ഇക്രിമ

ഇക്രിമ

ജന്മനാട്ടിലേക്ക് നബി(സ) തിരിച്ചുവരുന്നു നീണ്ട ഒന്‍പത് വര്‍ഷത്തിനു ശേഷം. പിറന്ന മണ്ണില്‍ നിന്നുള്ള പലായനം അവിടുന്ന് സ്വയമെടുത്ത തീരുമാനമായിരുന്നില്ല.

വാസമായിരുന്നുവത്. നാട്ടുപ്രമാണിമാരുടെ അനിഷ്ടം വാങ്ങിയതിന്. കല്‍പ്രതിമകള്‍ക്കു മുന്നില്‍ നിരര്‍ത്ഥകമായി ആരാധന നേരുന്നതിലെ അസംബന്ധം വെളിപ്പെടുത്തിയതിന് അവര്‍ നബി(സ)യെയും അനുചരരെയും പീഡിപ്പിച്ചു, ഒറ്റപ്പെടുത്തി. പക്ഷേ, നബിയോര്‍ ക്ഷമിച്ചു. അപാരമായ മാനസിക ദൃഢതയോടെ പിടിച്ചു നിന്നു. മക്കയുടെ മനസ്സിരുണ്ടു. അബൂജഹ്ലിന്‍റെ നേതൃത്വത്തില്‍ നബിയെ ഇല്ലാതാക്കാന്‍ ശത്രുക്കള്‍ പിന്നണിയില്‍ കരുക്കള്‍ നീക്കി. അന്നേരമാണ് പിറന്ന നാടുവിടാന്‍ അല്ലാഹുവിന്‍റെ അരുളുണ്ടായത്. അതായിരുന്നുവല്ലോ ഹിജ്റ.

ഇപ്പോള്‍ ഒന്പതുവര്‍ഷമായി ഈ തിരിച്ചുവരവ് അഭിമാനത്തിന്‍റേതാണ്. പതിനായിരക്കണക്കിന് സ്വഹാബികളാണ് കൂടെ. കണ്ണീരോടെ തിരുനബിയെ യാത്രയാക്കിയ മക്കയിലെ മണല്‍ത്തരികള്‍ ഇന്ന് ഉന്മേഷത്തിലാണ്. ഈന്തപ്പനയുടെ ഇലകള്‍ ചാഞ്ഞും ഉലഞ്ഞും നബി(സ)യുടെ തിരിച്ചുവരവിന് സ്വാഗതം പാടുന്നു.
ഇതൊക്കെയായിട്ടും മനസ്സിലെ വെറുപ്പ് അണയാത്ത ഒരാളുണ്ടായിരുന്നു മക്കയില്‍ ഇക്രിമ. അബൂജഹ്ലിന്‍റെ മകന്‍. പിതാവിനോളം തന്നെ കറുത്തതായിരുന്നു ഇക്രിമയുടെ ഹൃദയം, മാത്രമല്ല, അഹങ്കാരിയും.
നബി(സ)യോടുള്ള ഇക്രിമയുടെ ശത്രുതക്ക് കാരണങ്ങളുണ്ട്. ബദ്ര്‍യുദ്ധത്തിന് അബൂജഹ്ലിനൊപ്പം ഇക്രിമയും ഉണ്ടായിരുന്നു. മുഹമ്മദിനെ തകര്‍ത്തില്ലെങ്കില്‍ ഇനി മക്കയിലേക്കില്ല എന്ന് പ്രിയ ദൈവങ്ങളായ ലാത്തക്കും, ഉസ്സക്കും മുന്പില്‍ പ്രതിജ്ഞയെടുത്താണ് അബൂജഹ്ലിന്‍റെ യാത്ര. ബദ്റില്‍ മൂന്ന് ഒട്ടകങ്ങളെയും ഈ ദൈവങ്ങള്‍ക്കായി അവര്‍ ബലി നല്‍കി. മദ്യവും പെണ്ണും സംഗീതവും അവരെ പ്രചോദിപ്പിച്ചു. പക്ഷേ, ബദ്റിന്‍റെ തുടക്കത്തില്‍ തന്നെ അബൂജഹ്ല്‍ വീണു. ദയനീയമായ ആ പതനം ഇക്രിമ കണ്ടതാണ്. ബദ്റില്‍ നിന്ന് മടങ്ങുന്പോള്‍ ഏറ്റവുമധികം നിരാശനായത് ഇക്രിമയായിരുന്നു. പിതാവിന്‍റെ മൃതദേഹം മക്കയില്‍ അടക്കാന്‍മകന്‍ കൊതിച്ചെങ്കിലും സാഹചര്യങ്ങള്‍ സമ്മതിച്ചില്ല.

