ഇസ്ലാമിക കര്‍മ ശാസ്ത്രത്തിന്‍റെ സൗന്ദര്യം; തുഹ്ഫയുടേയും

ഇസ്ലാമിക കര്‍മ ശാസ്ത്രത്തിന്‍റെ സൗന്ദര്യം; തുഹ്ഫയുടേയും

കര്‍മ്മ ശാസ്ത്രംഫിഖ്ഹ് ഒരു മഹാവിജ്ഞാന ശാഖയാണ്. ഒരു നിയമ വ്യവസ്ഥിതി എന്ന പരിപ്രേക്ഷ്യത്തില്‍ ഫിഖ്ഹിനെ വീക്ഷിക്കുന്പോള്‍, അന്യൂനവും സമഗ്രവും കാലികവും വ്യവസ്ഥാപിതവുമായ ചട്ടക്കൂട്ടില്‍ നിലകൊള്ളുന്ന മികവുറ്റ സംവിധാനമായി നമുക്കത് അനുഭവ വേദ്യമാകും. ശാഫിഈ ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഇമാം നവവി(റ) രചിച്ച മിന്‍ഹാജുത്വാലിബീന്‍ എന്ന ഗ്രന്ഥത്തിനുള്ളത്. ഈ കനപ്പെട്ട കൃതിക്ക് 35 ലേറെ ശര്‍ഹുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറ്റവും പഠന വിധേയമാക്കപ്പെടുന്നതും ശ്രദ്ധേയവുമാണ് ഇമാം ഇബ്നു ഹജര്‍ അല്‍ഹൈതമി രചിച്ച തുഹ്ഫതുല്‍മുഹ്താജ് ബി ശറഹില്‍മിന്‍ഹാജ് എന്ന കൃതി. പത്ത് വാള്യങ്ങളുള്ള ഈ കൃതിക്ക് അനേകം ഹാശിയകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. സുപ്രധാനമായ ചിലത് പരിചയപ്പെടാം.

1 ഹാശിയതുല്‍ബസ്വരി /ഉമര്‍ ബ്നു അബ്ദുല്‍റഹീംഅല്‍ബസ്വരി
2 ഹാശിയതുല്‍കുര്‍ദി
3 ഹാശിയതു ശര്‍വാനി
4 ഹാശിയതു ഇബ്നു ഖാസിം
5 സുമൂതുദ്ദുററര്‍ ഫീ മുസ്തത്വലഹാതി തുഹ്ഫതുബ്നു ഹജര്‍/ഹബീബ്നു യൂസുഫ്
ഫിഖ്ഹ് ശാസ്ത്രത്തിന് ചില പ്രത്യേകതകളുണ്ട്. പ്രവിശാലമാണത്. സാഗരം കണക്കെ അത് വ്യാപരിച്ച് കിടക്കുന്നു. ഗഹനമാണത്. സങ്കീര്‍ണ്ണവും. അതി സൂക്ഷ്മവും സാധാരണഗതിയില്‍ അസംഭവ്യവുമായ കാര്യങ്ങളുടെ സാധ്യതകള്‍ പോലും അത് ചര്‍ച്ച ചെയ്യുന്നു. കണിശമാണത്. വിട്ടുവീഴ്ചയില്ലാത്ത വിധം കിറു കൃത്യമായ നിയമങ്ങളാണവ. ഇതൊന്നും പോരായ്മകളല്ല; ഒരു ശാസ്ത്രമെന്ന നിലക്ക് സമഗ്രതയുടെ സാക്ഷ്യങ്ങളാണ്. മാനവികത പ്രകടമാകേണ്ടതുള്ള കേസുകളില്‍ അവ തനിയെ പ്രകടമാകുന്നതും കാണാം. എന്നാല്‍ ഈ സവിശേഷതകള്‍ കൊണ്ടൊക്കെത്തന്നെയാണ് ചില മത നവീകരണ വാദികളും മോഡേണിസ്റ്റുകളും ഫിഖ്ഹിനെ വിമര്‍ശിക്കുന്നത് എന്നതാണ് കൗതുകകരം.

