ദര്‍സ്പഠനം എനിക്ക് ആവേശമായിരുന്നു. പഠനങ്ങളും അനുഭവങ്ങളും നിറഞ്ഞ അന്തരീക്ഷം. അതിലെ ഒരു ചെറിയ അനുഭവമിതാ. എന്നെക്കാള്‍ മുതിര്‍ന്ന ഒരു വിദ്യാര്‍ത്ഥി ഒരു ചെറിയ പള്ളിയില്‍ ഇമാമത്ത് നില്‍ക്കാറുണ്ട്. അന്നൊരു വ്യാഴാഴ്ച ആ ജോലി എന്നെ ഏല്‍പിച്ചു. വെള്ളിയാഴ്ച രാവായതിനാല്‍ സ്വലാത്ത് മജ്ലിസുമുണ്ട് പള്ളിയില്‍.
ഉസ്താദിനോട് സമ്മതം വാങ്ങി ഞാന്‍ പള്ളിയിലെത്തി. മഗ്രിബ് നിസ്കാരാനന്തരം പ്രസിഡന്‍റ് ഹാജിക്ക അടുത്ത് വിളിച്ചു: ഉസ്താദേ, ഇശാഅ് കഴിഞ്ഞ് വീട്ടില്‍ വരണം.
അദ്ദേഹം വീട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്.
ഇങ്ങള് സ്വലാത്തിന് കൂടുന്നില്ലേ?
കഴിയാഞ്ഞിട്ടാ ഉസ്താദേ, കൊഴന്പ് തേക്കാനുണ്ട്.
പ്രായം തളര്‍ത്തിയ അവശതയില്‍ അദ്ദേഹം നടന്നകന്നു. സ്വലാതും നിസ്കാരവും കഴിഞ്ഞ് പുറത്തിറങ്ങി. ആകെ ഒരു അങ്കലാപ്പ്. എന്തു ചെയ്യും?
പോകണോ? അതും ഒറ്റയ്ക്ക്.
കോളജില്‍ കാന്‍റീന്‍ ആയതിനാല്‍ ചെലവുകുടി തീരെ പരിചയമുണ്ടായിരുന്നില്ല.
അവസാനം മനമില്ലാ മനസ്സോടെ വീട് ലക്ഷ്യമാക്കി നടന്നു. പഴയകാല പ്രൗഢി വിളിച്ചറിയിക്കുന്ന ഇരുനില വീട്. അങ്ങിങ്ങായി സിമന്‍റ് പാളികള്‍ ദാ പിടിച്ചോ, ഞാനിപ്പം വീഴും എന്ന മട്ടിലാണ്.
ആരെയും കാണുന്നില്ല.
ഇക്കാ… ഓയ്… ഹാജിക്കാ…
അപ്പുറത്ത് നിന്ന് ഒരു തല എത്തി നോക്കി.
തികഞ്ഞ അവശതയോടെ. ആ… ഉസ്താദ് ഉള്ളിലിരിക്ക്. ഓറ് കുളിക്കേണ്, ഇപ്പം എര്‍ങ്ങും.
അല്‍പസമയം കഴിഞ്ഞു. ഹാജിക്ക വന്നു.
ഉസ്താദേ, വാ ഇരിക്കീ, ചോറെടുത്തു?
ചാറും മീന്‍കറിയും മീന്‍വരട്ടിയതും കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു:
അല്ല ഹാജിക്കാ, ഇവിടെ ആരൂല്ലേ?
പെട്ടെന്ന് ഇരുള്‍ പരന്ന പോലെ ഹാജിക്കയുടെ മുഖം വിവര്‍ണമായി.
ഇല്ല മോനേ, മക്കളെല്ലാം വലുതായില്ലേ?, അവരൊക്കെ കെട്ട്യോളേം മക്കളേം കൊണ്ട് കഷ്ടപ്പെട്കയാണ്.
വന്നവഴി മറന്ന മക്കള്‍ക്കു വേണ്ടി ന്യായം കണ്ടെത്തുന്ന ഒരു പിതാവിന്‍റെ അണയാത്ത സ്നേഹം ആ വാക്കുകള്‍ക്കുണ്ടായിരുന്നു.
മക്കളൊക്കെ പുറത്താണോ?
ആ, ചെലോരൊക്കെ പൊര്‍ത്താ.. ഒറ്റ ബെശ്മേ ഉള്ളൂ, വെള്ളം കാച്ചാന്‍ കയ്യണില്ല.
പിന്നെ ഓക്ക് തീരെ വയ്യ, അതാ ഇങ്ങക്ക് ചോറും മീന്‍കറിയും. തൊട്ടടുത്ത വീട് ചൂണ്ടി.
മൂത്തോന്‍റെ വീടുകൂടല്‍ കഴിഞ്ഞ മാസാ കഴിഞ്ഞത്. ഓന്‍റെ ഓളാണേല് ടീച്ചറും. പക്ഷേ, പഠിപ്പിക്കുന്ന സ്കൂള്‍ ഓളെ പെരേന്‍റടുത്തായോണ്ട് ഓളാടെ പോവും.
ചെറീതിന്‍റെ ഓളാണേല് കോഴിക്കോട്ട് പഠിക്കാ. ഓന്‍ ഗള്‍ഫിലും.
പിന്നെ വയസ്സായില്ലേ…
ഒന്നിനും കൊള്ളാത്തോരെ ആര്‍ക്കാ വേണ്ടേ?
സ്നേഹവും പരിഭവവുമൊക്കെ മിന്നിമറിയുന്നുണ്ടായിരുന്നു ആ മുഖത്ത്.
വലിയ വീട്ടില്‍ രണ്ട് മനുഷ്യക്കോലങ്ങള്‍, വേണ്ട പോലെ തിന്നാന്‍ പോലും സാധിക്കാതെ!
കൈമടക്ക് തരുന്പോള്‍ ഉപ്പൂപ്പയുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. മുഖത്തേക്ക് നോക്കിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞതായി കണ്ടു. ഒരു വിറയലോടെ അദ്ദേഹം പറഞ്ഞു: മോനേ, മോനീ ഉപ്പൂപ്പാക്ക് വേണ്ടി ദുആ ഇരക്കണം. ഒന്നും ബേണ്ട. ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലി മരിക്കണം.
പള്ളിയിലെത്തുന്നത് വരെ എന്‍റെ പ്രാര്‍ത്ഥന റബ്ബേ, നിന്‍റെ നാമം ഉച്ചരിച്ച് മരിക്കാന്‍ ആ ഉപ്പൂപ്പക്ക് കഴിയണേ എന്നായിരുന്നു.
You must be logged in to post a comment Login