ഇക്രിമയുടെ ഉള്ളില്‍ പകയുടെ കനല്‍ നീറിപ്പുകഞ്ഞു. ബദ്റില്‍ ബന്ധുക്കളെയും മിത്രങ്ങളെയും നഷ്ടപ്പെട്ട പലരും വട്ടം ചേര്‍ന്നു. ആ കൂടിയാലോചനക്കൊടുവിലാണ് ഉഹ്ദ് യുദ്ധം ഉണ്ടാകുന്നത്. തീരുമാനത്തില്‍ ഇക്രിമ സന്തുഷ്ടനായിരുന്നു. അയാള്‍ക്കായിരുന്നു യുദ്ധത്തിന്‍റെ നേതൃത്വം. ഇക്രിമയുടെ ഭാര്യ ഉമ്മുഹകീമും മറ്റു സ്ത്രീകളും പാട്ടുപാടിയും ചെണ്ടകൊട്ടിയും അവര്‍ക്ക് ആവേശം പകര്‍ന്നു. വലതുവശത്ത് അവര്‍ക്ക് നേതൃത്വം ഖാലിദ്ബ്നു വലീദ് ഇടതുഭാഗത്ത് ഇക്രിമയും. ആ യുദ്ധത്തില്‍ മുസ്ലിംകള്‍ക്ക് ഏറെ നഷ്ടംപറ്റി. പ്രതികാരം ചെയ്തു എന്ന് ഇക്രിമയും കൂട്ടരും ആശ്വസിച്ചു. എന്നിട്ടും അവരുടെ ഹൃദയത്തിലെ തീ കെട്ടില്ല. ഖന്‍ദഖിലും മുശ്രിക്കുകളുടെ പടനായകനായി ഇക്രിമ ഉണ്ടായിരുന്നു. മുസ്ലിംകള്‍ സൃഷ്ടിച്ച കിടങ്ങ് അവരെ അസ്വസ്ഥരാക്കി. താരതമ്യേന വീതി കുറഞ്ഞ ഒരു ഭാഗത്തിലൂടെ കിടങ്ങ് ചാടി ഇക്രിമ കുറച്ച് പടയാളികള്‍ക്കൊപ്പം മുസ്ലിംകളെ നേരിടാന്‍ നീങ്ങി.
ആത്മഹത്യാപരമായിരുന്നു ആ നീക്കം. അവരിലൊരാള്‍ ഉടന്‍ കൊല്ലപ്പെട്ടു. അമളി മനസ്സിലാക്കി ഇക്രിമ പിന്തിരിഞ്ഞു.

