മുസഫര്‍നഗര്‍; ഇരകളുടെ മാത്രമല്ല, ഇന്ത്യയുടെത്തന്നെ വിധി പറയുന്നു

മുസഫര്‍നഗര്‍; ഇരകളുടെ മാത്രമല്ല, ഇന്ത്യയുടെത്തന്നെ വിധി പറയുന്നു

വര്‍ഗീയ കലാപങ്ങള്‍ എന്ന പേരില്‍ ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക വേദികളില്‍ നിത്യേന വ്യവഹരിക്കാപ്പെടാറുള്ള പ്രഹേളിക യഥാര്‍ഥത്തില്‍ ആസൂത്രിതമായ വംശവിഛേദന പ്രക്രിയയാണെന്ന് പല പഠനങ്ങളും സമര്‍ഥിച്ചിട്ടുണ്ട്. മുസ്ലിം ന്യൂനപക്ഷത്തെ പരമാവധി കൊന്നൊടുക്കാനും അവരുടെ ധനമാനാദികള്‍ ആവുംവിധം കൊളളയടിക്കാനും ഭരണകൂട മെഷിനറിയുടെ സഹായത്തോടെ, ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ നടപ്പാക്കുന്ന ക്രൂരവും ഹീനവുമായ കൂട്ടക്കൊലയെയാണ് വര്‍ഗീയ കലാപമെന്ന് വിളിച്ച് സാമാന്യവത്കരിക്കുന്നതെന്ന് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആരറ പതിറ്റാണ്ടിന്‍െറ അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. പതിനായിരിക്കണക്കിന് വംശവിഛേദനശ്രമങ്ങള്‍ രാജ്യത്ത് നടമാടിയിട്ടും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളിലൊന്നുപ്പോലും നിയമത്തിനു വെട്ടിമാറ്റാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍നിന്നു തന്നെ ഭരണകൂടമാണ് ഈ അരുംകൊലകളിലെ ഒന്നാം പ്രതിയെന്ന സത്യം അരക്കിട്ടുറപ്പിക്കുന്നു. ഏറ്റവും അവസാനമായി ഉത്തരര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ അരങ്ങേറിയ മുസ്ലിംവിരുദ്ധ വംശഹത്യയുടെ എടുത്തുപറയേണ്ട പ്രത്യേകത, വ്യാപകമായ കൊലയും നശീകരണവും കൂട്ടബലാല്‍സംഗങ്ങളും നടന്നിട്ടും അവയുടെ യഥാര്‍ഥ ചിത്രം പുറത്തുവന്നില്ല എന്നു മാത്രമല്ല, അവിടുത്തെ ഇടതൂര്‍ന്നു നില്‍ക്കുന്ന കരിന്പിന്‍ തോട്ടത്തില്‍ സത്യം കുഴിച്ചുമൂടാനും പ്രതികളെ രക്ഷിക്കാനും ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു പോലെ അമിതാവേശം കാട്ടുന്നു എന്നതുമാണ്.

ഒരു പൊതുതെരഞ്ഞെടുപ്പിന്‍െറ പാദപതനങ്ങള്‍ കേട്ടുതുടങ്ങിയ സാഹചര്യത്തില്‍ പോലും മുസഫര്‍ നഗര്‍ കലാപത്തിലെ ഇരകളുടെ ദീനരോദനം കേള്‍ക്കാനോ അഭയാര്‍ഥി ക്യാന്പുകളിലുള്ള ആയിരങ്ങളുടെ കണ്ണീരൊപ്പാനോ ഭരണകൂടമോ രാഷ്ട്രീയ നേതൃത്വമോ മുന്നോട്ടു വരുന്നില്ല എന്ന ഭീകരസത്യത്തിനു മുന്നില്‍ രാജ്യം മൗനമാണ്. മാത്രമല്ല, ദിവസം കഴിയുംതോറും ഓരോ നേതാവും ഇരകളെക്കുറിച്ച് അസഭ്യം പറഞ്ഞ് അന്തരീക്ഷം ചൂടുപിടിപ്പിച്ചു നിറുത്തി രാഷ്ട്രീയലാഭം കൊയ്യാനുള്ള വൃത്തിക്കെട്ട അടവുകള്‍ പുറത്തെടുക്കാനും മടിക്കുന്നില്ല. ആദ്യ ഊഴം കോണ്‍ഗ്രസിന്‍െറ പുതിയ അവതാരം രാഹുല്‍ ഗാന്ധിയുടേയായിരുന്നു. അഭയാര്‍ഥി