സാധാരണ ഗതിയില്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് മൂന്ന് സ്കീമുകളില്‍ ഏതെങ്കിലും ഒന്നില്‍ പ്ലസ് വണ്ണിന് ചേരാം. സയന്‍സ് , കൊമേഴ്സ്, ഹ്യുമാനിറ്റീസ്. പക്ഷേ ഏതില്‍ ചേരും? ഏതാ നല്ലത്? ഇത്തരം ചിന്തകള്‍ ശരിയല്ല. ഓരോന്നിനും അതിന്‍റേതായ ഗുണങ്ങളും പ്രത്യേകതകളുമുണ്ട് . കാരണം, ഇന്ത്യയിലെ അറിയപ്പെട്ട ചിന്തകരും പ്രഭാഷകരും എഴുത്തുകാരും രാഷ്ട്രീയക്കാരും ഹ്യുമാനിറ്റീസ് പശ്ചാത്തലമുള്ളവരാണ്. അതേ സമയം അറിയപ്പെട്ട കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ നമ്മുടെ രാജ്യത്തുണ്ട്. അവര്‍ സയന്‍സ് ഫീല്‍ഡില്‍ നിന്നുളളവരാണ് . ആഗോളതലത്തില്‍ തന്നെ പ്രശസ്തരായ ബിസിനസ്സുകാരും സാന്പത്തിക വിദഗ്ധരും കൊമേഴ്സില്‍ അഗ്രഗണ്യരാണ് . അപ്പോള്‍ ഏതെങ്കിലും ഒരു സ്കീം ഏറ്റവും ബെസ്റ്റ് ആണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അതേ സമയം ഒരു വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കിണങ്ങിയതാണ് സയന്‍സ് എങ്കില്‍ അവനെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല കോഴ്സ് സയന്‍സ് ആണ്. അപ്പോള്‍ സ്വന്തം അഭിരുചിക്കിണങ്ങിയ കോഴ്സ് തിരഞ്ഞെടുക്കുന്നതിലാണ് മിടുക്ക് കാണിക്കേണ്ടത്.
അതേസമയം കൂടുതല്‍ പഠിക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് നേരിട്ട് ജോലിയില്‍ പ്രവേശിക്കാനാവുന്ന നിരവധി ഹൃസ്വകാല കോഴ്സുകളും ഇന്ന് ലഭ്യമാണ്. ഇത്തരം ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ കഴിഞ്ഞാല്‍ നേരിട്ട് ജോലിയില്‍ പ്രവേശിക്കാം . ഐടി,കന്പ്യൂട്ടര്‍, ബിസിനസ്, കൊമേഴ്സ് മേഖലകളില്‍ മികച്ച ഹൃസ്വകാല കോഴ്സുകള്‍ ഉണ്ട്. കൂടാതെ പത്താംതരം പാസായവര്‍ക്ക് മാത്രമായുള്ള സര്‍ക്കാര്‍ ജോലികള്‍ക്കും ശ്രമം നടത്താം .
ഓരോ വര്‍ഷവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള വിവിധ വകുപ്പുകളിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകള്‍ പുറത്തു വിടാറുണ്ട് .
പ്ലസ് ടു കഴിഞ്ഞാല്‍ കോഴ്സുകളുടെ ഘോഷയാത്ര
പ്ലസ്ടു കഴിഞ്ഞാല്‍ നൂറു കണക്കിന് ബിരുദ കോഴ്സുകള്‍ക്ക് ചേരാവുന്നതാണ്. എന്‍ജിനീയറിംഗ്, മെഡിക്കല്‍ മേഖലകള്‍ ഇവയില്‍ രണ്ടെണ്ണം മാത്രമാണ്. എന്‍ജിനീയറിംഗില്‍ തന്നെ നിരവധി സ്പെഷലൈസേഷനുകളുണ്ട്. ഏവിയേഷന്‍, സിവില്‍, ഇലക്ട്രിക് , ഷിപ്പിംഗ് ഇന്‍ഡസ്ട്രി, അഗ്രികള്‍ച്ചറല്‍ , മൈനിംഗ്, പെട്രോളിയം, പ്ലാസ്റ്റിക് , പോളിമര്‍ , റബ്ബര്‍ , സിറാമിക് , ടെക്സ്റ്റൈല്‍ തുടങ്ങി എന്‍ജിനീയറിംഗ് മേഖലയിലെ നിരവധി കോഴ്സുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ശാസ്ത്ര വിഷയങ്ങളില്‍ താത്പര്യമുള്ളവര്‍ ബയോളജി , ഫിസിക്സ്, കെമിസ്ട്രി, ജിയോളജി . ജോഗ്രഫി , മാത്തമാറ്റിക്സ്, മെറ്റീരിയോളജി , ഓഷ്യാനോഗ്രഫി , ജെനറ്റിക്സ്, ബയോ കെമിസ്ട്രി, ഹോം സയന്‍സ് , ഫുഡ് ടെക്നോളജി തുടങ്ങി നൂറുകണക്കിന് മേഖലകളിലെ കോഴ്സുകള്‍ തിരഞ്ഞെടുക്കാം.
