എഴുത്തിന്‍റെ സാംസ്കാരിക ദൗത്യങ്ങള്‍

എഴുത്തിന്‍റെ സാംസ്കാരിക ദൗത്യങ്ങള്‍

സമൂഹത്തെ വേരുതലത്തില്‍ സ്വാധീനിക്കുന്ന ഒരേര്‍പ്പാടാണ് എഴുത്തെന്നിരിക്കെ, എഴുത്തുകാരന് ഒഴിച്ചുകൂടാനാവാത്ത ചില സാമുദായിക ദൗത്യങ്ങള്‍ വന്നു ചേരുന്നു. സമുദായം എന്നത് ഒരു ആള്‍ക്കൂട്ടമാണ്. അലച്ചയും, ആസക്തിയും, ആലസ്യവും, ആര്‍ഭാഢവുമൊക്കെ ഇഴുകിച്ചേര്‍ന്ന്, പോകുന്നിടത്തേക്ക് ഒഴുകിക്കൊടുക്കുന്ന ഒരു മന്ദധാരയാണത്. അതിലെ പോള പിളര്‍ന്ന് കിടക്കുന്ന ഏതാനും കണ്ണുകളില്‍ ഒന്നാണ് ഒരെഴുത്തുകാരന്‍. ആയതിനാല്‍, തന്‍റെ ചുറ്റുവട്ടങ്ങളെ അകവും പുറവും തുറിച്ചു നിരീക്ഷിക്കുവാനും, ആ അലസയൊഴുക്കിന് ഗതിമാറ്റം രചിക്കുവാനുമുള്ള കടുത്ത ഒരു അകംപിടപ്പ് എഴുത്തുകാരനുണ്ടായിരിക്കണം.

സമൂഹത്തിന്‍റെ ചോര ശുദ്ധീകരിക്കുന്ന വിലകൂടിയ കുങ്കുമപ്പൂവാണ്, എഴുത്തുകാരന്‍. സമൂഹത്തില്‍ അങ്ങിങ്ങായി കെട്ടിക്കിടക്കുന്ന ദുര്‍മേദസ്സുകളുടെയും ജീര്‍ണ്ണ നീര്‍ക്കെട്ടുകളുടെയും ഭൂതങ്ങള്‍ പാര്‍ക്കുന്ന ആഭിചാരക്കുടങ്ങളെ അടിച്ചുടക്കേണ്ടവനാണ് അയാളെന്ന് വരുന്പോള്‍, ഒരിക്കലും ഒരെഴുത്തുകാരനില്‍ നിന്ന് പുതിയ ജീര്‍ണതകള്‍ സമൂഹം സ്വീകരിക്കേണ്ടി വരരുതെന്ന് ആര്‍ക്കും മനസ്സിലാവുമല്ലോ?

ധാര്‍മികത, സദാചാരം, സന്‍മാര്‍ഗം, നൈതികത തുടങ്ങിയ വെളുത്ത ഗുണങ്ങള്‍ സമൂഹത്തില്‍ എത്രയേറെ വേരാഴ്ത്തുന്നുവോ അത്രയ്ക്ക് ആ സമൂഹം പച്ചപിടിക്കും, ഗുണം പിടിക്കും. നേരെ മറിച്ച്, ഇതുകളുടെ എതിര്‍ഗുണങ്ങള്‍ ഏത് സമൂഹത്തില്‍ അരങ്ങ് വാഴുന്നുവോ, ആ സമൂഹം അന്നന്ന് അറംപറ്റും, കുളം തോണ്ടും. അപ്പോള്‍, ഒരു സമൂഹത്തിന്‍റെ സുഷുംനാ നാഡിയായി വര്‍ത്തിക്കേണ്ട എഴുത്തുകാരന്‍ തന്‍റെ എഴുത്തു വൃത്തിയിലൂടെ സാന്മാര്‍ഗികമൂല്യങ്ങള്‍ നിര്‍ലോഭം മുക്കിയൊഴിച്ചു കൊടുക്കണം. വളരുന്ന ഒരു സമൂഹത്തില്‍ വായനയിലൂടെ സദാചാരം പത്തരമാറ്റ് ശോഭയില്‍ കത്തിനില്‍ക്കണം.

