എടുത്തടിച്ചത് പോലുള്ള മരണങ്ങള്‍ പറയുന്നത്

എടുത്തടിച്ചത് പോലുള്ള  മരണങ്ങള്‍ പറയുന്നത്

എന്ത്കൊണ്ടെന്നറിയില്ല, ഇന്നലെ ചിന്ത തീര്‍ത്തും സിദ്ദീഖ് അഹ്സനിയെ കുറിച്ചായിരുന്നു. എന്നേക്കാള്‍ മൂന്നാല് വയസ്സിന് മൂത്ത, ആ മൂപ്പിനൊത്ത മാതൃകാത്വവും നേതൃഗുണവും ഉള്ള സീനിയര്‍ വിദ്യാര്‍ത്ഥി. അരീക്കോട് മജ്മഅ് പ്രഥമ ദഅ്വ ബാച്ചിലെ അതുല്യനായ പ്രതിഭ!

എന്തിനാണ് ഒരു രാപ്പകലിലുടനീളം സിദ്ദീഖ് അഹ്സനി എന്‍റെ ചിന്തയില്‍ കുതിര്‍ന്ന് നിന്നത് എന്ന് എത്രയാലോചിട്ടും മനസ്സിലാവുന്നില്ല. ചിലപ്പോള്‍ നമുക്ക് അങ്ങനെയുണ്ടാവാറുണ്ടല്ലോ. പോയകാല ജീവിതത്തിന്‍റെ ഇടനാഴികളില്‍ കല്ലിച്ചുറച്ച ചില സങ്കടപ്പൊട്ടുകള്‍. ഗാഢരാത്രി പോലെ നിശ്ചലമായ നമ്മുടെ ഓര്‍മക്കുളത്തിലേക്ക് വീഴുകയും ദുഖത്തിന്‍റെ ഓളങ്ങള്‍ പുളയുകയും ചെയ്യും. മറ്റു ചിലപ്പോള്‍ ഏതെങ്കിലും സന്തോഷത്തിന്‍റെ കസ്തൂരിക്കണ്ടം ഭൂതകാലത്തിന്‍റെ മറ തുളച്ച് നമ്മുടെ ഓര്‍മത്തളത്തിലേക്ക് തെന്നിവീഴും. അപ്പോള്‍ മനസ്സ് ഒരിത്തിരി നേരം ഒരു പൂന്പാറ്റയാവുകയും ആ ഓര്‍മപ്പൂവിന്‍റെ ഹൃദയത്തേന്‍ ഊന്പിക്കുടിച്ച് രസിക്കുകയും ചെയ്യും. പക്ഷെ ഇതൊന്നും എപ്പോള്‍, എങ്ങനെ, എന്ത്കൊണ്ട് എന്നൊന്നും തെളിച്ചു പറയാന്‍ കഴിയില്ല എന്നതാണ് കാര്യം.

ഒട്ടും മായാതെ സിദ്ദീഖ് അഹ്സനിയുടെ കുറേ ഭാവങ്ങള്‍ ഇന്നലെ രാവന്തിയോളം മനക്കണ്ണില്‍ പച്ചച്ചു നിന്നു. മലയാളത്തില്‍ അര്‍ത്ഥം വെച്ചു കൊണ്ട് കിതാബുകള്‍ ഉറക്കെ ഓതിപ്പഠിക്കുന്നത്, സാഹിത്യ സമാജത്തില്‍ അദ്ധ്യക്ഷനായിരുന്ന് സദസ്സിനെ നിയന്ത്രിക്കുന്നത്, വെണ്ണക്കോടുസ്താദിന്‍റെ സാന്നിധ്യമുള്ള സ്വീകരണച്ചടങ്ങുകളില്‍ ഇംഗ്ളീഷില്‍ പ്രസംഗിക്കുന്നത്, ആരെയും വേദനിപ്പിക്കാതെ മൃദുലമായി നര്‍മം പറയുന്നത്, ക്രസന്‍റ് ഡേ പരിപാടികളില്‍ മത്സരഫലങ്ങള്‍ അത്യാവേശത്തോടെ അനൗണ്‍സ് ചെയ്യുന്നത്, സാഹിത്യോത്സവുകളില്‍ നിന്ന് സമ്മാനങ്ങളുമായി തിരിച്ചെത്തി സര്‍ഗമത്സരത്തിന്‍റെ കഥകള്‍ പറയുന്നത്, അമേരിക്കക്കാരന്‍ അബൂറബിയുടെ അഭിപ്രായസ്ഖലിതങ്ങള്‍ക്കെതിരെ സ്ഫുടമായ ആംഗലത്തില്‍ മറുപടി കൊടുക്കുന്നത്, പാവ്ലോവിന്‍റെ എലികളെ പറ്റിയും സ്കിന്നറുടെ പട്ടികളെ പറ്റിയും പറഞ്ഞുപഠിപ്പിച്ച് ഞങ്ങളെ പരീക്ഷയെഴുതാന്‍ ഒരുക്കിയെടുക്കുന്നത്, അങ്ങാടിയില്‍ പോയി ചായകുടിച്ച് വരുംവഴി വീട്ടുകാര്യങ്ങള്‍ ഉള്ളുതുറന്ന് പങ്ക് വെക്കുന്നത്….അങ്ങനെ ഒരുപാട് ദൃശ്യങ്ങള്‍ വരികയും തങ്ങുകയും മങ്ങുകയും ചെയ്തു.

