മരണം പൂക്കുന്ന മരങ്ങള്‍

മരണം  പൂക്കുന്ന  മരങ്ങള്‍

മാങ്ങ എന്ന വാക്ക് ഒരു കാലമാണ്.മാവും മാന്പൂക്കളും കണ്ണിമാങ്ങയും തുടങ്ങി, രാമഴക്കാറ്റില്‍ വീഴുന്ന പഴുത്ത മാങ്ങകള്‍ വരെ ഓര്‍മ്മകളില്‍ പാഞ്ഞുകയറുന്ന മധുര രസക്കാലം .

പൂക്കുന്ന നേരംതൊട്ട് തൊടിയിലെ മാവിനൊരു ജീവിതക്രമമുണ്ടായിരുന്നു സമയാസമയം പൂക്കുക കാറ്റില്‍ പൂവും കണ്ണിമാങ്ങകളും കൊഴിയുക സ്കൂളിലേക്കും മദ്രസയിലേക്കും പോകുന്ന കൂട്ടികളുടെയും, ശിഖരങ്ങളിലെ പറവകളുടെയും കൂജനങ്ങള്‍ കേള്‍ക്കുക പുളിയുറുന്പിന്‍റെ പ്രതിഷേധം വകവെക്കാതെ ചെറുക്കന്‍റെ വലിഞ്ഞുകയറ്റവും, അന്നേരം താഴെ നിന്ന് വല്യുമ്മയുടെ തോട്ടിപ്രയോഗവും കാണുക പഴുത്ത ചില മാങ്ങകള്‍ പക്ഷികള്‍ക്കായി ഇലകള്‍ക്കിടയില്‍ മറയ്ക്കുക എത്ര മാങ്ങകള്‍ പൊട്ടിച്ചെടുത്താലും പിന്നെയും കണ്ണുകളെ അന്പരപ്പിക്കുക അങ്ങനെയങ്ങനെ.

ഒന്നുരണ്ടുവര്‍ഷങ്ങളായി മാവിന്‍ചുവട് അനാഥമായിട്ട് കുട്ടികളില്ല, വല്യുമ്മയ്ക്കാണെങ്കില്‍ തീരെ വയ്യ വലിഞ്ഞുകയറുന്ന ചെക്കന്‍ ഫേസ്ബുക്കില്‍ കേറിയപ്പോ ഇറങ്ങുന്നുമില്ല മാങ്ങപറിക്കാന്‍ വന്നിരുന്ന പണിക്കാര്‍ക്ക് വല്യുമ്മ തുച്ഛമായ വിലക്ക് ഓരോ മാന്പഴക്കാലവും വിറ്റു കഴിഞ്ഞ തവണ മാവ് പൂവിട്ട ഉടനെ, നഗരത്തില്‍ നിന്നുള്ള, വെളുക്കെ ചിരിക്കുന്നൊരുത്തന്‍ വല്യുമ്മയെ സമീപിച്ചു ലോകമെന്പാടുമുള്ള അവരുടെ കച്ചവടക്കടകളിലേക്ക് നാടന്‍ മാന്പഴം ആവശ്യമുണ്ട് പോലും നാടന്‍ ആളുകള്‍ തരുന്നതിനെക്കാള്‍ ഇരട്ടിയിലധികം പണം ആയ്ക്കോട്ടെ, മ്മക്ക്പ്പെന്താ നഷ്ടം? അതാണ് നല്ലതും.

വല്യുമ്മ സമ്മതിച്ചു,
പിറ്റേന്ന് എക്സിക്യൂട്ടിവ്, ആളും ആരവവുമായെത്തി ഇലപ്പച്ചയില്‍ നിന്ന് മാന്പൂനിറത്തിലേക്ക് മുഖം മാറ്റിയ മാവിന്‍റെ സമൃദ്ധിയിലേക്ക് നാലുഭാഗത്തുനിന്നും പൈപ്പിലൂടെ വിഷലായനിപ്രയോഗം തടിതുരന്ന് കുത്തിവെപ്പ്, ചുറ്റിനും താല്‍ക്കാലിക കന്പിവേലി വല്യുമ്മയും മാവും നിലവിളിക്കാന്‍ മറന്നുനിന്നു പക്ഷികളും ഉറുന്പുകളും കുട്ടികളും മാറിനിന്നു

ഒരു പൂവുപോലും കൊഴിയാതെ അക്കൊല്ലം നിറവിളവ് കണ്ണുമഞ്ഞളിച്ച് നാട്ടുകാര്‍ നിറഞ്ഞുകിതച്ച് ഗുഡ്സുകള്‍ കടുംവിഷം ഞരന്പുകളെ നശിപ്പിച്ചിരിക്കണം അതിനുശേഷം മാവ് പൂത്തില്ല ചെറുകന്പില്‍ പോലും പൂവിരിഞ്ഞില്ല മൂവന്തിക്ക് പ്രവചനം പോലെ വല്യുമ്മയുടെ സ്വരം പൂക്ക്ണ മാവ് പൂക്കാണ്ടായാ അതൊരു യാത്ര പറച്ചിലാ പൊറുക്കണേ റബ്ബേ.

കഥ
അലി പുതുപൊന്നാനി

You must be logged in to post a comment Login