ഫിഖ്ഹിന്‍റെ ഈ പൊതു ഗുണങ്ങളൊക്കെയും ഒരു ഗ്രന്ഥം എന്ന നിലക്ക് തുഹ്ഫയില്‍ കാണാം എന്നത് ശ്രദ്ധേയമാണ്. പത്ത് വാള്യങ്ങളുള്ള ബൃഹത്തായ കിതാബാണ് തുഹ്ഫ. പത്ത് പേജുകളുള്ള മുതഫരിദിലൂടെ ഓതി തുടങ്ങുന്ന മതവിദ്യാര്‍ത്ഥി പത്ത് വാള്യങ്ങളിലുള്ള തുഹ്ഫയിലാണ് അവന്‍റെ ഔദ്യോഗിക പഠനം അവസാനിപ്പിക്കുന്നത്. അന്പതോളം സഹോദരങ്ങളും നൂറുക്കണക്കിന് പ്രപിതാക്കളും ആയിരക്കണക്കിന് സുഹൃത്തുക്കളും ഒട്ടനവധി പിന്‍ഗാമികളുമുള്ള ഈ ഗ്രന്ഥത്തിനെ ഈ അര്‍ത്ഥത്തില്‍ സമീപിക്കുക എന്നാല്‍ കരിന്പടക്കെട്ടുകള്‍ പോലെ ആര്‍ത്തിരന്പി വരുന്ന തിരമാലകള്‍ കൊണ്ട് സമൃദ്ധമായ അനന്തമായ സാഗരത്തില്‍ എത്തിപ്പെട്ടു എന്നാണര്‍ത്ഥം. സുശക്തമായ കപ്പലില്‍ സമര്‍ത്ഥനായ ഒരു കപ്പിത്താന് മാത്രമേ ഈ സാഗരത്തില്‍ യാത്ര ചെയ്യാനാവൂ. കടലാഴിയില്‍ നിന്ന് മുത്തുകള്‍ പെറുക്കാന്‍ അതി വിദഗ്ധമായ പരിശീലനം കൂടിയേ തീരൂ. ദര്‍സീ ജീവിതത്തിലെ ദീര്‍ഘകാലം ഈ പരിശീലനക്കളരിയുടേതാണ്.

ഫിഖ്ഹ് സങ്കീര്‍ണ്ണമാണ്; ഗഹനമാണ് എന്ന് പറഞ്ഞല്ലോ. എന്നാല്‍ ഗഹനമായതിനെ ലളിതമായി അവതരിപ്പിക്കുന്ന പല ഗ്രന്ഥങ്ങളുമുണ്ട് ഫിഖ്ഹിന്‍റെ കൂട്ടത്തില്‍ തന്നെ. പക്ഷേ ഗഹനമായതിനെ സങ്കീര്‍ണ്ണമായിത്തന്നെ അവതരിപ്പിക്കുകയാണ് തുഹ്ഫ. അതുകൊണ്ടാണ് വിദഗ്ധനായ കപ്പിത്താനു മാത്രമേ/ കഴിവുറ്റ മുങ്ങല്‍ വിദഗ്ധനു മാത്രമേ ഈ കടലില്‍ ഇറങ്ങാന്‍ കഴിയൂ എന്ന് പറഞ്ഞത്. തുഹ്ഫയെ സരളമാക്കുക എന്ന ലക്ഷ്യത്തില്‍ ഒരു ഗ്രന്ഥ രചനക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കിട്ടാന്‍ ആക്രാന്തം കാണിക്കുന്ന പുതിയ തലമുറക്ക് തുഹ്ഫയുടെ ഗുണം ലഭിക്കാന്‍ അതില്‍ പറഞ്ഞ മസ്അലകള്‍ ഒന്നും വിടാതെ സരളമായ അറബിയില്‍ ഒരു രചന…! രചനാപാടവമുള്ള, തുഹ്ഫയില്‍ മുങ്ങാംകുഴിയിടാന്‍ കഴിയുന്നവര്‍ ശ്രദ്ധിച്ചാല്‍ പുതിയ തലമുറക്ക് തുഹ്ഫ കിട്ടും. അല്ലെങ്കില്‍..!

ഫിഖ്ഹ് സന്പൂര്‍ണ്ണമാണ്. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള മനുഷ്യന്‍ പ്രവര്‍ത്തിക്കുന്ന ഏത് പ്രവര്‍ത്തനത്തിനും അത് തീരുമാനം പറയണം. ഇന്നലെകളില്‍ കഴിഞ്ഞത് മാത്രമല്ല ഇനി വരാനിരിക്കുന്ന സംഭവങ്ങളും ഫിഖ്ഹ് പറഞ്ഞേതീരൂ. മുജ്തഹിദുകളുടെ കാലം കഴിഞ്ഞു. ഇനി ഒരു മുജ്തഹിദിന്‍റെ ഉയിര്‍പ്പിന് പ്രായോഗിക തടസ്സങ്ങളുണ്ട്. പക്ഷേ പേടി വേണ്ട. എല്ലാം കണ്ടുപിടിക്കാന്‍ ആവശ്യമായ പൊതു തത്വങ്ങള്‍ മുജ്തഹിദുകള്‍ പറഞ്ഞ് വെച്ചിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങള്‍ പില്‍കാല പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്.

