ചരിത്രത്തില്‍ വളരെക്കാലമായി ആലോചിച്ചു തീരാത്ത വ്യക്തിത്വമാണ് ടിപ്പുസുല്‍ത്താന്‍റേത്. കാലഘട്ടങ്ങള്‍ക്ക് കാത്തുവെക്കാനുള്ള ഒരുപാട് പാഠങ്ങള്‍ അധിനിവേശവിരുദ്ധ പോരാട്ടത്തിന്ന് നല്‍കിയ പോരാളിയാണദ്ദേഹം. എന്നാലദ്ദേഹത്തെ മുസ്ലിം മുഖ്യധാരയില്‍ നിന്ന് പറിച്ചുമാറ്റി ശിഈ വിശ്വാസക്കാരനാക്കി റദ്ദാക്കാനുള്ള നീക്കം മുഖ്യധാരാ ചരിത്രത്തില്‍ ദൃശ്യമാണ്. ശിഈ മുദ്രയുള്ള ടിപ്പു’ മുസ്ലിം മുഖ്യധാരയുടെ മനസ്സിലിരിക്കില്ല എന്ന് ഹിഡന്‍ അജണ്ടയുള്ള ചരിത്രകാരന്മാര്‍ക്കറിയാം. എന്നാല്‍ ടിപ്പുവിന്‍റെ വിശ്വാസത്തെക്കുറിച്ച് രേഖകള്‍ എന്താണ് സംസാരിക്കുന്നത്?
കിര്‍മാനിയുടെ History of Tipusulthan എന്ന ഗ്രന്ഥത്തില്‍ നിന്ന് ഡോ. കെ കെ എന്‍ കുറുപ്പ് ഉദ്ധരിക്കുന്നു അദ്ദേഹത്തിന്‍റെ മുഖ്യലക്ഷ്യം ഇസ്ലാം മതം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ്. സുന്നി മതനിയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നിരോധിക്കപ്പെട്ടവയില്‍ നിന്നെല്ലാം സ്വയം അകന്ന് നില്‍ക്കുകയും തന്‍റെ ഉദ്യോഗസ്ഥരെ അത് ശീലിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയുമാണ്.” (നവാബ് ടിപ്പുസുല്‍ത്താന്‍ പേ. 156)
സുല്‍ത്താന്‍ ശിയാവിശ്വാസിയാണെന്ന് ആരോപിക്കുന്നവരുടെ പ്രധാന തെളിവായ ടിപ്പുവിന്‍റെ നാണയങ്ങള്‍ സത്യത്തില്‍ അദ്ദേഹം സുന്നിയാണെന്നതിന്നുള്ള പ്രമാണങ്ങളാണ്. അദ്ദേഹത്തിന് സ്വിദ്ദീഖി, ഫാറൂഖി, ഉസ്മാനി എന്നീ നാമങ്ങളിലുള്ള നാണയങ്ങള്‍ ഉണ്ടായിരുന്നു. സ്വിദ്ദീഖിയെന്നാല്‍ അബൂബക്കര്‍ സിദ്ദീഖ് റള്വിവിന്‍റെ പ്രധാന സവിശേഷതയായ സത്യസന്ധതയെ സൂചിപ്പിക്കുന്നതും ഫാറൂഖി എന്നത് ഉമര്‍ റള്വിനേയും ഉസ്മാനി എന്നത് ഉസ്മാന്‍ റള്വിനേയും സൂചിപ്പിക്കുന്നതാണ്. (ജോര്‍ജ് പി ടെയ്ലര്‍ Coins of Tipusultan p.13)
