കുന്നുകള്‍ക്കിടയിലൂടെ സൂര്യന് കണ്ണുതുറന്നു. കഅ്ബ പുഞ്ചിരിച്ചു കൊണ്ടു നില്ക്കുന്നു. ഇന്നലെ കണ്ണുചിമ്മുന്പോള് കണ്ട മര്‍യമിന്റെയും മാലാഖമാരുടെയും ചിത്രങ്ങള്‍ ചുവരില്‍ കണ്ടില്ല. ലാത്തയെയും ഉസ്സയെയും വണങ്ങി മന്ത്രങ്ങളുരുവിട്ട് നില്ക്കുന്ന ഭക്തജനങ്ങളേയും കണ്ടില്ല. മക്കയില്‍ പരിചയമില്ലാത്ത കുറേ മുഖങ്ങള്‍ കാണുന്നു. മറ്റു ചില മുഖങ്ങള്‍ വര്‍ഷങ്ങളായി താന്‍ തിരഞ്ഞു കൊണ്ടിരിക്കുന്നതായിരുന്നു.
കഅ്ബ മനോഹരിയായിരിക്കുന്നു. കണ്ണുകീറിയ കാലം തൊട്ടേ സൂര്യന് കഅ്ബയെ കാണുന്നുണ്ട്. ഇക്കാലത്തിനിടക്ക് ഇത്രയും സന്തുഷ്ടയായി കഅ്ബയെ കണ്ടിട്ടില്ല. കഅ്ബയുടെ വാതിലിന്ന് നല്ല വെളിച്ചണ്ടായിരുന്നു. ആ വെളിച്ചത്തില്‍ സൂര്യകിരണങ്ങള്‍ക്ക് ക്ഷയമേല്ക്കുന്നതു പോലെ. മുഹമ്മദ് മുസ്തഫാ(സ) കഅ്ബയുടെ വാതിലില്‍ പിടിച്ചു കൊണ്ടു നില്ക്കുന്നു. സൂര്യനും പുഞ്ചിരിച്ചു. കാത്തിരുന്ന പ്രഭാതം വന്നിരിക്കുന്നു. വിശുദ്ധമക്കയുടെ വിമോചനം.
നഗരങ്ങളുടെ മാതാവ് തന്റെ വിമോചകനെ ഗാഢമായി ആÇേഷിച്ചു. മണല്ത്തരികളൊന്നടങ്കം ആലിംഗനത്തില്‍ കോരിത്തരിച്ചു. അബൂബകര്‍, ഉമര്‍, ഉസ്മാന്, അലി, ബിലാല്‍, അമ്മാര്‍, ഖാലിദ്(റ)… ഓരോ കാലടിച്ചൂടും മക്കയിലെ മണല്‍ത്തരികള്‍ തിരിച്ചറിഞ്ഞു. സന്തോഷത്തിന്റെ സ്പന്ദനങ്ങള്‍ ഓരോ ചുവടുവയ്പിലും തുടിച്ചു നില്ക്കുന്നു. നഗരത്തിന്റെ നാലു ഭാഗങ്ങളിലൂടെയും മനുഷ്യത്തിരമാലകള് കടന്നുവന്ന് രക്തയോളങ്ങള് തീര്ക്കാറുള്ളതായിരുന്നു അതിന്റെ പ്രകൃതം. ഇന്നത്ഭുതം കണ്ടു. ഇങ്ങനെയൊരു നഗരത്തിന്റെ വീണ്ടെടുപ്പ് ഭൂമിയുടെ ആദ്യാനുഭവമായിരുന്നു.