ഭരണ തലങ്ങളിലും വ്യവസായ കേന്ദ്രങ്ങളിലും പരീക്ഷണ ശാലകളിലുമുള്ള വിഷയങ്ങളെ കുറിച്ചൊക്കെ ഫിഖ്ഹ് വിധി പറയുന്നു. മലയാളത്തില്‍ തന്നെ ക്ലോണിംഗ്, ടെസ്റ്റ്യൂബ് ശിശു, അവയവ മാറ്റം, രക്ത ബാങ്ക്, ബഹിരാകാശ യാത്ര, ഭൗമേതര ഗോളങ്ങളിലെ ആരാധന തുടങ്ങി നവംനവങ്ങളായ വിഷയങ്ങളുടെ കര്‍മ്മശാസ്ത്രം ചര്‍ച്ച ചെയ്യപ്പെട്ടു. ഇത്തരം വിഷയങ്ങള്‍ ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന കാലത്ത് വിരചിതമായ ഗ്രന്ഥങ്ങളില്‍ നിന്നാണ് ഇവയുടെ നിയമങ്ങള്‍ നിര്‍ദ്ധാരണം ചെയ്യപ്പെടുന്നത്. മനുഷ്യപ്പട്ടിയെക്കുറിച്ചും ലിംഗമാറ്റത്തെക്കുറിച്ചുമൊക്കെ മുടിനാരിഴ കീറി ചര്‍ച്ച ചെയ്തതിന്‍റെ പേരില്‍ സാത്വിക പാണ്ഡിത്യത്തെ കൊഞ്ഞനം കുത്തിയിരുന്ന പുരോഗമനത്തിന്‍റെ വാക്താക്കള്‍ ലിംഗമാറ്റ ശാസ്ത്രക്രിയ, മനുഷ്യപ്പട്ടി തുടങ്ങിയ പുതിയ സമസ്യകള്‍ക്കു മുന്പില്‍ പകച്ചു നില്‍ക്കുകയാണ്.

ഈ സന്പൂര്‍ണ്ണതയില്‍ തുഹ്ഫയുടെ ഇടം ശ്രദ്ധേയമാണ്. പുതിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നവര്‍ക്ക് തുഹ്ഫയെ പരാമര്‍ശിക്കാതെ പറ്റില്ല. ഒരു ഉദാഹരണം പറയാം: ലൈഗികേതര കോശവും അണ്ഡവും സംയോജിപ്പിച്ച് ക്ലോണ്‍ശിശുവിനെ ഉണ്ടാക്കി ശാസ്ത്രം ഇലാഹിനെയും മതത്തെയും വെല്ലുവിളിച്ചപ്പോള്‍ ഏത് കോശവും യഥാര്‍ത്ഥത്തില്‍ ലൈംഗിക കോശങ്ങള്‍ തന്നെയാണെന്ന തുഹ്ഫയിലെ വരികള്‍ കണ്ട് നാം വിസ്മയ ഭരിതരായി. മനുഷ്യ ശരീരത്തിലെ ഓരോ കോശവും (ജുസുഅ്) പുരുഷ സ്ത്രീ ബീജത്താല്‍ (ലൈംഗിക കോശങ്ങളാല്‍) നിര്‍മ്മിതമായതാണ് എന്ന്, പ്രസവത്തെ തുടര്‍ന്ന് കുളി നിര്‍ബന്ധമാകുന്ന വിഷയം ചര്‍ച്ച ചെയ്യവേ തുഹ്ഫ പറയുന്നുണ്ട്. ലൈംഗികേതര കോശം അണ്ഡവുമായി ചേര്‍ന്നുകൊണ്ടുണ്ടാകുന്ന സാധ്യത (ക്ലോണിംഗ്) തുഹ്ഫയുടെ ഹാശിയയായ ഇബ്നു ഖാസിം ചര്‍ച്ച ചെയ്യുന്നുണ്ട്! ലൈംഗിക കോശങ്ങളുടെ സ്ഥാനമാണ് ലൈംഗികേതര കോശങ്ങളുടേത് എന്ന് വന്നാല്‍ തുഹ്ഫയുടെ തന്നെ പ്രസ്താവന പ്രകാരം ഒരു സ്ത്രീ അവളുടെ /മറ്റൊരു സ്ത്രീയുടെ/പുരുഷന്‍റെ കോശം തന്‍റെ നൂക്ലിയസ് നീക്കം ചെയ്ത അണ്ഡവുമായി സംയോജിപ്പിച്ച് അവള്‍ തന്നെ അതിനെ പ്രസവിക്കുന്ന പക്ഷം (അണ്ഡോടമയും പ്രസവവും ഒരു സ്ത്രീ തന്നെ ആകുന്ന പക്ഷം) ആ സ്ത്രീ കുട്ടിയുടെ മാതാവ് ആയിരിക്കുമെന്നും ഒരു സാഹചര്യത്തിലും പിതാവ് ഉണ്ടായിരിക്കില്ല എന്നും ഇവ്വിഷയകമായി പഠനം നടത്തിയ പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. കാരണം പ്രജനനാവശ്യത്തിന് വേണ്ടി ശരീര ഭാഗം എടുക്കാന്‍ അവകാശമില്ലല്ലോ.(അധിക വായനക്ക് ജനിതക ശാസ്ത്രത്തിന്‍റെ ഇന്ദ്രജാലം/കോടന്പുഴ ബാവ മുസ്ലിയാര്‍). ക്ളോണിംഗ് മാത്രമല്ല മുകളില്‍ സൂചിപ്പിച്ചതും അല്ലാത്തതുമായ അധുനാധുന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തവരൊക്കെയും തുഹ്ഫയെ ഉദ്ധരിച്ചതായി കാണാം.