അബൂബക്കര്‍(റ)നെയും ഉമര്‍ (റ)നെയും ഉസ്മാന്‍ (റ)നെയും അനാദരിക്കുന്നതിന് ശിയാക്കള്‍ക്കിടയില്‍ പക്ഷാന്തരങ്ങളില്ലെന്നിരിക്കെ ടിപ്പു സുല്‍ത്താന്‍ ഈ മൂന്ന് ഖലീഫമാരുടെ പേര് തന്‍റെ നാണങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നതില്‍ ടിപ്പു അവരെ അങ്ങേയറ്റം പരിഗണിച്ചുവെന്നാണ് മനസ്സിലാവുന്നത്. ഈ നാണയങ്ങള്‍ക്കു പുറമെ, ടിപ്പു ഉപയോഗിച്ചിരുന്ന ഇമാമി’ എന്ന നാണയം ശിയാക്കളുടെ ഇമാമുമാരെ സൂചിപ്പിക്കുന്നതായതിനാല്‍ അദ്ദേഹം ശിയാവിശ്വാസിയാണെന്നാണ് അദ്ദേഹത്തെ ശിയ ആയിക്കാണുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാല്‍ ഈ വാദം നിലനില്‍പ്പില്ലാത്തതാണ്. കാരണം ശിയാക്കള്‍ ഇമാമുകളെന്നും മഅ്സൂമുകളെന്നും പറഞ്ഞ് പദവികള്‍ കല്‍പിച്ചു നല്‍കുന്ന വ്യക്തികളെ നബി(സ)യുടെ കുടുംബക്കാരെന്ന നിലക്ക് സുന്നി സമൂഹം ആദരിക്കുന്നുണ്ട്. അതിനാല്‍ ഇമാമി’ നാണയവും സുല്‍ത്താന്‍ ഉപയോഗിച്ചതില്‍ അസാംഗത്യമൊന്നുമില്ല.
ഇതു മാത്രമല്ല സുന്നികളും സൂഫികളുമായ മഹാന്മാര്‍ അദ്ദേഹവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. മഞ്ഞക്കുളം ശഹീദ് ഖാജാ ഹുസൈന്‍ (റ), കാക്കീ ശാഹ്വലി(റ) തുടങ്ങിയവര്‍ ടിപ്പുവിന്‍റെ സൈന്യത്തില്‍ ഉന്നത സ്ഥാനം വഹിച്ചവരും യുദ്ധം ചെയ്ത് ശഹീദായവരുമാണ് (മുന്നേറ്റം എസ്വൈഎസ് പാലക്കാട് ജില്ലാ സമ്മേളന സുവനീര്‍ 2008). ഡോ. ഹുസൈന്‍ രണ്ടത്താണി ഈ വസ്തുത അംഗീകരിക്കുന്നുണ്ട്. ബ്രിട്ടീഷുകാരോടുള്ള വിദ്വേഷത്തിനു ഉമര്‍ ഖാളി(റ)വിനെ പ്രേരിപ്പിച്ച ഒരു കാരണം ടിപ്പുവിന്‍റെ കൊലപാതകത്തില്‍ അവര്‍ക്ക് വലിയ പങ്കുണ്ടായിരുന്നുവെന്നതാണെന്ന് രേഖകള്‍ പറയുന്നു (ഉമര്‍ഖാളി (റ) വെളിയങ്കോട് മഹല്ല് പ്രസിദ്ധീകരണം കാണുക). ഉമര്‍ഖാളിക്ക് സുല്‍ത്താനോടുള്ള ബന്ധത്തിന്‍റെ ആഴത്തെയാണ് ഇതു വ്യക്തമാക്കുന്നത്. ആദര്‍ശ വിഷയത്തില്‍ കണിശക്കാരായിരുന്ന ഈ മഹാന്മാര്‍ ടിപ്പുവുമായി അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം ആദര്‍ശപരമായി എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തം.
