സെക്കുലറിസത്തിന് പുനര്‍നിര്‍വചനം വേണമെന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടൈംസ് ഓഫ് ഇന്ത്യ പത്രം മുഖക്കുറിപ്പിലൂടെ ആഹ്വാനംചെയ്യുന്പോള്‍ തെറ്റിദ്ധരിക്കരുത്, വര്‍ഗീയ ഫാഷിസത്തിന്‍െറ ഇരച്ചുകയറ്റം കണ്ട് അന്പരന്നാണെന്ന്. രാഷ്ട്രീയപാര്‍ട്ടികളുടെ മുന്‍ഗണന വികസനത്തില്‍ ഊന്നാന്‍ തുടങ്ങിയതോടെ മതേതരത്വവും വര്‍ഗീയതയും തമ്മിലുള്ള അതിര്‍വരന്പ് താനേ മാഞ്ഞുപോവുകയാണത്രെ. രാഷ്ട്രീയനേതാക്കള്‍ തെരഞ്ഞെടുപ്പുകാലത്ത് നടത്തുന്ന പ്രസ്താവനകളും അഭിപ്രായപ്രകടനങ്ങളും അതിന്‍െറ തെളിവായാണ് പത്രം അവതരിപ്പിക്കുന്നത്. രാഷ്ട്രീയത്തില്‍ അസ്പൃശ്യരായി ആരുമില്ലെന്ന എന്‍ സി പി നേതാവ് ശരത്പവാറിന്‍െറ വാക്കുകള്‍ വര്‍ഗീയതയെ കുറിച്ചുള്ള ഏതു ചര്‍ച്ചയെയും അപ്രസക്തമാക്കുന്നുണ്ടെന്നാണ് പത്രത്തിന്‍െറ പക്ഷം. രാജ്യത്തിന്‍െറ അടിസ്ഥാനമൂല്യങ്ങളെ തള്ളിപ്പറയാന്‍ ഒരു ദേശീയമാധ്യമം കാണിക്കുന്ന ഞെട്ടിപ്പിക്കുന്ന ശ്രമത്തെ സൂക്ഷ്മമായി വിലയിരുത്താന്‍ ഈ വാക്കുകള്‍ ശ്രദ്ധിക്കൂ With NCP chief Sharad Pawar reiterating that there are no untouchables in politics, the secular þcommunal divide has become largely superflous. It would be welcome if this leads to an evolution of concept of Indian secularism from one where political parties strive to have a stake in every religious pie and leverage this for maximum political benefit , to the notion that religion is every Indian citizen”s personal affair which the state has no business sticking its nose into .
മതേതരത്വത്തെ കുറിച്ച് പുനര്‍വിചിന്തനങ്ങള്‍ നടത്താന്‍ മാത്രം ഇവിടെ പൊടുന്നനെ എന്തുണ്ടായി എന്നതിന്‍െറ ദൃഷ്ടാന്തങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കയാണ്. ഇതുവരെ മതേതരത്വത്തിന്‍െറ അപ്പോസ്തലന്മാരായി നെളിഞ്ഞുനടന്ന കുറെ രാഷ്ട്രീയമഹാരഥന്മാര്‍ക്ക് പെട്ടെന്ന് മനംമാറ്റം വന്നപ്പോള്‍ ബി ജെ പിയും നരേന്ദ്രമോഡിയും അസ്പൃശ്യരല്ലാതായി. 