മലയാളമറിയുന്നവരില്‍ ചിലരെങ്കിലും വായിച്ചിരിക്കാന്‍ സാധ്യതയുള്ള ഈ വാര്‍ത്തയിലൂടെ ഒന്നു കണ്ണോടിച്ചുനോക്കൂ:
ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ തീവ്രവാദികള്‍ക്കു വില്‍ക്കുന്നു.
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്നു കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്കു കടത്തിക്കൊണ്ടുവന്ന ശേഷം തീവ്രവാദസംഘടനകള്‍ക്കു കൈമാറുന്നതായി രഹസ്യ റിപ്പോര്‍ട്ട്. ഈ ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കാന്‍ അധികൃതര്‍ താല്‍പര്യമെടുക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇത്തരം അനാഥാലയങ്ങള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ധൈര്യപ്പെടുന്നതായും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കേന്ദ്ര ആഭ്യന്തരവകുപ്പാണ് സംസ്ഥാനത്തെ 200ല്‍പരം അനാഥഅഗതിമന്ദിരങ്ങളെക്കുറിച്ചു റിപ്പോര്‍ട്ടു ശേഖരിച്ചത്. ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്കും അഗതികള്‍ക്കും മികച്ച സംരക്ഷണം നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം ജില്ലയിലെ ഒരു അനാഥമന്ദിരത്തില്‍ ഏകദേശം ഇരുനൂറ്റിയെഴുപത് അനാഥകുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായും റിപ്പോര്‍ട്ടിലുണ്ട്്. സംസ്ഥാന സര്‍ക്കാരില്‍നിന്ന് ഗ്രാന്‍റു വാങ്ങുന്ന ഈ സ്ഥാപനത്തില്‍ ഞെട്ടിക്കുന്ന ലൈംഗികാതിക്രമങ്ങളാണ് നടക്കുന്നത്. അറബിക്കല്യാണം, മൈസൂര്‍ കല്യാണം, അനാഥാലയങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നേരെയുള്ള പീഡനം തുടങ്ങിയവയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഈ ചൂഷണം തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുഖ്യഭരണ കക്ഷിയിലെ പ്രമുഖ എംഎല്‍എ നേരിട്ട് ഇടപെട്ടതാണ് കാരണം. മാതാപിതാക്കള്‍ മരണപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികള്‍ ദിവസംതോറും അചിന്ത്യമായ കൊടുംചൂഷണത്തിന് ഇരയാവുകയാണ്. സംസ്ഥാനത്തു രണ്ടുലക്ഷം അനാഥബാല്യങ്ങളാണ് അഗതിമന്ദിരങ്ങളിലുള്ളത്. ഇവരെ സംരക്ഷിക്കാനെന്ന വ്യാജേനയാണ് കാശ്മീര്‍, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള തീവ്രവാദി സ്വഭാവമുള്ള വ്യക്തികളെ ഏല്‍പിക്കുന്നത്. കാശ്മീര്‍ തീവ്രവാദികളുടെ മക്കളാണ് ഇത്തരം സംരക്ഷകരില്‍ ഏറിയ പങ്കുമെന്നു റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. സംശയത്തിന്‍റെ നിഴലിലുള്ള ഇത്തരം സ്ഥാപനങ്ങളുടെ സാന്പത്തിക സ്രോതസ്സുകളെക്കുറിച്ചു സര്‍ക്കാരിനു യാതൊരു വിവരവുമില്ല.
