ചരിത്രം എത്ര ആഭാസകരമായാണ് ആവര്‍ത്തിക്കപ്പെടുന്നത്? ഒരു പതിറ്റാണ്ട് മുന്പ് ലോകം അറപ്പോടെ കേട്ടുനിന്ന അതേ ജല്‍പനങ്ങളും ആക്രോശങ്ങളും വായ്ത്താരികളും വീണ്ടും കേള്‍ക്കേണ്ടിവന്നിരിക്കുന്നു. അന്ന് ജോര്‍ജ് ഡബ്ല്യൂ ബുഷ് ആയിരുന്നുവെങ്കില്‍ ഇന്ന് ബറാക് ഹുസൈന്‍ ഒബാമ എന്ന വ്യത്യാസം മാത്രം. അന്ന് പ്രതിസ്ഥാനത്ത് ഉസാമാ ബിന്‍ ലാദിന്‍െറ അല്‍ഖാഇദ എന്ന ഭീകര സംഘടനായാണെങ്കില്‍ ഇന്ന് ഇറാഖിലും സിറിയയിലും ഇതിനകം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞ അബൂബക്കര്‍ അല്‍ബഗ്ദാദിയുടെ ഇസ്ലാമിക് സ്റ്റേറ്റ് (അടുത്ത കാലം വരെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍റ് ലെവാന്‍റ് എന്ന പേരിലാണ് ഇക്കൂട്ടര്‍ അറിയപ്പെട്ടിരുന്നത് ) ആണ് മറുപക്ഷത്ത്. അന്ന് ബുഷ് ലോകത്തെ രണ്ടുചേരിയായി വേര്‍തിരിച്ചുനിര്‍ത്തി.ഞങ്ങളും’ നിങ്ങളും’ എന്ന തരത്തില്‍. ഭീകരവിരുദ്ധ പോരാട്ടത്തെ’പിന്തുണക്കുന്നവര്‍ ഒരു പക്ഷത്തും വന്‍ശക്തികളെ പിന്നാലെ അണിനിരക്കാത്തവര്‍ മറുഭാഗത്തും. ബുഷ് ബ്ലെയര്‍ പ്രഭൃതികളോടൊപ്പം നില്‍ക്കാത്തവരെല്ലാം അന്ന് മോശക്കാരും ഭീകരവാദികളുടെ ആള്‍ക്കാരുമായിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരുടെ സഖ്യം വരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന കൊടും ഭീകരരെ’ ഉന്മൂലനം ചെയ്യുന്നതിന് നാറ്റോ സഖ്യത്തിന്‍െറ നേതൃത്വത്തില്‍ ആരംഭിക്കുന്ന, ചിലപ്പോള്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഓപ്പറേഷനു വേണ്ടി. കഴിഞ്ഞ ദിവസം കെയ്റോവില്‍ ചേര്‍ന്ന അറബ് ലീഗ് വിദേശകാര്യമന്ത്രിമാരുടെ യോഗം തത്ത്വത്തില്‍ അങ്കിള്‍സാമിന്‍െറ പദ്ധതിക്കു പിന്തുണ പ്രഖ്യാപിച്ചപ്പോഴും അപശബ്ദങ്ങള്‍ ബാക്കി. പക്ഷേ ഓപ്പറേഷനു നേതൃത്വം കൊടുക്കാന്‍ പോകുന്ന ഒബാമകാമറൂണ്‍ പ്രഭൃതികള്‍ക്കോ ഇസ്ലാമിക ഭീകരവാദികളെ കൊന്നു കുഴിച്ചുമൂടണമെന്ന് ആഗ്രഹിക്കുന്ന അറബ് മുസ്ലിം ഭരണാധികാരികള്‍ക്കോ പുതിയ വെല്ലുവിളി എങ്ങനെ നേരിടണം എന്നതിനെ കുറിച്ച് ഒരെത്തും പിടിയുമില്ല എന്ന് അവരുടെ വിരുദ്ധ പ്രസ്താവനകളില്‍നിന്ന് തെളിയുന്നു.