ഇതെന്താ ഇങ്ങനെ പെട്ടെന്നൊരോര്‍മ പൊട്ടിവീഴാന്‍ കാരണമെന്ന് എത്ര ചിന്തിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. എനിക്ക് തോന്നുന്നത്, ഉമ്മ ഫോണ്‍ വിളിച്ച് വെച്ചതിന് ശേഷം ഉപബോധമനസ്സില്‍ ഓര്‍മകളുടെ ചില കള്ളരാസപ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കാമെന്നും അതിന്‍റെ അനുരണനങ്ങളാണീ കാണുന്നതെന്നുമാണ്.

എടാ നമ്മടെ തായത്തെ ഗംഗനില്ലേ, ഓനിക്ക് പെട്ടെന്നെന്തോ ബെരത്തായിറ്റ് മംഗലാപുരത്ത് കൊണ്ടോയിറ്റാ ഉള്ളത്. ബാക്കിയാവൂലാന്നാ എല്ലാരും പറയ്ന്നദ്.’

ഞങ്ങളുടെ തൊട്ടയല്‍വാസിയാണ് ഗംഗേട്ടന്‍. കറന്‍റ് പോക്ക് സംബന്ധമായി എന്ത് പ്രശ്നം തലപൊക്കിയാലും ഓടിയെത്തി റിപ്പയറാക്കിത്തരുന്ന ആളാണദ്ദേഹം. പുറമെ, മഴക്കാലത്ത് നമ്മള്‍ അവരുടെ കിണറ്റില്‍ നിന്നും, വേനല്‍ക്കാലത്ത് അവര്‍ നമ്മുടെ കിണറ്റില്‍ നിന്നും വെള്ളമെടുക്കുക എന്നൊരു ജലപരമായ കൊടുക്കുവാങ്ങു ബന്ധം കൂടി ഞങ്ങള്‍ക്കിടയിലുണ്ട്. ഗഡാഗഡിയന്‍ തടിയും അതിനൊത്ത ആക്ടീവതയുമുള്ള മധ്യവയസ്കനാണീ ഗംഗാധരന്‍. നാളിതുവരെ പാര്‍ത്തു പോന്ന കുടിലുപോലുള്ള കട്ടപ്പുര തട്ടിയിട്ട്, കൊള്ളാവുന്ന ഒരു വീട് പണിത് താമസമാക്കിയിട്ടും, മകളുടെ കല്യാണം കഴിച്ചുവിട്ടിട്ടും മാസങ്ങള്‍ ആയിട്ടേയുള്ളൂ, പൂതി മാറിയിട്ടില്ല. ആയിടക്കാണ് എടുത്തടിച്ചതു പോലെ ഗംഗേട്ടന്‍ വിട്ടുപിരിഞ്ഞത്. ഒരു കുടുംബത്തെയല്ല, ഒരു ഗ്രാമത്തെയാകമാനം ദുഖത്തിലാഴ്ത്തിയിട്ട്. മിനിഞ്ഞാന്നാണ് ഉമ്മ എന്നെ ഫോണില്‍ വിളിച്ചത്, ഇന്നലെയാണ് അദ്ദേഹത്തിന്‍റെ ശവദാഹം നടന്നത്.

