അകലെ ഗ്രാമത്തില്‍ നിന്നുള്ള ഒരു സംഘം മദീനയില്‍ നബി(സ)യെ കാണാന്‍ വന്നു. അവര്‍ ഇരുപതു പേരുണ്ടായിരുന്നു. എല്ലാവരും സമപ്രായക്കാര്‍.
സംഘത്തിനു മദീന നന്നേ ഇഷ്ടപ്പെട്ടു. ഹബീബ്(സ)യെയാണ് ഏറെ ഇഷ്ടമായത്. അവിടുത്തെ സ്വഭാവമാഹാത്മ്യം, ഹൃദ്യമായ പെരുമാറ്റം, ദയ, കാരുണ്യം… ഇങ്ങനെ ഒരു വ്യക്തിത്വം അവരുടെ സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു.
കുറച്ചുനാള്‍ അവര്‍ മദീനയില്‍ തങ്ങി. പുതിയ അറിവുകള്‍, പുതിയ പാഠങ്ങള്‍, പുതിയ കൂട്ടുകാര്‍, പുതിയ ജീവിതം… അവരാകപ്പാടെ മാറി.
ക്രമേണ സ്ഥിതിഗതികള്‍ക്കു ചെറിയൊരു മാറ്റം. പഴയ ഉത്സാഹമില്ല. ചിലര്‍ മസ്ജിദിന്‍റെ മൂലയില്‍ ചെന്നിരുന്നു. ഒരാള്‍ പുറത്ത് എങ്ങോട്ടെന്നില്ലാതെ നോക്കി നില്‍ക്കുന്നു. ചിലര്‍ മൂകരും ചിന്താധീനരുമായി നടക്കുന്നു.
മാറ്റം ഹബീബ്(സ)യുടെ ശ്രദ്ധയില്‍പെട്ടു. അവിടുന്ന് അവരെ വിളിച്ചിരുത്തി കാര്യം തിരക്കി.
എന്താ ഒരു മാതിരി…
എന്തോ കുഴപ്പമുണ്ട്; എന്താണെന്നു പറഞ്ഞു കൊടുക്കാന്‍ അവര്‍ക്ക് അറിഞ്ഞു കൂടായിരുന്നു.
നബി(സ) ഓരോരുത്തരോടും സംസാരിച്ചു:
വീട്ടില്‍ ആരൊക്കെയുണ്ട്, വീട്ടിലെ അവസ്ഥയെന്താണ്?
നാട്ടിലെയും വീട്ടിലെയും അവസ്ഥ ചോദിച്ചറിഞ്ഞപ്പോള്‍ അവര്‍ ഉഷാറായി. അപ്പോള്‍ മനസ്സിലായി പ്രശ്നം; ഗൃഹാതുരത്വം!
വീട്ടില്‍ പോകണം, ഉറ്റവരെ കാണണം. കൂട്ടുകാരെക്കുറിച്ചുള്ള ഓര്‍മകള്‍ വന്നു തുടങ്ങിയിരിക്കുന്നു.
അവിടുന്ന് അവരെ ആശ്വസിപ്പിച്ചു.
നിങ്ങള്‍ കുടുംബത്തിലേക്കു തിരികെ പോവുക. ഇവിടെ നിന്നു പഠിച്ച നല്ല പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക, മറ്റുള്ളവരെക്കൂടി പഠിപ്പിക്കുക.
യുവസംഘത്തിന് ഉത്സാഹമായി. അവര്‍ നബി(സ)യോടു പല കാര്യങ്ങളും ചോദിക്കാന്‍ തുടങ്ങി. നാട്ടില്‍ ചെന്നാല്‍ ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ച്, നിസ്കാരത്തെക്കുറിച്ച് അവര്‍ പ്രത്യേകം ചോദിച്ചു: അവിടുന്ന് പറഞ്ഞു:
ഞാന്‍ നിസ്കരിക്കുന്നത് എങ്ങനെയാണോ നിങ്ങള്‍ കണ്ടത്; അതുപോലെ നിങ്ങളും നിസ്കരിക്കുക.
സ്വഹീഹുല്‍ബുഖാരിയിലെ അറുനൂറ്റി മുപ്പത്തിയൊന്നാം ഹദീസിലാണ് നിസ്കാരത്തെക്കുറിച്ചുള്ള ഈ പരാമര്‍ശം കാണുക. സ്വഹീഹ് മുസ്ലിമില്‍ 674ാമത്തെ ഹദീസാണ്.
