വിശാലമായ കാമ്പസ്, സുന്ദരമായ അന്തരീക്ഷം, മനോഹരമായ കെട്ടിടങ്ങള്‍, പുതുക്കിപ്പണിതതാണെങ്കിലും പഴമയെ വിളിച്ചറിയിക്കുന്ന മസ്ജിദ്, വിശാലമായ ഭക്ഷണശാല, ഇരുന്നൂറോളം വരുന്ന മുതഅല്ലിമുകള്‍, തലയെടുപ്പുള്ള പണ്ഡിതരായ ഉസ്താദുമാര്‍. എല്ലാം കൃത്യമായി നിയന്ത്രിച്ച് ശൈഖുനാ കൊന്പം കെ പി മുഹമ്മദ് മുസ്ലിയാര്. ഇതാണ് അന്ന് പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ്.
1996ലാണ് ഞാനവിടെ എത്തുന്നത്. നാട്ടുകാരനായ ഉസ്താദ് ശാഫി ഫൈസിയാണ് എന്നെ അവിടെ എത്തിച്ചത്. ഒരുവര്‍ഷം സുന്ദരമായി കഴിഞ്ഞു. റമളാന്‍ അവധി കഴിഞ്ഞ് വന്നപ്പോഴാണ് മുന്പെന്നോ തലപൊക്കിയ പ്രശ്നങ്ങള്‍ക്ക് ചൂട്പിടിച്ചതായി അറിയുന്നത്. സമസ്തയുടെ പുനസംഘാടനത്തിനു ശേഷം ഒരു വിഭാഗത്തോടും പ്രത്യേകമായ അടുപ്പമോ അകല്‍ച്ചയോ പുലര്‍ത്താതെ അഹ്ലുസുന്നയുടെ ആദര്ശങ്ങളിലായി തന്നെ മുന്നോട്ടു പോകുന്നത് ചിലര്‍ക്ക് രസിച്ചില്ല. അവര്‍ സ്ഥാപനത്തെ തങ്ങളുടെ കൈപിടിയിലൊതുക്കാന്‍ ശ്രമമാരംഭിച്ചു. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി സംഘടന ഒരു പഠനക്ലാസ് ഏര്‍പ്പാട് ചെയ്തത് ഇതിനിടയിലാണ്. ക്ലാസ് അവതരിപ്പിക്കാന്‍ ശൈഖുനാ കൊന്പം ഉസ്താദിന്റെ ശിഷ്യനും ചിന്തകനുമായിരുന്ന പി എംകെ ഫൈസിയാണ് നിശ്ചയിക്കപ്പെട്ടത്. കഴുകക്കണ്ണുകളോടെ കേറിപ്പിടിക്കാന്‍ അവസരം കാത്ത് കഴിയുന്ന പ്രശ്നക്കാര്‍ ക്ലാസ് തടയുമെന്ന് ഭീഷണി മുഴക്കി. പിഎംകെ എ പി വിഭാഗക്കാരനാണെന്നാണ് അവരുടെ വാദം. അന്‍വരിയ്യയുടെ സന്താനവും തന്റെ ശിഷ്യനുമായ പിഎംകെയെ കൊണ്ടുവരുന്നതില്‍ എന്ത് തടസ്സമാണുള്ളതെന്ന ന്യായമായ ചോദ്യം ശൈഖുന മുന്നോട്ടു വച്ചു. പക്ഷേ, അതു കൊണ്ടൊന്നും അവര്‍ക്ക് അടക്കം വന്നില്ല.
