ഭൗതികതയുടെ മുഴുവന്‍ ചാപല്യങ്ങളില്‍ നിന്നും ഹൃദയത്തെ ശുദ്ധീകരിച്ച് ആത്മീയതയുടെ വെളിച്ചം കാണിച്ചു തരുന്ന മഹാന്മാരെ സംബന്ധിച്ച ചരിത്രാന്വേഷണ പഠനങ്ങള്‍ക്കാണ് പുതിയ കാലത്ത്പ്രസക്തിയേറെയുള്ളത്. ജീവിതം മുഴുവന്‍ അല്ലാഹുവിന് സമര്‍പിച്ച പൂണ്യപുരുഷന്മാരുടെ വിശുദ്ധ ചരിത്രം നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുമെന്ന് അബൂസുലൈമാനുദ്ദാറാനി(റ) പറഞ്ഞിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ മുന്‍ഗാമികളായ നബിമാരുടെ ചരിത്രം നിരവധി തവണ ആവര്‍ത്തിച്ചത് ഈമാന്‍ ശക്തിപ്രാപിക്കാനാണെന്ന് സൂറത്ത് ഹൂദില്‍ കാണാം.
അല്ലാഹുവിനെ ആഴത്തില്‍ അറിഞ്ഞ് ജീവിതം മുഴുവന്‍ ദിവ്യസ്നേഹത്തില്‍ പൂത്തുലഞ്ഞ്, ഹൃദയം നിറയെ ജ്ഞാനപ്രകാശം നിറഞ്ഞ് വിരിഞ്ഞ മഹാസൂഫിപണ്ഡിതനായിരുന്നു ശൈഖ് അലിയ്യുല്‍ഖവ്വാസ്വ്(റ). അതിമനോഹരമായ ആത്മീയ ദര്‍ശനങ്ങള്‍കൊണ്ട് ജനങ്ങളെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്ത മഹാന്‍, സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ലളിതജീവിതത്തിന്‍റെയും വെളിച്ചത്തിലൂടെയാണ് ആത്മീയയാത്രയില്‍ വഴികണ്ടെത്തിയത്.
സാന്പ്രദായിക രീതിയില്‍ എഴുത്തും വായനയും അഭ്യസിച്ചിട്ടില്ലാത്ത(ഉമ്മിയ്യ്) അലിയ്യുല്‍ഖവ്വാസ്വ് വിശുദ്ധ ഖുര്‍ആനില്‍ നിന്നു അഗാധമായ വിജ്ഞാന മുത്തുകള്‍ മനോഹരമായ ഭാഷയില്‍ അവതരിപ്പിക്കുന്പോള്‍ അക്കാലത്തെ ഉന്നത പണ്ഡിതന്‍മാര്‍ അന്പരക്കുമായിരുന്നു. അറബി, ഹീബ്രു, സുരിയാനി തുടങ്ങിയ ഭാഷകളില്‍ ഭംഗിയായി വൈജ്ഞാനിക ചര്‍ച്ചകള്‍ നടത്തിയുരുന്നു. സൂറത്തുല്‍ഫാതിഹയില്‍ നിന്ന് മാത്രം രണ്ട് ലക്ഷത്തിലധികം മസ്അലകള്‍ മഹാന്‍ നിര്‍ധാരണം ചെയ്തിരുന്നുവെന്ന് ശിഷ്യന്‍ ഇമാം ശഅ്റാനി(റ) എഴുതിയിട്ടുണ്ട്. ആ ജ്ഞാനപ്രപഞ്ചത്തില്‍ നിന്നും തെരഞ്ഞെടുത്ത ഏതാനും മസ്അലകള്‍ ഇമാം ശഅ്റാനി(റ) ദുററുല്‍ഗവ്വാസ്വ് ഫീ ഫതാവാ സയ്യിദീ അലിയ്യിനില്‍ഖവ്വാസ്, കിതാബുല്‍ജവാഹിര്‍ വദ്ദുറര്‍ എന്നീ രണ്ട് ഗ്രന്ഥങ്ങളില്‍ ക്രോഡീകരിച്ചിട്ടുണ്ട്. ശഅ്റാനിയുടെ മുന്നൂറിലധികം വരുന്ന കൃതികളില്‍ ശൈഖ് ഖവ്വാസ്വ് തങ്ങളുടെ ചിന്തകളില്‍നിന്നു സമൃദ്ധമായി ഉദ്ദരിച്ചതു കാണാം.