2002ല്‍ ഗുജറാത്തില്‍ മുസ്ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട കാലഘട്ടത്തില്‍ മനസ്സാക്ഷിയുടെ ഉള്‍വിളി കേട്ട് എന്‍ ഡി എയുമായുള്ള ബന്ധം വിച്ഛേദിച്ച് മന്ത്രിസ്ഥാനം വിട്ടൊഴിഞ്ഞുവന്ന രാംവിലാസ് പാസ്വാന്‍ ഇപ്പോള്‍ മോഡിയെ കെട്ടിപ്പിടിച്ചു ആണയിടുന്നത്, പ്രധാനമന്ത്രിക്കസേരയില്‍ കൊണ്ടിരുത്തിയിട്ടേ ഇനി വിശ്രമമുള്ളൂ എന്നാണ്. പന്ത്രണ്ടുകൊല്ലം മുന്പ് നടന്ന കൂട്ടക്കൊലയെ കുറിച്ച് ഇപ്പോഴും പറഞ്ഞുനടക്കുന്നത് മോശമാണത്രെ. 1996ല്‍ മുലായംസിംഗിന്‍റെയും ലാലുപ്രസാദ് യാദവിന്‍െറയും പേരിനൊപ്പം മതേതര ഇന്ത്യ ചേര്‍ത്തുവെച്ചു കൊണ്ടാടപ്പെട്ട പേരായിരുന്നു പാസ്വാന്‍േറത്. അധികാരത്തിന്‍െറ പ്രശ്നം വന്നപ്പോള്‍ തന്‍െറ സെക്കുലര്‍ കാപട്യങ്ങള്‍ കൂടഞ്ഞുമാറ്റി അധികാര രാഷ്ട്രീയത്തിന്‍െറ എല്ലിന്‍ കഷ്ണം കടിച്ചെടുക്കാന്‍ മറ്റാരേക്കാളും മുന്‍പന്തിയില്‍ അദ്ദേഹം തയാറായി വന്നു. പക്ഷേ ആര്‍ക്കും അതില്‍ അനൗചിത്യമോ അപാകതയോ തോന്നുന്നില്ല. ഒരൊറ്റ പത്രവും ഈ കാപട്യം തൊട്ടുകാണിക്കാന്‍ എഡിറ്റോറിയലുകള്‍ എഴുതാന്‍ തയാറല്ല.
ജനാധിപത്യവും മതേതരത്വവുമൊക്കെ ഇവിടെ ആര്‍ക്കും അവരുടെ ക്ഷണിക താല്‍പര്യങ്ങള്‍ക്കൊത്ത് വാങ്ങാനും വില്‍ക്കാനുമുള്ള അങ്ങാടിമരുന്നായി തരം താഴ്ന്നിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുംതോറും കോണ്‍ഗ്രസില്‍നിന്നും സമാജ്വാദിപാര്‍ട്ടിയില്‍നിന്നും ലാലുവിന്‍െറ പാര്‍ട്ടിയില്‍നിന്നുമൊക്കെ നേതാക്കള്‍ കാവിരാഷ്ട്രീയത്തിന്‍െറ ചിറകിനടിയിലേക്ക് മല്‍സരിച്ചോടുകയാണ്. ഒരു വേള കോണ്‍ഗ്രസിതര മതേതര മുന്നണിക്ക് നേതൃത്വം നല്‍കിയ തെലുഗുദേശം പാര്‍ട്ടി മോഡിയുമായി രാഷ്ട്രീയസഖ്യം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. കഴിഞ്ഞ പത്തുവര്‍ഷം യു പി എയുടെ ഭാഗമായി അധികാരം നുകര്‍ന്ന ശരദ്പവാറിന്‍റെ എന്‍ സി പി ഇലക്ഷനു ശേഷം ഏതുചേരിയിലായിരിക്കുമെന്ന് ആര്‍ക്കും ഉറപ്പിച്ചുപറയാനാവില്ല. കാരണം, നല്ല മേച്ചില്‍ പുറം തേടിയുള്ള യാത്രയില്‍ മോഡിയുടെ വര്‍ഗീയമുഖം ഒരിക്കലും തടസ്സമാവില്ല അവര്‍ക്ക്. ലാലുപ്രസാദ് യാദവിന്‍റെ വലംകൈ ആയി പ്രവര്‍ത്തിച്ച ഒരു നേതാവുണ്ട് രാംകൃപാല്‍. ബിഹാറിലെ പാടലീപുത്ര മണ്ഡലത്തില്‍നിന്നാണ് ഇതുവരെ ജയിച്ചുകയറിയിരുന്നത്. പുത്രീസ്നേഹം മൂത്ത ലാലു