ഇറാഖിലും സിറിയയിലും ഗാസയിലും ആയിരക്കണക്കിനു മനുഷ്യര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ ലോകത്ത് മനുഷ്യന് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം കൈമോശം വന്നിരിക്കുന്നുവെന്ന് പടിഞ്ഞാറന്‍ ഭരണത്തലവന്മാര്‍ക്കാര്‍ക്കും തോന്നിയിരുന്നില്ല. ആ നരമേധങ്ങളെല്ലാം ഭുമിയില്‍ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നാഗരിക സമൂഹത്തിന്‍െറ’ ശ്രമങ്ങളുടെ ഭാഗമായിരുന്നു. അതുകൊണ്ടു തന്നെ അക്രമിസംഘങ്ങളെ ആളും അര്‍ഥവും ആയുധങ്ങളും നല്‍കി പരമാവധി പ്രോല്‍സാഹിപ്പിച്ചു. ക്രൂരകൃത്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘങ്ങളെയോ വ്യക്തികളെയോ ഭീകരവാദികളായി മുദ്ര കുത്തിയില്ല. എന്നാല്‍, രണ്ടു അമേരിക്കന്‍ പത്രപ്രവര്‍ത്തകരുടെ തല അറുക്കുന്ന ചിത്രം പുറത്തുവന്നതോടെ ലോകക്രമം തന്നെ തകര്‍ന്നുതരിപ്പണമാവാന്‍ പോവുകയാണെന്ന് ഒബാമക്ക് ബോധോദയമുണ്ടായി. അബുബക്കര്‍ ബഗ്ദാദിയുടെ മിലിഷ്യ മുസൂല്‍ കീഴടക്കി എണ്ണമറ്റ ശിയാ വിഭാഗത്തെ കൊന്നൊടുക്കിയപ്പോഴും ഇറാഖില്‍നിന്ന് മടങ്ങിപ്പോയ യുഎസ് സൈനികര്‍ തിരിച്ചുവരില്ലെന്ന് ഒബാമ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഇറാഖില്‍ ക്രിസ്ത്യാനികള്‍ക്കും പാര്‍സികളായ യസീദികള്‍ക്കും ഐ എസ് സാന്നിധ്യം ഭീഷണിയാണെന്ന് കണ്ടപ്പോള്‍ പടിഞ്ഞാറിന്‍റെ മനഃസാക്ഷി പെട്ടെന്ന് സടകുടഞ്ഞെഴുന്നേറ്റു. അതോടെ ഒബാമക്ക് പടിഞ്ഞാറിന്‍െറ നീതിമാനായ ദൈവത്തെ ഓര്‍മവന്നു. അദ്ദേഹം ഉച്ചൈസ്തരം പറഞ്ഞത് കേട്ടില്ലേ: നീതിമാനായ ദൈവം അവരുടെ (ഐ.എസ് ) ഇന്നലത്തെ ചെയ്തിയോടൊപ്പം, ഓരോ ദിവസവും അവര്‍ ചെയ്യുന്നതിനോടൊപ്പം നില്‍ക്കില്ല. ദൈവത്തെ മുന്‍നിര്‍ത്തിയുള്ള വായ്ത്താരിയില്‍ ക്രൈസ്തവത ഉള്‍ച്ചേര്‍ന്നുകിടക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രതിരോധ സെക്രട്ടറി ചക് ഹെഗലും സൈനിക മേധാവി ജന. മാര്‍ട്ടിന്‍ ഡെംപ്സെയും ഒരേ സ്വരത്തില്‍ മിശിഹ’യെ ചേര്‍ത്തു പിടിച്ചത്. അന്ത്യദിനം അടുത്തിരിക്കയാണെന്നും ലോകം എന്തിനും തയാറായി നില്‍ക്കണമെന്നും അവര്‍ മുന്നറിയിപ്പുനല്‍കി. നാം അദ്ഭുതപ്പെടുന്നത് ഇവരുടെ പ്രചാരണപരമായ കാപട്യങ്ങളെ ലോകം തിരിച്ചറിയാത്തതിലാണ്. ഇതുവരെ അല്‍ഖാഇദയും ഉസാമാബിന്‍ ലാദിനും സദ്ദാം ഹുസൈനും ഇറാനുമായിരുന്നു ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഉസാമയുടെയും