യാത്രാരംഭത്തില്‍ നിര്‍വഹിക്കേണ്ട ഒന്നിലധികം പ്രാര്‍ത്ഥനാവചനങ്ങളുണ്ട്. അവയിലൊന്നിന്‍റെ ആശയ സംക്ഷിപ്തമിങ്ങനെ:
നാഥാ! ഞാന്‍ നിന്‍റെ സഹായത്തിന്നു തേടുന്നു എല്ലാം നിന്നിലര്‍പ്പിക്കുന്നു. എന്‍റേതായ പ്രയാസങ്ങളെല്ലാം നീ ലഘൂകരിച്ചുതരണേ, യാത്രാ ക്ലേശങ്ങള്‍ ലളിതമാക്കിത്തരണേ! ഞാനന്വേഷിക്കുന്നതിലും കൂടുതല്‍ നന്മ നീ തരണേ, സര്‍വ നാശത്തെയും എന്നില്‍ നിന്നകറ്റേണമേ, എന്‍റെ മനസ്സിന് വിശാലതയുളവാക്കുകയും കാര്യങ്ങളെല്ലാം എളുപ്പമാക്കുകയും ചെയ്യേണമേ. അല്ലാഹ്! എന്നെയും, എന്‍റെ ദീനീ ചിട്ടകളെയും, ബന്ധുമിത്രാദികളെയുമൊക്കെ സംരക്ഷിക്കണമെന്നും നീ ഞങ്ങള്‍ക്കു ചെയ്തുതന്ന ഇഹപര അനുഗ്രഹങ്ങളെയെല്ലാം സൂക്ഷിപ്പുവസ്തുവാക്കിവെക്കണമെന്നും നിന്നോട് തേടുന്നു. സര്‍വ ആപത്തുകളില്‍ നിന്നും ഞങ്ങളെയെല്ലാം നീ കാത്തുകൊള്ളണേ?”
ഒരു യാത്രക്കാരനുണ്ടായേക്കാവുന്ന സകല വിഹ്വലതകളെക്കുറിച്ചുമുള്ള സൂചന ഈ പ്രാര്‍ത്ഥനയില്‍ കാണാം. അവയെല്ലാം നിവര്‍ത്തിച്ചു കിട്ടണമെന്നു തേടുന്നതോടൊപ്പം തന്‍റേയും ബന്ധുമിത്രാദികളുടേയും ദീനീ ചിട്ടകളെ കാത്തുകൊണ്ടേയിരിക്കണമെന്നു കൂടി പ്രാര്‍ത്ഥിക്കാനാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അതായത് തന്‍റെയും ഉറ്റവരുടെയും പരിരക്ഷണം പോലെ പ്രധാനമാണ് ദീനീ ചിട്ടകള്‍ എന്നുസാരം.
ദേശാടനത്തിലേര്‍പ്പെടുന്നവര്‍ സ്വതത്തെ ശ്രദ്ധിക്കുന്നതുപോലെ തന്‍റെ ആരാധനാമുറകളെയും ദീനിലെ വിധി വിലക്കുകളെയും പരിരക്ഷിക്കണമെന്നും അതിന്നായി പ്രാര്‍ത്ഥന നടത്തണമെന്നും നമ്മെ ബോധ്യപ്പെടുത്തുകയാണ് ഹദീസില്‍.
ഉറ്റവരെ പിരിയുന്പോഴുള്ള വിങ്ങല്‍, മരിച്ചു പിരിയുന്നതുപോലെയാണ് എന്നു വിശേഷിപ്പിക്കുന്നവരുണ്ട്. ഒരു അനുഭവത്തെ അനുഭവിച്ചിട്ടില്ലാത്തതിനോട് ഉപമിക്കുന്നതിലെ പൊരുള്‍ എന്തായിരിക്കും? അടുത്ത ബന്ധുക്കള്‍ മരണപ്പെടുന്പോള്‍ അനുഭവിക്കുന്ന മനോവേദനയെ നാം പരിചയിച്ചിട്ടുള്ളൂ.