എങ്ങനെയുണ്ട് വാര്‍ത്ത? ഇക്കഴിഞ്ഞ ജനുവരി 22നു മംഗളം പത്രത്തിന്‍െറ മുഖത്താളില്‍ സൂപ്പര്‍ ലീഡായി (മുഖ്യവാര്‍ത്തയുടെ മുകളില്‍ ) പ്രത്യക്ഷപ്പെട്ട എക്സ്ക്ലൂസീവ് സ്റ്റോറി ആണിത്. കേരളത്തിലെ അനാഥാലയങ്ങളെക്കുറിച്ച് അതീവ ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. അനാഥാലയങ്ങളിലെ കുട്ടികള്‍ വ്യാപകമായി ചൂഷണങ്ങള്‍ക്ക് ഇരയാവുകയാണെന്നും അന്യസംസ്ഥാനങ്ങളിലെ ഭീകരവാദികള്‍ക്ക് ഇവരെ കൈമാറുകയാണെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ട് കൈമാറുന്നത്്. ഭരണസ്വാധീനം മൂലമാണത്രെ കുറ്റക്കാരെ കണ്ടെത്താനോ ചൂഷണത്തിന് അന്ത്യം കുറിക്കാനോ സാധിക്കാത്തത്. ഏതു വിഭാഗത്തെ ഉദ്ദേശിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാവും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ യതീംഖാനകളും അനാഥാലയങ്ങളും നടത്തുന്നത് മുസ്ലിംകളും ക്രിസ്ത്യാനികളുമാണ്. പത്രത്തിന്‍െറ ലക്ഷ്യം മുസ്ലിംകളാണെന്ന് മനസ്സിലാക്കാന്‍ മലപ്പുറത്തെ ഒരു അനാഥാലയത്തില്‍ നടക്കുന്നതായി പറയുന്ന ക്രൂരതകള്‍ മാത്രം മതി. ഇരുനൂറ്റിയെഴുപത് അനാഥക്കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളായിട്ടും ആരും ഈ ഹതഭാഗ്യരെ രക്ഷിക്കാന്‍ എത്തിയില്ലെന്നോ? നിയമവാഴ്ച എന്ന ഒരേര്‍പ്പാട് ഈ ഭാഗത്തു കേട്ടുകേള്‍വി ഇല്ലേ? പിന്നെ, തീവ്രവാദികള്‍ക്കു കുഞ്ഞുങ്ങളെ കൈമാറുന്നുവെന്ന വാര്‍ത്ത ലേഖകന് എവിടെനിന്നാണ് കിട്ടിയത്? അത്തരമൊരു വാര്‍ത്ത പത്രത്തില്‍ അച്ചടിക്കും മുന്പ് ഉത്തരവാദപ്പെട്ട അധികൃതരെ അറിയിക്കാന്‍ വല്ലതും ചെയ്തോ?
ന്യൂനപക്ഷവിഭാഗങ്ങള്‍ ഭക്ഷണവും വസ്ത്രവും നല്‍കി പരിപാലിച്ചുപോരുന്ന അഗതികളെയും അനാഥകളെയും പുറമെയുള്ള ഏതെങ്കിലും വ്യക്തിക്കോ ഏജന്‍സിക്കോ വിട്ടുകൊടുക്കുമെന്ന് സങ്കല്‍പിക്കാന്‍ കഴിയുമോ? ഇതുവരെ അനാഥാലയങ്ങളെക്കുറിച്ച് ഉയര്‍ന്നുകേള്‍ക്കാറുള്ള ഏക ആരോപണം എവിടെ നിന്നൊക്കെയോ കൊണ്ടുവരുന്ന കുട്ടികളെ തങ്ങളുടെ മതത്തിലേക്ക് മാര്‍ഗം കൂട്ടാന്‍ ആവേശം കാട്ടുന്നു എന്നതാണ്. ക്രിസ്ത്യന്‍ സഭകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അനാഥാലയങ്ങളില്‍ വ്യാപകമായ മതംമാറ്റം നടക്കുന്നുണ്ട് എന്നത് നിഷേധിക്കാനാവാത്ത സത്യവുമാണ്. കലാപകലുഷിതമായ ഗുജറാത്ത്, കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു ജീവിതത്തിന്‍െറ പുറന്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഏതാനും കുഞ്ഞുങ്ങള്‍ക്ക് അഭയം നല്‍കി എന്നത് മാത്രമാണ് മുസ്ലിംവിരുദ്ധര്‍ക്ക് എടുത്തുകാട്ടാനാവുന്ന ഏക കുറ്റം. ഇങ്ങനെ എത്തിയ കുഞ്ഞുങ്ങള്‍ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ പോലും പരിപാടികള്‍ അവതരിപ്പിച്ച് മികവ് തെളിയിക്കുന്ന കാഴ്ച നാം കാണാറുള്ളതാണ്. അനാഥസംരക്ഷണത്തിന്‍െറ മഹത്വം മനസ്സിലാക്കി ദൈവപ്രീതി മാത്രം കാംക്ഷിച്ചു നടത്തുന്ന സദ്കര്‍മങ്ങളെപ്പോലും വികലമായി ചിത്രീകരിച്ചു വെടക്കാക്കാനുള്ള കുല്‍സിതശ്രമം തിരിച്ചറിയാതെ പോയിക്കൂടാ.
