വിശുദ്ധഭൂമിയിലെ റമളാന്ദിനരാത്രങ്ങള് ആത്മീയാനുഭവങ്ങളുടെ വസന്തകാലമാണ്. റമളാന്റെ ചന്ദ്രക്കീറ് മാനത്തു തെളിയുന്നതിന് മുന്‍പുള്ള ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്നതാണ് പുണ്യങ്ങളുടെ പൂക്കാലത്തെ വരവേല്‍ക്കാനുള്ള മുന്നൊരുക്കം.
വിശുദ്ധ മക്കയുടെ തെരുവുകള്‍ റമളാനു തൊട്ടുമുന്‍പേ ദീപാലങ്കൃതമാവും. വിളക്കുകാലുകളും കൂറ്റന്‍ കെട്ടിടങ്ങളും ഹോട്ടലുകളും അപ്പാര്‍ട്ടുമെന്റുകളും സര്‍ക്കാര്‍ ഓഫീസ് മന്ദിരങ്ങളും ബഹുവര്‍ണ വ്യൈുത ദീപങ്ങളാല്‍ അലങ്കരിക്കും. വീടുകളും പള്ളികളും മോടിപിടിപ്പിക്കും. പുതിയ കാര്‍പെറ്റു വിരിച്ചും വീട്ടുപകരണങ്ങള്‍ പുതുക്കിയും സ്വദേശികള്‍ പുണ്യമാസത്തെ വരവേല്‍ക്കാനൊരുങ്ങും.
വിശുദ്ധ മസ്ജിദുല്‍ഹറാമിലും റമളാന്‍ മുന്നൊരുക്കങ്ങള്‍ സജീവമാണ്. ലക്ഷക്കണക്കിനു വിശ്വാസികളെ ഉള്‍ക്കൊള്ളാനായി ഹറമും പരിസരവും സൗകര്യപ്പെടുത്തും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിച്ച ക്രെയിനുകളും നിര്‍മാണ സാമഗ്രികളും ഒതുക്കി നിസ്കാരത്തിനും തീര്‍ത്ഥാടകരുടെ പോക്കുവരവിനും കൂടുതല്‍ സൗകര്യമൊരുക്കും. ശബ്ദവും വെളിച്ചവും അംഗശുദ്ധീകരണ സൗകര്യവും വിപുലമാക്കും. കൂടുതല്‍ ടോയ്ലറ്റുകള് നിര്‍മിക്കും. ഹറം പരിസരത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വളരെയകലെ തയാറാക്കിയ പാര്‍ക്കിംഗ് ഏരിയകളില്‍ ചെറുവാഹനങ്ങള്‍ പിടിച്ചിട്ട് ബസുകളില്‍ തീര്‍ത്ഥാടകരെ ഹറമിലേക്കെത്തിക്കും.
ഹറം വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ കച്ചവടസ്ഥാപനങ്ങള്‍ക്കു പകരമായി താല്‍ക്കാലിക ഹോട്ടലുകളും ഷോപ്പുകളും ഹറമില്‍ നിന്നു വളരെയകലെയല്ലാതെ നിര്‍മിക്കും. കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യും. ഹറമിലേക്ക് ഒഴുകിയെത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്ക് മത്വാഫിലേക്കും മസ്അയിലേക്കും തിരിച്ച് പാര്‍ക്കിംഗ് ഏരിയയിലേക്കും തടവില്ലാതെ പോകുന്നതിന് സംവിധാനമൊരുക്കും.
ലക്ഷങ്ങള്‍ സംഗമിക്കുന്ന പുണ്യനഗരി നിമിഷനേരം കൊണ്ട് വൃത്തിയാക്കുന്ന സംവിധാനം ഏറെ കൗതുകകരമാണ്. നോന്പു തുറക്കു ശേഷം മത്വാഫു മുഴുവന്‍ പത്തുമിനുട്ട് കൊണ്ടാണ് കഴുകി വൃത്തിയാക്കുന്നത്.
സുബ്ഹി നിസ്കാരത്തിനു ശേഷം നാടും നഗരവും ഉറക്കിലേക്കു നീങ്ങും. സൂര്യന് ഉദിക്കുന്നതും ഉച്ചയാകുന്നതും അധികമാരും അറിയില്ല. റോഡും തെരുവുകളും ഉണരാന്‍ ഉച്ച കഴിയണം. പക്ഷേ, ഹറമും പരിസരവും രാവും പകലും ഉണര്‍ന്നിരിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ സംഘങ്ങള്‍ വന്നും പോയും കൊണ്ടിരിക്കും. ലബ്ബൈക്ക മന്ത്രധ്വനി മുഴുവന്‍ സമയവും മുഴങ്ങിക്കൊണ്ടിരിക്കും.