മകള്‍ മിസാ ഭാരതിക്ക് ആ സീറ്റ് ദാനം ചെയ്തപ്പോള്‍ ക്ഷുഭിതനായ രാംകൃപാല്‍ നേരെ ചെന്നത് ബി ജെ പി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന്‍റെയടുത്ത്. പാര്‍ട്ടി അംഗത്വമെടുക്കാന്‍. ഉത്തരരേന്ത്യയില്‍ വിവിധ പാര്‍ട്ടികളില്‍നിന്ന് ഓരോ ദിവസവം എണ്ണപ്പെട്ട നേതാക്കള്‍ ഹിന്ദുത്വയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കയാണ്. ഇതുവരെ മതേതര പാര്‍ട്ടികളുടെ തലപ്പത്തിരുന്നവര്‍ പെട്ടെന്നൊരുനാള്‍ ആര്‍.എസ്.എസ് കൂടാരത്തിലേക്ക് നീങ്ങുന്പോള്‍ അതില്‍ ആര്‍ക്കും ഒരപാകതയും തോന്നുന്നില്ല എന്ന തരത്തില്‍ വര്‍ഗീയതയും മതേതരത്വവും തമ്മിലുള്ള അതിര്‍വരന്പ് മാഞ്ഞുപോയിരിക്കയാണ്. ഈ പ്രതിഭാസത്തിന്‍െറ ഏറ്റവും വിനാശകരവും അറപ്പുളവാക്കുന്നതുമായ ചിത്രങ്ങള്‍ മേയ് 16നു ശേഷം നാം കാണാനിരിക്കുന്നതേയുള്ളൂ. കേന്ദ്രത്തില്‍ മന്ത്രിസഭ ഉണ്ടാക്കാനുള്ള ശ്രമത്തില്‍ 273 എന്ന മാജിക് നന്പര്‍ തികക്കാനുള്ള ശ്രമം നരേന്ദ്ര ആരംഭിച്ചുകഴിഞ്ഞാല്‍ ഇന്നു മതേതതര ബദല്‍ എന്ന വലിയ ആശയവുമായി നടക്കുന്ന പല കക്ഷികളും മറുകണ്ടം ചാടുമെന്ന് ഉറപ്പ്.
എന്താണ് മതേതരത്വം എന്ന് നമ്മുടെ ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടില്ല എന്ന് മാത്രമല്ല, ഭരണഘടനാശില്‍പികള്‍ ആ ആശയം ആമുഖത്തില്‍ പോലും എഴുതിവെച്ചിട്ടുമില്ല. അടിയന്തരാവസ്ഥക്കാലത്ത് 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ദിരാഗാന്ധിയാണ് സെക്കുലര്‍ എന്ന പദം എഴുതിച്ചേര്‍ത്തത്. അന്ന് ഭൂരിപക്ഷവര്‍ഗീയത ഇത്രമാത്രം വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല. ആര്‍.എസ്.എസ് പോലും കോണ്‍ഗ്രസിനാണ് അന്ന് വോട്ടുചെയ്തിരുന്നത്. ഒരു മഹാദുര്‍ഗയായി ഇന്ദിരയെ നോക്കിക്കണ്ട സംഘ്പരിവാരം ബി.ജെ.പിയുടെ മുന്‍അവതാരമായ ഭാരതീയ ജനസംഘത്തിന്‍െറ പിന്നില്‍ വ്യാപകമായ തോതില്‍ അണിനിരന്നിരുന്നില്ല താനും. ഇന്ദിരാഗാന്ധിയുടെ അവസാനകാലഘട്ടത്തില്‍ സിഖുവിരുദ്ധസമീപനം ഊതിക്കത്തിച്ചാണ് ഭൂരിപക്ഷവര്‍ഗീയതയെ ജ്വലിപ്പിച്ചുതുടങ്ങിയത്. അവരുടെ വിയോഗശേഷം എണ്‍പതുകളുടെ രണ്ടാംപാദത്തില്‍ ഹിന്ദുത്വ രാമ ജന്മഭൂമി പ്രക്ഷോഭത്തിലൂടെ കാട്ടുതീയായി ആളിപ്പടര്‍ന്നപ്പോഴാണ് സെക്കുലറിസം നേരിടുന്ന യഥാര്‍ഥ വെല്ലുവിളി എന്താണെന്ന് ഇന്ത്യാമഹാരാജ്യം അനുഭവിച്ചറിയുന്നത്. ബോഫോഴ്സ് വിവാദത്തിലൂടെ അഴിമതിക്കഥ പുറത്തുവന്നപ്പോള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഴിമതിയാണെന്ന ധാരണയില്‍ വി.