൂര്‍ണമായും തമസ്‌കരിക്കപ്പെടുകയാണ് ചെയ്തത്. വര്‍ണാശ്രമ ധര്‍മ പ്രകാരം മൂന്നാം ജാതിയായ വൈശ്യര്‍ ആണ് കച്ചവട വിഭാഗം. പക്ഷേ കേരളത്തിലെ ജാതി സമൂഹത്തില്‍ വൈശ്യ വിഭാഗം ഇല്ലായിരുന്നു. അതിനാല്‍ വ്യാപാര രംഗം ശൂന്യമായിരുന്നു. കേരളത്തിലെ അക്കാലത്തെ വ്യാപാരവും കച്ചവടവും പ്രധാനമായും കടലിനെ ആശ്രയിച്ചായിരുന്നു. ജാതി ഹിന്ദുക്കള്‍ക്കാകട്ടെ കടല്‍ യാത്രക്ക് മതപരമായ വിലക്കുണ്ടായിരുന്നു. സാമ്പത്തിക പ്രവര്‍ത്തനം കൃഷിയില്‍ മാത്രം പരിമിതപ്പെടുകയും വ്യാപാരത്തെ അവഗണിക്കുകയും ചെയ്യുന്ന സമൂഹം സ്വാഭാവികമായും സങ്കുചിത മനസ്സുള്ള അടഞ്ഞ സമൂഹമായിരിക്കും. പക്ഷേ പോര്‍ച്ചുഗീസ് അധിനിവേശം വരെ കേരളത്തിലെ വ്യാപാര മണ്ഡലത്തെ ചലനാത്മകമാക്കിക്കൊണ്ട് മുസ്‌ലിംകളും പൗരസ്ത്യ സുറിയാനി ക്രിസ്താനികളുമാണ് ഇപ്രകാരം കേരളത്തെ അടഞ്ഞ സമൂഹമായി മാറിപ്പോകുന്നതില്‍ നിന്ന് രക്ഷിച്ചത്. ഉദാര വീക്ഷണവും മതാതീതമായ ബന്ധവും സഹിഷ്ണുതയുമെല്ലാം കച്ചവടത്തിന്റെ വിജയത്തിന് അനിവാര്യമാണ്. അതിനാല്‍ ഇത്തരം മൂല്യങ്ങള്‍ കേരളീയ സമൂഹത്തെ പഠിപ്പിച്ചത് മുസ്‌ലിംകളും ക്രിസ്ത്യാനികളുമായ വ്യാപാരികളാണ്. യൂറോപ്പില്‍ മതേതരത്വം കൊണ്ടുവന്നത് വ്യാപാരികളാണെന്ന് പറയാറുള്ളതുപോലെ കേരളത്തിലെ മതേതരത്വത്തിന്റെ ആദ്യ മാതൃക സൃഷ്ടിച്ചത് നടേ പറഞ്ഞ ക്രിസ്ത്യന്‍-മുസ്‌ലിം വ്യാപാരികളാണ്.
അതുപോലെ മനുഷ്യനെ തട്ടുകളായി തിരിച്ച് തീണ്ടാപ്പാടകലെ നിര്‍ത്തിയും അറിവിനെ ബ്രാഹ്മണ വിഭാഗത്തിന്റെ മാത്രം കുത്തകയാക്കി വെച്ചും ജാതി ഹിന്ദുക്കള്‍ ഒരു ഭ്രാന്താലയമാക്കി മാറ്റിയ കേരളത്തെ മനുഷ്യവാസമുള്ള ഭൂമിയാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഇസ്‌ലാമിന്റെ സമഭാവനയും അറിവിനെ ജനാധിപത്യവത്കരിച്ച് കൊണ്ട് മുസ്‌ലിം പണ്ഡിതന്മാര്‍ നടത്തിയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും അനല്‍പമായ പങ്കുവഹിച്ചിട്ടുണ്ട്.