നബി(സ)യുടെ മക്കയിലേക്കുള്ള പുനരാഗമന വാര്‍ത്തകള്‍ ഇക്രിമയെ അസ്വസ്ഥനാക്കി. ആ വരവിനെ പ്രതിരോധിക്കാന്‍ അയാള്‍ പദ്ധതിയിട്ടു. കുറച്ചനുയായികളെയും കിട്ടി. പലരും ഇക്രിമക്കൊപ്പം ചേരാന്‍ വിസമ്മതിച്ചു. കാരണം, മക്കാ നിവാസികളോട് ശത്രുതാപരമായി പെരുമാറരുതെന്ന് തിരുനബി സേനാ തലവന്മാര്‍ക്ക് നിര്‍ദേശം നല്‍കിയ വിവരം അവരറിഞ്ഞിരുന്നു. എന്നിട്ടും മക്കയുടെ പ്രവേശന ഭാഗത്തേക്ക് അനുയായികളെയും കൂട്ടി ഇക്രിമ പോയി. അവരെ തുരത്താന്‍ ഖാലിദ്ബ്നു വലീദ്(റ)വിന് നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. നേരത്തെ ഖാലിദ്ബ്നു വലീദ് ഉഹ്ദില്‍ ഇക്രിമക്കൊപ്പം തിരുനബിക്കെതിരെ പടനയിച്ചയാളാണ്. ഇപ്പോള്‍ നബി(സ)യുടെ പ്രിയ അനുയായിയാണ്. ഇക്രിമക്കൊപ്പം വന്ന ചിലര്‍ക്ക് ഖാലിദിന്‍റെ മുന്നേറ്റത്തിനിടയില്‍ ജീവഹാനി നേരിട്ടു. ബാക്കിയുള്ളവര്‍ നാലു ഭാഗത്തേക്കും ചിതറിയോടി. സര്‍വ്വതും നഷ്ടപ്പെട്ട ഇക്രിമ പിന്നെ അവിടെ നിന്നില്ല. ഓടിരക്ഷപ്പെട്ടു.

നബി(സ) മക്കയില്‍ കടന്നു. മസ്ജിദുല്‍ ഹറമിലും അബൂസുഫ്യാന്‍റെ ഭവനത്തിലും അഭയം തേടുന്നവര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. പക്ഷേ, ഏതാനും പേരെ ഈ പൊതുമാപ്പില്‍ ഉള്‍പ്പെടുത്തിയില്ല ഇസ്ലാമിനോട് കഠിനമായ ശത്രുത പുലര്‍ത്തിയ വിരോധികളെ. അവരെ കഅ്ബയില്‍ കണ്ടാല്‍പോലും വധിക്കണമെന്ന് നബി(സ) നിര്‍ദേശിച്ചു. ആ പട്ടികയിലെ ആദ്യനാമം ഇക്രിമയുടേതാണ്. എങ്ങനെ അതില്‍പേരു വരാതിരിക്കും! ഇക്രിമയോളം തിരുനബിയെയും അനുയായികളെയും ദ്രോഹിച്ച വേറാരും മക്കയില്‍ ഉണ്ടായിരുന്നില്ലല്ലോ. ഈ വാര്‍ത്ത കേട്ട് ഇക്രിമ ഭീതിയിലായി. യമനിലേക്ക് അഭയാര്‍ത്ഥിയായി രക്ഷപ്പെട്ടു.
***
നബി(സ) വീട്ടിലിരിക്കുന്നു. കൂടെ പ്രിയമകള്‍ ഫാത്വിമയും രണ്ട് ഭാര്യമാരുമുണ്ട്. അന്നേരം ഇക്രിമയുടെ ഭാര്യ ഉമ്മുഹകീമും അബൂസുഫ്യാന്‍റെ ഭാര്യ ഹിന്ദും മറ്റ് പത്തുസ്ത്രീകളും അവിടെ വന്നു. ഹിന്ദ് ലജ്ജയും വിഷമവും കാരണം മുഖത്ത് മൂടുപടമണഞ്ഞിട്ടുണ്ട്. ഉഹ്ദില്‍ റസൂലിന്‍റെ പിതൃസഹോദരന്‍ ഹംസ(റ)വിന്‍റെ കരളെടുത്ത് ചവച്ചരച്ചവളാണല്ലോ.
അവള്‍ സംസാരിച്ചു തുടങ്ങി അല്ലാഹുവിന്‍റെ തിരുദൂതരേ, സ്രഷ്ടാവിന്‍റെ അനുഗ്രഹം അങ്ങേക്കുമേല്‍ ഉണ്ടായിരിക്കട്ടെ, ഞാനിപ്പോള്‍ ഒരു വിശ്വാസിനിയാണ്. അങ്ങയുടെ ദീനില്‍ ഇനി ഞാനുമുണ്ട്. പിന്നീട് ഹിന്ദ് മൂടുപടം ഉയര്‍ത്തി പറഞ്ഞു ഞാന്‍ ഹിന്ദ് ആണ് നബിയേ, ഉത്ബയുടെ മകള്‍. റസൂല്‍ പ്രതിവചിച്ചു സ്വാഗതം, സ്വാഗതം. ഹിന്ദ് തുടര്‍ന്നു അങ്ങയുടെ ഭവനം ശിഥിലമാക്കാന്‍ ഞാന്‍ കൊതിച്ചത് പോലെ വേറൊരു ഭവനത്തിന്മേലും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷേ, ഇന്ന് ഭൂമുഖത്ത് എനിക്കിത്ര പ്രിയപ്പെട്ടൊരു ഭവനം വേറെയില്ല റസൂലേ.