ക്യാന്പുകളിലെ ഇരകളെ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ ചൂഷണം ചെയ്തേക്കാന്‍ സാധ്യതയുണ്ടെന്ന് രാജ്യത്തിനു മുന്നറിയിപ്പ് നല്‍കിയപ്പോള്‍ അദ്ദേഹം ഓര്‍ത്തില്ല, അത് മുസ്ലിംകളെക്കുറിച്ച് സംഘ്പരിവാര്‍ തുടക്കം മുതല്‍ നടത്തിവരുന്ന രാജ്യദ്രോഹി മുദ്രയുടെ ആവര്‍ത്തനമാണെന്ന്. ഗ്രാമങ്ങളില്‍ സമാധാനം പുനഃസ്ഥാപിച്ചിട്ടും അഭയാര്‍ഥിക്യാന്പുകളില്‍ കഴിയുന്നവര്‍ തിരിച്ചുപോന്നില്ല എന്ന കുപ്രചാരണമായിരുന്നു സമാജ്വാദി പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവും പുത്രന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ആവര്‍ത്തിച്ചത്. ക്യാന്പുകളില്‍ മരണം നിത്യസംഭവമായിരിക്കയാണെന്നും ഉത്തരേന്ത്യയിലെ കൊടും തണുപ്പ് സഹിക്കവയ്യാതെ ആയിരക്കണക്കിന് ഹതഭാഗ്യര്‍ വിറച്ചുമരിക്കുന്നത് കാണേണ്ടിവരുമെന്നും പ്രദേശം സന്ദര്‍ശിച്ചവര്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ , ക്യാന്പില്‍ കഴിയുന്നത് കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരുമാണെന്ന് തട്ടിവിട്ട് മുലായം ശ്രദ്ധ മറ്റൊരു കോണിലേക്ക് തിരിച്ചുവിടാനുള്ള വൃത്തികെട്ട കളികളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. പത്തുവയസ്സിനു താഴെയുള്ള നാല്‍പതോളം കുഞ്ഞുങ്ങള്‍ കൊടുംതണുപ്പ് സഹിക്കവയ്യാതെ മരണം പൂല്‍കി എന്ന് പ്രദേശം സന്ദര്‍ശിച്ച ഉന്നതതല സംഘം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് ചോദിക്കാനുണ്ടായിരുന്നത് തണുപ്പ് കൂടിയതു കൊണ്ടാണ് കൂട്ടമരണം സംഭവിച്ചതെങ്കില്‍ സൈബീരിയയില്‍ എങ്ങനെയാണ് മനുഷ്യര്‍ ജീവിക്കുന്നത് എന്നാണ്. എല്ലാറ്റിനുമൊടുവില്‍, മുസഫര്‍ നഗറില്‍ അഭയാര്‍ഥി പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുന്നത് ആലംബഹീനരായ സ്ത്രീപുരുഷന്മാരെയും കുട്ടികളെയും അവരുടെ ഗ്രാമത്തിലേക്ക് ആട്ടിയോടിച്ചാണ്. തുന്പുകളോരോന്നായി പൊളിച്ചുനീക്കുന്പോള്‍ ഇരകള്‍ക്ക് എങ്ങോട്ടെങ്കിലും ഓടിപ്പോവുകയേ നിവൃത്തിയുള്ളൂ. എന്നിട്ടും, സ്വന്തം ഗ്രാമത്തിലേക്കില്ല എന്ന് കരഞ്ഞുപറയുന്നത് അവിടെ എത്തിയാല്‍ സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ്. അഭയാര്‍ഥി ക്യാന്പുകള്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും കേള്‍ക്കാന്‍ കഴിയുന്നത് അടക്കിപ്പിടിച്ച സംസാരവും തേങ്ങലുകളുമാണ്. മാനം പിച്ചിച്ചീന്തപ്പെട്ട ഒരു കൂട്ടം പെണ്‍കുട്ടികളും യുവതികളും ശരീരത്തിനും മനസ്സിനുമേറ്റ നീറ്റല്‍ സഹിക്കവയ്യാതെ ജീവിതത്തിനും ആത്മാഹുതിക്കും നടുവില്‍ നിമിഷങ്ങള്‍ തള്ളിനീക്കുകയാണവിടെ.

