വീടുവിട്ടിറങ്ങുക; വിലയറിയുക

വീടുവിട്ടിറങ്ങുക; വിലയറിയുക

അവധിക്കാലമായി.
മനസ്സില്‍ നിന്നു പഠനഭാരം ഇറക്കിവെച്ചു കഴിഞ്ഞു കുട്ടികള്‍. മുദ്രയടിച്ചിരുന്ന യൂണിഫോമുകള്‍ അഴിച്ചുമാറ്റി, കര്‍ശനമായ അച്ചടക്കച്ചിട്ടകളില്‍ നിന്നു തെല്ലെങ്കിലും ഒഴിഞ്ഞു നിന്ന് മനവും തനുവും സ്വാതന്ത്ര്യത്തിന്‍റെ കുളിര്‍കാറ്റ് നുണയുന്ന കാലം!
കളിയാണു മനസ്സില്‍. കളിച്ചു തിമര്‍ക്കാനുള്ള മോഹം. സര്‍വതന്ത്ര സ്വതന്ത്രരായി വിഹരിക്കാനുള്ള അദമ്യമായ അഭിലാഷം.
പക്ഷേ, ഇറങ്ങിയോടല്ലേ കൂട്ടുകാരേ, ഇത്തിരി കാര്യങ്ങള്‍ നമുക്കാലോചിക്കാനില്ലേ നമ്മുടെ ശുഭകരമായ ഭാവിക്കുവേണ്ടി?
നമുക്കവയെക്കുറിച്ച് അല്പമാലോചിക്കാം.

കളികള്‍ വേണം. കൂട്ടുകാരോടൊത്തു സ്നേഹവും സൗഹൃദവും വളരുന്ന കളികള്‍. അടുത്തറിയാനും ആരോഗ്യം മെച്ചപ്പെടുത്താനുമുതകുന്ന കളികള്‍. അതിനേറെ പ്രയോജനം നമ്മുടെ നാടുകളിലൊക്കെ നിലവിലുണ്ടായിരുന്ന പലതരം നാടന്‍ കളികള്‍ തന്നെയാണ്. വോളിബോളും ഫുട്ബോളും ആലകളിയും കുട്ടിയും കോലും… അങ്ങനെയെത്രയെത്ര കളികള്‍. ഇറക്കുമതി ചെയ്ത കളികള്‍ നമ്മുടെ സാഹചര്യത്തിനും സംസ്കാരത്തിനും അത്രയൊന്നും അഭികാമ്യമല്ല എന്നോര്‍ക്കുക. പൊരിവെയിലത്ത് ബാറ്റും പിടിച്ച് ഉണങ്ങിക്കറുക്കുന്നതിലെന്തു ഗുണം? സൗഹൃദച്ചങ്ങലകള്‍ കോര്‍ത്തിണക്കി കൂട്ടുകാര്‍ ഗ്രാമങ്ങളിലേക്കിറങ്ങൂ അവിടെയിപ്പോഴും കളിക്കളങ്ങളുണ്ട്. കൊയ്തൊഴിഞ്ഞ പാടങ്ങള്‍ അപൂര്‍വമായെങ്കിലും അവശേഷിക്കുന്നുണ്ട്. ഒന്നിച്ചോടി, ഒന്നിച്ചാടി, മൗനമണിഞ്ഞു കിടക്കുന്ന ആ അന്തരീക്ഷമൊന്നു ശബ്ദമുഖരിതമാക്കൂ.
കളിമാത്രം പോര, കാര്യവും മറക്കരുതല്ലോ. സമയമില്ല എന്നാണധിക പേരുടെയും പരാതി. എന്നാല്‍ നിങ്ങള്‍ക്കിപ്പോള്‍ ആ പരാതി പറയാന്‍ വകുപ്പില്ല. ഇഷ്ടം പോലെ സമയമുണ്ട്. ആ സമയത്തിലിത്തിരി അനിവാര്യമായ പഠനങ്ങള്‍ക്കു നീക്കിവെക്കാമല്ലോ. മദ്റസയില്‍ പോകുന്നവരായിരിക്കും അധികപേരും. എന്നാലും കുറച്ചുകൂടി അക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. അധിക ക്ലാസുകള്‍ സംഘടിപ്പിക്കാം. ചര്‍ച്ചകളാവാം. ക്വിസ്, വായനമത്സരങ്ങളാവാം. കഥ, കവിത ലേഖനം തുടങ്ങിയവ രചിക്കാനും അവതരിപ്പിക്കാനും വേദികളൊരുക്കാം. അഭിരുചിക്കൊത്ത കൂട്ടുകാരെ സംഘടിപ്പിക്കൂ. എസ്ബിഎസ് നിങ്ങള്‍ക്കതിനു മാര്‍ദര്‍ശനം നല്‍കുമല്ലോ.