പി.സിങ് സര്‍ക്കാരിനെ ഇടതുകക്ഷികളും ബി.ജെ.പിയും കൈകോര്‍ത്തു പിന്തുണച്ച ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഇന്നോര്‍ക്കുന്പോള്‍ അന്പരന്നുപോകാം. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ബാബരിമസ്ജിദിന്‍െറ ധ്വംസനവും അതിനു ശേഷം രാജ്യമാസകലം അരങ്ങേറിയ മുസ്ലിംവിരുദ്ധ കലാപങ്ങളുമാണ് ഹിന്ദുത്വവര്‍ഗീയതയുടെ ബീഭത്സമുഖം ലോകത്തിനു മുന്നില്‍ തുറന്നുകാണിച്ചുകൊടുത്തത്. അതോടെയാണ് സെക്കുലറിസം എന്ന ആശയത്തിന്‍െറ അനിവാര്യതയം പ്രഭാവവും പ്രബുദ്ധജനം ആഴത്തില്‍ മനസ്സിലാക്കുന്നത്. മഹാത്മാഗാന്ധി എഴുത്തിലോ മൊഴിയിലോ ഒരിക്കലും മതേതരത്വം എന്ന പദം ഉപയോഗിച്ചിരുന്നുവോ എന്ന് സംശയമാണ്. ഹിന്ദുമുസ്ലിം മൈത്രി ആണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പ്രയോഗം. മതമൂല്യങ്ങളെ സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളില്‍നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു ചിന്താഗതിയെ കുറിച്ച് അദ്ദേഹത്തിനു ആലോചിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഇന്ത്യ ഉദ്ഘോഷിക്കുന്ന സെക്കുലറിസം ഒരിക്കലും ഏതെങ്കിലും മതത്തിന് എതിരല്ല. മതനിരാസമോ മതവിരുദ്ധമോ അല്ല ആ കാഴ്ചപ്പാട്. ഇടതുചിന്താഗതി വിഭാവന ചെയ്യുന്ന മതനിരപേക്ഷത എന്ന പ്രയോഗം പോലും ഇന്ത്യനവസ്ഥയില്‍ ഉചിതമായ പ്രയോഗമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഏതെങ്കിലും മതചിന്താഗതിയെ അന്യമായി കാണുകയോ മതവിഭാഗത്തെ രണ്ടാംകിട പൗരന്മാരായി ഗണിക്കുകയോ മതജാതി ചിന്തയുടെ അടിസ്ഥാനത്തില്‍ അവസരസമത്വം നിഷേധിക്കുകയോ ചെയ്യുന്ന അവസ്ഥ വര്‍ഗീയ ഫാഷിസത്തിന്‍േറതാണ്. ആര്‍.എസ്.സും അതിന്‍െറ രാഷ്ട്രീയപ്രതിനിധാനമായ ബി.ജെ.