റബീഉല്‍അവ്വല്‍ സമാഗതമാവുകയാണ്. നബിദിന പരിപാടി ഈ വര്‍ഷം ഉഷാറാക്കണം. ദര്‍സിലെ സാഹിത്യസമാജത്തില് അഹ്മദ് ഒരു ഇംഗ്ലീഷ് കവിത ചൊല്ലണം.
നാല്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്ദ്യരായ ഉസ്താദ് പറഞ്ഞ വാക്കുകളായിരുന്നു അത്. അന്ന് ചേന്ദമംഗല്ലൂര്‍ ഹൈസ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം. മുണ്ടൂര്‍ അന്സാറുല്ഇസ്ലാം മദ്രസയില്‍ നിന്ന് ഏഴാം ക്ലാസ് വിജയിച്ച ശേഷം ഞങ്ങള്‍ പള്ളിദര്സിലെത്തും. ഒന്പതരവരെ ദര്സില് ഇരുന്ന ശേഷം ചോന്നാംകുന്നത്തുള്ള ചേന്ദമംഗല്ലൂര്‍ ഹൈസ്കൂളിലേക്കോടണം. പരേതനായ ബഹു. ആക്കോട് ടി സി മുഹമ്മദ് മുസ്ലിയാരായിരുന്നു അന്ന് ദര്‍സിലെ മുദരിസ്. പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നീട്ടി ഓതുന്ന ബൈത്തുകളും അല്‍ഫിയ കിതാബിലെ മണിച്ച് മറിച്ച് ചൊല്ലുന്ന മനോഹര വരികളും ഞങ്ങളെ ദര്സിലേക്കാകര്ഷിച്ചിരുന്നു. വൈകീട്ട് സ്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ ഇശാ മഗ്രിബിനിടയില് വീണ്ടും ദര്സിലെത്തണം. എല്ലാ ഞായറാഴ്ചകളിലും ഉസ്താദിന്റെ നേതൃത്വത്തില്‍ സാഹിത്യസമാജമുണ്ടാവും. മനോഹരമായ കവിതകളും ഗാനങ്ങള്‍ക്കുമൊപ്പം ബൈത്തുകളും പ്രസംഗപരിശീലന ക്ലാസുകളും. നാല്പത് വിദേശികള്‍ക്കൊപ്പം നാട്ടുകാരായ ഞങ്ങള്‍ പന്ത്രണ്ട് പേരും അടങ്ങുന്ന വലിയ ദര്‍സായിരുന്നു അന്ന് മുണ്ടൂര്‍ മഹല്ലിന്റെ അഭിമാനം. (അന്നത്തെ മുതഅല്ലിമീങ്ങളില്‍ പെട്ട പലരും ഇന്ന് നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ മുദരിസുമാരാണ്).
തൊപ്പികള്‍ പ്രചാരത്തിലാവാതിരുന്ന അന്ന് ഓയില്‍ മുണ്ടും ഒപ്പം വെളുത്ത മുസ്ലിയാരുട്ടി വസ്ത്രവുമായിരുന്നു ഉസ്താദിനിഷ്ടം. ഇന്നത്തെ പോലെയുള്ള ബട്ടന് നിറഞ്ഞ കുപ്പായത്തിന് പകരം ഫുള്‍കൈയുള്ള കുപ്പായവും പിരടി മറച്ചുകൊണ്ട് തലപ്പാവ് വെക്കുന്നതുമായിരുന്നു ഉസ്താദിന് ഏറെ ഇഷ്ടം. തുണിയുടെ ഇറക്കം ഞെരിയാണിക്ക് താഴെ എത്തുകയോ മുടിയുടെ നീളം ഒരിഞ്ചില്‍ കൂടുകയോ ചെയ്താല്‍ ചൂരല്‍ പ്രയോഗം പ്രതീക്ഷിക്കാം.
മദ്രസാ ക്ലാസില്‍ നിന്ന് പഠിച്ച ഉംദക്കും അദ്കിയാഇനും ശേഷം ദര്‍സ് ക്ലാസില്‍ ഞങ്ങളുടെ കിതാബുകള്‍ ഫത്ഹുല്‍മുഈനും രിയാളുസ്വാലിഹീനുമായിരുന്നു. ദിവസവും എടുക്കുന്ന പാഠങ്ങളിലെ മസ്അലകള്‍ പിറ്റേന്ന് മണിമണിയായി ഉസ്താദിന് മുന്പില് പറയണം. അതിനു ശേഷമായിരുന്നു അടുത്ത പാഠത്തിലേക്കുള്ള നീക്കം. വ്യൈുതി ലഭിക്കാത്ത ആ കാലത്ത് പെട്രോള്‍മാക്സിന്റെ ചൂടുപിടിച്ച ഗ്ലാസില്‍ ഇയാംപാറ്റകളുടെ മരണമണി ശബ്ദങ്ങളും ഇതിനിടയില്‍ ഉസ്താദിന്റെ നാവില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വിജ്ഞാനത്തിന്റെ മുത്തുമണികളും എല്ലാം ഇന്നോര്മയിലുണ്ട്.
