നിങ്ങള്‍ സ്പ്രിങ്ങിന് പൊങ്ങാറുണ്ടോ?

നിങ്ങള്‍ സ്പ്രിങ്ങിന് പൊങ്ങാറുണ്ടോ?

ഒരു രംഗം പറയാം. മൂന്നാന്പെറന്നോന്‍മാര്‍ ഒരു മഹാവിറ്റ് കാണാന്‍ വേണ്ടി ഒരിടത്തൊളിച്ചിരിക്കുകയാണ്. പേരുകള്‍ പറയാം; സര്‍ ടോബി സര്‍ ആന്‍ഡ്ര്യൂ ഫേബിയന്‍. കൂട്ടത്തില്‍ ഒരു ഒരുന്പെട്ടോളും പേര്; മേരി. അങ്ങനെയിരിക്കവെ അതാവരുന്നു നമ്മുടെ പൊണ്ണശിരോമണി; മല്‍വൊലിയൊ! ആളൊരു അരക്കിറുക്കാണ്. ഒലിവിയയുടെ കാര്യസ്ഥനാണ്. പൊതുവെ വലിയ വിചാരമാണ്. കുലീനയും അതിസുന്ദരിയുമായ തന്‍റെ യജമാനത്തി തന്നെ പ്രണയിക്കുന്നുണ്ടോ എന്ന നേരിയ ഒരു തോന്നിച്ച മൂപ്പനെങ്ങനെയോ പിടികൂടിയിട്ടുണ്ട്. അത് മുതലെടുത്ത് കക്ഷിയെ കോമാളിവേഷം കെട്ടിക്കുകയാണ് ഇവന്‍മാരുടെ പരിപാടി. മേരിയാണ് ഇതിലെ മാസ്റ്റര്‍ മൈന്‍റ്.

ഞാന്‍ സ്നേഹിക്കുന്ന ആള്‍ക്ക്’ എന്ന പേരില്‍ ഒരു ഊമക്കത്ത് വന്ന് വീണിരിക്കുന്നു തന്‍റെ റൂമില്‍. എങ്കിലത് എന്‍റെ മാഡം എനിക്കായി ഇട്ടേച്ചതുതന്നെ. ഗൗരവത്തില്‍ നില്‍ക്കണം വേലക്കാരോട് തട്ടിക്കയറണം വിലങ്ങനെ വരിഞ്ഞുകെട്ടിയ മഞ്ഞ സ്റ്റോക്കിംഗ്സ് ധരിക്കണം’ ഇതൊക്കെയാണ് പ്രേമക്കത്തിലുള്ള നിര്‍ദേശങ്ങള്‍. അതാ വരുന്നു ആ മൊയന്ത്! അപ്പറഞ്ഞതുപോലെ!! ഒളിച്ചു നിന്നവര്‍ ചിരിച്ച് ചിരിച്ച് എല്ലു നുറുങ്ങുന്നു. ഷെയ്ക്സ്പിയറുടെ ട്വെല്‍ഫ്ത് നൈറ്റിലെ രണ്ടാം ആക്റ്റിലെ അഞ്ചാം സീനാണിതെന്ന് നിങ്ങളില്‍ ആരെല്ലാം തിരിച്ചറിഞ്ഞു എന്നറിയില്ല. അറിഞ്ഞാലും ഇല്ലെങ്കിലും തല്‍ക്കാലം ഇത് മറക്കുക. ഞാന്‍ ഒടുക്കം ഒരു കഥ പറയുന്പോള്‍ മാത്രം വീണ്ടും ഓര്‍ക്കുക. അതിന് മുന്പായി മൂന്നനുഭവങ്ങള്‍ നിങ്ങള്‍ കേള്‍ക്കേണ്ടതായിട്ടുണ്ട്.

