സ്നേഹം മൂത്താല്‍ ആദരവു കൂടും. ആദരവ് കൂടുമ്പോള്‍ അകലം കൂടും. അകലം കൂടുന്നതിനനുസരിച്ച് അടുപ്പം കൂടും. അതെ, സ്നേഹത്തിന്റെ കാര്യം അങ്ങനെയൊക്കെ തലതിരിഞ്ഞിട്ടാണെന്ന് വിചാരിച്ചാല്‍ മതി. അനുരാഗം ആദരവാകുമെന്നും, ആദരവ് ആരാധനയാവുമെന്നും ആയതിനാല്‍ ആശിഖുകള്‍ മുശ്്രികീങ്ങള് ആണെന്നും കണ്ടുപിടിക്കുന്നവര്‍ കണ്ണുതുറക്കേണ്ടതാണ്.
ഈ ആദരവ് രാഷ്ട്രീയക്കാര്‍ നേതാവിനെ നേരിട്ട് കണ്ടുമുട്ടുന്പോള്‍ എഴുന്നേറ്റു നിന്ന് വിനയം പ്രകടിപ്പിക്കുന്ന ആദരവാണെന്ന് തെറ്റുധരിക്കരുത്. ഇവിടെ ആദരവുണ്ടാവാന്‍ റസൂല്‍(സ്വ) തങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലുമായാലും മതി. മസ്ജിദുന്നബവിയില്‍ റസൂലിന്റെ(സ്വ) വഫാത്തിന് ശേഷം പോലും സ്വഹാബികള്‍ വളരെ പതുക്കെ മാത്രമേ സംസാരിച്ചിരുന്നുള്ളൂ. ഒരിക്കല്‍ ഇമാം മാലികു(റ)മായി അബ്ബാസീ ഖലീഫ അബൂജഅ്ഫറുല്മന്സൂര്(റ) മസ്ജിദുന്നബവിയില്‍ വെച്ച് സംസാരമായി. ശബ്ദം പൊങ്ങുന്നുണ്ടെന്ന് തോന്നിയപ്പോള്‍ ഇമാം ഖലീഫയോട് പറഞ്ഞു റസൂലിന്റെ പള്ളിയില്‍ ശബ്ദം ഉയര്‍ത്തരുത്. ഖുര്‍ആനിലെ നബിയുടെ ശബ്ദത്തിനുമീതെ നിങ്ങള്‍ ശബ്ദമുയര്‍ത്തരുത്…’ എന്ന ആശയം വരുന്ന സൂക്തം ഓതിക്കൊടുത്തു. അതിന് നബിതങ്ങള് വഫാതായിപ്പോയില്ലേ’ എന്നു ഖലീഫ ചോദിച്ചില്ല. തങ്ങളുടെ കാര്യത്തില്‍ ജീവിച്ചിരിക്കലും വഫാതാകലും വ്യത്യാസമില്ല എന്നറിയാമായിരുന്നു ഖലീഫക്ക്.
പില്‍ക്കാലക്കാരായ പല ആശിഖുകളും ഹബീബിന്റെ പേരു കേള്‍ക്കുന്പോഴേക്ക് തന്നെ പരവശപ്പെട്ടുപോവാറുണ്ടായിരുന്നു. മാലിക് ഇമാം തന്നെ ഒരു കാര്യം പറയുന്നുണ്ട്. വലിയ ഹദീസ് പണ്ഡിതനായിരുന്ന അയ്യൂബുസ്സഖ്തിയാനി നബിതങ്ങളുടെ പേരു കേട്ടാല്‍ പൊട്ടിക്കരയും. ഈ വിശേഷ വാര്‍ത്ത കേട്ടതിനു ശേഷമായിരുന്നു അവരില്‍ നിന്ന് താന്‍ ഹദീസ് സ്വീകരിക്കാന്‍ തുടങ്ങിയത്. ഒരു സദസ്സില്‍ വെച്ച് ഹദീസ് വായിക്കാനിട വന്നാല്‍ അവിടെ കൂടിയ മുഴുവന്‍ ആളുകളോടും മൗനമായിരിക്കാന്‍ പറയുമായിരുന്നത്രെ, അബ്ദുറഹ്്മാന് ഇബ്നു മഹ്്ദി എന്നവര്‍. കാരണം നബി തങ്ങളെക്കാള്‍ ശബ്ദം ഉയര്‍ത്തി നാം സംസാരിക്കരുതല്ലോ. നബി(സ്വ)തങ്ങളെ പറ്റി പരാമര്ശിക്കുന്പോഴേക്ക് ആകെ മാറിപ്പോവുന്ന ഒരാളുണ്ട്താബിഈ പ്രമുഖനായ ശിഹാബുദ്ദീനുസ്സുഹ്രി(റ). നല്ല സ്നേഹരൂപേണ ആളുകളോട് പെരുമാറുകയും നല്ല ഇണക്കം കാണിക്കുകയും ചെയ്യുന്ന ഒരാളാണ് മഹാന്. പക്ഷേ നബി(സ്വ)യുടെ പേര് കേട്ടാല്‍ ആളാകെ മാറി. അദ്ദേഹത്തിന് നിങ്ങളെയുമറിയില്ല നിങ്ങള്‍ക്ക് അദ്ദേഹത്തെയുമറിയില്ല എന്നൊരു മട്ട്. ഹദീസ് പറഞ്ഞു തുടങ്ങുന്പോള് നിറപ്പകര്ച്ചയുണ്ടാവാറുണ്ടായിരുന്നു ഇമാം മാലിക്(റ)വിന് എന്ന് മുസ്അബ്ബ്നു അബ്ദുല്ല(റ) രേഖപ്പെടുത്തുന്നുണ്ട്. അങ്ങേയറ്റം അവശ നിലയില്‍ കിടക്കുകയാണ് ഇബ്നുല്മുസ്വയ്യബ്(റ). ഹദീസ് ചോദിക്കാന്‍ ആളുകള്‍ വന്നിരിക്കുന്നു. പക്ഷേ മഹാന് ഹദീസ് പറഞ്ഞു കൊടുക്കുന്നില്ല. കാരണം കിടന്നു പറയാന്‍ മടി. ആളുകള്‍ ചേര്‍ന്നു പിടിച്ചിരുത്തിക്കൊടുത്ത ശേഷം ഹദീസ് പറഞ്ഞു തുടങ്ങി. ഇതുപേലുള്ള സംഭവങ്ങള്‍ ഇമാം മാലിക്(റ)വിലും കാണാം.