19-ഉം 20ഉം നൂറ്റാണ്ടുകളില്‍ കേരളത്തില്‍ നടന്ന എല്ലാ കീഴാള മുന്നേറ്റങ്ങളെയും കാര്‍ഷിക സമരങ്ങളെയും സമത്വത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളെയും സാധ്യമാക്കിയത് ടിപ്പു സുല്‍ത്താന്റെ ഭരണ പരിഷ്‌കരണങ്ങളും അതില്‍ നിന്ന് പ്രചോദനവും ആത്മബോധവും ആര്‍ജിച്ച മാപ്പിളമാര്‍ നടത്തിയ സുദീര്‍ഘമായ കാര്‍ഷിക സമരങ്ങളുമായിരുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ കേരളത്തില്‍ ഒരു പൊതുമണ്ഡലം സാധ്യമാക്കിയ ഇത്തരം മുന്നേറ്റങ്ങളെയെല്ലാം പക്ഷേ, കേരളത്തിന്റെ പൊതുചരിത്രം ഭാഗികമായോ പൂര്‍ണമായോ തമസ്‌കരിച്ചിരിക്കുകയാണ്.
വംശീയമായ അപരവത്കരണത്തിനും വേട്ടയാടലിനുമുള്ള മറ്റൊരെളുപ്പമാര്‍ഗം ചരിത്രത്തിന്റെ വക്രീകരണമാണ്. കൊളോണിയല്‍ ചരിത്രവും ദേശീയ ചരിത്രവും ഒരുപോലെ ഇന്ത്യയിലെയും കേരളത്തിലെയും മുസ്‌ലിംകളുടെ ചരിത്രത്തോട് ഈ അനീതി ചെയ്തിട്ടുണ്ട്. പ്രത്യാഘാതത്തിന്റെ അളവ് വെച്ച് നോക്കുമ്പോള്‍ ഒരുവേള ചരിത്ര തമസ്‌കരണത്തേക്കാള്‍ അപകടകരമാണ് ചരിത്രത്തിന്റെ വക്രീകരണം. കാരണം, അതിലൂടെ ഇരകളാക്കപ്പെടുന്ന സമൂഹം സദാ കുറ്റബോധമുള്ളവരും ആത്മവിശ്വാസം നഷ്ടപ്പെട്ട് ക്ഷമാപണ മനസ്ഥിതിയുള്ളവരുമായി മാറും. അതിനെല്ലാമുപരി, അവര്‍ വേട്ടയാടപ്പെടേണ്ടവര്‍ മാത്രമല്ല, വംശീയമായി ഉന്മൂലനം ചെയ്യപ്പെടേണ്ടവര്‍ കൂടിയാണെന്ന പൊതുബോധത്തെ അത്തരം ചരിത്രം നിരന്തരം വളര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യും.
മലബാറിലെ ടിപ്പുവിന്റെ ഭരണവും ജന്മിത്വത്തിനും കൊളോണിയലിസത്തിനും എതിരായ മാപ്പിളമാരുടെ സമരവുമാണ് ഇത്തരം ചരിത്ര വക്രീകരണത്തിന് ഏറ്റവും കൂടുതല്‍ ഇരയായത്. മാപ്പിള സമരത്തോട് സാമാന്യമായെങ്കിലും നീതി ചെയ്തവര്‍ പോലും ടിപ്പുവിനോട് യാതൊരു ദയവും കാണിച്ചിട്ടില്ല. കേരളത്തിലെ ഏതാണ്ടെല്ലാ നായര്‍ ചരിത്രകാരന്മാരും ടിപ്പുവിനെതിരെ ഒറ്റക്കെട്ടാണ്. അതിന് കാരണം നായര്‍ മേധാവിത്വമുണ്ടായിരുന്ന കേരളത്തിന്റെ സാമൂഹിക ഘടനയില്‍ വിള്ളലുണ്ടാക്കി കീഴാളരില്‍ ആദ്യമായി അവകാശബോധം സൃഷ്ടിച്ചത് ടിപ്പുസുല്‍ത്താനാണെന്നതാണ്. അതിനാല്‍ ടിപ്പുവിനെതിരായ നായര്‍ ചരിത്രകാരന്മാരുടെ അക്കാദമിക പ്രവര്‍ത്തനം മുസ്‌ലിം വിരുദ്ധം മാത്രമല്ല, കീഴാള വിരുദ്ധം കൂടിയാണെന്ന് തിരിച്ചറിയുമ്പോഴേ ടിപ്പുവിരുദ്ധതയുടെ രാഷ്ട്രീയം മനസ്സിലാവുകയുള്ളൂ. ടിപ്പുവിരോധം എത്രത്തോളമെത്തി എന്നു ചോദിച്ചാല്‍ ടിപ്പുവിന്റെ ഭരണമാണ് കേരളത്തെ തകര്‍ത്തതെന്ന് സ്ഥാപിക്കുന്നതിനായി കേരളത്തിന്റെ സാമൂഹിക സാമ്പത്തിക ജീവിതത്തില്‍ മാരകമായ ആഘാതമേല്‍പിച്ച പോര്‍ച്ചുഗീസ് ഘട്ടം ഒരു മിഥ്യയാണെന്ന് സ്ഥാപിക്കുന്ന