അബ്ബാസി ഖലീഫ അല്‍മുസ്തര്‍ശിദുബില്ലാഹിയുടെ ഭരണകാലത്ത് ഹിജ്റ 502/ ക്രി. 1108 റജബ് 21ന് തിങ്കളാഴ്ചയാണ് ശൈഖ് രിഫാഈ പിറക്കുന്നത്. ഇറാഖിലെ വാസിത് പ്രവിശ്യയില്‍പെട്ട ഹസന്‍ ഗ്രാമമാണ് ജന്മനാട്. ബനൂ രിഫാഈ ഗോത്രക്കാരനായതിനാല്‍ രിഫാഈ എന്നറിയപ്പെട്ടു. രിഫാഈ ഗോത്രക്കാര്‍ പാര്‍ത്തിരുന്നത് ഇറാഖിലെ ബസറക്കും വാസിത്വക്കുമിടയിലുള്ള രിഫാഈ ഗ്രാമത്തിലായിരുന്നു. ഈ ഗ്രാമത്തിനടുത്തുള്ള ബത്വാഇഹിലെ ഉമ്മുഉബൈദയിലാണ് ശൈഖ് രിഫാഈ താമസിച്ചിരുന്നത്.
പിതാവ് അബുല്‍ഹസന്‍ സുല്‍ത്വാന്‍ സയ്യിദ് അലി. മാതാവ് ഉമ്മുല്‍ഫള്ല്‍ ഫാത്വിമ അന്‍സാരിയ്യഃ. നബി(സ്വ)യുടെ പൗത്രന്‍ ഹുസൈന്‍(റ)വിലാണ് ശൈഖിന്‍റെ പിതൃപരന്പര ചെന്നെത്തുന്നത്.
ഇമാം ഹുസൈന്‍(റ)
ഇമാം സൈനുല്‍ആബിദീന്‍(റ)
ഇമാം മുഹമ്മദ് അല്‍ബാഖിര്‍(റ)
ഇമാം ജഅ്ഫര്‍ അസ്സ്വാദിഖ്(റ)
ഇമാം മൂസല്‍കാളിം(റ)
സയ്യിദ് ഇബ്റാഹീം മുര്‍തളാ(റ)
സയ്യിദ് മൂസസ്സാനി(റ)
സയ്യിദ് അഹ്മദ് അക്ബര്‍ സ്വാലിഹ്(റ)
സയ്യിദ് ഹസന്‍ രിഫാഈ(റ)
സയ്യിദ് അലി(റ)
സയ്യിദ് അഹ്മദുല്‍കബീര്‍ രിഫാഈ(റ)
ബത്വാഇഹിലെ പ്രശസ്ത പണ്ഡിതനും ശൈഖ് രിഫാഈയുടെ അമ്മാവനുമായ ശൈഖ് മന്‍സ്വൂര്‍ അലിറബ്ബാനി(റ) അതീവ സൂക്ഷ്മാലുവും പ്രാര്‍ത്ഥനക്ക് ഉടനെ ഉത്തരം കിട്ടുന്ന യോഗിയുമായിരുന്നു. ഒരിക്കലദ്ദേഹം നബി(സ)യെ സ്വപ്നത്തില്‍ കണ്ടു. അന്നേരം നബി(സ) അദ്ദേഹത്തോട് പറഞ്ഞു മന്‍സ്വൂര്‍, താങ്കളുടെ സഹോദരിക്കു നാല്‍പതു ദിവസത്തിനു ശേഷം ഒരു കുഞ്ഞുണ്ടാവും. പേര് അഹ്മദ് രിഫാഈ. ഞാന്‍ എല്ലാ നബിമാര്‍ക്കും നേതാവായതുപോലെ അഹ്മദ് എല്ലാ വലിയ്യുകളുടെയും നേതാവാണ്. കുട്ടി വലുതാവുന്പോള്‍ അലിയ്യുല്‍ വാസിത്വി(റ)വിന്‍റെ അടുത്തേല്പിക്കണം. അദ്ദേഹം കുട്ടിക്ക് ശിക്ഷണം നല്‍കിക്കൊള്ളും.