പിയും മുന്നോട്ടൂവെക്കുന്ന പ്രത്യയശാസ്ത്രം മറ്റൊന്നല്ല. ഇത് മനസ്സിലാക്കാത്തവരല്ല രാജ്യത്തെ രാഷ്ട്രീയനേതൃത്വം. പക്ഷേ, അധികാരത്തോടുള്ള അലച്ച സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കാന്‍ അവര്‍ക്ക് പ്രചോദനമാകുന്നു. ഗുജറാത്തിന്‍െറ മുഖം വര്‍ഗീയതയുടേതാണ് എന്ന് ഡല്‍ഹിയിലെ റാലിയില്‍ പങ്കെടുത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറയുകയുണ്ടായി. മേയ് 16നുശേഷം മമത ഈ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമെന്ന് ആര്‍ക്കെങ്കിലും ഗ്യാരണ്ടി തരാന്‍ പറ്റുമോ? ഇല്ല. സംസ്ഥാനത്തെ 25ശതമാനം വരുന്ന മുസ്ലിംകളുടെ വോട്ടില്‍ കണ്ണുനട്ടാണ് ഇപ്പോള്‍ വലിയ മോഡിവിരുദ്ധയായി അവര്‍ ചമയുന്നത്. വോട്ട് പെട്ടിയില്‍ വീണുകഴിഞ്ഞാല്‍പിന്നെ, സെക്കുലറിസത്തിന്‍െറ പൊയ്മുഖം താനേ ഉതിര്‍ന്നുവീഴുന്നത് കാണാം. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ വായിച്ചെടുക
്കേണ്ടതും ഈ വ്യാകരണം വെച്ചാവണം. കോണ്‍ഗ്രസ്ബി.ജെ.പിയിതര ബദല്‍ രൂപവത്കരിക്കുന്നതിന് ഇടതുപാര്‍ട്ടികള്‍ മുന്‍കൈ എടുത്തു സെക്കുലര്‍ ഇലവന്‍ രൂപവത്കരിച്ചപ്പോള്‍ അവരുടെ സ്വപ്നപദ്ധതിയിലെ പ്രധാനമന്ത്രി ജയലളിതയാണ്. എന്നാല്‍, തന്നെ മുന്നില്‍നിര്‍ത്തി സ്വപ്നം കാണേണ്ട എന്ന ധിക്കാരത്തോടെ തമിഴ്നാട്ടില്‍ സിപിഎമ്മും സി.പി.ഐയുമായുള്ള സഖ്യം വിച്ഛേദിച്ച് ഒറ്റക്കു മല്‍സരിക്കാന്‍ അവര്‍ ധാര്‍ഷ്ട്യം കാട്ടുകയാണ് ചെയ്തത്. മതേതതര ബദലല്ല അവരുടെ ലക്ഷ്യം, മറിച്ച് വിലപേശാന്‍ പരമാവധി സീറ്റാണ്. അന്നാന്നത്തെ രാഷ്ട്രീയ ചന്തനിലവാരം നോക്കി ആരുമായും കൂട്ടുകൂടാനും അധികാരം കൈയാളാനും ഒരുങ്ങിപ്പുറപ്പെടുന്ന ഒരു സ്ത്രീയെ ഭരണഘടനയുടെ ഏത് അനുച്ഛേദം കൊണ്ടാണ് പിടിച്ചുകെട്ടേണ്ടത്? ഇവിടെയാണ് മതേതരത്വം കേവലമൊരു ആശയഗതിയല്ല, പ്രത്യൂത, വിശാലമായ ഒരു രാഷ്ട്രീയ സംസ്കാരത്തിന്‍െറയും ജീവിതപെരുമാറ്റത്തിന്‍െറയും ആകെത്തുകയാണെന്ന പാഠം നാം ഉള്‍ക്കൊള്ളേണ്ടത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബൊമ്മെ കേസില്‍ ചീഫ് ജസ്റ്റീസ് അഹമ്മദി സെക്കുലറിസത്തിന്‍െറ അടിസ്ഥാനതത്വം സഹിഷ്ണുതയുടെയും പാരസ്പര്യത്തിന്‍േറതുമാണെന്ന് അടിവരയിടുന്നുണ്ട്. വര്‍ഗീയത ആയുധമാക്കി വോട്ടുപിടിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ഓര്‍മപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ബാബരിമസ്ജിദ് ധ്വംസനത്തിനു