കല കലക്ക് വേണ്ടിയാണല്ലോ, സാന്മാര്‍ഗികതാപേറിന് വേണ്ടിയൊന്നുമല്ലല്ലോ എന്ന ആലോചനപരമായ കൃമികടി നിങ്ങളെ അസ്വസ്ഥപ്പെടുത്തേണ്ടതില്ല. നമ്മള്‍ ചിന്തിക്കേണ്ടത് നമ്മുടെ തല കൊണ്ടാണ്. നമ്മുടെ സാംസ്കാരിക കാലാവസ്ഥയില്‍ നിന്നുകൊണ്ടായിരിക്കണം, ആ ആലോചന. യൂറോ സെറിബ്രമുള്ള പൗരസ്ത്യര്‍ എന്ന പാശ്ചാത്യകുതന്ത്രത്തിന് മേല്‍ക്കോയ്മ വന്നതിനാലാണ് നമുക്ക് മേപ്പടിപ്പെട്ട ദുസ്സംശയങ്ങള്‍ ഉണ്ടാവുന്നത്. കലക്ക്, കലയുടേതായ എല്ലാ ചേരുവകളും ഉണ്ടായിക്കൊള്ളട്ടെ. പക്ഷെ, കല ആസ്വദിച്ച ശേഷം ഒരു സമൂഹം കള്ളുകുടിയന്മാരും, പെണ്ണുപിടിയന്‍മാരും, കൊള്ളക്കാരും, കൊലക്കാരും ആയിത്തീരുന്നത് സമ്മതിച്ചുതരാന്‍ പറ്റുകയേ ഇല്ല!

എല്ലാവരും ഒന്ന് തന്നെ പറയുന്നതിനിടെ, സംശയത്തോടെ അന്തിച്ച് നില്‍ക്കുകയും, അങ്ങനെയല്ലല്ലോ കാര്യം എന്ന് മറിച്ച് ചിന്തിക്കുകയും, കഴുമരം കയറേണ്ടിവന്നാലും അത് തുറന്ന് പറയുകയും ചെയ്യുക എന്നതാണ് സൂക്ഷ്മനിരീക്ഷകരായ എഴുത്തുകാരുടെ സര്‍ഗദൗത്യം. മൂലധനശക്തികളുടെയും, ആയുധക്കച്ചവടക്കാരുടെയും മുലകുടിച്ചു വളരുന്ന മീഡിയരംഗം ഒരുതരം മസ്തിഷ്കദാസ്യത്തെ കൊതുകുകള്‍ മന്തുരോഗത്തെയെന്നപോലെ പടര്‍ത്തിക്കൊണ്ടിരിക്കുന്പോഴാണ്, ഇത്തരം തിരുത്തെഴുത്തുകളുടെയും മറിച്ചു ചിന്തകളുടെയും പ്രസക്തി മനസ്സിലാവുക.

