ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)

ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)

അബ്ബാസി ഖലീഫ അബുല്‍മുളഫ്ഫര്‍ യൂസുഫ് ബഗ്ദാദിലെത്തി. ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യെ കാണുകയാണ് ലക്ഷ്യം. ബഗ്ദാദിലെ ബാബുല്‍അസ്ജിലുള്ള മതപാഠശാലയിലാണ് ശൈഖുള്ളത്. ഖലീഫ സലാം പറഞ്ഞു ശൈഖിന്‍റെ മജ്ലിസില്‍ കടന്നു. ഗുരുവിനോട് ഉപദേശങ്ങള്‍ തേടി. ശേഷം ഖലീഫ, പത്തു വലിയ പണക്കിഴികള്‍ ശൈഖിന് സമ്മാനമായി കാഴ്ചവച്ചു. അവ നിരസിച്ചു കൊണ്ട് ശൈഖ് പറഞ്ഞു എനിക്കിതാവശ്യമില്ല.

അങ്ങനെ പറയരുത് അങ്ങ് ഇത് സ്വീകരിച്ചേ തീരൂ. ഖലീഫ നിര്‍ബന്ധം പിടിച്ചപ്പോള്‍ ശൈഖ് രണ്ടു പണക്കിഴികള്‍ ഓരോ കയ്യിലെടുത്ത് ഒന്നു കറക്കി. അവയില്‍ നിന്ന് ചോര കിനിയാന്‍ തുടങ്ങി! ഇത് കാണിച്ചു കൊടുത്തിട്ട് ശൈഖ് ഖലീഫയോടു ചോദിച്ചു അബുല്‍മുളഫ്ഫര്‍! താങ്കള്‍ ലജ്ജിക്കുന്നില്ലേ? ജനങ്ങളുടെ ചോരയാണിത്! ഇതുമായിട്ടാണോ താങ്കള്‍ വന്നിരിക്കുന്നത്? ഖലീഫ ബോധരഹിതനായി. അല്‍പസമയത്തിനു ശേഷം ശൈഖ് പറഞ്ഞു അബുല്‍ മുളഫ്ഫര്‍ നബികുടുംബാംഗമാണ്. അല്ലായിരുന്നുവെങ്കില്‍ ഖലീഫയുടെ കൊട്ടാരംവരെ ചെന്നെത്തുംവിധം ഈ പണക്കിഴികളിലെ ചോര ഒഴുകിയെത്താന്‍ ഞാന്‍ അനുവദിച്ചേനെ. ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ ജീവിതത്തിലുടനീളം ഇത്തരം അനുഭവങ്ങളുണ്ട്. അവ ജനസഹസ്രങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും അവരെ നേരായ ദിശയിലേക്കു തിരിക്കുകയും ചെയ്തു.

ലോകമാകെ അറിവിന്‍റെ വെളിച്ചം വിതറുന്ന ഒരു ഖുറൈശിജ്ഞാനി (എന്‍റെ കുടുംബത്തില്‍) പിറക്കാനിരിക്കുന്നു എന്ന് നബി(സ) പവചിച്ചു. ആ ജ്ഞാനി ഇമാം ശാഫിഈ ആയിരുന്നെന്ന് പിന്നീട് ലോകം കണ്ടെത്തി. ഇതുപോലെ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ ജനനത്തിനു മുന്പേ ഒരുപാട് പ്രവചനങ്ങള്‍ നടന്നതായി നൂറുദ്ദീന്‍ ശത്നൗഫി ബഹ്ജതുല്‍അസ്റാറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്‍ഖിയതുല്‍ ഖാതിറിലും ഇതു സംബന്ധമായ വിവരണങ്ങളുണ്ട്. ജനനത്തിന്‍റെ നൂറുവര്‍ഷം മുന്പുതന്നെ പ്രവചനം നടന്നതായാണ് ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നത്. പ്രസിദ്ധ സൂഫി ജുനൈദുല്‍ബാഗ്ദാദിയുടെ പ്രവചനം ശ്രദ്ധിക്കുക അബ്ദുല്‍ഖാദിര്‍ എന്നു പേരുള്ള ഒരു പുണ്യാത്മാവ് ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനം ജനിക്കും. അദ്ദേഹം അത്യുന്നതങ്ങളില്‍ വിരാജിക്കും.