ഹുദൈബിയ സന്ധി ഖുറൈശികള്‍ ലംഘിച്ചിരിക്കുന്നു. ബനൂബകര്‍ ഗോത്രം ഖുറൈശികളുടെ സഹായത്തോടെ, ഇസ്ലാം സ്വീകരിച്ച ബനൂഖുസാഅയുടെ മേല്‍ ശക്തമായ അക്രമം അഴിച്ചു വിട്ടിരിക്കുന്നു. ക്ഷമയുടെ നെല്ലിപ്പലകകള്‍ തകര്‍ന്നു വീഴുന്നു. നിയതിയെത്തിയപ്പോള് നബിയിറങ്ങി. റമളാനിലെ വ്രതമനുഷ്ഠിച്ച സ്വഹാബികള്‍ നായകന്റെ പിന്നില്‍ അണിനിരന്നു. ഖാലിദ്ബ്നു വലീദിനോട് മക്കയുടെ താഴ്ഭാഗത്തിലൂടെ പടനയിക്കാന്‍ ഏല്പിച്ചു. നബി(സ)യും മറ്റു സംഘങ്ങളും മക്കയുടെ മുകള്‍ ഭാഗത്തിലൂടെ മുന്നോട്ടു നീങ്ങി. ശക്തമായ കല്പനകള് നബി(സ) നല്കി. സേനാ നായകരോട് എതിരിടാന്‍ വരുന്ന ആരെയും വെറുതെ വിടരുതെന്ന് ആജ്ഞാപിച്ചു. ഇന്ന് ഖുറൈശികളുടെ അന്ത്യമാണെന്ന് പറഞ്ഞു കൊണ്ട് അണികള്‍ക്കിടയിലൂടെ ഒരാള്‍ നടന്നു. റമളാന്‍ ഇരുപതിലെ വെള്ളിയാഴ്ചയുടെ പ്രഭാതത്തില്‍ കാര്യമായ എതിര്‍പ്പുകളില്ലാതെ വിജയിയായി മക്കയിലേക്കു നബി(സ)തിരിച്ചുവന്നു. ഖാലിദ്ബ്നു വലീദ് തന്റെ സൈനിക മുന്നേറ്റത്തിന് തടസ്സമുയര്ത്തിയവരെ ധീരമായി എതിരിട്ട് നബി(സ)ക്കൊപ്പം ചേര്‍ന്നു. മക്കയുടെ താഴ്വാരത്തില്‍ ശിഅ്ബു അബൂത്വാലിന്റെ കുന്നിന് മുകളില്‍ സുബൈര്‍(റ) വിജയക്കൊടി നാട്ടി. മക്കയുടെ താഴ്വാരത്തില്‍ നബി(സ)യുടെ ശബ്ദം കേട്ടു വീട്ടില്‍ അഭയം തേടിയവര്‍ സുരക്ഷിതരാണ്. ആയുധം നിലത്തു വച്ചവരും സുരക്ഷിതരാണ്. മക്കയിലെ നേതാക്കള്‍ കഅ്ബയിലേക്കോടി. കഅ്ബ ഖുറൈശി പ്രമുഖരെ കൊണ്ടു നിറഞ്ഞു. അല്ലാഹുവിനോടുള്ള നന്ദിയും സ്മരണയും കൊണ്ടു നബിഹൃദയം നിറഞ്ഞു. വിജയത്തിന്റെ നുരയുന്ന ലഹരിയിലും നബി(സ) അല്ലാഹുവിനെ സ്മരിച്ചു. അല്ലാഹുവോടുള്ള നന്ദിയാല്‍ നബി(സ)യുടെ നെറ്റിത്തടം താണു. കഅ്ബയിലേക്കു ചെന്നു ത്വവാഫ് ചെയ്തു തക്ബീര്‍ മുഴക്കി. മഖാമുഇബ്റാഹീമിനു പിന്നില്‍ നിസ്കരിച്ചു. സംസം കുടിച്ചു. പ്രതിഷ്ഠിച്ചിരിക്കുന്ന ആരാധനാ മൂര്‍ത്തികളെ വിപാടനം ചെയ്തു. സത്യം എത്തിയിരിക്കുന്നു. അസത്യം പരാജയപ്പെടാനുള്ളതാണ്. നബി(സ) കഅ്ബയുടെ വാതില്ക്കല് വന്നു. ഖുറൈശികള്‍ മുഴുവനും ഭയവിഹ്വലരായി തടിച്ചുകൂടിയിരുന്നു.