വിഷയം മുസ്ലിംകളുടേതുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഏത് പത്രക്കാരനും എന്തും തട്ടിവിടാം എന്നതാണ് നമ്മുടെ നാട്ടിലെ നടപ്പുശീലം. മലപ്പുറം ജില്ലയാണെങ്കില്‍ പിന്നെ പറയേണ്ടതില്ല. ഈ റിപ്പോര്‍ട്ടിന്‍െറ ചുവടുപിടിച്ചായിരിക്കണം ആര്‍.എസ്.എസ് മുഖപത്രമായ ജന്മഭൂമി മറ്റൊരു വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി: ഓര്‍ഫനേജുകളെക്കുറിച്ചുള്ള വിവരശേഖരണം തുടങ്ങികടുത്ത എതിര്‍പ്പുമായി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്. മനുഷ്യാവകാശ കമീഷന്‍ ഓര്‍ഫനേജുകളെ സംബന്ധിച്ച വിവരശേഖരണം നടത്തുന്നതിനെതിരെ വീണ്ടും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് രംഗത്ത് എത്തിയിരിക്കയാണെന്നാണ് കോഴിക്കോട് ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് അവസാനിക്കുന്നത് ഇങ്ങനെ: അട്ടപ്പാടി പാക്കുളം മര്‍ക്കസ് റഹ്മാനിയ ഇസ്ലാമിയ എന്ന സ്ഥാപനത്തില്‍ നടന്ന പ്രകൃതിവിരുദ്ധ പീഡനം, കോഴിക്കോട് സിയസ്കോ യത്തീംഖാനയില്‍ നടന്ന അറബിക്കല്ല്യാണം എന്നിവയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അനാഥഅഗതി മന്ദിരങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. റിപ്പോര്‍ട്ട് വായിച്ചാല്‍ തോന്നും മുസ്ലിം മാനേജ്മെന്‍റുകള്‍ നടത്തുന്ന അനാഥാലയങ്ങളെല്ലാം കൊള്ളരുതായ്മയുടെ കൂത്തരങ്ങുകളാണെന്ന്. കോഴിക്കോട് സിയസ്കോ യത്തീംഖാനയിലെ പതിനേഴ് വയസുള്ള അന്തേവാസിനിയെ നഗരത്തിലെ തന്നെ സ്ത്രീയുടെ വിദേശപൗരത്വമുള്ള മകന്‍ നിക്കാഹ് ചെയ്തതിനെച്ചൊല്ലിയുള്ള വിവാദം ഏത് ദിശയിലൂടെയാണ് കടന്നുപോയതെന്ന് നാം കണ്ടതാണ്. മുസ്ലിംസമുദായം ഒന്നടങ്കം എന്തോ കൊടുംപാതകം ചെയ്തു എന്ന നിലയിലാണ് മാധ്യമങ്ങള്‍ ഒറ്റപ്പെട്ട ആ സംഭവത്തെ പര്‍വതീകരിച്ചു കാണിച്ചത്. അനാഥാലയ അധികൃതരും യുവാവിന്‍െറ മാതാവും കാര്‍മികത്വം വഹിച്ചവരുമെല്ലാം കുറെ ദിവസം ജയിലില്‍ കിടക്കേണ്ട സാഹചര്യം പോലുമുണ്ടായി. എന്നാല്‍ ഇതേ മാധ്യമങ്ങള്‍ മറ്റു ചില വാര്‍ത്തകള്‍ മനഃപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണ്. സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ അനാഥാലയങ്ങള്‍ക്കെതിരെ മൊത്തം 66കേസുകളാണ് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണ് ഒന്പത്; ഏറ്റവും കുറവ് മലപ്പുറത്തും: ഒന്നുമാത്രം. എന്നിട്ടും എല്ലാ വൃത്തികേടുകളും നടമാടുന്നത് മലപ്പുറത്താണെന്ന് വരുത്തിത്തീര്‍ക്കാനോ തെറ്റിദ്ധരിപ്പിക്കാനോയുള്ള ശ്രമങ്ങളാണ് മീഡിയ നടത്തുന്നത്. പലപ്പോഴും മുസ്ലിംവിരുദ്ധ ശക്തികളുടെ കൈകളിലെ പാവകളായി സ്വയം മാറുകയാണിവര്‍.
