ഇടതുപക്ഷം’ എന്ന വാക്കിനെ ഏറ്റവും ലളിതമായി ഒറ്റവാക്കില്‍ നിര്‍വചിക്കേണ്ടി വന്നാല്‍ ദുര്‍ബലപക്ഷം’ എന്നാവും ഞാന്‍ പറയുക. ദുര്‍ബലപക്ഷം’ എന്ന സമസ്തപദം രണ്ടു സമാസങ്ങളായി വിഗ്രഹിക്കാവുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ ഇന്ന് ഇന്ത്യയില്‍ സംജാതമായിരിക്കുന്നു. ഒന്ന് ദുര്‍ബലന്‍റെ പക്ഷം’ എന്ന പ്രത്യയശാസ്ത്രാടിത്തറയാണെങ്കില്‍ രണ്ടാമത്തേത് ദുര്‍ബലമായ പക്ഷം’ എന്ന കാലിക യാഥാര്‍ത്ഥ്യമാണ്. ദുര്‍ബലന്‍റെ പക്ഷത്തു നിന്ന് വഴിമാറി സഞ്ചരിച്ചതാണ് ഇടതുപക്ഷം ദുര്‍ബലമാകാന്‍ കാരണമെന്ന വിമര്‍ശനം പുറത്തു നിന്ന് മുഴങ്ങിയും അകത്തു നിന്ന് പതുങ്ങിയും ഉയരുന്നത് സ്വാഭാവികമാണ്. രാജ്യത്താകെ ഇടതുപക്ഷത്തിനേറ്റ തകര്‍ച്ചക്ക് നയപരവും സംഘടനാപരവുമായ കാരണങ്ങള്‍ കീറിമുറിച്ച് പരിശോധിക്കാന്‍ ഇടതു സംഘടനകള്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. പതിനാറാം ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിനെ വിശകലനം ചെയ്യുന്പോഴും ഇടതുപക്ഷ രീതിശാസ്ത്രപ്രകാരം വര്‍ഗബന്ധങ്ങള്‍ പരിശോധിച്ചുതന്നെയാണ് പരാജയകാരണങ്ങള്‍ കണ്ടെത്തുക. തീര്‍ച്ചയായും റാഡിക്കല്‍’ ആയ ചികിത്സയും തീവ്രമായ തിരുത്തലുകളും മാത്രമേ ഇടതുപക്ഷത്തെ ഇനി രക്ഷപ്പെടുത്തുകയുള്ളൂ. കാരണം ഒരു തിരഞ്ഞെടുപ്പു തോല്‍വിക്കുമപ്പുറം ഇടതുപക്ഷത്തിന്‍റെ ജനകീയാടിത്തറയും വിശ്വാസ്യതയും മാരകമായ തോതില്‍ ഇടിഞ്ഞു കഴിഞ്ഞിട്ടുണ്ട്.
ഇതിനിടയില്‍ ഇടതുപക്ഷത്തിന്‍റെ പരാജയകാരണങ്ങള്‍ മണ്ഡലം തിരിച്ച് പരിശോധിക്കുന്നതു തന്നെ അശാസ്ത്രീയവും അപ്രസക്തവുമാണ്. ഇന്ത്യയിലാകെ മുസ്ലിം ന്യൂനപക്ഷം ബിജെപിക്ക് വോട്ടുചെയ്യാന്‍ വഴിവച്ചത് എന്തായാലും ഇടതുപക്ഷമല്ലല്ലോ. അപ്പോള്‍ പിന്നെ മലപ്പുറത്തു മാത്രം ഇടതുപക്ഷം മുസ്ലിം സമുദായത്തെ റാഡിക്കല്‍ പരീക്ഷണത്തിലൂടെ അകറ്റി എന്ന വാദം എന്തുമാത്രം ദുര്‍ബലമാണ്? ഇടതുപക്ഷ രാഷ്ട്രീയത്തെ പുറത്തു നിന്ന് കാണുന്ന ഒരു ഗുണകാംക്ഷിയുടെ അത്യാരോപണങ്ങളാണ് എം സി ബശീര്‍ ഉന്നയിച്ചിരിക്കുന്നത്. (റാഡിക്കല്‍ രാഷ്ട്രീയത്തിന്‍റെ മലപ്പുറം ചിട്ടകള്‍ രിസാല 1093). ഇടതുപക്ഷ മനസ്സിനോട് അല്പംകൂടി അടുത്തു നിന്നാല്‍ ഇത്തവണത്തെ കേരളത്തിലെയെങ്കിലും സ്ഥാനാര്‍ത്ഥികളുടെ ജാതകം എളുപ്പത്തില്‍ പിടികിട്ടുമായിരുന്നു. മലപ്പുറത്തു മാത്രം ഒരു റാഡിക്കല്‍ പിണ്ണാക്കും’ നടന്നില്ല എന്നും അതോടെ ബോധ്യമാകും. ഇടതുപക്ഷത്തിന്‍റെ സംഘടനാപരമായ ദൗര്‍ബല്യങ്ങളാണ് ചില സ്ഥാനാര്‍ത്ഥികളെയെങ്കിലും കളത്തിലിറക്കാന്‍ യഥാര്‍ത്ഥ കാരണമെന്ന് അപ്പോള്‍ ആരോപിക്കേണ്ടിവരും.
ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ പല മണ്ഡലങ്ങളിലും ഇടതുപക്ഷക്കാര്‍ക്കു തന്നെ ബോധ്യപ്പെടാന്‍ എത്രയോ ദിവസങ്ങളെടുത്തു. ബശീര്‍ തന്നെ സൂചിപ്പിച്ച തിരുവനന്തപുരം, എറണാകുളം, ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളില്‍ മാത്രമല്ല മലപ്പുറത്തും പൊന്നാനിയിലുമൊക്കെ ഈ അവസ്ഥയുണ്ടായിരുന്നു. ഇവയില്‍ ഇടുക്കിയിലും ചാലക്കുടിയിലും ജയിച്ചു കയറിയതും പൊന്നാനിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതും ഇടതു സ്ഥാനാര്‍ത്ഥികളുടെ മേന്മയേക്കാളേറെ, മറ്റു കാരണങ്ങള്‍ കൊണ്ടാണെന്നും ഏവര്‍ക്കുമറിയാം. മലപ്പുറത്താണെങ്കില്‍ ഇ അഹമ്മദിനെ തോല്‍പിക്കാന്‍ ലീഗുകാര്‍ തന്നെ മെനക്കെട്ടിട്ടും ഇടതുസ്ഥാനാര്‍ത്ഥി ദയനീയമായി തോറ്റതിലാണല്ലോ ലേഖകന്‍റെ സങ്കടം. ആ സങ്കടത്തിനു പക്ഷേ, അദ്ദേഹം കണ്ടെത്തിയ കാരണം യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്.
പാര്‍ലമെന്‍ററി നയങ്ങളില്‍ ഇടതുപക്ഷത്തിന്‍റെ ലക്ഷ്യങ്ങള്‍ സുവ്യക്തവും പ്രഖ്യാപിതവുമാണ്. സാധിക്കുമെങ്കില്‍ ജയിക്കുക തന്നെയാണ് ഒന്നാമത്തെ ലക്ഷ്യം. അത് സാധ്യമല്ലെങ്കില്‍ മുഖ്യഎതിരാളിയെ തോല്‍പിക്കുക/ ക്ഷീണിപ്പിക്കുക. അതും കഴിയില്ലെങ്കില്‍ റാഡിക്കല്‍ ഇടതുപക്ഷ’ത്തിന്‍റെ കരുത്തു കാട്ടുക. ഒന്നും രണ്ടും സാധ്യതയുണ്ടായിരുന്നിട്ടും മൂന്നാമത്തെ ലക്ഷ്യം തിരഞ്ഞെടുത്തു എന്നതാണ് മലപ്പുറത്തെ വീഴ്ചയായി ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മൂന്നാമത്തെ സാധ്യത ആദ്യമേ തന്നെ ആര്‍ജവത്തോടെ സ്വീകരിച്ചതല്ല എന്നും ഒന്നും രണ്ടും ലക്ഷ്യങ്ങളിലേക്കുള്ള വഴികള്‍ തുറന്നു കിട്ടാത്തതിനാല്‍ ഗത്യന്തരമില്ലാതെ മൂന്നാം മാര്‍ഗം സ്വയം വരിച്ചതാണെന്നും ഇടതു പക്ഷത്തെ അടുത്തറിഞ്ഞ ആര്‍ക്കുമറിയാം.