സദ്ദാമിന്‍റെയും കഥ കഴിച്ചത് നാം കണ്ടു. അല്‍ഖാഇദ എന്ന ഒരു സാധനം ഇപ്പോള്‍ ഭൂമുഖത്തുണ്ടോ എന്ന് ആര്‍ക്കും നിശ്ചയമില്ല. തങ്ങള്‍ക്ക് സഖ്യം ചേരാന്‍ മാത്രം പാകത്തില്‍ ഇറാനെ നിര്‍വീര്യമാക്കിക്കഴിഞ്ഞു. അതോടെയാണ് പുതിയൊരു ലോകഭീഷണിയെ കണ്ടെത്തിയിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ എങ്ങനെയുള്ളവരാണെന്ന് ഇറാഖില്‍നിന്ന് തിരിച്ചുവന്ന മലയാളി നഴ്സുമാര്‍ നമുക്ക് മനസ്സിലാക്കിത്തന്നതാണ്. അതുവരെ കൊടുംഭീകരര്‍ എന്നൊക്കെ അച്ചടിച്ചുവിട്ട മാധ്യമങ്ങള്‍ തന്നെ പിന്നീട് ഇറാഖി വിമതര്‍ എന്ന് മയപ്പെടുത്തിയ വിശേഷണം കൊണ്ട് നയംമാറ്റം രേഖപ്പെടുത്തിയതും നാം കണ്ടു. എന്നാല്‍, തങ്ങളെ ബോംബിട്ടു കൊല്ലാന്‍ തീരുമാനിച്ചവരോടുള്ള പ്രതികാരമായി രണ്ടുമാധ്യമപ്രവര്‍ത്തകരെ ഐ.എസ് തീവ്രവാദികള്‍ വധിച്ചത് അമേരിക്കയെയും പടിഞ്ഞാറന്‍ ലോകത്തെയും ഞെട്ടിച്ചു. (ഇന്‍റര്‍നെറ്റിലൂടെ ലോകത്താകമാനം പരന്ന കഴുത്തറുക്കുന്ന പടത്തിന്‍െറ ആധികാരികതയെ കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട് എന്നത് വേറെ കാര്യം ). അമേരിക്ക കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തുടരുന്ന പശ്ചിമേഷ്യന്‍ നയത്തിന്‍റെ പരാജയമാണ് ഐ.എസിന്‍റെ ആവിര്‍ഭാവത്തിലേക്ക് നയിച്ചതെന്നും യു.എസിന്‍െറ നേതൃത്വത്തിലുള്ള ബാഹ്യ ഇടപെടലുകളാണ് സിറിയയെയും ഇറാഖിനെയും അസ്ഥിരപ്പെടുത്തിയതെന്നുമുള്ള വിലയിരുത്തലുകള്‍ പ്രസിഡന്‍റ് ഒബാമയുടെ മുഖം വികൃതമാക്കി. മാധ്യമപ്രവര്‍ത്തകരുടെ നിഷ്ഠൂരകൊല ആഭ്യന്തരമായി യു.എസ് പ്രസിഡന്‍റിന് നില്‍ക്കക്കള്ളിയില്ലാതാക്കി. അതോടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ലോകത്തിലെ ഏറ്റവും ഭീഷണമായ ഭീകരവിഭാഗമാണെന്ന് വൈറ്റ് ഹൗസിനും പെന്‍റഗണിനും ബോധം വരുന്നത്. ലോകത്തെ പിടികൂടിയ അര്‍ബുദമാണ് അതെന്ന് ഒബാമ പറയുന്പോള്‍ നാം ഇതുവരെ കണ്ട ഏറ്റവും അപകടകാരിയായ വിഭാഗമാണിതെന്നാണ് പ്രതിരോധ സെക്രട്ടറിയുടെ വിശേഷണം. ഇസ്ലാമിക് സ്റ്റേറ്റ് മേഖലക്കും പുറത്തും ഉയര്‍ത്തുന്ന ഭീഷണി, ബശ്ശാറുല്‍അസദിന്‍റെ സ്വേച്ഛാധിപത്യവും ഇറാന്‍റെ ആണവായുധ പദ്ധതിയും ഹമാസും ഹിസ്ബുല്ലയും ഇസ്രയേല്‍ അധിനിവേശവും ശിയസുന്നി വിഭാഗീയതയുമെല്ലാം ഒന്നുമല്ലെന്ന് തെളിയിക്കുമെന്നാണ് മുന്‍ അര്‍മീനിയന്‍ വിദേശകാര്യമന്ത്രിയും കോളമിസ്റ്റുമായ വര്‍താന്‍ ഒസ്കാനിയന്‍ അഭിപ്രായപ്പെടുന്നത് (അല്‍ജസീറ). അങ്ങേയറ്റം ഭയപ്പെടേണ്ടത്’ എന്നാണ് യു.