അക്കാദമിക് വ്യവഹാരങ്ങളുമായി ചില ചരിത്രകാരന്മാര്‍ രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തിന് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഈയൊരു ഗതി വരുമെന്ന് കൊളോണിയല്‍ കാലഘട്ടത്തില്‍ തന്നെ സാമൂഹിക പരിഷ്‌കര്‍ത്താവായ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. ആധുനിക വിദ്യാഭ്യാസം നേടുന്നതിനെക്കുറിച്ച് യായൊരു ചിന്തയുമില്ലാതെ സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തു ചാടിയ സ്വന്തം സമുദായത്തോട് അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി. ”മുസ്‌ലിംകളുടെ ജന്മസിദ്ധമായ സ്വാതന്ത്ര്യ ദാഹത്തെ മനസ്സിലാക്കാന്‍ എനിക്ക് യാതൊരു പ്രയാസവുമില്ല. ഞാന്‍ അതിനെ വളരെയധികം വിലമതിക്കുന്നു. പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ക്ക് ചരിത്രം സൃഷ്ടിക്കാന്‍ കഴിയുമെങ്കിലും ഭാവിയില്‍ അതിനെ ചരിത്രവത്കരിക്കാന്‍ ഇപ്പോള്‍ വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ ആരും കാണില്ല. ദേശീയതയുടെ വക്താക്കള്‍ എഴുതുന്ന ചരിത്രത്തിലാകട്ടെ നിങ്ങള്‍ ഉണ്ടാവുകയുമില്ല.”
ദേശീയ ചരിത്രവായനയുടെ ജനിതക ദൗര്‍ബല്യത്തെ കുറിച്ചാണ് ആ പരിഷ്‌കര്‍ത്താവ് അന്നുതന്നെ ദീര്‍ഘദര്‍ശനം ചെയ്തത്. സര്‍ സയ്യിദിന്റെ ദീര്‍ഘദര്‍ശനം അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യം വരാത്തവര്‍ ആരും ഉണ്ടാവില്ല.
ദേശീയ ചരിത്ര വായനയുടെ തന്നെ മറ്റൊരു ഉള്‍പ്പിരിവായ മാര്‍ക്‌സിസ്റ്റ് ചരിത്ര വായന ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തെ കുറെയൊക്കെ സത്യസന്ധമായി കണ്ടെടുക്കാന്‍ നടത്തിയ ശ്രമങ്ങളെ കാണാതിരിക്കേണ്ടതില്ല. ചരിത്രത്തിന്റെ കാവിവത്കരണത്തെ പ്രതിരോധിക്കുന്നതില്‍ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരായ ഇര്‍ഫാന്‍ ഹബീബ്, വിപിന്‍ ചന്ദ്ര, റൊമില ഥാപ്പര്‍ തുടങ്ങിയവര്‍ നടത്തിയ ഇന്ത്യാ ചരിത്രപഠനങ്ങള്‍ വളരെയധികം പ്രയോജനപ്പെടുകയും ചെയ്തിട്ടുണ്ട്. കേരള ചരിത്രത്തില്‍ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരായ കെ.എന്‍ പണിക്കര്‍, കെ.കെ.എന്‍ കുറുപ്പ് തുടങ്ങിയവരുടെ ശ്രമങ്ങളും ശ്ലാഘനീയമാണ്. മാര്‍ക്‌സിസ്റ്റ് ചരിത്രകാരനല്ലെങ്കിലും എം. ഗോവിന്ദന്റെ ശിഷ്യനെന്ന നിലയില്‍ വിശാല ഇടതുപക്ഷത്തിന്റെ ഭാഗമായി കരുതാവുന്ന ഡോ. എം. ഗംഗാധരന്‍ ഒരു ഘട്ടത്തില്‍ മലബാര്‍ സമരത്തെ വസ്തുനിഷ്ഠമായി പഠിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ തന്റെ തന്നെ മുന്‍കാല അക്കാമദിക പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയുന്ന വിപര്യയത്തെ അഭിമുഖീകരിക്കുകയാണ്.