ഏഴാം വയസ്സില്‍ രിഫാഈ ഖുര്‍ആന്‍ മനഃപാഠമാക്കി. പാരായണത്തിന്‍റെ സര്‍വ്വ നിയമങ്ങളും വശമാക്കി. ശൈഖ് സ്വലാഹുദ്ദീന്‍ മുഖ്രി(റ), ശൈഖ് അബ്ദുസ്സമീഅ് അല്‍ഖുര്‍സതി(റ) എന്നീ മഹാഗുരുക്കളില്‍ നിന്നാണ് രിഫാഈ ഖുര്‍ആന്‍ പഠിച്ചത്. അതിനിടെ പിതാവ് സയ്യിദ് സുല്‍ത്വാന്‍ അലി(റ) മരണപ്പെട്ടു. കുട്ടിയുടെ സംരക്ഷണം അമ്മാവന്‍റെ നോട്ടത്തിലായി. അമ്മാവന്‍ ശൈഖ് മന്‍സ്വൂര്‍ നബി(സ)യില്‍ നിന്നു സ്വപ്നത്തിലൂടെ ലഭിച്ച കല്പനപ്രകാരം കുട്ടിയെ ശൈഖ് അലിയ്യുല്‍വാസിത്വിയുടെ ദര്‍സിലേല്‍പ്പിച്ചു. അവിടെനിന്ന് ഒട്ടേറെ അറിവുകള്‍ അഹ്മദ്രിഫാഈ സ്വായത്തമാക്കി. ശൈഖ് അബൂബക്കര്‍(റ) (ഇദ്ദേഹം മറ്റൊരു അമ്മാവനാണ്), ശൈഖ് അബ്ദുല്‍മാലിക് ഖസ്റൂതി(റ) എന്നിവരില്‍ നിന്നും രിഫാഈ ജ്ഞാനം നേടിയിട്ടുണ്ട്. അതോടൊപ്പം അമ്മാവന്‍ ശൈഖ് മന്‍സ്വൂര്‍അലിറബ്ബാനിയുടെ ശിഷ്യത്വവും രിഫാഈ സ്വീകരിച്ചിട്ടുണ്ട്.
ശാഫിഈ കര്‍മ്മശാസ്ത്രത്തില്‍ അവഗാഹം നേടിയ അഹ്മദ്രിഫാഈ ആത്മീയ ജ്ഞാനസന്പാദനത്തില്‍ മുഴുകി. കര്‍മ്മശാസ്ത്രഗ്രന്ഥമായ തന്‍ബീഹ് വ്യാഖ്യാന സഹിതം ചെറുപ്രായത്തില്‍ തന്നെ മനഃപാഠമാക്കി. ഇരുപതാംവയസ്സില്‍ തസ്വവ്വുഫിലെ ജ്ഞാനങ്ങളെല്ലാം കരഗതമാക്കിയ ശേഷം ആത്മീയഗുരുവായി അറിയപ്പെടുന്ന ശൈഖ് അബുല്‍ഫള്ലില്‍ നിന്നു ശരീഅത്തിന്‍റെയും ത്വരീഖ്വത്തിന്‍റെയും വിജ്ഞാനങ്ങളില്‍ ഫത്വ നല്‍കാനുള്ള അനുമതി നേടി. അബുല്‍ഇല്‍മൈനി (ഇരുജ്ഞാനത്തിന്‍റെ ഉടമ) എന്ന വിശേഷണം സമകാലികപണ്ഡിതന്മാര്‍ ശൈഖ് രിഫാഈക്കു നല്‍കിയിരുന്നു. നഹ്റുദുഖ്റയിലും മറ്റുമൊക്കെയായിട്ടായിരുന്നു പഠനകാലം. ഇരുപത്തിയെട്ടാം വയസ്സില്‍ സ്വദേശമായ ഉമ്മുഉബൈദയിലേക്ക് മടങ്ങി. അമ്മാവന്‍ ശൈഖ് മന്‍സ്വൂര്‍, മാതാമഹന്‍ ശൈഖ് യഹ്യല്‍ബുഖാരി എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ മടക്കം. അതിനിടെ ശൈഖ് രിഫാഈയില്‍ നിന്ന് വിജ്ഞാനം നേടാന്‍ വിവിധ നാടുകളില്‍ നിന്ന് അനേകം പേര്‍ വന്നു തുടങ്ങി.
