പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ഈജിപ്തില്‍ നിന്നാണ് മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ വരുന്നത്. മോഡേണിസ്റ്റായ ഖാസിം അമീന്‍ എഴുതിയ തഹ്രീറുല്‍മര്‍അ അന്ന് പരിഷ്കൃതപക്ഷത്തു നിന്ന് സംവാദം കടുപ്പിച്ചു. ആധുനിക ലിബറല്‍ ജീവിത ശൈലിയും ശാസ്ത്ര സാങ്കേതിക വികാസവും പുതിയ ലോകത്തിന്‍റെ അടയാളങ്ങളായി മാറിയപ്പോള്‍ പാരന്പര്യ ദര്‍ശനങ്ങള്‍ അപരിഷ്കൃതം എന്നു വിലയിരുത്തപ്പെട്ടു. ആധുനികതയെ അനുകരിക്കാനുള്ള ഒരുതരം ത്വരയും ജ്വരവും രൂപപ്പെടുകയും ഖാസിം അമീനടക്കമുള്ളവര്‍ അതിനകത്ത് വീഴുകയും ചെയ്തു അങ്ങനെ പടിഞ്ഞാറന്‍ ദേശങ്ങളിലെ വെളുത്ത സ്ത്രീകള്‍ പരിഷ്ക്കാരത്തിന്‍റെ ചിഹ്നങ്ങളായി. എന്നാല്‍ മുസ്ലിം ആധുനികവാദികള്‍ ഈ വീഴ്ചയെ ഒരു മുന്നേറ്റമായി കുറിക്കാനാണ് ശ്രമിച്ചു പോന്നത്. വീണവര്‍ മറ്റുള്ളവരെ വീഴ്ത്തി തന്‍റേത് ചരിത്രദൗത്യമാക്കാനായി ഒരുന്പെട്ടിറങ്ങി എന്നര്‍ത്ഥം. അങ്ങനെയാണ് ലിബറല്‍ മനോഭാവമുള്ള സ്ത്രീ സങ്കല്പത്തിന്, എന്താ കുഴപ്പം എന്ന ചോദ്യം പൊങ്ങിവന്നത്. ഇതിനേക്കാളേറെ ലിബറലായിരുന്നു മനുഷ്യന്‍ പിറന്നപ്പോഴുള്ള അവസ്ഥ എന്നതാണതിന്‍റെ പ്രാഥമിക സമാധാനം. അതു കഴിഞ്ഞ് വ്യത്യസ്ത കാലങ്ങളില്‍ മനുഷ്യന്‍റെ ബോധം തെളിഞ്ഞു വന്നപ്പഴാണ് അവന്‍ ഇന്നുള്ള പൂര്‍ണ വസ്ത്രധാരിയായി മാറിയത്. കാലഘട്ടങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുള്ള മനുഷ്യന്‍റെ ഈ മുന്നേറ്റത്തില്‍നിന്ന് അവനെയും അവളെയും പൂര്‍വ്വകാലത്തെ പരിമിതബോധങ്ങളിലേക്ക് തിരിച്ചു നടത്താനുള്ള ശ്രമങ്ങളായേ പുതിയ വാദങ്ങളെ വിലയിരുത്താനാവൂ. സ്ത്രീയെ അവളുടെ മാനവികമായ സ്വസ്ഥതയില്‍നിന്ന് പിടിച്ചു വലിച്ച് വിവാഹസദാചാരബോധത്തെ മരവിപ്പിക്കുന്ന രീതിയാണത്. ബറൂച്ച് സവിനോസയുടെ അഭിപ്രായം കൂടി ചേര്‍ത്തു വായിച്ചാല്‍ ഇത്തരം വീക്ഷണങ്ങളുടെ പ്രതിലോമപരതയും സ്ത്രീത്വ നിഷേധവും ഒന്നുകൂടി വ്യക്തമാവും. മനുഷ്യന്‍റെ അതീന്ദ്രീമായ സ്വാതന്ത്ര്യ ദാഹം ആസ്വദിക്കുന്നതിന് രോഗം പോലും ഒരു തടസ്സമല്ല എന്ന വായന മനുഷ്യന്‍റെയും പ്രത്യേകിച്ചു സ്ത്രീയുടെയും സ്വസ്ഥതയാണ് നഷ്ടപ്പെടുത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഫെമിനിസം രൂപം കൊള്ളുന്നത് ഇത്തരം സ്ത്രീ വിരുദ്ധവും എന്നാല്‍ മൃഗീയ പൗരുഷത്തിന്‍റെ പക്ഷത്ത് ചേര്‍ന്നുമാണ്. കൊളോണിയലിസത്തോടൊപ്പമാണ് ഫെമിനിസം വന്നത്. സ്ത്രീത്വത്തെ കോളനിവത്കരിക്കാനും അതുവഴി സദാചാരത്തെ ചങ്ങലക്കിടാനും കൊളോണിയലിസത്തിന് മുന്നിലുള്ള എല്ലാ തടസ്സങ്ങളും തകര്‍ക്കാനുമാണ് അത് കുളിച്ചൊരുങ്ങി വന്നത്.