നിങ്ങളുടെ എല്ലാ കഴിവുകളെയും വളര്‍ത്താനുതകുന്നതാണ് വായന. പുസ്തകങ്ങളുടെ കൂട്ടുകാരാവൂ. എങ്കില്‍ ഏതു നിര്‍ണായക നിമിഷത്തിലും ആ കൂട്ടുകാര്‍ നിങ്ങളോടൊപ്പമുണ്ടാവും. കഥകള്‍, കവിതകള്‍, ഉപന്യാസങ്ങള്‍, ചരിത്രങ്ങള്‍… ധാരാളം വായിക്കുക. വായിച്ച പുസ്തകങ്ങളെക്കുറിച്ച് കുറിപ്പുകള്‍ തയ്യാറാക്കുക. ഈ കുറിപ്പ് എക്കാലത്തും ഉപകരിക്കുന്ന സന്പാദ്യമായി മാറും. വായിച്ചു കഴിഞ്ഞ പുസ്തകങ്ങളെക്കുറിച്ചു കൂട്ടുകാരുമായി ചര്‍ച്ച നടത്താം. ആശയങ്ങള്‍ പങ്കുവെക്കാം. അപ്പോള്‍ കൂടുതല്‍ അറിവു ലഭിക്കും. മനോമണ്ഡലം വിശാലമാകും. സ്വന്തം ആശയങ്ങള്‍ തുറന്നു പ്രകടിപ്പിക്കാനുള്ള ശേഷി കൈവരും.

കൂട്ടത്തില്‍ ഒരു പ്രഭാഷണ വേദിയും സംഘടിപ്പിക്കാം. ഭാവിയിലെ നല്ല പ്രസംഗകരാവാനുള്ള പരിശീലനമാണിത്. ഓര്‍ക്കുക പ്രസംഗകരായി ആരും ജനിക്കുന്നില്ല. മനസ്സില്‍ സ്വരുക്കൂട്ടിവെച്ച ജ്ഞാനവും നിരന്തര പരിശീലനവുമാണ് ഏതു പ്രഗത്ഭ വാഗ്മിയെയും സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങള്‍ക്കും അത്തരമൊരു വാഗ്മിയാകാം. അതൊന്നും അസാധ്യമല്ല. പ്രഭാഷണ വേദിയില്‍ പാട്ടുമാവാമല്ലോ. എങ്കില്‍ സദസ്സ് കൂടുതല്‍ രസകരമാവും. പാട്ടുപാടാന്‍ താല്‍പര്യമുള്ളവര്‍ മുന്നോട്ടുവരട്ടെ. അവര്‍ പാട്ടുകളും കവിതകളും അവതരിപ്പിക്കട്ടെ. സ്വന്തം രചനകള്‍ അവതരിപ്പിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുകയും ചെയ്യാം.
***
അവധിക്കാലത്തു നടത്താവുന്ന മറ്റൊരു പുണ്യകാര്യമാണ് സിയാറത്ത്. ഇത്തരം കാര്യങ്ങള്‍ക്ക് മുഖവില കല്പിക്കുന്ന ഒരു ഉസ്താദിന്‍റെ നേതൃത്വത്തില്‍ ആയാല്‍ വളരെ നന്ന്. യാത്രയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാവും. യാത്രയിലെ ഇളവുകള്‍ (ജംഅ്, ഖസ്ര്‍), മര്യാദകള്‍ എന്നിവ ഇതിലൂടെ ശീലിക്കാം. നാടുകണ്ട് റബ്ബിന്‍റെ സൃഷ്ടിവൈഭവങ്ങളെക്കുറിച്ചോര്‍ക്കാം. മഹാന്മാരുടെ ജീവചരിത്രങ്ങളോര്‍ക്കാം. അവരുടെ ത്യാഗങ്ങളില്‍ നിന്ന് നമുക്കും വെളിച്ചം കൊളുത്തിയെടുക്കാം. സിയാറത്തു ചെയ്തു പുണ്യം നേടാം. നമുക്കും കുടുംബത്തിനും സമുദായത്തിനും വേണ്ടി അത്തരം സ്ഥലങ്ങളില്‍ ചെന്ന് ദുആ ചെയ്യാം.

