മഹത്തായ ജനകീയ പാരന്പര്യവും സാംസ്ക്കാരിക വൈവിധ്യചരിത്രവും കൈമുതലായുള്ള ഇന്ത്യാ രാഷ്ട്രം, ഏതാനും പടുകൂറ്റന്‍ കോര്‍പ്പറേറ്റുകളുടെ സന്പൂര്‍ണ നിയന്ത്രണത്തിന് കീഴിലായിക്കഴിഞ്ഞു. വളരെക്കുറച്ച് ആളുകളില്‍ രാജ്യത്തിന്റെ സന്പത്ത് മുഴുവനുമായി കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥ കഴിഞ്ഞ മുപ്പതു കൊല്ലമായി കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. രാഷ്ട്രത്തിനു മേല്‍ പിടിമുറുക്കിക്കഴിഞ്ഞ ഈ കോര്‍പ്പറേറ്റുകളാണ് പ്രധാന രാഷ്ട്രീയ കക്ഷികളെയും മുഖ്യധാരാ മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് എന്ന അരുന്ധതി റോയിയുടെ നിരീക്ഷണം തികച്ചും വസ്തുതാപരമാണ്. ഇതു മൂലം, കോടിക്കണക്കിന് ദരിദ്രരും അര്‍ദ്ധ ദരിദ്രരും മധ്യവര്‍ഗക്കാരുമായ ഇന്ത്യക്കാരുടെ ജീവിതം വരും നാളുകളില്‍ കൂടുതല്‍ ദുസ്സഹമായിത്തീരുമെന്നുറപ്പാണ്. അമേരിക്കയിലെ പടുകൂറ്റന്‍ കോര്‍പ്പറേറ്റ് ഫൗണ്ടേഷനുകളായ ഫോര്‍ഡിന്റെയും റോക്ക്ഫെല്ലറിന്റെയും വഴികളിലൂടെ തന്നെയാണ് റിലയന്‍സ്, എസ്സാര്‍, ടാറ്റ, ഇന്‍ഫോസിസ് തുടങ്ങിയ ഇന്ത്യന്‍ കുത്തകകളും തങ്ങളുടെ സാന്നിദ്ധ്യവും ലാഭങ്ങളും വ്യാപിപ്പിക്കുന്നത് എന്ന് അരുന്ധതി നിരീക്ഷിക്കുന്നു. അമേരിക്കന്‍ ഭരണകൂടവുമായും ആഗോള ചാരസംഘടനയായ സി ഐ എയുമായും ഏറെ ചേര്‍ന്നു നിന്നുകൊണ്ടാണ് റോക്ക്ഫെല്ലറും ഫോര്‍ഡും പ്രവര്‍ത്തിക്കുന്നതെന്നത് എല്ലാവരും മനസ്സിലാക്കിയിട്ടുള്ളതാണ്. ഈ രീതിയിലൂടെയാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെയും ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുടെയും താല്പര്യങ്ങളെ ഈ ഫൗണ്ടേഷനുകള്‍ വളര്‍ത്തിയെടുത്തത്. അമേരിക്കന്‍ ഭരണകൂടത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും നിഗമനങ്ങളും നിരീക്ഷണങ്ങളും അവര്‍ നട്ടുപിടിപ്പിച്ച നുണകളുമാണ് ലോകാഭിപ്രായം എന്നു വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ക്ക് വലിയ തോതില്‍ കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെ വന്‍ കോര്‍പ്പറേറ്റുകള്‍ ഇപ്പോള്‍ ധാര്‍മിക സ്ഥാപനങ്ങളിലൂടെയും മറ്റും പണം വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി(സി എസ് ആര്കോര്പ്പറേറ്റുകളുടെ സാമൂഹ്യ ഉത്തരവാദിത്തം) എന്ന പേരില്‍ ഔദ്യോഗികമായും നിയമപരമായും തന്നെ അറിയപ്പെടുന്ന ഈ പിച്ചക്കാശു വിതരണം, കോര്‍പ്പറേറ്റുകളുടെ ചൂഷണങ്ങളെയും കൊള്ളകളെയും ക്രൂരതകളെയും മറച്ചുവെക്കാനും, അവരുടെ സാമൂഹിക സമ്മതി വര്‍ദ്ധിപ്പിക്കാനും അവരുടെ ബ്രാന്‍ഡിംഗ് ശക്തിപ്പെടുത്താനും സഹായകമാകുന്നു. അവബോധ മാനേജ്മെന്റ് (പെര്‍സെപ്ഷന്‍ മാനേജ്മെന്റ്) എന്നാണ് ഈ പ്രക്രിയയെ അരുന്ധതി റോയ് വിളിക്കുന്നത്. സര്‍ക്കാരിതര സംഘടനകള്‍ (എന്‍ ജി ഒ കള്‍), ചലച്ചിത്രസാഹിത്യ മേളകള്‍, സര്‍വകലാശാലകള്‍ എന്നിവക്കും കോര്‍പ്പറേറ്റുകള്‍ വന്‍ സഹായങ്ങള്‍ കൊടുത്തു വരുന്നത് ഈ കാര്യത്തിനു