രണ്ട് മുന്‍പല്ലുകളുടെ അടയാളം ആ തളിരിളം കൈത്തണ്ടയില്‍ കുഴിഞ്ഞുകിടക്കുന്നു. ചോര ഉറഞ്ഞു പൊട്ടുന്നു. കൈത്തണ്ട അമര്‍ത്തിപ്പൊത്തി, എന്റെ മോള് കരഞ്ഞു കൊണ്ട് ഓടി വന്ന് എന്റെ നെഞ്ചിലൊട്ടി നിന്നു. ഈ രണ്ടര വയസ്സിനിടക്ക് അവള് ഇത്രക്ക് സങ്കടപ്പെട്ട് കരയുന്നത് ഞാന്‍ കണ്ടിട്ടേയില്ല. എന്റെ കരള്‍ നുറുങ്ങിപ്പോയി, വിങ്ങിപ്പൊട്ടിയുള്ള ആ കരച്ചിലു കണ്ടിട്ട്.
ഇന്നലെ ചെറിയ മോന്റെ കണ്ണില്‍ പേന കൊണ്ടുള്ള കുത്തേല്‍ക്കേണ്ടതായിരുന്നു. അല്ലാഹുവിന്റെ കാവലൊന്നുകൊണ്ട് മാത്രം ഒരു മൈക്രോ പോയിന്റ് വ്യത്യാസത്തിന് രക്ഷപ്പെട്ടു.
ഭാര്യ, മൂന്നാലു ദിവസമായി പിരിപിരിയാകാന് തുടങ്ങിയിട്ട്.
വിളിച്ച് മേക്കിട്ടതല്ലേ, അനുഭവിക്ക്! എന്നാണവളുടെ ഭാവം. അപ്പോള്‍ എനിക്കു തന്നെയും നിശിതമായ ഇഷ്ടക്കേട് തോന്നിത്തുടങ്ങിയിരിക്കുന്നു. എന്തിനാണല്ലാഹ്, ഞാനീ വയ്യാവേലിക്ക് നിന്നുപോയത്, ഞാനിനി എന്താണു ചെയ്യേണ്ടത് റബ്ബുല്ആലമീനേ എന്ന പ്രാര്‍ത്ഥനാ വിലാപങ്ങളില്‍ തിളയ്ക്കുകയാണ് എന്നുള്ളം.
ഇന്നേക്ക് കൃത്യം മൂന്ന് ദിവസമായിട്ടുള്ളുവെങ്കിലും ഒരു പതിമൂന്ന് ദിവസത്തിന്റെ ദൈര്‍ഘ്യം തോന്നുന്നു.
ആളിങ്ങനെയൊന്നുമായിരുന്നില്ല. എക്സ്ട്രാ ഡീസന്റ്. വളരെ നീറ്റ് ആന്റ് ക്ലീന്‍. ഡിഗ്രി വരെ ഞങ്ങളൊന്നിച്ചാണ് പഠിച്ചത്. ശേഷം അവന് ജോലിക്കോഴ്സിന്റെ മൂരിക്കൊന്പില് മുറുക്കിപ്പിടിച്ചു ജോലിയും കിട്ടി. ഇപ്പോള്‍ രത്നഗിരിയില്‍ സ്കൈ ഐ കണ്‍സ്ട്രക്ഷന്‍ കന്പനിയില്‍ സേഫ്റ്റി ഓഫീസറാണ് പുള്ളി.
പഠിക്കും കാലം അങ്ങേയറ്റം നീറ്റായിരുന്നു ഇവന്. എങ്ങനെ ഇത്രക്ക് കഞ്ചൂസായി മാറി എന്നത് എനിക്ക് എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല. അനസിന് ഹെര്‍ണിയ വന്ന് ചുങ്കം റെഡ്ക്രസന്റ് ഹോസ്പിറ്റലില്‍ ഓപ്പറേഷന് ചെയ്ത് കിടക്കുന്പോള് ഇവന് കാണാന്‍ വന്നിരുന്നു. എടുത്താല്‍ പൊന്താത്ത ഒരു കെട്ടുമായി. അതില്‍, ആപ്പിള്‍, മുന്തിരി, ഓറഞ്ച്, മുസന്പി സകലതും പിടിപ്പത് വാങ്ങി നിറച്ച് മുക്കിപ്പേറിയാണ് അവന് വന്നത്.