ഹിജ്റവര്‍ഷം 470 റമളാന്‍ 1 (ക്രിസ്തുവര്‍ഷം 1077 ജൂണ്‍)നാണ് ശൈഖ് ജീലാനി(റ) ജനിച്ചത്. ഗിലാന്‍ (ജീലാന്‍) പ്രവിശ്യയിലെ നയീഫ് ദേശത്തെ ഗൈല്‍ പട്ടണമാണ് ജന്മനാട്. പിതാവ് സയ്യിദ് അബൂസാലിഹ് മൂസാ ജംഗിദോസ്ത്. മാതാവ് ഉമ്മുല്‍ഖൈര്‍ ഫാതിമ ബിന്‍ത് സയ്യിദ് അബ്ദുല്ലാ സൗമഈ. പിതൃപരന്പരയും മാതൃപരന്പരയും നബികുടുംബമാണ്.

പിതൃപരന്പര ഇങ്ങനെ സയ്യിദ് അബൂ സാലിഹ് മൂസാ ജംഗീദോസ്ത്, സയ്യിദ് അബൂ അബ്ദില്ലാ, സയ്യിദ് യഹ്യസ്സാഹിദ്, സയ്യിദ് മുഹമ്മദ്, സയ്യിദ് ദാവൂദ്, സയ്യിദ് മൂസാ അസ്സാനി, സയ്യിദ് അബ്ദുല്ലാഹിസ്സാഹീ, സയ്യിദ് മൂസാ അല്‍ജൗന്‍, സയ്യിദ് അബ്ദുല്ലാ അല്‍മഹ്ള്, സയ്യിദ് ഹസനുല്‍മുസന്നാ, ഇമാം ഹസന്‍ബ്നുഅലി(റ).

മാതൃപരന്പര സയ്യിദ് അബ്ദുല്ലാ സൗമഈ, സയ്യിദ് അബുജമാലുദ്ദീന്‍ മുഹമ്മദ്, സയ്യിദ് മഹ്മൂദ്, സയ്യിദ് അബുല്‍അത്വാഅ് അബ്ദുല്ലാ, സയ്യിദ് കമാലുദ്ദീന്‍ ഈസാ, സയ്യിദ് അബൂ അലാഉദ്ദീന്‍ മുഹമ്മദുല്‍ ജവാദ്, സയ്യിദ് അലിയ്യുര്‍രിളാ, സയ്യിദ് മൂസല്‍കാളിം, സയ്യിദ് ജഅ്ഫറുസ്സാദിഖ്, സയ്യിദ് മുഹമ്മദുല്‍ബാഖിര്‍, സയ്യിദ് സൈനുല്‍ആബിദീന്‍, ഇമാം ഹുസൈനുബ്നു അബീത്വാലിബ്(റ).

പിതാവ് വഴി ഹസന്‍(റ)വിലേക്കും മാതാവ് വഴി ഹുസൈന്‍(റ)വിലേക്കും ചെന്നെത്തുന്നതിനാല്‍ ശൈഖ് ജീലാനി ഒരേ സമയം ഹസനിയും ഹുസൈനിയുമാണ്. ഈ മഹിമയുള്ളവര്‍ക്ക് ശരീഫ് എന്നു പറയാറുണ്ട്. പിതാവിന്‍റെ ഉമ്മ ഉമ്മുസലമ സിദ്ദീഖ്(റ)ന്‍റെ കുടുംബ പരന്പരയിലുള്ളവരായതിനാല്‍ സിദ്ദീഖി എന്ന മഹത്വവും ശൈഖിനുണ്ട്.