ഇസ്ലാമിക കര്‍മ്മശാസ്ത്ര നിയമങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒരു പൊതു സ്വഭാവം, എന്തിന് എന്ത്കൊണ്ട് എന്നീ ചോദ്യങ്ങള്‍ അപ്രസക്തമാണ് എന്നതാണ്. അടിമത്വത്തിന്‍റെ പ്രത്യക്ഷീകരണങ്ങളാണ് ഓരോ അനുഷ്ഠാനങ്ങളും. ഒരാള്‍ ഇസ്ലാമിനെ മതമായി സ്വീകരിക്കുന്നതോടെ നിയമ ദാതാവ് ഒരു വിഷയ സംബന്ധിയായി എന്ത് പറഞ്ഞുവെന്ന് മാത്രമേ അറിയേണ്ടതുള്ളൂ. അത് സ്വീകരിക്കാന്‍ അതിന്‍റെ യുക്തിയും ന്യായവും അവന് ആവശ്യമില്ല. ളുഹ്റ് നാല് റക്അത് നിസ്ക്കരിക്കുന്നു. സുബ്ഹി രണ്ടും. എന്ത് കൊണ്ട്? അല്ലാഹു അങ്ങനെയാണ് പറഞ്ഞത് എന്നത് കൊണ്ട്. ശവ്വാല്‍ ഒന്നിന് നോന്പ് ഹറാമാണ്. ഒന്നിന് മുന്പ് നിര്‍ബന്ധവും ശേഷം സുന്നത്തും. എന്ത് കൊണ്ട്? നിയമം അങ്ങനെയാണ് എന്നത് കൊണ്ട്തന്നെ.
അംഗീകരിക്കുവാനും സ്വീകരിക്കാനും അനുഷ്ഠിക്കാനും ന്യായാന്യായങ്ങള്‍ പരിഗണിക്കാത്ത വിശ്വാസി പക്ഷേ, ഹകീമായ അല്ലാഹുവിന്‍റെ കല്‍പ്പനകളിലെ ഹിക്മതുകളെക്കുറിച്ച് അന്വേഷിക്കുന്നു. ഹിക്മത് മനസ്സിലാകാത്തവയെ തഅബ്ബുദി എന്നാണ് വിശേഷിപ്പിക്കുക. ഇതാണ് ഒരു പാരന്പര്യ വിശ്വാസിയുടെ നിലപാടെങ്കില്‍ തന്‍റെ യുക്തി കൊണ്ട് മാത്രം നിയമങ്ങളെ സമീപിക്കുകയും അതില്‍ തനിക്ക് അനുഗുണമായി തോന്നുന്നത് മാത്രം സ്വീകരിക്കുകയും അല്ലാത്തവയെ ദുര്‍ബലപ്പെടുത്തുകയോ ദുര്‍വ്യാഖാനിക്കുകയോ ചെയ്യുന്ന മതയുക്തിവാദികളുമുണ്ട്. അവര്‍ അന്വേഷണത്തിന്‍റെ വാതില്‍ അടക്കുകയാണ് ചെയ്യുന്നത്. വെള്ളത്തില്‍ വീണ ഈച്ചയെ എന്ത് ചെയ്താലും അവര്‍ക്ക് പ്രശ്നമില്ല. കാരണം അവരുടെ കൊച്ചറിവുകള്‍ക്ക് അതിന്‍റെ ശാസ്ത്രീയത പിടികിട്ടാത്തതിനാല്‍ അവരത് ദുര്‍ബലപ്പെടുത്തുന്നു. എന്നാല്‍ പാരന്പര്യ വിശ്വാസിയാവട്ടെ യുക്തി വിചാരങ്ങള്‍ പരിഗണിക്കാതെ ഒരു അടിമ എന്ന നിലക്ക് ആദ്യം കല്‍പനക്ക് വിധേയപ്പെട്ട് വെള്ളത്തില്‍ വീണ ഈച്ചയെ മുഴുവനായി മുക്കിയെടുക്കുന്നു. അവന്‍റെ മുന്പില്‍ അന്വേഷണത്തിന്‍റെ വാതിലുകള്‍ അടയുന്നില്ല. അവന്‍ അതിന്‍റെ ശാസ്ത്രീയതയെ കുറിച്ച് അന്വേഷിക്കുന്നു. അത്തരം ശ്രമങ്ങള്‍ക്ക് ഉത്തരങ്ങള്‍ കിട്ടുന്നുമുണ്ട്.
