ഞങ്ങള്‍ക്ക് മാതളത്തോപ്പിനിടയില്‍ മറഞ്ഞിരിക്കുന്ന ഒരു വീടുണ്ട് ഫലസ്ത്വീനിലെ ഏതോ ഗ്രാമത്തില്‍. ഇന്നാ ഗ്രാമം ഇസ്രയേലിലാണ്. ഇത്തരം സായാഹ്നങ്ങളില്‍ മുറ്റത്തൊരു നെരിപ്പോട് നീറിക്കത്തും. അതിനരികില്‍ ഒട്ടകത്തോല് കൊണ്ടുണ്ടാക്കിയ പരവതാനി വിരിച്ചിരിക്കും. ധൂമപാനത്തിനായി ഹുക്കകള്‍ വെച്ചിരിക്കും. പെണ്മക്കള് അബ്ബമാര്ക്കായി ഹുക്കകള്‍ നിറച്ച് കൊളുത്തിക്കൊടുക്കും.” സഫിയ തന്റെ ഉമ്മയുടെ ഓര്മക്കുറിപ്പുകളില് മാത്രം പരിചയപ്പെട്ട തന്റെ വീടിനെക്കുറിച്ച് വിവരിച്ചു തുടങ്ങി. മുറ്റത്ത് സന്ധ്യാ വെളിച്ചത്തിലായിരുന്നു അത്താഴം. സ്ത്രീകള്‍ ചോളറൊട്ടികള്‍ ചൂടോടെ ചുട്ടെടുത്ത് കിണ്ണങ്ങളില്‍ ഇടും. ചോളറൊട്ടിക്കൊപ്പം പാല്‍ക്കട്ടിയും ഒലിവ് കായകളും ഈത്തപ്പഴങ്ങളും. എനിക്കൊരിക്കലും അതൊന്നും അനുഭവിക്കാനായിട്ടില്ല. എന്നാലും എന്റെ ബോധതലത്തില്‍ ആ ചരിത്രവും ആ നിമിഷങ്ങളും അടയാളപ്പെടുത്തിയിരിക്കുന്നു. അത്താഴത്തിന്റെ വിഭവ രുചികളിലേക്ക് അവളുടെ മനസ്സ് പറന്നിറങ്ങി. പ്രവാസികള്‍ക്ക് അത്താഴത്തിന്റെ ഓര്‍മകള്‍ അതിജീവനത്തിന്റെ ഓര്‍മകളാണ്. നാവ് കൊണ്ടല്ല അവര്‍ രുചിക്കുന്നത് മനസ്സ് കൊണ്ടാണ്. ചോള റൊട്ടി മൊരിയുന്ന ശബ്ദ ഗന്ധങ്ങളിലേക്ക് ഞാനും പറന്നിറങ്ങി. അല്‍ഹസ്സയുടെ ഗ്രാമങ്ങളില്‍ മൊരിയുന്ന റൊട്ടിയുടെ ഗന്ധം പരക്കുന്നത് അനുഭവിച്ച ഒരുപാട് സായാഹ്നങ്ങള്‍ എന്റെ മനസ്സിലുണ്ട്’. പ്രശസ്ത പ്രവാസ എഴുത്തുകാരനായ ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ വഴിയന്പലങ്ങള്‍ എന്ന പുസ്തകത്തിലെ അല്നക്ബയുടെ ഓര്‍മകള്‍ പേറുന്ന സഫിയ എന്ന ഫലസ്ത്വീനി യുവതിയുമായി ഹൂസ്റ്റണിലെ ഒരു റെസ്റ്റോറന്റില്‍ വെച്ച് നടന്ന ആകസ്മികമായ കുടിക്കാഴ്ച്ചയുടെ വിവരണം വായിച്ചു തീരുന്പോള് മേശപ്പുറത്ത് ലെഫ്റ്റ് വേര്‍ഡ് പ്രസിദ്ധീകരിച്ച എൃീാ കിറശമ ീേ ജമഹലെേശില എന്ന ലേഖനസമാഹാരത്തിന്റെ പാര്‍സല്‍ വന്നുകിടക്കുന്നുണ്ടായിരുന്നു. സംഭാഷണം അവസാനിപ്പിച്ച് പിരിയാന്‍ സമയത്ത് സഫിയ തന്റെ പേഴ്സില്‍ നിന്ന് ഒരു തുരുന്പിച്ച പഴയ താക്കോലെടുത്ത് ബാബു ഭരദ്വാജിന്റൈ കയ്യില്‍ വെച്ച്കൊടുക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ പൂര്‍വികര്‍ താമസിച്ചിരുന്ന ശാന്ത സുന്ദരമായ ഫലസ്ത്വീന് ഗ്രാമത്തിലെ, ഇന്ന് ഓര്‍മകളില്‍ മാത്രം അവശേഷിക്കുന്ന മനോഹരമായ സ്വന്തം വീടിന്റെ താക്കോല്‍. എന്നെങ്കിലുമൊരിക്കല്‍ തിരികെ പോവാനാവുമെന്ന പ്രതീക്ഷയില്‍ ആ താക്കോല്‍ കൂട്ടങ്ങള്‍ അവര്‍ പുതിയ തലമുറക്ക് കൈമാറിക്കൊണ്ടേയിരിക്കുന്നു. മടക്കയാത്രയുടെ ഈ താക്കോല്‍ കയ്യില്‍ പിടിച്ചിരിക്കുന്ന ഒരു ഫലസ്ത്വീനി ഉമ്മയുടെ ചിത്രമായിരുന്നു പാര്സലായിക്കിട്ടിയ പുസ്തകത്തിന്റെ കവര്‍.
പ്രവാസത്തിലേക്ക് വലിച്ചെറിയപ്പെട്ട ഫലസ്ത്വീനിയുടെ പ്രതീകമാണ് കീ ഓഫ് റിട്ടേണ്‍ അഥവാ മടക്കത്തിന്റെ താക്കോല്‍. 1948ലെ ഇസ്രയേല്‍ രൂപീകരണത്തിനെതിരെ സമരത്തിനിറങ്ങിയ അറബ് വിമോചന സേനയുടെ ആഹ്വാനം കേട്ട് മടങ്ങിവരാമെന്ന പ്രതീക്ഷയില്‍ അത്യാവശ്യ സാധനങ്ങളുമായി വീട് പൂട്ടി ലബനാനിലേക്കും സിറിയയിലേക്കും ജോര്‍ദാനിലേക്കും പലായനം ചെയ്ത ഏഴ് ലക്ഷത്തിലധികം ഫലസ്ത്വീനികള്‍ക്ക് പിന്നീട് ഒരിക്കലും ഒരു തിരിച്ചുവരവുണ്ടായില്ല. ആ ഗ്രാമങ്ങളെല്ലാം ഇന്ന് ഇസ്രയേല്‍ കുടിയേറ്റകേന്ദ്രമായി മാറി. ആറു പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഓര്‍മകളില്‍ മാത്രം ബാക്കിയായ സ്വന്തം വീടുകളിലേക്കുള്ള തിരിച്ചുപോക്കും കാത്ത് അന്ന് പൂട്ടിയിറങ്ങിയ താക്കോല്‍ കൂട്ടങ്ങളും സൂക്ഷിച്ച് പ്രവാസിയായി കഴിയുകയാണ് ഫലസ്ത്വീനി. വീട് വിട്ടിറങ്ങിയ ആ വഞ്ചനയുടെ ദിനത്തെയാണ് ദുരന്തം എന്ന അര്‍ത്ഥം വരുന്ന അന്നക്ബ എന്ന് ഫലസ്ത്വീനികള്‍ പേരിട്ട് വിളിക്കുന്നത്. ഗല്യ ീള ൃലൗേൃി എന്ന പേരിലറിയപ്പെടുന്ന ഈ താക്കോല്കൂട്ടങ്ങളാണിന്ന് തിരിച്ചുപോകാനുള്ള ഫലസ്ത്വീനിയുടെ അവകാശത്തിന്റെ ഒരേ ഒരു തെളിവ്. ഈ താക്കോലുകളെ പ്രതീകവല്‍കരിച്ച് ആനുകാലിക രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന, ബെര്‍ലിന്‍ ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച കൂറ്റന്‍ താക്കോല്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടിരുന്നു. സ്വന്തമായതെല്ലാം അന്യമായ നക്ബയുടെ കനലുകള്‍ കെടാതെ സൂക്ഷിക്കാനുള്ള ഫലസ്ത്വീനിയുടെ ഊര്‍ജ്ജമായി മാറുകയാണ് ഈ താക്കോല്‍കൂട്ടങ്ങള്‍.