അറിവുതേടി ആരെങ്കിലും ഇമാമിന്റെ വാതിലിന് മുട്ടിയാല്‍ പരിചാരകന് പുറത്തു ചെന്ന് ഒരു ചോദ്യമാണ് മസ്അലയോ? ഹദീസോ?’ മസ്അല അറിയാനാണെങ്കില്‍, ഇമാം അതേ നിലക്ക് പുറത്തു വരികയും പറഞ്ഞുകൊടുക്കുയും ചെയ്യും. ഹദീസ് പഠിക്കാനാണ് വന്നതെങ്കില്‍ കുളിച്ച്, വുളുവെടുത്ത്, പുതുവസ്ത്രം ധരിച്ച്, അത്തറു പൂശി, തലപ്പാവ് കെട്ടി…
ത്വാഹാറസൂലില് നിന്ന് അകന്നു നില്ക്കാന് കഴിയാത്ത സ്വഹാബി പ്രമുഖന്മാര് ധാരാളമുണ്ടായിരുന്നു. സൗബാന്‍(റ)ന്റെ പരിദേവനം കേട്ടിട്ടില്ലേ ഒരു ദിവസം സൗബാന്‍(റ) തിരുതങ്ങളുടെ സമക്ഷം എത്തിച്ചേര്‍ന്നിരിക്കുന്നു ആകെ മെലിഞ്ഞ്, വിളര്‍ത്ത്. മുഖത്ത് നിന്നു സങ്കടപ്പുക പൊങ്ങുന്നു. എന്തു പറ്റി സൗബാന്‍?” എനിക്കൊരു രോഗവുമില്ല നബിയേ പക്ഷേ അങ്ങയെ കാണാതിരിക്കുന്പോള് എന്നുള്ളം പിടയുന്നു. ഭീകരമായ ഒരു ഏകാന്തത എന്നെ അലോസരപ്പെടുത്തുന്നു. അങ്ങനെ ദുഖിച്ചിരിക്കെ അതിനെക്കാള്‍ ദുഖകരമായ ഒരു കാര്യം എനിക്കോര്‍മ്മ വന്നു. മരിച്ചു ചെന്നാല്‍!? ഞാന്‍ സ്വര്‍ഗത്തിലെത്തി എന്നു വെക്കുക അങ്ങ് ഞങ്ങള്‍ക്കൊന്നും പ്രാപ്യമല്ലാത്ത ഉന്നത സ്ഥാനത്ത് അന്പിയാഇന്റെ കൂടെയാണെങ്കിലോ…? എനിക്കോര്‍ക്കാന്‍ വയ്യ!” ഉടനെ അവതരിച്ചു ആരെങ്കിലും അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെട്ടാല്‍, അവര്‍ അല്ലാഹു അനുഗ്രഹിച്ച അന്പിയാക്കള്‍, സിദ്ദീഖുകള്, ശുഹദാഅ്, സ്വാലിഹുകള്‍ എന്നിവര്‍ക്കൊപ്പമായിരിക്കും” എന്നാശയമുള്ള സൂക്തം (4:69).
ഖാളീ അബുല്ഫള്ല്(റ) പറയുന്നത് ഇങ്ങനെ ഒരാള്‍ നബി(സ)യുടെ ചാരെ വന്ന് കണ്ണിമ വെട്ടാതെ തങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. കാര്യമെന്തെന്നന്വേഷിച്ചപ്പോള്‍ ആള് പറഞ്ഞു ഞാന്‍ അങ്ങയെ നോക്കി ആസ്വദിക്കുകയാണ്. ഖിയാമത് നാളില്‍ അങ്ങയെ അല്ലാഹു ഉന്നത സ്ഥാനത്തേക്കുയര്ത്തിയാല് പിന്നെ…. ?
വേഗം മരിച്ചു ചെന്നാല്‍ നബി(സ)യെയും കൂട്ടരെയും കാണാമല്ലോ എന്ന് ചിന്തിച്ചവരുണ്ട്. ബിലാലുബ്നുറബാഹ്(റ) ആസന്നമരണനായി കിടക്കുന്നു. ഭാര്യ സമീപത്തിരുന്ന് വിതുന്പുകയാണ്. ബിലാല്‍(റ) തിരുത്തുന്നു. സങ്കടപ്പെട്ട് കരയല്ലേ, സന്തോഷിച്ചു കരയൂ! കാരണം മരിച്ചു ചെന്നാല്‍ എനിക്കെന്റെ ഹബീബിന്റെ ചാരത്തണയാമല്ലോ?അതാണ് പറഞ്ഞത് സ്നേഹത്തിന്റെ കാര്യം ഇങ്ങനെയാണ്!