കൊമേഴ്സിലുമുണ്ട് ഒരുപാട് സ്പെഷലൈസേഷനുകള്‍. ഫാഷന്‍ ടെക്നോളജി , ഇന്‍റീരിയല്‍/എക്സ്റ്റീരിയല്‍ ഡിസൈനിംഗ് , ഫൈന്‍ ആര്‍ട്സ്, മാര്‍ക്കറ്റിംഗ് , പ്രിന്‍റിംഗ് തുടങ്ങിയവയിലും ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി കോഴ്സുകള്‍ ചെയ്യാം
മാനേജ്മെന്‍റ്മേഖലയില്‍ സിഎ, കോസ്റ്റ് മാനേജ്മെന്‍റ്, കന്പനി സെക്രട്ടറി, ഹ്യൂമന്‍ റിസോഴ്സസ്, എക്സ്പോര്‍ട്ട് മാനേജ്മെന്‍റ്, ഹോസ്പിറ്റല്‍ മാനേജ്മെന്‍റ്, പ്രൊഫഷനല്‍ മാനേജ്മെന്‍റ് തുടങ്ങിയവ കടന്നുവരുന്നു. അധ്യാപന രംഗത്ത് അഭിരുചിയുള്ളവര്‍ക്ക് നിരവധി കോഴ്സുകള്‍ വേറെയുണ്ട്. കൂടാതെ സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്യുന്ന കോഴ്സുകള്‍ക്കും അപേക്ഷിക്കാം . ഡിഫന്‍സ് സര്‍വ്വീസ്, ആര്‍മി, നേവി, എയര്‍ ഫോഴ്സ് തുടങ്ങി കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലേക്കും പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
നിരവധി പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ചേരാം. ജോലി സാധ്യതകള്‍ ഉള്ള ഹൃസ്വകാല ഡിപ്ലോമകള്‍ക്കും ശ്രമം നടത്താം. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് പലപ്പോഴും നേടിയെടുക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ തലത്തിലുള്ള ജോലികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കാറില്ല. ഇന്ത്യന്‍ പ്രതിരോധ വകുപ്പ്, റെയില്‍വേ തുടങ്ങിയവയില്‍ നിരവധി അവസരങ്ങളുണ്ട്.
ഗവേഷണ തല്‍പരരായ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലകളില്‍ ബിരുദപഠനം നടത്തുന്നതാണ് ഉചിതം. ഇന്ത്യയിലെ വിവിധ കേന്ദ്രസര്‍വ്വകലാശാലകളില്‍ രാജ്യത്തെ ഏറ്റവും മികച്ച അധ്യാപകരാണ് ക്ലാസെടുക്കുന്നത്. ഓരോ വിഷയത്തിലും പുതിയ ഗവേഷണ പഠനങ്ങള്‍ പുറത്തുവരുന്നതും കേന്ദ്ര സര്‍വ്വകലാശാലകളില്‍ നിന്നു തന്നെ. ഇത്തരം സ്ഥാപനങ്ങളില്‍ ബിരുദ സമയത്തുതന്നെ അഡ്മിഷന്‍ കിട്ടിയാല്‍ പി.ജി, പി.എച്ച്.ഡി. പ്രവേശം കൂടുതല്‍ എളുപ്പമാവും. മിക്ക കേന്ദ്ര സര്‍വ്വകലാശാലകളിലും ബിരുദ പ്രവേശനത്തിന് ഒരു കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് ഉണ്ടാവും. ഇതില്‍ മികവ് കാണിച്ചാല്‍ മാത്രമേ പ്രവേശനം ലഭിക്കൂ. ചിലയിടങ്ങളില്‍ അഭിമുഖം, ഗ്രൂപ്പ് ഡിസ്കഷന്‍ എന്നിവ കൂടി പരിഗണിച്ചാണ് പ്രവേശനം നല്‍കുന്നത്. പൊതു വിജ്ഞാനം, ഇംഗ്ലീഷ് ഭാഷ, ആപ്റ്റിറ്റ്യൂഡ്, ആശയ വിനിമയം, റീസണിംഗ് തുടങ്ങിയ വിഷയങ്ങളില്‍ അഭിരുചിയും കഴിവും ഉണ്ടെങ്കില്‍ കേന്ദ്ര സര്‍വ്വകലാശാലകളില്‍ ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷയില്‍ തിളങ്ങളാന്‍ കഴിയും.
