ബോകോ ഹറാമും ലോകമറിയാത്ത ആഫ്രിക്കന്‍ കഥകളും

ബോകോ ഹറാമും ലോകമറിയാത്ത  ആഫ്രിക്കന്‍ കഥകളും

ഹജ്ജ്വേളയില്‍ പരിചയപ്പെട്ട ഉഗാണ്ടയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ഉമറിനോട് (പേര് പൂര്‍ണമായി ഓര്‍ക്കുന്നില്ല) അവരുടെ നരഭോജി എന്നുവിളിക്കപ്പെട്ട പ്രസിഡന്‍റ് ഈദി അമീനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ നീഗ്രോ യുവാവിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. എവിടുന്ന് കിട്ടി ഇമ്മാതിരി കൗതുക വിവരങ്ങള്‍ എന്നായി മറുചോദ്യം. ഒരു കാലഘട്ടത്തില്‍ ഈദി അമീനെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച പേടിപ്പെടുത്തുന്ന പ്രതിച്ഛായയെക്കുറിച്ച് വിവരിക്കന്‍ ശ്രമിച്ചപ്പോള്‍ സുഹൃത്ത് അദ്ഭുതം കൂറി ഉഗാണ്ടക്കാരായ ഞങ്ങള്‍ പോലും കേട്ടിട്ടില്ലാത്ത കഥകളാണല്ലോ ആ പാവം മനുഷ്യനെക്കുറിച്ച് നിങ്ങള്‍ക്ക് ലഭിച്ചത്. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ശബ്ദം താഴ്ത്തി അല്‍പം ഗൗരവത്തോടെ പറഞ്ഞു ആഫ്രിക്ക ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇരുണ്ട ഭൂഖണ്ഡമാണ്. ഞങ്ങളുടെ ലോകത്ത് എന്താണ് നടക്കുന്നതെന്ന് പുറംലോകം വാസ്തവത്തില്‍ അറിയുന്നില്ല. ആരൊക്കെയോ അവരുടെ താല്‍പര്യം മുന്‍നിര്‍ത്തി വിളിച്ചുപറയുന്നതാണ് നിങ്ങള്‍ കേള്‍ക്കുന്നത്. ആഫ്രിക്കയില്‍ അരങ്ങേറുന്ന പോരാട്ടങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും പല മാനങ്ങളുണ്ട്. ഒരുവിധത്തില്‍ പറഞ്ഞാല്‍ കുരിശുയുദ്ധമാണ് അവിടെ അരങ്ങു തകര്‍ക്കുന്നത്. കൂട്ട മതപരിവര്‍ത്തനത്തിനായി എത്രയെത്ര ക്രിസ്ത്യന്‍ സംഘങ്ങളാണ് ഞങ്ങളുടെ നാട്ടില്‍ തന്പടിച്ചിരിക്കുന്നത്. പ്രകൃതവിഭവങ്ങളാല്‍ സന്പന്നമായ ഒരു ഭൂഖണ്ഡത്തിന്മേല്‍ ആധിപത്യം പിടിച്ചെടുക്കാനുള്ള വന്‍ശക്തികളുടെ കിടമല്‍സരമാണ് എന്നും ആഫ്രിക്കയെ പ്രക്ഷുബ്ധമാക്കി നിലനിര്‍ത്തിയത്. മതത്തിന്‍റെ പേരില്‍ നടക്കുന്നതായി പുറം ലോകത്ത് പ്രചരിപ്പിക്കപ്പെടുന്ന സംഭവങ്ങളുടെ അടിവേരുകള്‍ രാഷ്ട്രീയത്തിലും സന്പത്തിലും മതമേല്‍ക്കോയ്മയിലുമാണ് ആണ്ടുകിടക്കുന്നത്. ഉഗാണ്ടയില്‍ ഒരുകാലത്ത് ആഭ്യന്തരകലാപം നടന്നത് എന്തിന്‍റെ പേരിലായിരുന്നെന്നോ? ക്രിസ്ത്യാനിറ്റിയില്‍നിന്ന് മതംമാറി ഇസ്ലാമിലെത്തിയ ഞങ്ങളുടെ നാടുവാഴി സുന്നത്ത് കര്‍മം ചെയ്തിരുന്നുവോ ഇല്ലേ എന്ന തര്‍ക്കം ഇരുവിഭാഗവും ഏറ്റുപിടിച്ചപ്പോള്‍ രാജ്യം വിഭജിക്കപ്പെടുമെന്നായി. ഒടുവില്‍ ഭരണാധികാരി ഒരു കൂട്ടം തീവ്രവാദികളുടെ കുത്തേറ്റ് മരിച്ചു. മൃതദേഹം പരിശോധിച്ചപ്പോഴാണ് അറിയുന്നത് അദ്ദേഹം സുന്നത്ത് കര്‍മം നടത്തിയിട്ടില്ലെന്ന്. മുസ-്ലിം നാമധാരിയെ തലപ്പത്തിരുത്തി തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ക്രിസ്ത്യാനികള്‍ നടത്തിയ ഗൂഢാലോചനയായിരുന്നു എല്ലാറ്റിന്‍റെയും പിന്നിലെന്ന് അതോടെ ബോധ്യമായി.