സിയാറത്ത് ദൂരേക്കു തന്നെയാവണമെന്നില്ല. നമ്മുടെ അടുത്ത പരിസരങ്ങളിലൊക്കെ തന്നെയും ധാരാളം ജ്ഞാനികളും സൂഫികളും മറപെട്ടു കിടക്കുന്നുണ്ടാവും. അവരെയും സിയാറത്ത് ചെയ്യണം. നമ്മുടെ ഉറ്റവരായ കുടുംബങ്ങളെയും സിയാറത്ത് ചെയ്യാന്‍ മറന്നു പോകരുത്. അതു കുടുംബബന്ധം പുലര്‍ത്തുന്നതിന്‍റെ ഭാഗമാണ്.

അടുത്തുള്ള പള്ളിദര്‍സുകളെ പരിചയപ്പെടുന്നതും നന്ന്. അവിടെ കുട്ടികള്‍ എന്തൊക്കെയാണ് പഠിക്കുന്നതെന്നും അവരുടെ ഹോംവര്‍ക്കുകളും കാര്യങ്ങളുമൊക്കെ എങ്ങനെ നടക്കുന്നുവെന്നും അറിയാമല്ലോ. ഉസ്താദുമാരെ കണ്ട് പരിചയപ്പെടുകയുമാവാം. ഉപദേശം തേടാം. ദുആ കൊണ്ട് വസിയ്യത്തു ചെയ്യുകയുമാവാം. തൊട്ടടുത്തുള്ള ദീനീ സ്ഥാപനങ്ങളിലൊക്കെ പോയി നോക്കുന്നതും നല്ലതാണ്. നമ്മുടെ ചുറ്റുവട്ടത്തെക്കുറിച്ചു ബോധമുണ്ടാവാനും സജ്ജനങ്ങളുമായി സന്പര്‍ക്കമുണ്ടാക്കാനുമൊക്കെ ഇതുവഴി സാധിക്കും.

അവധിക്കാല കോഴ്സുകള്‍ നിരവധിയുണ്ട്. അഭിരുചികള്‍ കണ്ടെത്തി വികസിപ്പിക്കാനുള്ള കോഴ്സുകള്‍, കന്പ്യൂട്ടര്‍ കോഴ്സുകള്‍, തുടര്‍ന്നു പഠിക്കാനുള്ള ക്ലാസുകളിലേക്കുള്ള അഡ്വാന്‍സ് കോഴ്സുകള്‍, വ്യക്തിത്വ വികസന കോഴ്സുകള്‍, ട്രൈനിംഗ് ക്യാന്പുകള്‍ തുടങ്ങി പലതും. നിങ്ങളുടെ താല്‍പര്യമനുസരിച്ച് കഴിയുന്ന കോഴ്സുകളില്‍ ചേരാം. അനുഭവ പരിചയമുള്ള, നിങ്ങളുടെ ഗുണകാംക്ഷിയായ ആരുടെയെങ്കിലും ഉപദേശങ്ങള്‍ തേടിയ ശേഷമേ ഏതു കോഴ്സിനും ചേരാവൂ. അബദ്ധങ്ങളില്‍ ചെന്നു ചാടാതിരിക്കാനാണിത്.