സ്നേഹത്തിന്റെ ഏതു മാനദണ്ഡങ്ങള്‍ വെച്ചു നോക്കിയാലും ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെടാന്‍ അര്‍ഹനാണ് സയ്യിദുനാ റസൂലുല്ലാഹി(സ്വ). ഒരു വിശ്വാസിയുടെ ഈമാന്‍ പൂര്‍ണമാവുന്നത് ഈ സ്നേഹം പാരമ്യത പ്രാപിക്കുന്പോഴാണ്. ഇസ്ലാമിന്റെ വര്‍ത്തമാന സ്ഥിതിവിശേഷത്തില്‍ ആരാണ് യഥാര്‍ത്ഥ വിശ്വാസി എന്നതില്‍ കേന്ദ്രീകരിച്ച് അതിഘോരമായ സംവാദങ്ങള്‍ നടക്കുന്നുണ്ട്. ആയതിനാല്‍ ആ തര്‍ക്കത്തിന് ഒരവസാനവാക്ക് പറയാന്‍ നിലവിലുള്ള ഇസ്ലാമിക സമൂഹങ്ങളുടെ ജീവിതം ഉത്തമ സമൂഹത്തിന്റെ (സ്വഹാബത്തിന്റെ) ജീവിതവുമായി ഒന്ന് സമീകരിച്ചുനോക്കിയാല് മതി.
തിരുനബിയോട് വൈകാരിക പാരവശ്യം വെച്ചു പുലര്‍ത്തുന്ന ഒരു സമൂഹത്തെയും എന്നാല്‍ അളന്ന് തിട്ടപ്പെടുത്തിയ കൃത്യമായ അകലത്തില്‍ തിരുനബി(സ്വ)യെ നിര്‍ത്തുന്ന മറ്റൊരു സമൂഹത്തെയും നാം കാണുന്നു. ഒന്നാം സമൂഹത്തിന്റെ ലക്ഷ്യം തന്നെ തിരുനബിയാണ്. അതിനാല്‍ അവര്‍ തിരുനബിയെപറ്റി പാടുകയും പറയുകയും ജീവിതത്തിന്റെ ഏതാണ്ടെല്ലാ അവസ്ഥകളിലും കൂടെ കൊണ്ടു നടക്കുകയും ചെയ്യുന്നു.
ഇതില്‍ താല്പര്യമില്ലാത്തവരാണ് രണ്ടാം സമൂഹം. അവര്‍ക്ക് തിരുനബി അങ്ങനെയൊരു ലക്ഷ്യമൊന്നുമല്ല. ഒരു തരം ഉപഭോഗത്തിന്റെ ഭാഷയിലാണ് അവര്‍ നബിയിലേക്കെത്താന് ശ്രമിക്കുന്നത്. അതിങ്ങനെയാണ് അല്ലാഹുവിന്റെ സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ നിയോഗിതനായ ഒരു സാധാരണ മനുഷ്യനാണ,് മുഹമ്മദ്. ആ മനുഷ്യന് നമുക്ക് ഖുര്‍ആനും ഇസ്ലാമും എത്തിച്ചു തന്നു. ആ പരിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കല്‍ തന്നെയാണ് നബിയോടുള്ള സ്നേഹം.
ഈ രണ്ട് സമുഹങ്ങള്‍ തമ്മിലുള്ള അന്തരം ഏതൊരാള്‍ക്കും തന്റെ പരിസരങ്ങളിലേക്ക് കണ്ണോടിച്ചാല്‍ കണ്ടെത്താവുന്ന ലളിതമായ വസ്തുതയാണ്. ഇരു സമൂഹങ്ങളും അധികാരം നടത്തുന്ന മഹല്ലുകളിലേക്കു നോക്കിയാല്‍ നമുക്കാ വ്യത്യാസം ജീവനോടെ കാണാനാവും.
ഒന്നാം സമൂഹങ്ങളിലെ പള്ളികളില്‍ നിസ്കാരങ്ങള്‍ക്ക് ശേഷം കൂട്ടമായി പ്രാര്‍ത്ഥന നടത്തുന്നു. അതില്‍ പലതവണ തിരുനബിയുടെ നാമം ഉച്ചരിക്കപ്പെടുന്നു. യജമാനനായ അല്ലാഹുവിനോട് തങ്ങളുടെ ആവലാതികള്‍ അവതരിപ്പിക്കുന്നതിനായി ഉയര്‍ത്തിപ്പിടിക്കുന്നത് ആ പുണ്യ റസൂലിന്ന് സ്വലാത് ചൊല്ലിക്കൊണ്ടാണ്. ആ പ്രാര്‍ത്ഥന അവസാനിക്കുന്നതും അങ്ങനെത്തന്നെ. രാത്രിനേരങ്ങളില്‍ നടക്കുന്ന ഹദ്ദാദ് റാതീബുകളില്‍ പലതവണ ആ നാമം പ്രകീര്‍ത്തിക്കപ്പെടുന്നു. കൂടാതെ പള്ളികളില്‍ ഏതൊരു സംഗമം നടക്കുന്പോഴും ആദ്യമായി വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ തിരുനബിക്കു ചൊല്ലി അയച്ചാണ് തുടങ്ങുക. വീടുകളില്‍ നടക്കുന്ന സദ്യ, സല്‍ക്കാരം, യാത്ര പോവല്, വീട്കൂടല്‍, സുന്നത് കര്‍മ്മം തുടങ്ങിയ ശുഭസ്വഭാവമുള്ള ഏതുകാര്യവും തിരുനബി (സ്വ)യെ ഓര്‍ത്തും പറഞ്ഞും മാത്രമേ ചെയ്യുകയുള്ളൂ.