ശൈഖ് അബ്ദുല്‍ഖാദിര്‍(റ)യുടെ ജീവചരിത്രം പരിശോധിക്കുന്പോള്‍ വെളിപ്പെടുന്ന പ്രധാന വസ്തുത ശൈഖിന്‍റെ നിയോഗം ഇലാഹിന്‍റെ പ്രത്യേക തീരുമാനത്തോടെയുള്ളതാണെന്നാണ്. ജനനം മുതല്‍ വിയോഗം വരേയുള്ള ജീവിതം മുഴുവനും സംഭവ ബഹുലമാണ്. സയ്യിദ് അബൂസ്വാലിഹ് ഉമ്മുല്‍ഖൈറിനെ വിവാഹം ചെയ്യുന്നതിലേക്ക് എത്തിച്ചേര്‍ന്ന സംഭവം പ്രസിദ്ധമാണ്. അതീവ സൂക്ഷ്മതയോടെ ജീവിച്ചിരുന്ന അബൂസാലിഹ് ഒരു നദിക്കരയിലൂടെ സഞ്ചരിക്കുകയായിരുന്നു. അന്നേരം നദിയിലൂടെ ഒഴുകിവന്ന ഒരു പഴമെടുത്ത് അദ്ദേഹം കഴിച്ചു. വിശപ്പ് ശമിച്ചെങ്കിലും പഴത്തിന്‍റെ ഉടമക്ക് അത് സമ്മതമാവുമോ എന്നോര്‍ത്തു ദുഃഖിതനായി. അന്വേഷിച്ച് ഉടമസ്ഥനെ കണ്ടെത്തി. വിഷയം പറഞ്ഞപ്പോള്‍ ഉടമസ്ഥന്‍ സയ്യിദ് അബ്ദുല്ല സൗമഇക്ക് അത്യധികം സന്തോഷമായി. ഈ സൂക്ഷ്മാലുവിന് തന്നെ തന്‍റെ മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഈ ദന്പതികളിലാണ് ശൈഖ് ജീലാനി(റ) ജനിക്കുന്നത്.

ചെറുപ്പം മുതലേ ശൈഖ് ജീലാനി(റ)യില്‍ ചില പ്രത്യേകതകളുണ്ടായിരുന്നു. അത് സമൂഹം അറിഞ്ഞു തുടങ്ങി. കുട്ടി പലരുടെയും ശ്രദ്ധാകേന്ദ്രമായി. പരിവര്‍ത്തനത്തിന്‍റെ വരാനിരിക്കുന്ന യുഗത്തിലേക്കു ജനശ്രദ്ധ ഉണ്ടാകത്തക്കവിധം അല്ലാഹുവിന്‍റെ പ്രത്യേക തീരുമാനങ്ങളായിരുന്നു അതെന്ന് പില്‍ക്കാലത്ത് ജ്ഞാനികള്‍ വിലയിരുത്തിയിട്ടുണ്ട്.

കുഞ്ഞായിരുന്നപ്പോള്‍ തന്നെ ശരീഅത്തിന്‍റെ വിധിവിലക്കുകള്‍ പാലിച്ചു തുടങ്ങി. മുലകുടിപ്രായത്തില്‍ നോന്പനുഷ്ഠിച്ചിരുന്നതായി ജീവചരിത്ര കൃതികളിലുണ്ട്. അതിനുമാത്രമുള്ള ഉള്‍പ്രേരണയുണ്ടാകുന്നത് അസംഭവ്യകാര്യമൊന്നുമല്ല. പക്ഷി മൃഗാദികള്‍ക്കുണ്ടാവുന്ന ആവേഗം മനസ്സിലാക്കിയാല്‍ തന്നെ ഇതു ബോധ്യമാവും. ഇതിലെല്ലാമുപരി ഒരു മനുഷ്യന്നു പ്രത്യേകമായി അല്ലാഹു നല്‍കുന്ന ആദരവ് അംഗീകരിക്കാതിരിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ല.