സുല്‍ത്താന്‍റെ കൂടെ കേരളത്തിലെത്തിയവരിലോ അദ്ദേഹത്തിന്‍റെ പടയോട്ടത്തിനിടയില്‍ ഇസ്ലാംമതം സ്വീകരിച്ചവരിലോ ശിയാവിശ്വാസത്തിന്‍റെ തരിന്പുപോലും കാണാനാവില്ല. ടിപ്പുവിന്‍റെ കൂടെ വന്ന ദഖ്നി മുസ്ലിംകള്‍ ഹനഫീ മദ്ഹബുകാരായിരുന്നു. (കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം പി പി മുഹമ്മദ് കോയ പരപ്പില്‍ പേജ് 101) ഇവരുടെ പിന്‍ഗാമികളില്‍ ചിലര്‍ പാലക്കാട് താമസിക്കുന്നുണ്ട്. പാലക്കാട് ഡയറ സ്ട്രീറ്റില്‍ ഒരു പള്ളിയും ഇവര്‍ക്കുണ്ട്. ഇവരിപ്പോഴും ഹനഫീ മദ്ഹബുകാരാണ്. ടിപ്പുവിന്‍റെ പടയോട്ടത്തിനിടയില്‍ മുസ്ലിമായ കിഴക്കന്‍ പാലക്കാട്ടെ വിശ്വാസികളും, സുന്നികളും ഹനഫീ മദ്ഹബുകാരുമാണ് (മുന്നേറ്റം എസ്വൈഎസ് പാലക്കാട് ജില്ലാ സമ്മേളന സുവനീര്‍ 2008) മതപരമായ കണിശത പുലര്‍ത്തുകയും അത് കൂടെയുള്ളവരെ ശീലിപ്പിക്കുകയും ചെയ്ത ടിപ്പുവിന്‍റെ അനുചരരില്‍ ശിയാവിശ്വാസത്തിന്‍റെയോ ആചാരത്തിന്‍റെയോ തരിന്പുപോലുമില്ലായിരുന്നു.
ടിപ്പു ശിയ ആണെന്ന് വാദിക്കുന്നവര്‍, ഇമാമീ നാണയത്തിനു പുറമെ ഉയര്‍ത്തിക്കാണിക്കുന്ന തെളിവാണ് അലി(റ)വിനെ ടിപ്പു അത്യധികം ആദരിച്ചിരുന്നുവെന്നത്. ബ്രട്ടില്‍ ബാങ്കിനെ ഉദ്ധരിച്ചുകൊണ്ട് ഒരു ചരിത്രകാരന്‍ നിരീക്ഷിക്കുന്നു ഹസ്റത്ത് അലിയോട് അങ്ങേയറ്റം സ്നേഹം ടിപ്പുവിനുണ്ടായിരുന്നു. ദുല്‍ഫുഖാര്‍ എന്ന അലിയുടെ രണ്ട് ഭാഗവും മൂര്‍ച്ചയുള്ള ഖഡ്ഗവും അലിയുടെ അപരനാമമായ അസദുല്ലാഹില്‍ ഗാലിബ് (വിജയശ്രീലാളിതനായ അല്ലാഹുവിന്‍റെ സിംഹം) എന്നതും ടിപ്പുവിനു വളരെ ഇഷ്ടമായിരുന്നു. ഈ നാമം തന്‍റെ വാളിലും തലപ്പാവിലുമൊക്കെ കുറിച്ചുവെക്കുകയും ചെയ്തിരുന്നു.” എത്രമാത്രം ബാലിശമാണ് ഈ ഊഹം? അലി(റ)വിനെ ആദരിക്കുന്നവരൊക്കെ ശിയാക്കളാണെന്ന ധാരണ ഒരിക്കലും ശരിയാവില്ലല്ലോ. അലി(റ)നെ അങ്ങേയറ്റം ആദരിക്കുന്നവരാണ് സുന്നികള്‍. ധീരനും പോരാളിയുമായ അലി(റ)വിനെ യോദ്ധാവായ ടിപ്പു അനുകരിക്കുന്നത് സ്വാഭാവികം മാത്രം.