നിയമങ്ങളുടെ ശക്തി അതിന്‍റെ കൃത്യതയെ ആശ്രയിച്ചിരിക്കുന്നു. പല നിയമങ്ങളും ഭേദഗതി ചെയ്യുകയും വികസിപ്പിക്കുകയുമൊക്കെ ചെയ്യേണ്ടിവന്നത് അവ കൃത്യവും വ്യക്തവുമല്ലാത്തതിനാലാണ്. വുളുവിന്‍റെ രണ്ടാം ഫര്‍ള് മുഖം കഴുകലാണ് എന്ന് പറഞ്ഞ് നിര്‍ത്തുന്നില്ല. എന്താണ് മുഖം എന്നാണ് തുടര്‍ന്ന് വിശദീകരിക്കുന്നത്. അവ എല്ലാവര്‍ക്കും മനസ്സിലാകുന്നതല്ലേ എന്ന നലപാട് കര്‍മ്മശാസ്ത്രജ്ഞര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഒരു അഴകൊഴന്പന്‍ പ്രസ്ഥാനമാകുമായിരുന്നു ഇസ്ലാം. മുഖത്തിന്‍റെ അതിര്‍ത്തി, കഴുകേണ്ടത്, കഴുകേണ്ടതല്ലാത്തത് എന്നിവയെക്കുറിച്ച് തന്നെ പേജുകളോളം പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ടെന്നറിയുന്പോഴാണ് നാമതിന്‍റെ കൃത്യതയറിയുക. ശഹ്വത്(വികാരം) ഫിത്ന(കുഴപ്പം) തുടങ്ങിയ പദങ്ങള്‍ പോലും പണ്ഡിതന്‍മാര്‍ നിര്‍വ്വചിച്ചിട്ടുണ്ട്.
കൃത്യതയുടെ ഒരു പൂരകമായി കണിശതയെ കണക്കാക്കാം. പറഞ്ഞുവെക്കുന്ന പരിധിയും പരിമിതിയും കണിശമായിരിക്കണം. അതില്‍ അഴകൊഴന്പന്‍ ശൈലി നിയമത്തിന്‍റെ സൗന്ദര്യത്തെ ബാധിക്കും. ഫജ്റു സാദിഖ് വെളിവായാല്‍ വ്രതം ആരംഭിക്കുകയായി. അപ്പോള്‍ ഒരാള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ ബാങ്ക് കേട്ടാല്‍ വായിലുള്ളത് തുപ്പിക്കളയണമെന്ന നിയമം ഈ കൃത്യതയുടെ ഭാഗമാണ്. ഒന്പതു മണിക്ക് മുന്പെ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തണമെന്നും ഒന്പതു മണിക്ക് ഗൈറ്റ് അടക്കുന്നതാണെന്നും ഒരു സ്ഥാപനം നിയമം വെച്ചാല്‍ 9:31 ന് വരുന്ന ഉദ്യോഗസ്ഥന് വേണ്ടി ഗൈറ്റ് അടക്കാതെ വെക്കുന്നത് നിയമത്തിന്‍റെ കൃത്യതയില്ലായ്മയെയാണ് കാണിക്കുന്നത്; കാരണം ഒരു മിനുട്ട് വൈകുന്നത് നിയമ വിരുദ്ധമല്ലെങ്കില്‍ പത്ത് മിനുട്ട് വൈകുന്നത് എങ്ങനെ നിയമ വിരുദ്ധമാകും എന്ന ചോദ്യം പ്രസക്തമാണ്.