മഹിതപാരന്പര്യമുള്ള മാതാവിന്‍റെ പരിലാളനയിലൂടെ അബ്ദുല്‍ഖാദിര്‍ ജ്ഞാനസപര്യയില്‍ ഏറെ കാതങ്ങള്‍ താണ്ടി. പത്തുവയസ്സുള്ളപ്പോള്‍ ഒരിക്കല്‍ സഹപാഠികള്‍ക്ക് അദൃശ്യലോകത്തുനിന്ന് ഇങ്ങനെ കേള്‍ക്കാനായി അല്ലാഹുവിന്‍റെ വലിയ്യിന്ന് ഇരിപ്പിടത്തില്‍ വിശാലത നല്‍കൂ! ഈ സംഭവം സതീര്‍ത്ഥ്യര്‍ക്കിടയില്‍ അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി എന്നത് സ്വാഭാവികം.

വിജ്ഞാനം തേടി ജന്മനാടുവിട്ടു പോവാനുള്ള ഉള്‍വിളി വന്നതോടെ ശൈഖ് ഉമ്മയോടു പറഞ്ഞു അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജ്ഞാനം നേടാനായി എന്നെ സമര്‍പ്പിച്ചാലും! എനിക്കു ബഗ്ദാദിലേക്ക് പോകാന്‍ അനുമതി തരണം. മഹാന്മാരുടെ സന്നിധിയിലെത്തണം. ഉമ്മ അനുമതി നല്‍കി. പിതാവിന്‍റെ അനന്തര സ്വത്തായി ലഭിച്ചിരുന്ന എണ്‍പത് സ്വര്‍ണനാണയങ്ങളില്‍ നിന്നു നാല്‍പതുനാണയങ്ങള്‍ മകന്‍റെ കുപ്പായത്തില്‍ തുന്നിപ്പിടിപ്പിച്ചു നല്‍കി. ഏതു സാഹചര്യത്തിലും സത്യമേ പറയാവൂ എന്നായിരുന്നു മാതാവിന്‍റെ ഉപദേശം. സത്യം എന്നതാണ് ശൈഖിന്‍റെ പദവികളുടെ മൂലക്കല്ല്. ചെറുപ്രായത്തില്‍ പോലും ഒരിക്കലും കളവ് പറഞ്ഞിട്ടില്ല. ശിഷ്യന്‍ മുഹമ്മദ്ബ്നു ഖാഇദുല്‍അവാനി(റ)യുടെ വിലയിരുത്തലാണിത്.

മാതാവിന്‍റെ ഉപദേശം സ്വീകരിച്ച്, ബഗ്ദാദിലേക്കു പോകുന്ന ഒരു ചെറിയ കച്ചവട സംഘത്തോടൊപ്പം മകന്‍ യാത്രയായി. ഹമദാന്‍ പ്രദേശം പിന്നിട്ടപ്പോള്‍ അറുപതോളം പേരടങ്ങുന്ന കവര്‍ച്ചാ സംഘം അവര്‍ക്കുമേല്‍ ചാടിവീണു. യാത്രാസംഘത്തെ അവര്‍ കീഴടക്കി. സര്‍വ്വതും കവര്‍ന്നു. അതിനിടെ കൊള്ളക്കാരില്‍ ചിലര്‍ ആ വിദ്യാര്‍ത്ഥിയെയും പിടികൂടി ചോദ്യം ചെയ്തു. കുപ്പായത്തിലൊളിപ്പിച്ചു വെച്ച സ്വര്‍ണ നാണയങ്ങളെക്കുറിച്ചുകുട്ടി പറഞ്ഞു. അവര്‍ അദ്ദേഹത്തെ കൊള്ളത്തലവന്‍റെയടുക്കല്‍ ഹാജറാക്കി. യാത്രക്കാരില്‍ നിന്നു കൊള്ള ചെയ്ത വസ്തുവഹകള്‍ ഒരു കുന്നിന്‍ചെരുവിലിരുന്ന് ഓഹരി ചെയ്യുകയായിരുന്നു തലവന്‍.
കുട്ടീ നിന്‍റെ പക്കല്‍ എന്തുണ്ട്?
നാല്‍പത് സ്വര്‍ണനാണയങ്ങള്‍.
അതെവിടെ?