തന്നെയാണ്. കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി ടാറ്റ ഇത് ചെയ്തു വരുന്നുണ്ടെന്നും മറ്റു കോര്‍പ്പറേറ്റുകള്‍ അടുത്ത കാലത്തായി അവരെ അനുകരിച്ചു തുടങ്ങിയിരിക്കുകയാണെന്നും അരുന്ധതി പറയുന്നു. അസമത്വത്തെ വര്‍ദ്ധിപ്പിക്കുന്ന നവ ഉദാരവത്ക്കരണ നയങ്ങള്‍ക്കെതിരായ വാദങ്ങളെ തകര്‍ക്കുകയും തമസ്കരിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുക എന്നതാണ് ഈ ഫണ്ടിംഗിന്റെ പ്രധാന ലക്ഷ്യം. ഗ്യാസുകുറ്റിയുടെ വില നൂറു രൂപയില്‍ നിന്ന് ആയിരത്തി ഇരുനൂറു രൂപയാക്കിയതടക്കം, നിത്യോപയോഗ സാധനങ്ങളുടെ മുഴുവന്‍ വിലയും പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്തിട്ടും അക്കാര്യങ്ങള്‍ പരിശോധിക്കുന്നതിനു പകരം വിധിയും ശിക്ഷയും വന്നു കഴിഞ്ഞ ഒരു കൊലക്കേസിലും മറ്റും ചുറ്റിത്തിരിയുന്ന മലയാള മാധ്യമങ്ങളുടെയും നിലപാടുകള്‍ക്കു പിന്നില്‍ ഇതേ മനോഭാവം തന്നെയാണുള്ളത് എന്ന് സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ബോധ്യപ്പെടും.
പതുക്കെ പതുക്കെ, പുതിയ തലമുറ നിര്‍ബന്ധമായും കടന്നു പോകേണ്ട വിദ്യാഭ്യാസ പ്രക്രിയ മുഴുവനായും കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ അധീനതയിലാക്കിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. ഏതാനും വര്‍ഷം മുന്‍പ് കോര്‍പ്പറേറ്റുകളുടെ ഏജന്റ് എന്ന നിലക്ക് രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെടുകയും കുതിച്ചുയരുകയും ചെയ്ത തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡു, മാനവിക വിഷയങ്ങളും സാഹിത്യവും സംസ്ക്കാരവും മറ്റും പഠിക്കുന്നത് വേസ്റ്റാണെന്നും എല്ലാവരും ടെക്നോളജി പഠിച്ചാല്‍ മതിയെന്നും കല്‍പ്പിക്കുകയുണ്ടായി. അദ്ദേഹം പിന്നെ രാഷ്ട്രീയത്തിലെ വേസ്റ്റായി മാറി എന്നത് മറ്റൊരു കഥ. ഇതിന്റെ തുടര്‍ച്ചയായി രാജ്യത്തെന്പാടും എഞ്ചിനീയറിംഗ് കോളജുകളും എം ബി എ ഇന്‍സ്റ്റിറ്റ്യൂട്ടുകളും കൂണു പോലെ മുളച്ചു പൊന്തി. ഇപ്പോള്‍ ഇത്തരം എഞ്ചിനീയറിംഗ് കോളജുകളും അവയെ നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള എ ഐ സി ടി ഇയും വന്‍ കുഴപ്പത്തിലേക്കാണ് സ്വയവും വിദ്യാര്‍ത്ഥികളെയും അവരിലൂടെ രാഷ്ട്രത്തെയും നയിക്കുന്നതെന്ന് യു ജി സി തന്നെ കണ്ടെത്തിയിരിക്കുന്നു. ഇതിനെ തുടര്‍ന്ന് യു ജി സി രാജ്യത്തെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളുടെയും നിയന്ത്രണം അടിയന്തിരമായി ഏറ്റെടുത്തു എന്നു മാത്രമല്ല, വരുന്ന അധ്യായന വര്‍ഷത്തില്‍ പുതിയ കോളജുകളോ കോഴ്സുകളോ അനുവദിക്കാന്‍ പാടില്ല എന്നുത്തരവിടുകയും ചെയ്തിരിക്കുന്നു. ചരിത്ര ബോധവും മാനുഷികമൂല്യങ്ങളും ഭാവിയെക്കുറിച്ചുള്ള വിഭാവനങ്ങളും നഷ്ടമായവരും ലാഭക്കൊതി മൂത്തവരുമായ ഏതാനും നേതൃസ്ഥാനീയര്‍ രാഷ്ട്രത്തെ കുട്ടിച്ചോറാക്കിയതെങ്ങനെ എന്നതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണീ സംഭവം.