പാരന്പര്യവും അധ്യാത്മികതയും യുക്തിവാദത്തിന്‍റെ ബലത്തില്‍ ചോദ്യം ചെയ്യപ്പെട്ട നാളുകളിലാണ് കൊളോണിയലിസവും ഫെമിനസവും വന്നത് എന്നതിനാല്‍ കൊളോണിയല്‍ ശക്തികള്‍ക്കെതിരെയുള്ള സമരത്തില്‍ തദ്ദേശീയ പോരാളികള്‍ എപ്പോഴും പാതിതോറ്റ യുദ്ധത്തിലായിരുന്നു ഉണ്ടായിരുന്നത്. രാഷ്ട്രീയ അധിനിവേശം നിഷേധിക്കുന്പോഴും അവരില്‍ പലരും സംസ്കാരികമായ അധിനിവേശം സമ്മതിച്ചു പോരുകയായിരുന്നു. കൊളോണിയല്‍ ശക്തിള്‍ എന്തു കൊണ്ടും സമാധാനത്തിലായിരുന്നു. നാടിന്‍റെ സന്പത്തു കട്ടു കടത്തുന്ന കാലം വരെ രാഷ്ട്രീയാധിനിവേശം നിലനിര്‍ത്തുകയും പിന്നീട് അനന്തകാലത്തേക്ക് സംസ്കാരികാധിനിവേശം തുടരുകയും ചെയ്യാമെന്നത് അവരന്ന് കണക്കുകൂട്ടിയതാണ്.
പാതിതോറ്റ യുദ്ധരംഗത്താണ് തങ്ങളുള്ളതെന്ന ബോധം അന്നത്തെ പോരാളികളില്‍ പലര്‍ക്കുമുണ്ടായില്ല. ഫലമോ രാഷ്ട്രീയാധിനിവേശം കപ്പലേറി നാട്ടില്‍ പോയപ്പോഴും സാംസ്കാരികാധിനിവേശം സദാചാര ബോധത്തെ നാണം കെടുത്തി നാട് വാഴുകയായിരുന്നു. അതിനിടക്കാണ് ഇരുപതാം നൂറ്റാണ്ടില്‍ ഇസ്ലാമുമായി ഫെമിനിസത്തെ ചേര്‍ത്തു വെക്കുന്നത്. ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയിലെ മാര്‍ഗോബദ്രാനാണ് ഇസ്ലാമിക് ഫെമിനിസം അക്കാദമിക തലത്തിലേക്ക് കൊണ്ടു വരുന്നത്. അവരെ കേരളത്തില്‍ എതിരേറ്റു കൊണ്ടു വന്നത് ബിദഈ പ്രസ്ഥാനങ്ങളായിരുന്നുവെന്ന് ഓര്‍മയില്‍ വേണം.
പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ചും സ്വയം നിര്‍മിച്ച അച്ചിലേക്ക് പ്രമാണങ്ങളെ വെട്ടിപ്പാകപ്പെടുത്തിയും തന്നെയാണ് ബിദഇകളെപ്പോലെ മാര്‍ഗോബദ്രനും ഇറങ്ങിപ്പുറപ്പെട്ടത്.