സഹോദരങ്ങളോട് കാണിക്കുന്ന കാരുണ്യം അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗമാണെന്ന് രിഫാഈ എപ്പോഴും പറയാറുണ്ട്. അനാഥ മക്കളെ കണ്ടെത്തി അവര്‍ക്ക് സംരക്ഷണം നല്‍കുകയും സന്പന്നരെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ശൈഖിന്‍റെ പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു. ദരിദ്രരുടെ കണ്ണീരൊപ്പാനും, വിഷമം അനുഭവിക്കുന്നവരെ സന്തോഷിപ്പിക്കാനും ശെയ്ഖ് മുന്പിലുണ്ടായിരുന്നു. നിരാലംബരായ വിധവകളെ കണ്ടെത്തി സഹായിക്കുക, അവശതയനുഭവിക്കുന്ന രോഗികള്‍ക്കും വൃദ്ധര്‍ക്കും ഭക്ഷണം പാകം ചെയ്തുകൊടുക്കുക… അങ്ങനെ തുടരുന്നു ശെയ്ഖിന്‍റെ സേവന മേഖല.
അവിടുന്ന് പറയാറുണ്ടായിരുന്നു ഞാന്‍ ഒന്നുമില്ലാത്തവന്‍റെ കുഞ്ഞഹ്മദ് ആകുന്നു. ഒരു അനാഥന്‍ ശൈഖ് രിഫാഈയുടെ മുന്നിലെത്തിയാല്‍ കാരുണ്യം കൊണ്ട് ആ ഹൃദയം പിടച്ചു പോകാറുണ്ടെന്നു ശിഷ്യ ഗണങ്ങള്‍ പറയുന്നുണ്ട്.. തളര്‍ന്നു കിടക്കുന്ന രോഗികളുടെ വീടുകളില്‍ ചെന്ന് അവരെ കുളിപ്പിച്ച് വൃത്തിയാക്കി, വസ്ത്രം കഴുകി ഭക്ഷണം പാകം ചെയ്ത് അവര്‍ക്കുവേണ്ടി രോഗശമനത്തിന് പ്രാര്‍ത്ഥിച്ചിട്ടാണ് ശൈഖ് തിരിച്ചു പോരാറുള്ളത്. ശൈഖിന്‍റെ സാന്ത്വനസ്പര്‍ശം ലഭിച്ച അനേകം പേര്‍ വിശ്വാസികളാവുകയുണ്ടായി.
കുഷ്ഠരോഗികള്‍ക്ക് അന്നം പാകം ചെയ്തുകൊടുക്കുകയും അവരോടൊന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പലപ്പോഴും അവരുടെ വസ്ത്രങ്ങള്‍ ശൈഖ് അലക്കിക്കൊടുക്കുമായിരുന്നു. എവിടെയെങ്കിലും ഒരു രോഗിയുണ്ടെന്നറിഞ്ഞാല്‍ ശൈഖ് രിഫാഈ അവിടെ എത്തും. പരിചരിക്കും. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ രോഗിയോടൊപ്പം താമസിക്കുകയും ചെയ്യും. കൂടെയുള്ള ശിഷ്യന്മാര്‍ക്കൊക്കെ ശൈഖ് രിഫാഈ ഭക്ഷണം ഒരുക്കുമായിരുന്നു. ക്ഷോഭിക്കാന്‍ അറിയില്ലായിരുന്നു. സഹനം ഉന്നത ശീലമായിരുന്നു.