രാഷ്ട്രത്തിന്റെ സാമൂഹ്യ ഭാവനയെ തന്നെ കോര്‍പ്പറേറ്റുകളാണ് നിയന്ത്രിക്കുന്നത്. മുഖ്യ വിനോദ വ്യവസായങ്ങളോ പൊതു വ്യവഹാര മേഖലകളോ ആയ സിനിമ, സംഗീതം, സാഹിത്യം, ടെലിവിഷന്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍, സ്പോര്‍ട്സ്, സ്മാര്‍ട് ഫോണ്‍ ആപ്പുകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്നിവയൊക്കെയും ഇന്ന് കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലാണെന്നു കാണാം. സര്‍ക്കാര്‍ ഏതാണ്ട് മുഴുവനായും പിന്‍വലിഞ്ഞു കഴിഞ്ഞിരിക്കുന്നു. ആവശ്യമുള്ളപ്പോള്‍ യുദ്ധവും സ്ഫോടനങ്ങളും ഭരണകൂട/ഭരണകൂടേതര ഭീകരതയും ഭീകരതാവിരുദ്ധ പടയോട്ടങ്ങളും നടത്താനുള്ള ഒരു പേടിപ്പിക്കല്/പിടികൂടല്‍/തടവിലിടല്‍/കൊലപ്പെടുത്തല്‍ സംവിധാനം മാത്രമായി സര്‍ക്കാര്‍ പരിമിതപ്പെടുകയോ അധപതിക്കുകയോ ചെയ്തിരിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നിന്ന് ഏതാണ്ട് പൂര്‍ണമായി തന്നെ സര്‍ക്കാരുകള്‍ പിന്‍വാങ്ങിക്കഴിഞ്ഞു. അഥവാ പ്രവര്‍ത്തിക്കുകയാണെങ്കില്‍ തന്നെ സര്‍ക്കാര്‍ നിര്‍മിത സര്‍ക്കാരിതര സംഘടന (ഗവണ്മെന്റ് സ്പോണ്‍സേര്‍ഡ് എന്‍ ജി ഒ)കളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണാം. സര്‍വ ശിക്ഷാ അഭിയാന്(എസ് എസ് എ), ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്(എന്‍ ആര് എച്ച് എം) എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. സര്‍ക്കാര്‍ ഈ മേഖലകളില്‍ നിന്ന് പിന്‍വാങ്ങിയതിനെ തുടര്‍ന്ന്, പ്രധാന കുത്തകകളായ കോര്‍പ്പറേറ്റുകള്‍ ഈ രംഗത്തേക്ക് അവര്‍ പടച്ചുണ്ടാക്കുന്ന എന്‍ ജി ഒ കള്‍ മുഖാന്തിരം കടന്നു കയറിയിരിക്കുകയാണ്. സാമ്രാജ്യത്വ ഭരണ കാലത്ത്, ക്രിസ്തു മതപ്രചാരകര്‍ ചെയ്തിരുന്നതിന് സമാനമായ പ്രവൃത്തികളാണ് നവ ലിബറല്‍ കാലത്ത് കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിതമായ എന്‍ ജി ഒകള്‍ ചെയ്യുന്നത്. കോര്‍പ്പറേറ്റ് മൂലധനത്തിന് ഒഴുകാനും പരക്കാനും വെട്ടിപ്പിടിക്കാനും ഉതകുന്ന തരത്തിലുള്ള ഒരു സ്വതന്ത്ര കന്പോളമായി രാഷ്ട്രത്തെയും ലോകത്തെയും മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
