പഠിക്കുന്ന കാലത്ത്, നല്ല തന്‍റേടവും തിരിപാടുമുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു.
മുത്വവ്വലിന് പോവാന്‍ മൂന്ന് മാസം മാത്രം ബാക്കികിടക്കവേ, അവന്‍ ദര്‍സ് നിര്‍ത്തി ദുബായ്ക്ക് പറന്നു. എന്തൊക്കയോ കൂനുന്യായങ്ങള്‍ ചമച്ചാണ് അവന്‍ ഉസ്താദില്‍ നിന്നും സമ്മതം തട്ടിയെടുത്തത്. ഉസ്താദാണെങ്കില്‍, മറിച്ച് ചിന്തിക്കുകയോ മറുത്തുപറയുകയോ ചെയ്യാത്ത ഒരു സാത്വികനാണ് താനും. മാന്യമായി ജീവിക്കണമെങ്കില്‍ കിതാബോതിയിട്ടൊന്നും കാര്യമില്ല എന്ന ബോധോദയ പ്രകാരമായിരുന്നു അവന്‍ ജ്യൂസുപീടികയിലെ ഗ്ലാസ്സുകഴുകല്‍ തസ്തികയിലേക്ക് സ്വയം പ്രമോഷിതനായി. ഗള്‍ഫില്‍ എത്തിയാല്‍ എന്തും മാന്യമാവുമല്ലോ?
അഞ്ചെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, അപ്രതീക്ഷിതമായി അവനെന്നെ ഫോണില്‍ വിളിക്കുന്നു! പിന്നെ വിളി ഇടക്കിടെയ്ക്കായി. ആ വിളിവേളകളില്‍ അവന്‍ ഒരു കാര്യം പറയാറുണ്ടായിരുന്നു. “നീ ഇപ്പൊം എഴുത്തൊക്കെ തൊടങ്ങി അല്ലേ? വായിക്കാറുണ്ട.-് ഉൂംംം.. ചിലതെല്ലാം നന്നാവുന്നുണ്ട്.”ഇതായിരുന്നു, ആ രഹസ്യമൊഴി, ഭും!
മൂന്ന് നാല് മാസം മുന്പ് അവന്‍ വിളിച്ചു. നാട്ടില്‍ നിന്നാണ്. നിര്‍ബന്ധമായും എന്നെ ഒന്ന് കാണണം പോല്‍. സീരിയസ്സായ ഒരു കാര്യം സമയമെടുത്ത് ചര്‍ച്ച ചെയ്യാനുണ്ട് പോല്‍. വന്നു, സംസാരിച്ചു. യാ അല്ലാഹ്, യാ റഹ്മാന്‍ നീ തുണ!
നിങ്ങളൊക്കെ പൂക്കളുടെ ചുണ്ടിനെപറ്റി പൊലിപ്പിച്ചെഴുതുന്ന തൊലിഴുയെത്തുകാരാണ്. അവള്‍ ആദ്യ വെടി പൊട്ടിച്ചു.
എന്താണവന്‍ ഉദ്ദേശിച്ചത് എന്നെനിക്ക് പിടുത്തം കിട്ടിയില്ല. എങ്കിലും വിട്ടുകൊടുക്കരുത് എന്ന ശാഠ്യത്തില്‍ ഞാന്‍ തിരിച്ചടിച്ചു.
പിന്നെ എന്താ, മുള്ളുകളുടെ മുനിപ്പിനെ പറ്റി ഇകഴ്ത്തിയെഴുതുകയാണോ വേണ്ടത്?
ചൂടാവല്ല, ചങ്ങാതീ! ഞാന്‍ വന്നതും അതൊക്കെ പറയാന്‍ തന്നെയാണ്”
അവന്‍ പറഞ്ഞുതീര്‍ന്നു. നോക്കുന്പോള്‍, അടിച്ചൊതുക്കേണ്ട ഒരിരയല്ല അവന്‍. മറിച്ച് സഹതാപമര്‍ഹിക്കുന്ന ഒരു പച്ചപ്പാവം! പറയുന്നതില്‍ കാര്യമേറെയുണ്ട്. പൊതുവെ എഴുത്തുകളുടേയും പ്രസംഗങ്ങളുടേയും വലകളില്‍ കുരുങ്ങാത്ത ചില സംഗതികള്‍.
“അപ്പോള്‍ ഉമ്മയെ കുറ്റപ്പെടുത്തി ലേഖനം എഴുതണമെന്നാണോ നീ പറയുന്നത്? ഞാന്‍ മറകളില്ലാതെ ചോദിച്ചു.
