അറിയാമല്ലോ, നബി (സ) നരകത്തില്‍ ഏറെ കണ്ടത് സ്ത്രീകളെയാണ്. അക്കാര്യം പരാമര്‍ശിച്ചു കൊണ്ട് അവിടുന്ന്, കാരക്കച്ചീന്ത് മാത്രമേ കൈയിലുള്ളുവെങ്കില്‍ അതു ധര്‍മ്മം ചെയ്തെങ്കിലും നരകമോചനത്തിനു ശ്രമിക്കാനും പറഞ്ഞു. എന്തേ നരകത്തില്‍ കൂടുതലാവാന്‍ മാത്രം പെണ്ണിങ്ങനെ പാപിയാകാന്‍?
അതിനു കാരണവും തിരുമേനി മൊഴിഞ്ഞിട്ടുണ്ട്. അതിലൊന്ന് ഭര്‍തൃനിഷേധം. അഥവാ കണവന് എത്ര കാരുണ്യത്തോടെ പെരുമാറിയാലും പലപ്പോഴും പെണ്‍കണ്ണ് അതു കാണില്ല. എന്തൊക്കെ, എത്രയൊക്കെ നന്മ അവന് ചെയ്തു കൊടുത്താലും ഇഷ്ടപ്പെടാത്ത ഒന്നുണ്ടായാല്‍ മതി, കണ്ണടച്ചു പറയും, ഇതുവരെയും ഒരു നന്മയും നിങ്ങളില്‍ നിന്ന് എനിക്കു ലഭിച്ചിട്ടില്ലെന്ന്.!
ഏറെ സ്ത്രീകളുടെയും സ്ഥിതിയിതാണ്.
സോദരിമാര്‍ ആത്മപരിശോധന നടത്തണം, അക്കൂട്ടത്തിലാണോ എന്ന്. ഭര്‍ത്താവിനോട് നന്ദികേടു കാണിച്ചു സ്വൈരം കെടുത്തുന്നവളാണോ എന്ന്.
ഭര്‍ത്താവിന് പഴയ പോലെ സ്നേഹമില്ലെന്നു പരാതിയില്ലാത്ത ഭാര്യമാര്‍ കുറവായിരിക്കും.
പണ്ട്, പണിയില്ലെങ്കില്‍ വീട്ടിലുണ്ടാകുമായിരുന്നു. ജോലി കഴിഞ്ഞാലുടന്‍ വീട്ടിലെത്തുമായിരിന്നു. എത്ര നേരവും സംസാരിച്ചിക്കുമായിരുന്നു. വിഷയം തീരില്ലായിരുന്നു. ഇന്ന് വീട്ടിലുണ്ടാകുന്നത് അപൂര്‍വ്വം. സംസാരിച്ചിരിക്കാന്‍ താല്പര്യമേയില്ല. ഇരുന്നാല്‍ വിഷയം തീരേയില്ല. രണ്ടാളും രണ്ടുലോകത്തായി മൗനമായി എത്രനേരമിരിക്കും? അന്ന് പിണക്കം അപൂര്‍വ്വം, അതിനു പേരു തന്നെ സൗന്ദര്യപ്പിണക്കം. ഇന്ന് പിണക്കമാണേറെ. അതും സുന്ദരമല്ലാത്ത പിണക്കം. പിന്നെ ഇണക്കം വിഷമം. അതും ആര്‍ക്കോ വേണ്ടിയുള്ള ഇണക്കം.
പരാതിയില്‍ കഴന്പുണ്ട്. പക്ഷേ, അതിനു കാരണമില്ലേ? അതില്‍ വലിയ പങ്ക് ഭാര്യക്കില്ലേ?
തിരുനബി(സ)യോട് പത്നി ആഇശ(റ)യുടെ ചോദ്യം അങ്ങേയ്ക്ക് എന്നോടുള്ള സ്നേഹമെങ്ങനെ?
കയര്‍ പിരിച്ചതുപോലെ എന്നു നബി(സ) യുടെ മറുപടി. പിന്നെ ഇടക്കിടെ ആഇശ(റ) ചോദിച്ചിരുന്നു കയറിന്റെ പിരി ഇപ്പോഴെങ്ങനെ?. അതു പഴയ പോലെത്തന്നെ എന്ന് നബി (സ) മറുപടി പറയും, പക്ഷേ നമ്മുടെ കയറിന്റെ പിരിയെന്തേ അഴിഞ്ഞഴിഞ്ഞ്….!
ഭാര്യമാര്‍ ചെയ്യേണ്ട ചിലതുണ്ട്. നിസ്സാരമായി തോന്നാം. പക്ഷേ അതില്‍ കാര്യമുണ്ട്.
അയല്ക്കാരന്റെ കണ്ണുകൊണ്ട് നോക്കിയാല്‍ നിങ്ങളുടെ ഭാര്യ സുന്ദരിയാണ് എന്ന ചൊല്ലില്‍ കഴന്പുണ്ടാക്കരുത്. (അതിന്റെ അര്‍ത്ഥം വേറെയാണെന്നതു ശരി. ആ മനഃശാസ്ത്ര വശം പോകട്ടെ) ഭര്‍ത്താവിന്റെ കണ്ണിലാണ് നിങ്ങള്‍ സുന്ദരിയാകേണ്ടത്.