നബി(സ) കൃത്യമായ ഒരു രൂപത്തില്‍ നിസ്കരിക്കുകയും അതുപോലെ തന്നെ നിങ്ങളും നിസ്കരിക്കണം എന്നു പറയുകയുമാണ് ചെയ്തിരിക്കുന്നത്.
നമ്മുടെ മസ്ജിദുകളിലും മറ്റും നടക്കുന്ന സംഘടിത നിസ്കാരങ്ങള്‍ ഒന്നു നിരീക്ഷിക്കുക. പലരുടെയും അംഗചലനങ്ങളില്‍ താളപ്പിഴ കാണുന്നില്ലേ? ഇതെങ്ങനെയാണ് സംഭവിച്ചു പോവുന്നത്; നിസ്കാരത്തെക്കുറിച്ചു ശരിയായ ധാരണ ഇല്ലാത്തതു കൊണ്ടല്ലേ?
ഇമാം തക്ബീറതുല്‍ഇഹ്റാം ചൊല്ലി കൈ ഉയര്‍ത്തിക്കെട്ടുന്നതോടെയാണല്ലോ ജമാഅത്ത് ആരംഭിക്കുക.
ഇമാമിനെ പിന്തുടരുന്നവര്‍ എപ്പോള്‍ തക്ബീറതുല്‍ഇഹ്റാം ചൊല്ലി കൈകെട്ടണം, എപ്പോള്‍ ആമീന്‍ പറയണം, എപ്പോള്‍ കുനിയണം, എപ്പോള്‍ നിവരണം, എപ്പോള്‍ കുന്പിടണം എന്നു തുടങ്ങി സലാം ചൊല്ലിപ്പിരിയുന്നതുവരെയുള്ള സകല ചലനങ്ങളെക്കുറിച്ചും കൃത്യവും സൂക്ഷ്മവുമായ വിവരണം ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ നിയമങ്ങള്‍ അനുസരിച്ച് പത്തോ അന്പതോ പേര്‍ ഇമാമിനെ പിന്തുടര്‍ന്നു നിസ്കരിച്ചാല്‍ എല്ലാവരുടെയും നിസ്കാരം ഒരേ ചലനത്തിലും താളത്തിലുമായിരിക്കും.
സാധാരണ മൂന്നോ നാലോ മിനിട്ടു കൊണ്ടു നിസ്കരിക്കാവുന്ന ഒരു റക്അത്തിനു നൂറുകണക്കിനു നിയമവശങ്ങള്‍ കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നിയമങ്ങളുടെ ഈ ആധിക്യം ഒരു കാര്യം സൂചിപ്പിക്കുന്നു: നിസ്കാരത്തിന്‍റെ ഏറ്റവും സൂക്ഷ്മമായ അംശങ്ങള്‍ വരെ നിയമം പരാമര്‍ശിക്കുന്നുണ്ട്. ഇതെല്ലാം ഓരോരുത്തരും കൃത്യമായി പാലിച്ചാല്‍ ആത്മീയമായി മാത്രമല്ല, ഭൗതികമായും അതൊരു സുന്ദര കലാരൂപം തന്നെയായിരിക്കും.
റിപ്പബ്ലിക് ദിനപരേഡില്‍ ജവാന്മാരുടെ മാര്‍ച്ച് ശ്രദ്ധിച്ചിട്ടുണ്ടോ?
ചുവടുകള്‍ ഒന്നിച്ച്, കൈവീശുന്നത് ഒരേ താളത്തില്‍, സല്യൂട്ട് ചെയ്യുന്നതിനു മുഖം തിരിച്ചാല്‍ മൂക്കിന്‍റെ തുന്പുവരെ സമമായിരിക്കും. എന്തൊരു സൗന്ദര്യമാണ് ആ ദൃശ്യത്തിന്!
ജവാന്മാര്‍ എന്നും രാവിലെ പരിശീലനം നടത്തിയാണ് ഈ മെയ്വഴക്കം നേടുന്നത്.
നമ്മള്‍ ദിവസം അഞ്ചുനേരം നിസ്കരിച്ചു പോരുന്നുണ്ടെങ്കിലും ഇതെന്താ ഇങ്ങനെ?