“എന്നല്ല, പക്ഷേ, ആ ഭാഗവും കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്.
കെട്ടിയോളെക്കൊണ്ട് / കെട്ടിയോനെക്കൊണ്ട്/ മക്കളെ കൊണ്ട് കുടുങ്ങുക എന്ന് കേട്ടിട്ടുണ്ട്. ഇവന്‍ പക്ഷേ, സ്വന്തം ഉമ്മയെ കൊണ്ട്… കല്ല്യാണം കഴിഞ്ഞപ്പഴേ തുടങ്ങിയതാണ് കുത്തിക്കടി. അവന്‍റെ ഭാര്യയെ ആ ഉമ്മയ്ക്ക് കണ്ണിനു കണ്ടുകൂടാ. മകന്‍ പൂര്‍ണ്ണമായും അവളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നു എന്നാണ് ഉമ്മ വിചാരിക്കുന്നത്. പക്ഷെ, അവളുടെ പിടുത്തത്തില്‍ നിന്ന് മകനെ മോചിപ്പിക്കുക എന്നതിലുപരി, ആ കാര്യം നാട്ടുകാരെ മൊത്തം പറഞ്ഞറിയിക്കുക എന്നതാണ് ഉമ്മാന്‍റെ ഹരം. അതിന് ഏതറ്റം വരെ പോവാനും, എന്തില്ലാത്ത കാര്യം പറഞ്ഞുണ്ടാക്കാനും ഉമ്മാക്ക് അസാമാന്യവിരുതാണ്. ഞാനിങ്ങനെ കണ്ടവരോടെല്ലാം കണ്ടതെല്ലാം നടന്നു പറഞ്ഞാല്‍, എന്‍റെ മകനാണല്ലോ മാനഹാനി എന്നൊന്നും ഉമ്മ ചിന്തിക്കുകയേ ഇല്ല.
ചെറുപ്പത്തില്‍ എനിക്ക് മുരിങ്ങ ഇഷ്ടമായിരുന്നു. അതുമ്മക്കറിയാം. ഞാന്‍ ദുബായില്‍ നിന്ന് വരുന്ന അന്ന് ഉമ്മ അയല്‍പക്കത്തെ നാല് വീടപ്പുറമുള്ള ഒരു മതിലില്‍ ഏന്തിക്കയറി, കൊക്കകൊണ്ട് മുരിങ്ങാകന്പ് അടര്‍ത്തുകയാണ്. ഒരു ഏന്തലില്‍—ബുള്‍ ധും!!! അതാ കിടക്കുന്നു ഉമ്മ താഴെ. ഞാന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തതും, ആദ്യം കിട്ടിയ വാര്‍ത്ത തന്നെ അതാണ്. എക്സ്റേ എടുത്തു നോക്കിയപ്പോള്‍ തുടയെല്ല് പൊട്ടിയിരിക്കുന്നു!!
വീട്ടിലേക്ക് പോവാതെ നേരെ ഹോസ്പിറ്റലിലേക്കാണ് പോയത്. സംഗതി പറഞ്ഞാല്‍ മൂന്നാല് വര്‍ഷമായി മുരിങ്ങ എനിക്ക് വയറിനു പറ്റില്ല. ഞാനതൊട്ട് കൂട്ടാറുമില്ല. കാണുന്നവരോടൊക്കെ “കാദര്‍ന് മുരിങ്ങ പറിക്കാന്‍ പോവുന്നു” എന്ന് പറഞ്ഞാണ് ഉമ്മ അന്ന് ഇറങ്ങിത്തിരിച്ചത്. മുരിങ്ങ പറിക്കലിലല്ല, അതെനിക്ക് കൂട്ടാന്‍ വെച്ച് തരുന്നതിലുമല്ല. മറിച്ച് അതാള്‍ക്കോരോട് പറയുന്നതിലാണ് ഉമ്മാന്‍റെ അരങ്ങ്. ഇത്രയും പ്രായമുള്ള തള്ളയെ അവള്‍ ഇവ്വിധം മുരിങ്ങ പറിക്കാന്‍ ഒറ്റക്ക് വിടേണ്ടിയിരുന്നില്ല ആളുകള്‍ക്ക് പരാതി പറയുകയുമാവാം. തക്കം കിട്ടിയാല്‍, ഒന്നിനും വയ്യാത്ത തന്നെ ആ കോന്തത്തി ഉന്തിപ്പറഞ്ഞയച്ചതാണെന്ന് ഉമ്മ പറയുകയും ചെയ്യും.
