ഉമര്‍ഖാളിയെക്കുറിച്ച് രിസാല പ്രസിദ്ധീകരിച്ച ലേഖനം വായിച്ചു (ലക്കം 1099). സാമ്രാജ്യത്വത്തിന് കൈകൊടുക്കാനുള്ള ദുരുദ്ദ്യേം അതിലുണ്ടോ എന്നു തോന്നി. ഉമര്‍ഖാളി നികുതി നിഷേധിച്ചില്ല എന്ന പരാമര്‍ശം നിലവിലുള്ള ഒരു രേഖയിലും കൃതികളിലും ഇതുവരെയും കാണാന്‍ കഴിഞ്ഞിട്ടില്ല. ഉമര്‍ഖാളിയുടെ ചരിത്രത്തിന് ചരിത്രകാരന്മാര്‍ മുഖ്യമായും പ്രാദേശിക വിവരണങ്ങളെയാണ് ആശ്രയിക്കുന്നത്. ബ്രിട്ടീഷ് രേഖകളില്‍ അദ്ദേഹം ഒന്നാന്തരം ബ്രിട്ടീഷ് ശത്രുവാണ്. 1902ല്‍ മദ്രാസ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്ട്രെയിഞ്ച് റിപ്പോര്‍ട്ടില്‍ ബ്രിട്ടീഷ് വിരോധികളുടെ കൂട്ടത്തില്‍ സയ്യിദ് ഫസല്‍ തങ്ങളോടൊപ്പം വെളിയങ്കോട് ഉമര്‍ഖാളിയേയും ഉള്‍പ്പെടുത്തിയത് കാണാം. ആ കൂട്ടത്തില്‍ തന്നെ ഉമര്‍ ഖാളിയുടെ സ്നേഹിതനായ മരക്കാരകത്ത് അവ്ക്കോയ മുസ്ലിയാരുടേയും, പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളുടേയും പേരുകളുമുണ്ട്. അവരൊക്കെ തികഞ്ഞ ബ്രിട്ടീഷ് വിരോധികളായിരുന്നു. ഉമര്‍ഖാളിയെ കുറിച്ച് തിരൂരിലെ സൈതാലിക്കുട്ടി മാസ്റ്റര്‍ പ്രസിദ്ധീകരിച്ചിരുന്ന സലാഹുല്‍ഇഖ്വാന്‍, ഉമര്‍ഖാളി മൗലിദ്, എം. വി ഉമര്‍ മൗലവിയുടെ ഉമര്‍ഖാസി ജീവചരിത്ര സംക്ഷേപം, വെളിയങ്കോട് മഹല്ല് പുറത്തിറക്കിയ ഉമര്‍ഖാളി തുടങ്ങിയ കൃതികളാണ് നമ്മുടെ മുന്പിലുള്ളത്. കൂടാതെ ഉമര്‍ഖാസിയെ കുറിച്ചുള്ള കൊച്ചു പുസ്തകങ്ങള്‍ വേറെയുമുണ്ട്. ഇതിലൊന്നും ഇല്ലാത്ത കാര്യങ്ങള്‍ ഖാളി, മന്പുറം സയ്യിദലവി തങ്ങള്‍ക്കെഴുതിയ കത്തിലുണ്ടെന്നാണ് ലേഖകന്‍റെ വിവരം.