ഉമ്മുഹകീം മുന്നോട്ട് വന്നു. താനും വിശ്വാസിനിയാണെന്നു സന്തോഷത്തോടെ മൊഴിഞ്ഞു. അങ്ങ് വധിക്കുമെന്ന് പേടിച്ചാണ് അദ്ദേഹം(ഇക്രിമ) ഇവിടം വിട്ടത്. അദ്ദേഹത്തിന് അഭയം നല്‍കൂ നബിയേ. അല്ലാഹു തങ്ങള്‍ക്കഭയം നല്‍കും. നബി(സ) മറുപടി നല്‍കി. ഇക്രിമ ഇവിടെ സുരക്ഷിതനാണ്.
അവള്‍ക്ക് പ്രതീക്ഷയായി. ഇക്രിമയെ തേടി അവള്‍ പുറപ്പെട്ടു. തുണക്ക് റോമക്കാരനായ ഒരു അടിമയെയും കൂട്ടി. മക്കയില്‍ നിന്ന് കുറച്ചകലം പിന്നിട്ടപ്പോള്‍ അടിമയുടെ ഭാവം മാറി. ഉമ്മുഹകീമിനെ പീഡിപ്പിക്കാനാഞ്ഞു. അവര്‍ പ്രതിരോധിച്ചു. എങ്ങനെയോ രക്ഷപ്പെട്ട് ഒരറബ് ഗോത്രത്തിനടുത്തെത്തി. അടിമയുടെ പരാക്രമങ്ങളെക്കുറിച്ച് ഉമ്മുഹകീം പറഞ്ഞത് കേട്ടപ്പോള്‍ ആ ഗോത്രക്കാര്‍ അവനെ ബന്ധിയാക്കി. ഉമ്മുഹകീം തനിയെ യാത്ര തുടര്‍ന്നു. തിരച്ചിലിനു ശേഷം അവര്‍ ഇക്രിമയെ കണ്ടെത്തി. അന്നേരം ഇക്രിമ ഒരു മുസ്ലിം നാവികനുമായി സംസാരിക്കുകയായിരുന്നു. നാവികന്‍ പറഞ്ഞു നിങ്ങള്‍ വിശുദ്ധനാകൂ. ഞാന്‍ നിങ്ങളെ കൊണ്ടു പോകാം. ഇക്രിമ ചോദിച്ചു എങ്ങനെയാണ് വിശുദ്ധനാവാന്‍ സാധിക്കുക? നാവികന്‍ പറഞ്ഞു അല്ലാഹുവാണ് ഇലാഹെന്നും മുഹമ്മദ് അവന്‍റെ ദൂതനാണെന്നും പറയൂ. ഇക്രിമ പറഞ്ഞു ഈ മൊഴിയലില്‍ നിന്നും വിശ്വാസ മാറ്റത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഞാനിത്രയും ദൂരം ഓടിയെത്തിയത്.