മനുഷ്യേതര ജീവികളോടുള്ള കനിവും ശൈഖിന്‍റെയും ശിഷ്യരുടെയും ജീവിതത്തില്‍ കാണുന്നുണ്ട്. ശൈഖ് ശര്‍വാനി ഉദ്ധരിക്കുന്ന ഒരു സംഭവമിതാ കുഷ്ഠരോഗം പിടിപെട്ട ഒരു തെരുവുനായയെ ആളുകള്‍ ഓടിച്ചു കളഞ്ഞു. ഇതറിഞ്ഞ ശൈഖ് നായയെ കണ്ടെത്തി നഗരത്തിന് വെളിയില്‍ ഒരു തന്പ്കെട്ടി അതില്‍ പാര്‍പ്പിച്ചു. അതിനുവേണ്ട ഭക്ഷണവും മരുന്നും നല്‍കി. നാല്‍പതുദിവസം ആ നായയെ തീവ്രമായി പരിചരിച്ചു. അസുഖം ഭേദമായപ്പോള്‍ അതിനെ കുളിപ്പിച്ച് തെരുവിലേക്ക് തന്നെ വിട്ടയച്ചു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ശൈഖ് പറഞ്ഞ മറുപടി എക്കാലത്തെയും കാരുണ്യപാഠമാണ് ഈ നായയോട് എന്തുകൊണ്ട് കരുണ കാണിച്ചില്ല എന്ന് അല്ലാഹു ചോദിക്കുമെന്ന് എനിക്ക് പേടിയുണ്ട്.
ഇമാം ശഅ്റാനിയുടെ ത്വബഖാതില്‍ മറ്റൊരു ചരിത്രമുണ്ട്. ഉണങ്ങാന്‍ വിരിച്ചിട്ട കുപ്പായക്കൈയില്‍ ഒരു പൂച്ച കിടന്നുറങ്ങുന്നു. നിസ്കാരസമയമായപ്പോള്‍ ശൈഖിന് കുപ്പായം വേണം. വേറെ കുപ്പായം ഇല്ലാത്തതിനാല്‍ പൂച്ചയെ ഉണര്‍ത്താതെ കുപ്പായക്കൈ പൂച്ചയുടെ സുഖനിദ്രക്കായി മുറിച്ചിട്ടുകൊടുത്ത് മുറിക്കയ്യന്‍ കുപ്പായമിട്ട് ശൈഖ് നിസ്കരിച്ചു. പൂച്ച എഴുന്നേറ്റു പോയ ശേഷം ആകുപ്പായക്കൈയെടുത്ത് തുന്നിച്ചേര്‍ത്തു.
ശൈഖ് മൃഗങ്ങളോട് സലാം പറഞ്ഞിരുന്നു. ഖലാഇദുല്‍ജ്വവാഹിര്‍ എന്ന ഗ്രന്ഥത്തില്‍, ശൈഖ് രിഫാഈയുടെ കറാമത്തുകളെക്കുറിച്ചു വിവരണങ്ങള്‍ ഉണ്ട്. ജന്മനാ അന്ധത ബാധിച്ചവരെ ശൈഖ് സുഖപ്പെടുത്തി. മാറാവ്യാധികള്‍ ശൈഖിന്‍റെ പ്രാര്‍ത്ഥനയാല്‍ സുഖപ്പെട്ടു.