ഹലോ?
ഹലോ?
അസ്സലാമു അലൈക്കും
വ അലൈക്കുമുസ്സലാം!
തെരക്കിലാണോ?
അല്ല!
ഒരു കാര്യം സംസാരിക്കാനാ…
ആ പറഞ്ഞോ?
അല്ല വേണ്ട നിങ്ങള്‍ തിരക്കിലായിരിക്കും.
ഇല്ല പ്രശ്നമില്ല പറഞ്ഞോ.
വേണ്ട പിന്നെ വിളിച്ചോളാം.

ഇങ്ങനെയൊരു ചൊറിപിരി ഫോണ്‍കോള്‍ കിട്ടിയാല്‍ നിങ്ങളതിനെ എങ്ങനെയാണ് വിശകലനം ചെയ്യുക എന്നതാണെന്‍റെ ചോദ്യം. രണ്ടുമൂന്ന് സാധ്യതകള്‍ നമുക്ക് നോക്കാം. നിങ്ങളൊക്കെ നിന്നുതിരിയാന്‍ നേരമില്ലാത്ത തിരക്കുകളില്‍ കുടുങ്ങിപ്പോയ മഹാനവര്‍കളാണെന്ന് തെറ്റുധരിച്ച ഏതെങ്കിലും മഹാസാധു വിളിച്ചതായിരിക്കാം നിരുപദ്രവകരം. ഞാന്‍ വിളിച്ചുപോയല്ലോ ഛെ! എന്നൊരു പശ്ചാത്താപമായിരിക്കും അയാളിന്‍റെ ഉള്ളില്‍ പിടയുന്നത്. അല്ലെങ്കില്‍ ഇതൊരു കാര്യം നിറഞ്ഞ വിളിയാണ് കാത്തിരുന്നോ? രാത്രി പത്ത് മണിക്ക് ശേഷം മിക്കവാറും അയാള്‍ വിളിക്കും. അയാള്‍ പിന്നീട് വിളിക്കാമെന്ന് പറയുന്നത് ഇപ്പോളയാള്‍ തിരക്കിലായത് കൊണ്ടാണ്. അല്ലാതെ നിങ്ങള്‍ തിരക്കിലായിരിക്കാമെന്നത് കൊണ്ടല്ല. പുറമെ നിങ്ങള്‍ തിരക്കിലാണെന്ന് സൂചിപ്പിച്ചുകൊണ്ട് നിങ്ങളെ തല്‍ക്കാലം സുഖിപ്പിക്കുകയും അത് വെച്ച് പിറകെ നിങ്ങളെ മുതലെടുക്കുകയും ചെയ്യാം എന്ന ഉദ്ദേശ്യവും അതിന് പിന്നിലുണ്ട്. എന്തോ ഒരു കാര്യം നിങ്ങളെ കൊണ്ടയാള്‍ക്ക് നിവര്‍ത്തിച്ചുകിട്ടാനുണ്ട്. ലഘുലേഖയോ പരസ്യമാറ്ററോ ബ്രോഷറോ അപ്പടിയെന്തോ എഴുതിക്കൊടുക്കുകയാവാം അല്ലാത്തതുമാവാം.

‘എഴുതിത്തരാന് പലരുമുണ്ട്. പലരും എന്‍റെ മനസ്സില്‍ വന്നു …പക്ഷെ …എന്താന്ന് പറഞ്ഞാല്‍…. അവരൊന്നും എഴുതിയാല്‍ …ഏ…ഒരു മട്ടത്തിലാവില്ല. നീയാവുന്പം ….അതു പിന്നെ ……അതിന്‍റെയൊരു…….ഏയ്….അതുകൊണ്ട് നീ തെരക്കെല്ലാം കഴിഞ്ഞ് ഒഴിഞ്ഞിരിക്കുന്പം വിളിക്കാമെന്ന് കരുതി ഇതുവരെ കാത്തുനിന്നതാ …’ഇങ്ങനെയൊക്കെയായിരിക്കും അയാള്‍ വൈകി വിളിച്ചുപറയുക; ഉറപ്പ്!