മൊറോക്കന്‍ ഫെമിനിസ്റ്റ് ഫാതിമ മെര്‍നിസ്സിയുടെ 1987ല്‍ പുറത്തിറങ്ങിയ The Veil and the Male elite; A female interpretation of Islam ഫെമിനിസ്റ്റുകള്‍ അവരുടെ വേദഗ്രന്ഥം പോലെ നെഞ്ചില്‍ ചേര്‍ത്തു പിടിക്കുന്നതാണ്. തിരുനബി (സ)യുടെ പത്നിമാരെയും മുസ്ലിം ലോകത്തെ മറ്റു പ്രധാന വനിതകളെയും കുറിച്ച് തലതിരിച്ച് വായിക്കുന്നതാണിതിന്‍റെ പ്രത്യേകത. ഇങ്ങനെ കിഴുക്കാംതൂക്കായി വായിക്കുന്നതിന്ന് അവര്‍ ചെയ്തിട്ടുള്ള ഒരു പണി പുണ്യവാന്മാരെ സ്ത്രീ വിരുദ്ധരായും നബി വിരുദ്ധരായും വായിക്കുകയാണ്. മുസ്ലിംകള്‍ക്കിടയില്‍ ഇത്തരമൊരു വായനക്ക് സ്വീകാര്യത കിട്ടാനായി അവര്‍ നബിയെ രക്ഷപ്പെടുത്തിയെടുക്കുകയും ചെയ്യുന്നുണ്ട്. അഗാധമായ അര്‍ത്ഥധ്വനികളുള്ള ഖുര്‍ആന്‍/ ഹദീസ് വചനങ്ങളെ പരിഷ്കൃത സ്ത്രീ രീതികളില്‍ ഒതുക്കി ഒടിച്ചുമടക്കി വായിക്കേണ്ടതിനാല്‍ വായനക്കാരില്‍ ഒരുതരം സന്ദേഹം വളര്‍ത്താന്‍ എഴുത്തുകാരി മെനക്കെടുന്നുണ്ട്. മതപ്രമാണങ്ങളുടെ അസ്തിത്വത്തെ തന്നെ വിലകുറച്ചുകാട്ടി, സ്രഷ്ടാവ് എന്ന ഉറച്ച ബോധ്യത്തെപ്പോലും സ്ത്രീയില്‍ ഉള്‍ച്ചേര്‍ക്കാനുള്ള ശ്രമം ഫലത്തില്‍ ഖുര്‍ആനെ തള്ളിക്കളയാനുള്ള ഒരാഹ്വാനം തന്നെയാണ്. ഖുര്‍ആന്‍റെ പെണ്‍വായന അങ്ങനെ ഖുര്‍ആന്‍റെ തന്നെ നിഷേധ വായനയായിത്തീരുകയാണ് ചെയ്യുന്നത്. തിരുനബി(സ)ക്ക് ശേഷമുള്ള പതിമൂന്നു നൂറ്റാണ്ടുകള്‍ പിഴച്ചു എന്നാണ് ഫാത്വിമമെര്‍നിസ്സിയും ആമിനാ വദൂദും പറയുന്നത്. പതിമൂന്ന് നൂറ്റാണ്ടുകളുടെ കഥ ഇതാണെങ്കില്‍ ഒരു നൂറ്റാണ്ടിനെപ്പോലും സ്പര്‍ശിക്കാനാവാതെ നില്‍ക്കുന്ന ഇവര്‍ക്കെന്തുകൊണ്ട് പിഴച്ചുകൂടാ? പിഴക്കാത്ത പരിശുദ്ധകളായിരിക്കാനാണ് ഫാത്വിമ മെര്‍നിസ്സിയും ആമിനാവദൂദും വരികള്‍ക്കിടയില്‍ ആഗ്രഹിക്കുന്നത്.