അതുപോലെ വല്ല ഗൂഢാലോചനയുമുണ്ടോ ബോകോ ഹറാം എന്ന തീവ്രവാദി സംഘടന 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയതിനു പിന്നില്‍? വന്‍ശക്തി രാജ്യങ്ങളില്‍നിന്നുള്ള സൈന്യവും ഇന്‍റലിജന്‍സ് വിദഗ്ധരും ഗോദയിലിറങ്ങിയിട്ടും ഏപ്രില്‍ 14നു രാത്രി തട്ടിക്കൊണ്ടുപോയ കുട്ടികളെ ഇതുവരെ മോചിപ്പിക്കാനായില്ല എന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കുട്ടികളെ മതം മാറ്റുമെന്നും ചന്തയില്‍ വില്‍ക്കുമെന്നും കല്യാണം കഴിച്ചുകൊടുക്കുമെന്നുമൊക്കെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ സംഘടനയുടെ അമീര്‍ അബൂബക്കര്‍ ഷെഖാവത് നടത്തിയ പ്രസ്താവനയില്‍ കടിച്ചുതൂങ്ങി ആഗോളതലത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്പോഴും തമസ്കരിക്കപ്പെടുന്നത് കുറെ അടിസ്ഥാന യാഥാര്‍ഥ്യങ്ങളാണ് ഒന്ന് തട്ടിക്കൊണ്ടുപോയത് ക്രിസ്ത്യന്‍ കുട്ടികളെ മാത്രമല്ല മുസ്ലിം യുവതികളും അക്കൂട്ടത്തിലുണ്ട്. ടൈം വാരിക (മേയ്26 2014) മക്കളെ ഓര്‍ത്തു നിലവിളിക്കുന്ന അമ്മമാരുടെ ചിത്രം പ്രസിദ്ധീകരിച്ചപ്പോള്‍ മഫ്ത ധരിച്ച മുസ്ലിം സ്ത്രീകളായിരുന്നു കൂട്ടത്തിലെല്ലാവരും. സംഭവത്തിന് ഈവിധം മതപരിവേഷം നല്‍കിയത് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ എന്ന സംഘടനയാണ്. തട്ടിക്കൊണ്ടുപോകപ്പെട്ട ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ പേരുകള്‍ മാത്രമാണ് അവര്‍ പുറത്തുവിട്ടത്. മറ്റൊരു സംഗതി ഇതാദ്യമായല്ല പെണ്‍കുട്ടികളെ ഇമ്മട്ടില്‍ കൂട്ടമായി തട്ടിക്കൊണ്ടു പോകുന്നതെന്നതാണ് . തൊട്ടടുത്ത രാജ്യമായ ഉഗാണ്ടയില്‍ ലോര്‍ഡ്സ് റസിസ്റ്റന്‍സ് ആര്‍മി (ഘീൃറ െഞലശെെേലിരല അൃാ്യ) എന്ന ക്രിസ്ത്യന്‍ ഗറില്ല വിഭാഗം 1990കളില്‍ പെണ്‍കുട്ടികളെ ഈ വിധം തട്ടിക്കൊണ്ടുപോയി വേശ്യത്തെരുവുകളില്‍ വിറ്റിട്ടുണ്ട്. ബോകോ ഹറാം ഹീന കൃത്യത്തിലൂടെ ലക്ഷ്യമിടുന്നത് ജയിലുകളില്‍ കഴിയുന്ന തങ്ങളുടെ പോരാളികളുടെ മോചനമാണത്രെ. എന്നാല്‍ റസിസ്റ്റന്‍സ് ആര്‍മി വരുമാന മാര്‍ഗമായാണ് മനുഷ്യക്കടത്ത് കര്‍മപദ്ധതിയായി മാറ്റിയെടുത്തത്. കടത്തിക്കൊണ്ടുപോയ കുട്ടികളെ ഭാര്യമാരായി വെച്ച് ഗര്‍ഭിണികളാവുന്പോള്‍ വലിച്ചെറിയുകയാണ് പതിവ്. ഇങ്ങനെ പുറന്തള്ളപ്പെടുന്ന സ്ത്രീകള്‍ക്കായി പ്രത്യേക അനാഥാലയങ്ങള്‍ പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്നുണ്ടത്രെ. ലൈംഗികമായി പീഡിപ്പിക്കാന്‍ കണ്ണില്‍കാണുന്ന പെണ്‍കുട്ടികളെ യഥേഷ്ടം തട്ടിക്കൊണ്ടുപോയപ്പോള്‍ ലോകം കണ്ടഭാവം കാട്ടിയതേയില്ല.