മാര്‍ക്‌സിസ്റ്റ് ചരിത്ര വായനയുടെ ഒരു പ്രധാന പരിമിതി ചരിത്രത്തെ നിര്‍ണയിക്കുന്ന ചാലകശക്തിയായി സാമ്പത്തിക ഘടകങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന ദുശ്ശാഠ്യമാണ്. സാമ്പത്തിക ഘടകങ്ങള്‍ ഏതൊരു സമൂഹത്തെയും പോലെ ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രത്തെയും സ്വാധീനിച്ചിട്ടുണ്ടെങ്കിലും വിശ്വാസത്തിന്റെ സ്വാധീനം അതിനേക്കാളെല്ലാം എത്രയോ ഉപരിയാണ്. പരാജയപ്പെടുമെന്നുറപ്പുണ്ടായിട്ടും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കുഞ്ഞാലി നാലാമനും സംഘവും പൊരുതി മരിച്ചതും ബ്രിട്ടീഷു പട്ടാളത്തിന്റെ തോക്കിനു മുമ്പില്‍ മലബാറിലെ നൂറുക്കണക്കിന് മാപ്പിളമാര്‍ വിരിമാറ് കാണിച്ച് രക്തസാക്ഷിത്വം വരിച്ചതുമെല്ലാം വിശ്വാസത്തിന്റെ മാത്രം കരുത്ത് കൊണ്ടാണ്. ഈ ശക്തി അളക്കാനുള്ള മാപിനി മാര്‍ക്‌സിസത്തിലില്ലാതെ പോയതുകൊണ്ടാണ് മലബാര്‍ കലാപത്തിലെ കാര്‍ഷിക പ്രശ്‌നത്തെ അംഗീകരിക്കുമ്പോഴും അതിലെ മതം പ്രശ്‌നമാണെന്ന ‘ആഹ്വാനവും താക്കീതും’ എന്ന ലഘുലേഖയില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിനെക്കൊണ്ട് പറയിച്ചത്.
ഇപ്രകാരം കൊളോണിയല്‍ ചരിത്രവും ദേശീയ ചരിത്രവും മാര്‍ക്‌സിസ്റ്റ് ചരിത്രവുമെല്ലാം കേരള മുസ്‌ലിംകളുടെ ചരിത്രത്തോട് വേണ്ട രീതിയില്‍ നീതി ചെയ്തില്ല എന്ന തിരിച്ചറിവിലാണ് കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് രൂപം കൊള്ളുന്നത്. മേല്‍ പറഞ്ഞ മൂന്നുതരം ചരിത്ര വായനകളും അരികുവത്കരിക്കുകയോ പാര്‍ശ്വവത്കരിക്കുകയോ ചെയ്ത ഒട്ടേറെ വിഭാഗങ്ങളുടെയും സമൂഹങ്ങളുടെയും ചരിത്രപരമായ കര്‍തൃത്വം സ്ഥാപിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന കീഴാള ചരിത്ര പഠനം അക്കാദമിക രംഗത്ത് വന്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യം ഹിസ്റ്ററി കോണ്‍ഫറന്‍സിനെ കൂടുതല്‍ പ്രസക്തവും ആത്മവിശ്വാസമുള്ളതുമാക്കി മാറ്റുന്നുണ്ട്. കീഴാള ചരിത്രപഠനങ്ങളുടെ ഭാഗമായി കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രത്തില്‍ ഒട്ടേറെ ഗവേഷണങ്ങള്‍ ഇന്ത്യയിലെ വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളില്‍ നല്ലൊരു പങ്കും ഇത്തരം ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയുമാണ്. കേരളത്തിന്റെ ഭാവിയില്‍ വന്‍മുതല്‍കൂട്ടായി മാറാനിടയുള്ള ഈ വമ്പിച്ച വൈജ്ഞാനിക മൂലധനത്തെ കേരളത്തിന് പരിചയപ്പെടുത്താനുള്ള വേദികൂടിയാവുകയാണ് ഹിസ്റ്ററി കോണ്‍ഫറന്‍സ്.