വാര്‍ത്തകളില്‍ ഒരിക്കല്‍കൂടി ഗസ്സയുടെ നൊന്പരം നിറഞ്ഞിരിക്കുന്നു. സോഷ്യല്‍ മീഡീയയില്‍ ഫലസ്ത്വീന് ഐക്യദാര്‍ഢ്യത്തിന്റെ മല്‍സരം തുടങ്ങിയിരിക്കുന്നു. അന്ന് പത്രങ്ങളിലൊക്കെ നിറഞ്ഞു നിന്നിരുന്നത് ഫലത്വീനാണ്. വിവരങ്ങള്‍ ഒന്നിനു മീതെ ഒന്നായി വന്ന് നിറയുന്നു. എന്നാലതിനു ഒരു കുഴപ്പമുണ്ട്. കൂടുതല്‍ വയിക്കുംതോറും നമുക്ക് കിട്ടുന്ന വിവരങ്ങള്‍ കുറഞ്ഞു കുറഞ്ഞ് പോവുന്നു. വിവരങ്ങള്‍ അന്യോന്യം തേഞ്ഞുതേഞ്ഞു തീരലാണത്’ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യപ്പെടുന്ന ഫലസ്ത്വീന് കുഞ്ഞുങ്ങളുടെ ദാരുണമായ ചിത്രങ്ങള്‍ കണ്ട് കണ്ട് നമ്മുടെ മനസ്സില്‍ സംഭവിക്കുന്നത് എന്താണെന്ന് ബാബു ഭരദ്വാജിന്റെ ഈ നിരീക്ഷണത്തിലുണ്ട്. ഫലസ്ത്വീനും അവിടെ നടക്കുന്ന ഇസ്രയേല്‍ ഭീകര വാഴ്ചയും നമുക്ക് വിദൂര പ്രദേശത്ത് സംഭവിക്കുന്ന ദുരന്തങ്ങളാണ്. അവരോടുള്ള ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നമ്മുടെ രാഷ്ട്രീയ ബോധത്തിന്റെ അടയാളപ്പെടുത്തലോ നമ്മിലെ ആക്റ്റിവിസ്റ്റിന്റെ വെളിപ്പെടുത്തലോയൊക്കെയാണ്. അതിനപ്പുറത്ത് അധിനിവേശം എന്നത് ഒരു ജീവിത പ്രശ്നം എന്ന യാഥാര്‍ത്ഥ്യ തലത്തിലേക്ക് വളരാന്‍ നമുക്ക് ആവുന്നില്ല എന്നതാണ് സത്യം. അത്തരമൊരു അടിച്ചമര്‍ത്തലിനും അധിനിവേശത്തിനും സ്വയം പാത്രമാവുന്നതു വരെ അതിന്റെ ഭീകര്ത എത്രത്തോളമെന്ന് മനസ്സിലാക്കാന്‍ നമുക്കാവില്ല തന്നെ. ഫലസ്ത്വീനില്‍ ജീവിക്കുക, അഥവാ ഇസ്രയേലിന്റെ ഭീകരത അനുഭവിക്കുക എന്ന യാഥാര്‍ത്ഥ്യ തലത്തില്‍ നിന്ന് സംസാരിക്കുന്പോഴേ ഗസ്സയില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളില്‍ പക്ഷം ചേരുന്നതിന്റെ അര്‍ത്ഥം പൂര്‍ണമാവുന്നുള്ളൂ. സ്വാതന്ത്ര്യാനന്തരം