എഴുതിയും വായിച്ചും ലഭിക്കുന്ന അക്ഷരജ്ഞാനമല്ല, കഠിനമായ ആത്മീയ പരിശീലനങ്ങളിലൂടെ ആന്തരാത്മാവിനെ സംശുദ്ധമക്കി നേടുന്ന ആത്മജ്ഞാനമാണ് സത്യജ്ഞാനമെന്നത് എന്നാണ് ശൈഖവര്‍കളുടെ ദര്‍ശനം. പരിശുദ്ധ ഖുര്‍ആനും തിരുഹദീസുകളും മുന്‍നിര്‍ത്തി ഇമാം ഗസാലി(റ) ഇക്കാര്യം ഇഹ്യയില്‍ സമര്‍ത്ഥിച്ചിട്ടുമുണ്ട്. നമ്മുടെ വഴിയില്‍ പോരാട്ടം നടത്തുന്നവരെ നാം ആത്മജ്ഞാനത്തിന്‍റെ വഴിയിലെത്തിക്കും (സൂറത്തുല്‍അന്‍കബൂത്ത്) തഖ്വയുള്ളവര്‍ക്ക് അല്ലാഹു സത്യാസത്യ വിവേചന ജ്ഞാനം നല്‍കും (സൂറത്തുല്‍അന്‍ഫാല്‍) തുടങ്ങി നിരവധി പ്രമാണങ്ങള്‍ ഇമാം ഗസാലി(റ) ഉദ്ധരിച്ചിരിക്കുന്നു.
തിരുനബി സ്വയില്‍ നിന്നു നേരിട്ട് ത്വരീഖത്ത് സ്വീകരിച്ച ശൈഖ് ഇബ്റാഹീമുല്‍ മത്ബൂലി(റ) യുടെ ആത്മീയ ശിക്ഷണത്തിലാണ് അലിയ്യുല്‍ഖവ്വാസ്വ് ആദ്ധ്യാത്മികതയുടെ പ്രകാശലോകത്തേക്കുയര്‍ന്നത്. ശേഷം ഗുരുവിനെപോലെ പുണ്യനബി സ്വയെ നേരില്‍ കാണാനും ശ്രേഷ്ടമായ ആത്മീയവഴി സ്വീകരിക്കാനും സൗഭാഗ്യം ലഭിച്ചു. നിരവധി കറാമത്തുകളിലൂടെ വിശ്വാസികള്‍ക്ക് നേര്‍വഴിയിലേക്കുള്ള വെളിച്ചം കാണിച്ച് കൊടുത്തു. ശൈഖിന്‍റെ ധാരാളം കറാമത്തുകള്‍ ഇമാം ശഅ്റാനി (റ) രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരാളുടെ മൂക്ക് നോക്കി അയാള്‍ ചെയ്തതും ചെയ്യാനുള്ളതുമായ സകല വൃത്തികളും വായിച്ചെടുക്കാനുള്ള സിദ്ധി ശൈഖിന്നുണ്ടായിരുന്നു. വുളൂഅ് ചെയ്ത വെള്ളം നോക്കി ആ വ്യക്തി ചെയ്ത തെറ്റുകളിന്നതാണെന്നു പറയാനുള്ള സിദ്ധിയും ശൈഖിനുണ്ടായിരുന്നു.
ഇമാം അഫ്ളലുദ്ദീന്‍(റ) പറയുന്നു ഒരിക്കല്‍ ശൈഖ് അലിയ്യുല്‍ഖവ്വാസ്വ്(റ) പുതിയ മഷിക്കുപ്പി നോക്കി അത്കൊണ്ട് എഴുതപ്പെടുന്ന ആദ്യ വാചകം എന്നോട് പറഞ്ഞു. ആ മഷിക്കുപ്പി വാങ്ങിയ വ്യക്തി ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഞാനദ്ദേഹമെഴുതിയ ആദ്യവരി പരിശോധിച്ചപ്പോള്‍ ശൈഖ് ഖവ്വാസ്വ്(റ) പറഞ്ഞത് പൂര്‍ണമായും ശരിയായിരുന്നു.
ഖാളി ശറഫുദ്ദീനു സ്സ്വഗീറിന്‍റെ അനുചരരില്‍ പെട്ട ഒരാള്‍, മരണാസന്നനായ ശൈഖ് അബ്ദുല്ലാഹില്‍ ബത്നൂനി(റ) ക്കുള്ള കഫന്‍ തുണിയുമായി പോകുന്പോള്‍ ശൈഖ് ഖവ്വാസ്വ് അദ്ദേഹത്തോട് പറഞ്ഞു നിങ്ങള്‍ മടങ്ങിപ്പോവുക, ശൈഖ് ബതനൂനി ഇനിയും ആറ്മസം ജീവിക്കും. പ്രവചിച്ചത് പോലെ ബത്നൂനി വഫാതായത് ആറ് മാസങ്ങള്‍ക്ക് ശേഷമായിരുന്നു.