പാടിപ്പതിഞ്ഞ പൊതുവിചാരങ്ങള്‍ക്ക് ഒരു കോറസ്താങ്ങ് എന്നതില്‍ നിന്ന് കുതറിമാറി, പൊതുമണ്ഡലത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന പ്രൊപഗണ്ടകള്‍ക്കു പിന്നിലുള്ള അധീശത്വശക്തികളെ കണ്ടെടുക്കാനും, അവയെ ആകര്‍ഷകമായ ആഖ്യാനരസത്തില്‍ അവതരിപ്പിക്കാനും, ചില്ലറയൊന്നുമല്ല കഷ്ടപ്പാട്. മലവെള്ളത്തിലെ കുത്തൊഴുക്കില്‍ സൗജന്യമായി നീന്തുന്ന ഏര്‍പ്പാടല്ല ഇത്. നാക്കിനെയും നാസികയെയും കബളിപ്പിക്കുന്ന രാസരുചികളുടെ മെയ്ക്കപ്പില്‍ കുളിപ്പിച്ച് കിടത്തിയ ശീഘ്ര ശാപ്പാട് കണ്ടിട്ട്, വായില്‍ നിന്ന് വെള്ളമൊലിപ്പിക്കുകയും, അതിനനുകൂലമായ ഫാസ്റ്റ്ഫുഡു കവിതകളെഴുതുകയും ചെയ്യുന്ന ഒരു കാലസന്ധിയില്‍, ഈ വളച്ച് കോര്‍ത്ത് വെച്ചിരിക്കുന്നത് നിങ്ങളുടെ വിശപ്പടക്കാനുള്ള ഉരു അല്ലെന്നും, അതിനുള്ളില്‍ ക്രൂരനായ ഒരു വേട്ടക്കാരന്‍റെ മൂര്‍ച്ചയുള്ള ചൂണ്ടക്കൊക്ക ഒളിപ്പിച്ചുവെച്ച ഇരയുെണ്ടന്നും അത് നിങ്ങളുടെ ആന്തരാവയവങ്ങളെയല്ല, നിങ്ങളെത്തന്നെ ചൊട്ടി വറച്ചട്ടിയില്‍ കൂച്ചിയിടുമെന്നും, തറപ്പിച്ചു പറയാന്‍ തലച്ചോറിന്‍റെ ജഡം ഉണ്ടായിട്ടു കാര്യമില്ല തലച്ചോറു തന്നെ വേണം. ഓര്‍മ്മിക്കുക ഒരു ജി.കെ ഫയലില്‍ നിന്നും ഒരു ഇയര്‍ബുക്കില്‍ നിന്നും, ഒരു അറിവു കോശത്തില്‍ നിന്നും നിങ്ങള്‍ക്കിത്തരം മൂര്‍ച്ചയേറിയ നിരീക്ഷണങ്ങള്‍ അടര്‍ത്തിയെടുത്ത് കാച്ചിവിടാനാവില്ല. അതിന് ദാസ്യമുക്തമായ മനസ്സ് വേണം. തുളഞ്ഞ തല വേണം. സംശയിക്കാനുള്ള ശക്തിവേണം. നിഷേധിക്കാനുള്ള കരുത്ത് വേണം. ത്യജിക്കാനുള്ള ധീരത വേണം. വെല്ലുവിളിക്കാനുള്ള ചൂണ്ടുവിരല്‍ വേണം. വേണ്ടി വന്നാല്‍, കഴുമരം നോക്കി പൊട്ടിച്ചിരിക്കാനും, ആരാച്ചാരെ ആലിംഗനം ചെയ്യാനുമുള്ള ചങ്കുറപ്പു വേണം.

ഇത്രയും പറയുന്പോള്‍ ഒരു പ്രത്യേകതരം എഴുത്തിനെ നാം കെണിവെച്ച് പിടിക്കേണ്ടതായി വരും. ആയതിലേക്കുള്ള വിശകലനം വളര്‍ന്നുകിട്ടാന്‍ വളരെ ശ്രദ്ധയോടെ താഴെ കൊടുത്ത ഖണ്ഢിക വായിക്കുക. ശേഷം അതില്‍ നിന്ന് മനസ്സിലായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് ചര്‍ച്ച തുടരാം.

അരികുവത്കൃത കീഴ്സമൂഹങ്ങളുടെ അനാച്ഛാദിതവും അവിച്ഛിന്നവുമായ അരാഷ്ട്രീയ പശ്ചാത്തലങ്ങളിലേക്ക് സൈദ്ധാന്തിക മൂലധനങ്ങളേയും അധീശത്വ സ്വാധീനങ്ങളേയും ഘട്ടം ഘട്ടമായി അവരോധിക്കുന്പോള്‍ തന്നെ പ്രഖ്യാപിത പ്രതിസന്ധികളില്‍ നിന്നുള്ള നിഗൂഢവും എന്നാല്‍ വിപുലവുമായ ആന്തരിക മോചനങ്ങളെ, കേവലം ഒരു മൂന്നാം ലോക മനുഷ്യാവസ്ഥയുടെ സാംസ്കാരിക പരിപ്രേക്ഷ്യമാക്കിയോ കൊളോണിയല്‍ കീഴടങ്ങലുകളുടെ വിധിവൈപരീത്യങ്ങളായോ കാണുന്ന അങ്ങേയറ്റം അധിക്ഷേപാര്‍ഹവും ഒപ്പം രാഷ്ട്രീയ വിമുഖവും ദേശീയ വിരുദ്ധവുമായിട്ടുള്ള കന്പോളവിപണന കൂട്ടുകെട്ടിന്‍റെ യൂട്ടിലിട്ടേറിയന്‍ വീക്ഷണ വൈകല്യങ്ങള്‍……
ഷട്ടപ്പ്!! മണ്ണാങ്കട്ട!!