ഇനി വൈകാതെ ഗംഗേട്ടനും വിസ്മൃതിയുടെ ഇരുളില്‍ പൂളും. കൂടെയുണ്ടെങ്കിലേ ഉള്ളതായി നമുക്ക് ഫീല്‍ ചെയ്യൂ. മറഞ്ഞാല്‍ പിന്നെ മറക്കാനുള്ള മത്സരമായിരിക്കും. കോഴിക്കോട്ടെ പ്രശസ്തമായ ഒരു ദഅ്വ കോളജിന്‍റെ പ്രിന്‍സിപ്പലായി, കൊടുവള്ളിയില്‍ വാരാന്ത ഖുര്‍ആന്‍ ക്ലാസില്‍ സജീവമായി, നരിക്കുനിയിലെ വനിതാ പഠനസംഗമത്തില്‍ മുടങ്ങാതെ പങ്കെടുത്ത്, മജ്മഇന്‍റെ ആലുംനി മീറ്റുകളില്‍ നിറസാന്നിധ്യമായി തുളുന്പിനിന്ന്, ഓമശ്ശേരിയില്‍ നിന്നൊരു കല്യാണം കഴിച്ച്, മൂത്തമകന്‍ മര്‍കസ് ഹിഫ്ളിലും രണ്ടാമത്തെവള്‍ മാനിപുരം ഇംഗ്ളീഷ് മീഡിയത്തിലും മൂന്നാമത്തെവന്‍ ഉമ്മയുടെ മടിത്തട്ടിലുമായി പച്ചജീവിതത്തില്‍ പടര്‍ന്നുകിടക്കുകയായിരുന്നെങ്കില്‍ സിദ്ദീഖ് അഹ്സനിയും നമ്മുടെ കൂടെ ഉള്ളതായി നമുക്ക് ഫീല്‍ ചെയ്യുമായിരുന്നു. ഒരു ദിവസം പുലര്‍ച്ചക്ക് വടശ്ശേരി ഉസ്താദാണ് വിളിച്ച് പറയുന്നത്. നമ്മളെ സിദ്ദീഖ് ഇതുവരെ ഉറക്കില്‍ നിന്നെണീറ്റിട്ടില്ല’. ഞങ്ങളന്ന്, ആലപ്പുഴ ഹാശിമിയ്യയിലാണ് ഉള്ളത്. എസ്. ഡി കോളജില്‍ പരീക്ഷയെഴുതാന്‍ പോയതായിരുന്നു.

എന്ത്???…
എന്തോ അപകടം സംഭവിച്ച് മാസങ്ങളോളം ആശുപത്രിയില്‍ കിടന്ന ഒരാളെ പറ്റിയല്ല ഈ പറയുന്നത്. വയസ്സുവയസ്സായി ഒടിഞ്ഞുകിടക്കുന്ന ഒരെന്പത്തഞ്ചുകാരന്‍റെ വിയോഗവാര്‍ത്തയുമല്ല. മറിച്ച് യൗവനത്തുടിപ്പിന്‍റെ കടലിരന്പം ആര്‍ത്തുപതയ്ക്കുന്ന, പഠനജീവിതത്തിന്‍റെ കടലുതാണ്ടിത്തീര്‍ന്ന മുറയ്ക്ക് കര്‍മജീവിതത്തിന്‍റെ കരകണ്ടു തുടങ്ങിയ, ഒരുദീനവുമുലച്ചിട്ടില്ലാത്ത ഉരുക്കുഗാത്രനായ ഒരാള്‍ അന്തിക്കത്താഴം കഴിച്ചുറങ്ങിയിട്ട് ഇതുവരെ എണീറ്റിട്ടില്ലെന്ന്. ഇക്കണ്ട പരീക്ഷകളെല്ലാം എഴുതിപ്പാസ്സായിട്ട,് ഒരുപാട് പേര്‍ പ്രതീക്ഷയോടെ അങ്ങയെ കാത്തിരിക്കവെ, ആരോടും ഒന്നും പറയാതെ ഇതെന്ത് പോക്കാണ് സിദ്ദീഖുസ്താദേ ഈ പോയിക്കളഞ്ഞത്!!! ഇന്നദ്ദേഹം പോര്‍ങ്ങോട്ടൂര്‍ പള്ളിക്കാട്ടിലെ ആറടി മണ്ണിലുറങ്ങുകയാണ്.ആദരണീയനായ ആ അഹ്സനി ഉസ്താദിന്‍റെ കിടപ്പുമണ്ണ് നീ സ്വര്‍ഗക്കസ്തൂരി ആക്കിക്കൊടുക്കണേ, കരുണക്കടല്‍ അല്ലാഹ്!