ശൈഖിന്‍റെ ജീവചരിത്രവും ദര്‍ശനപ്രപഞ്ചവും ഇമാം ശഅ്റാനി(റ) തന്‍റെ ത്വബഖാതി ല്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ജീവചരിത്രത്തേക്കാള്‍ ശൈഖിന്‍റെ മനോഹരമായ ആത്മീയ ദര്‍ശനങ്ങളാണ് ചരിത്രപണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവരുടെ ചരിത്രമെഴുത്ത് യഥാര്‍ത്ഥത്തില്‍ ശൈഖിന്‍റെ വിശാലമായ ദര്‍ശനപ്രപഞ്ചത്തിലൂടെയുള്ള യാത്രയാണ്. അനുരാഗത്തിന്‍റെ അരുവിയിലൂടെയുള്ള ഒരു പരന്നൊഴുകല്‍.
ഹൃദയത്തിലെ കറകള്‍ വൃത്തിയാക്കപ്പെടുന്നതിനനുസരിച്ച് അല്ലാഹുവില്‍ നിന്നുള്ള ജ്ഞാനം ഖല്‍ബില്‍ വെളിച്ചം നിറക്കും. അകലെയുള്ളതും മറഞ്ഞതുമായ കാര്യങ്ങള്‍ ആ ശുദ്ധ ഹൃദയത്തില്‍ തെളിയും. കുപ്പിയകത്തുള്ള വസ്തുവിനെ പോലെ കാണ്മാന്‍ ഞാന്‍ നിങ്ങളെ ഖല്‍ബകമെന്നോവര്‍ എന്ന മുഹ്യിദ്ദീന്‍ ശൈഖ്(റ) വിന്‍റെ വാക്കിന്‍റെ പൊരുളുമിതാണ്.
പങ്ക്വെക്കുകയും പകുത്ത് നല്‍കുകയും ചെയ്യുന്ന ഹൃദയങ്ങളില്‍ മാത്രമേ സൂഫിസം വിരിയുകയുള്ളൂ. എല്ലാ മനുഷ്യരുടേയും വേദനകളെ സ്വന്തം മുറിവുകളായി കാണുകയും അതിന്‍റെ നീറ്റലില്‍ പുളയുകയും പുകയുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിശ്വാസിയെന്ന് ശൈഖ്(റ) പറയാറുണ്ട്.
അനുരാഗം ഒരു ലഹരിയാണ്. അനുഭവിക്കും തോറും തീവ്രത ഏറിയേറി വരും. ആത്മീയാനുരാഗത്തിന്‍റെ ഒരു തുള്ളി തെളിനീര്‍ കുടിച്ചവര്‍ വീണ്ടും വീണ്ടും, കടലാഴത്തോളം ദാഹത്തോടെ അത് അനുഭവിക്കാന്‍ ആശിക്കുന്നു. അനുഭവിക്കുംതോറും മധുരവും ലഹരിയും കൂടിക്കൂടി വരുന്ന ആത്മീയാനന്ദമല്ലാതെ മറ്റെന്തുണ്ട്?. സന്പൂര്‍ണരില്‍ സന്പൂര്‍ണരായ നബി സ്വ തങ്ങള്‍ വരെ ആത്മീയജ്ഞാനം വര്‍ധിപ്പിക്കാന്‍ പതിവായി പ്രാര്‍ത്ഥിച്ചിരുന്നതിന്‍റെ പൊരുള്‍ ഇതാണെന്ന് ശൈഖ്(റ) പറയാറുണ്ട്.
അല്ലാഹുവിനെ സ്നേഹിച്ച് സ്നേഹിച്ച് ഹൃദയമാലിന്യങ്ങളുടെ കറുത്ത മറ മായ്ച്ചുകളഞ്ഞ സൂഫിയുടെ സ്ഫടികഹൃദയത്തില്‍ റബ്ബിന്‍റെ ജമാലിയ്യ(സൗന്ദര്യദ്യുതി)ത്തിന്‍റെ ബഹിസ്ഫുരണങ്ങള്‍ തെളിയും. അതോടെ എല്ലാം മറക്കും.
