പെരുന്നാള്‍ ആഘോഷമാണ്. അങ്ങനെയാണ് ഇസ്ലാം നിശ്ചയിച്ചിട്ടുള്ളത്. വലിയ പെരുന്നാളിനെ യൗമുല്‍ഹജ്ജില്‍അക്ബര്‍ (ഹജ്ജിന്‍റെ വലിയ നാള്‍ ) എന്ന് വിളിക്കാറുണ്ട്. അതുകൂടി നോക്കുന്പോള്‍ അതിമഹത്തായ ഹജ്ജുമായി ചേര്‍ന്നുള്ളതാണ് വലിയ പെരുന്നാളും അതിലെ ആഘോഷങ്ങളുമെല്ലാം.
ഇസ്ലാമിന്‍റെ അഞ്ചാമത്തെ ഘടകമാണ് ഹജ്ജ്. മുസ്ലിം ഉമ്മത്തിന്‍റെ സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ത്യാഗത്തിന്‍റെയുമൊക്കെ ചിഹ്നങ്ങളായ വിശിഷ്ട കര്‍മങ്ങളാണ് ഹജ്ജിന്‍റെ ഉള്ളടക്കം. ശരീരേഛകളും സുഖഭോഗങ്ങളും വെടിഞ്ഞുകൊണ്ടാണ് ഈ അനുഷ്ഠാനങ്ങളത്രയും. എല്ലാത്തരം വിവേചനങ്ങളും മായ്ച്ചു കളഞ്ഞ് എല്ലാവരും സൃഷ്ടിപരിപാലകനായ അല്ലാഹുവിന്‍റെ അടിയാറുകളാണെന്ന് ഉദ്ഘോഷിക്കുന്നതാണ് അതിലെ ആരാധനാ രീതികള്‍. ഈ സമര്‍പ്പണത്തോടെ ഉമ്മ പെറ്റ നാളിലേതു പോലെ ഹാജി സ്ഫുടം ചെയ്യപ്പെട്ടുകഴിഞ്ഞു. ഈ നിലയില്‍ ഹജ്ജ് സ്വീകാര്യമായെങ്കില്‍ അത് ഹാജിയുടെ പില്‍ക്കാല ജീവിതത്തിലുടനീളം കാണുകയും ചെയ്യും.
വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങളില്‍ മാത്രമാണ് ഹജ്ജിലെ കര്‍മങ്ങള്‍. പുണ്യഭൂമിയിലെത്താന്‍ ഉതവി ലഭിച്ചവര്‍ ഹജ്ജിന്‍റെ കര്‍മങ്ങളുമായി കഴിയുന്പോള്‍ ലോകത്തിന്‍റെ നാനാദിക്കിലുമുള്ള ഇതര മുസ്ലിംകള്‍ അവരുമായി മനസ്സാ താദാത്മ്യപ്പെടും. അവരും പ്രാര്‍ഥനകളും മറ്റു സദ്വിശേഷങ്ങളുമായി റബ്ബിലേക്കടുക്കാന്‍ വെന്പുന്നു.
ദുല്‍ഹജ്ജ് ഒന്ന് മുതല്‍ വ്രതം സുന്നത്തുണ്ട്. എട്ടാം ദിനത്തിലെ നോന്പിന് പുണ്യം കൂടുതലാണ്.~ഒന്പതിന്ന് പുണ്യമേറെയാണ്. ഈ ഒരൊറ്റ ദിവസത്തെ വ്രതം കൊണ്ട് കഴിഞ്ഞുപോയ ഒരു വര്‍ഷത്തേയും വരാനിരിക്കുന്ന ഒരു വര്‍ഷത്തേയും തെറ്റുകുറ്റങ്ങള്‍ അല്ലാഹു പൊറുക്കുമെന്ന് നബി സ്വയുടെ സുവാര്‍ത്തയുണ്ട്. അല്ലാഹുവിന്‍റെ അതി മഹത്തായ ഔദാര്യമാണല്ലോ അത്. ഒരൊറ്റ വ്രതത്തിനല്ലേ ഇത്രയും പ്രതിഫലം. ഇതറിഞ്ഞാല്‍ പിന്നെ അതു വേണ്ടെന്നു വെക്കുന്നവരാരുമുണ്ടാകില്ല.
ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുന്നത് ഈ ദിനത്തിലാണ്. റബ്ബിന്‍റെ വിളിക്കുത്തരം ചെയ്ത് അതിഥികളായെത്തിയവര്‍ ഒരിടത്തൊന്നിച്ചു ചേര്‍ന്ന് റബ്ബിനെ വണങ്ങുന്നതിന്‍റെ ചേതോഹരമായ ആവിഷ്കാരമാണ് അറഫയില്‍ സംഭവിക്കുന്നത്. അന്നേ ദിവസം അവിടെ എത്തിപ്പെടാത്തവര്‍ വ്രതമാനുഷ്ടിച്ചു കഴിയുന്നതിലെ അനുഭൂതി എത്രമേല്‍ വലുതാണ്.!