എടുത്തടിച്ചത് പോലുള്ള മരണവാര്‍ത്ത ഏതു കേട്ടാലും ആദ്യം ഓര്‍മയില്‍ തുളച്ചെത്തുക സിദ്ദീഖ് അഹ്സനിയാണ്. മരണവാര്‍ത്തകളിലെ മാസ്റ്റര്‍ പീസായി ആ വേര്‍പാടോര്‍മ ഇന്നും വാഴ്ച തുടരുവാന്‍ കാരണം, അത്രക്ക് ആഘാതമുണ്ടാക്കിയ മറ്റൊരു വിയോഗം നാളിതുവരെ ഉണ്ടായിട്ടില്ല എന്നത് കൊണ്ട് മാത്രമല്ല; മറിച്ച്, മരണം ഒരു പ്രാപഞ്ചിക യാഥാര്‍ത്ഥ്യമാണെന്ന സാധാരണ മരണങ്ങളുടെ ആവര്‍ത്തനപരമായ ഉണര്‍ത്തലുകള്‍ക്കുപരിയായി, ആകസ്മികമായ ഈ യുവവിയോഗം മരണത്തിന്‍റെ അപായകരമായ അടുത്തുനില്‍പിന്‍റെ മുരള്‍ച്ചയെ മനസ്സിലേക്കിട്ടേച്ചുപോയി എന്നതു കൊണ്ടുകൂടിയാണ്. അഥവാ, വയസ്സായി കൂന്നുവരിക, രോഗപീഢയില്‍ പെട്ട് ഉരുകിത്തീരുക, അത്യാഹിതങ്ങളില്‍ കുരുങ്ങി കാഞ്ഞുപോവുക എന്നീ തുടങ്ങിയ വിശ്വാസയോഗ്യമായ കാരണങ്ങളൊന്നുമില്ലാതെ ആരും ഏത് നിമിഷവും യാതൊരു മുന്നറിയിപ്പുമില്ലാതെ മരിച്ചുപോവാമെന്ന സംഭ്രമജനകമായ തിരിച്ചറിവിനെ മനസ്സിന്‍റെ മര്‍മത്തിലേക്ക് തുളച്ചിറക്കുകയായിരുന്നു, ആ സംഭവം.

ചോദിക്കാന്‍ തോന്നുകയാണ്, പൊതുമരണങ്ങളെ കുറിച്ചല്ല, മറിച്ച്, നിങ്ങള്‍ നിങ്ങളുടെ മരണത്തെ പറ്റി സീരിയസ്സായി എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അഥവാ, എപ്പോള്‍, എവിടെ വെച്ച്, എവ്വിധം എന്നൊക്കെ എപ്പോഴെങ്കിലും കാര്യമായിരുന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ മരിച്ച വിവരം ആളുകള്‍ പരസ്പരം പങ്ക് വെക്കുന്നതും അവര്‍ വരുന്നതും പോവുന്നതും മറ്റും മറ്റുമൊക്കെ നിങ്ങള്‍ സങ്കല്‍പിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളുടെ മരണം നടന്ന് ഒന്നാം മണിക്കൂറിലും അഞ്ചാം മണിക്കൂറിലും പത്താം മണിക്കൂറിലും തുടര്‍ന്ന്,മൂന്നാം ദിവസവും മുപ്പതാം ദിവസവും പിന്നെ ഒന്നാമാണ്ടിലും പത്താമാണ്ടിലും അന്പതാമാണ്ടിലും ഇവിടെ എന്തെല്ലാം നടക്കുമെന്നാണ് നിങ്ങളുടെ വിചാരം?

നിങ്ങളുടെ മരണത്തോടെ, ‘ഇനി ഇതിലൊക്കെ എന്തര്‍ത്ഥം, ജീവിച്ചിട്ടുതന്നെ എന്ത് കാര്യം’ എന്ന് ചിന്തിച്ച് നിങ്ങളുടെ കൂട്ടക്കാരും ശേഷക്കാരും ചടഞ്ഞ് മാറിയിരിക്കും എന്ന് തോന്നുന്നുണ്ടോ? അങ്ങാടികളടച്ചിട്ടും, പള്ളിക്കൂടങ്ങളില്‍ പഠിപ്പുമുടക്കിയും, വാഹനഗതാഗതം നിര്‍ത്തിവെച്ചും, ഭരണം സ്തംഭിപ്പിച്ചും, എന്തിനധികം ഭൂമി തന്നെ മരവിച്ചും, സൂര്യന്‍ ഓട്ടം നിര്‍ത്തിയും ലോകമൊന്നാകെ നിങ്ങളുടെ വേര്‍പാടോടുകൂടി നിലച്ചുപോകും എന്ന് തോന്നുന്നുണ്ടോ?

വെറുതെയാണതെല്ലാം. വെറും വെറുതെ! നിങ്ങള്‍് നേടിയെടുത്ത സാമൂഹ്യ പ്രസക്തിയുടെ തോതനുസരിച്ച് നിങ്ങള്‍ക്ക് ചരമകോളത്തില്‍ ഇടം കിട്ടിയേക്കാം. അനുസ്മരണ സമ്മേളനങ്ങള്‍ നടന്നേക്കാം. ഓര്‍മപ്പുസ്തകം അടിച്ചിറക്കിയേക്കാം. പക്ഷെ, അതെല്ലാം കുമിളകളാണ്.

