നിര്‍ത്തൂ, അസ്ഥിയുരുക്കുന്ന ആ ചോദ്യങ്ങള്‍

നിര്‍ത്തൂ, അസ്ഥിയുരുക്കുന്ന  ആ ചോദ്യങ്ങള്‍

കാണരുതേ, കാണരുതേ എന്നു മനസാ പ്രാര്‍ത്ഥിച്ചു നടക്കുന്നതിനിടെ, ഇതാ കണ്ടുമുട്ടിയിരിക്കുന്നു, അവനെ തന്നെ!! ഞാന്‍ മാത്രമല്ല, അവനുമായി പരിചയമുള്ള അധികമാളുകളും അവനെ കാണാനോ മിണ്ടാനോ ഇഷ്ടപ്പെടുന്നില്ല. മജ്ജവരെ തുളച്ചെത്തുന്ന അവന്‍റെ ചൂഴ്ചോദ്യങ്ങള്‍ സഹിക്കവയ്യാഞ്ഞാണ്, ഇങ്ങനെ ഒരു തീര്‍പ്പിലെത്തിപ്പോയത്.

എന്താ ഇപ്പൊ എവിടെയും കാണുന്നില്ലല്ലോ? എഴുത്തൊക്കെ തീരേ നിര്‍ത്തിയോ? ഒറ്റ ഒന്നിലും പേരു കാണുന്നില്ലല്ലോ? എല്ലാം പറ്റെ വറ്റിപ്പോയോ? എന്താ പറ്റിയത്?
കണ്ടമാത്രയില്‍, പ്രാരംഭമുറകള്‍ക്കു ശേഷം, ഒറ്റയടിക്ക് അവന്‍ ചോദിച്ച ചോദ്യമാണിത്. കക്ഷത്തില്‍ ഒരു പ്രസിദ്ധീകരണം ശ്വാസം മുട്ടി നില്‍ക്കുന്നത് ഞാന്‍ കാണുന്നുണ്ട്. അതില്‍ ല എന്ന് പകുതി തെളിഞ്ഞു കാണാം. ആ ഫോണ്ട് കണ്ടാലറിയാം, അത് രിസാലയുടെ ലയാണ്. മാത്രവുമല്ല മുഖചിത്രത്തിന്‍റെ കോടിയൊടിഞ്ഞ ശകലങ്ങള്‍ കാണുന്പോള്‍ തന്നെ ആ ലക്കം നല്ല പരിചയം. ഓര്‍മ്മ കടഞ്ഞപ്പോള്‍ തെളിഞ്ഞുകിട്ടി; മാസങ്ങള്‍ക്ക് മുന്പ്, ഞാനെഴുതിയ ഭര്‍തൃവിരുദ്ധ ഭാര്യാപക്ഷ, തളിരില അച്ചടിച്ചുവന്ന അതേ രിസാലയാണ്, ആശാന്‍റെ കക്ഷത്തില്‍ വിയര്‍പ്പു കുടിച്ച് ശ്വാസം മുട്ടിക്കിടക്കുന്നത്. എന്നിട്ടാണ് ഇഷ്ടന്‍ ചോദിക്കുന്നത്; എന്താ ഒന്നും എഴുതാത്തതെന്ന്. കേട്ടാല്‍ തോന്നും, അവന്‍ കാലങ്ങളായി എന്‍റെ ലേഖനങ്ങള്‍ അന്വേഷിച്ചലഞ്ഞ്, നിരാശനായി നില്‍ക്കുകയാണെന്ന് ! ഹും!!

അവന്‍റെ കക്ഷത്തില്‍ നിന്ന് ആ രിസാലയെ ബലാല്‍ക്കാരമായി മോചിപ്പിച്ച്, മലര്‍ക്കെ തുറന്നു പിടിച്ച്, ഇഷ്ടാ ഇതൊന്ന് മറിച്ചുനോക്കുകയെങ്കിലും ചെയ്തുകൂടേ, എന്ന് ചോദിക്കാന്‍, അപ്പോള്‍ തോന്നി. ഇലാഹീകൃപയാല്‍ ഞാന്‍ മിണ്ടാണ്ടിരുന്നു, സഹിച്ചു. ഞങ്ങള്‍ക്കിടയില്‍ അവനെ അസ്പൃശ്യനാക്കിത്തീര്‍ക്കുന്നത് ഇമ്മാതിരി ചോദ്യങ്ങളാണ്. ചൊറിഞ്ഞ് പിരി കയറുന്ന ചോദ്യങ്ങളേ അവന്‍ ചോദിക്കുകയുള്ളൂ. നിന്‍റെ ചോദ്യത്തില്‍ ഞങ്ങള്‍ അങ്ങേയറ്റം അസംതൃപ്തരും അതിലേറെ രോഷാകുലരുമാണെന്ന് ശരീരഭാഷയിലൂടെ അലറിയറിച്ചാലൊന്നും കക്ഷി നിര്‍ത്തില്ല, ചോദിച്ചു കൊണ്ടേയിരിക്കും. ആരെ കണ്ടാലും അവന്‍ ഉന്നയിക്കുന്ന ഒരു മാസ്റ്റര്‍പീസ് ചോദ്യമുണ്ട്: എന്തുപറ്റി, വല്ലാതെ ക്ഷീണിച്ചുപോയിരിക്കുന്നല്ലോ? വല്ല രോഗവും പിടിപെട്ടോ? നരച്ച് തുടങ്ങി അല്ലേ?

