കണ്ണീര്‍വാര്‍ക്കുന്ന നീലമേഘങ്ങള്‍

കണ്ണീര്‍വാര്‍ക്കുന്ന  നീലമേഘങ്ങള്‍

പള്ളിയില്‍ ഓതിയകാലം ഓര്‍ത്തുനോക്കുന്പോള്‍ രണ്ടുയുഗങ്ങളായി തോന്നിപ്പിക്കുന്ന രണ്ടാണ്ടുകള്‍ സ്മൃതിയറകളില്‍ നീണ്ടു നിവര്‍ന്നുകിടപ്പുണ്ട്. വീടുവിടല്‍ എത്രമാത്രം കടഞ്ഞിറങ്ങുന്ന സഞ്ചാരപ്പെടലാണെന്ന് ഞാനാദ്യമറിയുന്നത് അക്കാലത്താണ്.

ചിന്നിച്ചിതറിപ്പോയ അനുഭവങ്ങളെ നുള്ളിപ്പെറുക്കി അടുക്കും ചിട്ടയുമൊപ്പിച്ച് വാക്കുകളില്‍ കോര്‍ത്തെടുക്കുക എളുപ്പമല്ലെങ്കിലും മറവിയുടെ മറവീഴാന്‍ അനുവദിക്കാതെ മനക്കൂടിനകം പാത്തുവെക്കുന്ന ചില സ്വകാര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും.

ഫത്ഹുല്‍മുഈന്‍ ഓതിത്തന്ന ഉസ്താദിന്‍റെ സമീപനങ്ങള്‍ ഏറെ കൗതുകകരമായിരുന്നു. അറിവാഴങ്ങളാല്‍ ഓരോ വരിയും വിസ്മയങ്ങളായ ആ ശ്രേഷ്ഠഗ്രന്ഥത്തിന്‍റെ ആദ്യഭാഗമായ ആരാധനാമുറകളുടെ കതക് പതിയെത്തുറന്ന് എത്തിപ്പാളിനോക്കി കണ്ണുതള്ളിപ്പോയതല്ലാതെ അദബോടെയിരുന്ന് ഓതിത്തീര്‍ക്കാനുള്ള തൗഫീഖ് എനിക്കുണ്ടായില്ല. തലമുറകള്‍ക്ക് ചൊല്ലിക്കൊടുത്തതിന്‍റെ ഉള്ളുണര്‍വ്വില്‍ തെളിഞ്ഞ് ഉസ്താദ് പകരുന്ന ജ്ഞാനപ്പൊരുളുകളുടെ കനലുകളിലെരിഞ്ഞ് നൊന്തും വെന്തും കൂടെപ്പഠിച്ചവരെല്ലാം വലിയ മുദരിസുമാരായി മാറി. ഇന്നവര്‍ മുതഅല്ലിമീങ്ങള്‍ക്ക് വെളിച്ചം കാട്ടുന്പോള്‍ അവരെല്ലാം എന്‍റെ കൂട്ടുകാരാണെന്ന് ഞെളിഞ്ഞു ഊറ്റംകൊണ്ടു ഞാന്‍ സമാധാനപ്പെടുന്നു.

സ്ഥലപ്പേരുകളിലാണ് സഹപാഠികളെല്ലാം പരസ്പരം വിളിക്കപ്പെട്ടിരുന്നത്. സഭാകന്പം ഒഴിവായിക്കിട്ടാനും വട്ടച്ചെലവിനുള്ള വക ഒപ്പിച്ചെടുക്കാനും കണ്ടെത്തിയിരുന്ന പോംവഴി തൊട്ടടുത്ത മഹല്ലുകളില്‍ ജുമുഅക്ക് ശേഷം വഅ്ള് പറച്ചിലുകളായിരുന്നു. ഈ കലാപരിപാടിയില്‍ മിന്നിനിന്നത് ഞങ്ങളുടെ കൂട്ടുകാരന്‍ ഒളവണ്ണയായിരുന്നു. അതിന്‍റെ ഗമയില്‍ ഒളവണ്ണയുടെ സംസാരഭാഷ പോലും ഒരുതരം സാഹിത്യമട്ടിലായിരുന്നു. ഇമ്മാരം, ഒപ്പരം തുടങ്ങിയ ചേലുള്ള ചില തനിനാടന്‍ പ്രയോഗങ്ങളും അവനന്ന് സംഭാവന ചെയ്തത് ഓര്‍മയിലുണ്ട്.

അങ്ങനെയിരിക്കെ എല്ലാവരെയും അത്ഭുതത്തിലാഴ്ത്തി ആ സംഭവമുണ്ടായി. അന്ന് സബ്ക്കിനിടെ വായിച്ച് അര്‍ത്ഥംവെക്കുന്നത് ഒളവണ്ണയായിരുന്നു. ഉസ്താദ് പറഞ്ഞുതന്നത് വള്ളിപുള്ളി വിടാതെ തിരിച്ചുച്ചരിക്കണം. അവനിത്തിരി നന്നാക്കാന്‍ നോക്കിയത് വലിയ പൊല്ലാപ്പായി. “ലാ ബുദ്ദക്ക് “അത്യാവശ്യമാണ് എന്ന് അര്‍ത്ഥം പറഞ്ഞു. “കൂടാതെ കഴിയില്ല എന്നായിരുന്നു ഉസ്താദിന്‍റെ വിവരണം. പക്ഷേ, ഉസ്താദിന്ന് അവന്‍റെ സാഹിത്യം ആ പദത്തിന് ചേര്‍ന്നതായിരുന്നില്ല. കൂടാതെകഴിയാത്തതാണോ അത്യാവശ്യം? എനിക്കിപ്പോഴും തിട്ടമില്ല. മാത്രവുമല്ല എന്തിനാണ് ആ സാധുവിനന്ന് അങ്ങനെ മൊഴിയാന്‍ തോന്നലുണ്ടായത്?!

കൈവിരലുകള്‍ കവണയാക്കി മൂക്കിന് പിടിച്ചു വലിക്കുകയാണ് ഉസ്താദിന്‍റെ പതിവു ശിക്ഷാനടപടിയെങ്കിലും ഒളവണ്ണയുടെ നടുംപുറത്ത് അന്ന് നാലഞ്ച് പെടയാണ് പൊട്ടിയത്. ഞാനും ആലപ്പുഴയും അന്തിച്ചു നിന്നു. അന്ന് കൂട്ടുകാരുടെ വ്യസനംതൂകിയ പുഞ്ചിരിമുഖം ഇപ്പോഴുമെന്‍റെ കണ്ണിലുണ്ട്.

ഉസ്താദുമാരുടെ ചുട്ട അടിയേറ്റ് പൊള്ളിത്തിണര്‍ത്ത സ്ഥലം നരകാഗ്നി തൊടില്ലെന്ന് കുട്ടിക്കാലം തൊട്ടേ പറഞ്ഞുകേട്ടിട്ടുണ്ട്. ജന്നത്തിലെ പരിമളമേല്‍ക്കാന്‍ പറ്റുംവിധം ഞങ്ങളുടെ മൂക്കുകളെ പരുവപ്പെടുത്തിയ വന്ദ്യഗുരുവിന്‍റെ വിറവിരലുകളോട് ഇടനെഞ്ചുനിറഞ്ഞ കൃതാര്‍ത്ഥത.

ഖലീല്‍
ഇന്ത്യനൂര്‍

You must be logged in to post a comment Login