എന്നാല്‍, ഈ കീഴാള ചരിത്ര പഠനങ്ങളോട് ഐക്യപ്പെടുമ്പോഴും അതിനെയും അതിവര്‍ത്തിക്കുന്ന ഒരു തലം ഹിസ്റ്ററി കോണ്‍ഫറന്‍സിനുണ്ട്. അത് തുടക്കത്തില്‍ സൂചിപ്പിച്ച ടിപ്പുസുല്‍ത്താനെക്കുറിച്ച പഠനത്തില്‍ സയ്യിദ് മൗദൂദി എടുത്തു പറഞ്ഞ ചരിത്രത്തിന്റെ ഇസ്‌ലാമിക വായനയാണ്. ചരിത്രം ആരുടെതായാലും അത് സ്വന്തം വംശത്തിന്റെയും സമുദായത്തിന്റെതുമാണെങ്കില്‍ പോലും വിമര്‍ശനാത്മകമായി സമീപിക്കുക എന്നതാണ് ചരിത്രത്തിന്റെ ഇസ്‌ലാമിക വായന. സ്വന്തം സമുദായത്തിന്റെ ചരിത്രം എഴുതുമ്പോള്‍ അതിലെ മേന്മകള്‍ എടുത്തു പറയുമ്പോള്‍ തന്നെ സ്ഖലിതങ്ങളെ ശരിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കാതെ അതിനെ സ്ഖലിതമായിത്തന്നെ സമ്മതിക്കുകയാണ് വിമര്‍ശനാത്മകമായ ചരിത്ര വായനകൊണ്ട് അര്‍ഥമാക്കുന്നത്. ഏതൊരു സമൂഹത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും രചനാത്മകമായി രൂപപ്പെടുത്തണമെങ്കില്‍ അതിന്റെ ഗതകാലത്തെ കുറിച്ച ഇത്തരം വിമര്‍ശനാത്മകമായ വായന ഒഴിച്ചുകൂടാനാവാത്തതാണ്. ഈയൊരു ആശയപരിസരമാണ് കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ യഥാര്‍ഥ ശക്തി.
(ഖാളി മാത്രമല്ല, മഖ്ദൂമുമാരും മന്പുറം തങ്ങളും ആലി മുസ്ലിയാരും വാരിയംകുന്നനും എണ്ണമറ്റ മറ്റനേകം പൂര്‍വിക വ്യക്തിത്വങ്ങളും മുറുകെ പിടിച്ചത്് മൗദൂദിയന്‍മാര്‍ക്സിയന്‍ ഭാഷയിലെ അന്ധവിശ്വാസങ്ങളെയായിരുന്നു.)
ഈ വിശ്വാസം കുപ്പിയിലാക്കുന്ന പരിപാടി പഠിപ്പിച്ചതും ഇവരൊക്കെത്തന്നെയാണോ..?
1)the historian is necessarily selective.the belief in hard core of historical facts existing objectively and independently of the interpretation of the historian is a preposterous fallacy, one which it is very hard to eradicate.
2)the facts are really not like fish on fish monger’s slab.they are like fish swimming about in a vast and sometimes inaccessible ocean;and what the historian catches will depend, partly on chance, but mainly on what part of the ocean he chooses to fish in and what tackle he chooses to use – these two factors being, of course,determined by the kind of fish he wants two catch.