പടിഞ്ഞാറിനെപ്പോലെ പെണ്ണ് ഉരുപ്പടിയായിത്തീര്‍ന്ന ഒരു ഘട്ടം ഇസ്ലാമിക ചരിത്രത്തിലെവിടെയുമില്ല. അവര്‍ സമൂഹത്തെ നിര്‍മിക്കുകതന്നെയായിരുന്നു. സ്വര്‍ഗം അന്നും ഇന്നും അവളുടെ കാല്‍ചോട്ടില്‍ തന്നെയാണ്. ശത്രു എന്‍റെ തൊലിയുരിയുമോ എന്നാണു പേടി എന്നു പറഞ്ഞ പുരുഷനോട് എടാ, അറുത്ത ആടിന്ന് അതിന്‍റെ തൊലിയുരിയുന്പോഴെന്താ എന്ന് തിരിച്ചു ചോദിച്ച് പുലിയായി മരിക്കാന്‍ പറഞ്ഞയച്ച പെണ്ണാണ് അന്നും ഇന്നും ഇസ്ലാമിന്‍റെ വീടകങ്ങളിലുള്ളത്. ഈ സ്ത്രീയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയത് പിഴക്കാത്ത അമ്മ ദൈവങ്ങളായിരിക്കുന്ന മുസ്ലിം ഫെമിനിസ്റ്റുകളെപ്പോലെ ചിലരല്ല. അതടയാളപ്പെടുത്തിയ പുരുഷന്മാര്‍ സംശുദ്ധ ജീവിതം നയിച്ചവരായിരുന്നു. ഹദീസ് സ്വീകരിക്കുന്പോള്‍ അതിനകത്ത് മൂല്യമുണ്ടോ, ന്യായമുണ്ടോ എന്നു മാത്രമായിരുന്നില്ല അവര്‍ നോക്കിയിരുന്നത്. അത് പറയുന്നയാള്‍ക്ക് തിരുനബി(സ)യുടെ സൂക്ഷ്മ ജീവിതമുണ്ടോ എന്നായിരുന്നു. ഹദീസ് കൈമാറുന്നയാള്‍ക്കു നബിജീവിതത്തിന്‍റെ സൂക്ഷ്മമൂല്യങ്ങള്‍ വേണം. എത്രത്തോളമെന്നുവച്ചാല്‍ തിരുനബി ഇടത്തോട്ടായിരുന്നു തുപ്പിയത്. ഹദീസ് കൈമാറ്റക്കാരാരെങ്കിലും അതിനു വിരുദ്ധമായി വലത്തോട്ട് തുപ്പിയാല്‍ അയാളുടെ കയ്യിലുള്ള ഹദീസ് വേണ്ടെന്നു വെച്ച് തിരിച്ചുപോരുന്നവരാണവര്‍. മാസങ്ങള്‍ മരുഭൂ താണ്ടി വന്നിട്ട് പോലും ഈ സൂക്ഷ്മാനുഭവങ്ങളെ തിരസ്കരിക്കാനവര്‍ക്ക് മനസ്സുണ്ടായില്ല. ഹദീസുനിവേദകന്മാരുടെയും അതു കൈമാറിയവരുടെയും ചരിത്രം പിഴക്കാത്ത പരിശുദ്ധകള്‍ കണ്ടിട്ടുണ്ടോ ആവോ?
മതേതരത്വം, പൗരാവകാശം തുടങ്ങിയ സുന്ദരന്‍ പദാവലികളുടെ ഉല്പാദന യൂണിറ്റായ പടിഞ്ഞാറന്‍ ദേശങ്ങളില്‍ ഇസ്ലാം സ്വാധീനശക്തിയാവാന്‍ തുടങ്ങിയതോടെ അത് ബഹുസാംസ്കാരികതയും അകം പൊള്ളയായ തത്വങ്ങളും, ശൈലികളും പൊളിച്ചു ചീന്തി. ക്രിസ്ത്യന്‍ മതമൗലിക വാദമാണ് ബഹുസാംസ്കാരികതയുമായി ഇറങ്ങിത്തിരിച്ചതെന്ന് സ്ലൊവേനിയന്‍ ദാര്‍ശനികനായ സ്ലാവെജ് സിസെക് കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമും മുസ്ലിംകളും ബഹു സാംസ്കാരികതയുടെ വെല്ലുവിളിയാണ് എന്നുറപ്പിക്കുകയാണവരുടെ ലക്ഷ്യം. ഇതിലൂടെ ഇസ്ലാമിനെ കരിവാരിത്തേക്കാനാവും എന്നതാണ് അവര്‍ കാണുന്ന നേട്ടം. സംസ്കാരിക അനിവാര്യതയും ആപേക്ഷികതയും ഇതു കൊണ്ടു തന്നെ അവര്‍ മുസ്ലിംകള്‍ക്ക് വകവച്ചു നല്‍കിയില്ല. ഒന്നുകില്‍ ഇസ്ലാം വെടിയുക, അല്ലെങ്കില്‍ ലിബറല്‍ യൂറോപ്യനാവുക എന്ന വഴിമാത്രമേ അവര്‍ മുസ്ലിംകള്‍ക്കു മുന്നില്‍ തുറന്നു വച്ചുള്ളൂ. മുസ്ലിംകളെ അന്യനാട്ടുകാരും, മാനവികതക്കപ്പുറത്തുള്ള പ്രാകൃതരുമായി ചിത്രീകരിച്ചുകൊണ്ടായിരുന്നു മാറ്റി നിര്‍ത്തലുകള്‍.