വേദിയില്‍ ഇരുന്നുകൊണ്ടാണ് ശൈഖ് സംസാരിക്കുക. ശബ്ദം അടുത്തുള്ളവരെപ്പോലെ ദൂരെയുള്ളവരും കേള്‍ക്കുമായിരുന്നു. എത്രത്തോളമെന്നാല്‍, ഉമ്മുഉബയ്ദക്ക് ചുറ്റുമുള്ള ഗ്രാമവാസികളെല്ലാം വീടിന്‍ മുകളില്‍ കയറിയിരുന്ന് ശൈഖവര്‍കളുടെ ദര്‍സ് കേള്‍ക്കാറുണ്ടായിരുന്നു. ബധിരന്മാര്‍ക്കും അവര്‍ക്കും ശൈഖിന്‍റെ സംസാരം മനസ്സിലാകുമായിരുന്നു.
ശരീരേച്ഛകളോട് പൊരുതി അവയെ കീഴടക്കി ഉന്നതികള്‍ നേടാന്‍ ശൈഖ് തന്‍റെ ശിഷ്യരെ പരിശീലിപ്പിച്ചു. നബികുടുംബത്തെ അങ്ങേയറ്റം സ്നേഹിക്കണമെന്ന് ഉപദേശിച്ചു. പ്രത്യക്ഷത്തില്‍ ശരീഅത്ത് പാലിക്കാത്ത ആളുകളെ പന്‍പറ്റാന്‍പാടില്ല. നബി(സ്വ) തങ്ങളെ പൂര്‍ണമായി പിന്‍പറ്റി ശരീഅത്തിന്‍റെ ആദാബുകള്‍ പരിരക്ഷിക്കുന്നവരാണ് യഥാര്‍ത്ഥ സൂഫികള്‍. അല്ലാഹുവിന്‍റെ ഔലിയാക്കളെ നിങ്ങള്‍ അതിരറ്റ് സനേഹിക്കുക. ഇല്ലെങ്കില്‍ നാശമാണ്. മത പണ്ഡിതന്മാരെയും ആദരിക്കണം. ശരീഅത്തിന്‍റെ വിജ്ഞാനങ്ങള്‍ പകര്‍ന്നു തരുന്നത് അവരാണ്. ശരീഅത്തില്ലാതെ ത്വരീഖ്വത്തില്ല. ജ്ഞാനമില്ലാത്തവരെ അല്ലാഹു വലിയ്യാക്കുകയില്ല… ശൈഖിന്‍റെ ഉപദേശങ്ങളാണിവ.
ഇശ്ഖിന്‍റെ കെടാ വിളക്ക്.
ശയ്ഖ് രിഫാഈ(റ) യുടെ ജീവിതം മുഴുവനും നബിചര്യയുടെ നഖ ചിത്രമായിരുന്നു. നബി(സ)യോടുള്ള അതിരുകളില്ലാത്ത പ്രണയം അവിടുത്തെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും അലിഞ്ഞു ചേര്‍ന്നിരുന്നു. പുണ്യനബി(സ)യെ സന്ദര്‍ശിക്കാന്‍ മദീനയില്‍പോയ സംഭവം നബിപ്രേമികളുടെ മനതാരില്‍ കുളിര്‍് പകരുന്നതാണ്. ഇമാം ജലാലുദ്ദീന്‍ സുയൂതി(റ) ശയ്ഖ് രിഫാഈ(റ)യുടെ സഹചാരി ഇസ്സുദ്ദീന്‍ അബുല്‍ഫറജ് അല്‍ഫാറൂതിയെ ഉദ്ധരിക്കുന്നു ഇസ്സുദ്ദീന്‍(റ) പറയുന്നു ഹിജ്റ വര്‍ഷം 555ലെ ഹജ്ജ് വേളയില്‍ ഞാന്‍ ശൈഖ് രിഫാഈ(റ)യുടെ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ മദീനയിലെത്തി. ശയ്ഖ് അവര്‍കള്‍ റസൂലിന്‍റെ സന്നിധിയില്‍ ചെന്ന് അസ്സലാമു അലൈക്കും യാ ജദ്ദീ.. എന്ന് അഭിവാദ്യം ചെയ്തു. അപ്പോള്‍ വ അലൈകുമുസ്സലാം യാ വലദീ എന്ന് തിരുനബിയുടെ ഖബര്‍ ശരീഫില്‍ നിന്നു മറുപടി ലഭിച്ചു! മസ്ജിദുന്നബവിയില്‍ കൂടിയ മുഴുവന്‍ പേരും അതുകേട്ട് പുളകം കൊണ്ടു. ശയ്ഖ് രിഫാഈ(റ) നമ്രശിരസ്കനായി. അവിടുന്ന് പൊട്ടിക്കരഞ്ഞു. ശേഷം സാദരം ആലപിച്ചു.