ബാങ്കുകേട്ട ഉടനെയോ അതിനു മുന്പു തന്നെയോ പലരും മസ്ജിദില്‍ എത്തിയിട്ടുണ്ടാവും. ഒന്നാം നിരയുടെ മഹത്വം അറിഞ്ഞ് അവിടത്തന്നെ സ്ഥാനം പിടിച്ചിട്ടുമുണ്ടാകും.
എങ്കിലും ഇമാം തക്ബീര്‍ ചൊല്ലി ദുആയും കഴിഞ്ഞു ഫാതിഹ തുടങ്ങിയാലും ചില ആളുകള്‍ തക്ബീര്‍ ചൊല്ലി നിസ്കാരം ആരംഭിച്ചിട്ടുണ്ടാകുകയില്ല.
ഇമാം നിസ്കാരം തുടങ്ങിയ ശേഷമാകും ഒരാള്‍ വസ്ത്രം നേരെയാക്കാന്‍ തുടങ്ങുക. മറ്റൊരാള്‍ കാറാനും കുരക്കാനും തുടങ്ങുന്നത് അപ്പോഴാണ്. മറ്റൊരാള്‍ മൊബൈല്‍ സ്വിച്ച്ഓഫ് ചെയ്യാന്‍ ഓര്‍ക്കുന്നത് ഈ നേരത്താണ്. ഇമാം ഫാതിഹ ഓതി തീര്‍ന്നാലും എല്ലാവരും തക്ബീര്‍ ചൊല്ലി കൈകെട്ടിക്കഴിഞ്ഞിട്ടുണ്ടാകില്ല.
നബി(സ) പഠിപ്പിച്ചതോ?
ഇമാം തക്ബീറതുല്‍ഇഹ്റാം ചൊല്ലി കൈ കെട്ടുന്നതിന്‍റെ തൊട്ടുടനെ തന്നെ മഅ്മൂമും അങ്ങനെ ചെയ്തിരിക്കണം എന്നാണ്.
ഇമാമിന്‍റെ കൂടെ മഅ്മൂമിനു ചെയ്യാവുന്ന ഒരേയൊരു കാര്യമേയുള്ളൂ; നിസ്കാരത്തില്‍ ഫാതിഹക്കു ശേഷമുള്ള ആമീന്‍ പറയല്‍. അത് ഒന്നിച്ചായിരിക്കണം. ബാക്കി കാര്യങ്ങളെല്ലാം ഇമാമിന്‍റെ പിറകെ എന്നാണു നിയമം. ഇമാം വലള്ളാല്ലീന്‍ പറഞ്ഞു തീരേണ്ട താമസം ചിലര്‍ അമീന്‍ പറഞ്ഞുകഴിഞ്ഞിരിക്കും ചിലര്‍. ഫാതിഹ തീര്‍ത്ത് ഒരു ശ്വാസമയച്ച് ആമീന്‍ തുടങ്ങാന്‍ ഇമാമിനെ അനുവദിക്കേണ്ടേ? മഅ്മൂമിന്‍റെ ആമീനു ശേഷമാണ് പലപ്പോഴും ഇമാമുമാര്‍ക്ക് ആമീന്‍ പറയാന്‍ കഴിയുക.
നിസ്കാരത്തിലെ എല്ലാ ചലനങ്ങളും ഇമാമിന്‍റേതു കഴിഞ്ഞ ശേഷമേ മഅ്മൂം ആരംഭിക്കാവൂ.
അതായത് നിറുത്തത്തില്‍ നിന്ന് കുനിഞ്ഞ് ഇമാം റുകൂഇല്‍ എത്തിയ ശേഷമേ മഅ്മൂം നിറുത്തത്തില്‍ നിന്നു കുനിഞ്ഞു തുടങ്ങാവൂ.
അതുപോലെ ഇഅ്തിദാലില്‍ നിന്നു കുന്പിട്ട് പൂര്‍ണമായും സുജൂദില്‍ ഇമാം എത്തിയ ശേഷമേ മഅ്മൂം അനങ്ങാന്‍ പാടുള്ളൂ.
ചെയ്യുന്നതോ?
ഇമാം കുന്പിടാന്‍ വേണ്ടി തക്ബീറിന്‍റെ അ തുടങ്ങുന്പോഴേക്ക് ചിലര്‍ സുജൂദില്‍ വീണിരിക്കും!