ഈ മാറ്റിനിര്‍ത്തല്‍ മാരകമായ ഒരനുഭവമാകാന്‍ വേണ്ടി ഇസ്ലാമിക ചിഹ്നങ്ങളും അടയാളങ്ങളും പദങ്ങളും വികല വ്യാഖ്യാനങ്ങളുടെ അച്ചിലേക്കിട്ടു. നിക്ഷിപ്ത മാധ്യമ വര്‍ഗം അതിന്‍റെ പ്രചാരണ പദ്ധതി ഏറ്റെടുത്തു. അതില്‍ ഏറ്റവും കൂടുതല്‍ ഇരയായത് മുസ്ലിം സ്ത്രീകളും, അതിനോടനുബന്ധിച്ച് ബുര്‍ഖ, ഹിജാബ്, നിഖാബ് തുടങ്ങിയ ആദാബുകളുമായിരുന്നു. മുസ്ലിം സ്ത്രീയുടെ സ്വാതന്ത്ര്യം തന്നെയായിരുന്നു അപ്പോഴും അവരുടെ വിഷയം. മുസ്ലിം തീവ്രവാദം/ ഭീകരവാദം എന്നതിനൊപ്പം ബുര്‍ഖധരിച്ച സ്ത്രീകളുടെ കൂടി ചിത്രങ്ങള്‍ കൊടുത്തു ഈറതീര്‍ത്തു. നൃശംസതകളുടെ മറയായി ബുര്‍ഖയെ പറഞ്ഞു ഫലിപ്പിച്ചു. (ഇപ്പോള്‍ കേരളത്തില്‍ മുസ്ലിം പണ്ഡിതന്മാരെ ജൂതചിഹ്നങ്ങളോടും അമ്മദൈവങ്ങളോടും ചേര്‍ത്തു ചിത്രീകരിക്കാനുള്ള ശ്രമത്തിന്‍റെ പൂര്‍വ്വമാതൃക.) ഫ്രാന്‍സ്, സ്പെയിന്‍, ബല്‍ജിയം, ഇറ്റലി, സ്വിറ്റ്സര്‍ലാന്‍റ്, ജര്‍മ്മനി, ഹോളണ്ട്, തുടങ്ങിയ രാഷ്ട്രങ്ങളില്‍ ബുര്‍ഖയും മുസ്ലിം സ്ത്രീകളും വ്യാജ കഥാപാത്രങ്ങളാകുന്നതിന്‍റെ ന്യായം ഇതാണ്.
മുസ്ലിം മതചിഹ്നങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ ഏകീകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് 9/11 സംഭവിച്ചത്/ സംഭവിപ്പിച്ചത് എന്ന് സിസെക്ക് എഴുതിയിട്ടുണ്ട്. ഇതിന്നു മുസ്ലിം ലോകത്തു നിന്ന് തെറിച്ച വഹാബികളെ നിയോഗിക്കുകയായിരുന്നു മുസ്ലിംവിരുദ്ധ ശക്തികള്‍. മുസ്ലിം സ്ത്രീകള്‍ മുടിയഴിച്ചിട്ടിറങ്ങാനും മറ്റും ഇവരുടെ ഭാഗത്തുനിന്നാണ് പ്രചോദനങ്ങളും നിയോഗങ്ങളുമുണ്ടായത്. ഫാതിമമെര്‍നിസ്സിക്കും ആമിനാവദൂദിനും കേരളത്തിലെ അവരുടെ പ്രൊമോട്ടര്‍മാര്‍ക്ക് പോലും വഹാബികളുമായാണ് എല്ലാതരത്തിലുമുള്ള ബന്ധങ്ങളുള്ളത്.