റബ്ബിനെ മനസ്സറിഞ്ഞ് വണങ്ങുന്നതിന് അവന്‍ തന്നെ സംവിധാനിച്ചുതന്ന ചിട്ടവട്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഭാഗ്യം കിട്ടിയപ്പോഴുള്ള പ്രഘോഷമാണ് ദുല്‍ഹജ്ജ് പത്തിന് നടക്കുന്ന വലിയ പെരുന്നാള്‍. ഘോഷമെന്ന വാക്കിന് ഒച്ച വെക്കുക എന്ന അര്‍ത്ഥമുണ്ട്. അതല്ല ഇവിടെ ഉദ്ദേശ്യം. ക്രമത്തിലും ചിട്ടയിലുമുള്ള ശബ്ദത്തില്‍ റബ്ബിനെ വാഴ്ത്തി സന്തോഷം പ്രകടിപ്പിച്ച് തക്ബീര്‍ മുഴക്കുന്നതാണ് പെരുന്നാളിന്‍റെ ഘോഷരീതി. മനസ്സകത്ത് സന്തോഷം നിറയുന്പോള്‍ അതു പുറത്തേക്ക് ചാടുന്നത് മനുഷ്യ പ്രകൃതമാണ്. അതാണ് തക്ബീര്‍ ഉച്ചത്തിലാവുന്നത്. ഇത് ഒറ്റക്കും കൂട്ടായും പ്രകടിപ്പിക്കാനാണ് ഇസ്ലാം പ്രോത്സാഹിപ്പിച്ചിരിക്കുന്നത്. അറഫാ നാളിലെ(ദുല്‍ഹിജ്ജ 9) സുബ്ഹി തൊട്ട് പതിമൂന്നാം ദിനത്തിലെ അസര്‍ വരെയുള്ള ഓരോ നിസ്കാരങ്ങള്‍ക്കും ശേഷം തക്ബീര്‍ ചൊല്ലാനുള്ള പുണ്യ സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ അറഫാ ദിനം സൂര്യാസ്തമയം മുതല്‍ പെരുന്നാള്‍ നിസ്കാരം വരെ ഇടതടവില്ലാതെ വീടുകളിലും വഴിയോരങ്ങളിലും പള്ളികളിലും മറ്റുമെല്ലാം തക്ബീര്‍ ഉയരട്ടെ എന്നാണ് ഇസ്ലാമിന്‍റെ ആഹ്വാനം.
പെരുന്നാള്‍ ദിനത്തിലെ ഏറ്റവും ശ്രേഷ്ടമായ സാധനയാണ് പെരുന്നാള്‍ നിസ്കാരം. കുളിച്ചു വൃത്തിയായി പുതുവസ്ത്രമണിഞ്ഞ് പരിമളം പരത്തിയാണ് നിസ്കാരത്തിന്ന് വരേണ്ടത്. സന്തോഷത്തിന്‍റെ സര്‍വ്വ ശുദ്ധ ഭാവങ്ങളും അന്നേദിവസം എല്ലാവരിലും കാണണമെന്ന് ഇസ്ലാമിന് താല്‍പര്യമുണ്ട്. അല്ലാഹുവോടുള്ള നന്ദിപ്രകടനവും വിനയവും ഭക്തിയും എല്ലാം ഇവയോടൊന്നിച്ചുണ്ടാവണം. നിസ്കാരവേളയില്‍ അവയെല്ലാമുണ്ടെങ്കിലേ സന്പൂര്‍ണതയാകുന്നുള്ളൂ.
നിസ്കാരാനന്തരം ഹസ്തദാനം ചെയ്തു സ്നേഹം കൈമാറണമെന്നതും ഇസ്ലാം പ്രത്യേകം താല്‍പര്യപ്പെടുന്നുണ്ട്. കുടുംബമിത്രാദികളിലേക്ക് അതിഥിയായി പോവുന്നതും അതിഥികളെ ക്ഷണിച്ചു വരുത്തുന്നതുമെല്ലാം ഏറെ പുണ്യമുള്ളതാണ്. അശരണരേയും ആലംബഹീനരേയുമൊക്കെ സന്ദര്‍ശിക്കുന്നതും അവര്‍ക്കെല്ലാം തുണയാകുന്നതും വിശ്വാസത്തിന്‍റെ ഭാഗമാണെന്നത് അന്നു മുസ്ലിംകള്‍ക്ക് ഓര്‍മയില്‍ വരും.
വലിയപെരുന്നാളിനോടനുബന്ധിച്ചുള്ള ശ്രേഷ്ടമായ ആരാധനാ കര്‍മമാണ് മൃഗബലി. സ്വീകാര്യമായ രീതിയില്‍ അത് നിര്‍വ്വഹിക്കുന്നതിനുള്ള രീതിയും നിയമവുമെല്ലാം ഇമാമുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതെല്ലാം പാലിച്ചുകൊണ്ടായിരിക്കണം ബലി. അറുക്കുന്നവരുടെ മനസ്സിന്‍റെ തഖ്വ തത്വദീക്ഷയാണ് അല്ലാഹു അടയാളപ്പെടുത്തുക. ഖുര്‍ആന്‍ ഇങ്ങനെയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. അതിനാല്‍ മുസ്ലിംകള്‍ തഖ്വ നഷ്ടപ്പെടാനിടയാവാതെ നോക്കും. തഖ്വയുടെ ഭാഗമായിട്ടാണ് അന്നേ ദിവസം അവര്‍ പാവങ്ങള്‍ക്ക് ബലിമാംസം നല്‍കുന്നതും. ഇത് സ്വന്തം നാട്ടുകാര്‍ക്കു മാത്രമല്ല, നമ്മുടെ നാട്ടിലൊക്കെ തൊഴിലാവശ്യാര്‍ത്ഥമോ മറ്റോ വന്നിട്ടുള്ള ഇതര നാട്ടുകാരായ മുസ്ലിം സഹോദരങ്ങള്‍ക്കും കൊടുക്കാറുണ്ട്. അങ്ങനെ വിശാലമായ കാരുണ്യത്തിന്‍റെ കൈ എല്ലാവര്‍ക്കും നേരെ നീട്ടിത്തുടങ്ങാനുള്ള വിശിഷ്ഠമായ ഒരു അവസരമാണ് പെരുന്നാള്‍.
ജാബിര്‍ ഹുസൈന്‍
You must be logged in to post a comment Login