അവസരങ്ങള്‍ ഇങ്ങനെ നിരവധിയാണ്. പക്ഷേ, വിദ്യാര്‍ത്ഥികള്‍ അവ കണ്ടെത്തി സ്വന്തം അഭിരുചിക്കിണങ്ങിയ കോഴ്സിന് ചേരാന്‍ പലപ്പോഴും ശ്രമിക്കാറില്ല. വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടോ വേണ്ട വിധത്തില്‍ മാര്‍ഗദര്‍ശനം ലഭിക്കാത്തതു കൊണ്ടോ എന്തോ വിദ്യാര്‍ത്ഥികള്‍ അവസാന നിമിഷം ഏതെങ്കിലും കോഴ്സിന് ചേര്‍ന്ന് തൃപ്തിയടയാറുണ്ട്. ഇങ്ങനെ സംഭവിക്കരുത്. മറിച്ച് ഓരോ കോഴ്സിനെക്കുറിച്ചും വിശദമായി പഠിച്ച ശേഷം ഏറ്റവും താല്‍പര്യമുള്ള മേഖലയില്‍ മികച്ച കോഴ്സ് കണ്ടെത്തി പഠിക്കുകയാണ് വേണ്ടത്.
ഇഷ്ടപ്പെട്ട കോഴ്സിന് ചേരാന്‍ ഫീസ് ഒരു പ്രശ്നമാവുന്ന സമയത്ത് അതൊഴിവാക്കി ഏതെങ്കിലും കോഴ്സ് എടുത്ത് തൃപ്തിപ്പെടരുത്. മറിച്ച് സ്കോളര്‍ഷിപ്പുകള്‍, ഗ്രാന്‍റുകള്‍, ഫെല്ലോഷിപ്പുകള്‍ തുടങ്ങിയവ നേടിയെടുക്കാനുള്ള ശ്രമം നടത്തണം. ഒരിക്കലും ബാങ്ക്ലോണിന് അപേക്ഷ കൊടുക്കരുത്. ഇന്ത്യയിലെ ഒരു ബാങ്കും വിദ്യാര്‍ത്ഥികളെ നന്നാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരല്ല. മറിച്ച് ലാഭം മാത്രമാണ് വിദ്യാഭ്യാസ ലോണുകളുടെ അടിസ്ഥാന ലക്ഷ്യം.
ജീവിതത്തില്‍ ചില സമയങ്ങളിലെടുക്കുന്ന തീരുമാനങ്ങള്‍ നമ്മുടെ ഭാവി നിര്‍ണ്ണയിക്കാറുണ്ട്. ഉപരിപഠനവുമായി ബന്ധപ്പെട്ട് പത്താം തരം, പ്ലസ്ടു, ബിരുദം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ തീര്‍ത്തും നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ അടുത്ത കോഴ്സ് ഏത് എന്ന് തീരുമാനിക്കുന്പോള്‍ അബദ്ധങ്ങള്‍ വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഏത് കോഴ്സാണെങ്കിലും അതിന്‍റെ സ്കോപ്പി (സാധ്യത) നെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. ഒരു കോഴ്സിന് രണ്ട് വിധത്തിലുള്ള സാധ്യതകള്‍ ഉണ്ടായിരിക്കും ഒന്ന്, ഉപരിപഠന സാധ്യതകള്‍. രണ്ട്, ജോലി സാധ്യതകള്‍. ഈ രണ്ട് വിധത്തിലുള്ള സ്കോപ്പുകളും വിശദമായി അന്വേഷിച്ചറിഞ്ഞ ശേഷം മാത്രമേ ഒരു കോഴ്സ് തിരഞ്ഞെടുക്കാവൂ. ഇനി വിശാലമായ സാധ്യതകളുള്ള ന്യൂജനറേഷന്‍ കോഴ്സുകള്‍ പരിചയപ്പെടാം.