നികുതി നിഷേധിക്കാന്‍ ഒരു പ്രസ്ഥാനമൊന്നും ഖാളി ഉണ്ടാക്കിയില്ല എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ ഖാളി ഒറ്റയാന്‍ പ്രസ്ഥാനമായിരുന്നു. അക്കാലത്ത് ഇന്നത്തേത് പോലുള്ള ഒരു പ്രസ്ഥാനത്തിന്‍റെ അലകും പിടിയുമൊന്നും കാണില്ല. എന്തിന്, പ്രസ്ഥാനം എന്ന പേര് തന്നെ പ്രയോഗത്തിലില്ല. മന്പുറം തങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഒറ്റയാന്‍ പ്രസ്ഥാനമായാണ് വന്നത്. ഫസ്ല്‍തങ്ങളും അങ്ങനെ തന്നെ. അവര്‍ക്കൊന്നും ഇന്ന് നാം പറയുന്നത് പോലുള്ള പ്രസ്ഥാനത്തിന്‍റെ രൂപഭാവങ്ങളൊന്നുമുണ്ടായിരുന്നില്ല. അക്കാരണം പറഞ്ഞ് ഉമര്‍ഖാളി നികുതി നിഷേധിച്ച സംഭവത്തെ ചെറുതാക്കി കാണിക്കാനൊക്കില്ല. അന്ന് മറ്റാരും ചെയ്യാത്ത ധീരോദാത്തമായ പ്രവൃത്തി തന്നെയാണ് ഖാളിയുടെ നികുതിനിഷേധം. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഓരോ സംഭവവും ഒരര്‍ഥത്തില്‍ ഓരോ പ്രസ്ഥാനം തന്നെയാണ്. ആ അര്‍ഥത്തിലാണ് നികുതി നിഷേധ പ്രസ്ഥാനത്തിന്‍റെ തുടക്കം ഉമര്‍ ഖാളിയിലെത്തി നില്‍ക്കുന്നത്. ഖാളിയുടെ മേല്‍ അമിതമായ നികുതി ചുമത്തി എന്നത് ശരി തന്നെയാണ്. പക്ഷേ നികുതി അമിതമായത് കൊണ്ട് ഞാനത് കൊടുക്കില്ല എന്നല്ല ഖാളിയാര്‍ പറഞ്ഞത്. ഇംഗ്ലീഷുകാര്‍ക്ക് നികുതി നല്‍കില്ല. അല്ലാഹുവിന്‍റെ ഭൂമിക്ക് കരം ചുമത്താന്‍ ആര്‍ക്കും അവകാശമില്ല (ഉമര്‍ ഖാസി, വെളിയങ്കോട് മഹല്ല് പ്രസിദ്ധീകരണം)എന്നാണ് പറഞ്ഞത്. ബ്രിട്ടീഷുകാരോട് ഉമര്‍ഖാളിക്ക് വിരോധമില്ല എന്നത് മന്പുറം തങ്ങള്‍ക്കെഴുതിയ കത്തിലും കാണില്ല. ആരും പറഞ്ഞു കേട്ടിട്ടുമില്ല. ചരിത്ര പുരുഷന്‍ ഇംഗ്ലീഷുകാരെയും അവരുടെ ഭരണത്തില്‍ സഹായിച്ചിരുന്നവരെയും ശക്തിയായ ഭാഷയില്‍ അധിക്ഷേപിച്ചുവെന്ന് പ്രാദേശിക ചരിത്രം പറയുന്നു. ഇത് ശരിയല്ല എന്ന് തെളിയിക്കാന്‍ ലേഖകന്‍ രേഖ കൊണ്ടുവരികയാണ് വേണ്ടത്? ബ്രിട്ടീഷുദ്യോഗസ്ഥന്‍മാരെ നോക്കി ഉമര്‍ഖാളി പറഞ്ഞു ടിപ്പുസുല്‍താനെ കൊല്ലുകയും, കൊച്ചി, കൊടുങ്ങല്ലൂര്‍, സാമൂതിരി, അറക്കല്‍ മുതലായ രാജസ്വരൂപങ്ങളെ തകര്‍ക്കുകയും ചെയ്ത ഇംഗ്ലീഷുകാരുടെ പാദസേവകരാണ് നിങ്ങള്‍. വെള്ള നസ്രാണികളുടെ ഭരണത്തില്‍ ഉദ്യോഗം വഹിക്കുന്നത് തന്നെ ഹറാമാണ്. ഭൂമിയുടെ സാക്ഷാല്‍ ഉടമസ്ഥന്‍ അല്ലാഹുവാണ്. ഞാന്‍ എന്ത് തന്നാലും നികുതി തരികയില്ല (അതേ കൃതി, 46). സലാഹുല്‍ ഇഖ്വാനിലെ വരികളാണ് ഗ്രന്ഥകര്‍ത്താവ് ഉദ്ധരിക്കുന്നത്. ഖാളിയുടെ അതേ വാക്കുകളാണ് പകര്‍ത്തിയത് എന്നൊന്നും പറയാന്‍ വയ്യെങ്കിലും അതില്‍ പറഞ്ഞ കാര്യം ശരിയല്ല എന്നെങ്ങനെ പറയാനാവും? ഉമര്‍ഖാളി പുസ്തകത്തില്‍ ഖാളി മന്പുറം തങ്ങള്‍ക്ക് എഴുതിയ കത്തും അതിന്‍റെ മലയാള അര്‍ഥവും കൊടുത്തിട്ടുണ്ട്. അത് ശരിയല്ല എന്നുണ്ടെങ്കില്‍ ലേഖകന് തെളിവ് ഹാജരാക്കാം. ലേഖകന്‍റെ കൈയില്‍ വേറെ ഒന്നുണ്ടെങ്കില്‍ അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്യാം. കത്തില്‍ ബ്രിട്ടീഷ് വിരോധം ശക്തിയായി തന്നെ ഖാളി പ്രകടിപ്പിക്കുകയാണ്
പാറ പോലെ കടുത്ത ഹൃദയമുള്ള ഇംഗ്ലീഷുകാരുടെ ആക്രമണം നിമിത്തം എന്‍റെ അവസ്ഥ കൂട്ടിലകപ്പെട്ട പക്ഷിയെപ്പോലെ പരമ ദയനീയമായിരിക്കുന്നു (വഹാലീ കത്വയ്രില്‍ ഖഫ്സ്വി ഫീ സൂഇ ഹാലതിന്‍ ബിളുല്‍മിന്‍ ലി അഫ്റഞ്ചീ ഗ്വലീളിന്‍ കജല്‍മദീ).
ഉമര്‍ ഖാളിയെ കുറിക്കുന്ന പരാമര്‍ശങ്ങള്‍ 1989ല്‍ മദ്രാസ് ആര്‍ക്കൈവ്സില്‍ രേഖകള്‍ പരതുന്ന കൂട്ടത്തില്‍ ഞാന്‍ കണ്ടതായിരുന്നു. എന്‍റെ വിഷയമല്ലാത്തത് കൊണ്ട് അന്നത് ശ്രദ്ധിക്കാതെ പോയി. മൂന്ന് കൊല്ലം മുന്പ് അന്വേഷിച്ച് ചെന്നപ്പോള്‍ എല്ലാം കേരളത്തിലേക്ക് മാറ്റിയെന്ന് പറഞ്ഞു. കോഴിക്കോട് ആര്‍ക്കൈവ്സില്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ആരെങ്കിലും രേഖകള്‍ ഇനിയും കണ്ടെത്താതിരിക്കില്ല എന്ന പ്രതീക്ഷയുണ്ട്.
ചേറൂരില്‍ ചിന്തിയ ചോരയും ആ ചോരയില്‍ നിന്നുയിര്‍ക്കൊണ്ട രക്തസാക്ഷികളും അതിന് നേതൃത്വം നല്‍കിയ മന്പുറം തങ്ങളുമൊക്കെയാണ് മുസ്ലിം വിശ്വാസത്തേയും ചരിത്രത്തേയും സന്പന്നമാക്കുന്നത്. അതൊക്കെയും കല്പിച്ച് കൂട്ടി പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നത് ശരിയല്ല. ചരിത്രത്തില്‍ കൈ വെക്കുന്പോള്‍ നല്ല ശ്രദ്ധയും ആവശ്യമായ രേഖകളുമില്ലെങ്കില്‍ മഹിതമായ ഒരു ഭൂതകാലത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നത് മാത്രമായിരിക്കും മിച്ചം.
HR
“ചരിത്രസംവാദം ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ചതായിരുന്നു ലക്കം 1099ലെ ലേഖനം. എന്നാല്‍ ഇത് പൊതുവില്‍ ആശയക്കുഴപ്പമുണ്ടാക്കി എന്നറിഞ്ഞ് വ്യസനിക്കുന്നു”.
പത്രാധിപര്‍
You must be logged in to post a comment Login