യുഎസിന്‍റെ കിഴക്കിലേക്കുള്ള കടന്നുകയറ്റത്തിന്‍റെ രണ്ടു ലക്ഷ്യങ്ങളിലൊന്ന് മുസ്ലിംസ്ത്രീയുടെ സ്വാതന്ത്ര്യം തന്നെയായിരുന്നു. മറ്റൊന്ന് പടിഞ്ഞാറന്‍ അനിസ്ലാമിക സംസ്കാരത്തിന്‍റെ വ്യാപനവും. ഇതിന്ന് കിഴക്കന്‍ രാജ്യങ്ങളില്‍ നിലവിലുള്ള എല്ലാ ഇസ്ലാമിക പൈതൃകാടയാളങ്ങളും മായ്ച്ചെടുക്കുകയായിരുന്നു തീവ്രവാദത്തിനെതിരായ കുരിശ്യുദ്ധങ്ങളുടെ ലക്ഷ്യം.
കുരിശുയുദ്ധങ്ങള്‍ നടന്നയിടങ്ങളില്‍ ആഭ്യന്തരകലാപങ്ങള്‍ പൊട്ടി. പലയിടത്തും തീവ്ര ഇസ്ലാമിസ്റ്റുകളുടെ വസന്തം വിടര്‍ന്നു. ഇതൊന്നും സ്ഥായിയായ ഒരു വസ്ഥയായി പടിഞ്ഞാറന്‍ കേന്ദ്രങ്ങള്‍ കാണുന്നില്ല. ആത്യന്തികമായി ഇസ്ലാമിക സംസ്കാരത്തിന്‍റെ അന്ത്യമാണവര്‍ ലക്ഷ്യമിടുന്നത്. അതിലേക്കുള്ള പ്രധാന ചവിട്ടുപടി സ്ത്രീയെ വീഴ്ത്തുകതന്നെയാണ്. അതു സാധ്യമാക്കാനാണ് ഒരു ഭാഗത്ത് കുത്തഴിഞ്ഞ സ്ത്രീ മാതൃകകളും മറുഭാഗത്ത് ഖുര്‍ആന്‍റെ പെണ്‍വായന എന്ന പേരില്‍ കുത്തഴിഞ്ഞ വേദപുസ്തകവും ഇറങ്ങിക്കൊണ്ടിരിക്കുന്നത്. അതിനെല്ലാം ജീവന്‍ നല്‍കാനായി മുസ്ലിം ലോകത്തു നിന്ന് പിഴക്കാത്ത പുണ്യവതികളെയും കിട്ടി.
വ്യാജമായ ഈ ലക്ഷ്യങ്ങളെ പക്ഷേ, പാരന്പര്യത്തിലടിയുറച്ചു നിന്ന് ചിലരെങ്കിലും പ്രതിരോധിച്ച് വിജയിക്കുന്നുണ്ടെന്ന് മധ്യപൗരസ്ത്യ ദേശത്തിന്‍റെ പുതിയ രാഷ്ട്രീയസാംസ്കാരിക അടിയൊഴുക്കുകള്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുള്ള ഡോ. സബാ മഹ്മൂദ് പറയുന്നുണ്ട്.
മുസ്ലിം സ്ത്രീ എഴുത്തുകള്‍ക്ക് പ്രസിദ്ധി കിട്ടുന്നതിന്‍റെ രഹസ്യവും മറ്റൊന്നല്ല. തെറിച്ച ജീവിത പരിസരങ്ങളുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി മുസ്ലിം സ്ത്രീകളുടെ ജീവിത കഥകളും അനുഭവങ്ങളും നിറഞ്ഞ ഫാന്‍റസി ഫിക്ഷനുകള്‍ ഒട്ടേറെയിറങ്ങി. 2003ല്‍ പുറത്തിറങ്ങിയ, ഇറാനിയന്‍ എഴുത്തുകാരി അസര്‍ നഫ്സിയുടെ Reading Lolitha in Tehran, സഊദി അറേബ്യയിലെ കാര്‍മന്‍ ബിലന്‍ലാദന്‍റെ nside the Kigdom; My Life in Saudi Arabia, ഇര്‍ശാദ് മഞ്ചിയുടെ he Trouble with Islam: A Muslim Call for Reform in Her Faith, ജോര്‍ദാന്‍ ഫെമിനിസ്റ്റ് നുര്‍മ ഖൗരിയുടെ Forbidden love : A harrowing true story of love and Revege in Jordan സോമാലിയന്‍ റാഡിക്കല്‍ ഫെമിനിസ്റ്റ് അയാന്‍ ഹിര്‍സി അലിയുടെ കിളശറലഹ എന്നീ പുസ്തകങ്ങള്‍ക്ക് പുറമെ ഫള്ല അമാറ, ലുബ്ന മെലിന, സമീറ ബെല്ലിന്‍ എന്നിവരും എഴുത്തില്‍ മുന്നില്‍ നിന്നു.