എസ് നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി ഡെപ്യൂട്ടി ഡയരക്ടര്‍ റിച്ചാര്‍ഡ് ലെഡ്ഗെറ്റിന് ഐ.എസിനെ കുറിച്ച് പറയാനുള്ളത്. ഈ വിഭാഗം അമേരിക്കക്കകത്ത് പോലും വലിയ ഭീഷണിയാണെന്നാണ് വൈറ്റ് ഹൗസ് കൗണ്ടര്‍ ടെററിസം ഉപദേഷ്ടാവ് ലിസ മൊനാകോ വലിയൊരു ജനക്കൂട്ടത്തെ പേടിപ്പെടുത്തിയത്. വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ലോകത്തിനു നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്:
തല്‍ക്കാലം അത് കൊല്ലുന്നത് സിറിയക്കാരെയും ഇറാഖികളെയും ആയിരിക്കാം. എന്നാല്‍, അതിനു ആ വഴിക്കു വിട്ടാല്‍ യൂറോപ്പിനെയും അമേരിക്കയെയും ഭീഷണിപ്പെടുത്തുന്നവിധം അത് വ്യാപിച്ചേക്കാം. ഇറാഖിലും സിറിയയിലും തുടരുന്ന സംഘര്‍ഷം വര്‍ഷങ്ങളോളം നീണ്ടേക്കാം എന്നതാണ് ഭയാനകമായ യാഥാര്‍ഥ്യം. മുന്‍കാലങ്ങളിലേതു പോലെ നാശകരമായ അബദ്ധങ്ങള്‍ നടത്താതെ അടുത്ത പതിറ്റാണ്ടില്‍ എങ്ങനെ ഭീകരവാദത്തെ നേരിടാം എന്നതാണ് ഒബാമയും അദ്ദേഹത്തിന്‍റെ പിന്‍ഗാമികളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
എത്ര പെട്ടെന്നാണ് പാശ്ചാത്യലോകം ഒരു പ്രതിഭാസത്തെ തങ്ങളുടെ അജണ്ടക്കും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി വ്യാഖ്യാനിക്കാനും തദനുസൃതമായി ലോകത്തെ കൊണ്ട് വിശ്വസിപ്പിക്കാനും ശ്രമിക്കുന്നത്! സിറിയയില്‍ ബശ്ശാറുല്‍അസദിന്‍െറ സ്വേച്ഛാധിപത്യത്തിനെതിരെ അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികളുടെയും അറബ് രാഷ്ട്രങ്ങളുടെയും കൃപാശിസ്സുകളോടെ പോരാട്ടഭൂമിയില്‍ സജീവമായിരുന്ന ഒരു കൂട്ടര്‍ എങ്ങനെ കൊടുംഭീകരരായി എന്നതിന് ഉത്തരം പറയേണ്ടത് ഇവര്‍ക്കെതിരെ അലമുറയിടുന്നവര്‍ തന്നെയാണ്. വാട്ടര്‍ പീസ്, ആന്‍റ് വാര്‍’ എന്ന ശ്രദ്ധേയമായ പുസ്തകത്തിന്‍റെ രചയിതാവും ഭൂമിശാസ്ത്രജ്ഞനുമായ ബ്രഹ്മ ചെല്ലാനി ഐ.എസിന്‍െറ കാര്യത്തില്‍ നിരത്തുന്ന കുറെ വസ്തുകള്‍ പരിശോധിച്ചാല്‍ വര്‍ത്തമാന ലോകക്രമം കൊണ്ടുനടക്കുന്ന ആത്മവഞ്ചനയുടെയും ഇരട്ടത്താപ്പിന്‍െറ വൃത്തികെട്ട വശങ്ങള്‍ മറനീക്കി പുറത്തുവരും. ജിഹാദിലടങ്ങിയ സഹന, സമര്‍പണ വീര്യത്തെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ചൂഷണം ചെയ്യാന്‍ അമേരിക്ക ഒരിക്കലും അമാന്തിച്ചിരുന്നില്ല എന്ന യാഥാര്‍ഥ്യത്തിലൂന്നിയുള്ള ഒരു വിശകലനമേ സംഭവങ്ങളുടെ കിടപ്പ് മനസ്സിലാക്കിത്തരുകയുള്ളൂ. ബശ്ശാറുല്‍അസദിന്‍െറ ഭരണത്തിനെതിരെ ഭൂരിപക്ഷം വരുന്ന സുന്നികളെ പടയണി ചേര്‍ക്കാന്‍ യു.