മര്‍ദിതരായ മനുഷ്യരെ വിഭജിച്ച് നിര്‍ത്തുക എന്നത് സാമ്രാജ്യത്വത്തിന്റെയെന്നതു പോലെ, കോര്‍പ്പറേറ്റിസത്തിന്റെയും പ്രധാന കളികളിലൊന്നാണ്. പതിനായിരക്കണക്കിന് ഭാഷകളും സംസ്ക്കാരങ്ങളും നിറഞ്ഞു കവിയുന്ന ഇന്ത്യയില്‍ സങ്കീര്‍ണമായ ഈ കളി എളുപ്പമാണെന്നതാണ് ശ്രദ്ധേയം. ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും എണ്‍പത് കോടി ഇന്ത്യക്കാര്‍ ദൈനംദിന ജീവിതച്ചിലവുകള്‍ക്കായി അലയുകയും ചെയ്യുന്നതിനിടെ, ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന മുദ്രാവാക്യവുമുയര്‍ത്തി കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിച്ച അണ്ണാഹസാരെ അടക്കമുള്ളവര്‍ ഇത്തരം മുഖംമൂടി ധാര്‍മികതയുടെ അവതാരങ്ങളാണെന്ന് അരുന്ധതി റോയ് കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയില്‍ പട്ടിണി വര്‍ദ്ധിക്കുകയും സാന്പത്തിക വളര്‍ച്ച പരിതാപകരമാം വിധം താഴുകയും ചെയ്തതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനായി രാഷ്ട്രീയ അഴിമതി എന്ന ജനപ്രിയ വിഷയത്തിലേക്ക് മുഴുവനാളുകളെയും ആനയിക്കുകയായിരുന്നു അണ്ണാഹസാരെ. കോര്‍പ്പറേറ്റുകളാണ് ഈ കളിക്കു പിന്നില്‍. സത്യത്തില്‍, അഴിമതി വര്‍ദ്ധിച്ചതിനും ആകാശവും ഭൂമിയും നദികളും ധാതുക്കളും പാതാളവും മനുഷ്യവിഭവങ്ങളും അടക്കം രാഷ്ട്രത്തിന്റെ മുഴുവന്‍ വിഭവങ്ങളും ലേലം ചെയ്ത്, തുഛവിലക്ക് വിറ്റഴിച്ചതിനും പിന്നില്‍ കോര്‍പ്പറേറ്റുകളും അവരുടെ താല്പര്യങ്ങളുമാണെന്നിരിക്കെ, ഇതിനെക്കുറിച്ച് പറയാതെ രാഷ്ട്രീയ അഴിമതി എന്ന ഒറ്റ പ്രശ്നത്തിലേക്ക് ആളുകളെ കുടുക്കിയിട്ടതിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ല. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ആദ്യമായാണ് ഒരു സമരത്തിന് ഇരുപത്തിനാല് മണിക്കൂര്‍ കവറേജ് നല്‍കിയത് എന്നതില്‍ നിന്നു തന്നെ അവരുടെ നിക്ഷിപ്ത താല്പര്യങ്ങള് വ്യക്തമാണല്ലോ. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തില്‍ നിന്ന് വ്യത്യസ്തമായി, സ്വകാര്യവത്ക്കരണത്തിനും സാന്പത്തിക പരിഷ്ക്കരണത്തിന്മേല് കോര്‍പ്പറേറ്റുകള്‍ക്കുള്ള നിയന്ത്രണത്തിനുമെതിരെ ഒറ്റ അക്ഷരം പോലും ദില്ലി സമരക്കാര്‍ പറയുകയുണ്ടായില്ലെന്ന് അരുന്ധതി റോയ് നിരീക്ഷിക്കുന്നു.