രണ്ടാണ്‍കുട്ടികളാണ് അവനുള്ളത്. വയസ്സ് നാലേകാലും, മൂന്നും. ഒന്ന് കുപ്പിച്ചില്ല്!, മറ്റേത്, നായ്ക്കുരണ!!. അതിന്റെ കളികണ്ടാല്‍, ഉണ്ടാവേണ്ട എന്ന് കരുതിയ സമയത്ത് വശാല്‍ ഉണ്ടായിപ്പോയതാണെന്ന് ആര്‍ക്കും തോന്നിപ്പോകും. അത്രയ്ക്കും പൊട്ടിത്തെറിയാണ്. എന്റെ വീട്ടിന്റെ ഇടത്തും വലത്തുമായി രണ്ട് തോട്ടങ്ങളുണ്ടാക്കിയിട്ടുണ്ട് ഞാന്‍. ഒന്നില്‍, പൂച്ചെടികള്‍. മറ്റേതില്‍ ഔഷധച്ചെടികള്‍ പാരിജാതം മുതല്‍ നാല്പാമരം വരെ ഉണ്ടതില്‍. അവന് വന്നതിന്റെ തൊട്ടുപിറ്റേന്ന് ഞാന്‍ ക്ലാസ് കഴിഞ്ഞ് വന്നതും, എന്തോ പന്തികേട് മണത്തു എനിക്ക്. നോക്കുന്പോള്‍ സകലചെടികളും അടിച്ചു ചതച്ചിരിക്കുന്നു. ഔഷധച്ചെടിയുടെ തളിരിലകള്‍ ഒന്നൊഴിയാതെ ഒടിച്ചുപൊട്ടിച്ചിരിക്കുന്നു, അവന്മാര്.
വീട്ടില്‍, അവള് കോഴികളെ വളര്‍ത്തുന്നുണ്ട്. അവ പറന്പില് കൊത്തിപ്പെറുക്കി നടക്കും. അവറ്റയെ കണ്ടതും, ഈ രണ്ട് ആജൂനും മാജൂനും കയ്യില്‍ കിട്ടിയ വടിയും കല്ലുമായി പിന്നാലെ ഓടിച്ചിട്ട് പൊരിഞ്ഞയേറ് തുടങ്ങി. ഒന്നിന്റെ കുറേ തൂവല്‍ കൊഴിഞ്ഞു. മറ്റൊന്നിന്റെ കാലൊടിഞ്ഞു. വേറൊന്ന് മഞ്ഞച്ചവെള്ളം തൂറിത്തുടങ്ങി.
