താനൂര്‍ ശൈഖ് മഖാം ദര്‍സില്‍ പഠിക്കുന്ന കാലം.
പഴമയുടെ ശില്‍പഭംഗി വിളിച്ചോതുന്ന ഓടുമേഞ്ഞ രണ്ടുനില വീട്ടിലാണ് രാത്രി ഭക്ഷണം. മൂന്നു നാല് കുടുംബങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന ആ വീട്ടിലേക്ക് ആദ്യമായി കയറിയപ്പോള്‍ തന്നെ വല്ലാത്ത കുളിര്. തടിയില്‍ തീര്‍ത്ത ശില്‍പമനോഹാരിത ഒന്ന് കാണേണ്ടത് തന്നെ! വാര്‍ദ്ധക്യത്തിലും സ്നേഹം തുളുന്പി നില്‍ക്കുന്ന കുഞ്ഞുട്ടിക്കയാണ് കുടുംബനാഥന്‍.
ആഴ്ചകളായി താനൂരിലെത്തിയിട്ട്. അന്നും ഞാന്‍ നേരത്തെ രാത്രി ഭക്ഷണത്തിന് വീട്ടിലെത്തി. പൊരിച്ച മീനിന്‍റെ കരിഞ്ഞ വാലിന്‍റെ രുചിയോര്‍ത്ത് ബെല്ലില്‍ കയ്യമര്‍ത്തിയപ്പോഴാണ് കറന്‍റില്ല എന്നറിയുന്നത്. സാധാരണ ബെല്ലടിച്ച് കയറിയിരിക്കാറാണ് പതിവ്. ഞാന്‍ വന്നെന്നറിയിക്കാന്‍ അടച്ചിട്ട വാതിലില്‍ പലവുരു മുട്ടി. ഉള്ളില്‍ നിന്ന് സ്ത്രീശബ്ദം കേട്ടപ്പോള്‍ എന്‍റെ സാമീപ്യം മനസ്സിലാക്കി എന്ന് കരുതി ഞാന്‍ പൂമുഖത്ത് കയറിയിരുന്നു. അല്‍പം കഴിഞ്ഞ് ഒന്നു മുരടനക്കുകയും കസേര ശക്തമായി വലിക്കുകയും ചെയ്തു. ഭക്ഷണം വിളന്പിവച്ച് വിളിക്കുന്നതും കാത്ത് ഞാന്‍ ഇരിപ്പ് തുടര്‍ന്നു.
പെട്ടെന്ന് അകത്തുനിന്ന് സ്ത്രീകളുടെ ആര്‍പ്പുവിളി… അട്ടഹാസം.. നിലവിളി…! ഞാന്‍ ആകെ അന്പരന്നു. റബ്ബേ… വല്ല അത്യാഹിതവും?
ഹൃദയമിടിപ്പ് ദ്രുതഗതിയിലായി. സാധാരണ ഞാന്‍ വന്നെന്നറിഞ്ഞാല്‍ അകത്തെ വാതില്‍ തുറക്കാറുണ്ട്. ഇന്ന് തുറന്നിട്ടില്ല. അപ്പോള്‍ വന്നതറിഞ്ഞിട്ടില്ലേ? ഞാന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. അപ്പോള്‍ കരച്ചിലും നിലവിളിയും പൂര്‍വ്വാധികം വര്‍ദ്ധിച്ചു. രണ്ടും കല്‍പിച്ച് ഞാന്‍ പറഞ്ഞു ഇത് ഞാനാ, നിങ്ങളുടെ മോല്യാരുട്ടി.
പറയേണ്ട താമസം വാതില്‍ മലര്‍ക്കെ തുറന്നു. ഉമ്മമാര്‍ വെട്ടുകത്തിയും വടിയുമായി അടുത്തു വന്നു പറഞ്ഞു തുടങ്ങി പേടിക്കണ്ട… ഞങ്ങള്‍ ബിചാര്ച്ച് കള്ളനാണെന്ന്. ഇവിടെ ഇന്ന് ആണുങ്ങളാരുമില്ല. അയല്‍പക്കങ്ങളിലൊക്കെ കള്ളന്‍ കയറീന്നും പലതും കട്ടൂന്നും രണ്ട് മൂന്നീസായി കേക്ക്ണ്. ഞങ്ങക്ക് പേട്യോണ്ട് ഇങ്ങള് ബരാന്ണ്ട്ന്ന്ള്ള ഓര്‍മ്മീല്ല. വാതിലനക്കം കേട്ടപ്പോള്‍ വടിയും കത്തിയുമായി നില്‍ക്കാര്‍ന്ന്. കയറിയാല്‍ വെട്ടാന്‍. തല്ലാന്‍. കുട്ട്യോളാരും ഇന്നൊറങ്ങീട്ടില്ല. കള്ളനെ പേടിച്ചിട്ട്. ഇങ്ങക്ക് ബിശമായോ? അതാണ്ട് പൊരുത്തപ്പെട്ടാളീ.
ഉമ്മമാര്‍ അതും പറഞ്ഞു ചിരിച്ചു. ഞാനും അതില്‍ പങ്കുകൊണ്ടു. ഒപ്പം അസമയത്ത് ഞാന്‍ വാതില്‍ തള്ളിത്തുറന്നാല്‍ സംഭവിക്കുമായിരുന്നത് ചിന്തിച്ചു പോയി.
സ്വലാഹുദ്ദീന്‍ അയ്യൂബി
You must be logged in to post a comment Login