എസും സഖ്യകക്ഷികളും ടെലിവിഷന്‍, റേഡിയോവിനിമയങ്ങള്‍ ഉപയോഗിച്ചത് ആര്‍ക്കും വിസ്മരിക്കാനാവില്ല. ഈ പോരാളിസംഘത്തിന് ആയുധവും ഫണ്ടും നല്‍കിയത് അമേരിക്കയും അറബ് കൂട്ടാളികളുമായിരുന്നു. സി.ഐ.എയുടെ നേതൃത്വത്തില്‍ തുര്‍ക്കിയിലെയും ജോര്‍ദാനിലെയും പരിശീലനക്കളരികളില്‍വെച്ചാണ് അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ഇവര്‍ പഠിച്ചത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഫ്രീ സിറിയന്‍ ആര്‍മി എന്ന സുന്നി മിലിഷ്യയെ വളര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി, കുവൈത്ത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ കരങ്ങളെയാണ് ശക്തിപ്പെടുത്തിയത്. അക്കാലത്തൊന്നും ഈ സുന്നി മിലിഷ്യയെ ഭീകരവാദികളെന്നോ ലോകത്തെ പിടിപെട്ട കാന്‍സറെന്നോ ആരും കുറ്റപ്പെടുത്തിയില്ല എന്ന് മാത്രമല്ല, അസദ് അനന്തരസര്‍ക്കാരിന്‍റെ ചുക്കാന്‍ ഈ വിഭാഗത്തിന്‍െറ കരങ്ങളിലായിരിക്കുമെന്ന് ഇടക്കിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ അനുഭവ ങ്ങള്‍ വൈറ്റ്ഹൗസിന്‍െറ അടച്ചുവെച്ച മസ്തിഷ്ക്കത്തെ അശേഷം സചേതനമാക്കിയില്ല എന്നുവേണം കരുതാന്‍. ഒരു വേള സോവിയറ്റ് റഷ്യക്കെതിരെ പൊരുതാന്‍ മുജാഹിദുകളെ സജ്ജമാക്കിയപ്പോഴും ഇവരില്‍നിന്നുള്ള ഒരു വിഭാഗം അല്‍ഖാഇദ എന്ന ബാനറില്‍ അമേരിക്കയുടെ കുഴിതോണ്ടാന്‍ വരുമെന്ന് ഇവര്‍ മുന്‍കൂട്ടി കാണാതിരുന്നതിന്‍റെ ഭവിഷ്യത്ത് എല്ലാവര്‍ക്കും കാണാനായി. സി.ഐ.എയുടെ ആയുധവും അറബികളുടെ പണവുമാണ് അല്‍ഖാഇദയെ സൃഷ്ടിച്ചെടുത്തതെന്നത് അമേരിക്കക്ക് ഒരിക്കലും നിഷേധിക്കാനാവില്ല. പ്രസിഡന്‍റ് റെയ്ഗണ്‍ മുജാഹിദ് നേതാക്കളെ കുറിച്ച് ഒരു വേള പറഞ്ഞത്. അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരുടേതിനു സമാനരാണ് ഈ മാന്യവ്യക്തികളെന്നാണ്. കൊളംബിയ എന്ന് നാമകരണം ചെയ്ത ബഹിരാകാശ വാഹനം അന്ന് റെയ്ഗണ്‍ സമര്‍പിച്ചത് അഫ്ഗാനിലെ പോരാളികളുടെ പേരിലാണ്. സ്പേസ് ഷട്ടില്‍ വിക്ഷേപിച്ചു കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗം ഇന്ന് അതേപടി പകര്‍ത്തിയാല്‍ യാങ്കികളുടെ അവസരവാദത്തെ കുറിച്ചോര്‍ത്ത് ആരും നാണിച്ചുപോകും.