ആനിമേഷന്‍
കന്പ്യൂട്ടര്‍ ആനിമേഷന്‍ ടെക്നോളജിയിലെ അറിവിന് പുറമെ കലാപരമായ മികവു കൂടിയുണ്ടെങ്കില്‍ ആനിമേഷന്‍ രംഗത്ത് ശോഭിക്കാം. മനസില്‍ ജന്മമെടുക്കുന്ന ക്രിയാത്മക ചിന്തകളെ വര്‍ണ്ണ വിസ്മയമാക്കാനുള്ള കഴിവ്, മനസ്സിലുള്ള ആശയങ്ങളെ മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കാനുള്ള മിടുക്ക് തുടങ്ങിയവയാണ് ആനിമേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് വേണ്ടത്. കന്പ്യൂട്ടര്‍ പരിജ്ഞാനം, കൃത്യനിഷ്ഠ തുടങ്ങിയവയും ഉണ്ടായിരിക്കണം.
ബി എ മള്‍ട്ടി മീഡിയ, എം എ മള്‍ട്ടി മീഡിയ, ബി എസ് സി ഗെയ്മിംഗ്, എം എസ് സി ഗെയ്മിംഗ്, ബി എസ് സി ആനിമേഷന്‍, എം എസ് സി ആനിമേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഷ്വലൈസിംഗ്, ഡിപ്ലോമ ഇന്‍ ക്ലാസിക്കല്‍ ആനിമേഷന്‍ തുടങ്ങിയ കോഴ്സുകള്‍ ഇന്ത്യക്കകത്തു തന്നെ നിരവധി സ്ഥാനപങ്ങളില്‍ പഠിപ്പിക്കുന്നുണ്ട്. കാരക്ടര്‍ മോഡലിംഗ്, ഇഫക്ട് ആനിമേഷന്‍, ടെക്സ്ചറിംഗ് തുടങ്ങിയ സ്പ്യെലൈസേഷനുകളും ഉണ്ട്.
ഡല്‍ഹി, അഹമ്മദാബാദ്, പൂനെ, കാണ്‍പൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രമുഖ ആനിമേഷന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ, സ്വകാര്യ കോളജുകളും ആനിമേഷന്‍ കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ട്. ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി) (www.iitd.ac.in), പൂനെയിലെ നാഷണല്‍ മള്‍ട്ടിമീഡിയ റിസോഴ്സ് സെന്‍റര്‍ (www.pune.cdac.in), കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി .(www.iitk.ac.in), മുംബൈയിലെ ജെ ജെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അപ്ലൈഡ് ആര്‍ട്ട് (www.jjiaa.org), ഐ ഐ ടി മുംബൈയിലെ ഇന്‍റസ്ട്രിയല്‍ ഡിസൈന്‍ സെന്‍റര്‍ (www.idc.iittb.ac.in), അഹ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (www.nid.org) എന്നിവയാണ് ആനിമേഷന്‍ കോഴ്സുകള്‍ നല്‍കുന്ന മികച്ച സ്ഥാപനങ്ങള്‍
ഫാഷന്‍ ടെക്നോളജി
അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് ഫാഷന്‍. ഡിസൈനിംഗിന് പുറമെ ടെക്സ്റ്റൈല്‍ സയന്‍സ്, കളര്‍ മിക്സിംഗ്, മാര്‍ക്കന്‍റൈസിംഗ് തുടങ്ങിയവ ഫാഷന്‍ ഡിസൈനിംഗിന്‍റെ ഉപവിഭാഗങ്ങളാണ്. സര്‍ഗാത്മകതയാണ് ഒരു ഫാഷന്‍ ഡിസൈനര്‍ക്ക് അടിസ്ഥാനപരമായി വേണ്ടത്. ഇതോടൊപ്പം മാനേജീരിയല്‍ സ്കില്‍ കൂടി വേണം. എക്സ്പോര്‍ട്ട് ഹൗസുകള്‍, ലതര്‍ കന്പനികള്‍, വസ്ത്ര നിര്‍മ്മാണ കന്പനികള്‍ തുടങ്ങിയവരാണ് തൊഴില്‍ ദാതാക്കള്‍.