ഓരോ മണ്ഡലത്തിലെയും ജയസാധ്യതക്ക് മുന്‍തൂക്കം നല്‍കുന്പോള്‍ അവിടുത്തെ ഭൂരിപക്ഷ വോട്ടര്‍മാരുടെ മനോനില പരിഗണിക്കാന്‍ ലേഖകന്‍ പറയുന്ന മെയ്വഴക്ക’മൊന്നും ആവശ്യമില്ല. ടി കെ ഹംസ, കെ ടി ജലീല്‍ തുടങ്ങിയ നേതാക്കളെല്ലാം ഇടതുപക്ഷത്തേക്ക് വന്നത് സ്ഥാനാര്‍ത്ഥികളായിട്ടാണ്. അവരൊന്നും മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം വരുന്ന യാഥാസ്ഥിതിക പക്ഷത്തിന്‍റെ പ്രാതിനിധ്യമുള്ളവരുമല്ല. അവരുടേതായ രാഷ്ട്രീയ കാരണങ്ങളാല്‍ ഇടതുപക്ഷത്തു വന്ന് വേരുറപ്പിക്കുകയാണുണ്ടായത്. ഫിലിപ്പോസ് തോമസിനെ പത്തനംതിട്ടയിലും അബ്ദുറഹ്മാനെ പൊന്നാനിയിലും രംഗത്തിറക്കിയത് ഇത്തവണയും അത്തരം പരീക്ഷണങ്ങള്‍ നടന്നതിന്‍റെ തെളിവാണ്. മണ്ഡലത്തിന്‍റെ മനോനില പരിഗണിച്ചതിന്‍റെ പേരില്‍ കൈ പൊള്ളിയ അനുഭവവും ഇടതുപക്ഷത്തിനുണ്ട്. പൊന്നാനിയില്‍ ഡോ. ഹുസൈന്‍ രണ്ടത്താണിയെ പരിഗണിക്കുകയും അബ്ദുന്നാസര്‍ മഅ്ദനിയെ ആദരിക്കുകയും ചെയ്ത ഇടതുപക്ഷത്തിന് സ്വന്തം വോട്ടുകള്‍ നഷ്ടപ്പെടുകയാണല്ലോ ചെയ്തത്. അതുകൊണ്ട് ഇടുക്കി ചാലക്കുടി വഴക്കങ്ങള്‍ ഇടതുപക്ഷത്തിന് എല്ലായിടത്തും എപ്പോഴും ഗുണം ചെയ്യണമെന്നില്ല. മലപ്പുറത്തെ മുസ്ലിം ഭൂരിപക്ഷം ഇത്തവണ ഇടതുപക്ഷത്തെ അവഗണിച്ചുവെങ്കില്‍ അത് സ്ഥാനാര്‍ത്ഥിയുടെ ഉടുപ്പും നടപ്പും നോക്കിയാവണമെന്നില്ല. ഇതേ വോട്ടര്‍മാര്‍ (മണ്ഡലത്തിന് ചില്ലറ മാറ്റങ്ങളുണ്ട്) ടി കെ ഹംസയെ ജയിപ്പിച്ചതും തോല്പിച്ചതും പുരുഷാധിപത്യ യാഥാസ്ഥിതികത്വത്തിന്‍റെ ഓമനപുത്രന്‍ ആയതു കൊണ്ടല്ലല്ലോ. അതിനാല്‍ ഇടതുപക്ഷത്തിന്‍റെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് സ്ഥാനാര്‍ത്ഥികളല്ല നയപരിപാടികളും രാഷ്ട്രീയ സാഹചര്യവുമാണ് എന്നുവരുന്നു. ഇടുക്കി ജയിപ്പിച്ചത് കസ്തൂരിരംഗന്‍ ആണെങ്കില്‍ ചാലക്കുടി ജയിപ്പിച്ചത് പി സി ചാക്കോയാണ് എന്നര്‍ത്ഥം. ജോയ്സ് ജോര്‍ജിന്‍റെയോ ഇന്നസെന്‍റിന്‍റെയോ ക്രിസ്ത്യന്‍ മൂരാച്ചിത്തരത്തിന് കാര്യമായ മാര്‍ക്കൊന്നും വോട്ടര്‍മാര്‍ കൊടുത്തിട്ടില്ല. നായര്‍വോട്ട് ഭിന്നിച്ചു പോകുന്പോള്‍ നാടാര്‍വോട്ടുകൊണ്ട് ജിയിക്കാമെന്ന ലളിതസൂത്രം തിരുവനന്തപുരത്തും വിലപ്പോയില്ലല്ലോ.
ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥിപ്പട്ടികയെക്കുറിച്ച് വസ്തുതാപരമായ ചില വിമര്‍ശനങ്ങള്‍ തുടക്കം മുതലേ കേട്ടിരുന്നു. ഒന്ന് കരുത്തന്മാരായ സ്വന്തക്കാര്‍ അകത്തുള്ളപ്പോള്‍ ദുര്‍ബലരായ സ്വതന്ത്രന്മാരെ സ്വീകരിച്ചു എന്നതാണ്. എറണാകുളം മണ്ഡലം അത്തരം പാളിച്ചയുടെ മികച്ച മാതൃകയായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഇത്തരം സ്വതന്ത്രന്മാരെ തീരുമാനിച്ചത് ആരാണ് എന്ന കാര്യത്തിലും അവ്യക്തതയുള്ളതായി എം എം ലോറന്‍സിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെ പരാതിപ്പെടുന്നതും കണ്ടു. ജില്ലാ കമ്മിറ്റികളോടും ബന്ധപ്പെട്ട ഘടകങ്ങളോടും വേണ്ടവിധം ആലോചിക്കാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നുവെന്ന് സിപിഐയില്‍ പോലും പരാതി ഉയര്‍ന്നു. പല മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ ഇടതുപക്ഷത്തിനു തന്നെ പഥ്യമായിരുന്നില്ല എന്നാണല്ലോ ഇത്തരം പൊട്ടിത്തെറികള്‍ കാണിക്കുന്നത്.
പി കെ സൈനബയുടെ കാര്യത്തില്‍ സംഭവിച്ചത് ഇതൊന്നുമല്ല. മലപ്പുറത്തിന്‍റെ മനോനിലയനുസരിച്ച് മുസ്ലിം സ്ഥാനാര്‍ത്ഥി വേണമെന്ന് ഇടതുപക്ഷം ആലോചിച്ചിരിക്കണം. യാഥാസ്ഥിതികത്വത്തോട് യുദ്ധത്തിനു പോകാത്ത ഒരു പുരുഷകേസരിയെത്തന്നെ തേടിയിരിക്കണം. നാലാളറിയുന്ന സ്വതന്ത്രന്മാരെ കിട്ടാന്‍ നാലുപാടും പാഞ്ഞിരിക്കണം (ഡോ. ഫസല്‍ഗഫൂറിന്‍റെ പേര് ആദ്യഘട്ടത്തില്‍ കേട്ടിരുന്നു). ജയസാധ്യതയില്ലാത്ത സീറ്റില്‍ ലീഗിനോട് തോല്‍ക്കാന്‍ വന്പന്മാരാരും തയ്യാറാവാത്തത് സ്വാഭാവികം മാത്രം. പക്ഷേ, പിന്നീടാണ് കഥയിലെ സ്തോഭജനകമായ രംഗങ്ങള്‍ അരങ്ങേറുന്നത്. ഇടതുപക്ഷ നേതാക്കളില്‍ ലക്ഷണമൊത്ത’ പലരും മലപ്പുറത്തു മത്സരിക്കാന്‍ തയാറായില്ല. തോല്‍ക്കാന്‍ തയാറില്ലാത്ത പോരാളികളാല്‍ സമൃദ്ധമാണ് ഇടതുപക്ഷത്തിന്‍റെ അന്തരംഗം എന്ന് പതുക്കെയാണെങ്കിലും പുറത്തറിഞ്ഞു. പാര്‍ട്ടിക്കുവേണ്ടി എന്തും സഹിക്കാന്‍ തയ്യാറാവേണ്ട സഖാക്കള്‍ തോല്‍വിയുടെ അന്തസ്സുപോലും മനസ്സിലാക്കാത്ത കാലം വന്നു. പ്രവര്‍ത്തകരോട് ജീവന്‍ പോലും ആവശ്യപ്പെടാവുന്ന ഇടതുപാര്‍ട്ടികള്‍ ആവശ്യമുള്ളിടത്ത് സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി കേണപേക്ഷിച്ചിട്ടും പല നേതാക്കളും വഴങ്ങിയില്ല. അങ്ങനെയാണ് പി കെ സൈനബ എന്ന പെന്പറന്നോളുടെ തട്ടമിടാത്ത’ തലയില്‍ സ്ഥാനാര്‍ത്ഥിത്വം കെട്ടിവെച്ചത്. മക്കനയും പര്‍ദ്ദയും വാഴുന്ന മണ്ഡലത്തില്‍ ജയസാധ്യതയുള്ള ഒരു തട്ടക്കാരി’യെ കിട്ടിയാലും ഇടതുപക്ഷം സ്വീകരിക്കുമായിരുന്നു. ആരെയും കിട്ടാത്തിടത്ത് അനുസരിക്കാന്‍ മാത്രമറിയുന്ന സൈനബ പാര്‍ട്ടിയോട് കൂറുകാട്ടിയതില്‍ ബശീര്‍ ആരോപിച്ചതുപോലുള്ള ഒരു റാഡിക്കല്‍ പൊളിറ്റിക്സു’മില്ല. ദുര്‍ബലയായ ഒരു മുസ്ലിം സ്ത്രീയെ ഇടതുപക്ഷം ബലിയാടാക്കി എന്നു മാത്രം ആരോപിക്കാതിരുന്നാല്‍ മതി.
ചുരുക്കത്തില്‍ മലപ്പുറം മണ്ഡലത്തിലെ മഹാഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും അഭികാമ്യമാവുന്ന ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഇടതുപക്ഷം ശ്രമിച്ചില്ല’ എന്ന ലേഖകന്‍റെ ആരോപണം വസ്തുതാപരമല്ല. ശ്രമിച്ചിട്ടും സാധിച്ചില്ല’ എന്ന് വേണമെങ്കില്‍ ആരോപിക്കാം. ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരായുള്ള അതൃപ്തി പാണക്കാട്ട് നിവേദനമായും കൊണ്ടോട്ടിയില്‍ പ്രകടനമായും മുഴങ്ങിയതല്ലാതെ ഒരു നോമിനേഷന്‍ പേപ്പര്‍കാട്ടി വിരട്ടാന്‍ പോലും ഒരു നേതാവും ധ്യൈം കാട്ടിയില്ല. പി വി അബ്ദുല്‍വഹാബ് മുതല്‍ പി കെ ഫിറോസ് വരെ കേട്ടിരുന്ന പേരുകള്‍ ഒന്നും അമര്‍ഷപ്പടക്കങ്ങള്‍ക്കപ്പുറം പൊട്ടിയില്ല. ഖാഇദെമില്ലത്തിന്‍റെ പൗത്രന്‍ ദാവൂദ് മിയാഖാന്‍ ചെന്നൈയില്‍ നിന്നുവന്ന് മത്സരിക്കാന്‍ തയാറായെങ്കിലും പഴയ ദേശാടനപ്പക്ഷിപ്പേടി’ ഇടതുപക്ഷത്തെ പിന്തിരിപ്പിച്ചു. സമുദായ പരിഗണനകള്‍ക്കപ്പുറം നല്ല ഇടതുപക്ഷക്കാര്‍ (വി ശശികുമാറിന്‍റെ പേരും വാര്‍ത്തകളില്‍ വന്നിരുന്നു) മത്സരിച്ചാല്‍ പോലും അഹമ്മദ് തോല്‍ക്കുമായിരുന്നു എന്ന നിരീക്ഷണം തിരഞ്ഞെടുപ്പിനു മുന്പേ ഇടതുപക്ഷത്തിന് പിടികിട്ടിയതുമില്ല. അഹമ്മദിനെതിരെയുള്ള ജനകീയ രോഷത്തെ സൈനബയോടുള്ള യാഥാസ്ഥിതിക നീരസം കൊണ്ട് മറികടക്കാന്‍ ലീഗിന് സൗകര്യം ചെയ്തു കൊടുത്തത് ഇടതുപക്ഷത്തിന് പറ്റിയ ചരിത്രപരമായ വങ്കത്തരം’ തന്നെയാണ്. ഈ അബദ്ധം ലീഗുമായി ഇടതുനേതൃത്വം നടത്തിയ ഒത്തുകളിയാണ് എന്ന ആരോപണം പോലും പലകോണുകളില്‍ നിന്നും മുഴങ്ങി.
സൈനബയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കേരളീയ പൊതുമണ്ഡലം നല്‍കിയ പൈങ്കിളി വ്യാഖ്യാനങ്ങളോ, ഇടതുപക്ഷം തന്നെ നടത്തിയ തിരഞ്ഞെടുപ്പു കസര്‍ത്തുകളോ ഒന്നും ഇടതുപക്ഷത്തിന്‍റെ നയപരീക്ഷണങ്ങളായി കണക്കാക്കുന്നത് ശരിയാവില്ല. ഇന്ത്യന്‍ സിനിമയെ രക്ഷിക്കാന്‍, ഇന്നസെന്‍റ് ജയിക്കട്ടെ’ എന്നൊരു ചുവരെഴുത്ത് ചാലക്കുടിയില്‍ ഉയര്‍ന്നതുപോലുള്ള കോമഡിയായി മാത്രമേ സൈനബയുടെ യാഥാസ്ഥിതിക വിരുദ്ധ’ പുറപ്പാടിനെ കാണേണ്ടതുള്ളൂ. മുസ്ലിം യാഥാസ്ഥിതികതക്കെതിരെയുള്ള യുദ്ധമായി മലപ്പുറത്തെ മത്സരത്തെ ടി കെ ഹംസ വിമര്‍ശിച്ചത്, പിണറായി മുന്പൊരിക്കല്‍ പറഞ്ഞതുപോലെ ഹംസാക്കാന്‍റെ ഏറനാടന്‍ തമാശ’ മാത്രമാവാം. അനുസരണയുള്ള ഒരു സാധാരണ കമ്യൂണിസ്റ്റുകാരി പാര്‍ട്ടി ഏല്‍പിച്ച പണി ഏറ്റെടുത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്പോള്‍ വോട്ടര്‍മാരെ പ്രകോപിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്നുണ്ടാവുന്നത് ഗുണം ചെയ്യുമോ എന്ന ചോദ്യവും പ്രധാനമാണ്. പ്രത്യേകിച്ചും ഇപ്പറഞ്ഞ യാഥാസ്ഥിതിക പക്ഷത്തോട് കൃത്രിമമായ വിധേയത്വം പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ള ഒരു നേതാവ് തന്‍റെ പിന്‍ഗാമിയായി മത്സരിക്കാന്‍ വന്ന ഒരാളെ ചൂണ്ടി ഇതാ ഇവള്‍ നിങ്ങളുടെ ശത്രു’ എന്ന് പ്രഖ്യാപിക്കുന്നതുപോലെ ഒരനുഭവമാണത്.