അന്യരുടെ കണ്ണില്‍ സുന്ദരിയാകാനുള്ള ചമയങ്ങളൊക്കെ ചെയ്തേ പല സ്ത്രീകളും പുറത്തുപോകൂ. പക്ഷേ സൗന്ദര്യം ആസ്വദിക്കാന്‍ അവകാശമുള്ള ഭര്‍ത്താവിന്റെ സാമീപ്യത്തില്‍ ഒരു പേക്കോലമായേ നില്ക്കൂ എന്നാണോ?
വീട്ടില്‍ ജോലിയില്ലേ, പിന്നെയിങ്ങനെ മേക്കപ്പു ചെയ്തു നില്ക്കാന് കിഴിയുമോ എന്നു തിരിച്ചു ചോദിക്കാം.
ശരിയാണ് പക്ഷേ, ജോലിയില്ലാത്ത നേരത്തും ജോലിക്കാരിയുടെ യൂണിഫോമും രൂപഭാവങ്ങളും വേണോ? മുഷിഞ്ഞ വേഷവും കരിയും ചെളിയുമൊക്കെ സ്ഥിരവേഷമാക്കണോ?
അല്ലാഹു നിങ്ങള്‍ക്കു നല്കിയ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് തെറ്റല്ല. ഇനിയെന്താ പെണ്ണു കാണാന്‍ വരുന്നുണ്ടോ, പിന്നെന്താ എന്നു ചിന്തിക്കേണ്ട. കുട്ടികളും മക്കളുമായിട്ടാണോ ഇനി സൗന്ദര്യ സംരക്ഷണം എന്നും കരുതേണ്ട. ഭര്‍ത്താവിന്റെ സന്തോഷത്തിനു വേണ്ടിയാകുന്പോള് അതൊരു പുണ്യം തന്നെയാണ്. അതുവഴി കുടുംബ ബന്ധത്തിനു ദൃഢതയാകുന്പോള് പുണ്യത്തിനുമേല് പുണ്യവും. വീട്ടില്‍ കയറി വരുന്ന ഭര്‍ത്താവിനെ ദുര്‍മുഖം കാട്ടിയേ സ്വീകരിക്കൂ എന്നു വാശിയുള്ള ഭാര്യമാരുണ്ട്.
പൂമുഖ വാതില്ക്കല്
പുഞ്ചിരി തൂകുന്ന ഭാര്യ കവി ഭാവനയില്‍ മാത്രമാക്കുന്നതെന്തിന്? പുഞ്ചിരി തന്നെ അവഗണിക്കാനാവാത്ത സത്കര്മ്മമാണെന്നു തിരുമൊഴിയുണ്ട്. ഭര്ത്താവിനോടാവുന്പോള് അനിവാര്യമായ മഹാകര്മ്മമാവും.
നീ അവളെ നോക്കിയാല്‍ അവള് നിന്നെ സന്തോഷിപ്പിക്കും എന്നാണ് നബി(സ) ഉത്തമ ഭാര്യയുടെ ലക്ഷണമായി പറഞ്ഞ ഒന്ന്.
ഇന്ന്, നോക്കിയാല്‍ കരഞ്ഞു പോകുന്ന സ്ഥിതിയാണ് പലര്‍ക്കും.
ഭര്‍ത്താവിന്റെ ഒരു നന്മയും ഒരിക്കലും സമ്മതിക്കില്ലെന്നു വാശിയുള്ള ഭാര്യമാരുണ്ട്. എന്തുചെയ്താലും മതിയാകാത്തവര്‍. എന്നാല്‍ കുറവെന്തെങ്കിലും വന്നു പോയാല്‍ കുറേ നാളത്തേക്ക് സ്വൈരക്കേടിന് അതുമതി. ഇതു തന്നെയാണ് നന്ദികേട്.
ഭര്‍ത്താവിന്റെ രണ്ടാം കെട്ടിനെച്ചൊല്ലി അലോസരമുയരുന്ന കുടുംബങ്ങളുണ്ട്. പലയിടത്തും ഈ രണ്ടാം വിവാഹത്തിനു കാരണം ഒന്നാം ഭാര്യയാണ്. ഭര്‍ത്താവിന് ഇവള് പൊരെന്നു വന്നത് മേല്‍ പറഞ്ഞതു കൊണ്ടൊക്കെ തന്നെയാവാം. (എല്ലാം അങ്ങനെയാണെന്നല്ല. വിവാഹ വീരന്മാരുടെ കാര്യവുമല്ല പറയുന്നത്.) ഭര്‍ത്താവിനെ മാനിക്കുന്ന, സ്നേഹത്തോടെ പെരുമാറുന്ന, വേഷത്തിലും സ്വഭാവത്തിലും വൃത്തിയുള്ള,
നിന്നിഷ്ടം എന്നിഷ്ടം എന്ന ചിന്താഗതിയുള്ള, പടച്ചവനെ പേടിയുള്ള ഒരു ഭാര്യയാണ് നിങ്ങളെങ്കില്‍ ഭര്‍ത്താവ് മറ്റൊരുത്തിയെ തേടുമെന്ന് കരുതുന്നുണ്ടോ?
സ്വാദിഖ് അന്‍വരി
You must be logged in to post a comment Login