നിഷ്ക്കളങ്കമായി ഞാന്‍ തുറന്ന് പറയട്ടെ, എനിക്കൊന്നും മനസ്സിലായില്ല, സത്യം. അതുകൊണ്ടാണ് ഞാനിങ്ങനെ ക്ഷോഭിച്ചത്. നിങ്ങള്‍ക്ക് വല്ലതും മനസ്സിലായോ? സമൂഹത്തിന്‍റെ ബോധമണ്ഡലത്തില്‍ സക്രിയമായി ഇടപെട്ട് അതിജീവനത്തിന്‍റെ പുതുപാതകള്‍ കാണിച്ചുകൊടുക്കേണ്ട എഴുത്തുകാരന്‍ ജാടകേറി, നാട്യമേറി, ബു.ജി.പരിവേഷത്തില്‍ മതിമറന്ന് വായനക്കാരനെ കുരങ്ങാക്കുന്ന എഴുത്താഭാസം സത്യത്തില്‍ ഇതൊരു രോഗമാണ്. നമ്മള്‍ വയറ്റിപ്പറ്റാത്ത വല്ലതും കഴിച്ചു പോയാലില്ലേ ഉദരത്തിനകത്തൊരു കൊടിയ ന്യൂനമര്‍ദ്ദവും തുടര്‍ന്നൊരു നോണ്‍സ്റ്റോപ്പ് ഇളകിപ്പോക്കും. മെഡുല ഒബ്ലംഗേറ്റയില്‍ ഗ്യാസ് നിറഞ്ഞവര്‍ പേന കയ്യിലെടുത്താല്‍ പിടിപെടുന്ന സാരമല്ലാത്ത ഒരു രോഗമാണിത്. അല്ലാതെ അയാള്‍ക്ക് ബുദ്ധിജീവിത്വം കൂടിയതുകൊേണ്ടാ നിങ്ങള്‍ക്ക് വായനാശക്തി കുറഞ്ഞതുകൊേണ്ടാ അല്ല. ആര്‍ക്കുവേണ്ടിയാണോ എഴുതുന്നത് അവര്‍ക്ക് വായിച്ചുമനസ്സിലാക്കാന്‍ കഴിയും വിധം എഴുതാനറിയില്ലെങ്കില്‍ പിന്നെ അതുവിട്ട് അമ്മികൊത്താന്‍ പോയിക്കുടേ?

നാം പറഞ്ഞുവരുന്ന ആശയത്തെ നമ്മുടെ സമകാലിക ജീവിതപരിസരവുമായി തട്ടിച്ചു പറയുന്പോള്‍, ഓരോ എഴുത്തുകാരനും വര്‍ദ്ധിതമായ ഉത്തരവാദിത്തം കാലം നമ്മോടാവശ്യപ്പെടുന്നതായി തോന്നും. എഴുത്തുകാരന്‍റെ ആയുധം വാക്കുകളാണ്. വാക്കുകള്‍ വാളുകളാണ്. വാക്കുകള്‍ മരുന്നുകളുമാണ്. തുരുതുരാ എറിഞ്ഞ് ആഴമുള്ള മുറിവുണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അത്തരം മുറിവെഴുത്തുകള്‍ക്ക് ഔദ്യോഗിക പ്രതിഫലത്തിന് പുറമേ, പിന്നാന്പുറ കൈമടക്കുകള്‍ കൂടി കിട്ടുന്ന ഒരു അധോലോക അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടിപ്പോള്‍. ചോദിക്കാനാഗ്രഹിക്കുന്നത്, ആവശ്യത്തിലേറെ മുറിവും വേദനയും പഴുത്ത് വീര്‍ത്ത്, ചലപ്പൂക്കള്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ഇന്ത്യന്‍ ബഹുസ്വരപരിസരത്തില്‍, നമ്മളെന്തിന് പേനയിറക്കി പിന്നെയും കുത്തിപ്പിളര്‍ത്തണമെന്നതാണ്. പ്രത്യേകിച്ച്, പേനകള്‍ക്ക് മുറിവുശമനശേഷി വേണ്ടുവോളമുണ്ടെന്നിരിക്കെ.