മേല്‍ വിശദീകരണങ്ങളില്‍ നിന്ന്, തിരിയാനും മറിയാനും വയ്യാത്ത വിധം മനുഷ്യനെ വലിഞ്ഞു മുറുക്കുന്ന ഇരുന്പ് ചങ്ങലകളാണ് നിയമങ്ങള്‍ എന്ന് തെറ്റിദ്ധരിക്കരുത്. പ്രത്യുത മനുഷ്യന്‍റെ സാമൂഹികവും സാന്പത്തികവും വൈയക്തികവുമായ പ്രശ്നങ്ങളും അവസ്ഥകളുമൊക്കെ കണക്കിലെടുത്ത് നിയമങ്ങള്‍ വ്യത്യാസപ്പെടും. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്ലിമിനും നിസ്കാരം നിര്‍ബന്ധമാണ് എന്നത് ശരിയാണ്. പക്ഷേ നില്‍ക്കാന്‍ കഴിവില്ലാത്തവന്‍, ഇരിക്കാന്‍ കഴിയാത്തവന്‍, ശരീരം അനക്കാന്‍ കഴിയാത്തവന്‍, തുണിയില്ലാത്തവന്‍, കെട്ടിയിടപ്പെട്ടവന്‍ ഇങ്ങനെ വ്യക്തികളുടെ അവസ്ഥകള്‍ക്കനുസരിച്ച് അവരുടെ നിസ്കാരത്തിന്‍റെ ശൈലി വ്യത്യാസപ്പെടും. ഫാതിഹ: അറിയാത്തവന്‍ പെട്ടെന്ന് പഠിക്കണം. പഠിക്കാന്‍ സമയം കിട്ടില്ലെങ്കില്‍ വേറെ ഏതെങ്കിലും ഏഴ് ആയത് അറിയുമെങ്കില്‍ ഓതണം. അതും അറിയില്ലെങ്കില്‍ അത്രയും നേരം ദിക്ര്‍ ചൊല്ലണം. അതും അറിയില്ലെങ്കില്‍ അത്രയും സമയം നില്‍ക്കണം. ഇങ്ങനെ ഇളവുകളും ആനുകൂല്യങ്ങളും മതത്തില്‍ നിരവധിയാണ്.
ഇതര നിയമ വ്യവസ്ഥകളില്‍ നിന്ന് ഇസ്ലാമിക ഫിഖ്ഹിനെ വേറിട്ട് നിര്‍ത്തുന്ന മറ്റൊരു ഘടകം അതിന്‍റെ സുതാര്യതയാണ്. ഇടപാടുകളില്‍ ഇത് വ്യക്തമാണ്. വായ്പയായിട്ടു വാങ്ങിയ വസ്തു ഉടമക്കാരന്‍റെ സമ്മതമില്ലാതെ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ പാടില്ല. ഇത്തരം സുതാര്യമായ നിലപാടുകളില്‍ ബോധപൂര്‍വ്വമോ അല്ലാതെയോ ആയ നഷ്ടപ്പെടലുകള്‍ കുറയുന്നു. കച്ചവടം ചെയ്യുന്ന വസ്തുവിന്‍റെ ന്യൂനതകള്‍ വ്യക്തമാക്കുക, വില്‍ക്കുന്നവന്‍ ഞാന്‍ വില്‍ക്കുന്നു’ എന്നും വാങ്ങുന്നവന്‍ ‘ഞാന്‍ വാങ്ങുന്നു’ എന്നും പറയുക തുടങ്ങിയ നിയമങ്ങള്‍ ഈ സുതാര്യതയുടെ സാക്ഷ്യങ്ങളാണ്.
നിയമങ്ങളുടെ കര്‍ക്കശ്യങ്ങള്‍ക്കുള്ളില്‍ മനുഷ്യന്‍റെ പരിമിതികളും ബലഹീനതകളും ഇസ്ലാം മറക്കുന്നില്ല. രോഗിയെ ശുശ്രൂഷിക്കാന്‍ ജുമുഅ ഉപേക്ഷിക്കാമെന്ന് പറയുന്ന, ജമാഅത് നടന്നുകൊണ്ടിരിക്കേ റോഡില്‍ ബസപകടം (ഉദാ) ഉണ്ടായതറിഞ്ഞാല്‍ അപകട സ്ഥലത്തേക്ക് ഓടിയെത്തണം എന്ന് കല്‍പിക്കുന്ന, ജമാഅത്തായി നിസ്കരിക്കുന്പോള്‍ പിറകിലുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കും വിധം സൂറത്തുകള്‍ നീട്ടി ഓതുന്നത് നിരോധിക്കുന്ന മതനിയമം ആചാരങ്ങള്‍ക്കപ്പുറം മാനവികതക്ക് പ്രാധാന്യം കല്‍പിക്കുന്നു.