പ്രവാസിയായി നാടുവിടുന്നവര്‍ക്കും ബന്ധുമിത്രാദികള്‍ക്കും ഒരു പരലോക യാത്രയെക്കുറിച്ചുള്ള ചിന്ത വന്നുചേരുന്നത്, ഭാവിയിലേക്കുള്ള മനസ്സിന്‍റെ എത്തിനോട്ടമായിരിക്കാം. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അഭിമുഖീകരിക്കാനും വരാനിരിക്കുന്ന ശാശ്വതലോകത്തെ കുറിച്ച് വിചാരങ്ങളുണ്ടാവാനും കര്‍മങ്ങളെ ചിട്ടപ്പെടുത്താനും മനുഷ്യനു ലഭിക്കുന്ന സന്ദര്‍ഭങ്ങളിലൊന്നാണിത്.
വീട്ടില്‍ നിന്ന് ദിവസങ്ങളോ ആഴ്ചകളോ നാം മാറി നില്‍ക്കാറുണ്ട്. അപ്പോഴൊന്നും നമ്മുടെ ഉള്ളില്‍ അനുഭവപ്പെടാത്ത നീറ്റലാണ്, മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞു തിരിച്ചെത്താനിടയുള്ള യാത്രക്കൊരുങ്ങുന്പോള്‍ അനുഭവപ്പെടുന്നത്. എന്നാല്‍ ഒരിക്കലും തിരിച്ചു വരാനാവാത്ത യാത്രയെ നമുക്ക് വര്‍ണിക്കാനാവില്ലെങ്കിലും ഒരു നീണ്ടയാത്രയോട് അതിനെ കൂട്ടിവായിക്കാന്‍ നമുക്കാകുന്നുണ്ട്.
പ്രവാസിയുടെ യാത്ര പലതും നേടിയെടുക്കാനുള്ളതാണ്. അത്തരമൊരു പ്രതീക്ഷയുടെ ചിറകിലാണ് അവന്‍ ഉയരങ്ങളിലേക്കു പറന്നകലുന്നത്. വിഹായസ്സിലേക്കു വിമാനം കുതിക്കുന്പോള്‍ പലരും ഓര്‍ത്തു പോകാറുള്ളത്, വാനലോകത്തേക്കു തന്‍റെ ആത്മാവ് സ്വന്തമായി നടത്താന്‍ പോകുന്ന യാത്രയെക്കുറിച്ചാണ്. പക്ഷേ, അത് യാതൊന്നും നേടിയെടുക്കാനുള്ള യാത്രയല്ല കര്‍മഫലങ്ങള്‍ അനുഭവിക്കാനുള്ളതാണ്. ഇവിടെയും മനുഷ്യന്‍ അനുഭവിക്കാത്ത ഒന്നിനോട് തന്‍റെ അനുഭവത്തെ ചേര്‍ത്തുവെക്കുകയാണ്. ഒരു ലക്ഷ്യത്തിനു വേണ്ടി ഇഛാനുസൃതാണ് പ്രവാസിയുടെ യാത്രയെങ്കില്‍ ആത്മാവിന്‍റെ യാത്ര അനൈഛികമായി സംഭവിക്കുന്നതാണ്.
വിദേശത്ത് ചെന്നിറങ്ങുന്ന ചിലര്‍, തങ്ങള്‍ പരലോകത്ത് എത്തിപ്പെടുന്ന രംഗം ഓര്‍ത്തു നോക്കിയ കഥകളുണ്ട്. ഇന്ന് പക്ഷേ, അതിന്‍റെ തീവ്രത വളരെ കുറഞ്ഞുപോയിരിക്കുന്നു. സാങ്കേതിക സൗകര്യങ്ങളുടെ വികാസം മനുഷ്യനെ അത്രമാത്രം മാറ്റിമറിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുന്പ് അന്യദേശത്ത് എത്തിപ്പെടുന്നയാള്‍ ഉറ്റവരുമായി വരികളിലൂടെ ബന്ധപ്പെടുന്നത് മാസങ്ങള്‍ കഴിഞ്ഞിട്ടായിരിക്കും. അതിനിടക്കുള്ള മറുലോക ജീവിതം പരലോക ജീവിതവുമായി ബന്ധിപ്പിച്ചു നോക്കാന്‍ അയാളെ സഹായിച്ചെന്നിരിക്കും. അന്നേരങ്ങളില്‍ അയാളുടെ മനസ്സ് എത്രമാത്രം ആര്‍ദ്രമായിത്തീര്‍ന്നിരിക്കുമെന്ന് നമുക്ക് ഊഹിക്കാം. അത്തരമാളുകള്‍ നടത്തുന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ക്കും തേട്ടങ്ങള്‍ക്കും കണ്ണീരിന്‍റെയും ചുടുനിശ്വാസങ്ങളുടെയും അകന്പടിയുണ്ടായിരിക്കും.