ഏതു കോഴ്സിനു ചേരുന്പോഴും ഒരു കാര്യം ശ്രദ്ധിക്കണം ആ കോഴ്സ് ഒരു പീഡനമായിത്തീരില്ലെന്ന് ഉറപ്പുവരുത്തണം. രണ്ടുമാസത്തെ അവധി നമ്മുടെ കാലാവസ്ഥയും മറ്റും പരിഗണിച്ചുള്ളതാണ്. കഠിന ചൂടിന്‍റെ കാലമാണിത്. ആ സമയത്ത് ശരീരത്തിന് നല്ല വിശ്രമം വേണം, മനസ്സിനും. ഇതൊന്നും അനുവദിക്കാതെ പഠനമേ പഠനം എന്ന അവസ്ഥയില്‍ നിര്‍ബന്ധിച്ചിരുത്തുന്ന ഒന്നും അഭികാമ്യമല്ല. ടെന്‍ഷനുകളെല്ലാം വിട്ടൊഴിഞ്ഞ് മനസ്സൊന്നു തണുക്കട്ടെ. എന്നിട്ടുവേണമല്ലോ നവോന്മേഷത്തോടെ പുതുവര്‍ഷത്തിലെ പഠനത്തിലേക്ക് കടക്കാന്‍. അതു കൊണ്ടാണ് പറയുന്നത്, ഏതു കാര്യത്തിലേക്കു കടക്കുന്പോഴും സ്വന്തം അഭിരുചിക്കു പ്രാധാന്യം നല്‍കണമെന്ന്. മറ്റുള്ളവര്‍ ചെയ്യുന്നതു കൊണ്ടു മാത്രം ഞാനും അങ്ങനെ എന്നു കരുതി ഇറങ്ങിത്തിരിക്കുന്നത് ഒരിക്കലും നല്ലതല്ല.

വ്യക്തിപരമായ കാര്യങ്ങളില്‍ മാത്രമല്ല, സാമൂഹികവും കുടുംബപരവുമായ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധചെലുത്താന്‍ കഴിയുന്ന അവസരമാണ് അവധിക്കാലം. റഗുലര്‍ ക്ലാസുകളും ട്യൂഷനുമൊക്കെയായതുകൊണ്ട് അടുത്ത കുടുംബത്തിലെ കല്യാണത്തിനു പോലും പങ്കെടുക്കാന്‍ കഴിയാതെ പോയവരല്ലേ പലരും? ആ നഷ്ടമൊക്കെ നികത്താനുള്ള അവസരം കൂടിയാണിത്. അയല്‍വീട്ടിലെയോ കുടുംബത്തിലെയോ ഒന്നോ രണ്ടോ കൂട്ടുകാരുമായി ചര്‍ച്ച ചെയ്യൂ. നിങ്ങള്‍ക്ക് എത്ര കുടുംബവീടുകളുണ്ട്? ആരൊക്കെയാണ് ഓരോ വീട്ടിലുമുള്ളത്? മാതാപിതാക്കളോടു ചോദിച്ചാല്‍ പൂര്‍ണവിവരം കിട്ടുമല്ലോ. സമയവും സന്ദര്‍ഭവും നോക്കി അവരെയൊക്കെ സന്ദര്‍ശിക്കാം. പലപ്പോഴും അടുത്ത കുടുംബത്തില്‍ പോലും നിങ്ങള്‍ക്കു പരിചയമില്ലാത്തവരെ കണ്ടെന്നു വരാം. അവരുമായൊക്കെ പരിചയത്തിലായി സൗഹൃദക്കണ്ണിയും കുടുംബശൃംഖലയും വിളക്കിച്ചേര്‍ക്കുന്നത് എത്ര വലിയ സുകൃതമാണെന്നോ! ഐഹികവും പാരത്രികവുമായ അനേകം നന്മകള്‍ ലഭിക്കുന്ന പുണ്യകര്‍മമാണിതെന്നോര്‍ക്കുക.