ശരീഅത്ത് സംവാദത്തിനു ശേഷം മുസ്ലിം യാഥാസ്ഥിതികതക്കെതിരെയുള്ള പോരാട്ടങ്ങളൊന്നും മലപ്പുറത്ത് ഇടതുപക്ഷം ഏറ്റെടുത്തിട്ടില്ല. സമീപകാലത്തെ അത്തരമൊരു ചലനം മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയത്തില്‍ കെ പി സുമതിയും കൂട്ടരും മലപ്പുറത്തു നടത്തിയ സാംസ്കാരിക സംഗമം ആയിരുന്നു. മലപ്പുറം ജില്ലയിലെ എംഇഎസ് കൊളജുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ രേഖപ്പെടുത്തിയ വോട്ടും പുരുഷപ്രാമാണിക നിശ്ചയത്തെ തോല്‍പിക്കുന്നതായിരുന്നു. തട്ടം ചട്ടമായി കരുതുന്ന പെണ്‍കുട്ടികള്‍ തന്നെ നിലപാടുകളില്‍ കരുത്തു കാട്ടുന്നതിന്‍റെ സൂചന കൂടിയാണത്. പൊതുരംഗത്തെ മുസ്ലിംസ്ത്രീ’ പ്രതിനിധാനങ്ങള്‍ തങ്ങളുടെ കണ്ണാടിബിംബങ്ങളാവണമെന്ന് ആ തലമുറ ആഗ്രഹിക്കുന്നത് കുറ്റമായി കാണേണ്ടതില്ല. വസ്ത്രധാരണത്തിലെ പുത്തന്‍ ഭ്രമങ്ങളെക്കുറിച്ച് ആത്മീയവും രാഷ്ട്രീയവുമായ തലങ്ങളില്‍ സംവാദവും ആവശ്യമുണ്ട്. അപ്പോഴും പി കെ സൈനബ എന്ന വ്യക്തിയെ വെറുതെ വിടുക. ശീലിച്ചത് പാലിക്കുന്നു എന്നതിലപ്പുറം ഒരു പ്രത്യയശാസ്ത്രവും അവരുടെ വേഷത്തിലില്ല. പുല്ലാരയിലും മോങ്ങത്തും സൈനബയുടെ തലയില്‍ തട്ടം വരച്ചുവെച്ച ഇടതുപക്ഷക്കാരാണ് അവരെ ആക്ഷേപിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് തട്ടത്തെക്കാള്‍ പ്രധാനമായ ചില ചിട്ടകള്‍ പൊതു ജീവിതത്തില്‍ ആവശ്യമുണ്ട് എന്ന് ഇ അഹമ്മദിനെപ്പോലുള്ളവരെ ഉണര്‍ത്താനെങ്കിലും ഇത്തവണത്തെ മലപ്പുറംപട’ ഉപകരിക്കേണ്ടതായിരുന്നു. ജയിക്കാനായില്ലെങ്കില്‍ പോലും ഇടതുപക്ഷാടിത്തറ ശക്തിപ്പെടുത്താന്‍ സാധിക്കുമായിരുന്ന ഒരു ചരിത്രഘട്ടം പാഴാക്കിക്കളഞ്ഞതിന്‍റെ ജാള്യത ഇടതുപക്ഷ കേന്ദ്രങ്ങളിലും പ്രകടമായുണ്ട്. മുസ്ലിം യാഥാസ്ഥിതികരോട് പൊരുതാന്‍ ദൃഢനിശ്ചമയമെടുത്ത് പുറപ്പെട്ടിരുന്നുവെങ്കില്‍ ഒരു തോറ്റയുദ്ധത്തിന്‍റെ മഹത്വം അവകാശപ്പെടാമായിരുന്നു. പുതിയ മലപ്പുറം പട’യില്‍ അത്തരം ആലോചനകള്‍ പോലും നടന്നിട്ടില്ല. പാര്‍ലമെന്‍ററി മുന്‍ഗണനകള്‍ ഒന്നൊന്നായി പരിഗണിച്ച് ഒടുവില്‍ സൈനബയില്‍ എത്തിച്ചേര്‍ന്ന ഇടതുപക്ഷം പ്രത്യയശാസ്ത്ര യുദ്ധത്തില്‍ തോറ്റു എന്നാരോപിക്കുന്നതിലുള്ള വിയോജിപ്പാണ് ഈ കുറിപ്പ്.
എ പി അഹ്മദ്
You must be logged in to post a comment Login