ഇക്രിമയെ കണ്ടമാത്രയില്‍ ഉമ്മുഹകീം ഓടിച്ചെന്ന് കിതപ്പോടെ പറഞ്ഞു പ്രിയനേ, ഞാന്‍ വരുന്നത് ലോകത്തേറ്റവും ഉത്കൃഷ്ടനായ വ്യക്തിയുടെ അടുത്തു നിന്നാണ്. ജനങ്ങളില്‍ ഉത്തമനും ഔദാര്യവാനുമാണ് അദ്ദേഹം. മനസ്സിലായില്ലേ, മുഹമ്മദ്ബ്നു അബ്ദുല്ല തന്നെ. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ നബിയോട് അഭയം ചോദിച്ചു. അദ്ദേഹം നിറഞ്ഞ മനസ്സോടെ സമ്മതിച്ചിട്ടുണ്ട്. ഇവിടെക്കിടന്ന് സ്വയം നശിക്കാതെ, വരൂ. നമുക്കൊരുമിച്ച് റസൂലിനടുത്തേക്ക് പോകാം.

അവിശ്വസനീയമായ ഒരു വാര്‍ത്തയായിരുന്നു ഇക്രിമക്കത്. ശങ്കയോടെ ചോദിച്ചു ഉമ്മുഹകീം, നീ മുഹമ്മദിനോട് സംസാരിച്ചുവെന്നത് സത്യം തന്നെയല്ലേ? ഉമ്മുഹകീം ഒന്നുകൂടി ഉറപ്പ് നല്‍കി. അതോടെ മനസ്സ് മാറിത്തുടങ്ങിയ ഇക്രിമ മക്കയിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു.
ഇക്രിമയെ തേടിവന്ന തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച റോമക്കാരന്‍ അടിമയെക്കുറിച്ച്, വഴിക്ക് വച്ച് ഉമ്മുഹകീം പറഞ്ഞപ്പോള്‍ ഇക്രിമ രോഷവാനായി. തടങ്കലില്‍ പാര്‍പ്പിച്ച അറബ് ഗോത്രത്തിലെത്തി അവനെ ആ നിമിഷം തന്നെ വകവരുത്തി.

മക്കയില്‍ നിന്ന് ഒളിച്ചോടിയത് മുതല്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇക്രിമക്ക് ഉമ്മുഹകീമിനൊപ്പമുള്ള മടക്കയാത്ര അതീവ ആനന്ദം നല്‍കി. മനസ്സിനകത്ത് മോഹങ്ങള്‍ വിടര്‍ന്നു. വിശ്രമിക്കാനിരുന്നപ്പോള്‍ ഇക്രിമ ആവേശത്തോടെ ഉമ്മുഹകീമിനടുത്തേക്ക് നീങ്ങി. പക്ഷേ, പെട്ടെന്നവര്‍ ഗൗരവത്തിലായി. മുഖം കനപ്പിച്ച് പറഞ്ഞു ഞാന്‍ വിശ്വാസിനിയാണ്. എന്നെ തൊടരുത്. നിങ്ങള്‍ ബഹുദൈവാരാധകനായി തുടരുന്ന കാലത്തോളം എന്നെ സ്പര്‍ശിക്കാന്‍ പറ്റില്ല. ഇക്രിമയുടെ മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍. നീട്ടിയ കൈകള്‍ പിന്‍വലിച്ചു. ഖേദത്തോടെ പറഞ്ഞു പ്രിയേ, നീയില്ലാത്ത ജീവിതം, നിനക്കൊപ്പം ശയിക്കാത്ത രാത്രികള്‍ എനിക്കസാധ്യമാണ്. അങ്ങനെ അവരിരുവരും മക്കയോടടുത്തു.
മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍ റസൂല്‍(സ) സഹാബതിനൊപ്പം ഇരിക്കുന്നു. അനുചരരെ അടുത്തേക്ക് വിളിച്ച് നബി(സ) പറഞ്ഞു അബൂജഹ്ലിന്‍റെ മകന്‍ ഇക്രിമ വരുന്നുണ്ട്. അദ്ദേഹമിപ്പോള്‍ വിശ്വാസിയാണ്, അഭയാര്‍ത്ഥിയും. ഇക്രിമയെ കാണുന്പോള്‍ ഒരാളും അബൂജഹ്ലിനെ ഇകഴ്ത്തി സംസാരിക്കരുത്. മരിച്ചവരെ നിന്ദിക്കുന്നത് ജീവിക്കുന്നവരെ വേദനിപ്പിക്കും. മാത്രമല്ല, അവനിലേക്ക് ആ വാക്കുകള്‍ എത്തുകയുമില്ലല്ലോ.