ഫാഷന്‍ ട്രെന്‍ഡുകള്‍, തുണികളെപ്പറ്റിയുള്ള അറിവ്, വര്‍ണ്ണബോധം, വിപണിയിലെ സാധ്യതകള്‍, നിര്‍മ്മാണ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവ ഫാഷന്‍ ഡിസൈനിംഗ് തൊഴിലിന് ആവശ്യമാണ്. സ്വന്തമായും ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാം.
ഫാഷന്‍ ഡിസൈനിംഗില്‍ ഏത് മേഖലയിലാണോ താല്‍പര്യം, അതിനനുസരിച്ച് കോഴ്സുകള്‍ തിരഞ്ഞെടുക്കാം. ടെക്സ്റ്റൈല്‍ ഡിസൈന്‍ ജ്വല്ലറി ഡിസൈന്‍, ഗാര്‍മെന്‍റ്സ് ഡിസൈന്‍ തുടങ്ങി ഒട്ടേറെ കോഴ്സുകള്‍ ഉണ്ട്. ഫാഷന്‍ ടെക്നോളജി, ഫാഷന്‍ കമ്യൂണിക്കേഷന്‍, ഫാഷന്‍ ആന്‍റ് ടെക്സ്റ്റയില്‍ കമ്യൂണിക്കേഷന്‍, ഫാഷന്‍ ആന്‍റ് അപ്പാരല്‍ ഡിസൈന്‍, ഫാഷന്‍ ആന്‍റ് ലൈഫ്സ്റ്റൈല്‍ ആക്സസറീസ് ഡിസൈന്‍ എന്നിവയില്‍ ഡിഗ്രി കോഴ്സുകള്‍ ചെയ്യാം. പി ജി കോഴ്സുകള്‍ക്ക് ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയുടെ ബിരുദം അന്‍പത് ശതമാനത്തോടെ പാസായിരിക്കണം.
അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ , ഡല്‍ഹിയിലെ അക്കാദമി ഓഫ് ഫാഷന്‍ സ്റ്റഡീസ് , കൊല്‍ക്കത്തയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി , ഡല്‍ഹിയിലെ നിഫ്റ്റ് എന്നിവയാണ് ഫാഷന്‍ ഡിസൈനിംഗില്‍ വിവിധ കോഴ്സുകള്‍ നല്‍കുന്ന പ്രധാന സ്ഥാപനങ്ങള്‍
വെറ്റിനറി കോഴ്സുകള്‍
മൃഗങ്ങളെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് പുറമെ രോഗ പ്രതിരോധം, ബ്രീഡിംഗ്, ജനറ്റിക് എഞ്ചിനീയറിംഗ്, സര്‍ജറി എന്നിവയെല്ലാം വെറ്റിനറി സയന്‍സിന്‍റെ പരിധിയല്‍ പെടുന്നു.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ എടുത്ത് പ്ലസ്ടു പാസായവര്‍ക്ക് വെറ്റിനറി ബിരുദ കോഴ്സുകള്‍ക്ക് ചേരാം. വെറ്റിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന ഓള്‍ ഇന്ത്യ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് വഴിയാണ് പ്രവേശനം. ഇതിന് പുറമെ വെറ്റിനറി കോഴ്സുകള്‍ നല്‍കുന്ന വിവിധ യൂണിവേഴ്സിറ്റികളും പ്രത്യേക പ്രവേശന പരീക്ഷകള്‍ നടത്തുന്നുണ്ട്. തമിഴ്നാട് യൂണിവേഴ്സിറ്റി വെറ്റിനറി എന്‍ട്രന്‍സ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്(ICAR) എന്നിവ ഉദാഹരണങ്ങള്‍. ബി വി എസ് സി കോഴ്സിന്‍റെ കാലാവധി അഞ്ച് വര്‍ഷമാണ്. അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി, ലൈവ്സ്റ്റോക്ക് മാനേജ്മെന്‍റ്, പ്രൊഡക്ഷന്‍ ടെക്നോളജി, പത്തോളജി, മൈക്രോ ബയോളജി തുടങ്ങിയവയാണ് പാഠ്യവിഷയങ്ങള്‍. വെറ്റിനറിയില്‍ പി ജി കോഴ്സുകള്‍ പഠിക്കാനുള്ള അവസരങ്ങള്‍ വിവിധ സര്‍വ്വകലാശാലകളിലുണ്ട്.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ വന്‍ തൊഴില്‍ സാധ്യതയാണ് വെറ്റിനറി സയന്‍സ് പാസായവര്‍ക്കുള്ളത്. സര്‍ക്കാര്‍ വെറ്റിനറി ആശുപത്രികള്‍, പ്രൈമറി വെറ്റിനറി സെന്‍ററുകള്‍, ലൈവ് സ്റ്റോക്ക് ഫാം, മീറ്റ് ആന്‍റ് മില്‍ക്ക് പ്രൊസഡിംഗ് പ്ലാന്‍റ്, പോളി ക്ലിനിക്കുകള്‍, ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ സെന്‍ററുകള്‍, ഡിസീസ് ഇറാഡിക്കേഷന്‍ സ്കീമുകള്‍, വാക്സിനേഷന്‍ ക്യാന്പ്, പബ്ലിക് ഹെല്‍ത്ത് ലാബ്, മില്‍ക്ക് ബോര്‍ഡ് തുടങ്ങി നിരവധി ഇടങ്ങളില്‍ ജോലിക്ക് സാധ്യതയുണ്ട്.