പിന്തുടര്ന്നുപോന്ന കൊളോണിയല്‍ വിരുദ്ധ നിലപാടില്‍ നിന്ന് പിന്നാക്കം പോയി സാന്പത്തിക ലാഭങ്ങളുടെ കണക്കു കാണിച്ച് വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യഇസ്രയേല്‍ ബന്ധത്തിന്റെ അപകടത്തെക്കുറിച്ചും ഫലസ്ത്വീന് ജീവിതത്തിന്റെ പീഡനങ്ങളെക്കുറിച്ചും വിശദമായി പരാമര്‍ശിക്കുന്ന From India to Palestine എന്ന ലേഖന സമാഹാരത്തിന്റെ ആമുഖത്തില്‍ പ്രശസ്ത ഫലസ്ത്വീന് എഴുത്തുകാരന് റജാ ശെഹാദെ എഴുതുന്നത് കാണുക: for the writers in this collection , the fact about Israel’s behaviour towards palestine are well known. a good number of known palestine from first hand experience , having visited the occupied territory. ഞാന്‍ ഗസ്സയിലായിരുന്നു ജീവിക്കുന്നത് എങ്കില്‍ ഞാനും ഇസ്രയേലിലേക്ക് റോക്കറ്റ് അയക്കുമായിരുന്നു എന്ന് ബ്രിട്ടീഷ് എം പി ഡേവിഡ് വാര്‍ഡ് പറഞ്ഞത് ഈ തലത്തില്‍ നിന്നാണ് കാണേണ്ടത്. ഈ ഒരു അനുഭവ യാഥാര്‍ത്ഥ്യം മുന്നില്‍ വരാത്തതു കൊണ്ടാണ് ഫേസ്ബുക്കിലിരുന്ന് ഞാന്‍ ഇസ്രയേലിനെ പിന്തുണക്കുന്നു, പ്രതിരോധിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട് എന്നെല്ലാം എഴുതിവിടുന്നത്. നിങ്ങളുടെ വീട്ടില്‍ നിന്ന് ആട്ടിയിറക്കിയവനെ ഒന്ന് കല്ലെറിയാന്‍ പോലും അവകാശമില്ല എന്ന ഒരു സാഹചര്യം ഒന്നാലോചിച്ച് നോക്കൂ. ആ കല്ലേറിനെയാണ് നിങ്ങള്‍ ഭീകരവാദം എന്ന് വിളിക്കുന്നത്, സ്വന്തം വീട് പിടിച്ചെടുത്തവന്റെ അവകാശ സംരക്ഷണത്തെക്കുറിച്ചാണ് നിങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുന്പോഴേ ഇസ്രയേലിന്നു വേണ്ടി വാദിക്കുന്നവരുടെ വാച്ചോടാപങ്ങളുടെ അര്‍ത്ഥശുന്യതയുടെ ഭീകരത ബോധ്യപ്പെടൂ.