ഇതോടൊപ്പം രോഗസന്ദര്‍ശനവുമാവാം. സ്വന്തം നാട്ടില്‍ തന്നെയില്ലേ അനേകം രോഗികള്‍! രോഗസന്ദര്‍ശനം വലിയ സദ്കര്‍മമാണെന്നു നിങ്ങള്‍ പഠിച്ചിട്ടുണ്ടല്ലോ. നമ്മുടെ സന്ദര്‍ശനം രോഗികള്‍ക്ക് സമാധാനം നല്‍കും. ഉന്മേഷം നല്‍കും. രോഗശമനത്തിന്നതു കാരണമാവും. ഇതുപോലെ വൃദ്ധരെയും സന്ദര്‍ശിക്കാം. നിങ്ങളുടെ വാക്കു കേള്‍ക്കാന്‍, സന്ദര്‍ശകരെ കാണാന്‍, ഒരു സാന്ത്വന വചനം ഉള്‍കൊള്ളാന്‍ കാത്തിരിക്കുന്ന എത്രയോ വൃദ്ധര്‍ നമ്മുടെയൊക്കെ നാട്ടിലുണ്ടാവും. കൂട്ടുകാര്‍ സംഘമായി അവരെയൊക്കെ ഒന്നു സന്ദര്‍ശിക്കുക. എങ്കില്‍ അവരുടെ പ്രാര്‍ത്ഥന നിങ്ങള്‍ക്കു തുണയാവും. നല്ലകുട്ടികള്‍ എന്ന പ്രശംസ നിങ്ങളെ നല്ലവരാക്കും.

