ശഅ്ബാന്‍ പകുതിയാവുന്നതോടെ മദീനാ വാസികള്‍ റമളാനെ വരവേല്‍ക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നു. മുന്‍കാലങ്ങളില്‍ ശഅ്ബാന്‍ പതിനഞ്ചിനു ബൈതുകള്‍ ചൊല്ലി കുട്ടികള്‍ വീടുവീടാന്തരം വിളംബരം നടത്തും. വിവിധയിനം പലഹാരങ്ങള്‍ നല്‍കി വീട്ടുകാര്‍ ഇവരെ വരവേല്‍ക്കും. ബറാഅത്ത് രാവ് കൊണ്ടാടലും റമളാന്‍ അടുത്തെത്തി എന്ന സന്തോഷപ്രകടനവുമാണിത്.
നോന്പു തുറക്കാനുള്ള സമയമാവുന്പോള്‍ ഓരോ വീടുകളും, നോന്പുകാരനുവേണ്ടി തുറന്നിടുകയും ഓരോ വീട്ടിലും ഉണ്ടാക്കുന്ന വിഭവങ്ങള്‍ മറ്റു വീടുകളിലേക്ക് കൊടുത്തയക്കുകയും ചെയ്തിരുന്നു. വിഭവങ്ങള്‍ കൈമാറ്റം ചെയ്യുന്പോള്‍ സാഹോദര്യത്തിന്‍റെ ഭാവങ്ങളാല്‍, പലഹാരങ്ങള്‍ കൊണ്ടു വീടുകള്‍ നിറയുന്നതുപോലെ അവരുടെ മനവും നിറഞ്ഞിരുന്നു.
മനസ്സിന് അത്യധികം ഉണര്‍വ്വേകുന്നതാണ് മദീനാ പള്ളിയിലെ ഇരുപതു റക്അത് തറാവീഹ്. ആദ്യത്തെ പത്ത് റക്അതിന് ഒരു ഇമാമും രണ്ടാമത്തെ പത്തിനും വിത്റിനും മറ്റൊരു ഇമാമും നേതൃത്വം നല്‍കുന്നു. ഇരുപത് റക്അതില്‍ ഒരു ജുസുഅ് എന്ന ക്രമത്തില്‍ ഒരു മാസം കൊണ്ട് ഒരു ഖത്മ് പൂര്‍ത്തിയാക്കുന്നു. വിത്റ് നിസ്കാരത്തിലെ ഖുനൂത്ത് ഭക്തിനിര്‍ഭരമായ അനുഭൂതി പകരുന്നതാണ്.
പെരുന്നാള്‍ നിസ്കാരത്തിന്‍റെ മുന്പ് മസ്ജിദുന്നബവിയിലെ മുഅദ്ദിനുമാര്‍ പ്രത്യേക ഈണത്തില്‍ ചൊല്ലിക്കൊടുക്കുന്ന തക്ബീറും, തക്ബീറുകള്‍ക്കിടയില്‍ സയ്യിദിനാ എന്ന് പ്രത്യേകം ചേര്‍ത്ത് ചൊല്ലിക്കൊടുക്കുന്ന സ്വലാതും മനസ്സിന് കുളിരേകുന്നതാണ്. ഒരാള്‍ ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവര്‍ ഏറ്റു ചൊല്ലുകയും ചെയ്യുന്ന രീതിയാണ് ഇതിലുള്ളത്. പെരുന്നാള്‍ നിസ്കാരം കഴിഞ്ഞാല്‍, വിവിധ രാജ്യക്കാര്‍ ചേര്‍ന്ന് മസ്ജിദിനുള്ളിലും പുറത്തുമായി നടത്തുന്ന മൗലിദ് കൗതുകകരമായ കാഴ്ചയാണ്.
പണ്ടൊക്കെ രാത്രി പത്തു മണിയാവുന്നതോടെ മസ്ജിദുന്നബവിയുടെ വാതിലുകളും സിയാറത് ചെയ്യുന്ന ഭാഗവും അടക്കുമായിരുന്നു. ഇപ്പോള്‍ ഏതു സമയത്തും സിയാറത് ചെയ്യാനും റൗളയില്‍ നിസ്കരിക്കാനും ഹറം അധികൃതര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
റമളാനില്‍ പ്രത്യേകം സുന്നത്തായ ഇഅ്തികാഫിന്ന് ദൂരദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നു. ജനത്തിരക്ക് കുറക്കുവാനും, സൗകര്യപ്രദമായി ആരാധന നിര്‍വ്വഹിക്കാനും ഹറം അധികൃതര്‍ ഇഅ്തികാഫിന് മുന്‍കൂട്ടി ബുക്കിംഗ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
മദീനത്ത് പള്ളിക്ക് അകത്തും പുറത്തുമായി സ്വദേശികളും, വിദേശികളും കാലങ്ങളായി വിരിച്ചുവരുന്ന സുപ്രകള്‍ ഉണ്ട്. യുവാക്കളും പ്രായം ചെന്നവരും ദേശഭാഷാ വ്യത്യാസമില്ലാതെ അതിഥികളെ സ്നേഹപൂര്‍വ്വം കൈപിടിച്ച് അവരവരുടെ സുപ്രയിലേക്ക് സ്വീകരിക്കാന്‍ മത്സരിക്കുന്നു. അവരിലേക്ക് പലായനം ചെയ്തെത്തുന്നവരെ അവര്‍ ഇഷ്ടപ്പെടുന്നു. എന്നാണല്ലോ വിശുദ്ധഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്.
മലയാളി സംഘടനകളുടെ വിവിധ സുപ്രകള്‍ ഹറമിനകത്ത് സജീവമാണ്. നാട്ടില്‍ നിന്നും, വിദേശത്തുനിന്നും എത്തുന്ന സാദാതീങ്ങളുടെയും പണ്ഡിതനേതാക്കളുടെയും മഹനീയ സാന്നിധ്യം കൊണ്ടനുഗ്രഹിതമായ സുപ്രയാണ് ഐസിഎഫിന്‍റെയും ആര്‍എസ്സിയുടെയും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്ന റമളാന്‍ സുപ്ര.
സംസം, റോതാന (ഈത്തപ്പഴം), സബാദി, റൊട്ടി, ഹൈസ (ഈത്തപ്പഴവും നെയ്യും ഏലവും ചേര്‍ത്ത പ്രത്യേകതരം വിഭവം) ദുഗ്ഗ, ഖഹ്വ, ചായ തുടങ്ങിയ വിഭവങ്ങളാണ് ഹറമിനകത്തെ സുപ്രകളില്‍ അനുവദിച്ചിട്ടുള്ളത്.
അബ്ദുല്ല രാജാവ് ഫാഇലുല്‍ഖൈര്‍ എന്ന പേരില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യുകയും ചെയ്യുന്നു.
അബ്ദുല്‍കരീം സഖാഫി എഴുവന്തല
You must be logged in to post a comment Login