വിശുദ്ധ ഹറമിലെ ഇഫ്താര്‍ വിസ്മയകരമാണ്. ആഫ്രിക്കക്കാരനും അമേരിക്കക്കാരനും യൂറോപ്യനും ഇന്ത്യക്കാരനും അറബിയും ഒരേ സുപ്രയില്‍ നിന്നു നോന്പു തുറക്കുന്നു. ഭരണാധിപരും ഭരണീയരും ധനാഢ്യരും സാധാരണക്കാരും തൊഴിലാളിയും മുതലാളിയും വൃദ്ധരും ചെറുപ്പക്കാരും കഴിക്കുന്നത് ഈത്തപ്പഴവും സംസം വെള്ളവും മാത്രം.
ളുഹ്റ് നിസ്കാരത്തിനു ഹറമില്‍ വന്നു തറാവീഹ് നിസ്കാരവും കഴിഞ്ഞ് വീടുകളിലേക്കോ താമസസ്ഥലത്തേക്കോ പോകുന്നവരാണധികവും. മുഴുവന്‍ സമയവും ഇഅ്തികാഫ് ഇരിക്കുന്ന ആയിരങ്ങളെ വേറെയും കാണാം.
അസ്വ്റ് നിസ്കാരത്തോടെ ഖഹ്വയും ചായയും ഫ്ളാസ്കുകളില്‍ നിറച്ച് ഹറമിലേക്ക് നീങ്ങുന്ന ചെറുസംഘങ്ങളെ കാണാം. ഇതില്‍ വലിയ ധനാഢ്യരും ഉന്നത ഉദ്യോഗസ്ഥരുമുള്പ്പെടും. ഹറമില്‍ നോന്പുതുറപ്പിക്കാന്‍ ഏര്‍പ്പാടാക്കിയ തൊഴിലാളികളെയും കാണാം. ഉച്ചക്കു മുന്‍പു തന്നെ തങ്ങളുടെ ഇടം, നീളത്തില്‍ കാര്പ്പറ്റുകള്ക്കിടയില് സുപ്ര ചുരുട്ടി വച്ച് ബുക്ക് ചെയ്തു വെക്കും. അഞ്ചുമണിയോടെ സുപ്ര നിവര്‍ത്തി ഈത്തപ്പഴവും സംസം വെള്ളവും നിരത്തും. മഗ്രിബ് ബാങ്കിനു മുന്‍പേ തങ്ങളുടെ സുപ്രയിലേക്ക് നോന്പുകാരെ ക്ഷണിക്കാന്‍ പ്രധാന കവാടത്തിലൊക്കെ ആതിഥേയര്‍ കാത്തിരിക്കും. സാധാരണ തൊഴിലാളിയെ കൈപിടിച്ചു തങ്ങളുടെ സുപ്രയിലേക്ക് എത്തുന്നതുവരെ അനുഗമിക്കുന്നത് ഉന്നത ഉദ്യോസ്ഥനാവാം. കുബേരനാവാം. പുണ്യഭവനത്തില്‍ എല്ലാവരും സമന്മാര്. തഖ്വയുള്ളവന് ഏറെ ഉന്നതന്. ത്വവാഫ് ചെയ്യുന്ന നോന്പുകാര്ക്കായി ഈത്തപ്പഴവും സംസവും പിടിച്ച് ചുറ്റും നില്ക്കുന്നവര് മത്വാഫിലെ സ്ഥിരം കാഴ്ചയാണ്. എന്തെങ്കിലും ഒരു നന്മ ചെയ്ത് പുണ്യം നേടാന്‍ കൊതിക്കുന്ന അനേകം പേരെ കാണാം. ഉഷ്ണം കാരണം വിയര്ത്തൊലിക്കുന്നവര്ക്ക് ടിഷ്യു പേപ്പര്‍ വിതരണം ചെയ്യുന്നവര്‍, തണുത്ത വെള്ളം ബോട്ടിലിലാക്കി സ്പ്രേ ചെയ്യുന്നവര്‍….