ശാസ്ത്ര സാങ്കേതിക രംഗത്ത് നമ്മുടെ മികച്ച അഭിലാഷങ്ങളുടെ പ്രതീകമായാണ് കൊളന്പിയയെ നാം കാണുന്നതെങ്കില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മനുഷ്യന്‍റെ ഉന്നത അഭിലാഷങ്ങളെയാണ് അഫ്ഗാന്‍ ജനത പ്രതീകവത്കരിക്കുന്നത്. മാര്‍ച്ച് 22ന്‍െറ കൊളന്പിയ വിക്ഷേപണം അമേരിക്കക്കാരുടെ പേരില്‍ അഫ്ഗാനിലെ ജനതക്കാണ് ഞാന്‍ സമര്‍പ്പിക്കുന്നത്.”
ചരിത്രം പിന്നീട് ഏതുവഴിക്കാണ് സഞ്ചരിച്ചതെന്ന് നാം കണ്ടു. സോവിയറ്റ് ചെന്പടയെ ആട്ടിയോടിച്ച അഫ്ഗാനില്‍ നിന്ന് അന്നാട്ടുകാരെ ആട്ടിയോടിക്കാനും ചുട്ടുകൊല്ലാനും ഇതേ അമേരിക്ക ടണ്‍ കണക്കിന് ബോംബുകള്‍ വര്‍ഷിച്ചു. ആ നാട് കുട്ടിച്ചോറായി. എല്ലാറ്റിനുമൊടുവില്‍ താലിബാനെ സമാധാന ചര്‍ച്ചക്കു വിളിക്കാന്‍ അങ്കിള്‍സാം നിര്‍ബന്ധിതനായി. പത്തുവര്‍ഷം നിരന്തരമായി ഒരു ജനതയോട് യുദ്ധം ചെയ്തിട്ടും ലോകത്തിലെ ഏക സൂപ്പര്‍പവര്‍ ഒന്നും നേടിയില്ല. ഇപ്പോഴിതാ ആ വങ്കത്തത്തിന്‍െറ വകഭേദം പരീക്ഷിക്കാന്‍ പോവുകയാണ്. അബൂബക്കര്‍ ബഗ്ദാദിയെയും കൂട്ടരെയും നശിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങളോട് സഖ്യം ചേരാന്‍ ആഹ്വാനം ചെയ്യുകയാണ് യു.എസും യു.കെയും. ഈ സഖ്യത്തിലേക്ക് വേണമെങ്കില്‍ ഇതുവരെ തങ്ങള്‍ ആര്‍ക്കെതിരെയാണോ യുദ്ധം നയിച്ചത് അവരെയും, അതായത് ബശ്ശാറുല്‍അസദിനെയും കണ്ണിചേര്‍ക്കാന്‍ സന്നദ്ധമാണ് എന്ന സൂചന വൈറ്റ്ഹൗസില്‍നിന്ന് ലഭിച്ചുകഴിഞ്ഞു. നോക്കണം ആഗോളക്രമത്തിന്‍റെ പോഴത്തം. വരുംദിവസങ്ങളില്‍ കേള്‍ക്കാന്‍ പോകുന്ന യുദ്ധഭ്രാന്ത് പരാജയപ്പെട്ട വിദേശനയത്തിന്‍റെ പ്രേതത്തെ ആശ്ലേഷിക്കുന്ന പമ്പരവിഡ്ഢിത്തമാവുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
ശാഹിദ്
You must be logged in to post a comment Login