മഗ്രിബിന് എല്ലാ ആണ്‍കുട്ടികളും മദ്രസയിലെത്തണം’. സ്വദര്‍ ഉസ്താദിന്റെ അറിയിപ്പ്. നിസ്കാര ശേഷം നിങ്ങള്‍ക്ക് വേണ്ടി പുതിയൊരു ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. എല്ലാവരും കൃത്യ സമയത്ത് മദ്രസയിലെത്തുക. ഉസ്താദ് പറഞ്ഞ് തിരിഞ്ഞു നടന്നപ്പോള്‍ ക്ലാസ്സിലാകെ നിശ്ശബ്ദത. പിന്നെ കുശുകുശുപ്പായി. എന്തായിരിക്കുമത്. സ്പ്യെല്‍ ക്ലാസ് സ്കൂളിലാണെങ്കില്‍ പോകാന്‍ ഭയങ്കര മടിയാണ്. പക്ഷേ മദ്രസയിലെ സ്പ്യെല്‍ ക്ലാസ്. അതും സ്വദര്‍ ഉസ്താദ് ആണ്‍കുട്ടികള്‍ക്ക് മാത്രം നടത്തുന്നത്. തെല്ലൊരാകാംക്ഷയോടെ അന്നത്തെ പകല്‍ മദ്രസ വിട്ടു.
സ്വദര്‍ ഉസ്താദ് ഞങ്ങള്‍ക്കേവര്‍ക്കും പ്രിയപ്പെട്ട അധ്യാപകനാണ്. ഉസ്താദ് എന്തു പറഞ്ഞാലും കുട്ടികള്‍ റെഡി. ഉസ്താദിന്റെ ഒരു നോട്ടത്തില്‍ നിന്നു പോലും വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നു.ഗാംഭീര്യം നിറഞ്ഞ മുഖത്തു നിന്ന് ഒരു ചെറുപുഞ്ചിരിയെങ്കിലും കിട്ടാന്‍ ഞങ്ങള്‍ മത്സരിക്കാറുണ്ടായിരുന്നു. മഗ്രിബ് നിസ്കാരത്തിന് എല്ലാവരും പള്ളിയില്‍ ഹാജര്‍. നിസ്കാര ശേഷം ആകാംക്ഷകയോടെ മദ്രസയിലേക്ക് നടന്നു. എല്ലാവരെയും കൃത്യസമയത്ത് കണ്ടപ്പോള്‍ ആ പുഞ്ചിരി ഞങ്ങള്‍ക്ക് വീണു കിട്ടി. ഹൃദയത്തിലാകെ സുഗന്ധഹാരിയായ ഒരു പ്രകാശം.
ഉസ്താദ് പറഞ്ഞു എങ്ങനെ സോപ്പുണ്ടാക്കാം എന്നതിനെ കുറിച്ചാണ് ഇന്നത്തെ ക്ലാസ്! ഞങ്ങളുടെ ആശങ്കകള്‍ നിലംപതിച്ചു. മനസ്സില്‍ സന്തോഷം അലതല്ലി. അടുത്ത കാലത്ത് ഞങ്ങളുടെ മദ്രസയില്‍ തുടങ്ങിയ പദ്ധതിയാണ് സോപ്പ് നിര്‍മ്മാണം. വളരെ ക്രിയാത്മകമായി മുന്നോട്ടു പോയിക്കൊണ്ടിരുന്ന സോപ്പ് നിര്‍മ്മാണം എങ്ങനെയാണെന്നറിയാന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടോ, ആ രഹസ്യം ഇതുവരെ ചുരുളഴിയാതെ കിടന്നു. അതാണ് ഇപ്പോള്‍ ഉസ്താദ് വെളിപ്പെടുത്താനിരിക്കുന്നത്. ഉസ്താദ് വിശദീകരിക്കാന്‍ തുടങ്ങി ആദ്യം ഒരു ലിറ്റര്‍ വെള്ളമെടുക്കുക എന്നു തുടങ്ങി അവസാനം സോപ്പു റെഡി എന്നു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഞങ്ങളെല്ലാവരും വിശദമായി ഐഡിയ മനസ്സിലാക്കി കഴിഞ്ഞിരുന്നു. ഓരോ ഘടകങ്ങളും തുല്യ തോതില്‍ ചേര്‍ക്കണം അല്ലെങ്കില്‍ സോപ്പ് എറിയാനുപയോഗിക്കേണ്ടി വരും എന്ന് ഉസ്താദ് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ അജ്മല്‍ പറഞ്ഞു. ഇനി ഉസ്താദ് വേണമെന്നില്ല ഞങ്ങള്‍ക്കൊക്കെ മനസ്സിലായിട്ടുണ്ട്. ഞങ്ങള്‍ത്തന്നെ ഉണ്ടാക്കിക്കൊള്ളാം. ചെറിയൊരു ചിരിയോടുകൂടി ഉസ്താദ് ഓഫീസിലേക്ക് തിരിഞ്ഞു. ഞങ്ങള്‍ ഉടന്‍ തന്നെ സോപ്പ് നിര്‍മാണം തുടങ്ങി.
അജ്മല്‍ രംഗത്തിറങ്ങി. ഞങ്ങള്‍ അഞ്ചുപേരില്‍ ഞാനും അജ്മലിനൊപ്പം കൂടി. നാലു പ്രാവശ്യം വെളിച്ചെണ്ണ കോരി ഒഴിക്കുന്നത് കണ്ടപ്പോള്‍ പന്തികേട് തോന്നിയ ദില്‍ഷാദ് അജ്മലിനോട് ചോദിച്ചു. ‘ഇതെന്താ അജ്മലേ നാല് പ്രാവശ്യം ഒഴിക്കുന്നത്? രണ്ട് ലിറ്റര്‍ ഒഴിക്കാനല്ലേ ഉസ്താദ് പറഞ്ഞത്.