എല്ലാ വെള്ളിയാഴ്ച രാവുകളിലും ഏകദേശം എല്ലാ പള്ളികളിലും സ്വലാത് മജ്ലിസുകള് ചേരുന്നു. തിരുനബിയുടെ നാമം ഉറക്കെ ചൊല്ലി സര്‍വ്വ ശക്തനോട് പ്രാര്‍ത്ഥിക്കുന്നു. കൂട്ടമായിട്ടല്ലാതെയും സമയ ലഭ്യതക്കനുസരിച്ച് സ്വലാത് നിര്‍വ്വഹിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഒന്നാം സമുഹത്തില്‍ ധാരാളമുണ്ട്. ഒരു ദിവസം തന്നെ പതിനായിരവും അതിലധികവും ആ വിശുദ്ധ നാമം അടങ്ങുന്ന സ്വലാത്ത് ചൊല്ലുന്നവര്‍ ഒട്ടനവധിയുണ്ട്.
ഇതിനും പുറമെ മുത്തുനബിയുടെ അപദാനങ്ങള്‍ ഉള്‍ച്ചേര്‍ന്ന മൗലിദ് സദസ്സുകള്‍ പള്ളികളിലും വീടുകളിലും ഇടക്കിടെ ഉണ്ടാവുന്നു. ആയിരത്തി നാനൂറ് വര്‍ഷം മുന്‍പ് ജീവിച്ച ഒരു നേതാവിനോടുള്ള ഹൃദയ വികാരമാണ് ഗ്രാമാന്തരങ്ങളിലെ കുടിലുകളില്‍ നിന്നു പോലും പൊട്ടി ഒഴുകുന്നത്. തിരുജനനം കൊണ്ട് വിശുദ്ധമായ റബീഅ്’ വരുന്പോഴേക്കും അവരുടെ മാനസങ്ങള്‍ പുഷ്പിക്കാന്‍ തുടങ്ങും. മനസ്സിന്റെ സാന്ദ്രമായ താഴ്വാരത്തേക്ക് ആനന്ദത്തിന്റെ ഒരു നദീപ്രവാഹം നീന്തിയെത്തുന്ന പ്രതീതി. പ്രായം ചെന്ന വൃദ്ധകള്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെ ആ വിശുദ്ധ റബീഇന്റെ പുണ്യ പുലരിക്കായി കാത്തിരിക്കുന്നു. ആ പൂമേനിയെ സ്വീകരിക്കാന്‍ നാടും നഗരവും ഒരുങ്ങുന്ന ദീപ്തമായ കാഴ്ച. പ്രേമഭാജനത്തെപ്പറ്റി പാടിപ്പാടി ഒടുവില്‍ അഭിസംബോധനക്ക് ഉചിതമായ പദം കിട്ടാതെ ഉഴലുന്ന അനുരാഗമൂര്ഛ!
അന്ത ഉമ്മുന് അം അബുന്
മാ റഐനാ ഫീഹിമാ
മിസ്ല ഹുസ്നിക ഖത്വു യാ
സയ്യിദീ ഖൈറന്നബീ…”
തിരുനബി സ്നേഹം വേരുകളിറക്കിയ ഈ ഹൃദയങ്ങള്‍ മദീനയിലേക്കും തിരുറൗളയിലേക്കുമെത്താനുള്ള വെന്പല് ഇവിടെ ശ്രവിക്കാം. മദീനയിലെത്തുന്നതോടെ അവര്‍ മതി മറക്കുന്നു. വിശുദ്ധറൗളയുടെ ചുമരുകളില്‍ ചുംബിക്കുന്നു. ആ നേതാവ് നടന്ന മണല്പരപ്പിലൂടെ നടക്കുന്നു. ആ തിരുമേനിയുടെ പാദം പതിഞ്ഞിടങ്ങളില്‍ മുഖമമര്‍ത്തി ചുംബിക്കാനാഗ്രഹിക്കുന്നു. തിരുശേഷിപ്പുകള്‍ കാണുന്നതിലും തൊടുന്നതിലും അവര്‍ അതിരുകളില്ലാത്ത ആനന്ദം കണ്ടെത്തുന്നു. തിരുകേശം മുക്കിയെടുത്ത ഒരു കുപ്പി വെള്ളത്തിനായി മൈലുകള്‍ താണ്ടി അവര്‍ പോവുന്നു.