മൂന്ന് മാസം കഴിഞ്ഞ് ഉമ്മാനെ ചെക്കപ്പിന് കൊണ്ട് പോവണം. ബസ്സിലാണ് പോവുന്നത്. ഉമ്മ മുന്നിലും ഞാന്‍ പിന്നിലും. താണ ജംഗ്ഷന്‍ എത്തുന്പോഴേക്കും അതാ ഉമ്മ കുത്തിപ്പിടിച്ച് എഴുന്നേറ്റ് നില്‍ക്കുന്നു.
“എടാ കാദറേ…….. അതാ ആസ്ബത്രീ കയിഞ്ഞ…് നീ ഉറങ്ങിത്തൂങ്ങി അബടെ ഇരുന്നോ.
ആളുകള്‍ എന്നെ വെറുപ്പോടെ നോക്കുന്നു. പെട്ടെന്ന്, ബസ്സ് ബ്രേക്കിട്ടു. പ്ത്തോം, ഉമ്മ അതാ ഡ്രൈവറുടെ ഇടഭാഗത്തുള്ള പെട്ടിപ്പുറത്ത് കുന്പിട്ടു കിടക്കുന്നു. കന്പി ഊരാത്ത കാലാണ് ഉമ്മാന്‍റേത്. ഉമ്മാനേയും കൂട്ടി ഞാനല്ലേ പോവുന്നത്. കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചുകൊള്ളും എന്ന് കരുതി ഉമ്മാക്ക് അടങ്ങിയിരുന്നാല്‍ പോരേ?
ആവശ്യമുള്ളതിലും ഇല്ലാത്തതിലും ഉമ്മ വേണ്ടാണ്ട് ഇടപെടും. കഴിഞ്ഞമാസം, എനിക്ക് പാസ്പോര്‍ട്ട് ഓഫീസുവരെ പോവണം. ഇച്ചിരി അധികം ഉറങ്ങിയതിനാല്‍ സമയം വൈകിയിട്ടാണ് ഉള്ളത്. ഇട്ടുടുക്കാന്‍ നോക്കുന്പോള്‍ മുണ്ടും കുപ്പായവും കാണുന്നില്ല! അവളു മഷിയിട്ട് പരതി, കാണുന്നില്ല. എനിക്ക് കലികയറി.
ഓര്‍മ്മയും കഥയുമില്ലാത്ത ജന്തു!!
ഞാനവളോട് കയര്‍ക്കാന്‍ തുടങ്ങി.
ഞാനിവിടെ പെട്ടിപ്പുറത്ത് തന്നെയാ വെച്ചത് ”
“എന്നിട്ട് നിന്‍റെ വല്യുപ്പ എടുത്തുകൊണ്ട് പോയോ?
എനിക്ക് ലക്കുവിട്ട് ചൂടായി. അതിനിടെ ഉമ്മയുണ്ട്, വയ്യാത്ത കാലുകൊണ്ട് കോണി കയറിപ്പോവുന്നു. ഒരിളം ചിരി മുഖത്ത് മിന്നുന്നുമുണ്ട്.
മുണ്ടും കുപ്പായോം ഞാന്തരാം”
ഒരഞ്ചുപത്ത് മിനുറ്റ്, പല്ലുകടിച്ച് കാത്തിരുന്ന ശേഷമുണ്ട്, അപായകരമാം വിധം കുത്തിപ്പിടിച്ച് ഉമ്മ ഇറങ്ങിവരുന്നു. നോക്കുന്പോള്‍, എന്‍റെ വെള്ളത്തുണിയും ബിസ്ക്കറ്റ് കളര്‍ കുപ്പായവും മേഘം തിങ്ങിയ ആകാശം പോലെ ആക്കിവെച്ചിരിക്കുന്നു!
ബുളു മുക്കാണ്ടായിട്ട് നെന്‍റെ കുപ്പായോം തുണിയും തയന്പ് കെട്ടിയിരിക്കുന്നു. ഓളോട് പറഞ്ഞാ, കേള്‍ക്കൂലാ..ഞാനിതാ നല്ല മട്ടത്തില്‍ സൂപ്രൈറ്റ് മുക്കിയിട്ട്
അവള്‍ അലക്കി, ഇസ്തിരിവെച്ച്, മടക്കി, സൂക്ഷിച്ച ഡ്രസ്സാണ് മകനോടുള്ള സ്നേഹത്തിന്‍റെ പേരില്‍ ഉമ്മ ഇക്കോലത്തിലാക്കി വെച്ചത്. ഞാന്‍, സത്യത്തില്‍, മുക്കിയ കാലം തന്നെ മറന്നു, എന്തു ചെയ്യാന്‍.
ഗള്‍ഫില്‍ റൂം മേറ്റായ ലുഖ്മാന്‍റെ കല്യാണത്തിന് പോവണം. പത്തരയാവുന്പോഴേക്ക് വളപട്ടണത്തെത്തണം. ഓളും മോളും കൂടെ വരുന്നുണ്ട്. അവള്‍ ചായ മേശപ്പുറത്ത് വെച്ച്, അകത്ത് നിന്നും ഡ്രസ്സ് മാറ്റുകയാണ്. ചായ നോക്കുന്പോള്‍ ചുണ്ടിനോടടുപ്പിച്ചു കൂടാ പതയ്ക്കുന്നത്! ഞാന്‍ മറ്റൊരു ഗ്ലാസ്സില്‍ അല്‍പാല്‍പമായി ഒഴിച്ച് മൊത്തിക്കുടിക്കുകയാണ്. ഉമ്മ അടുത്തുവന്നുനിന്നു.
നീ ഈ പച്ചിഗള് കുടിക്കുന്പോലെ ഊന്പിയൂന്പി കുടിച്ചിട്ടാണ് ഈ അരണക്കോലമാവുന്നത്. വായും തൊണ്ടയും നനയാന്‍ മാത്രം നല്ലോണം കുടിച്ചാട്ടെ, ഉം എന്നും പറഞ്ഞ് മഗ്ഗെടുത്ത് ക്ലാസ്സിലേക്ക് ഒരു ഒഴിയൊഴിച്ചു, ഉമ്മ. ചൂടുചായ മേശമ്മലാകെ തട്ടിമറിയുകയും എന്‍റെ തുണിയും കുപ്പായവുമൊക്കെ ചായയില്‍ നനഞ്ഞു കുതിരുകയും ചെയ്തു. എനിക്ക് കരയാനും കഴിയുന്നില്ല, കരയാതിരിക്കാനും കഴിയുന്നില്ല. (ഭാര്യ കൂടെ വരാനൊരുങ്ങിയില്ലായിരുന്നെങ്കില്‍, ഈ ചായയഭിഷേകം ഒഴിവാകുമായിരുന്നു!)
ഇക്കഴിഞ്ഞയാഴ്ച, ഞാന്‍ നിസ്കരിക്കാന്‍ കൈകെട്ടിയിട്ടേ ഉള്ളൂ, ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. അത് മൂന്ന് പ്രാവശ്യം പൂര്‍ണ്ണമായി അടിച്ചു, നിന്നു. നാട്ടില്‍ വന്നതോടെ, കടംപുഴുത്ത് തലനിലച്ച് നില്‍ക്കുകയാണ്, ഞാന്‍. കന്പനി എജിഎം ആയ മേരി പാപ്പച്ചനോട് ഒരന്പത് കടം ചോദിച്ചിട്ടുണ്ട്. നോക്കട്ടെ, ഒപ്പിച്ചു തരാമെന്നവര്‍ പറഞ്ഞിട്ടുമുണ്ട്. മിക്കവാറും അവനായിരിക്കും വിളിക്കുന്നത്. ഇനി നാലാമത്തെ മണിമുഴങ്ങിയാല്‍ ഉമ്മ ഫോണെടുക്കും. വല്ല തോന്ന്യാസവും പറയും, അതുറപ്പാ……
അതാ, ഫോണ്‍ ബെല്‍ മുഴങ്ങുന്നു.
…
ഏത് ശൈത്താനാ ഓന്നിക്കരിക്കുന്പം ഈ വിളിക്കുന്നത്.”
…
മേരിയായാലും മൂരിയായാലും ശരി, നിക്കാരം കയിനിട്ട് ബിളി ”
മൂത്ത മകള്‍ക്ക് പേരിടുന്ന സമയം. ഫാത്തിമ ഫിദാ, അയിശത്തുന്നദാ, ജുവൈരിയ സഹാ എന്നിങ്ങനെ രണ്ട് മൂന്ന് പേരുകളാണ് ഞാനും അവളും കൂടി കണ്ടു വെച്ചിരുന്നത്. അതില്‍ ആദ്യം പറഞ്ഞ പേര്‍ അവള്‍ക്ക് അവളുടെ കരളുപോല്‍ പ്രിയമായിരുന്നതിനാല്‍ എന്‍റെ ബീജത്തോടൊപ്പം അവള്‍ ആ പേരിനെകൂടി ഗര്‍ഭം ധരിച്ചിരുന്നു.
“നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ബോധിച്ച പേര്‍ ഇട്ടോളൂ മക്കളേ പേരെന്തായാലും അല്ലാഹു അതിന് ആഫിയത്തും ആയുസ്സും കൊടുക്കട്ടെ” എന്നു പറയും ഉമ്മ എന്നാണു കരുതിയത്.
സന്തോഷം കത്തിനിന്ന ആ സഭയില്‍ പക്ഷേ, ഉമ്മാക്ക് ഒട്ടും അയയാത്ത ഒരു പിടിവാശി. എന്‍റെ മോള്‍ക്ക് എന്‍റെ ഉമ്മാന്‍റെ അതേ പേരിട്ടാല്‍ മതി ഉമ്മല്ലിയുമ്മ!! അല്ലെങ്കില്‍ എന്‍റെ വല്ലുമ്മാന്‍റെ പേര് കുഞ്ഞാമിന!!! അതും പറ്റൂലെങ്കില്‍ എന്‍റെ മാപ്ലാന്‍റുമ്മാന്‍റെ നല്ല പഷ്ട് പേര് അയിച്ചൂട്ടി!!!! ഈന്‍റപ്പുറം, നാവിന്‍ തുന്പത്ത് കിട്ടാത്ത നിങ്ങളെ ഒരു കൊസ്രാക്കൊള്ളി പേരിടാന്‍ ഞാന്‍ വിടൂല!
എന്‍റെ ഉമ്മല്ലിയുമ്മ ഇപ്പോള്‍ ഒന്പതില്‍ പഠിക്കുന്നു. മിക്ക ദിവസങ്ങളിലും പേരുപരമായ പരിഹാസങ്ങളില്‍ മനംനൊന്ത് കരഞ്ഞുകൊണ്ടാണ് അവള്‍ സ്കൂള്‍ വിട്ടുവരിക.
ഇതൊക്കെയാണോ ചങ്ങാതീ, നീ നിന്‍റെ ഉമ്മാക്കെതിരില്‍ നിരത്തുന്ന എണ്ണം പറഞ്ഞ പരാതികള്‍. എല്ലായിടത്തും നടക്കുന്ന ചില സംഗതികളെ, നീ വണ്ണിച്ചവതരിപ്പിച്ചു എന്നതല്ലാതെ, ഇതിലൊന്നും വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവനറിയാതെ ഞാന്‍ ഒരു സൈക്കോ കൗണ്‍സിലറുടെ സ്ഥാനത്ത് കയറിയിരുന്നു. വന്പന്‍ ഫീസുകൊടുത്ത് പങ്കെടുത്ത നിരവധി കൗണ്‍സിലിഗ് ക്ലാസ്സുകളില്‍ നിന്നും, അതിലേറെ പുസ്തകങ്ങളില്‍നിന്നും സ്വരുക്കൂട്ടിയ വിവരങ്ങള്‍ അടിച്ചുകാച്ചിക്കളയാം എന്ന പൂതിയിലായിരുന്നു ഞാന്‍. പക്ഷെ…
ഇതൊക്കെ സഹിക്കാം, പൊന്നു ഹബിബേ!” എന്നും പറഞ്ഞ് അവനതാ ഉറുമാല്‍ വലിച്ചൂരി മുഖം പൊത്തുന്നു. കൊച്ചുകുട്ടിയെപോലെ പൊട്ടിക്കരയുന്നു. അവനാകെ നനഞ്ഞു, ചോന്നു, വിവശനായി. രംഗം കണ്ടുനിന്ന എന്‍റെ കണ്ണറ്റങ്ങളിലും സ്ഫടികമണികള്‍ പൊടിഞ്ഞു. മൂക്കിലൂടെ പൊള്ളുന്ന ഒരു ദ്രാവകം ഒലിച്ചിറങ്ങുന്പോലെ തോന്നി.
“ഒരാള്‍ക്കും സഹിക്കാന്‍ പറ്റാത്തതാണ്…”
അവന്‍ ആ കഥ പറഞ്ഞ് തുടങ്ങി. അത്, നമുക്ക് അടുത്ത തളിരിലയില്‍ പറയാം.
ഫൈസല്‍ അഹ്സനി ഉളിയില്‍
heart touching..