എണ്ണയും സ്വര്‍ണവും അപൂര്‍വ ധാതുലവണങ്ങളും സമൃദ്ധമായ ആഫ്രിക്കയില്‍ നിന്ന് കോളനിശക്തികള്‍ ഇതുവരെ വിട്ടുപോയിട്ടില്ല എന്നതാണ് ബോകോ ഹറാമുകള്‍ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ വ്യാപനത്തിനു മൗലിക കാരണം. ഇത്തരം ഗ്രൂപ്പുകള്‍ക്ക് സാന്പത്തിക സഹായങ്ങളും ആയുധങ്ങളും നല്‍കുന്നത് വിദേശശക്തികളാണ്. കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ ഭീകരവാദ കരിന്പട്ടികയില്‍ ഇടം നേടിയ ബോകോ ഹറാമിനെക്കുറിച്ച് ചോര മരവിപ്പിക്കുന്ന വാര്‍ത്തകളാണ് നമ്മെ തേടിയെത്തുന്നതെങ്കിലും അന്വേഷണം നീളുന്പോള്‍ ഇതാണോ വലിയ കാര്യം എന്ന് തോന്നിപ്പിച്ചേക്കാം. നൈജീരിയയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ സംസാര ഭാഷയായ ഹൗസില്‍ ബോകോ എന്നാല്‍ വ്യാജം എന്നാണ് അര്‍ഥം. ഇംഗ്ലീഷ് ഭാഷയെ വ്യാജമായി കണ്ട ജനത അത് പഠിക്കുന്നത് വൃത്തികേടായി സങ്കല്‍പിച്ചതോടെയാണ് ബോകോ ഹറാം എന്ന പേര് വീണത്. 2002ല്‍ സ്ഥാപിതമായ സംഘടനയുടെ യഥാര്‍ഥ പേര് ജംഇയ്യതുഅഹ്ലുസ്സുന്ന ലിദ്ദഅ്വ വല്‍ ജിഹാദ് എന്നാണ്. സ്ഥാപക നേതാവ് മുഹമ്മദ് യൂസുഫിനെ നൈജീരിയന്‍ ഭരണകൂടം കൊന്നതോടെയാണ് അബൂബക്കര്‍ ഷെഖാവത് നേതൃത്വം ഏറ്റെടുക്കുന്നത്. 2009ല്‍ ഇദ്ദേഹം അമീറായ ശേഷമാണ് പോരാട്ടത്തിന് ആക്കം കൂട്ടിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ആറായിരത്തോളം പേരെ ഇക്കൂട്ടര്‍ കൊന്നു എന്നാണ് റിപ്പോര്‍ട്ട്. സ്കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെയാണ് വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. അതോടെ അദ്ദേഹത്തിന്‍റെ കഥ കഴിക്കാന്‍ എത്രയോ ശ്രമങ്ങളുണ്ടായി. അബൂബക്കര്‍ കൊല്ലപ്പെട്ടുവെന്ന് പല തവണ വാര്‍ത്ത പ്രചരിച്ചെങ്കിലും ജീവനോടെ തിരിച്ചു വന്നതാണ് അനുഭവം. നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ വനാന്തരങ്ങളിലെവിടെയോ കഴിയുന്ന ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമേരിക്ക ഏഴുദശലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. ബോകോ ഹറാമിന്‍റെ മുതിര്‍ന്ന നേതാക്കള്‍ക്കു പോലും അമീറിനെ നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ലത്രെ. അതേസമയം മുന്പ് ഉസാമാ ബിന്‍ ലാദിന്‍ ചെയ്തത് പോലെ വീഡിയോവില്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ പോരാട്ടവീര്യം ലോകത്തെ അറിയിക്കാന്‍ ധൈര്യപ്പെടുകയുമാണ്.