അല്‍പം കഴിഞ്ഞതാ, ഇക്രിമയും ഉമ്മുഹകീമും വരുന്നു. തിരുനബി(സ) എഴുന്നേറ്റ് ആവേശത്തോടെ അവരെ അഭിവാദ്യം ചെയ്തു. മുഹമ്മദ്, താങ്കളെനിക്കു അഭയം നല്‍കുന്നുവെന്ന് ഉമ്മുഹകീം പറയുന്നു. ഇക്രിമ ചോദിച്ചു. ശരിയാണ്, നിങ്ങള്‍ സുരക്ഷിതനാണ്. റസൂല്‍(സ) പറഞ്ഞു ഇക്രിമ എന്ത് കാര്യത്തിലേക്കാണ് അങ്ങ് ഞങ്ങളെ ക്ഷണിക്കുന്നത്?

അല്ലാഹു മാത്രമാണ് ഇലാഹെന്നും ഞാന്‍ അവന്‍റെ ദൂതനാണെന്നും അംഗീകരിക്കുക. നിസ്കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക തുടങ്ങി വിശ്വാസി അനിവാര്യമായി നിര്‍വഹിക്കേണ്ട കര്‍മങ്ങള്‍ തിരുനബി വിവരിച്ചു.

അപ്പോള്‍ ഇക്രിമ പറഞ്ഞു സത്യത്തിലേക്കാണ് അങ്ങ് ക്ഷണിക്കുന്നത്. നന്മയാണ് അങ്ങ് പ്രചരിപ്പിക്കുന്നത്. ഇസ്ലാമിക പ്രബോധനം ആരംഭിക്കും മുന്പേ ഞങ്ങളിലേറ്റവും ഉത്തമനായിരുന്നുവല്ലോ അങ്ങ്. സത്യം മാത്രം പറഞ്ഞ, ഗുണം മാത്രം ചെയ്തിരുന്ന വ്യക്തി. തുടര്‍ന്ന് റസൂലിന്‍റെ കരങ്ങള്‍ അണച്ചുപിടിച്ച് ഇക്രിമ പ്രഖ്യാപിച്ചു അശ്ഹദുഅന്‍ലാ ഇലാഹ ഇല്ലല്ലാഹ്. വഅശ്ഹദു അന്ന മുഹമ്മദു റസൂലുല്ലാഹ്… ഉടനെ നബി(സ) പറഞ്ഞു ചോദിക്കൂ ഇക്രിമ, എന്താണുവേണ്ടത്? ഇന്നൊരു സവിശേഷ ദിനമാണ്. ആര് എന്ത് ചോദിച്ചാലും ഞാനത് നല്‍കും. ഇക്രിമ അവസരം ഉപയോഗപ്പെടുത്തി മാപ്പ് തരണേ റസൂലേ, അങ്ങക്കെതിരെ എന്‍റെ മനസ്സില്‍ പുലര്‍ത്തിയ കഠിനമായ ശത്രുതക്ക്, അങ്ങയുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലുമായി പറഞ്ഞ വാക്കുകള്‍ക്ക്. ഉടനെ തിരുനബി പ്രാര്‍ത്ഥിച്ചു അല്ലാഹുവേ, എനിക്കെതിരെ പ്രകടിപ്പിച്ച വിരോധത്തിന് ഇക്രിമക്ക് പൊറുത്ത് നല്‍കണമേ, എനിക്കെതിരെ പറഞ്ഞ വാക്കുകള്‍ക്ക് നീ മാപ്പ് നല്‍കേണമേ. ഇക്രിമയുടെ മുഖം സന്തോഷത്താല്‍ വികസിച്ചു. തുടര്‍ന്ന് പറഞ്ഞു അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ അകറ്റാന്‍ ഞാന്‍ ജീവിതത്തില്‍ എത്ര സമയം ചലവഴിച്ചുവോ, അതിന്‍റെ ഇരട്ടി സമയം സ്രഷ്ടാവിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ ഞാനിനി ഉപയോഗിക്കും റസൂലേ. അല്ലാഹുവിനെതിരെ ഞാനെത്ര തവണ യുദ്ധം ചെയ്തുവോ, അതിന്‍റെ ഇരട്ടി അവന്‍റെ ഇഷ്ടം കാംക്ഷിച്ച് ഞാന്‍ പോരാടും റസൂലേ.