എന്നാല്‍, കൊള്ളയും ചൂഷണവും മര്‍ദനങ്ങളും തടവുകളും അഴിമതിയും നുണകളും നിറഞ്ഞ ഈ കോര്പ്പറേറ്റ്ഇന്ത്യക്കെതിരായ ഒരു പ്രതിരോധ സമരം തീര്‍ച്ചയായും വരും നാളുകളില്‍ ഉയര്‍ന്നു വരിക തന്നെ ചെയ്യുമെന്ന കാര്യവും അവര്‍ കാണാതിരിക്കുന്നില്ല. ഇത്തരമൊരു വന്‍ പ്രതിരോധത്തെ തകര്‍ത്തില്ലാതാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞേക്കില്ല എന്നും കോര്‍പ്പറേറ്റുകള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ നരേന്ദ്രമോഡിയെ പിന്തുണക്കുന്നത്. പ്രശ്നം സൃഷ്ടിക്കുന്നവര്‍ എന്ന് മര്‍ദക ഭരണകൂടം കണ്ടെത്തുകയും തീരുമാനിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ സൈന്യത്തെ അഴിച്ചുവിടാനുള്ള തീരുമാനം മോഡിക്കല്ലാതെ ആര്‍ക്കാണ് എടുക്കാന്‍ കഴിയുക എന്ന ചോദ്യമാണ് കോര്‍പ്പറേറ്റുകള്‍ സ്വയം ഉയര്‍ത്തുന്നത്. ഖനനത്തിന്റെയും പശ്ചാത്തല മേഖലാ വികസനത്തിന്റെയും പേരില്‍ ഇന്ത്യയിലെന്പാടും നടന്നു വരുന്ന കോര്പ്പറേറ്റ്വത്ക്കരണത്തോടുള്ള അതിദരിദ്രരുടെയും ആദിവാസികളുടെയും മറ്റും പ്രതിരോധം വര്‍ദ്ധിച്ചുവരികയാണ്. അത്തരം പ്രതിരോധം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന ഛത്തീസ്ഗഢിലേക്കും ഒഡീഷയിലേക്കും സൈന്യത്തെ അയക്കാത്ത പാവം മന്‍മോഹന്‍സിംഗിനു പകരം, മോഡിയെ അവരോധിക്കാന്‍ സ്വദേശവിദേശ കോര്‍പ്പറേറ്റുകള്‍ തയ്യാറായിക്കഴിഞ്ഞു. ഒരാളെ കൊന്നതിന്റെയോ ഒരു പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചതിന്റെയോ പേരില്‍ മാസങ്ങളും വര്‍ഷങ്ങളും, കുറ്റമാരോപിക്കപ്പെട്ടവര്‍ ജയിലില്‍ കിടക്കുന്ന അതേ ഇന്ത്യയില്‍ ആയിരക്കണക്കിനാളുകളെ കൂട്ടക്കൊലയും ബലാത്സംഗവും ചെയ്തതിന് ആരും ശിക്ഷിക്കപ്പെടാറില്ല. 1984ലെ സിക്ക് കൂട്ടക്കൊലയും 2002ലെ ഗുജറാത്ത് വംശഹത്യയും ഇതിന്റെ ഉദാഹരണങ്ങളാണ്.
ഇന്ത്യന്‍ മാധ്യമങ്ങള്‍ പരസ്പരം ലയിച്ച് കുത്തകകളായി തീര്‍ന്നതിനെ തുടര്‍ന്ന്, സമൂഹത്തിനു മേല്‍ കോര്‍പ്പറേറ്റുകള്‍ പിടിമുറുക്കിയ യാഥാര്‍ത്ഥ്യം തുറന്നു പറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കാതെ പോകുകയാണ് ചെയ്യുന്നത്. ഈ അവസരത്തില്‍ ഇന്ത്യന്‍ ജനാധിപത്യവും സ്വാതന്ത്ര്യത്തിന്റെ നിലനില്പും ആശ്രയിക്കാന്‍ പോകുന്നത് കോബ്ര പോസ്റ്റ് പോലുള്ള ഒളിക്യാമറാ ചോര്ത്തലുകളെയാണെന്നു വന്നിരിക്കുന്നു. ഈയടുത്ത ദിവസമാണ് 1992ലെ ബാബരി മസ്ജിദ് തല്ലിപ്പൊളിച്ചത് കോണ്‍ഗ്രസിനും സംഘപരിവാറിനും പങ്കുള്ള ഗൂഢാലോചനയിലൂടെയായിരുന്നു എന്ന യാഥാര്‍ത്ഥ്യം കോബ്ര പോസ്റ്റ് പുറത്തുകൊണ്ടുവന്നത്. 