പതിവ്പോലെ പ്രാതല്‍ കഴിച്ച് ഉമ്മയോട് സലാം ചൊല്ലി ഇറങ്ങി നേരെ മദ്രസയിലെത്തി. മുഖത്ത് പുഞ്ചിരിയുമായി രണ്ടാംക്ലാസിലെ ഹസനുസ്താദ് ഞങ്ങളെ അഭിവാദ്യം ചെയ്തു. ഒന്നാം ക്ലാസിലും രണ്ടാംക്ലാസിലും ഹസനുസ്താദ് തന്നെയാണ് ക്ലാസെടുക്കുന്നത്. ഒരു വിരിയുടെ ഇരുഭാഗങ്ങളിലായാണ് ഒന്നും രണ്ടു ക്ലാസുകള്‍. പഠിക്കാതെ കളിച്ചിരിക്കുന്നത് കണ്ടാല്‍ പമ്മി പമ്മി പിന്‍വശത്തുകൂടെ വന്ന് ചെവിക്കൊരു നുള്ള് വച്ചുതരും. വേദനകൊണ്ട് കരഞ്ഞാല്‍ പല തമാശകളും പറഞ്ഞ് ചിരിപ്പിക്കും. അപ്പോള്‍ എല്ലാ വേദനയും മറക്കും. ഞങ്ങളോട് വലിയ സ്നേഹമായിരുന്നു ഹസനുസ്താദിന്. കുട്ടികളായ ഞങ്ങളും ഉസ്താദിനെ ഒരുപാട് സ്നേഹിച്ചു. ഉസ്താദിനോട് എല്ലാം തുറന്ന് പറയുമായിരുന്നു. അങ്ങനെ ഒരു ദിവസം എന്റെ കൂട്ടുകാരന് ഫൈസലിന്റെ സ്ലേറ്റ് എന്റെ കയ്യില്‍ നിന്ന് വീണ് പൊട്ടി. പെട്ടെന്ന് അവന്റെ മുഖം വാടി. കരച്ചിലുമായി അവന് ഉസ്താദിന്റെയടുക്കലേക്ക് ഓടി. പരാതികേട്ട് ഉസ്താദ് എന്നെ വിളിച്ചു കാര്യം തിരക്കി. നടന്നതെല്ലാം ഞാന്‍ വിശദീകരിച്ചു. ഉസ്താദ് ഒരു സ്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് ഫൈസലിനെ സമാധാനിപ്പിച്ചു. നയനങ്ങളില്‍ നിറഞ്ഞു നിന്ന കണ്ണീര് കണങ്ങള്‍ തുടച്ചു നീക്കി ഉസ്താദ് അവനോട് സീറ്റിലിരിക്കാന്‍ പറഞ്ഞു. വെന്തുരുകുന്ന ഖല്‍ബുമായി ഞാനും മെല്ലെ സീറ്റിലിരുന്നു. ശേഷം ഉസ്താദിന്റെ ഉപദേശം ഞങ്ങളുടെ മനസ്സിലനെ ശാന്തമാക്കി. എല്ലാം തീര്‍ന്നെന്നു വിചാരിച്ച് മദ്രസ വിട്ട് റോഡിലെത്തിയപ്പോള്‍ ഫൈസലിന്റെ ഉപ്പ അബൂബക്കര്‍ക്ക അവനെ കാത്തിരിക്കുന്നു. ഉപ്പയെ കണ്ടപാടെ അവന് എന്നെ ചൂണ്ടി അവനെന്റെ സ്ലേറ്റ് പൊട്ടിച്ചു എന്നു പറഞ്ഞു ഉറക്കെ കരഞ്ഞു. ഇതു കണ്ടപാടെ ഞാന്‍ തളര്‍ന്നു പോയി.
അവന്റെ ഉപ്പ എന്റെടുത്ത് വന്ന് ചോദിച്ചു: നീ അവന്റെ സ്ലേറ്റ് പൊട്ടിച്ചോ? ഞാന്‍ പറഞ്ഞു: അറിയാതെ കയ്യില്‍ നിന്ന് വീണ് പോയതാണ്. ഇത് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സുമാറി. പിന്നെ പറഞ്ഞു: സാരമില്ല. അപ്പോഴേക്കും ഉസ്താദുമാര്‍ ഇടപെട്ടു. ഫൈസലിന്റെ ഉപ്പയുമായി സംസാരിച്ചു. പുതിയൊരു സ്ലേറ്റ് വാങ്ങാമെന്ന തീരുമാനത്തിലെത്തിയതോടെ അവന്റെ കരച്ചില് നിന്നു. എന്റെ ബേജാറും പോയി. =
ഹാഫിള് അബ്ദുല്‍ബാസിത്ത് മായനാട്
സിറാജുല്‍ഹുദാ കുറ്റ്യാടി
You must be logged in to post a comment Login