സ്നേഹത്തിന്റെ കുത്തും കോമയുമില്ലാത്ത, അനുരാഗത്തിന്റെ താളവും പ്രാസവുമില്ലാത്ത ഈ ഭാഷ മനസ്സിലാവാത്ത മറ്റേ സമൂഹങ്ങളെ ശാന്തമായി വീക്ഷിക്കുക. അവരുടെ ജീവിതത്തിലെവിടെയും തിരുനബി കാര്യമായി വിഷയീഭവിക്കുന്നേയില്ല. ഒന്നാം സമൂഹത്തില്‍ കണ്ട പ്രേമാഭിനിവേശത്തിന്റെ തരിന്പുകള് സൂക്ഷ്മ നിരീക്ഷണത്തിന്റെ ഒരു അരിപ്പക്കോരിയിലും നമുക്ക് വേര്‍തിരിക്കാനേ കഴിയില്ല. എന്നാല്‍, ഈ രണ്ടാം വിഭാഗത്തില്‍ കോണ്‍ട്രാക്ട് തീര്‍ക്കും പോലുള്ള അനുഷ്ഠാന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം, പോലീസ് ഭാഷയിലുള്ള ചില മന്ത്രോച്ചാരണങ്ങള്ക്കപ്പുറം, പട്ടാളച്ചിട്ടയിലുള്ള ചില അഭ്യാസങ്ങള്‍ക്കപ്പുറം, തൊലിയുരിഞ്ഞ ചില പദപ്രയോഗങ്ങള്‍ക്കപ്പുറം, അനുരാഗത്തിന്റെയോ, വികാര വായ്പിന്റെയോ ഒരു നിഴല്ബിംബം പോലും നാമെവിടെയും കാണുന്നില്ല. തിരുനബിയെ അവര്‍ നിശ്ചയിക്കുന്ന അകലത്തില്‍ നിര്‍ത്തി സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കുന്ന ഇവരുടെ പള്ളികളില്‍ നിന്നോ വീടുകളില്‍ നിന്നോ വാഴ്ത്തപ്പെടലിന്റെ ഒരു വരി ഗീതംപോലും ഉയരുന്നില്ല.
തിരുനബിയുടെ പേരില്‍ ഒത്തുചേരാനുള്ള എല്ലാ അവസരങ്ങളും കൊത്തി നുറുക്കിയ ഇവര്‍ക്ക് തിരുനബിപ്രേമമെന്ന തത്വത്തെക്കുറിച്ച് കൂരിരുട്ടില്‍ എന്തോ തപ്പാനല്ലാതെ, ജീവിതത്തില്‍ പച്ചയായി അനുഭവിക്കാന്‍ കഴിയുന്നേയില്ല. വിശുദ്ധ റബീഅ് കടന്നുവരുന്പോള്‍ ഈ സമൂഹങ്ങളുടെ മതപാഠശാലകളില്‍ നിന്ന് ഒരു കുരുന്നിന് പോലും മദ്ഹ്ഗീതം പാടാന്‍ ഭാഗ്യമില്ല. തിരുപ്പിറവിയുടെ നാളുകള്‍ കടന്നു വരുന്പോള്‍ കറുപ്പിച്ച മുഖങ്ങളും ഗ്രഹണം ബാധിച്ച കണ്ണുകളും ശ്മശാന മൂകതയും ഉല്പാദിപ്പിക്കേണ്ടിവരുന്ന ഇവര്‍, അതാണ് പ്രവാചകപ്രേമം’ എന്ന് ആളുകളെ പറഞ്ഞ് തിരിയിച്ചു കൊടുക്കേണ്ടി വരിക കൂടി ചെയ്യുന്നു.
വ്യത്യസ്ത സമൂഹങ്ങള്‍ക്ക് തിരുനബിയോടുള്ള നിലപാട് തൂക്കമൊപ്പിച്ചു നോക്കുന്പോള്‍ ആശ്ചര്യകരമായി തോന്നുന്ന മറ്റൊരു കാര്യമുണ്ട് പരിഷ്കാരി ഇസ്ലാമിക സമൂഹം പ്രതീക്ഷിക്കുന്നത് കഴിവുറ്റ, ബുദ്ധിമാനായ, സമൂദ്ധാരകനായ, ദാര്‍ശനികനായ ഒരു ചരിത്ര പുരുഷനെയാണല്ലോ. അവരുടെ അന്തര്‍ഗതം അങ്ങനെ ആയതിനാല്‍ തന്നെ, തിരുനബി(സ്വ)യെ സാധ്യമായ എല്ലാ അമാനുഷിക സ്പര്‍ശങ്ങളില്‍ നിന്നും അഴിച്ചെടുത്ത് വെറും ഒരു സാദാ മനുഷ്യനാക്കിത്തീര്‍ക്കാന്‍ എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും അവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
ഇലാഹീ ദൗത്യം ഭംഗിയായി നിര്‍വഹിച്ച വെറും മനുഷ്യനല്ലേ മുഹമ്മദ് എന്ന ഇവരുടെ ഈ ചോദ്യം പൂര്‍വ്വകാല അവിശ്വാസികളും ചോദിച്ചിരുന്നു എന്ന് തിരിച്ചറിയുന്പോഴാണ് ഇവര്‍ തമ്മിലുള്ള പൊക്കിള്‍ക്കൊടിബന്ധത്തെക്കുറിച്ച് നമുക്ക് ബോധ്യമാവുന്നത്. പൂര്‍വ്വകാലത്ത് വിശ്വാസികള്‍ ജല്പിച്ചത് അറിഞ്ഞോ അറിയാതെയോ അപ്പടി ആവര്‍ത്തിക്കുകയാണ് ഇവര്‍. പരിഹാസവും ധിക്കാരവും സമം ചേര്‍ത്ത് പാകമാക്കിയ ആ ചോദ്യങ്ങള്‍ പല സ്ഥലങ്ങളിലായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നുണ്ട്.