ആകാംക്ഷ മുറ്റിയ നിമിഷങ്ങള്‍. കാലം ഈ നിമിഷത്തിലേക്കു ഉറ്റുനോക്കുകയായിരുന്നു. ഖുറൈശികളുടെ മനസ്സിലൂടെ കാലം പിന്നിലേക്കു പാഞ്ഞു. മക്കയുടെ മണ്ണ് ഒന്നും മറന്നിട്ടില്ലായിരുന്നു. ശത്രുക്കള്‍ കൊണ്ടുവന്നിട്ട അസഹ്യ നാറ്റമുള്ള ഒട്ടകക്കുടലുകളുടെ ഭാരം താങ്ങാനാവാതെ സുജൂദിലമര്ന്നു പോയപ്പോള്‍ നബി ഉതിര്‍ത്ത ദീര്‍ഘനിശ്വാസങ്ങള്‍ അപ്പോഴും മക്കയുടെ നെഞ്ചിലുണ്ടായിരുന്നു. സഹായത്തിനായി നിലവിളിക്കുന്ന കുഞ്ഞു ഫാത്വിമയുടെ നിഷ്കളങ്കമായ കരച്ചില് മക്കയുടെ കാറ്റുകള്ക്കപ്പോഴും ഒരു വിതുന്പലുണ്ടാക്കിയിരുന്നു. സത്യസന്ദേശങ്ങളുടെ പ്രഘോഷണത്തിനായി എഴുന്നേറ്റു നിന്ന അബൂബകര്‍(റ) ശക്തമായ പ്രഹരമേറ്റു ബോധരഹിതനായി വീണ സമയം കഅ്ബ നടുങ്ങിയിരുന്നു. നെഞ്ചില്‍ കനത്ത കല്ലുവെച്ച് ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലൂടെ വലിച്ചിഴക്കപ്പെട്ട ബിലാല്‍(റ)ന്റെ രക്തത്തിന്റെയും വിയര്‍പ്പിന്റെയും നനവ് മക്കയുടെ മണ്ണില്‍ നിന്നുണങ്ങിയിട്ടുണ്ടായിരുന്നില്ല. സുമയ്യ ബിന്ത് ഖവ്വാത്(റ), യാസിറുബ്നു ആമിര്‍(റ) ക്രൂരമായി പീഡനത്തിനിരയായതിന്റെ കാഴ്ചകളും നിലവിളിയും മക്കയുടെ മനസ്സില്‍ നിന്നൊരിക്കലും മാഞ്ഞിരുന്നില്ല. ശിഅ്ബു അബീത്വാലിബിന്റെ ചെരിവുകളില്‍, ജീവിക്കാനാവശ്യമായ സാമൂഹിക കച്ചവട ബന്ധങ്ങളത്രയും അറുക്കപ്പെട്ട് ഖുറൈശികളുടെ ഉപരോധത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍. ദാരിദ്ര്യവും ഇല്ലായ്മയും കൊടിമുടി കയറിയ നാളുകളില്‍ പച്ചിലയും വെള്ളത്തിലിട്ടു മയപ്പെടുത്തിയെടുത്ത തോല്‍ക്കഷ്ണങ്ങളും ആര്‍ത്തിയോടെ തിന്ന് ഖുറൈശികളുടെ ക്രൂരതക്കു മുന്നില്‍ നിസ്സഹായരായി ജീവിച്ച ദിനങ്ങളെ മക്കയുടെ കുന്നുകള്‍ക്ക് എങ്ങനെ മറക്കാനാകും.
ദയമുറ്റിയ കണ്ണുകളുമായി, മുന്നില്‍ നില്ക്കുന്ന ഖുറൈശികളിലേക്ക് നോക്കിയാണ് നബി(സ) പ്രസംഗിച്ചത് അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന് പങ്കുകാരനില്ല. അവന് വാഗ്ദത്തം പാലിച്ചിരിക്കുന്നു. അവന്റെ അടിമയെ സഹായിച്ചിരിക്കുന്നു. ശത്രുക്കളോരോരുത്തരെയും തുരത്തിയോടിച്ചിരിക്കുന്നു. ഖുറൈശികളേ, അറിയുക. കഅ്ബയുടെ സംരക്ഷണവും ഹജ്ജിന്റെ ജലവിതരണവും ഒഴികെ എല്ലാ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളും സന്പാദ്യവും രക്തവും എന്റെ കീഴിലാണ്. കൊലക്കുള്ള പ്രായശ്ചിത്തം നൂറു ഒട്ടകങ്ങളാകുന്നു. ഓ ഖുറൈശികളേ, നിങ്ങളുടെ പ്രപിതാക്കളെ കൊണ്ടുള്ള ആഢ്യം പറച്ചിലും അന്ധകാരനാളുകളിലെ പ്രതാപവും അല്ലാഹു നീക്കിയിരിക്കുന്നു. മനുഷ്യര്‍ ആദമിന്റെ സന്തതികളാണ്. ആദം മണ്ണില്‍ നിന്നുമാണ്? അവിടുന്ന് പാരായണം ചെയ്തു ഓ ജനങ്ങളേ, നാം നിങ്ങളെ ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം തിരിച്ചറിയുവാന്‍ വേണ്ടി ഗോത്രങ്ങളും വംശങ്ങളുമായി തിരിച്ചിരിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങള്‍ ആദരിക്കപ്പെടുന്നത് നിങ്ങളുടെ ഭക്തികൊണ്ടാണ്.