കഥാപുരുഷനെക്കുറിച്ച് കൂടുതല്‍ ആര്‍ക്കും അറിവില്ലാത്തതു കൊണ്ട് നാട്ടിലും ലോകത്തിന്‍റെ മുക്കുമൂലയിലും പ്രചരിപ്പിക്കപ്പെടുന്നത് അസത്യങ്ങളോ അര്‍ധസത്യങ്ങളോ ആണ്. അതേസമയം ആര്‍ക്കും നിഷേധിക്കാനാവാത്ത ഒരു സത്യമുണ്ട് അത് ബോകോഹറാമിനെ സൃഷ്ടിച്ച നൈജീരിയയുടെ സാമൂഹികാവസ്ഥയാണ്. പ്രകൃതിവിഭവങ്ങള്‍ കൊണ്ട് അനുഗൃഹീതമായ ഈ രാജ്യം ആഭ്യന്തര ഉല്‍പാദന കാര്യത്തില്‍ (ജി.ഡി.പി) വന്‍കരയിലെ ഒന്നാമത്തെ രാജ്യമാണ്. 17കോടി ജനതയുണ്ടിവിടെ. എണ്ണയും യുറേനിയവും മറ്റു ലോഹങ്ങളും ഭൂമിക്കടിയില്‍ ധാരാളമായി കണ്ടെത്തിയിട്ടും ലോകത്തിലെ ഏറ്റവും ദരിദ്രസമൂഹം അധിവസിക്കുന്ന നാടാണിത്. തെക്കും വടക്കും തമ്മിലുള്ള അന്തരമാണ് ഭീകരവാദികളെ സൃഷ്ടിക്കുന്നത്. മുസ്ലിംഭൂരിപക്ഷ മേഖലയില്‍ എഴുപത് ശതമാനവും പട്ടിണിപ്പാവങ്ങളാണ്. തൊഴിലില്ലായ്മയും നിരക്ഷരതയും കൊടികുത്തി വാഴുന്നു. മുസ്ലിം ഭൂരിപക്ഷ ഉത്തരമേഖലയില്‍ ദാരിദ്ര്യം 72ശതമാനമാണെങ്കില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ ദക്ഷിണ ഭാഗത്ത് 27ശതമാനം മാത്രം.

ബോകോ ഹറാമിനെ സൃഷ്ടിച്ച സാന്പത്തിക സാഹചര്യം അടിവരയിട്ടുകൊണ്ട് ടൈം വാരിക എഴുതുന്നത് ശ്രദ്ധിക്കുക നൈജീരിയയുടെ സന്പത്ത് മുഴുവനും ദക്ഷിണ ഭാഗത്ത് കേന്ദ്രീകരിച്ചിരിക്കയാണെന്നും ബോകോ ഹറാം അങ്ങേയറ്റത്തെ പിന്നാക്കാവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സാരം. ശരീഅത്തിനു കീഴില്‍ പ്രത്യേക രാജ്യമാണ് തങ്ങളുടെ ആവശ്യമെന്ന് ബോകോ ഹറാം അവകാശപ്പെടുന്നുണ്ടെങ്കിലും വിദഗ്ധര്‍ പറയുന്നത് വിശ്വാസത്തെക്കാള്‍ സാന്പത്തിക പരാധീനതകളും കൊള്ളയുമാണ് എല്ലാറ്റിന്‍റെയും പിറകില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ്. ലോകബാങ്കിന്‍റെ കണക്കനുസരിച്ച് നൈജീരിയയില്‍ പത്തുകോടി ദരിദ്രരുണ്ട്. രണ്ടുകോടി ജനം തൊഴില്‍രഹിതരാണ്. ഇതില്‍ അരകോടി യുവാക്കളാണ്. ജനസംഖ്യയുടെ നാല്‍പത്തഞ്ച് ശതമാനം പതിനഞ്ചു വയസ്സിനു താഴെയുള്ളവരാണ്.