ടിപ്പു ശിയാ വിശ്വാസിയായ കൊണ്ടോട്ടി തങ്ങള്‍ക്ക് ഇനാം കൊടുത്തുവെന്നതു കൂടി ഇക്കൂട്ടത്തില്‍ ഒരു തെളിവായി കാട്ടാറുണ്ട്. ഇനാം നല്‍കുന്നതിനെക്കുറിച്ച് പഠിച്ചാല്‍ ഈ ശങ്കയും തീരും. കെ കെ എന്‍ കുറുപ്പ് പറയുന്നു മലബാറിലെ പല ക്ഷേത്രങ്ങള്‍ക്കും ഇനാം അനുവദിച്ചു കൊടുത്ത ഒരു പാരന്പര്യം ടിപ്പുവിനവകാശപ്പെടാനാവും.” (മാപ്പിള പാരന്പര്യം, ഇര്‍ഷാദ് പബ്ലിക്കേഷന്‍, കോഴിക്കോട് 1998 പു 32)
കോഴിക്കോട് കലക്ട്രേറ്റിലെ ആര്‍കൈവിലുള്ള ഇനാം രജിസ്റ്ററില്‍, കരമില്ലാതെ ടിപ്പു വസ്തുവകകള്‍ ദാനം ചെയ്ത അറുപത്തിയൊന്ന് സംഭവങ്ങളുണ്ട്. അതില്‍ 56 എണ്ണം ഹിന്ദു ക്ഷേത്രങ്ങള്‍ക്കും മൂന്നെണ്ണം മുസ്ലിം പള്ളികള്‍ക്കും ഒന്ന് ഒരു നായര്‍ക്കും മറ്റൊന്ന് കൊണ്ടോട്ടി തങ്ങള്‍ക്കുമാണ്. (സി കെ കരീം Kerala Under Hydarali And Tipusultan p 200-209) മുകളില്‍ പറഞ്ഞ ഉദ്ധരണിയില്‍ നിന്ന് ടിപ്പുസുല്‍ത്താന്‍ കൊണ്ടോട്ടി തങ്ങള്‍ക്ക് മാത്രമല്ല, 57 ക്ഷേത്രങ്ങള്‍ക്ക് കൂടി ഇനാം നല്‍കിയെന്ന് വ്യക്തമാവുന്നു. തന്‍റെ തലസ്ഥാനമായ ഫറൂഖാബാദിന്‍റെ അടുത്ത പ്രദേശമായ കൊണ്ടോട്ടി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയും ഏറനാട്ടിലും വള്ളുവനാടിലും സ്വാധീനം നേടുകയും ചെയ്ത തങ്ങള്‍ക്ക് ടിപ്പു ഇനാം നല്‍കിയത് തന്‍റെ രാഷ്ട്രീയത്തിന്‍റെ ഭാഗമായിക്കാണണം. കൊണ്ടോട്ടി തങ്ങള്‍ക്കുള്ള ടിപ്പുവിന്‍റെ ഇനാം. സുല്‍താന്‍റെ വിശ്വാസത്തെയാണ് വെളിപ്പെടുത്തുന്നതെങ്കില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുള്ള ഇനാമിനെ ആ അര്‍ത്ഥത്തില്‍ കാണേണ്ടിവരില്ലേ?
സുല്‍ത്താന്‍ സുന്നിയും വലിയ്യുമാണെന്ന് പറയുകയും കവിതകള്‍ രചിക്കുകയും ചെയ്തവരുമുണ്ടെന്ന കാര്യവും നാമോര്‍ക്കണം (കുണ്ടൂര്‍ ഉസ്താദ്, ഖാദിരിയ്യാ ബൈഅത്ത്). എന്നാല്‍ മുഖ്യധാരാ ചരിത്രങ്ങള്‍ ടിപ്പുവിനെ ശിയ ആക്കാനാണ് താല്‍പര്യപ്പെട്ടത്. മുന്‍ഗാമികള്‍ ചെയ്ത ചരിത്ര വക്രീകരണത്തെ യുക്തിബോധത്തോടെ വിലയിരുത്താതെ അവയെ വെള്ളപൂശുന്ന രീതി ചരിത്രത്തെ കുഴിച്ചു മൂടലാണ്. വളരെയധികം ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട വ്യക്തി എന്ന നിലയിലും ഒരു സമൂഹം മുഴുവനും അദ്ദേഹത്തെ സുന്നി എന്നു വിശ്വസിക്കുന്ന സവിശേഷ സാഹചര്യത്തിലും ടിപ്പുവിന്‍റെ മത വീക്ഷണത്തെക്കുറിച്ചെഴുതും മുന്പ് ചരിത്രകാരന്മാര്‍ വസ്തുനിഷ്ഠമായ ഒരന്വേഷണത്തിന് മുന്‍കയ്യെടുക്കേണ്ടതുണ്ട്.
ഉബൈദ് ചെര്‍പ്പുളശ്ശേരി
You must be logged in to post a comment Login