അവരുടെ ആവശ്യം സ്ഥാപനം പിടിച്ചെടുക്കലാണെന്നും അതിന് വേണ്ടി ബോധപൂര്‍വം കുഴപ്പം കുത്തിപ്പൊക്കാനുള്ള ശ്രമമാണെന്നും ശൈഖുന തിരിച്ചറിഞ്ഞു. പ്രശ്നങ്ങള്‍ ചൂട് പിടിച്ചു. ചര്‍ച്ചകളും ഉപചര്ച്ചകളും ധാരാളം നടന്നു. ഫലമുണ്ടായില്ല. അന്യായത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ പറ്റാത്തതിനാല്‍ ഒരു പടിയിറക്കം അനിവാര്യമായി. ആത്മാര്‍ത്ഥതയും അര്‍പണബോധവുമുള്ള പണ്ഡിതര്‍ക്ക് തര്‍ക്കിച്ചു നില്ക്കാന് എവിടെ സമയം? തന്റെ ശിഷ്യരുടെ പഠനം മുടങ്ങിക്കൂടാ. അന്‍വരിയ്യയില്‍ അതിന് വിലക്കാണെങ്കില്‍ പറ്റിയ ഇടം കണ്ടെത്തുക തന്നെ. ശൈഖുന ഉറച്ചു തീരുമാനിച്ചു. അങ്ങനെ 1997 ഏപ്രില്‍ 10ന്, തന്റെ ചോരയും നീരും അറിവും ഉപയോഗപ്പെടുത്തി വളര്‍ത്തിയെടുത്ത ഒരു മഹല്സ്ഥാപനം ശൈഖുന കൈവിട്ടു. 10ന് കാലത്ത് അന്‍വരിയ്യയുടെ ശില്പി ഫാത്തിമ ബീവിയുടെ ഖബ്ര്‍ സിയാറത്ത് നടത്തിയ ശേഷം രണ്ട് ബസ്സിലും കാറിലുമായി ഉസ്താദുമാരും ശിഷ്യരും നിറകണ്ണുകളോടെ ഇറങ്ങി. സ്ഥാപനത്തിന്റെ ആത്മാവ് വേര്‍പിരിയുന്നത് കാണാന്‍ പ്രശ്നക്കാര്‍ക്ക് കഴിഞ്ഞില്ല. കാന്പസിനകത്തെ ഭൗതിക ചുറ്റുപാടുകളില്‍ മാത്രം കണ്ണും നട്ട് നില്ക്കുന്നവര്ക്കെങ്ങനെ ആത്മാവിന്റെ വേര്പാടറിയാന് കഴിയും?
അല്ലാഹുവിന്റെ അലംഘനീയമായ വിധിയെന്നോണം പാലക്കാട് ടൗണിലെ ജന്നത്തുല്ഉലൂമില് നിന്നും മുന്‍പ് കണ്ണീരോടെ ഇറങ്ങിപ്പോന്ന മര്‍ഹൂം പാണ്ടിക്കാട് ബാപ്പു ഉസ്താദുമായി ഒരൊത്തു ചേരല്‍. ജന്നത്തുല്ഉലൂമിന് പിറകെ അന്‍വരിയ്യയും ഹസനിയ്യയിലെത്തി.
മര്‍ഹൂം ഇ കെ ഹസന് മുസ്ലിയാരുടെ നാമധേയത്തില്‍ പാലക്കാട്ട് ജില്ലയിലെ അഹ്ലുസുന്നയുടെ കേന്ദ്രമായി അതിന്നും പ്രോജ്ജ്വലിച്ച് നില്ക്കുന്നു.
ഈ കൂട്ട പലായനത്തില്‍ കണ്ണിയായിരുന്ന എന്റെ മുന്പിലെ പ്രധാന വെല്ലുവിളി ഉപ്പയായിരുന്നു. അടിയുറച്ച ലീഗ് പ്രവര്‍ത്തകനായിരുന്ന ഉപ്പയുടെ സമ്മതം എന്റെ തുടര്‍പഠനത്തിന് ആവശ്യമായി വന്നു. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഉപ്പയുടെ തീരുമാനം അനുകൂലമായിരുന്നു. വട്ടക്കണ്ടത്തിലെ ശാഫി മോല്യേര് പാലക്കാട്ടേക്ക് പോകുന്നെങ്കില്‍ അവനും പൊയ്ക്കോട്ടെ.” അല്‍ഹംദുലില്ലാഹ്. അഞ്ചാറു ഉസ്താദുമാരുടെ ശിക്ഷണത്തില്‍ പത്ത് വര്‍ഷം പഠിച്ച് അല്ഹസനിയായി പുറത്തിറങ്ങി. ഇപ്പോഴും മതാധ്യാപന രംഗത്ത് തുടരുന്നതിലും ആദര്‍ശ വീഴ്ചയില്ലാതെ പ്രസ്ഥാന കുടുംബത്തിലെ അംഗമായതിലും ഖബ്റില്‍ കിടക്കുന്ന ഉപ്പ സന്തോഷിക്കുന്നുണ്ടാവും.
കെ ശബീര്‍ അല്‍ഹസനി കിടങ്ങഴി
You must be logged in to post a comment Login