സ്വന്തം വീട്ടിലെ കാര്യങ്ങളും മറക്കരുതേ! മാതാപിതാക്കളെ വീട്ടുകാര്യങ്ങളില്‍ സഹായിക്കാം. വീടും പരിസരവും വൃത്തിയാക്കാം. ചെടികള്‍ വച്ചു പിടിപ്പിക്കാം… ഇങ്ങനെ പലതും.
ചില സൂചനകള്‍ മാത്രമാണിവിടെ കൊടുത്തത്. നിങ്ങളുടെ താല്‍പര്യത്തിനും വിചാരത്തിനുമനുസരിച്ച് പല മാറ്റങ്ങളുമാവാം. ഒരു കാര്യം ശ്രദ്ധിക്കുക നമ്മുടെ സമയം വിലപ്പെട്ടതാണ്. അതില്‍ ഒരു നിമിഷവും വെറുതെയാവാന്‍ അനുവദിക്കരുത്. ചില കൂട്ടുകാരുണ്ട് അവധിക്കാലം അവര്‍ക്ക് അലസതയുടെ കാലമാണ്. ഉറക്കമാണ് ചിലര്‍ക്ക്. പന്ത്രണ്ടു മണിക്കൂറിലധികം ഉറങ്ങിക്കഴിയുന്നവരുണ്ട്. എത്ര വലിയ നഷ്ടമാണതെന്നോ. വേറെ ചിലര്‍ അധികസമയവും ടിവിയുടെ മുന്പിലാണ്. അലസതയുടെ കൂട്ടുകാരാവാന്‍ പിന്നെന്തു വേണം? കന്പ്യൂട്ടര്‍ ഗെയിമിലാണ് ചിലരുടെ സമയം കടന്നു പോവുന്നത്. സ്മാര്‍ട്ട്ഫോണില്‍ അഭിരമിക്കുന്നവരും കുറവല്ല. പക്ഷേ ഇവയൊക്കെ നമുക്കെന്തു നേട്ടമുണ്ടാക്കുന്നു എന്നാരും ചിന്തിക്കുന്നില്ല. വെറുതെ സമയം കളയാനുള്ള ഉപാധികള്‍ മാത്രം. ബുദ്ധിയുള്ളവര്‍ അങ്ങനെയാവാമോ? ഇത്തരം കാര്യങ്ങളില്‍ മാത്രം മുഴുകുന്പോള്‍ നമ്മുടെ സമയനഷ്ടം മാത്രമല്ല, മൂല്യനഷ്ടം കൂടി സംഭവിക്കുന്നുണ്ട് എന്നോര്‍ക്കണം. മനസ്സിലുണ്ടായിരുന്ന നന്മയുടെ അംശങ്ങള്‍ പലതും ചോര്‍ന്നു പോയിരിക്കും. അതുവരെ നമ്മിലില്ലാതിരുന്ന പല തിന്മാവാസനകളും കടന്നു കൂടിയിട്ടുണ്ടാവും. നമ്മള്‍ നശിക്കാന്‍ ഇതു തന്നെ മതിയല്ലോ. അതുകൊണ്ട് ടിവിയുടെയും കന്പ്യൂട്ടറിന്‍റെയും മൊബൈല്‍ ഫോണിന്‍റെയും മുന്പില്‍ ചടഞ്ഞു കൂടാതെ ആ മോഹത്തെ അടക്കി നിര്‍ത്തുന്നതില്‍ ജാഗരൂകരാവണം. എന്തെങ്കിലുമൊക്കെ സദ്പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാവാന്‍ ശ്രദ്ധിക്കണം. അവധിക്കാലം കഴിയുന്പോള്‍ പിന്നോട്ടു തിരിഞ്ഞു നോക്കിയാല്‍ നഷ്ടബോധം തോന്നരുത്. എന്തെങ്കിലുമൊക്കെ ഓര്‍ക്കാന്‍, ആനന്ദിക്കാന്‍, നിര്‍വൃതിയടയാന്‍ നേട്ടങ്ങളായുണ്ടാവണം.
***
രക്ഷിതാക്കള്‍ അവധിക്കാലത്ത് ഒന്നുകൂടി സജീവമാവണം. കുട്ടികളെ നല്ലവഴിക്ക് പ്രചോദനം നല്‍കേണ്ടതവരാണ്. നല്ല ഭക്ഷണം കൊടുത്തും വിശ്രമം അനുവദിച്ചും സമയം തെറ്റായ വഴിക്ക് വിനിയോഗിക്കുന്നത് സ്നേഹപൂര്‍വ്വം തടഞ്ഞും രക്ഷിതാക്കളും സ്വന്തം സ്വഭാവശീലങ്ങളൊക്കെ ദീനിയ്യായി പുതിക്കിപ്പണിയണം. ദീനിയ്യായ പല കാര്യങ്ങളിലും അത്ര കണിശത കാണിക്കാത്ത രക്ഷിതാക്കള്‍ക്ക് ഈ അവധിക്കാലത്ത് കുട്ടികളുടെ കൂടി പങ്കാളിത്തത്തോടെ മക്കളേ നമുക്കിങ്ങനെ ചെയ്തു നോക്കിയാലോ, അല്ലാഹുവിനിതിഷ്ടമായിരിക്കും എന്നൊക്കെപ്പറഞ്ഞ് കുട്ടികളോടൊപ്പം പുതിയ കാര്യങ്ങള്‍ ശീലമാക്കിക്കൊണ്ടുവരാം. ദിക്ര്‍ മജ്ലിസുകളില്‍ പോയി നോക്കാം. രാത്രി നേരത്തെ കിടന്ന് രാവിലെ സുബ്ഹിക്ക് ഒരു മണിക്കൂര്‍ മുന്പെങ്കിലും എഴുന്നേല്‍ക്കുന്ന സ്വഭാവം ശീലിക്കാം. ഓരോ നിസ്കാരശേഷവും പത്ത് ആയത്ത് ഓതുന്ന ശീലമാവാം. പത്ത് സ്വലാത്ത് പതിവാക്കാം. അര മണിക്കൂര്‍ പുസ്തകം വായിച്ച് ചര്‍ച്ച ചെയ്യുന്ന ശീലമാവാം. ഇതൊക്കെ ഉദാഹരണത്തിന് ചൂണ്ടിക്കാട്ടിയതാണ്. മറ്റുനല്ല സ്വഭാവ ശീലങ്ങള്‍ പുതുതായിത്തുടങ്ങാം.