സല്‍സ്വഭാവക്കാരെ ആളുകള്‍ ഇഷ്ടപ്പെടുന്നു. ചീത്ത സ്വഭാവക്കാരെ വെറുക്കുന്നു. സ്വഭാവത്തിന്‍റെ ഗുണവും ദോഷവും തീരുമാനിക്കുന്ന ഒരു പ്രധാന ഘടകമാണ് ഒരാളിന്‍റെ വിളിയും വര്‍ത്തമാനവും. പണവും പത്രാസും, ദാനവും സഹായവുമൊക്കെ അതിന് താഴെയേ വരൂ. കണ്ടുമുട്ടിയാല്‍ പുഞ്ചിരിക്കുന്നതും ലോഹ്യം പറയുന്നതും നല്ലതാണ്, സുന്നത്താണ.-് പക്ഷേ, ലോഹ്യപറച്ചിലില്‍ പരാമര്‍ശിക്കാവുന്ന വിഷയങ്ങള്‍ക്ക് ഒരു റെയ്ഞ്ചുണ്ട്. ആ റെയിഞ്ചിനപ്പുറത്തേക്ക് ചോദ്യങ്ങള്‍ ചാടുന്നത് പൊതുവെ ആരും ഇഷ്ടപ്പെടില്ല. വയസ്സെത്രയായി, ശന്പളമെത്ര, കിന്പളമായി എന്ത്കിട്ടും, സ്ത്രീധനമായി എന്തുകിട്ടി, ജോലിക്ക് കോഴ എത്ര കൊടുത്തു, നില്‍ക്കുന്ന വീടും പറന്പും വിറ്റാല്‍ എന്ത് കിട്ടും, മക്കള്‍ എത്ര പേരാണ് ഗള്‍ഫിലുള്ളത്, ഏതെല്ലാം രാജ്യങ്ങളിലാണ് അവര്‍ ജോലി ചെയ്യുന്നത്, മാസത്തില്‍ അവരെല്ലാവരും കൂടി മൊത്തം എന്തയച്ചു തരും? എന്നിത്യാദി പോലീസുമോഡല്‍ എന്‍ക്വയറികളൊന്നും ലോഹ്യംപറച്ചിലിന്‍റെ ചെലവില്‍ അഭികാമ്യമല്ല.

ഉപചാരേണ അത്യാവശ്യകാര്യം മാത്രം ചോദിക്കുക, മിതഭാഷണത്തില്‍ കാര്യങ്ങള്‍ ഒതുക്കുക എന്നതൊക്കെ സല്‍സ്വഭാവത്തിന്‍റെ അടയാളങ്ങളാണ്. ഒരര്‍ത്ഥത്തില്‍, സല്‍സ്വഭാവി ആയിത്തീരുക എന്നുള്ളത് വിയര്‍പ്പൊഴുക്കി നേടിയെടുക്കേണ്ട, പ്രയാസകരമായ കാര്യമേ അല്ല. മറിച്ച്, അനാവശ്യസംസാരവും മുനയുള്ള ചോദ്യങ്ങളും തര്‍ക്കവും വാദിച്ച് തോല്‍പിക്കലും മറ്റും മാറ്റിനിര്‍ത്തിയാല്‍ തന്നെ കിട്ടുന്നതാണ്. അതിന്‍റെ മേന്‍മയാവട്ടെ, അമൂല്യവും അത്യുദാത്തവും.