ചരിത്രത്തില്‍ ആദ്യമായി ഇത്തരമൊരു ചോദ്യം ചോദിച്ചതാരാണെന്ന അന്വേഷണം പരിഷ്കാരി ഇസ്ലാമുകളുടെ ഉള്ള് പൊള്ളിച്ചേക്കാനിടയുണ്ട്. എന്നുവെച്ച്, ആ യാഥാര്‍ത്ഥ്യം മറച്ചു വെക്കുന്നത് ഉചിതമല്ലല്ലോ? ആ ചോദ്യം ആദ്യമായി വന്നത് ഇബ്ലീസില്‍ നിന്നാണ്. അവന് അഭിശപ്തനായി മാറുന്നത് ഈ ചോദ്യത്തോടുകൂടിയാണ്. അല്ലാഹു ചോദിച്ചു ഇബ്ലീസ്! നീ എന്തുകൊണ്ട് ആദമിന് സുജൂദ് ചെയ്തില്ല?’ ഇബ്ലീസ് പറഞ്ഞു ഒരു മനുഷ്യന് ഞാന്‍ സുജൂദ് ചെയ്യുകയോ, ഇല്ല നീ അവനെ സൃഷ്ടിച്ചിരിക്കുന്നത് മുട്ടിയാല്‍ ശബ്ദമുണ്ടാകുന്ന കളിമണ്ണില്‍നിന്നാണ്.’ അല്ലാഹു പറഞ്ഞു പുറത്ത് പോകൂ! നീ ശപിക്കപ്പെട്ടവനായിരിക്കുന്നു. അന്ത്യനാള്‍ വരെ നിനക്കു ശാപം.’ (വി.ഖു 15: 32 – 35)
ഇവിടെ ഇബ്ലീസ് ആദം നബിയെക്കുറിച്ച് ഒരുതരം വരണ്ട കാഴ്ച്ചപ്പാടാണ് വെച്ചുപുലര്‍ത്തുന്നത്. കാര്യങ്ങള്‍ ശാസ്ത്രീയമായി അടുക്കിവെച്ച് ന്യായങ്ങള്‍ മാത്രം പറയുന്ന കോടതി ശൈലി! ഇബ്ലീസിനെ കൂടി സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിനോടാണ് ഈ ന്യായംപറച്ചില്‍ എന്നോര്‍ക്കണം. ഇവിടെ, ആദം(അ) ഉള്‍കൊള്ളുന്ന ഉന്നതമായ ആത്മീയവിതാനത്തെയോ, അല്ലാഹു അര്‍പ്പിച്ച നുബുവ്വത്തിന്റെ മുല്യത്തെയോ കാണാന്‍ ഇബ്ലീസിനാവുന്നില്ല. ആദം(അ)മിന്റെ അതിമാനുഷികത ഉള്‍ക്കൊള്ളാന്‍ ഇബ്ലീസ് തയ്യാറായിരുന്നുവെങ്കില്‍ കേവലം മനുഷ്യന് എന്നാക്ഷേപിച്ച് ആദം(അ) മിനെ മാറ്റിനിര്‍ത്താന്‍ ഇബ്ലീസിനാവുമായിരുന്നില്ലല്ലോ.
സ്വര്‍ഗത്തില്‍ നിന്ന് ശാപത്തിന്റെ ഭാണ്ഡങ്ങളുമായി പുറത്തുകടക്കേണ്ടി വന്ന അവന് അന്ത്യനാള്‍ വരെ അഭിശപ്തനായി ജീവിക്കാന്‍ കഴിയുക എന്നതിനൊപ്പം മറ്റുള്ളവരെ ന്യായംപറച്ചിലിലേക്കു ക്ഷണിച്ച് വഴികേടിലാക്കാനുള്ള ലക്ഷ്യവുമുണ്ട്.
ഇബ്ലീസ് ചോദിച്ചത് പോലുള്ള ചോദ്യങ്ങള്‍ എല്ലാ കാലത്തുമുണ്ടാകും. അതുണ്ടായിട്ടുണ്ടെന്ന് പലസ്ഥലങ്ങളിലായി ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നൂഹ് നബി(അ)ന്റെ ജനതയിലെ ഇബ്ലീസു ബാധിതരെ പറ്റി ഖുര്‍ആന്‍ പറയുന്നു നാം നൂഹിനെ അവന്റെ ജനതയിലേക്ക് അയച്ചു. നൂഹ് വിളംബരം ചെയ്തു. ജനങ്ങളേ! അള്ളാഹുവിന് വഴിപ്പെടുക. അവനല്ലാതെ മറ്റൊരു ആരാധകനില്ല. നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ!.’ ആ ജനതയില്‍ നിന്ന് അവിശ്വാസികള്‍ പ്രതികരിച്ചു. ഇതു നിങ്ങളെപ്പോലുള്ള വെറും ഒരു മനുഷ്യനല്ലേ? അവന് നിങ്ങളുടെ മേല്‍ ആളാവാന്‍ നോക്കുകയാണ്. അങ്ങനെ അല്ലാഹുവിന് ഉദ്ദേശ്യം ഉണ്ടായിരുന്നുവെങ്കില്‍ അവന് മലക്കുകളെ അയക്കണമായിരുന്നില്ലേ. ഇതൊന്നും നമ്മുടെ പൂര്‍വ്വ പിതാക്കളില്‍ നിന്ന് കേട്ടിട്ടില്ലാത്തതാണ്”(23:23 – 24)
തിരുദൂതരെ കൊച്ചാക്കി, കേവലം സാധാരണ മനുഷ്യനാണെന്നു പറഞ്ഞ് നൂഹ് നബിയെ തള്ളിമാറ്റി ഈ വിഭാഗം പരിഷ്കാരികള്‍.