പള്ളിയിലെയും മദ്റസയിലെയും ഉസ്താദുമാരും കുട്ടികളുടെ അവധിക്കാലം നന്നാക്കിയെടുക്കാന്‍ ഉത്സാഹം കാട്ടണം. കുട്ടികളുമായി നല്ല സൗഹൃദത്തിലാവാം. അനുനയത്തിലൂടെ അവരെ ദീനീ കാര്യങ്ങളില്‍ ഉത്സാഹിപ്പിക്കാം. പുതുതായി കുട്ടികള്‍ക്കാവശ്യമുള്ള എന്തെങ്കിലും പരിശീലനങ്ങള്‍ ആരംഭിക്കാം. പുതിയ കൈവേലകള്‍ പഠിപ്പിക്കാം.

ചുരുക്കത്തില്‍ ഉല്ലാസം അവര്‍ക്ക് നഷ്ടപ്പെടരുത്. എന്നാല്‍ പുതുതായൊന്നും അറിയാതെയും പോവരുത്. രക്ഷിതാക്കള്‍ക്ക് ഉസ്താദുമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തും തീരുമാനത്തിലെത്താം. ദീനീ തല്പരരായ സ്കൂള്‍ അധ്യാപകരെയും ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുത്താല്‍ അവധിക്കാലം നഷ്ടപ്പെടില്ല.
**
ആണ്‍കുട്ടികളെ നാട്ടിലെ പള്ളിദര്‍സുമായി ഇക്കാലത്തു ബന്ധപ്പെടുത്താം. ഉസ്താദിനെ കണ്ട് ആചാരാനുഷ്ഠാനങ്ങളും സ്വഭാവ സംസ്കരണവും മനഃശുദ്ധിയും കിട്ടാനുതകുന്ന തരത്തില്‍ ഒന്നു രണ്ടു മണിക്കൂര്‍ നേരത്തേക്കുള്ള ചില ചെറുകിതാബുകള്‍ തെരഞ്ഞെടുക്കാം. അറബി പദ്യരൂപത്തില്‍ അത്തരമൊരു ചെറുകിതാബുണ്ട്. അതോടൊപ്പം എല്ലാ നിസ്കാരങ്ങള്‍ക്കും പള്ളിയിലെത്താം. ചില സുന്നത്തു നോന്പുകളൊക്കെ വീട്ടുകാരോടൊപ്പം കൂടി പിടിച്ചു നോക്കാം.

നീന്തല്‍ പഠിക്കാനും മീന്‍ പിടിക്കാനുമൊക്കെ പോയി നോക്കാം.
പെണ്‍കുട്ടികള്‍ക്ക് ചില സ്ഥാപനങ്ങളില്‍ പ്രത്യേക അവധിക്കാല പ്രവര്‍ത്തനങ്ങളുണ്ട്. അതോടൊപ്പം മതവിജ്ഞാനം കിട്ടാനായി നല്ല പുസ്തകങ്ങള്‍ വാങ്ങി വായന തുടങ്ങാം. അതില്‍ പറയുന്നതനുസരിച്ച് പരിശീലിച്ചു തുടങ്ങാം. നോട്ടുകള്‍ എഴുതിയെടുക്കാം.

ഈ സമയത്തു തന്നെ പ്രയാസമുള്ള ഏതാനും വിഷയങ്ങള്‍ പഠിക്കാന്‍ ഒരു അരമണിക്കൂര്‍ ചെലവു ചെയ്താല്‍ നന്ന്. എന്നാല്‍ അവധിക്കാലത്തിനു ശേഷം സ്കൂളിലേക്ക് കേറിച്ചെല്ലാന്‍ കൂടുതല്‍ ഉത്സാഹം കാണും.

മുഹമ്മദ് പാറന്നൂര്‍

You must be logged in to post a comment Login