മുന്‍വിധിയും വിവരക്കേടുമാണ് അടിസ്ഥാന കാരണം. അതു വ്യവസ്ഥിതിയുടെ മൂലരോഗമാണ്. മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുന്പോള്‍ രാക്ഷസീയവത്കരിക്കാനും അറുപിന്തിരിപ്പന്‍ സമൂഹമാണെന്ന് പുറമേക്ക് വരുത്തിത്തീര്‍ക്കാനുമുള്ള ഹീനശ്രമം തുടങ്ങിയിട്ട് കാലമേറെയായി. ആ ശ്രമങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനു പോലും ചിലര്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ടി പി ചന്ദ്രശേഖരന്‍െറ കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാറിന്‍െറ ചില്ലുകളില്‍ മാശാഅല്ലാ, അല്‍ഹംദുലില്ലാ എന്നൊക്കെ എഴുതിവച്ച് കൊലപാതകത്തിനു പിന്നില്‍ മുസ്ലിം ഭീകരരാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നടന്ന ആസൂത്രിതനീക്കം ദൈവാനുഗ്രഹം കൊണ്ടാണ് പൊളിഞ്ഞത്. എന്നാല്‍, ആ വശത്തെക്കുറിച്ച് മാധ്യമങ്ങള്‍ കൂടുതലായൊന്നും എഴുതിയില്ല. ഒരു സമൂഹത്തെ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റാന്‍ ഒരു പാര്‍ട്ടി നടത്തിയ കൈരാതത്തെ ഏതു ഭാഷയിലാണ് അപലപിക്കേണ്ടത്? ഡല്‍ഹിയില്‍ മുഖ്യമന്ത്രി കെജ്രിവാള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പോലിസ്അകന്പടി നിരസിച്ചപ്പോള്‍ ഇന്ത്യന്‍ മുജാഹിദീന്‍ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട രഹസ്യവിവരം ഇന്‍റലിജന്‍സ് പുറത്തുവിട്ടത് നാം കണ്ടു. അപ്പോള്‍ ഇന്ത്യന്‍ മുജാഹിദീന്‍ പോലും ഭരണകൂടത്തിന്‍റെ കൈയിലെ ആയുധമായി മാറുകയാണ്.
മുസ്ലിം വിഷയങ്ങള്‍ മീഡിയക്കു പഥ്യമാവണമെങ്കില്‍ അതിനൊരു നെഗറ്റീവ് ആങ്കിള്‍ വേണം. മുസ്ലിം വ്യക്തിനിയമം എന്നു കേള്‍ക്കുന്പോഴേക്കും എല്ലാവരും വാളെടുക്കുന്നത് അതിന്‍െറ പിന്തിരിപ്പന്‍ സ്വഭാവത്തെ എടുത്തുകാണിക്കാനായിരിക്കും. എന്നാല്‍, ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് മാത്രമല്ല വ്യക്തിനിയമം നിലവിലുള്ളതെന്നും ഏഴ് വ്യക്തിനിയമങ്ങളില്‍ ഒന്നു മാത്രമാണ് അതെന്നും എത്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാം? രാജ്യത്ത് ഏകീകൃത വ്യക്തിനിയമം വേണമെന്ന് ഭരണഘടനയുടെ നാല്‍പത്തിനാലാം ഖണ്ഡിക അനുശാസിക്കുന്പോഴും താഴെപറയുന്ന വ്യക്തിനിയമങ്ങള്‍ക്കനുസരിച്ച് വിവിധ സമൂഹങ്ങളുടെ സിവില്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്നുണ്ട് എന്നതാണ് വാസ്തവം: 1. ഹിന്ദു വ്യക്തി നിയമം . 