പാതയോരങ്ങളിലും പള്ളികളോടനുബന്ധിച്ചും ഇഫ്താര്‍ ടെന്റുകള്‍ ഉയരും. ഇറച്ചിയും ഗോതന്പും പ്രത്യേക ചേരുവകളും ചേര്‍ത്ത് വേവിച്ചെടുക്കുന്ന ശുര്ബ എന്നു വിളിക്കുന്ന മധുരമില്ലാത്ത പായസം ഇത്തരം ടെന്റുകളില്‍ സ്ഥിരം വിഭവമാണ്. പഴങ്ങളും ലഘു പലഹാരങ്ങളും സുപ്രയിലുണ്ടാവും.
ഭക്ഷണക്കൂന്പാരങ്ങള് കൊണ്ട് റമളാനെ തീറ്റയുടെ ആഘോഷമാക്കുന്ന നമ്മുടെ നാട്ടിലെ നടപ്പുശീലങ്ങള്‍ക്ക് മറുപടിയാണ് മക്കയിലെ ഇഫ്താര്‍. വിഭവങ്ങളിലെ ലാളിത്യം കാരണം ധാരാളം പേരെ നോന്പുതുറപ്പിക്കാന്‍ ഏതു സാധാരണക്കാരന്നും സാധിക്കുന്നു. അത് ആരോഗ്യദായകമാണു താനും.
ഹറം മസ്ജിദിനു പുറത്ത് വിശാലമായ മുറ്റത്ത് രാജകുടുംബത്തിന്റെ ഇഫ്താര്‍ വിരുന്നൊരുക്കിയിട്ടുണ്ടാവും. യൂണിഫോമിട്ട യുവാക്കളാണ് സുപ്ര നിയന്ത്രിക്കുന്നത്. ഈത്തപ്പഴത്തോടൊപ്പം കബ്സയും പഴങ്ങളും ജ്യൂസും അടങ്ങിയ കിറ്റ് ജനലക്ഷങ്ങള്‍ക്കായി വിതരണം ചെയ്യും.
മഗ്രിബ് ബാങ്കിനു മുന്‍പുള്ള കുറഞ്ഞ സമയത്തെ കാഴ്ചകള്‍ അവര്‍ണനീയമാണ്. വിതുന്പുന്ന ചുണ്ടുകളോടെ എല്ലാം നാഥനില്‍ അര്പിച്ചുകൊണ്ട് കൈ ഉയര്‍ത്തിയവര്‍ വിശ്വാസിക്ക് ലഭിക്കാനിരിക്കുന്ന വലിയ സന്തോഷത്തെ പ്രതീക്ഷിക്കുന്നവരാണ്. ബാങ്ക് കൊടുത്ത ഉടനെ നോന്പുതുറന്ന് അഞ്ചുമിനുട്ട് കൊണ്ട് ജമാഅത്തിനായി സ്വഫ് നില്ക്കും.
മഗ്രിബിനു ശേഷം ഇശാ നിസ്കാരത്തിനിടക്ക് രണ്ടു മണിക്കൂറിന്റെ ഇടവേളയുണ്ട്. ഭക്ഷണത്തിനും പ്രാഥമിക കര്‍മങ്ങള്‍ക്കും കൂടി സൗകര്യപ്പെടുത്തിയതാവാം. ഹറമിന്റെ മുകള്‍തട്ടില്‍ തുറസ്സായ സ്ഥലത്ത് നിസ്കരിക്കാനാവും ഏറെപ്പേരും ഇഷ്ടപ്പെടുന്നതെന്നു തോന്നുന്നു. കഅ്ബയെ തഴുകിയെത്തുന്ന പ്രകൃതിയുടെ ഇളം തെന്നല്‍ ആസ്വദിച്ചു കൊണ്ട് ആകാശപ്പരപ്പിനു താഴെ സ്വഫുകള്‍ നേരത്തെ നിറഞ്ഞു കവിയും.
ഇശാ ജമാഅത്തു കഴിഞ്ഞാല്‍ തറാവീഹിനു സമയമായി. മൂന്നു ഇമാമുകള്‍ മാറി മാറിയാണ് നേതൃത്വം നല്‍കുന്നത്. ആദ്യകാലങ്ങളില്‍ രണ്ടുപേരായിരുന്നു. ഒരുമാസം കൊണ്ട് ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുന്ന തറാവീഹ് നിസ്കാരവും വിത്റും പൂര്‍ത്തിയാകുവാന്‍ രണ്ടു മണിക്കൂറെടുക്കും.