വെറ്റിനറി കോഴ്സുകള്‍ നല്‍കുന്ന പ്രധാന സ്ഥാപനങ്ങള്‍ Madras Veterinary Sciences Chennai, NT Rama Tao College of Veterinary Sciences Andrapradesh, School of Veterinary Sciences & Animal Husbendry Arunachal Pradesh, Bihar Veterinary College Patna, College of Veterinary Sciences Gujarat, Veterinary Animal & Fishery Sciences Pondichery, Kerala Veterinary and Animal Sciences Thrissur.
മറൈന്‍ എഞ്ചിനീയറിംഗ്
ഒരു കപ്പലിന്‍റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് മറൈന്‍ എഞ്ചിനീയറാണ്. മര്‍ച്ചന്‍റ് നേവി എന്ന വലിയ സാധ്യത മുന്നില്‍ തുറന്നു കിടക്കുന്പോള്‍ തൊഴിലവസരങ്ങള്‍ക്ക് ഒരു കുറവുമില്ല. അല്‍പം സാഹസികത, എഞ്ചിനീയറിംഗിനോട് താല്‍പര്യം, രൂപകല്പന ചെയ്യാനുള്ള കഴിവ് എന്നിവയുണ്ടെങ്കില്‍ മറൈന്‍ എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് ചേരാം. കപ്പലുകളുടെ നിര്‍മ്മാണം, അറ്റകുറ്റപ്പണി, ടഗ്ഗുകള്‍, ഡ്രഡ്ജറുകള്‍ തുടങ്ങിയവയാണ് മറൈന്‍ എഞ്ചിനീയര്‍മാരുടെ പ്രവര്‍ത്തന മേഖലകള്‍. ഡീസല്‍ എഞ്ചിനീയറിംഗിനെക്കുറിച്ചും ആഴത്തിലുള്ള പഠനം മറൈന്‍ എഞ്ചിനീയറിംഗിലുണ്ട്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഷിപ്പിംഗ് കന്പനികള്‍ എന്നിവക്ക് പുറമെ നിരവധി കന്പനികളില്‍ ജോലി സാധ്യതകളുണ്ട്.
ചെന്നൈയിലെ ജി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍റ് ടെക്നോളജി , നോയ്ഡയിലെ ഇന്‍റര്‍നാഷണല്‍ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് , ബംഗാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍റ് മറൈന്‍ എഞ്ചിനീയറിംഗ് എന്നിവയാണ് പ്രധാന സ്ഥാപനങ്ങള്‍.
ഓയില്‍ ആന്‍റ് പെട്രോളിയം എഞ്ചിനീയറിംഗ്
പെട്രോളിയം എഞ്ചിനീയറിംഗ്, പെട്രോ കെമിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയാണ് ഈ എഞ്ചിനീയറിംഗിലെ പഠന മേഖലകള്‍. ആഴക്കടലില്‍ എണ്ണ ഖനികള്‍ കണ്ടെത്തലാണ് പെട്രോള്‍ എഞ്ചിനീയറുടെ ജോലി. ഡ്രില്ലിംഗ്, ലോഗിംങ്, റിസര്‍വോയര്‍ എഞ്ചിനീയറിംഗ് മുതലായവയാണ് പ്രവര്‍ത്തന മേഖല. ക്രൂഡ് ഓയിലില്‍ നിന്ന് ലഭിക്കുന്ന വിവിധ ഉല്‍പന്നങ്ങളുടെ ശുദ്ധീകരണവും വിപണനവുമാണ് പെട്രോ കെമിക്കല്‍ എന്‍ജിനീയറിംഗിന്‍റെ പരിധിയില്‍ പെടുന്നത്.