‘എടാ ഇത് അര ലിറ്ററിന്റെ പാത്രത്തിലാ ഞാന്‍………’ അജ്മലിന്റെ ശബ്ദം എവിടെയോ മുറിഞ്ഞു. പിന്നെ ഒരു പൊട്ടിത്തെറിയായിരുന്നു ‘എടാ പാത്രം മാറി. ഞാന്‍ അര ലിറ്ററിന്റെ പാത്രമാണെന്ന് വിചാരിച്ചത് ഒരു ലിറ്ററിന്റെ താടാ…’പെട്ടെന്ന് എന്റെ മനസ്സിലേക്ക് സ്വദര്‍ ഉസ്താദിന്റെ പുഞ്ചിരിക്കുന്ന മുഖം ചുവന്ന് കലങ്ങുന്ന ഒരു ചിത്രം ഓടി വന്നു. പെട്ടെന്ന് അജ്മല്‍ മറ്റൊരു ഐഡിയ എടുത്തു. കലക്കി വെച്ചിരുന്ന ക്ലാസ്റ്റിക് സോഡ മുഴുവനായും വെളിച്ചെണ്ണയിലേക്ക് കലര്‍ത്തി!. ‘പടച്ചോനേ’ എന്ന് വിളിച്ച് കരയാനാണ് എനിക്ക് തോന്നിയത്. പക്ഷെ ശബ്ദം പുറത്തെത്തിയില്ല. ഞാന്‍ വിക്കി വിക്കി പറഞ്ഞു ‘എടാ കുളമായി’ ക്ലാസ്റ്റിക് സോഡ കുറച്ചെ ഒഴിക്കാവൂ. നീ എന്താ ഈ കാണിച്ചത്. അജ്മല്‍ നിന്ന് വിറക്കുന്നു. കൂടെ ഞങ്ങള്‍ നാല് പേരും. ആരും ഒന്നും മിണ്ടുന്നില്ല. പെട്ടെന്ന് സ്വദര്‍ ഉസ്താദ് കടന്നു വന്നു. ഇടിവെട്ടേറ്റവനെ പാന്പ് കടിച്ചതും പോരാഞ്ഞിട്ട് തലയില്‍ തേങ്ങ കൂടി പ്രതീതി. എനിക്ക് മൂത്രമൊഴിക്കാന്‍ മുട്ടി. ഉസ്താദ് മൊത്തത്തില്‍ ഒന്ന് കണ്ണോടിച്ചു. വെളിച്ചെണ്ണ, ക്ലാസ്റ്റിക് സോഡ, പച്ച വെള്ളം,സ്ട്രോങ് പൗഡര്‍, പെര്‍ഫ്യൂം, കളര്‍ ഇവ കൂട്ടി കലക്കി ഞങ്ങള്‍ ഉണ്ടാക്കിയ കുളത്തിനരികെ വന്ന് ഉസ്താദ് നോക്കി പിന്നെ അജ്മലിനേയും എന്നെയും മാറി മാറി നോക്കി. ബാക്കിയുള്ള മൂന്ന് പേരെ കാണുന്നില്ല. ഉസ്താദ് ആ പാത്രമെടുത്തു. അതിലുള്ള കൂട്ടിക്കലക്കിയ മിശ്രിതമെടുത്ത് രണ്ട് പാത്രങ്ങളിലൊഴിച്ചു. തിരിഞ്ഞു നിന്ന് ഞങ്ങളോട് പറഞ്ഞു സാരല്ല്യ…, ഒരു തെറ്റ് ഏതു കാര്യത്തിനും പറഞ്ഞതാ… പൊട്ടിത്തെറിയും അടിയും പ്രതീക്ഷിച്ചു നിന്ന ഞാനും അജ്മലും ശരിക്കും ഞെട്ടി.
ഒരാഴ്ചക്കു ശേഷം മദ്രസാ പരിപാടിക്കിടയില്‍ കൈ കഴുകാന്‍ വേണ്ടി പൈപ്പിനടുത്തെത്തിയപ്പോള് അവിടെ ചെറിയ ഒരാള്‍ക്കൂട്ടം. ചെന്നു നോക്കിയപ്പോള്‍ രണ്ട് ഭീമന് സോപ്പുകള്‍ എന്നെ നോക്കി ചിരിച്ചു പതക്കുന്നു. പെട്ടെന്ന് എന്റെ മനസ്സിലേക്ക് സ്വദര്‍ ഉസ്താദിന്റെ സാരല്ല്യ, ഒരു തെറ്റ് ഏതു കാര്യത്തിനും പറഞ്ഞതാ എന്ന വാക്ക് കടന്ന് വന്നു. ഉസ്താദിന്റെ ആ ചിരിക്കുന്ന മുഖം എന്റെ മനസ്സില്‍ ഇപ്പോഴും തെളിഞ്ഞു നില്ക്കുന്നു. ആ സോപ്പില്‍ കൈ കഴുകാന്‍ വേണ്ടിയുള്ള ആളുകളുടെ തിടുക്കം കണ്ട് സന്തോഷത്തോടെ ഞാന്‍ തിരിഞ്ഞ് നടന്നു.
മുഹമ്മദ് ജാബിര്‍. കൊടിഞ്ഞി
നുസ്റത് ദഅ്വ കോളേജ്, രണ്ടത്താണി
You must be logged in to post a comment Login