ത്വാഹാറസൂല്‍(സ) ഒരു വീടിന്‍റെ കാര്യം പറയുന്നുണ്ട്. ആ വീടിന്‍റെ മഹിമ അറിയണമെങ്കില്‍ അതെവിടെ കിടക്കുന്നു എന്ന് മാത്രം നിങ്ങള്‍ അറിഞ്ഞാല്‍ മതി, ഫീ റബളില്‍ ജന്ന എന്നാണ് ഹദീസിലുള്ളത്; സ്വര്‍ഗ്ഗത്തിന്‍റെ പ്രാന്തത്തില്‍. മൂന്നുപേര്‍ക്കാണ് അത്തരം സ്വര്‍ഗ്ഗീയ വില്ലകള്‍ ആറ്റല്‍നബി വാക്ക് തന്നത്. അതില്‍ മൂന്നാമത്തേത് നല്ല സ്വഭാവക്കാരന്നാണ്. ഹദീസില്‍ പറഞ്ഞ ഒന്നും രണ്ടും ആളുകളും നമുക്ക് പറ്റിയവര്‍ തന്നെ. കളവ് പറയാന്‍ അവസരമൊത്തിട്ടും അത് പറയാതിരുന്നവന്‍. തര്‍ക്കിച്ച് തോല്‍പിക്കാന്‍ കെല്‍പുണ്ടായിട്ടും തര്‍ക്കിക്കാതിരുന്നവന്‍. കണ്ടോ, നാക്കുകവാത്ത് നിര്‍ത്തിവച്ചാല്‍ തന്നെ നമ്മള്‍ നന്നായിപ്പോയി?!

അതി സന്പൂര്‍ണ്ണമായ ഈമാനിന്‍റെ ഉടമ” എന്ന ഒരു ആഖ്യ ഒരു ഹദീസില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. അതിന്‍റെ ആഖ്യാതം കേട്ടാല്‍ നമുക്ക് കുളിരുകോരും “അഹ്സനുഹും ഖുലുഖന്‍!” അതി ലാവണ്യസ്വഭാവക്കാരന്‍. സത്യവിശ്വാസി തന്‍റെ ത്രാസില്‍ വാരിക്കൂട്ടുന്ന പലജാതി നന്മകളുണ്ട്. അതില്‍ ഏറ്റം ഭാരം കൂട്ടുന്ന സംഗതി സല്‍സ്വഭാവമാണെന്ന് തിരുനബി(സ) അരുളിയിരിക്കുന്നു. സകലകാലങ്ങളിലും നോന്പുപിടിക്കാന്‍, രാത്രി തീര്‍ത്തും നിന്ന് നിസ്കരിക്കാന്‍ നമ്മിലെത്ര പേര്‍ക്കു കഴിയും? പക്ഷേ, അങ്ങനെ ചെയ്യുന്ന അതിവിശുദ്ധരോട് പുണ്യത്തില്‍ കിടപിടിക്കാന്‍ പറ്റുന്ന ഒരു സൂത്രപ്പണി പഠിപ്പിച്ചു തന്നിട്ടുണ്ട് തിരൂദൂതര്‍. സല്‍സ്വഭാവം എന്നതാണത്. ഇങ്ങനെ സല്‍സ്വഭാവി ആയിത്തീര്‍ന്നാല്‍ കിട്ടുന്ന മറ്റൊരു സ്ഥാനമുണ്ട്; അതറിയുന്പോള്‍ നമ്മിലധികം പേരും, ഹര്‍ഷപുളകിതരാകും. അഥവാ, ആഖിറത്തില്‍ ആരംഭപ്പൂവിന്‍റെ തിരുസഭയില്‍ അവിടുത്തോടൊട്ടിയിരിക്കാനാവുക, സല്‍സ്വഭാവികള്‍ക്കാണത്. ഹദീസിലത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

സ്വഭാവത്തെ ആകമാനം സ്വാധീനിക്കുന്ന രണ്ട്കാര്യങ്ങള്‍ ഹ്രസ്വമായി അവതരിപ്പിക്കുന്ന ഒരു തിരുവചനമുണ്ട്. ബശ്ശിറൂ വലാതുനഫ്ഫിറൂസന്തോഷിപ്പിക്കൂ, വെറുപ്പിച്ചിടല്ലേ!” നമ്മുടെ സംസാരവും ഇടപഴകലും ഇടപാടുകളുമൊക്കെ അന്യരെ വെറുപ്പിക്കും വിധമാവരുത്. മറിച്ച് അവയൊക്കെയും മറ്റുളളവര്‍ക്ക് സന്തോഷം പകരും വിധം നാം ക്രമപ്പെടുത്തണം. അമിത ചോദ്യങ്ങള്‍ ആര്‍ക്കും ഇഷ്ടമല്ല; അതൊരു വെറുപ്പിക്കല്‍ ഏര്‍പ്പാടു തന്നെയാണ്. അതിനെ നിശിതമായി നിരോധിക്കുന്ന ഒരു വചനം ഖുര്‍ആനിലുണ്ട്, സൂറതുല്‍മാഇദയില്‍ നൂറ്റൊന്നാം നന്പറായി. അനവധികാര്യങ്ങളെ പറ്റി നിങ്ങള്‍ ചോദിച്ചിടല്ലേ; അവകള്‍ വെളിപ്പെടുത്തുന്നത് നിങ്ങള്‍ക്ക് നല്ലതിനായിരിക്കില്ല എന്ന വചനം ശാസനയായിട്ടാണ് കാണുന്നത്.