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മൂന്ന് വര്‍ഷക്കാലം മുണ്ടൂര്‍ ദര്സില് നിന്ന് ലഭിച്ച പ്രസ്തുത ദീനി വിജ്ഞാനം പില്കാലത്ത് ജീവിതം കെട്ടിപ്പടുക്കുന്നതില്‍ തികച്ചും സഹാകമായെന്ന് അഭിമാനത്തോടെ ഓര്‍ക്കുന്നു. ഹൈസ്കൂള്‍ പഠനകാല ശേഷം കല്ലിക്കോട് ദേവഗിരി കോളജിലും, പിന്നീട് ഫാറൂഖ് കോളജിലും ബിരുദ ബിരുദാനന്തര ക്ലാസുകളില്‍ പഠിച്ചിരുന്ന കാലത്ത് ഇമാമത്ത് നില്‍ക്കാനുള്ള അവസരങ്ങള്‍ ലഭിക്കുകയും തമാശരൂപത്തിലാണെങ്കിലും ഉസ്താദ് എന്ന പേര് കിട്ടുകയും ചെയ്തു.
1984 തൊട്ട് ഫാറൂഖ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ 2002-2004 കാലത്ത് ചേന്ദമംഗല്ലൂര്‍ സുന്നിയ്യ അറബിക് കോളജില്‍ പ്രിന്‍സിപ്പലായി നിയമനം ലഭിച്ചു. ബിഎ അഫ്സലുല്‍ഉലമ ക്ലാസില്‍ ഒരധ്യാപകന് അവധിയായപ്പോള്‍ ഞാന്‍ പകരം ക്ലാസിലെത്തി. ബോര്‍ഡില്‍ മനോഹരമായി എഴുതിയപ്പോള്‍ പിറകില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിനിയുടെ ചോദ്യം
സര്, ഇംഗ്ലീഷ് അധ്യാപകനായ താങ്കള്‍ക്ക് ഞങ്ങളേക്കാള്‍ നന്നായി അറബി വഴങ്ങുന്നതെങ്ങനെയാണ്?
പൊടുന്നനെ അഭിമാനത്തോടെ ഞാന്‍ പറഞ്ഞു. കുട്ടിക്കാലത്ത് കരംപിടിച്ചുയര്ത്തിയ ദര്സുക്ലാസിന്റെ മഹിമകള്‍.
32 വര്‍ഷക്കാലം കോളജിലും ഇതര സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ച ശേഷം വരുന്ന മാര്‍ച്ചില്‍ ജോലിയില്‍ നിന്ന് പിരിയാനൊരുങ്ങുന്പോള് എന്നെ ഞാനാക്കിത്തീര്ക്കുന്നതില് സ്വാധീനിച്ച എന്റെ ഉസ്താദുമാരെയും അന്നത്തെ ദീനി സ്ഥാപനങ്ങളെയും കുറിച്ചുള്ള ഓര്‍മകള്‍ എല്ലാം ഇന്നലെയെന്ന പോലെ മുന്പില് തെളിയുന്നു. ഫെയ്സ്ബുക്കിനും കംപ്യൂട്ടറിനും വാട്ട്സപ്പിനും അടിമകളാവുന്ന ഇന്നത്തെ പുത്തന്‍ തലമുറയും അന്നത്തെ പഴയ തലമുറയും തമ്മിലുള്ള ജനറേഷന് ഗ്യാപ് മനസിനെ വ്യാകുലപ്പെടുത്തുന്നു. മാതാപിതാക്കളെ വൃദ്ധ സദനങ്ങളിലേക്കയക്കാനൊരുങ്ങുന്ന, വന്ദ്യ ഗുരുക്കളെ മാനിക്കാത്ത, പ്രായമെത്തിയവര്‍ക്കു മുന്പില് ഞെളിഞ്ഞു നടക്കുന്ന, ഒട്ടും അദബില്ലാത്ത ഇളം തലമുറയില്‍പെട്ടവരെ കാണുന്പോള്‍ പൊയ്പോയ നല്ല കാലത്തെ കുറിച്ചുള്ള ഓര്‍മകള്‍ മനസില്‍ വേദനയായ് മാറുകയാണ്.
ഡോ. സി കെ അഹ്മദ് പാഴൂര്‍
You must be logged in to post a comment Login