ഇമാം സുജൂദിലെത്താന്‍ ഒരാള്‍ നിയമപ്രകാരം കാത്തു നില്‍ക്കുന്നുണ്ടാകും. മറ്റൊരാള്‍ മുന്പെ സുജൂദിലെത്തിയിട്ടുണ്ടാകും. വേറൊരാള്‍ ഇതിന്‍റെ രണ്ടിന്‍റെയും ഇടയിലായിരിക്കും. ഇങ്ങനെ പലരും പല സമയത്ത് കുന്പിടുന്പോള്‍ അതിനൊരു പൊരുത്തമില്ലാതായിപ്പോവുന്നു.
ഇതിലും കൗതുകം സുജൂദില്‍ നിന്ന് ഉയരുന്ന നേരത്താണ്.
ചില ഇമാമുമാര്‍ സുജൂദിലെ ദിക്റുകള്‍ അല്പം സമയമെടുത്തു ചൊല്ലും. വേഗം ചൊല്ലിക്കഴിഞ്ഞ മഅ്മൂം തലകുത്തി നിന്നു ഞെളിപിരി കൊള്ളും.
ചിലര്‍ ഇമാമിന്‍റെ തക്ബീര്‍ കേള്‍ക്കാത്ത അസഹനീയതയോടെ തല പൊക്കിനോക്കുന്നതും കാണാം.
ഏതാനും സെക്കന്‍റ് റബ്ബിന്‍റെ മുന്പില്‍ കുന്പിടുന്നതിന്‍റെ അസഹ്യത!
ഇങ്ങനെ ചെയ്യുന്നവരെ നബി(സ) താക്കീതു ചെയ്തിട്ടുണ്ട്.
നിങ്ങളുടെ തല കഴുതത്തലയായിപ്പോകുന്നതിനെ നിങ്ങള്‍ ഭയപ്പെടുന്നില്ലേ എന്നവിടുന്നു ചോദിച്ചു.
ഈ ഹദീസ് പറയുന്പോഴാണ് ഒരു ചരിത്ര കഥ ഓര്‍ക്കുന്നത്.
ഒരു മഹാഗുരു.
ആയിരക്കണക്കായ ശിഷ്യന്മാര്‍ വന്നു പഠിച്ചു പോയിക്കൊണ്ടിരിക്കുന്നു.
പക്ഷേ, ഗുരുവിനെ കാണാന്‍ കഴിയില്ല; ഒരു മറയുടെ പിന്നില്‍ ഇരുന്നു കൊണ്ടാണ് ക്ലാസ്!
ഒരു ശിഷ്യനു കലശലായ മോഹം;
ഗുരുവിനെ ഒന്നു കാണണം. അയാള്‍ നിരന്തരം അഭ്യര്‍ത്ഥിച്ചപ്പോള്‍ ഗുരു ദര്‍ശനം നല്‍കി.
കണ്ടപ്പോള്‍ ഗുരുവിന്‍റെ തല കഴുതത്തല പോലെ.
ശിഷ്യന്‍ കാര്യമന്വേഷിച്ചു.
ഇമാമിനെ മറികടന്നു സുജൂദില്‍ നിന്നു തലപൊക്കുന്നതിനെ വിമര്‍ശിച്ചു കൊണ്ടുള്ള ഹദീസ് ഒരു സുജൂദിനിടയില്‍ ഞാനോര്‍ത്തു. എന്നിട്ട് ഞാനാലോചിച്ചു; വെറുതെ തലയൊന്നു പൊക്കിയെന്നുവച്ചു മനുഷ്യന്‍റെ തല കഴുതത്തലയാകുമോ?
ഹദീസില്‍ അവിശ്വസിക്കുകയോ നിന്ദിക്കുകയോ ഒന്നും ചെയ്തിട്ടില്ല, വെറുതെ ഒരു തോന്നല്‍ വന്നുപോയതാണ്. അല്ലാഹുവിന്‍റെ ഇഷ്ടം പിടിച്ചുപറ്റിയ ജ്ഞാനികളില്‍ നിന്ന് അത്തരത്തിലുള്ള തോന്നല്‍ പോലും ഉണ്ടാവാന്‍ പാടില്ല. അതിനാലാണ് കാണുന്നവര്‍ക്കു അങ്ങനെ തോന്നുംവിധം ഗുരുവിന്‍റെ തലമാറിപ്പോയത്.
ഒ എം തരുവണ
You must be logged in to post a comment Login