എനിക്കറിയാം,
പതിനാലു നൂറ്റാണ്ടോളമായി
നിങ്ങളുടെ പാഠപുസ്തകങ്ങളിലെ,
കുട്ടികള്‍ ചൊല്ലിപ്പഠിക്കുന്ന കഥകളിലെ,
റബീഅ് മാസത്തിലെ കുട്ടിപ്രസംഗങ്ങളിലെ,
മുതിര്‍ന്നവരുടെ പാതിരാവഅളുകളിലെ
വില്ലനാണ് ഞാനെന്ന്.
എനിക്കറിയാം
ഇക്കാലമത്രയും
നിങ്ങളെന്നെ ശപിച്ചുകൊണ്ടിരിക്കുകയാണെന്ന്
കയ്യില്‍ കിട്ടിയാല്‍
തല്ലിക്കൊല്ലാനുള്ള
വടിയും ഒരുക്കിയിരിക്കുകയായിരുന്നുവെന്ന്.
എനിക്കറിയാം
നിങ്ങള്‍ക്ക് പൊറുക്കാനാകാത്ത
മഹാപാതകമാണ്
ഞാന്‍ ചെയ്തുകൂട്ടിയതെന്ന്
ഞാന്‍ വേദനിപ്പിച്ചത്
നിങ്ങളുടെയും എന്‍റെയും
ഹൃദയമിടിപ്പിനു
കാവല്‍ നിന്ന
ഖലീഫയെ ആണെന്ന്.
പക്ഷേ
നിങ്ങള്‍ക്കറിയാത്തതായി
ചിലതുണ്ട്
പാറക്കൂട്ടങ്ങള്‍ ഇരുട്ടുമൂടിയ
സൗറിന്‍റെയുള്ളില്‍
ചൂടും തണുപ്പും
മാറി മാറി വിരുന്നുവന്ന
യുഗാന്തരങ്ങളില്‍
രാവും പകലും
കണ്ണിമ പൂട്ടാതെ
ഞാന്‍ കാത്തിരുന്നത്
ആരെയായിരുന്നുവെന്ന്
സൗറിലേക്ക്
ഒട്ടകത്തെയും പായിച്ചെത്തിയത്
എന്‍റെകൂടി കാമുകനായിരുന്നുവെന്ന്.
അതിഥികള്‍ വന്നണഞ്ഞ നിമിഷം
വരവറിയിച്ചെത്തിയ
പരിമളത്തിന്‍റെ പടര്‍ച്ച
മോഹങ്ങളുടെ പുതിയ രാസബന്ധങ്ങള്‍
പടച്ചു കൊണ്ടിരുന്ന നേരം
കണ്ണിമകള്‍ വിടര്‍ത്തി
എത്തിയല്ലോ അവര്‍ എന്നു നെടുവീര്‍പ്പിട്ടു
ഞാന്‍ പുറത്തേക്ക് കണ്ണ് പായിച്ചപ്പോള്‍
എനിക്കും എന്‍റെ കാമുകന്നും
ഇടയിലുണ്ടായിരുന്ന
ഒരേയൊരു വഴിദൂരം
സ്വിദ്ദീഖുല്‍ അക്ബറിന്‍റെ
വിരല്‍മുനന്പായിരുന്നു.
എനിക്ക് നന്നേ ബോധ്യമുണ്ടായിരുന്നു
സ്വിദ്ദീഖ് അത് ചെയ്യാതിരിക്കില്ലെന്ന്.
യജമാനന് കൂട്ടുനില്‍ക്കുന്ന
ജാഗ്രതയുള്ള ഏതൊരു കാവല്‍ക്കാരനും
ചെയ്യുന്ന സ്നേഹപ്രകടനം.
പെരുവിരല്‍കൊണ്ടെന്‍റെ
വിഷം തടയാനാഖലീഫ കാലു നീട്ടുന്പോള്‍
സങ്കല്‍പ്പിച്ചു നോക്കൂ,
തകര്‍ന്നു പോയതെന്‍റെ പറുദീസകളാണ്
വീണുടഞ്ഞതെന്‍റെ പളുങ്ക് പാത്രങ്ങളാണ്.
അതുകൊണ്ടു നിങ്ങളെനിക്ക്
മാപ്പ് നല്‍കണം.
സ്വിദ്ദീഖിനെ നോവിച്ചതിന്
ഖലീഫക്കുമേല്‍ വിഷം പുരട്ടിയതിന്
കാമുകനെ കാണാനുള്ള
മറക്കു മീതെ
പ്രണയപരവശനാവുക
മാത്രമാണ് ഞാന്‍ ചെയ്തത്.
സ്വിദ്ദീഖുല്‍ അക്ബറിനെ കുത്തി നോവിച്ചതിന്
നിങ്ങളെന്നെ വെറുക്കരുത്.
ഹാരിസ് തോല്‍പെട്ടി
You must be logged in to post a comment Login