വിദൂരതയില്‍ നിന്നു ഞാന്‍ എന്‍റെ ആത്മാവിനെ അയച്ച് ഈ പരിശുദ്ധ മണ്ണിനെ ചുംബിക്കാറുണ്ട്.
ഇപ്പോള്‍ ഞാന്‍ അങ്ങയെത്തേടി നേരിട്ടു വന്നിരിക്കുകയാണ്. അങ്ങയുടെ കയ്യൊന്ന് നീട്ടി തന്നാലും.. ഞാനൊന്ന് ചുംബിച്ചോട്ടെ.
പ്രണയാതുരമായ ആ അപേക്ഷ റസൂല്‍(സ) സ്വീകരിച്ചു. ഖബ്ര്‍ശരീഫില്‍ നിന്നു സുഗന്ധ പൂരിതമായ ഒരന്തരീക്ഷത്തില്‍ വിശുദ്ധകരം പുറത്തേക്ക് നീട്ടി. ഹാജിമാര്‍ നോക്കി നില്ക്കേ ശയ്ഖ് രിഫാഈ (റ) തിരുകരത്തില്‍ ചുടുചുംബനങ്ങള്‍ അര്‍പ്പിച്ചു. ശെയ്ഖ് ഹയാത് ബിന്‍ ഖൈസ്(റ), ശയ്ഖ് അബ്ദുല്‍ഖാദിര്‍ അല്‍ജീലി തുടങ്ങിയ പണ്ഡിത കേസരികള്‍ ഈ സംഭവത്തിന് സാക്ഷികളാണ്.
ഇവരെക്കൂടാതെ ശൈഖ് അലിയ്യുബ്നു മുസാഹിര്‍, ശൈഖ് ഉഖൈലുല്‍മന്‍ബദി, ശൈഖ് അഹ്മദുല്‍കബീര്‍ സഅ്ഫറാനി, ശൈഖ് അഹ്മദ് സാഹിദ് അല്‍അന്‍സ്വാരി, ശൈഖ് ശറഫുദ്ദീന്‍ അല്‍ഹാശിമി എന്നിവരും സംഭവത്തിന് സാക്ഷികളായുണ്ട്.
ശൈഖ് അഹ്മദ് റിഫാഈയുടെതായി അനവധി ഗ്രന്ഥങ്ങളുണ്ട്. ഇവയെല്ലാം ശിഷ്യന്മാര്‍ ശൈഖിന്‍റെ അനുമതിയോടെ ക്രോഡീകരിച്ചതാണ്. അല്‍മജാലിസുല്‍അഹ്മദിയ്യ, അല്‍ആസാറുന്നാഫിഅ്, അല്‍ബുര്‍ഹാനുല്‍മുഅയ്യദ്, അല്‍ഹികമു രിഫാഇയ്യ്, അന്നിളാമുല്‍ഖാസ്വ് ലി അഹ്ലില്‍ ഇഖ്തിസ്വാസ് എന്നിവ അവയില്‍ ചിലതാണ്.