ശേഷം ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ അത് ഭരണഘടനാപരമായി സാധുവാണെന്ന് പരമോന്നത നീതിപീഠം വിധിച്ചത്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ശിലകളുടെ ഭാഗമാണെന്ന് കോടതി ഊന്നിപ്പറയുകയുണ്ടായി. പ്രമാദമായ കേശവാനന്ദ കേസിലെ 13അംഗ ബെഞ്ചിന്‍െറ വിധിയെ കൂടുതല്‍ ബലപ്പെടുത്തിയ തീര്‍പ്പില്‍ നീതിപീഠത്തിനു പ്രധാനമായും ഓര്‍മിപ്പിക്കാനുണ്ടായിരുന്നത്, സംസ്ഥാന സര്‍ക്കാരുകള്‍ മതേതര വിരുദ്ധമായ നടപടികളെ അവലംബിച്ചാല്‍, അത് ഭരണഘടനാ മാന്‍ഡേറ്റിന് എതിരാണെന്നും അത്തരം സര്‍ക്കാരുകളെ പിരിച്ചുവിടാമെന്നുമാണ്. 1994ലെ ഈ വിധിയില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് ഗുജറാത്ത് കൂട്ടഹത്യക്ക് കാരണക്കാരനായ മോഡിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കില്‍ അനുകൂലവിധി നേടാന്‍ കഴിയുമായിരുന്നു. 2002ആയപ്പോഴേക്കും രാജ്യവാസികള്‍ ഹിന്ദുത്വപ്രത്യശാസ്ത്രത്തോട് യാന്ത്രികമായി താദാത്മ്യം പ്രാപിച്ചുകഴിഞ്ഞിരുന്നുവെന്ന് മാത്രമല്ല, അതുവരെ ബി.ജെ.പിയെ എതിര്‍ത്തിരുന്ന 24കക്ഷികള്‍ വാജ്പേയിയോടൊപ്പം അധികാരം നുകരുന്നുണ്ടായിരുന്നു.
2004ല്‍നിന്ന് 2014ല്‍ എത്തുന്പോഴേക്കും മതേതര ഈടുവെപ്പുകള്‍ കൂടുതല്‍ ക്ഷയിച്ചുകഴിഞ്ഞിട്ടുണ്ട് എന്ന് സമ്മതിക്കാതെ നിവൃത്തിയില്ല. ബി.ജെ.പി ഇന്ന് വര്‍ഗീയത പറയുന്നില്ല, മോഡി വികസനത്തെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്്. മാത്രമല്ല, പരമാവധി മുസ്ലിംകളെ തങ്ങളുടെ ഭാഗത്തേക്ക് അടുപ്പിക്കാന്‍ തന്ത്രങ്ങള്‍ മുഴുവന്‍ പയറ്റുന്നുമുണ്ട്. അതിനര്‍ഥം ബി.ജെ.പി മാറിയെന്നോ മോഡിക്ക് മാനസാന്തരം സംഭവിച്ചുവെന്നോ അല്ല. തങ്ങളുടെ യഥാര്‍ഥ മുഖവും അജണ്ടയും മറച്ചുപിടിച്ചിരിക്കയാണ്. ലക്ഷ്യം നേടാനുള്ള അവസാനതന്ത്രത്തിന്‍െറ ഭാഗമെന്നോണം. ഇതു ഗ്രഹിക്കാത്തവരല്ല ഇവിടുത്തെ രാഷ്ട്രീയമേലാളന്മാര്‍. എന്നിട്ടും എന്തുകൊണ്ട് മോഡിയോടുള്ള സമീപനം മയപ്പെടുത്തുന്നു എന്ന ചോദ്യത്തിനു ഒരുത്തരമേയുള്ളൂ. ക്ഷണികമായ താല്‍പര്യസംരക്ഷണത്തിന്.
ശാഹിദ്
You must be logged in to post a comment Login