മുറ്റത്തൊരു ചാന്പമരമുണ്ട്. പുതുക്കപ്പെണ്ണ് മുല്ല ചൂടിയതുപോലെ, ഇലകാണാത്ത വിധം ചാന്പചൂടും ഈ ചാന്പമരം. ഇപ്പോള്‍, പൂവിട്ട് ഉണ്ണിച്ചാന്പകള് കണ്ണ് തുറന്ന് വരുന്നേ ഉള്ളൂ. യെവന്മാര്, ഒരു നീളന്‍ വടിയെടുത്ത് അതിന്റെ പൂക്കളത്രയും തച്ചുതിര്ത്തുകളഞ്ഞു. പഴയതെങ്കിലും കാണാന്‍ ചന്തമുള്ള എന്റെ ആള്‍ട്ടോ കാറ് കിടപ്പുണ്ട് പോര്‍ച്ചില്‍. ഒരു കരാര്‍ പണി ചെയ്തു തീര്‍ക്കുന്ന ആത്മാര്‍ത്ഥതയോടെ, അവന്മാര് കൂര്‍ത്ത കല്ലുകളെടുത്ത് അതിന്റെ ബോഡിയിലും ബോണറ്റിലും ഗ്ലാസിലും മത്സരിച്ച് വരവീഴ്ത്തുകയാണ്. ഇത് പോലൊരു ദിവസം, വൈകുന്നേരം കയറി വന്നപ്പോള്‍ എന്റെ കരള്‍ കീറിപ്പോയി. എന്റെ ഷെല്‍ഫിലെ സകല പുസ്തകങ്ങളും പുറത്തേക്കു വാരിവലിച്ചിട്ട് കീറിപ്പറിച്ചിരിക്കുന്നു. ആന്റണ്‍ ചെക്കോവ് മുതല്‍ അരവിന്ദ് അഡിഗ വരെയും ബിലാത്തിവിശേഷം മുതല്‍ ബാസ്കര്‍ വില്ലയിലെ വേട്ടനായ വരെയും ആല്‍ക്കെമിസ്റ്റ് മുതല്‍ തീക്കുനിയുടെ മീന്കവിതകള് വരെയും കയ്യും കാലും അറുത്തുമാറ്റപ്പെട്ട നിലയില്‍ തറയില്‍ കിടന്ന് പിടപിടക്കുന്നു.
വന്ന് കേറിയപ്പോഴേ ശരിപോരെന്നെനിക്ക് തോന്നിയിരുന്നു. കുട്ടികളുടെ നാക്കിനു ലവലേശം ചൊവ്വില്ല. പോടാ പട്ടീ! പോടാ പട്ടീ!! എന്നാണ് അവര്‍ അങ്ങോട്ടുമിങ്ങോട്ടും അഭിസംബോധന ചെയ്യുന്നത്. പതിയെപ്പതിയെ അവര്‍ എന്റെ മക്കളെയും അങ്ങനെ വിളിക്കാന്‍ തുടങ്ങി. ഞാനവരെ ഒരിക്കല്‍ അരുമയോടെ അണച്ചുപിടിച്ചപ്പോള്‍ എന്നെയും പോടാ പട്ടീ!! എന്ന് വിളിച്ചു, എന്ന് മാത്രമല്ല, എന്റെ മുഖത്തേക്ക് തുപ്പുകയും ചെയ്തു. ഒന്നല്ല, രണ്ടല്ല, പലതവണ കൂടെക്കൂടെ തുപ്പി. മിനിഞ്ഞാന്ന്, പത്ത് മാസം പ്രായമുള്ള എന്റെ കൊച്ചു മകനുണ്ട് അലറിക്കരയുന്നു. ചെന്ന് നോക്കുന്പോള്‍ യെവന്മാര് ഇടംവലം ഇരുന്ന് മലയന്‍ ചെണ്ട കൊട്ടുന്പോലെ അതിന്റെ തലക്ക് മേടുന്നു. പോടാ പട്ടീ എന്ന് യാതൊരു ലിംഗപരിഗണന പോലും നല്‍കാതെ വിളിക്കുന്നുമുണ്ട്.