ഫേസ്ബുക്കിലെ ഫലസ്ത്വീന് ഐക്യദാര്‍ഢ്യ പോസ്റ്റുകളുടെ പ്രളയത്തിനിടയില്‍ ശ്രദ്ധയില്‍ പെട്ട അജയ് പി മങ്ങാടിന്റെ ഒരു പോസ്റ്റാണ് എന്നെ ഗസ്സ എന്ന വാര്‍ത്തയില്‍ നിന്നും ഗസ്സ എന്ന ജീവിതത്തിലേക്ക് തിരികെ കൊണ്ടു പോയത്. ഇസ്രയേല്‍ മിസൈലേറ്റ് ഗസ്സയില്‍ മരിക്കുന്നതിലും കഠിനമായത് എന്താണെന്ന് ഞാന്‍ പറയാം. ഇസ്രയേല്‍ സൈന്യത്തില്‍നിന്ന് നിങ്ങള്‍ക്കൊരു ഫോണ്‍ സന്ദേശം കിട്ടുന്നു, പത്തു മിനുട്ടിനകം വീടൊഴിയുക.’ കാരണം പത്തു മിനുട്ടിനകം ആ വീട് ബോംബ് ചെയ്യാന്‍ പോകുന്നു. ഒന്ന് സങ്കല്പ്പിച്ചു നോക്കൂ ആ പത്തു മിനുട്ട്. ഈ ഭൂമുഖത്തു നിങ്ങള്‍ക്ക് സ്വന്തമായ നിസ്സാര ചരിത്രം അതോടെ തുടച്ചു നീക്കപ്പെടും. നിങ്ങള്‍ക്കു ലഭിച്ച സമ്മാനങ്ങള്‍, നിങ്ങളുടെ ഉടപ്പിറപ്പുകളുടെയും കുട്ടികളുടെയും ഫോട്ടോകള്‍ (ജീവിച്ചിരിക്കുന്നവരും മരിച്ചവരും ), നിങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്തുക്കള്‍, നിങ്ങളുടെ പ്രിയ കസേര,നിങ്ങള്‍ വായിച്ച അവസാനത്തെ കവിതാപുസ്തകം, നിങ്ങളുടെ പുസ്തകങ്ങള്‍, ദൂരെയുള്ള നിങ്ങളുടെ സഹോദരി അയച്ച ഒരു കത്ത്, നിങ്ങള്‍ സ്നേഹിച്ചവരുടെ ഓര്മയുള്ള സാധനങ്ങള്‍, നിങ്ങളുടെ കിടക്കയുടെ ഗന്ധം, പടിഞ്ഞാറെ ജാലകത്തിലേക്ക് ചാഞ്ഞ മുല്ല, മകളുടെ ഹെയര്‍പിന്‍, നിങ്ങളുടെ പഴയ ഉടുപ്പുകള്‍, ഭാര്യയുടെ സ്വര്‍ണം, നിങ്ങളുടെ സന്പാദ്യം. ഒന്നോര്‍ത്തു നോക്കൂ , എല്ലാം നിങ്ങളുടെ കണ്മുന്നിലൂടെ പത്തു മിനിട്ടുകളില്‍ മിന്നി മറയുന്നു. അന്പരപ്പും വേദനയും നിങ്ങളിലൂടെ കടന്നുപോകുന്നു. പിന്നെ, പഴയ തകരപ്പാട്ടയില്‍ എടുത്തു സൂക്ഷിച്ച നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളുമായി (പാസ്പോര്‍ട്ട്, ജനന രേഖ തുടങ്ങിയവ) നിങ്ങള്‍ ഒരായിരം തവണ മരിക്കാനായി വീട് വിട്ടു പോകുന്നു. അല്ലെങ്കില്‍ ഒരൊറ്റ മരണം മരിക്കാനായി വീടൊഴിയാന്‍ വിസ്സമ്മതിക്കുന്നു.… നിങ്ങള്‍ നിങ്ങളുടേതെന്ന് കരുതിയ എല്ലാം ഒരു നിമിഷം കൊണ്ട് അന്യമാകുന്ന, നിങ്ങളുടെ സ്വന്തം നാട്ടില്‍ നിങ്ങള്‍ അതിക്രമിച്ച് കടന്നവനും അന്യനും ആയി മാറുന്ന സാഹചര്യത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. അവിടെയാണ് നിങ്ങള്‍ ഗസ്സയാവുന്നത് #ISupportGaza, #IamGaza തുടങ്ങിയ ഹാഷ് ടഗുകള്‍ക്ക് അര്‍ത്ഥം കൈവരുന്നതും.
മശ്കൂര്‍ ഖലീല്‍
You must be logged in to post a comment Login