ചരിത്രമെഴുത്തിലാണ്, സാമുദായിക വെട്ടിമുറിയെന്ന ദുഷ്ടലക്ഷ്യത്തിനായി, ഏറ്റവുമധികം പേന ചലിപ്പിക്കപ്പെട്ടിട്ടുള്ളത്. നമ്മളോര്‍ക്കേണ്ടത്, ചരിത്രം എന്നത് കഴിഞ്ഞുപോയ കാലത്തിന്‍റെ സംവാദാത്മകമായ വിവരണമാണ്. വിഭിന്ന സാധ്യതകള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ്, അത് സംവാദാത്മകമായിത്തീരുന്നത്. രണ്ടിനെ രണ്ടുകൊണ്ട് പെരുക്കുന്ന ഗണിതത്തിലോ, ജലത്തിന്‍റെ തന്‍മാത്രയെ വിഘടിപ്പിക്കുന്ന ഫിസിക്സിലോ ഈ വക വാഗ്വാദങ്ങള്‍ക്ക് ലവലേശം സ്കോപ്പില്ല. എന്നുവെച്ചാല്‍ ഇത്തരം ശുദ്ധശാസ്ത്രങ്ങള്‍ വസ്തുനിഷ്ഠമാവുന്പോള്‍ ചരിത്രമെന്നത് വ്യക്തിനിഷ്ഠമോ, സമൂഹ നിഷ്ഠമോ, ആയി കെറുവിച്ച് മാറിനില്‍ക്കുകയും മൂല ചേര്‍ന്ന് കുശുകുശുക്കുകയും ചെയ്യുന്നു.

നമ്മുടെ പൂര്‍വ തലമുറകള്‍ ജീവിച്ചുപിരിഞ്ഞ നാളുകളുടെ കഥയാണ് ചരിത്രം. പക്ഷേ, ആ കാലങ്ങളും ആ തലമുറകളും കഴിഞ്ഞു പോയി. അവര്‍ ചെയ്ത എല്ലാം ശരിയെന്നോ എല്ലാം തെറ്റെന്നോ ഒന്നും തീര്‍ത്തു പറയാന്‍ നമുക്കിന്നാവില്ല. പക്ഷെ, ഒരു കാര്യമുറപ്പാണ്. അവരുടെ മക്കളും പേരമക്കളുമാണ് ഇന്നിവിടെ ജീവിക്കുന്നത്. അതില്‍ വ്യത്യസ്ത ജാതിക്കാരുണ്ട്, മതക്കാരുണ്ട്, ദേശക്കാരുണ്ട്, ഭാഷക്കാരുണ്ട്, വേഷക്കാരുണ്ട്, ആശയക്കാരുണ്ട്. ഈ വിഭിന്നതയാണ് രാജ്യത്തിന്‍റെ വിലാസം.

ഉരസിയാല്‍ തീപ്പിടിക്കുന്ന ഒരു തൊട്ടുതൊടുപ്പു മെക്കാനിസത്തിലാണ് നമ്മള്‍ നാളുകഴിക്കുന്നത്. മനുഷ്യ ജീവനേക്കാള്‍ വില വാശിക്കും, വികാരത്തിനും, വകയെഴുതിക്കൊടുത്ത ഒരു തരം തടവറ ജീവിതത്തിലെ അന്തേവാസികളാണ് നാം. ഇവിടെ ഒരെഴുത്തുകാരന്, കഴിഞ്ഞുപോയ ഇന്നലെകളുടെ ചാരം മൂടിയ കനലുകള്‍ ചിള്ളി തീയാളിക്കാം. പക്ഷെ, അണയാന്‍ അലസത കാണിക്കുന്ന ആ തീക്കൂനയില്‍ വെള്ളം കുടഞ്ഞ് നിങ്ങള്‍ക്ക് വെക്കം അതു കെടുത്തിയെടുക്കുകയും ചെയ്യാം.