ചെറിയ ന്യൂനപക്ഷം മാത്രം ഉദ്ഘോഷിക്കുന്ന സ്ത്രീ പരിഷ്കരണ വാദങ്ങളെ ഊതിവീര്‍പ്പിച്ച് അതിന് സാര്‍വ്വത്രികമായ നീതീകരണം വാങ്ങാനുള്ള ശ്രമങ്ങള്‍ക്കപ്പുറത്ത് തെളിമയുള്ള സുന്ദരമായ മുസ്ലിം സ്ത്രീ ജീവിതങ്ങള്‍ ബുര്‍ഖ വലിച്ചുകീറാതെ തന്നെ മുസ്ലിം ലോകത്തുണ്ടെന്ന് സബാ മഹ്മൂദ് വ്യക്തമാക്കുന്നു.
ഇലാഹീ വഴിയിലാണ് മുസ്ലിമിന്‍റെ ജീവിതം. ഈ ജീവിതത്തെ കൂടി ഉള്‍കൊള്ളാനുള്ള വിശാലമനസ്സ് കൈവരിക്കുന്പോഴാണ് മതേതര വാദികളെന്നവകാശപ്പെടുന്നവര്‍ മതേതര ശീലങ്ങള്‍ അനുവര്‍ത്തിക്കാനുള്ള പക്വത കൈവരിക്കുന്നത്. അല്ലാതെ വരിയുടക്കപ്പെട്ട ആദര്‍ശ വിശ്വാസങ്ങളുമായി പുറത്തുവന്നു നില്‍ക്കുന്നത് ഒരു വിശ്വാസിക്ക് ചേര്‍ന്നതല്ല. അത്തരം വരിയുടക്കപ്പെട്ട വിശ്വാസികളെ മാത്രം കാത്തു നില്‍ക്കാനുള്ള ത്രാണി മതേതരവാദികള്‍ കൊണ്ടു നടക്കുന്നത് അവര്‍ക്കു തന്നെ ഒരു കുറച്ചിലാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ലിബറല്‍ മേലാള മൂല്യങ്ങളുടെ കണ്ണടവെച്ച് ഇസ്ലാമിനകത്തേക്ക് നോക്കുന്നത് ഒരുതരം കാഴ്ചക്കുറവിനെയാണ് വെളിപ്പെടുത്തുന്നത്. പ്രമാണങ്ങളെ ഇസ്ലാമിനകത്തു നിന്ന് തന്നെ വായിക്കാനുള്ള മനസ്സുണ്ടെങ്കില്‍ അവിടെയാണ് പുനരുത്ഥാനത്തിന്‍റെ ഊര്‍ജമുള്ളത്. നമ്മുടെ കാലത്തെ ഉലമയും മറ്റുള്ളവരില്‍ നിന്ന് ആ വിശാല മനസ്സാണ് പ്രതീക്ഷിക്കുന്നത്. തെറ്റായ ഉത്തരങ്ങളാഗ്രഹിച്ച് തെറ്റായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്പോഴാണ് തെറ്റായ ചിത്രങ്ങളുണ്ടാവുന്നത്, തെറ്റായ വീക്ഷണങ്ങളുണ്ടാവുന്നത്.
noorudheenmusthafa@gmail.com
റഫറന്‍സ്
1.Ayhan Kaya- Backlash of Multcaluralism and Repblicanis policies of Integration in the age of secularism (Bilgi university, Istambul)
2. Slavoj zizek – First As Trajedy then as Farse.
3. Stefano Allievi- Reactive Identities and Islamophobia, Muslim Minorities and the challanges of religious pluralism in Europe (university of Padua)
4. Slavoj Zizek- Iraq, The borrowed Kettle’
5. Saba Mahmood – Feminism the taliban and politics of counter – insurgency (George Washingod university institute for Ethnographic Reserch, 2002)
6. Saba Mahmood – Retooling Democracy and Feminism in the service of the new empire (University of Nebraska, 2006)
You must be logged in to post a comment Login