ധന്‍ബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈനിംഗ് , ഡെറാഡൂണിലെ UPES , ഗുജറാത്തിലെ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്സിറ്റി എന്നിവയാണ് പ്രധാന സ്ഥാപനങ്ങള്‍.
പൈലറ്റ്
വിദ്യാര്‍ത്ഥികളില്‍ പൈലറ്റാവാന്‍ ആഗ്രഹമുള്ള ധാരാളം പേരുണ്ട്. ആകാശത്തിലൂടെ വിമാനം പറത്താനുള്ള ആശയുണ്ട് എന്നല്ലാതെ ഒരു കൊമേഴ്സ്യല്‍ പൈലറ്റാവാന്‍ എന്താണ് പഠിക്കേണ്ടതെന്ന് പലര്‍ക്കും അറിയില്ല. പൈലറ്റിന്‍റേത് തീര്‍ത്തും സാഹസിക ജോലിയാണ്. സാങ്കേതിക പരിജ്ഞാനത്തോടൊപ്പം ആരോഗ്യമുള്ള ശരീരവും മനസും ഇതിനാവശ്യമാണ്.
അച്ചടക്കം, ക്ഷമ, ചുമതലാ ബോധം, കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധത, മനഃസാന്നിധ്യം, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവ്, കൃത്യനിഷ്ഠ, നേതൃപാടവം, പ്രസന്നമായ വ്യക്തിത്വം തുടങ്ങിയവ ഒരു പൈലറ്റിനുണ്ടായിരിക്കണം. അതോടൊപ്പം സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പരിചയ സന്പത്തും അനിവാര്യമാണ്.
പ്ലസ്ടു സയന്‍സ് ആണ് പൈലറ്റ് ട്രെയ്നിംഗ് കോഴ്സിന്‍റെ അടിസ്ഥാന യോഗ്യത. അന്‍പത് ശതമാനം മാര്‍ക്കോടെ ഫിസിക്സും മാത്ത്സും പാസായിരിക്കണം. പതിനേഴ് വയസ് പൂര്‍ത്തിയായിരിക്കുകയും വേണം.
പൈലറ്റാവാനുള്ള ആദ്യ പടി സ്റ്റുഡന്‍റ് പൈലറ്റ് ലൈസന്‍സ് (എസ് പി എല്‍) കിട്ടുകയാണ്. തുടര്‍ന്ന് പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് കിട്ടും. തിയറി, പ്രാക്ടിക്കല്‍ പരീക്ഷക്കു ശേഷമാണ് കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് കിട്ടുന്നത്. ഒപ്പം നിശ്ചിത മണിക്കൂര്‍ വിമാനം പറത്തുകയും വേണം. ഇതിന് പുറമെ, മെഡിക്കല്‍ ടെസ്റ്റും ഉണ്ടാവും. എയര്‍ലൈന്‍ ട്രാന്‍സ്പോര്‍ട്ട് പ്രൈവറ്റ് ലൈസന്‍സ് ഉണ്ടെങ്കിലേ യാത്രാ വിമാനങ്ങള്‍ പറത്താനാവൂ. പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് നേടിയ വ്യക്തിക്ക് നോണ്‍ കൊമേഴ്സ്യല്‍ ഉപയോഗത്തിനുള്ള എയര്‍ക്രാഫ്റ്റുകള്‍ പറപ്പിക്കാം.
സിക്കന്ദരാബാദിലെ ഇന്ദിരാഗാന്ധി ആവിയേഷന്‍ അക്കാദമി , ഇന്‍ഡോറിലെ ഇന്‍ഡോര്‍ ഫ്ളയിംഗ് ക്ലബ് , വഡോദരയിലെ ഗുജറാത്ത് ഫ്ളയിംഗ് ക്ലബ് സിവില്‍ എയറോ ഡ്രോം , റായ്ബറേലിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ അര്‍ബന്‍ അക്കാദമി എന്നിവയാണ് പ്രധാന സ്ഥാപനങ്ങള്‍.
യാസര്‍ അറഫാത്ത്
You must be logged in to post a comment Login