ഹി. 578 ജമാദുല്‍ഊലാ 12ന് വ്യാഴാഴ്ചയാണ് ശൈഖിന്‍റെ വഫാത്. വിടപറയുന്പോള്‍ 66 വയസ്സായിരുന്നു. ഉമ്മുഉബൈദ ഗ്രാമത്തില്‍ മാതാമഹന്‍ യഹ്യല്‍ബുഖാരിയുടെ ഖബ്റിന്നരികിലാണ് അന്ത്യവിശ്രമസ്ഥാനം. ശൈഖ് രിഫാഈ ചിട്ടപ്പെടുത്തിയ ആത്മീയ സരണിയാണ് രിഫാഇയ്യ ത്വരീഖത്ത്.
ശൈഖിനെക്കുറിച്ച് ശൈഖ് നൂറുദ്ദീന്‍ ശത്തനൗഫി(റ) പരിചയപ്പെടുത്തുന്നത് ഇങ്ങനെ ഇറാഖിലെ മശാഇഖുമാരില്‍ ഉന്നതന്‍, ആരിഫീ പ്രമുഖന്‍, മുഹഖിഖീങ്ങളുടെ നേതാവ്, വലിയ കറാമത്തിനുടമ, പരാജിതരുടെ പട്ടികയില്‍ നിന്ന് മുരീദുമാരുടെ പേരുകള്‍ മായ്ച്ചു കളഞ്ഞയോഗി, ഖുതുബ് പദവി ലഭിച്ച നാലു പേരില്‍ ഒരാള്‍ (ബഹ്ജതുല്‍ അസ്റാര്‍)
ശൈഖിന്‍റെ ഗുരു പരമ്പര
ശൈഖ് മന്‍സ്വൂറുല്‍ബത്വാഇഹി വഴി
1. ശൈഖ് മന്‍സ്വൂറുല്‍ബത്വാഇഹി
2. ശൈഖ് യഹ്യല്‍അന്‍സാരി
3. ശൈഖ് അബൂബക്കര്‍ മൂസല്‍അന്‍സാരി(റ)
4. ശൈഖ് ജുനൈദുല്‍ബഗ്ദാദി(റ)
5. ശൈഖ് അസ്സറിയ്യുസ്സുഖ്ത്തി(റ)
6. ശൈഖ് മഅ്റൂഫുല്‍കര്‍ഖി(റ)
7. ശൈഖ് ദാവൂദുത്വാഈ(റ)
8. ശൈഖ് ഹബീബുല്‍അജമി(റ)
9. ശൈഖ് ഹസനുല്‍ബസരി(റ)
10. അമീറുല്‍ മുഅ്മിനീന്‍ അലി(റ)
11. സയ്യിദുനാ മുഹമ്മദ് മുസ്ത്വഫാ(സ)
ശൈഖ് അലിയ്യുല്‍ഖാരി അല്‍വാസ്വിത്വി വഴി
1. ശൈഖ് അലിയ്യുല്‍ഖാരി അല്‍വാസ്വിത്വി(റ)
2. അബുല്‍ഫള്ല്‍ ശൈഖ് മുഹമ്മദ്(റ)
3. ശൈഖ് അബൂബക്കര്‍ അശ്ശിബ്ലി(റ)
4. ശൈഖ് ജുനൈദുല്‍ബഗ്ദാദി(റ)
5. ശൈഖ് അസ്സറിസ്സുഖ്ത്തി(റ)
6. ശൈഖ് മഅ്റൂഫുല്‍ഖര്‍ഖി(റ)
7. ശൈഖ് ദാവൂദുത്വാഈ(റ)
8. ശൈഖ് ഹബീബുല്‍അജമി(റ)
9. ശൈഖ് ഹസനുല്‍ബസരി(റ)
10. അമീറുല്‍മുഅ്മിനീന്‍ അലി(റ)
11. സയ്യിദുനാ മുഹമ്മദ് മുസ്ത്വഫാ(സ)
(തദ്കിറ, ത്വബഖ്വാതുല്‍ഔലിയ)
നബീല്‍ നെല്ലിപ്പറമ്പ്
You must be logged in to post a comment Login