പവിത്രമായ ദിനരാത്രങ്ങളെ ദാനധര്‍മ്മം കൊണ്ടു ധന്യമാക്കുന്ന നിരവധിയാളുകളെ കാണാം. വളരെ രഹസ്യമായി അടുത്തുവന്ന് ഇരുചെവിയറിയാതെ സാധുക്കളെ നിര്‍ലോഭം സഹായിക്കുന്നവരാണേറെയും. ഹറമിലെ ജോലിക്കാര്‍ക്കും കൊയ്ത്തുകാലമാണിത്. ഹറമില്‍ നിന്നു വീടുകളിലേക്ക് പോകാതെ ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് അത്താഴം പാക്കറ്റുകളിലാക്കി എത്തിച്ചു കൊടുക്കുന്നവരുമുണ്ട്.
പ്രമുഖ കന്പനികളും സ്ഥാപനങ്ങളും ലക്ഷക്കണക്കിന് ഇഫ്താര്‍/ അത്താഴ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. നിരവധി മലയാളി പ്രമുഖരും സംഘടനകളും ആയിരങ്ങളെ നോന്പ് തുറപ്പിക്കാന്‍ സംവിധാനമൊരുക്കാറുണ്ട്.
ഖുര്‍ആന്‍ അവതീര്‍ണമായ മാസം എന്ന പ്രത്യേകത കൂടിയുണ്ടല്ലോ വിശുദ്ധ റമളാനിന്ന്. ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും വിശുദ്ധ ഹറം വേദിയൊരുക്കും. നിരവധി തവണ ഖുര്‍ആന്‍ ഖത്മ് പൂര്ത്തിയാക്കിയോതുന്ന മലയാളിതീര്ത്ഥാടകരെ കാണാം. തജ്വീദ് അനുസരിച്ച് ഖുര്‍ആന്‍ പഠിപ്പിക്കുന്ന ദര്സുകള് ഹറമിലെ റമളാന്‍ കാഴ്ചകളിലൊന്നാണ്. വിവിധ രാജ്യക്കാരുടെ കീഴില്‍ ഏറെ പഠിതാക്കളുണ്ടാവും.
ഏറെക്കാലം മക്കയില്‍ ഉണ്ടായിരുന്ന മലപ്പുറം കുറുകത്താണി സ്വദേശി മുഹമ്മദുകുട്ടി മുസ്ലിയാരുടെ തജ്വീദ് ദര്‍സ് പ്രസിദ്ധമാണ്. ബാബുല്ഉംറക്ക് സമീപം റമളാനില്‍ അസറിനു ശേഷം നടത്തിയിരുന്ന ക്ലാസില്‍ നിരവധി പേര് ഖുര്‍ആന്‍ തെറ്റുകൂടാതെ ഓതിപ്പഠിച്ചിട്ടുണ്ട്. ഓരോ നിസ്കാരത്തിനു ശേഷവും പണ്ഡിതരുടെ പ്രഭാഷണങ്ങളുമുണ്ടാവും.
പുണ്യനഗരിയിലെ തെരുവുകള്‍ നോന്പുകാലത്തിനൊത്ത് മാറും. പെര്‍ഫ്യൂം ഷോപ്പുകളും തസ്ബീഹ് മാലകള്‍ വില്‍ക്കുന്ന കടകളും ഇസ്ലാമിക കാസറ്റുകടകളും ഈത്തപ്പഴക്കടകളും ഏറെ കാണാം. കാസറ്റുകടകളില്‍ നിന്ന് പരന്നൊഴുകുന്ന വിവിധ ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണ വീചികള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കും. അറബി അത്തറിന്റെയും ഊദിന്റെയും പരിമളവും ഉംറക്കാരുടെ ലബ്ബൈക്ക വിളിയും ചേര്‍ന്ന് സൃഷ്ടിക്കുന്ന അവസ്ഥ അനുഭവിച്ചറിയുകയേ തരമുള്ളൂ.
റമളാന്‍ അവസാന പത്തിലേക്കു കടക്കുന്നതോടെ വിശുദ്ധ ഹറമില്‍ തിരക്ക് പാരമ്യത്തിലെത്തും. മണിക്കൂറുകള്‍ക്ക് മുന്‍പേ ഓരോ വഖ്തിനും ഹറം നിറഞ്ഞു കവിയും. പാതിരാത്രിക്കു ശേഷം ആരംഭിക്കുന്ന ഖിയാമുല്ലൈല് അവസാനിക്കുന്പോള്‍ സമയം രണ്ടരയെങ്കിലുമാവും. ദീര്‍ഘമായ റക്അത്തുകള്‍. ഓരോ ദിവസവും മൂന്ന് ജുസുഅ് എങ്കിലും നിസ്കാരത്തില്‍ പൂര്‍ത്തിയാക്കും. വിത്റും വിത്റിലെ ദീര്‍ഘ ഖുനൂതും കഴിയുന്പോള്‍ മൂന്നു മണിയോളമാവും. റബ്ബിലേക്കുള്ള അടുപ്പം ആത്മാവില്‍ അനുഭവിച്ച് വിശ്വാസികള്‍ ഹറമില്‍ നിന്ന് പുറത്തേക്കൊഴുകും.