ആളെയൂറ്റുകയും ഉരുക്കുകയും ചെയ്യുന്ന ചോദ്യങ്ങള്‍ തൊടുത്തുവിടുന്നവര്‍, അതിലെന്തോ രസം കണ്ടെത്തുന്നുണ്ടാവും. ഭീമമായ ഒരു നെഗറ്റീവ് എനര്‍ജി അന്യന്‍റെ മേല്‍ ഇറക്കിവച്ച്, അവനെ കാലം ചെല്ലേ തൂക്കം കുറഞ്ഞവനും ക്ഷീണിച്ചവനും നരച്ചവനുമാക്കി മാറ്റുകയാണ് വിദ്വാന്‍റെ ഉദ്ദേശ്യം.

കുനുഷ്ട് ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ആളുകള്‍ പലവിധമുണ്ടെന്നതാണ്. ചിലര്‍ അങ്ങനെയുള്ള ചോദ്യം കേട്ടാല്‍ മതി, അതിനെ പഴുത്തുചോന്ന ഒരു ഇരുന്പാണി ആയി സ്വന്തം നെഞ്ചില്‍ അടിച്ചുകയറ്റും. തന്‍റെ ശരീരം ശോഷിക്കുന്നുവെന്നും, തനിക്ക് ഭാരക്കുറവ് അനുഭവപ്പെടുന്നുവെന്നും അതെല്ലാം ആളുകള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നുവെന്നും ഇയാള്‍ ചിന്തിക്കും. ചിന്തിച്ച് ചിന്തിച്ച് തലയും മനവും പുണ്ണാക്കും. ഇല്ലാരോഗങ്ങള്‍ പാട്ടമെടുക്കും. നിങ്ങള്‍ക്കതൊരു തമാശച്ചോദ്യമാവാം. പക്ഷേ, അത് തച്ചുകെടുത്തുന്നത് ഒരാളുടെ ഉറക്കം മാത്രമല്ല, ഉയിര് തന്നെയാണ്.

എന്നാല്‍ മറ്റു ചിലര്‍ക്ക് നിങ്ങളെന്ത് കുറവു പറഞ്ഞാലും അങ്ങോട്ടേശില്ല. “ തടികുറഞ്ഞിരിക്കുന്നുവല്ലോ ” എന്ന് നിങ്ങള്‍ പറഞ്ഞാല്‍ അതേ, ഞാന്‍ കരുതിക്കൂട്ടി കുറയ്ക്കുന്നത് തന്നെയാണ്, കുറയുന്നുണ്ടല്ലേ, അല്‍ഹംദുലില്ലാഹ് എന്ന് പറയുമെന്നു മാത്രമല്ല നിങ്ങള്‍ ശരിക്കും ക്ഷീണിച്ചിരിക്കുന്നല്ലോ “എന്ന് തിരിച്ചു ചോദിച്ച് നിങ്ങളെ മലര്‍ത്തിയടിക്കുകയും ചെയ്യും.

ചിലര്‍ അനുഭാവം കൊണ്ട് തന്നെയായിരിക്കാം നിങ്ങളോടത് ചോദിക്കുന്നത്. അത് അയാളുമായുള്ള നിങ്ങളുടെ അടുപ്പവും അയാളുടെ നാളിതുവരെയുള്ള നിലപാടും കുട്ടിക്കിഴിച്ച് നോക്കിയേ പറയാന്‍ പറ്റൂ. ഇങ്ങനെയൊന്നും ആയാല്‍ പോരാ, നല്ലവണ്ണം ആഹാരം കഴിക്കണം, ഉഷാറാവണം, ഉന്മേഷവാനാവണം എന്നൊക്കെയാണ് ആ ചെറുചോദ്യത്തിന്‍റെ സ്നേഹമസൃണമായ ഉപദേശവ്യാപ്തി.