ജീവിതദുരിതത്തിലേക്കും തീവ്രവാദത്തിലേക്കുമാണ് ഇവിടെ ഓരോ കുഞ്ഞും പിറന്നുവീഴുന്നത്. ദുര്‍ബലമായ ഭരണകൂടവും പരാജയപ്പെട്ട സ്ഥാപനങ്ങളും കോളനിവാഴ്ചക്കാര്‍ ബാക്കിവെച്ചുപോയ വിദ്വേഷത്തിന്‍റെ അന്തരീക്ഷവും ജനങ്ങളെ വംശത്തിന്‍റെയും ഭാഷയുടെയും മതത്തിന്‍റെയും പേരില്‍ സദാ പോരാട്ടത്തിലേര്‍പ്പെടുത്തുന്നു. നിരക്ഷരരായ ജനതയെ ഏത് ബാനറിലും സംഘടിപ്പിക്കാമെന്ന് വന്നതോടെയാണ് മുഹമ്മദ് യൂസുഫും അബൂബക്കറുമൊക്കെ ആകര്‍ഷണ കേന്ദ്രമാകുന്നത്. തങ്ങളുടെ ദുര്‍ഗ്രസ്തമായ ജീവിതത്തിനു കോളനിശക്തികളുടെ ഇടപെടലുകളാണ് അടിസ്ഥാന കാരണമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് പാശ്ചാത്യമായ എന്തിനെയും ഇവര്‍ വെറുക്കുന്നത്. 1903ല്‍ ബ്രിട്ടീഷുകാര്‍ ആധിപത്യം സ്ഥാപിച്ചതോടെയാണ് തങ്ങളുടെ കഷ്ടകാലം തുടങ്ങിയതെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. കോളനിവാഴ്ചക്കാലത്ത് മുഖ്യമായും നടന്നത് മതംമാറ്റമായിരുന്നു. അങ്ങനെയാണ് തെക്കന്‍മേഖല ക്രിസ്ത്യന്‍ഭൂരിപക്ഷ പ്രദേശമായി പരിവര്‍ത്തിതമാകുന്നത്. 1960ല്‍ ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും ഭരണസ്ഥിരത ഉറപ്പാക്കാന്‍ കോളനിശക്തികള്‍ അനുവദിച്ചില്ല. ജനാധിപത്യരീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹാജി അബൂബക്കര്‍ തഫേല പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പട്ടാളഅട്ടിമറിയിലൂടെ ജനറല്‍ യാക്കോബ് ഗാവോണ്‍ അധികാരം പിടിച്ചെടുത്തത് അരാജകത്വത്തിന് തുടക്കമിടുകയായിരുന്നു. പാശ്ചാത്യരുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു ഈ ജനായത്ത ഹത്യ. ബ്രിട്ടീഷ് ഭരണകാലത്ത് ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ നടത്തുന്ന സ്കൂളുകളില്‍ മുസ്ലിംകുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ മതംമാറ്റം അനിവാര്യമായിരുന്നു. അങ്ങനെ പന്ത്രണ്ടാം വയസ്സില്‍ മതംമാറിയ ഗവോണ്‍ ഭരിക്കുന്നതിനു പകരം മുസ്ലിംകളെ ഉന്മൂലനം ചെയ്യുന്നതിലും വംശീയവും മതപരവുമായ സംഘര്‍ഷങ്ങള്‍ വളര്‍ത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തുടര്‍ന്നിങ്ങോട്ട് ആഭ്യന്തര സംഘര്‍ഷങ്ങളുടെ വിളയാട്ടമായിരുന്നു. അതിനിടയിലാണ് ബോകോ ഹറാം രൂപം കൊള്ളുന്നതും പ്രസിഡന്‍റ് ഗുഡ്ലക് ജോനാഥന്‍റെ നേതൃത്വത്തിലുള്ള കഴിവുകെട്ട ഭരണത്തിന് അലോസരങ്ങള്‍ സൃഷ്ടിക്കുന്നതും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ഈ വിഭാതവേളയില്‍ ആഫ്രിക്കന്‍ വന്‍കരയിലൂടെ ഒന്നുകണ്ണോടിച്ചാല്‍ കാണാന്‍ സാധിക്കുന്ന ഏറ്റവും അÇീലകരമായ ചിത്രം ക്രിസ്ത്യന്‍ മിഷനറിമാരുടെ ആക്രമണോല്‍സുകമായ മതപരിവര്‍ത്തന യത്നങ്ങളും വന്‍കരയുടെ പ്രകൃതി സന്പത്ത് കൊള്ളയടിക്കാന്‍ വന്‍ശക്തികള്‍ നടത്തുന്ന ആസൂത്രിതമായ ഇടപെടലുകളുമാണ്. ജീവിതപ്പെരുവഴിയില്‍ എല്ലാം നഷ്ടപ്പെട്ട ജനത അതിനിടയില്‍ ആയുധമെടുത്തും ആത്യന്തികമായി ചിന്തിച്ചും സ്വയം നാശത്തിന്‍റെ വഴിയിലൂടെ കുതറുന്ന സങ്കടകരമായ കാഴ്ചയുടെ ഒന്നാന്തരം ഉദാഹരണമാണ് ബോകോ ഹറാം. ഈ ഭീകര കൂട്ടായ്മയെ ഉന്മൂലനം ചെയ്യാനെന്ന പേരില്‍ ലോകം മുഴുവന്‍ സായുധസജ്ജരായി അബൂജയിലേക്ക് പറക്കുന്പോള്‍ മറ്റൊരു അഫ്ഗാന് തിരശ്ശീല ഉയരുകയാണ്. യഥാര്‍ഥത്തില്‍ ഭീകരവിരുദ്ധ വേട്ടയുടെ മറവില്‍ നൈജീരിയയില്‍ ആധിപത്യം സ്ഥാപിക്കുകയാണ് അമേരിക്കയുടെയും ബ്രിട്ടന്‍റെയും ഫ്രാന്‍സിന്‍റെയുമൊക്കെ ഉള്ളിന്‍റെയുള്ളിലെ ലക്ഷ്യം. കാരണം ചൈനയും ഇന്ത്യയും ബ്രസീലും നൈജീരിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുമായി അടുക്കുന്നതും വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതും അമേരിക്കക്ക് സഹിക്കുന്നില്ല. കമ്യൂണിസ്റ്റ് ചിലിയുടെ എണ്ണ ഇറക്കുമതിയില്‍ മൂന്നിലൊന്ന് നൈജീരിയയില്‍ നിന്നാണ്. നൈജീരിയന്‍ റെയില്‍വേയില്‍ പതിമൂന്ന് ബില്യന്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ചൈന സന്നദ്ധത പ്രകടിപ്പിച്ചത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. കാണാതായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ സഹായസഹകരണവുമായി ചൈന മുന്നോട്ടുവന്നതും വൈറ്റ്ഹൗസിന് രസിച്ചിട്ടില്ല. അപ്പോള്‍ ഭീകരവിരുദ്ധ പോരാട്ടത്തിന്‍റെ മറവില്‍ ചൈന പോലുള്ള രാജ്യങ്ങളിലേക്ക് നൈജീരിയയുടെ പ്രകൃതിസന്പത്ത് ഒഴുകുന്നത് തടഞ്ഞുനിര്‍ത്തേണ്ടത് യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തുതീര്‍ക്കേണ്ട പദ്ധതിയാണെന്ന് യു.എസ് മനസ്സിലാക്കുന്നു. ബോകോ ഹറാമും ഇസ്ലാമിക ഭീകരവാദവുമൊക്കെ അതിനുള്ള ഒരു പുകമറ മാത്രമാണ്.

ശാഹിദ്

One Response to "ബോകോ ഹറാമും ലോകമറിയാത്ത ആഫ്രിക്കന്‍ കഥകളും"

  1. jamu  August 21, 2014 at 6:30 am

    informative …………

You must be logged in to post a comment Login