അന്നുമുതല്‍ ഇസ്ലാമിക പ്രബോധനത്തിന്‍റെ മുന്‍നിരയില്‍ ഇക്രിമ(റ) സജീവമായി ഉണ്ടായിരുന്നു. യുദ്ധക്കളത്തില്‍ ചീറ്റപ്പുലിയെപ്പോലെ അദ്ദേഹം പോരാടി. ഭയഭക്തിയോടെ മാത്രം ജീവിച്ചു. പള്ളിയിലായിരുന്നു മിക്കപ്പോഴും ഇക്രിമ. നന്നായി ഇബാദത്തെടുക്കും. ഖുര്‍ആനോട് വലിയ താല്‍പര്യമായിരുന്നു. ചിലപ്പോള്‍ വിശുദ്ധഖുര്‍ആന്‍ മുഖത്തേക്കണച്ചു പിടിക്കും. അല്ലാഹുവിന്‍റെ വചനങ്ങള്‍, എന്ന് ആവര്‍ത്തിച്ചു പറഞ്ഞ് നിഷ്കളങ്കമായി കരയും.
തിരുനബിക്ക് നല്‍കിയ വാഗ്ദാനം ഇക്രിമ അവശേഷിച്ച ജീവിതത്തിലുടനീളം നിര്‍വഹിച്ചു. വിശ്വാസിയായതിനു ശേഷം നടന്ന യുദ്ധങ്ങളിലെല്ലാം അദ്ദേഹം മുസ്ലിം സൈന്യത്തിന്‍റെ മുന്‍നിര പോരാളിയായിരുന്നു.

യര്‍മുക്ക് യുദ്ധം നടക്കുന്നു. ദാഹിച്ചു വലഞ്ഞവന്‍ തണുത്ത ജലം ലഭിക്കുന്പോള്‍ ആര്‍ത്തിയോടെ കയ്യിലാക്കും പോലെ ഇക്രിമ യുദ്ധക്കളത്തില്‍ പൊരുതി. മുസ്ലിംകള്‍ ശക്തമായ അക്രമണം നേരിടുന്ന സമയം. ഇക്രിമ ബൈസാന്‍റൈന്‍ പര്‍വ്വതത്തിന്‍റെ ഗിരിശൃംഗങ്ങളിലേക്ക് കുതിച്ചു. സേനാധിപന്‍ ഖാലിദ്ബ്നു വലീദ് അദ്ദേഹത്തെ തടഞ്ഞു വേണ്ട ഇക്രിമാ, താങ്കള്‍ വധിക്കപ്പെടരുത്. മുസ്ലിംകള്‍ക്ക് വലിയ ആഘാതമാവുമത്. ഇക്രിമ പറഞ്ഞു നമുക്ക് മുന്നേറാം ഖാലിദ്. താങ്കള്‍ തിരുനബിക്കൊപ്പം വളരേ മുന്പേ സജീവമാണ്. പക്ഷേ, എന്‍റെയും പിതാവിന്‍റെയും കാര്യം അങ്ങനെയല്ല. ഞങ്ങളെപ്പോലെ റസൂലിനോട് വിരോധം പുലര്‍ത്തിയ, അവിടുത്തെ ദ്രോഹിച്ച വേറെയാരെങ്കിലുമുണ്ടായിരുന്നോ? അതുകൊണ്ട് എന്നെ വിടൂ. എനിക്കു പ്രായശ്ചിത്തം ചെയ്തേ മതിയാകൂ. ഇക്രിമ തുടര്‍ന്നു ഞാന്‍ തിരുനബിക്കെതിരെ നിരവധി തവണ യുദ്ധം ചെയ്തിട്ടുണ്ട്. എനിക്ക് പ്രായശ്ചിത്തം വേണം. ബൈസാന്‍റൈനില്‍ നിന്ന് ഇപ്പോള്‍ ഞാന്‍ പിന്‍വാങ്ങിയാല്‍ എനിക്കിനിയതു സാധിച്ചെന്ന് വരില്ല.