ശാഫിഈ മദ്ഹബ് പ്രകാരം, സ്വര്‍ണം,വെള്ളി, ധാന്യങ്ങള്‍, പഴങ്ങള്‍, ആട് മാട് ഒട്ടകം, കച്ചവടച്ചരക്കുകള്‍, ഖനി എന്നിവയിലാണ് സകാത് നിര്‍ബന്ധമാകുന്നത്. എന്നാല്‍ സകാത്തിന്‍റെ വകുപ്പില്‍ ബാധ്യതകള്‍ ഇല്ലാത്ത ധനാഢ്യന് പോലും നാട്ടിലെ അശരണരുടെ വേദനകളില്‍ പങ്കുചേരേണ്ടത് നിര്‍ബന്ധിത ബാധ്യതയാണ്. അന്നംകിട്ടാതെ, ശുദ്ധജലമില്ലാതെ, കിടപ്പാടമില്ലാതെ, ചികിത്സക്ക് പണമില്ലാതെ, മയ്യിത്ത് സംസ്കരണത്തിന് ശേഷിയില്ലാതെ ആരെങ്കിലും കഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് ദിമ്മിയ്യായ കാഫിറാണെങ്കില്‍പോലും പ്രസ്തുത സാന്പത്തിക സഹായങ്ങള്‍ മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തില്‍ നാട്ടിലെ സന്പന്നരായ മുസ്ലിംകളുടെ മേല്‍ നിര്‍ബന്ധ ബാധ്യതയാണ്. അപ്പോള്‍ നാട്ടില്‍ ഒരാള്‍ അവശതയനുഭവിക്കുന്പോള്‍ അദ്ദേഹത്തിന്‍റെ അവശത തീര്‍ക്കാനാവശ്യമായ പണം കൈയ്യിലുള്ള വ്യക്തി അതിന് മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തില്‍ ആ പണം കൊണ്ട് അദ്ദേഹത്തിന്‍റെ അവശത തീര്‍ക്കുകയാണ് വേണ്ടത്. അതിനുള്ള പണം നീക്കിവെച്ചാല്‍ അയാള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനാവശ്യമായ പണം തികയുകയില്ലെങ്കില്‍ അയാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമില്ല! എത്ര മാനവികം! (തുഹ്ഫ ശര്‍വാനി സഹിതം നോക്കുക)
നിയമങ്ങള്‍ സാമൂഹിക സാഹചര്യങ്ങള്‍ പ്രത്യേകം പരിഗണിക്കുന്നുവെന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. ഒരു വിഷയത്തിന് സത്താപരമായി ഒരു നിയമം ഉണ്ടാകും. പക്ഷേ സാമൂഹികമായ സാഹചര്യങ്ങള്‍ മുഖേന അതിന് മറ്റൊരു നിയമം വരും. ഫിഖ്ഹ് സാമൂഹിക ജീവിതത്തില്‍ ഇടപെടുന്ന വിധമാണിത്. സ്ത്രീ പള്ളി പ്രവേശം ഒരു ഉദാഹരണം. സ്ത്രീ പള്ളിയില്‍ കയറിയാല്‍ പള്ളി അശുദ്ധമാകില്ല. പള്ളിയില്‍ നിസ്കരിച്ചു എന്നത് കൊണ്ട് മാത്രം പ്രത്യേകം ഹറാമും ഇല്ല. എന്നാല്‍ പള്ളിയിലുള്ള നിസ്കാരം സ്ത്രീക്ക് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ അഞ്ച് വഖ്തിനും ജുമുഅക്കും സ്ത്രീകള്‍ മുന്നൊരുങ്ങി പള്ളിയില്‍ പോകുന്പോള്‍ ഉണ്ടായേക്കാവുന്ന സാംസ്കാരികച്യുതിയാണ് സ്ത്രീ ജുമുഅ ജമാഅത് ഹറാം എന്ന ഫത്വയുടെ സാമൂഹിക അനിവാര്യതകളില്‍ ഒന്ന്.