2. ഹിന്ദു, ബുദ്ധ, ജൈന, സിഖു വിഭാഗങ്ങളുടെ നാട്ടാചാരങ്ങള്‍ 3. ഹിന്ദുക്കളുടെ ഗോത്രനിയമങ്ങള്‍. 4. ക്രിസ്ത്യന്‍ വ്യക്തിനിയമം . 5. പാര്‍സി വ്യക്തിനിയമം. 6. ജൂത വ്യക്തിനിയമം . മുസ്ലിം വ്യക്തിനിയമം . എന്നാല്‍, പാര്‍സികളും സിഖുകാരും ക്രിസ്ത്യാനികളും ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും വിവാഹം, വിവാഹമോചനം, അനന്തിരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ അവരവരുടെ വ്യക്തിനിയമങ്ങളാണ് പിന്തുടരുന്നതെന്ന് എപ്പോഴെങ്കിലും പറഞ്ഞതായി നാം കേട്ടിട്ടുണ്ടോ? ഇല്ല, എന്നു മാത്രമല്ല, മുസ്ലിംകള്‍ക്ക് മാത്രമേ അറുപിന്തിരിപ്പന്‍ വ്യക്തിനിയമങ്ങള്‍ രാജ്യത്തുള്ളൂ എന്ന നിലയില്‍ എന്നും പ്രചാരണങ്ങള്‍ തുടരുകയാണ്. ആധാര്‍ പദ്ധതി നിര്‍ബന്ധമായും പൗരന്മാരുടെമേല്‍ അടിച്ചേല്‍പിക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരിനെ തടയണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിന്മേലുള്ള വാദം കേള്‍ക്കവെ ജസ്റ്റീസ് ഇഖ്ബാല്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടത് കേട്ടില്ലേ? ആധാര്‍ നിര്‍ബന്ധമാക്കുന്നതോടെ അറബിക്കല്യാണം തടയാന്‍ കഴിയുമെന്ന്. എങ്ങനെയാണ് ആധാര്‍ കാര്‍ഡ് കൊണ്ട് അറബിക്കല്യാണം ഇല്ലാതാക്കാന്‍ കഴിയുക? വായില്‍ തോന്നിയത് വിളിച്ചുകൂവാന്‍ ആര്‍ക്കും മടിയില്ലെന്ന് ചുരുക്കം.
ഒരു വേള ലൗജിഹാദിന്‍െറ പേരില്‍ കേരളത്തിന്‍െറ സാമൂഹികാന്തരീക്ഷം മലീമസമാക്കി നിര്‍ത്തിയ ഇവിടുത്തെ മാധ്യമങ്ങള്‍ മുസ്ലിം സമൂഹത്തില്‍ ആരോരുമറിയാതെ ആഞ്ഞടിക്കുന്ന മാറ്റത്തിന്‍െറ കാറ്റ് കാണാതെ പോകുന്നു എന്നതാണ് ഖേദകരമായ വസ്തുത. വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഇവിടെ വിപ്ലവകരമായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്്. മതസാംസ്കാരിക പ്രസ്ഥാനങ്ങളുടെ ആസൂത്രിതമായ ചുവടുവെപ്പുകളാണ് ഇതിനു കാരണം. മതപരമായ ഔല്‍സുക്യവും സാമൂഹികമായി മുസ്ലിംകള്‍ക്കിടയില്‍ നടക്കുന്ന ദിശാമാറ്റവുമൊക്കെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നിദാനങ്ങളാണ്. അവ തൊട്ടറിയാനുള്ള ശേഷിയില്ലായ്മയും ഇതര സമുദായങ്ങളുടെ പിണിയാളുകളായി മാറാനുള്ള വെന്പലുമായിരിക്കണം നട്ടാല്‍ മുളക്കാത്ത കള്ളം വാര്‍ത്തയായും അവലോകനമായും എഴുന്നെള്ളിക്കാന്‍ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നതെന്നു വേണം സമാധാനിക്കാന്‍.
You must be logged in to post a comment Login