24 വീഡിയോകളുടെ ഒരു സീരിയല്‍ തന്നെ ഇക്കാര്യത്തിന്റെ തെളിവുകളായി ഈ പോര്‍ട്ടല്‍ പുറത്തു വിട്ടിട്ടുണ്ട്. ഓപ്പറേഷന് ജന്മഭൂമി എന്നു പേരിട്ടിരിക്കുന്ന ഈ വെളിപ്പെടുത്തലുകള്‍ എഡിറ്റു ചെയ്തിരിക്കുന്നത് കോബ്ര പോസ്റ്റിന്റെ അസോസിയേറ്റ് എഡിറ്റര്‍ കെ ആഷിഷ് ആണ്. സച്ചിദാനന്ദ് സാക്ഷി മഹാരാജ്, ഉമാഭാരതി, ധര്‍മേന്ദ്ര സിംഗ് ഗുജ്റാര്‍, രമേഷ് പ്രതാപ് സിംഗ്, സന്തോഷ് ദുബെ, മഹന്ത് രാം വിലാസ് വേദാന്തി, ആചാര്യ ധര്‍മേന്ദ്ര ദേവ്, വിനയ് കത്യാര്‍, സാധ്വി റിത്വാംബര, കല്യാണ്‍ സിംഗ് എന്നിങ്ങനെ സംഘപരിവാറിന്റെയും ശിവസേനയുടെയും പ്രമുഖ നേതാക്കളുടെ സംഭാഷണങ്ങളാണ് കോബ്ര പോസ്റ്റ് പിടിച്ചെടുത്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇവിടെ വിവരിക്കുന്നില്ല. 1992ലേതു മാത്രമല്ല, 1943ലും ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിക്കുക വഴി വിവാദവും വര്‍ഗീയ വിഭജനവും ലക്ഷ്യമിടുകയും ഒരു പരിധി വരെ സാധ്യമാക്കുകയും ചെയ്തിരുന്നുവെന്നതും കോബ്ര പോസ്റ്റ് തുറന്നു കാട്ടുന്നു. ഗൗതം അദാനി എന്ന പുതിയ കോര്‍പ്പറേറ്റ് മുതലാളി നരേന്ദ്ര മോഡിയുടെ സഹായത്തോടെ വളര്‍ന്നു വലുതായതിന്റെ വിവരങ്ങളും പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്.
ഏറ്റവും കൗതുകകരമായ കാര്യം ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും ഗോസിപ്പുകളും ഇക്കിളിവാര്‍ത്തകളും കൊണ്ട് പത്രസ്ഥലങ്ങളും ചാനല്‍ സമയങ്ങളും നിറക്കാനും ആണ് മാധ്യമങ്ങള്‍ സ്വതേ തങ്ങളെ തന്നെ മാറ്റിയെടുത്തിരിക്കുന്നത് എന്നാണ്. മോഡി വെറുപ്പിന്റെ ഉസ്താദാണെന്ന് രണ്ടു വര്‍ഷം മുന്‍പു വരെ അഭിപ്രായപ്പെട്ടിരുന്ന എം ജെ അക്ബര്‍, ബി ജെ പിയുടെ ദേശീയ വക്താവായിത്തീരുന്നതും ഗുജറാത്തിലെ വര്ഗീയാധിനിവേശം പുറത്തു കൊണ്ടു വരുന്നതില്‍ പ്രധാന പങ്കു വഹിച്ചിരുന്ന ഔട്ട് ലുക്ക് വാരികയുടെ എഡിറ്റര്‍ വിനോദ് മേത്ത മോഡിക്കൊരു അവസരം കൊടുക്കുന്നതില്‍ തെറ്റില്ലെന്നു അഭിപ്രായം പരിഷ്ക്കരിക്കുന്നതും സിദ്ധാര്‍ത്ഥ് വരദരാജനെ മാറ്റിയതിനു ശേഷം സ്ഥിരമായി മോഡിയുടെ ഫോട്ടോ ദ ഹിന്ദുവിന്റെ മുന്‍പേജില്‍ പ്രസിദ്ധപ്പെടുത്തി വന്നതും മറ്റും ഇന്ത്യയിലെ ലിബറല്‍ മാധ്യമരംഗത്തിന്റെ അപചയത്തിന്റെയും ഫാസിസത്തോട് വിധേയപ്പെടുകയോ ഒതുങ്ങുകയോ ചെയ്യുന്നതിന്റെയും ലക്ഷണങ്ങളായെടുക്കാം.
കെ ഇ എന്‍ അഭിപ്രായപ്പെട്ടതു പോലെ, മോഡിയുടെ ഭരണം വന്നെന്നിരിക്കാം, വന്നിട്ട് ഒഴിഞ്ഞു പോയെന്നിരിക്കാം, അതുമല്ല വന്നില്ലെന്നു തന്നെയിരിക്കാം. എന്നാല്‍ മോഡിയുടെ അദൃശ്യഭരണം ഇന്ത്യയില്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യത്തെ നാം എപ്രകാരമാണ് അഭിമുഖീകരിക്കാന്‍ പോകുന്നത് എന്നതാണ് നിര്‍ണായകമായ വെല്ലുവിളി.
You must be logged in to post a comment Login