സൂഫിസം ഒരു ഫാഷനായി സ്വീകരിക്കുന്ന രീതി ഇന്ന് വ്യാപകമാണ്. യോഗ്യരായ ആത്മീയപണ്ഡിതരിലൂടെയല്ലാതെ സത്യം തേടിപ്പോയവരെല്ലാം വഴിപിഴച്ച് പോയിട്ടുണ്ട്. സന്പൂര്‍ണ യോഗ്യനായ ഗുരു(മുറബ്ബിയായ ശൈഖ്)വിലൂടെയല്ലാതെ ആത്മീയവഴിയില്‍ പ്രവേശിക്കുന്നവരെല്ലാം പിശാചിന്‍റെചതിയില്‍പെട്ടുപോകുമെന്ന് ശൈഖ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശരീഅത്തില്‍ ആഴമേറിയ പാണ്ഡിത്യത്തിന് പുറമെ ശിഷ്യന്‍റെ രഹസ്യവും പരസ്യവുമായ മുഴുവന്‍ കാര്യങ്ങളും അകക്കണ്ണ് കൊണ്ട് കാണാനുള്ള യോഗ്യത ഗുരുവിനുണ്ടാവണം. മുറബ്ബിയായ ശൈഖിനുള്ള യോഗ്യതകളില്ലാത്തവര്‍ രോഗമറിയാതെ ചികിത്സിക്കുന്ന വ്യാജവൈദ്യന്മാരെപോലെയാണ്. അവര്‍ രോഗികളെ കൊല്ലും. ശരീഅത്തിന്‍റെ ജ്ഞാനങ്ങളിലും അനൂബന്ധ ജ്ഞാനശാഖകളിലും സാഗരതുല്യമായ അറിവുള്ളവര്‍മാത്രമേ ആത്മീയ ശിക്ഷണം നടത്താന്‍ പാടുള്ളൂ. അല്ലാത്തവര്‍ സ്വയം നാശത്തില്‍ വീണ്പോവുകയും ശിഷ്യന്മാരെ മഹാപതനത്തിലേക്ക് തള്ളിവീഴ്ത്തുകയും ചെയ്യും. ശൈഖ് അലിയ്യുല്‍ഖവ്വാസ്വ് പറഞ്ഞതാണിത്.
ശരീഅതിനെ ആദരിക്കുകയും അതിലെ വിധിവിലക്കുകള്‍ പൂര്‍ണമായി ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക എന്നതാണ് തസവ്വുഫിന്‍റെ കാതല്‍. കര്‍മശാസ്ത്ര നിയമങ്ങള്‍ക്ക് വിലകല്‍പിക്കാത്ത സകല സൂഫിപ്രസ്ഥാനങ്ങളും വ്യാജവും കപടവുമാണെന്ന് ശൈഖ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശരീഅതിനെ അവഗണിക്കുന്ന കപടശൈഖിനെ വരിച്ചവര്‍ തെമ്മാടികളും മതവിരുദ്ധരുമായിരിക്കുമെന്ന് ഇമാം അബൂത്വാലിബില്‍ മക്കി, ഇമാം ഖുശൈരി, ഇമാം ഗസാലി, ഇമാം സുഹ്റവര്‍ദി(റ) തുടങ്ങിയവരെല്ലാം പറഞ്ഞിട്ടുണ്ട്.
ഫിഖ്ഹില്ലാത്ത തസവ്വുഫ് മതത്തില്‍ നിന്ന് തന്നെ തെറിച്ച് പോകാന്‍ കാരണമാണെന്ന് ഇമാം മാലിക്(റ) പറഞ്ഞിട്ടുണ്ട്. ഫിഖ്ഹില്ലാത്ത തസവ്വുഫും തസവ്വുഫില്ലാത്ത ഫിഖ്ഹും അപകടകരമാണെന്ന് ചുരുക്കം. സൂഫികളുടെ സുല്‍ത്താന്‍ ശൈഖ് ജീലാനി(റ) ശാഫിഈ മദ്ഹബിലും ഹന്പലീ മദ്ഹബിലും ഫത്വ നല്‍കിയിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ശൈഖ് ഖവ്വാസ്വ്(റ) പറയുന്നു. ആത്മീയത വര്‍ധിക്കും തോറും ശരീഅത്തിനോടുള്ള ആദരവും സൂക്ഷമ സമീപനവും കൂടിക്കൊണ്ടിരിക്കും. അത്കൊണ്ടാണ് സുന്നത്ത് ഉപേക്ഷിക്കുകയോ കറാഹത് ചെയ്യുകയോ ചെയ്താല്‍ തൗബ നിര്‍ബന്ധമാണെന്ന് സൂഫിപണ്ഡിതന്മാര്‍ പഠിപ്പിച്ചത്.
അബ്ദുല്‍ബാരി സ്വിദ്ദീഖി കടുങ്ങപുരം
You must be logged in to post a comment Login