ഈ വാദപ്രതിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കുമിടയിലാണ് ഔട്ട്ലുക്ക് വാരിക (ഡിസംബര്‍30, 2013) ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ പുറത്തുവിട്ടത്. ലജ്ജാവഹം എന്ന ശീര്‍ഷകത്തില്‍ എഴുതിയ കവര്‍ സ്റ്റോറി കൂട്ടബലാല്‍സംഗത്തിന് ഇരയായ ഡസനിലേറെ പെണ്‍കുട്ടികളുടെ രക്തം മരവിപ്പിക്കുന്ന കഥയാണ് അനാവൃതമാക്കിയത്. മുസഫര്‍നഗര്‍, ഷാംലി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 16 ദുരിതാശ്വാസ ക്യാന്പുകളില്‍നിന്നും ഇപ്പോള്‍ മെല്ലെ മെല്ലെ പുറംലോകം കേട്ടുതുടങ്ങിയ ഗദ്ഗദത്തില്‍ കന്യകാത്വം നഷ്ടപ്പെട്ട പെണ്‍കുട്ടികളുടെ ചിതറിയ മൊഴികളും പിച്ചിച്ചിന്തപ്പെട്ട ശരീരം കണ്ട് തളര്‍ന്നുവീണ അമ്മമാരുടെ നെടുവീര്‍പ്പുകളും തിരിച്ചറിയാന്‍ കഴിയാത്ത വിധം അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഔട്ട്ലുക്ക് സവിസ്തരം പ്രതിപാദിക്കുന്ന ബലാല്‍സംഗ കഥയുടെ ഏറ്റവും കിരാതമായ വശം ജീവനും മാനവും സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ അഭയം തേടിയ, ഗ്രാമത്തലവന്‍െറ കൊട്ടാരസദൃശമായ ബംഗ്ലാവില്‍ വെച്ചാണ് പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ കണ്‍മുന്നില്‍വെച്ച് കൂട്ടബലാല്‍സംഗത്തിന് ഇരയായത് എന്നതാണ്. പുരുഷന്മാരെ ഓടിച്ച് കൊല്ലുകയോ ജീവച്ഛവങ്ങളായി തള്ളുകയോ ചെയ്ത ശേഷം യുവാക്കള്‍ കൂട്ടമായും ഒറ്റക്കും പെണ്‍കുട്ടികളുടെ നേരെ തിരിയുകയായിരുന്നു. ഇരകളോരോന്നും പലതവണ നരാധമന്മാരുടെ കാമവെറിക്കു മുന്നില്‍ പിടഞ്ഞുകിടന്നു. കണ്‍മുന്നില്‍ വെച്ച് മക്കള്‍ കടിച്ചുകീറപ്പെടുന്നതു കണ്ട് നിസ്സംഗരായി നില്‍ക്കേണ്ടിവന്ന ഉമ്മമാര്‍ ഇപ്പോള്‍ അഭയാര്‍ഥി ക്യാന്പുകളിലിരുന്ന്, മക്കളുടെ ഇരുളടഞ്ഞ ഭാവിയോര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയാണ്. ബലാല്‍സംഗ വാര്‍ത്തകള്‍ ഒരിക്കലും പുറത്തുവരരുതേ എന്നാണ് ഈ ഹതഭാഗ്യരുടെ മനമുരുകിയുള്ള പ്രാര്‍ഥന. മനഃപൂര്‍വമുള്ള ഈ ഉള്‍വലിയല്‍ രക്ഷപ്പെടുത്തുന്നത് അധികൃതരെയും വര്‍ഗീയ കശ്മലന്മാരെയുമാണ്. ആരും ബലാല്‍സംഗത്തിന് ഇരയായതായി തങ്ങള്‍ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് പൊലിസ് സിവില്‍ അധികൃതര്‍ക്ക് ധൈര്യപൂര്‍വം പറയാന്‍ ഇത് സാഹചര്യം ഒരുക്കുന്പോള്‍ ഒരു ജനതയുടെ നിസ്സഹായാവസ്ഥയുടെ ഭീതിദ മുഖമാണ് തുറന്നുകാട്ടപ്പെടുന്നത്.