ആയതിനാല്‍……
മൊബൈല്‍ ഫോണ്‍ കയ്യിലെടുക്ക്. അതില്‍ കലണ്ടര്‍ ഓപ്പണാക്ക്. എന്നിട്ട് വരും കാലത്തിന്‍റെ അനന്തതകളിലേക്ക് അഥവാ 206520872093 എന്നിങ്ങനെയൊക്കെയുള്ള അറിയാതീയ്യതികളിലേക്ക്, അതിനെ അടിച്ചെത്തിക്ക്. നിങ്ങള്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത ആ തിയ്യതികളിലെ നിങ്ങളെ നിങ്ങള്‍തന്നെ വിഹ്വലതയോടെ വിഷ്വലൈസ് ചെയ്യ്. നിങ്ങള്‍ മാത്രമല്ല, നിങ്ങളുടെ ഓര്‍മകള്‍ പോലും അലിഞ്ഞുകഴിഞ്ഞ ആ കാലപ്പൊട്ടിനെ നിങ്ങള്‍ക്ക് ഫോണിലിപ്പോള്‍ കണ്ണാല്‍ കാണാം. ആ സമയത്തിന്‍റെ നിലയില്ലാക്കയത്തില്‍ നിങ്ങള്‍ക്ക് മുങ്ങാം.

ഇനി അതേ കലണ്ടറിലൂടെ നിങ്ങള്‍ക്ക് മുന്നോട്ടും കുതിക്കാം. നിങ്ങള്‍ പിറകൊള്ളുന്നതിന്‍റെ മുന്പുള്ള തീയ്യതികളിലൂടെ നിങ്ങള്‍ക്ക് തുള്ളിക്കളിക്കാം. ബാക്കിയെല്ലാം ഭംഗിയില്‍ നടക്കവെ, നിങ്ങള്‍ ഒരാള്‍ ഇതൊന്നും കാണാതെ കേള്‍ക്കാതെ ഇല്ലായ്മയില്‍ പൂഴ്ത്തിവെക്കപ്പെട്ടിരിക്കുകയാണ്. പക്ഷേ, ഈ രണ്ട് കാലങ്ങള്‍ക്കിടെ നിങ്ങളുണ്ടാക്കിയ വ്യത്യാസമെന്തെന്ന് ചിന്തിക്കുന്പോഴാണ്, ജീവിച്ചിട്ടെന്ത് അടയാളം ബാക്കിവെച്ചു എന്ന ചോദ്യമുയരുന്നത്.

ഇനി മറ്റൊന്ന്. ഇടത് കൈകൊണ്ട് വലതു തോള്‍കൈ പിടിക്കുക. വലതു കൈകൊണ്ട് ഇടത്തെയും. നന്നായി ഞെക്കുക. നല്ല ഉറപ്പ് തോന്നുന്നില്ലേ. അസ്ഥിയാണവ! പച്ചക്കുപറഞ്ഞാല്‍ എല്ലുംകൊട്ടും!! ഇനി ശരീരത്തെ മൊത്തമായി മനസ്സില്‍ കാണുക. ശരീരത്തില്‍ നിന്ന് ഇറച്ചിയും മറ്റു അലങ്കാരങ്ങളും മൈനസ് ചെയ്യുക. ഇപ്പോള്‍ ഭീകരമായി ഇളിക്കുന്ന ഒരു സന്പൂര്‍ണ്ണ അസ്ഥികൂടം കിട്ടുന്നു, ഹ ഹ!! അത് നിങ്ങള്‍ തന്നെയാകുന്നു!! ഏതോ ആറടി മണ്ണില്‍ കാലങ്ങളോളം നീണ്ട് നിവര്‍ന്ന് കിടക്കുന്ന നിങ്ങളെന്ന ആ അസ്ഥികൂടത്തെ കണ്ണടച്ചുപിടിച്ച് മനസ്സില്‍ കാണ്. ആരെയോ പറ്റിപറയുന്ന ഒരു കഥയായി ഇതിനെ കാണല്ല. ഇതു വായിച്ചു കൊണ്ടിരിക്കുന്ന ഈ നിങ്ങളെ പറ്റി തന്നെയാണ് ഈ പറയുന്നത്; ഇതെഴുതുന്ന എന്നെപ്പറ്റിയും.

( തുടരും)

ഫൈസല്‍ അഹ്സനി ഉളിയില്‍

You must be logged in to post a comment Login