സത്യം പറയാം, എനിക്കീ കുട്ടികള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതിലല്ല സങ്കടം. മറിച്ച് അന്നേരങ്ങളില്‍ അവരുടെ ഉപ്പയെന്നും ഉമ്മയെന്നും പറയുന്ന ഈ ഇറച്ചിപ്പോത്തുകള് കാണിക്കുന്ന നിസ്സംഗമായ നിലപാടിനോടാണ് എനിക്കമര്‍ഷം. കുട്ടികള്‍ പൂന്പാറ്റകളാണെന്നും, അവരെ ശാസിക്കുകയോ തൊഴിക്കുകയോ ചെയ്യരുതെന്നും പറഞ്ഞ സൈക്കോളജിസ്റ്റുകളെ പറിച്ച് കഷായം വെക്കാനുള്ള ഈര്‍ഷ്യ എന്നില്‍ നിറഞ്ഞു. എന്റെ മകളുടെ കൈത്തണ്ട കടിച്ചു മുറിച്ച ഈ കുരുത്തംകെട്ടതിനെ അതിന്റെ തുടക്ക് നുള്ളി ഇറച്ചിയെടുക്കാനുള്ള ഈര്‍ഷ്യ എനിക്കുണ്ടായിരുന്നു. പക്ഷേ അതിഥിയായി എത്തിയ ആത്മമിത്രത്തിന്റെ അരുമ ശിരോമണിയായിപ്പോയില്ലേ, ഹൂം…
കുട്ടികളുടെ കാര്യമെന്തിന് പറയണം, ഇവരെന്താ അത്രയങ്ങ് മെച്ചമാണോ? എനിക്ക് കൃത്യം ഒന്പതരക്ക് ക്ലാസിലെത്തണം. ഒരു മിനുട്ട് വൈകിയാല്‍ പ്രിന്‍സിപ്പാളിന്റെ ചുണ്ടു കറുക്കും, കണ്ണു ചുകക്കും. പക്ഷേ രാവിലെ ഒരെട്ടെട്ടേക്കാല് ആവുന്പോഴുണ്ട്, ഇവനൊരു കക്കൂസില്‍ പോക്ക്. മൊബൈലും ഇയര്‍ഫോണുമായാണ് കക്കൂസ് പ്രവേശം. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞ് നോക്കിയാല്‍ മതി. പുറത്ത് കാത്തു നിന്ന് നിന്ന് എന്റെ കാല് കടയും. കോളേജില്‍ വൈകുന്നതോര്‍ത്ത് എന്റെ മനസ്സ് പിടയും. പ്രസവത്തെ ലഘുവാക്കുന്ന മ്യൂസിക് തെറാപ്പിയെ പറ്റി വായിച്ചിട്ടുണ്ട്. ഇവന് ഇതിന്റകത്തിരുന്ന് എന്ത് ഡേഷ് തെറാപ്പിയാണപ്പാ ഈ കാട്ടിക്കൂട്ടുന്നത് എന്നൊക്കെ മനസ്സ് പ്രാകിപ്പറയും. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഏറെ വൈകിയാണ്, ഞാന്‍ ക്ലാസിലെത്തിയത്.
ഇതേ സൂക്കേട് യെവന്റെ കെട്ട്യോള്ക്കുമുണ്ട്. അതു പക്ഷേ, രാത്രിയിലാണെന്ന വ്യത്യാസമുണ്ടെന്ന് മാത്രം. പത്തുപത്തരയായാല് അവളങ്ങ് കേറും. പിന്നെ പതിനൊന്നര കഴിഞ്ഞേ പ്രതീക്ഷിക്കേണ്ടു. അവള് പാട്ട് കേള്‍ക്കുകയല്ല, മൂളിപ്പാട്ട് പാടുകയാണ് ചെയ്യുക എന്നാണ്, അതിന് കര്ണസാക്ഷിയായ ഭാര്യ പറഞ്ഞത്. അടുക്കളപ്പണി അത്രയും എടുത്തു തീര്‍ന്ന് ഒരു കോലമായ ശേഷം, ഒന്ന് കുളിച്ച് കിടക്കാമെന്ന് കരുതുന്പോള്‍ അവള് ബാത്ത്റൂമിലിരുന്ന് മൂളുകയായിരിക്കും. വീട്ടിലാണെങ്കില്‍ മറ്റൊരു കുളിപ്പുരയില്ല താനും. പക്ഷേ, എന്നെ മുഷിപ്പിച്ചത് ഇതൊന്നുമല്ല. അതെന്താണെന്ന് പിന്നീടു പറയാം.
ഫൈസല്‍ അഹ്സനി ഉളിയില്‍
You must be logged in to post a comment Login