വ്യഥിതന്‍റെ പ്രാര്‍ത്ഥന വെറുതെയാവില്ലല്ലോ. യാത്രക്കാരന്‍റെ പ്രാര്‍ത്ഥനക്കുത്തരമുണ്ടെന്ന് ഹദീസില്‍ പറഞ്ഞതു ഇതിനോടു ചേര്‍ത്തു വായിക്കാം. കാണാമറയത്തുള്ളവര്‍ മറ്റുള്ളവര്‍ക്കു വേണ്ടി നടത്തുന്ന പ്രാര്‍ത്ഥനക്കും മഹത്വമേറെയാണ്. അതും വേഗത്തില്‍ സ്വീകരിക്കപ്പെടും.
കുടുംബം പുലര്‍ത്താന്‍ നാടുവിടുന്നവര്‍ക്ക് അവരുടെ പ്രവാസകാലമത്രയും സുകൃതമാക്കി മാറ്റാന്‍ കഴിയും. കുടുംബത്തിന്‍റെ നിവൃത്തിക്കു വേണ്ടിയുള്ളതാണല്ലോ തന്‍റെ ത്യാഗങ്ങളൊക്കെ എന്ന ചിന്ത പ്രവാസ ജീവിതത്തെ പുണ്യമാക്കി മാറ്റും. നിയ്യത്ത് നന്നാവുന്നതോടെ അതൊരു സല്‍കര്‍മമായി മാറുന്നുവെന്ന് സാരം.
സാങ്കേതിക വിദ്യ വികസിച്ചതോടൊപ്പം തിന്മകളുടെ ആധിക്യം ആടിത്തിമര്‍ക്കുകയാണ്. സാങ്കേതിക അറിവുകള്‍ മുറിവുകളായി പരിണമിച്ചിരിക്കുന്നു. അശ്ലീ ലതകള്‍ ശ്ലീ ലങ്ങളായിമാറി. പ്രവാസ ജീവിതത്തെ വികൃതമാക്കുന്നതില്‍ ന്യൂജനറേഷന്‍ സാങ്കേതിക ഉപകരണങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. സുകൃതത്തിന്നു പകരും വികൃതികള്‍ക്കാണ് പ്രചാരം. അടിയുറച്ച വിശ്വാസമുള്ളവര്‍ക്കു മാത്രമേ രക്ഷപ്പെടാനാവൂ എന്നഅവസ്ഥയിലാണ് കാര്യങ്ങളുള്ളത്.
സന്പൂര്‍ണമായ വിധിവിലക്കുകള്‍ ഒരു ഭാഗത്തും അതിന്‍റെ യാതൊരു അംശവുമില്ലാത്ത ശീലങ്ങള്‍ നേര്‍വിപരീത ഭാഗത്തുമുണ്ട്. ഇതു രണ്ടിനുമിടയില്‍ തന്‍റെ സൗകര്യത്തിനനുസരിച്ചു ജീവിതവും സംസ്കാരവുമെല്ലാം രൂപപ്പെടുത്താനാണ് അധികപേരും ശ്രമിച്ചു കാണുന്നത്. അതിന്നുവേണ്ടി സ്വയം കണ്ടെത്തുന്ന ന്യായങ്ങളുമുണ്ടാവുമവര്‍ക്ക്. മതനിരാസത്തിലേക്കുള്ള ചുവടുവെപ്പാണിതെന്ന് അവര്‍പോലും അറിയുന്നുണ്ടാവില്ല. ഇതു തീര്‍ത്തും ഖേദകരമാണ്.
ബകര്‍ ഉസ്മാനി
You must be logged in to post a comment Login