ഇടപഴകലുകളില്‍ പോസിറ്റീവാകുക വഴി അന്യരിലും പോസിറ്റിവിറ്റി ഉണര്‍ത്തിയെടുക്കാമെന്നിരിക്കെ, നാമിതെന്തിന് നെഗറ്റീവാകുന്നു എന്നതാണ് മനസ്സിലാവാത്തത്. പെരുമാറ്റങ്ങളില്‍, പോസിറ്റീവാകൂ; നെഗറ്റീവാകല്ലേ എന്നാണല്ലോ ഹദീസിന്‍റെ സാരം. അതു നൂറ്റുക്ക് നൂറ് ശരിയാണെന്ന് ബോധ്യപ്പെട്ട ഒരു ദര്‍സനുഭവമുണ്ട്. പേരാന്പ്രക്കടുത്ത് കുന്നരംവെള്ളി ദര്‍സില്‍ ഒരു പാവത്താന്‍ മുതഅല്ലിം ഉണ്ടായിരുന്നു. ഹൈപര്‍ സെന്‍സിറ്റീവ് ആണ് ആള്‍. പൊതുവേ വിഷാദവാനായിട്ടാണ് കാണപ്പെടാറെങ്കിലും നീയിപ്പോള്‍ നല്ല ഉഷാറായിരിക്കുന്നല്ലോടാ, നീ എന്ത് ഗജമാംസരസായനമാണ് കഴിക്കുന്നത്, ഹേ!” എന്ന് ചോദിച്ചാല്‍ വലിയ തൃപ്തിയാണ് മൂപ്പര്‍ക്ക്. അത് മണത്തറിഞ്ഞ ഞങ്ങള്‍ കുറച്ചു പേര്‍, ഒരു പ്ലാനിട്ടു. ബലിപെരുന്നാളിന് ദര്‍സടച്ച് തിരിച്ചുവന്നാല്‍ ഓരോരുത്തരും ഓരോരോ സന്ദര്‍ഭങ്ങളിലായി അവന്‍റെ കൂടിയ തടിയെപ്പറ്റിയും വര്‍ദ്ധിച്ച ഉന്മേഷത്തെപറ്റിയും അഭിപ്രായം പറയുക. ഏതായാലും ഉള്ഹിയത്തിന്‍റെ പോത്തടിച്ച് ച്ചിരി വീങ്ങിയായിരിക്കും ആള്‍ തിരിച്ചുവരിക എന്നൊരു അനുകൂല സാഹചര്യവും ഉണ്ടല്ലോ. പറഞ്ഞതു പോലെ തന്നെ കൃത്യമായ ഇടവേളകളില്‍ ഞങ്ങളവനെ പോസിറ്റീവ് ചോദ്യങ്ങളുടെ വൈറ്റമിന്‍ ഗുളിക വിഴുങ്ങിച്ചപ്പോള്‍, അവന്‍റെ രണ്ട് കണ്ണുകളും തുലാപ്പത്ത് കഴിഞ്ഞ ആകാശം പോലെ വെട്ടിത്തിളങ്ങി. കവിളുകള്‍ ആപ്പിളു പോലെ തുടുത്തു. കക്ഷിയുടെ ജീവിതക്രമത്തിലും പഠനത്തിലും പെരുമാറ്റത്തിലും ആനന്ദം സര്‍വ്വത്ര കത്തിക്കിടന്നു.
ചെയ്തുവരാന്‍
1. ലോഹ്യം പറയുന്പോള്‍ അന്യരില്‍ ആനന്ദം കത്തിച്ചെടുക്കാന്‍ പറ്റിയ ഒരേഴുചോദ്യങ്ങള്‍ കണ്ടുപിടിച്ച് തുടര്‍ന്നങ്ങോട്ടുള്ള സംഭാഷണങ്ങളില്‍ പയറ്റുക.

2. അന്യരെ വെറുപ്പിച്ചകറ്റാന്‍ പോന്ന ഒരു പത്ത് ചൂഴ്ചോദ്യങ്ങള്‍ ഒരു വെള്ളപേപ്പറില്‍ വൃത്തിയായി എഴുതിയ ശേഷം അതിനെ തീക്കൊടുത്ത് കരിച്ചെടുക്കുക. ശേഷം ആ വെണ്ണീര്‍ അകലങ്ങളിലേക്ക് ഊതിപ്പാറ്റുക.

You must be logged in to post a comment Login