നിങ്ങളുടെ വാക്കുകള്‍ക്ക്, വായനക്കാരന്‍റെ മനസ്സില്‍ പ്രകോപനം സൃഷ്ടിക്കാന്‍ കഴിയും. പകയും വിദ്വേഷവും, ശാത്രവവും സംഹാരബോധവും തീക്കൊടുത്തുവിടാനാവും. അങ്ങനെ നിങ്ങള്‍ ജീവിക്കുന്ന സാഹചര്യത്തിന്‍റെ പൊതുസ്വസ്ഥതയെ നിങ്ങള്‍ക്ക് കഴുത്തറത്ത് കൊല്ലാന്‍ കഴിയും. പക്ഷേ, അതേ നിങ്ങള്‍ക്ക് തന്നെ പക്വമതിയായ ഒരു ജ്ഞാനിയാവാനും കഴിയും. നിങ്ങള്‍ വല്ലതും എഴുതിവിടുന്നതിന്‍റെ മുന്പ്, ഇപ്പോള്‍ അതുണ്ടാക്കിയേക്കാവുന്ന വൈകാരിക വിക്ഷുബ്ധതയേയും, അതിന്‍റെ അത്യന്തിക പര്യവസാനം എന്തായിരിക്കുമെന്നതിനേയും കണ്ണാല്‍ എന്നതുപോലെ മനസ്സാ കാണാന്‍ കഴിയും. ആയതുകാരണം, നിങ്ങളുടെ എഴുത്തുഭാഷക്ക്, ഉഷ്ണയുച്ചയുടെ കൊടുംവരള്‍ച്ചയിലേക്ക് പിടഞ്ഞുപെയ്യുന്ന തണുത്ത മഴ പോലൊരു കുളിരുകുടയാന്‍ കഴിയും. ഏതോ കാലത്തെ, എന്തിനെയോ ചൊല്ലി നമ്മളെന്തിനിങ്ങനെ തമ്മില്‍ തല്ലണം എന്ന നേര്‍ചിന്തയുടെ മിന്നല്‍ പിണര്‍ അവരുടെ ചിന്താപഥങ്ങളില്‍ ഒന്നാളിച്ചുവിടാന്‍ നിങ്ങള്‍ക്കാവും. അപ്പോള്‍ ഉള്ള മുറിവിനെ വാക്കുകളെ കൊണ്ട് വാട്ടിയെടുക്കുന്ന മിടുക്കനായി നിങ്ങള്‍ മാറും. തിരിച്ചാണെങ്കില്‍, എഴുത്തുവേദിയെ കശാപ്പുകച്ചവടമാക്കി മാറ്റുന്ന വൃത്തികെട്ടൊരു അറവുകാരനായി നിങ്ങള്‍ അധപതിക്കും.

ഓര്‍ക്കേണ്ടത്, നിങ്ങള്‍ ഉണക്കക്കാട്ടിലേക്ക് ഉരച്ചിടുന്ന തീപ്പെട്ടിക്കൊള്ളിയുടെ സംഹാരക്ഷമത വൈകാതെ എരിഞ്ഞടങ്ങുമെന്നതാണ്. അതേസമയം, നിങ്ങളുടെ ഒരു വിഷമെഴുത്ത് എത്രകാലം എവിടെയൊക്കെ നിലനില്‍ക്കുമെന്നോ, ആരുടെയൊക്കെ മനസ്സുകളിലെ എത്രയെല്ലാം പകപ്പാന്പുകളെ പാലൂട്ടുമെന്നോ തിട്ടപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല എന്നതാണ്.

ചരിത്രപരമായ വസ്തുതകള്‍ മറച്ച് വെക്കണമെന്നല്ല പറഞ്ഞതിന്‍റെ പൊരുള്‍. മറിച്ച്, ചരിത്രമെന്ന പേരില്‍ ഭാവനയും അഭ്യൂഹവും കൂട്ടിക്കുഴച്ച് വര്‍ഗീയതയും വംശീയതയും, പക്ഷീയതയും മുളപ്പിച്ചെടുക്കുംവിധം ഒരൊറ്റ വാക്കുപോലും നാം എവിടെയും എഴുതരുതെന്നാണ്. ഒരെഴുത്തുകാരന്‍ പിഞ്ഞിക്കിടക്കുന്ന സമുദായഗാത്രത്തെ കൂട്ടിത്തുന്നുന്ന സൂചിയാവണം. പതം കിട്ടിയിടം നോക്കി ക്ര്‍ര്‍ക് എന്ന് മുറിച്ചിടുന്ന കത്രികയാകരുത് !

ഫൈസല്‍ അഹ്സനി ഉളിയില്‍

You must be logged in to post a comment Login