മക്കയില്‍ ജോലിതേടിയെത്തിയ പ്രവാസികളായ സാധാരണക്കാര്‍ക്ക് വിശുദ്ധ ഹറമിലെ ഇഫ്താറും തറാവീഹും അനുഭവിച്ചറിയാനുള്ള ഭാഗ്യമുണ്ടാകാറില്ല. റമളാനില്‍ പൊതുവെ ജോലി ദൈര്‍ഘ്യം കുറവാണെങ്കിലും ജോലി രാത്രിയാണെന്നതിനാല്‍ ഉറങ്ങാനായി പകല്‍ സമയം ഉപയോഗപ്പെടുത്തുകയേ മാര്‍ഗമുള്ളൂ. എങ്കിലും റമളാനില്‍ പരമാവധി ഉംറ നിര്‍വഹിക്കാന്‍ മലയാളികളടക്കമുള്ളവര്‍ വലിയ ഉത്സാഹം കാണിക്കാറുണ്ട്. ടിവിയും മറ്റു വിനോദ ഉപകരണങ്ങളും ഒരു മാസത്തേക്ക് മാറ്റി വെക്കാന്‍ എല്ലാ രാജ്യക്കാരും ശ്രദ്ധിക്കാറുണ്ട്.
സ്വദേശികളില്‍ ബഹുഭൂരിപക്ഷവും ഉംറ നിര്‍വഹിക്കുന്നത് റമളാനിലാണ്. ഹജ്ജിന്റെ പ്രതിഫലം കൊതിച്ചുകൊണ്ട് റമളാനില്‍ ഉംറ നിര്‍വഹിക്കാന്‍ നമ്മുടെ നാട്ടില്‍ നിന്നടക്കം ഏറെപ്പേര്‍ എത്തും. ഇരുപത്തിയേഴാം രാവിലെ പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളാന്‍ രണ്ടു ദിവസത്തേക്കു മാത്രം എല്ലാ വര്‍ഷവും എത്തുന്ന പ്രമുഖരെ കാണാം.
റമളാന്‍ ഇരുപത്തൊന്പതിനും മുപ്പതിനും മക്ക പൊതുവെ ശാന്തമാണ്. തെരുവുകളില്‍ ഫിത്റ് സകാതിനുള്ള നിശ്ചിത അളവ് അരിയും ഗോതന്പും ചെറു പാക്കറ്റുകളില്‍ നിരത്തി വെച്ചതു കാണാം. ശവ്വാല്‍ മാസപ്പിറവി പ്രതീക്ഷിക്കുന്ന രാവില്‍ തറാവീഹ് ആരംഭിക്കാന്‍ അല്‍പ്പം വൈകും. പൊന്നന്പിളി മാനത്തുദിച്ച വിവരം ലഭിക്കുന്നതോടെ തക്ബീര്‍ ധ്വനി മുഴങ്ങും.
രാവ് അവസാനിക്കുന്നതിന് ഏറെ മുന്‍പു തന്നെ ഹറമിലെത്തിയാലേ നിസ്കരിക്കാന്‍ ഇടം കിട്ടൂ. സുബ്ഹി നിസ്കാരം കഴിഞ്ഞ് ഏറെ നേരം ഹറം തക്ബീര്‍ മധുരിമയില്‍ മുങ്ങും. ഈദുല്‍ഫിത്വറിന്റെ പുലര്‍കാലം വിശുദ്ധ കഅ്ബയുടെ തിരുമുറ്റത്ത് നിന്നുണ്ടാവുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്.
നിസ്കാരവും രണ്ടു ഖുതുബകളും കഴിഞ്ഞ് പരസ്പരം കെട്ടിപ്പിടിച്ച് പെരുന്നാളാശംസകള്‍ കൈമാറി വിശ്വാസികള്‍ വീടുകളിലേക്ക് തിരിച്ചു പോകും.
ജലീല്‍ വെളിമുക്ക്
You must be logged in to post a comment Login