മനസ്സിന്‍റെ നിഷ്കളങ്കതയല്ല ബാഹ്യാവയവങ്ങളുടെ ചേഷ്ടകളാണ് ഫിഖ്ഹില്‍ വിധി നിര്‍ണ്ണയിക്കുന്നത് എന്നൊരു ആരോപണമുണ്ട്. ഒരു പരിധി വരെ ഇത് ശരിയാണ്. കാരണം മനസ്സിലുള്ളത് നോക്കി നിയമങ്ങള്‍ വിധിക്കുക എന്നത് സാധാരണഗതിയില്‍ സാധ്യമല്ലല്ലോ. അത്കൊണ്ട് തന്നെയാണ് ‘നാം ബാഹ്യാവസ്ഥകൊണ്ട് വിധിക്കുന്നു. അല്ലാഹു രഹസ്യങ്ങളെ ഏറ്റെടുക്കുന്നു’ എന്ന് തിരുനബി പഠിപ്പിച്ചത്. പക്ഷേ മനസ്സിനൊപ്പം ബാഹ്യാവയവങ്ങളെ നിര്‍ത്താന്‍ ആവശ്യമായ രൂപത്തിലുള്ള അനുഷ്ഠാനങ്ങളും രൂപങ്ങളുമാണ് അത് നിര്‍ദ്ദേശിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സുജൂദ് ഒരു ഉദാഹരണം. ഏകാഗ്രതയും വിധേയത്വവും താഴ്മയും അടിമത്വവും അതിന്‍റെ മുഴുവന്‍ പ്രകാരങ്ങളോടു കൂടെ സുജൂദില്‍ മേളിക്കുന്നു. അവ കൃത്യമായി അനുഷ്ഠിക്കുന്നവന് ശരി എന്നും അല്ലാത്തവന് തെറ്റ് എന്നും ഫിഖ്ഹ് മാര്‍ക്കിടുന്നു. മനസ്സിന്‍റെ ഇഖ്ലാസ് അളക്കാന്‍ പ്രത്യേക അളവുകോലുകളില്ലല്ലോ..അതിനാല്‍ ഒരു നിയമ വ്യവസ്ഥിതി എന്ന നിലയില്‍ അത് നിബന്ധനയായി പറയുന്നതില്‍ അസാംഗത്യമുണ്ട്. പക്ഷേ അല്ലാഹുവിന്‍റെ അടുക്കല്‍ പ്രതിഫലം കിട്ടുന്നതിന്‍റെ തോത് ഹൃദയത്തിന്‍റെ ആത്മാര്‍ത്ഥതയനുസരിച്ചായിരിക്കുമെന്ന് മാത്രം.
ചുരുക്കത്തില്‍ വൈപുല്യം,ഗഹനത,സങ്കീര്‍ണ്ണത, സന്പൂര്‍ണ്ണത, കൃത്യത, കണിശത,മാനവികത എന്നിവയൊക്കെ കര്‍മ്മശാസ്ത്രത്തിന്‍റെ പ്രത്യേകതകളാണ്. അവ ഈ ശാസ്ത്രത്തിന് സൗന്ദര്യം വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഇത് ആസ്വദിക്കാന്‍ ശേഷിയില്ലാത്തതു കൊണ്ടാണ് ചിലരെങ്കിലും ഇതിനെ വിമര്‍ശിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ മതി. ഫിഖ്ഹിന്‍റെ ഈ ഗുണങ്ങളൊക്കെയും കര്‍മ്മശാസ്ത്രത്തിലെ സുപ്രധാന ഗ്രന്ഥമായ തുഹ്ഫയില്‍ നിന്ന് വ്യക്തമാകുന്നുണ്ട് എന്ന് മാത്രമല്ല ഏതു ഗ്രന്ഥം എന്ന നിലയില്‍ അതിന്‍റെ പദങ്ങളുടെ തെരഞ്ഞടുപ്പ്, വാക്യങ്ങളുടെ ഘടന, പ്രയോഗങ്ങളുടെ വിശാലത, മറുപടി, വിമര്‍ശനം, സമര്‍ത്ഥനം എന്നിവയെല്ലാം വിപുലവും ഗഹനവും സങ്കീര്‍ണ്ണവും സന്പൂര്‍ണ്ണവും കൃത്യവും കണിശവുമാണ് എന്നുകൂടി അറിയുന്പോള്‍ ഫിഖ്ഹില്‍ തുഹ്ഫയുടെ ഇടം പ്രത്യേകമായിത്തന്നെ അടയാളപ്പെടുത്തപ്പെടുന്നു.
അബൂറസീന്‍

One Response to "ഇസ്ലാമിക കര്‍മ ശാസ്ത്രത്തിന്‍റെ സൗന്ദര്യം; തുഹ്ഫയുടേയും"

  1. muhammed ashraf  February 27, 2014 at 5:01 pm

    നല്ല ലേഖനം..ഒരു ഫേസ് ബുക്ക് ലൈക്ക് ബട്ടന്‍ ഇതിന്‍റെ മുകളിലോ താഴെയോ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ വായനക്കാരിലേക്ക് ഈ വിഷയം എത്തിക്കാന്‍ കഴിയും. സൈറ്റിന്‍റെ ഗ്രാഫിക്സ് ഒന്ന് ലളിത മനോഹരമാക്കി ആ പരസ്യങ്ങള്‍ നീക്കം ചെയ്തു ഓണ്‍ലൈന്‍ വായനക്ക് സൌകര്യപ്പെടുന്ന ഷെയര്‍ ചെയ്യ്യപ്പെടുന്ന രൂപത്തിലേക്ക് സൈറ്റിനെ മാറ്റിയെടുക്കുക.

You must be logged in to post a comment Login