നബി(സ) ചോദിച്ചു ഖുറൈശീ സമൂഹമേ, ഞാന്‍ നിങ്ങളെ എന്തുചെയ്യുമെന്നാണ് കരുതുന്നത് അവര്‍ പറഞ്ഞു ഞങ്ങളുടെ സഹോദരപുത്രന്, പിതൃവ്യപുത്രന്‍, അവിടുന്ന് ഏറ്റവുമധികം കരുണ ചെയ്യുന്നവരാണ്.
ഖുറൈശികളൊന്നടങ്കം സന്തോഷത്തോടെ പരന്നൊഴുകി. അവര്‍ നബി(സ)യുടെ മഹാമനസ്കതക്കു മുന്നില്‍ നമ്രശിരസ്കരായി. അവരൊന്നടങ്കം ഇസ്ലാമിക വിശ്വാസത്തിന്റെ ഉദാരതയെ അന്വേഷിക്കാന്‍ തുടങ്ങി. യുദ്ധവും കലാപവും അക്രമണങ്ങളും നിറഞ്ഞ മനുഷ്യരാശിയുടെ ജീവിതചക്രങ്ങളില്‍ ഇതുപോലൊരു പൊറുത്തുകൊടുക്കലിന്റെ ദിനം കണ്ടിട്ടില്ല. നബി മസ്ജിദില്‍ ഇരുന്നു. അലി(റ) അടുത്തേക്കുവന്നു. കയ്യില്‍ കഅ്ബയുടെ താക്കോലുമുണ്ടായിരുന്നു. അലി(റ) പറഞ്ഞു നബിയേ, ജലവിതരണത്തോടുകൂടി കഅ്ബയുടെ സംരക്ഷണം നമുക്കേറ്റെടുക്കാം. നബി(സ) ഉസ്മാനുബ്നു ത്വല്‍ഹയെ അന്വേഷിച്ചു. കഅ്ബയുടെ താക്കോല്‍ അദ്ദേഹത്തിന്റെ കയ്യില്‍ തന്നെ വച്ചുകൊടുത്തു കൊണ്ട് തിരുമേനി പറഞ്ഞു ഇതാ നിന്റെ താക്കോല്‍. ഇന്ന് നന്മയുടെയും കരാര്‍ പൂര്‍ത്തീകരണത്തിന്റെയും ദിവസമാണ്.
യുദ്ധത്തിലും വംശവെറിയിലും സമാധാനം നഷ്ടപ്പെട്ടു, രക്തമിറ്റു വീഴുന്ന ലോകത്തിന് സമാധാനത്തിന്റെ വട്ടമേശക്കു ചുറ്റും കൂടിയിരുന്ന് കരാറുകളെഴുതിയ ജനീവ ഉടന്പടിക്കു മക്കഫത്ഹ് അയച്ച സന്ദേശങ്ങള്‍ ഇഖ്ബാല്‍ വിവരിക്കുന്നുണ്ട് വിശുദ്ധ മക്ക ജനീവയിലേക്ക് ഒരു സന്ദേശമയക്കുന്നുണ്ട്. നമുക്കാവശ്യം രാഷ്ട്രങ്ങളുടെ ഐക്യമാണോ മാനവരാശിയുടെ ഐക്യമാണോ എന്ന് ആ സന്ദേശം ചോദിക്കുന്നു.
മുഹമ്മദ് റോശന്‍
You must be logged in to post a comment Login