ഇക്രിമയുടെ മനസ്സില്‍ വിശ്വാസം ജ്വലിക്കുകയായിരുന്നു. ശരീരം രക്തസാക്ഷ്യത്തിനായി കൊതിച്ചു. തുടര്‍ന്ന് മുസ്ലിംകള്‍ക്ക് നേരെ തിരിഞ്ഞ് ഉറക്കെ ചോദിച്ചു മരണം വരെ പോരാടാന്‍ തയ്യാറുള്ളവര്‍ ആരുണ്ട്? നാനൂറു മുസ്ലിം പടയാളികള്‍ സുധീരം മുന്നോട്ടു വന്നു. ഖാലിദ്ബ്നു വലീദിന്‍റെ നേതൃത്വമില്ലാതെ തന്നെ അവര്‍ നീങ്ങി. രക്തസാക്ഷ്യം മോഹിച്ച ആ പടയാളികള്‍ യുദ്ധക്കളത്തിലേക്കിരച്ചു കയറി. സമാനതയില്ലാത്ത ആ മുന്നേറ്റം യുദ്ധവിജയം മുസ്ലിംകള്‍ക്കനുകൂലമാക്കിത്തീര്‍ത്തു.

യര്‍മൂക്ക് ശാന്തം. പോരാട്ടം അവസാനിച്ചു. യുദ്ധക്കളത്തില്‍ മാരകമായ മുറിവേറ്റ് മൂന്നു പടയാളികള്‍ കിടക്കുന്നു. യര്‍മൂകിലേക്ക് രക്തസാക്ഷിത്വം ആശിച്ചെത്തിയ പ്രവാചകാനുയായികളാണവര്‍ ഹാരിസുബ്നു ഹിശാം, അയ്യാശുബ്നു അബീ റബീഅ, ഇക്രിമതുബ്നു അബീ ജഹ്ല്‍ എന്നിവര്‍. ഒരാള്‍ പാനപാത്രവുമായി ഹാരിസിനടുത്തേക്ക് വന്നു. ഹാരിസുബ്നു ഹിശാം അത് നിരസിച്ചു. പരിസരത്ത് കിടക്കുന്ന ഇക്രിമക്ക് വെള്ളം നല്‍കാന്‍ ആംഗ്യരൂപേണ ആവശ്യപ്പെട്ടു. പാനപാത്രവുമായി അയാള്‍ ഇക്രിമക്കടുത്തെത്തി. അദ്ദേഹവും കുടിക്കാന്‍ വിസമ്മതിച്ചു. സമീപത്തുള്ള അയ്യാശിന് നേരെ മുഖം തിരിച്ചു. അയ്യാശിനടുത്തേക്ക് ആ ജലമെത്തിയപ്പോഴേക്കും അദ്ദേഹം അന്ത്യശ്വാസം വലിച്ചിരുന്നു. വെള്ളവുമായി വീണ്ടും ഹാരിസിനടുത്തേക്ക് ഓടി. അദ്ദേഹവും അവസാനശ്വാസം അല്ലാഹുവിനായി വെടിഞ്ഞിരുന്നു. പിന്നീട് കിതപ്പോടെ ഇക്രിമക്കടുത്തെത്തിയ ആ സ്വഹാബി കണ്ടത് പുഞ്ചിരിയോടെ രക്തസാക്ഷിത്വം വരിച്ച റസൂലിന്‍റെ പ്രിയപ്പെട്ട അനുരാഗിയെയായിരുന്നു. ഇക്രിമ(റ) പ്രായശ്ചിത്തം ചെയ്തിരിക്കുന്നു. റസൂലിന് നല്‍കിയ വാക്കുകള്‍ നിറവേറ്റിയിരിക്കുന്നു
ലുഖ്മാന്‍ കരുവാരക്കുണ്ട്

You must be logged in to post a comment Login