ഖുര്‍ആന്‍ പൈശാചിക ചിന്തയുടെ കാലാനുഗതികമായുള്ള വികാസ പരിണാമങ്ങളുടെ കഥ തുടരുന്നുഅവര്ക്ക് ശേഷം നാം ജനപഥങ്ങളെ ഉണ്ടാക്കി. അവരിലേക്ക് നാം ദൂതരെ നിയോഗിക്കുകയും ചെയ്തു. അല്ലാഹുവിനെ ആരാധിക്കുക. അവനല്ലാതെ ആരാധ്യനില്ല. നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ? അവിശ്വസിക്കുകയും പരലോകം കണ്ടുമുട്ടുന്നതിനെ നിരാകരിക്കുകയും ചെയ്തവരിലെ ഒരു വിഭാഗം പറഞ്ഞു. (അവരെ നാം ഭൗതികജീവിതത്തില്‍ ആകൃഷ്ടരാക്കിയിരിക്കുന്നു.) ഇതെന്താ ഇത്! നിങ്ങളെപ്പോലുള്ള ഒരു മനുഷ്യനെ പിന്‍പറ്റിയാല്‍ നിങ്ങളായിരിക്കും പിന്നെ ഏറ്റവും വലിയ പരാജിതന്. നിങ്ങള്‍ മരിച്ച് എല്ലും മണ്ണുമൊക്കെ ആയിമാറിയാല്‍ പിന്നെയും നിങ്ങളെ പുറത്തുകൊണ്ട് വരും എന്നൊക്കെ ഇവന് നിങ്ങളെ പേടിപ്പിക്കുന്നുണ്ടോ? ഈ ഭീഷണികളൊക്കെ അകലെ അകലെ”. (23:31 – 36)
ഹ! എന്തു സുന്ദരമായാണ് ഇബ്ലീസിന്റെ അരുമ ശിഷ്യര്‍ നാക്കിട്ടടിക്കുന്നത്. ഒരു വേള, ഗുരുവിനെപ്പോലും അതിജയിക്കുന്ന വാങ്മയം. ബുദ്ധികൊണ്ട് കാര്യങ്ങള്‍ ശാസ്ത്രീയമായി ചിന്തിച്ച് ആ യുക്തിക്ക് പറ്റാത്തത് തള്ളുന്നവര്‍!
അതേ അധ്യായത്തില്‍ ഖുര്‍ആന്‍ തുടരുന്നുപിന്നെ നാം വ്യക്തമായ പ്രമാണങ്ങളും സാക്ഷ്യങ്ങളും സഹിതം മൂസയെയും സഹോദരന് ഹാറൂനിനെയും ഫിര്‍ഔനിലേക്കും അവന്റെ ജനപഥത്തിലേക്കും നിയോഗിച്ചു. അപ്പോള്‍ അവന് അഹങ്കാരം കാണിച്ചു. അവര്‍ ഔന്നത്യമുള്ള സമുദായമായിരുന്നു. അവര്‍ പറയുകയും ചെയ്തു. നാം നമ്മളെപ്പോലുള്ള മനുഷ്യരെ വിശ്വസിക്കുകയോ? അവര്‍ രണ്ടു പേരുടെയും ജനത ആരാധകരുമായിരിക്കെ?” (23:45 – 47)
നബിമാരെ സാധാരണ മനുഷ്യരാക്കി അവഹേളിക്കുന്നതാണിവിടെയും കാണുന്നത്. തൗഹീദിന്റെ സന്ദേശങ്ങളുമായി തന്റെ ജനതയെ സമീപിച്ചപ്പോള്‍ സ്വാലിഹ് നബി(അ)നോട് സമൂദ് സമൂഹം ചോദിച്ചതും ഇതുതന്നെയാണ്.
സമൂദ്കാര്‍ ദൂതന്മാരെ നിരാകരിച്ചു. അവരുടെ സഹോദരന് സ്വാലിഹ് നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ’ എന്നു പറഞ്ഞപ്പോള്‍…(26:141 – 142) അവര്‍ പറഞ്ഞു നിനക്കെന്താ, മാരണം പിടിച്ചിരിക്കുന്നോടാ. നീ നമ്മളെപ്പോലുള്ള ഒരു വെറും മനുഷ്യനല്ലേ? ഇനി നീ സത്യമാണ് പറയുന്നതെങ്കില്‍ അതിന് തെളിവ് കൊണ്ടുവാ.'(26:153 – 154)
ഇതേ വാചകം തന്നെയാണ് ശുഐബ്(അ)മിന്റെ ജനതയിലെ അവിശ്വാസികള്‍ പറഞ്ഞതും. ഐക്കുകാര് ദൈവദൂതന്മാരെ നിരാകരിച്ചു. ശുഐബ് നബി അവരോട് പറഞ്ഞ വേളയില്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ'(26:176-177)…അവര്‍ പറഞ്ഞു, നീ കേവലം നമ്മളെപ്പോലൊരു മനുഷ്യനാണ്. നീ കളവ് പറയുന്നവരിലെ ഒരംഗമാണെന്നല്ലാതെ നമ്മള് നിന്നെപ്പറ്റി വിചാരിക്കുന്നില്ല.'(26:185 -186)
പൂര്‍വ്വകാല നബിമാരൊക്കെ നേരിട്ട ഈ മനുഷ്യന്വിളി’ തിരുനബി(സ)തങ്ങള്‍ക്കും ഏല്‍ക്കേണ്ടി വന്നതായി ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. അബൂജഹ്ലും കൂട്ടരുമാണ് ഇത് ചോദിച്ചത് ഇത് നിങ്ങളപ്പോലുള്ള കേവലം ഒരുമനുഷ്യനല്ലയോ….നിങ്ങള്‍ മാജിക്കിന് പോവുകാണോ. നിങ്ങള്‍ക്ക് കാഴ്ചയില്ലേ …..”