അയോധ്യാ രാഷ്ട്രീയം കത്തിയാളിയ തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഉത്തര്‍പ്രദേശിലെ മുസ്ലിംകള്‍ ഇന്ത്യന്‍ നാഷനല്‍കോണ്‍ഗ്രസില്‍നിന്ന് അകന്നു തുടങ്ങിയതോടെ, അവരെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കാന്‍ പതിനെട്ടടവുകളും പയറ്റിയ നേതാവാണ് മുലായംസിംഗ് യാദവ്. ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് കര്‍സേവ നടത്താന്‍ സായുധരായി എത്തിയ വി.എച്ച്.പി ബജ്റംഗദള്‍ പ്രവര്‍ത്തകരെ വെടിവെച്ചോടിച്ചതോടെ, കാവിരാഷ്ട്രീയക്കാര്‍ മുലായമിന് മൗലാനാ പട്ടം ചാര്‍ത്തിയത് മുസ്ലിം പ്രീണനത്തിന്‍െറ വക്താവ് എന്ന അപഖ്യാതി പരത്താനാണ്. നിര്‍ണായക ഘട്ടത്തില്‍ തങ്ങളെ കൈവിട്ട കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിക്കണമെന്ന ചിന്ത ഇരുപത് ശതമാനത്തോളം വരുന്ന യു പിയിലെ മുസ്ലിംകളെ മുലായമിനോട് അടുപ്പിച്ചത് സ്വാഭാവികം. അങ്ങനെയാണ് യു.പിയില്‍ അധികാരസോപാനത്തിലിരിക്കാന്‍ സമാജ്വാദി പാര്‍ട്ടിക്ക് വീണ്ടും അവസരം കൈവരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍പോലും കോണ്‍ഗ്രസിനെ പുറംകാല്‍ കൊണ്ട് തട്ടിമാറ്റി സമാജ്വാദി പാര്‍ട്ടിയെ വിജയപീഠത്തിലെത്തിക്കാന്‍ ഒരുവേള മുസ്ലിംകള്‍ പ്രദര്‍ശിപ്പിച്ച ആവേശം രാഷ്ട്രീയത്തിനപ്പുറം അതിജീവനതന്ത്രത്തിന്‍െറ ഭാഗമായിരുന്നു. മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയെ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും മുലായമിന്‍െറ പുത്രന്‍ അഖിലേഷിനെ അധികാരസോപാനത്തിലേറ്റാനും മുസ്ലിംകള്‍ കൂട്ടായ തീരുമാനമെടുത്തപ്പോഴാണ് മായാവതി തോറ്റ് തുന്നം പാടിയതും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടിവന്നതും . എന്നാല്‍, വീണ്ടും അധികാരം പിടിച്ചെടുത്തത് മുതല്‍ മുലായം മുസ്ലിംകളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മൃദു ഹിന്ദുത്വസമീപനം സ്വീകരിക്കുകയാണെന്നും തുടക്കം മുതലേ ആരോപണമുയര്‍ന്നിരുന്നു. അത്തരമൊരാരോപണം ശരിവെക്കുന്നതാണ് വംശവിഛേദനാനന്തരം മുസഫറാബാദിലെ ജനങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്ന തിക്താനുഭവങ്ങള്‍. അഭയാര്‍ഥി തന്പുകളില്‍ കഴിയുന്ന നിസ്സഹായരായ മുസ്ലിംകള്‍ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണമോ വസ്ത്രമോ കന്പിളിപ്പുതപ്പോ പോലും നല്‍കാത്തത് എതിര്‍ഭാഗത്തുള്ള ജാട്ട്വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണത്രെ. പൊതുതെരഞ്ഞെടുപ്പിനു മുന്പ് മുലായംസിംഗ് ഹിന്ദുത്വകാര്‍ഡ് കളിക്കുകയോ എന്ന ചോദ്യമുന്നയിക്കുന്ന ടൈംസ് ഓഫ് ഇന്ത്യ വര്‍ഗീയവാദികളില്‍ ഗുണവശങ്ങള്‍ കണ്ടുതുടങ്ങിയതിന്‍െറ ലക്ഷണങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി സത്യസന്ധനും വിശ്വസ്തനുമായ നേതാവാണെന്ന് പുകഴ്ത്തിപ്പറഞ്ഞപ്പോള്‍ അന്തംവിട്ടുപോയത് മുലായമിന്‍െറ അനുയായികളാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഗുണഗണങ്ങള്‍ എണ്ണിപ്പറയാനും എസ്പി നേതാവ് ധാര്‍ഷ്ട്യം കാണിച്ചു. ഗുണ്ടകളെ അകറ്റി നിറുത്തുന്ന കാര്യത്തിലും അച്ചടക്കം പാലിക്കുന്ന വിഷയത്തിലും ബി.ജെ.പിയെ കണ്ടുപഠിക്കണമെന്ന് മുലായം പ്രവര്‍ത്തകരെ ഉദ്ബോധിപ്പിക്കുന്പോള്‍ അദ്ദേഹത്തിന്‍െറ മനസ്സില്‍ തളിരിട്ടുകഴിഞ്ഞ കാവിപ്രേമത്തിന് മറ്റു വല്ല തെളിവും ആവശ്യമുണ്ടോ? മുസഫറാബാദില്‍ കാര്യങ്ങള്‍ കൈവിട്ടുപോവട്ടെ എന്ന് അദ്ദേഹം മനസാ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം, വ്യക്തമായ വര്‍ഗീയധ്രുവീകരണം പൂര്‍ത്തിയായാല്‍ അതിന്‍െറ മെച്ചം കിട്ടുന്നത് തന്‍െറ പാര്‍ട്ടിക്കു തന്നെയാവുമെന്ന കണക്കുകൂട്ടലാണത്രെ.

മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളുടെ മതേതര പ്രതിബദ്ധതയുടെ ചെന്പ് പുറത്തായിക്കൊണ്ടിരിക്കുകയാണിന്ന്. മുസ്ലിംകള്‍ക്ക് ഒരു പാര്‍ട്ടിയെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ. ഒരു ഉദ്യോഗസ്ഥന്‍റെ മുന്നിലും മനസ്സുതുറക്കാന്‍ സാധ്യമല്ലാത്ത സാഹചര്യം. കാരണം, മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍മാര്‍ പോലും കടുത്ത വര്‍ഗീയകാഴ്ചപ്പാടോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്ന് ഈ ദശാസന്ധിയിലെ തീക്ഷ്ണമായ അനുഭവങ്ങള്‍ മുസ്ലിംകളെ പഠിപ്പിക്കുന്നു. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും 1975ബാച്ച് ഐ.എ.എസ് ഓഫീസറുമായ രാജ്കുമാര്‍ സിങ് ഈയിടെ ബി.ജെ.പിയിലേക്ക് ചേക്കേറിയത് മീഡിയയെ പോലും ഞെട്ടിച്ചു. ഏറെക്കാലം യു.പി.എ സര്‍ക്കാരിനു കീഴില്‍ ആഭ്യന്തരം കൈയാളിയ ഒരുദ്യോഗസ്ഥന്‍ എത്ര ലാഘവത്തോടെയാണ് മോഡിയോടൊപ്പം ഓടാന്‍ തീരുമാനിച്ചത്! ബിഹാറില്‍ നിതീഷ് കുമാറിന്‍െറ കീഴില്‍ ആഭ്യന്തര ഉപദേഷ്ടാവായിരുന്ന ഇദ്ദേഹം ജനതാദളിലേക്ക് (യു) നിതീഷ് ക്ഷണിച്ചിട്ടും അങ്ങോട്ട് പോവാതെ കാവിക്കൂടാരത്തില്‍ കയറിപ്പറ്റിയത് ഭൂരിപക്ഷവര്‍ഗീയതയോടുള്ള മനപ്പറ്റും അധികാരത്തോടുള്ള ദുരയും കൊണ്ടാണെന്നതില്‍ സംശയമില്ല. മുന്‍ പെട്രോളിയം സെക്രട്ടറി ആര്‍ എസ് പാണ്ടെ കാവിരാഷ്ട്രീയം പൂല്‍കിയതിനു പിന്നാലെയാണ് ഈ ഭാഗ്യപരീക്ഷണം. മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ദല്‍ഹിസിംഹാസനം പിടിച്ചടക്കുമെന്ന് ഉറപ്പായാല്‍ മേതേതരത്വത്തിന്‍റെ മണിമുറ്റത്ത് ഒട്ടേറെ വന്‍മരങ്ങള്‍ വീഴും. ഇവിടെ മതേതരത്വം വോട്ട്തട്ടാനുള്ള പ്ലക്കാര്‍ഡ് മാത്രമാണ്. തോന്നുന്പോള്‍ പിച്ചിച്ചിന്താനുള്ള പ്ലക്കാര്‍ഡ്. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞാലറിയാം മതേതരത്വത്തിന്‍െറ അപ്പോസ്തലന്മാര്‍ ചമയുന്ന നമ്മുടെ രാഷ്ട്രീയമേലാളന്മാര്‍ ഏത് പക്ഷത്താണ് നില്‍ക്കുന്നതെന്ന്! അധികാരത്തിന്‍െറ ശീതളിമയില്‍ സുഖം കൊള്ളാന്‍ ഏത് പശുമാര്‍ക്ക് സെക്കുലറിസ്റ്റും മോഡിമാരുടെ പിന്നാലെ പോകുന്പോള്‍ ഹതാശരായി നോക്കിനില്‍ക്കുകയേ തങ്ങളുടെ മുന്നില്‍ പോംവഴിയായി ഉണ്ടാവൂ എന്ന കയ്പേറിയ അനുഭവപാഠം മുസ്ലിംകളെ ഏതു തരത്തില്‍ പരിവര്‍ത്തിതമാക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ല എന്നതാണ് ശാഹിദിന്‍െറ സങ്കടം.

ശാഹിദ്

You must be logged in to post a comment Login