ഇതാ എന്‍റെ ഈ കുപ്പായത്തില്‍ ഇവിടെ തുന്നിപ്പിടിപ്പിച്ചിരിക്കുന്നു.
തസ്ക്കരന്മാര്‍ കുട്ടിയെ പരിശോധിച്ചു.
ശരിയാണ്.
കൊള്ളത്തലവന് അതിശയമായി.

അയാള്‍ക്ക് എന്തോ ഒരു ഉള്‍വിളിവരുന്നതുപോലെ. മനസ്സ് ശാന്തിതീരത്തേക്കടുക്കുന്നതായി തോന്നി. സ്വരം താഴ്ന്നു. വിനയസ്വരത്തില്‍ ചോദിച്ചു.

മോനെന്തു കൊണ്ടാണ് ഒളിപ്പിച്ചുവെച്ച ഈ സ്വര്‍ണ നാണയങ്ങള്‍ വെളിപ്പെടുത്തിയത്? ഇക്കാര്യം മറച്ചുവെക്കാമായിരുന്നില്ലേ?
അതു പറ്റില്ല, എന്നെ യാത്രയാക്കുന്നേരം ഉമ്മയുടെ ഉപദേശമായിരുന്നു ഏതു സാഹചര്യത്തിലും സത്യം പറയണമെന്നത്. ഞാനത് പാലിച്ചതാണ്. മറുപടി കേട്ടതോടെ കൊള്ളത്തലവന്‍റെ മനസ്സിളകി. കണ്ണുനിറഞ്ഞു. അയാള്‍ വിങ്ങിക്കരഞ്ഞു. അയാള്‍ പറഞ്ഞു കൊണ്ടിരുന്നു ഈ മോന്‍ ഉമ്മയുടെ ഉപദേശമനുസരിച്ച് സത്യം മുറുകെ പിടിച്ചു. ഞാന്‍ എന്‍റെ സ്രഷ്ടാവിനെ ധിക്കരിച്ചു വര്‍ഷങ്ങളോളമായി കൊള്ളയും അക്രമവുമായി കഴിയുന്നു. എന്‍റെ രക്ഷിതാവിന്‍റെ കല്‍പനകള്‍ ഞാന്‍ ധിക്കരിക്കുന്നു. മോനേ, മാപ്പ്. ജനങ്ങളേ, മാപ്പ്. അയാള്‍ പശ്ചാത്താപ വിവശനായി. ഖേദം അതിന്‍റെ പാരമ്യതയിലെത്തി. തനിക്കു മാനസാന്തരമുണ്ടാക്കിയ ആ കുട്ടിയുടെ സാന്നിധ്യത്തില്‍ തന്നെ സര്‍വ്വ തിന്മകളും വെടിഞ്ഞു അയാള്‍ മാത്രമല്ല, അയാളുടെ സംഘത്തിലെ അംഗങ്ങള്‍ മുഴുവനും. കുട്ടിയുടെ സത്യസന്ധത ഒരു ചൈതന്യമായി ആ തസ്കരന്മാരുടെ മനസ്സിനുള്ളിലേക്കു പ്രവഹിക്കുകയാണുണ്ടായത്. ഇത് ആ പുണ്യവാന്‍റെ മഹത്വം തന്നെയാണ്. കാരണം, വീണുകിട്ടിയ വില പിടിച്ച എന്തെല്ലാം വസ്തുക്കള്‍ പലപ്പോഴും കുട്ടികള്‍ തന്നെ ഉടമസ്ഥരെ തിരിച്ചേല്‍പിക്കാറുണ്ട്. അവരുടെ വിശ്വസ്തതയെപ്പറ്റി വാര്‍ത്ത വരാറുമുണ്ട്. എന്നിട്ടാരുടെയും മനസ്സ് മാറിയതായി കേട്ടിട്ടില്ല.

(തീര്‍ന്നില്ല)
അന്‍വര്‍ ഊരകം

You must be logged in to post a comment Login