അവര്‍ പറഞ്ഞു എന്താണീ റസൂലിന്’? ഭക്ഷണം കഴിക്കുന്നു, അങ്ങാടിയിലൂടെ നടക്കുന്നു. കൂടെ നടക്കുവാനും പേടിപ്പിച്ചറിയിക്കുവാനും ഒരു മലക്കിനെ കൂടി അയച്ചുകൂടായിരുന്നോ?” (25:7) മൊത്തത്തില്‍, മുന്‍കഴിഞ്ഞ എല്ലാ നബിമാരെയും ഇതേ നിലക്ക് വെറും മനുഷ്യന്’ എന്നു വിളിച്ച് തരം താഴ്ത്തുന്ന ഒരേര്‍പ്പാട് എല്ലാ സമൂഹങ്ങളിലുമുണ്ടായിരുന്നു. ഇബ്ലീസ് അന്ന് ആദം നബിയോട് കാണിച്ച സമീപനവും അവന് ഏറ്റെടുത്ത ആ ദൗത്യവും ഒട്ടും കൃത്യവിലോപമില്ലാതെ നിര്‍വ്വഹിച്ച് ഇബ്ലീസ് ഉണ്ടാക്കിയെടുത്ത പൈശാചിക മൂശയിലൂടെ ചിന്തകളെ അച്ചുചെയ്യുന്നവര് നേരെയാവാന്‍ തരമില്ല. പൂര്‍വ്വകാല സമൂഹങ്ങളുടെ അപചയകാരണത്തെക്കുറിച്ച് പറയുന്നിടത്ത് ഖുര്‍ആന്‍ ഇക്കാര്യവും പറയുന്നു അവിശ്വാസികളായ സമൂഹങ്ങളുടെ വാര്‍ത്ത നിങ്ങള്‍ കേട്ടില്ലെയോ അവര്‍ അവരുടെ കര്‍മ ഫലങ്ങള്‍ അനുഭവിച്ചു. വേദനാജനകമായ ശിക്ഷയാണവര്‍ക്കുള്ളത്. എന്തുകൊണ്ടെന്നാല്‍, അവരിലേക്ക് ഇലാഹീ ദൂതന് സാക്ഷ്യങ്ങളുമായി കടന്നു വരുമായിരുന്നു. അപ്പോള്‍ അവര്‍ പറയാറ്, ഒരു വെറും മനുഷ്യന് നമ്മളെ സന്മാര്ഗ്ഗത്തിലാക്കുകയോ? അങ്ങനെ അവര്‍ അവിശ്വസിച്ചു, പുറം തിരിഞ്ഞു നിന്നു.”(64:4-5).
നിലവിലുള്ള ഇസ്ലാമിക സമൂഹങ്ങളെ പരിശോധിക്കുന്പോള്‍ ഏത് സമൂഹമാണ് നബിതങ്ങളെക്കുറിച്ച് ഇബ്ലീസിയന് ഭാഷാ ശൈലിയില്‍ സംസാരിക്കുന്നത്? കേരളത്തിലെ മതകീയാന്തരീക്ഷത്തില്‍ ആരാണ് അങ്ങനെ പറയുകയും എഴുതുകയും ചെയ്യുന്നവരെന്നത് ഇപ്പോള്‍ വ്യക്തമായി ആര്‍ക്കും അറിയുന്ന മട്ടിലായിത്തീര്ന്നിരിക്കുന്നു. നബി(സ)യെ സാധാരണ മനുഷ്യനായി ചിത്രീകരിച്ചതിന്റെ പേരില്‍ ഇവിടെ സ്റ്റേജുകളിലും പേജുകളിലുമായി നിരവധി വാഗ്വാദങ്ങള്‍ നടന്നതാണ്. പരിമിതമായ ബുദ്ധിയിലൂടെ, ലഭ്യമായ ന്യായവാദങ്ങള്‍ അടുക്കിവെച്ച് ചോദ്യം ചെയ്യുന്ന ഇവര്‍ പോയ കാല സമൂഹങ്ങളുടെ ചരിത്രം അറിയാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.
ഫൈസല്‍ അഹ്സനി ഉളിയില്‍
ഫൈസല്‍ ആഹ്സനിക്ക് അഭിനന്ദനങ്ങള്‍. നല്ല ആശയം അവതരണം. ഒരു ഫേസ് ബുക്ക് കമ്മന്റു ഇവിടെ ആഡ് ചെയ്തിരുന്നെങ്കില്‍ ലേഖനത്തെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാമായിരുന്നു.
ithu copy cheythu fb paste cheythalum mathi… Ashraf Bhai…