മൂന്നാമതൊരു സാധ്യതയെന്ന് പറയുന്നത് ഊത്താണ്. അയാള്‍ നിങ്ങളെ ലേശം കഴിഞ്ഞ് വിളിക്കും. വിശേഷങ്ങളൊക്കെ അന്വേഷിക്കും. കാര്യമായി ഒന്നും പറയാനുണ്ടാവില്ല. അയാള്‍ക്കും തന്നെ കാര്യമായ പണിയൊന്നും ഇല്ല. പക്ഷെ നിങ്ങളുടെ സംസാരത്തില്‍ നിങ്ങളൊരു തിരക്കുള്ള ആളാണെന്ന് അറിഞ്ഞോ അറിയാതെയോ അയാളുടെ മുന്പാകെ സമ്മതിച്ചുകൊടുക്കുന്നുണ്ടോ എന്നറിയാനാണ് അയാള്‍ കാത് കൂര്‍പ്പിച്ചിരിക്കുന്നത്. നിങ്ങള്‍ രാവിലെ വിളിച്ചപ്പോഴും അതിന് ശേഷവുമൊക്കെ ഞാന്‍ നല്ല തെരക്കില്‍ തന്നെയായിരുന്നു’ എന്നംഗീകരിക്കുന്നതോടൊപ്പം ആ തെരക്കുകളുടെ ലൈസ് വെച്ചുതുന്നിയ വിശദാംശങ്ങളും വിശദമായി പറയുന്ന ആളാണ് നിങ്ങളെങ്കില്‍ അയാള്‍ തനിയെ ചിരിച്ച്് വശംകെടും.

ഫോണ്‍ കാര്യം വിട്! അതിലും വലിയ മറ്റൊന്ന് കേള്‍ക്ക്! പാളയത്ത് ബസ്സിറങ്ങി. നോക്കുന്പോള്‍ ഒറ്റ ഓട്ടോ കിട്ടാനില്ല. റെയില്‍വേ സ്റ്റേഷനിലേക്ക് മരണപ്പാച്ചില്‍ പായുകയാണ് ഞാന്‍. ഇടയ്ക്ക് ഖഠആട ന്‍റെ കൗണ്ടറില്‍ നിന്ന് ടിക്കറ്റുമെടുത്തു. പിന്നെയും പെരുംപാച്ചില്‍. മൂന്നാം പ്ലാറ്റ്ഫോമിലെത്തി വലത്തോട്ട് നോക്കിയതും ഒരു ഗുണം അകന്നകന്ന് പോവുന്നു. എനിക്കു കയറേണ്ട മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് ഇന്‍റര്‍സിറ്റിയാണ് എന്നെക്കൂട്ടാതെ ആ ഇഴഞ്ഞുപോവുന്നത്; അതും ഒരു പാട് വൈകിയിട്ടില്ല; വെറും മൈക്രോ മിനിറ്റുകളുടെ വ്യത്യാസത്തിന്.

ഇത്തരം ചെറിയചെറിയ വൈകലുകള്‍ കാരണമായി എത്രയോ തവണ എനിക്ക് വണ്ടി മിസ്സാവുകയും എത്രയോ വണ്ടികള്‍ ഗുണം വരഞ്ഞ കറുത്ത ചന്തികാട്ടി എന്നോട് കോക്രിക്കുകയും ചെയ്തിട്ടുണ്ട്. നേരിയ വൈകലുകള്‍ കാരണമായി കൈവരുന്ന ഇത്തരം കടുത്ത നഷ്ടങ്ങളെ ഓര്‍ത്ത് വിഷമിക്കുന്പോള്‍ വല്ലാത്തൊരു മാനസികസുഖം കിട്ടും? ആളുകള്‍ക്കിടെ ‘സുഖം’ എന്ന് നാം പറയുന്ന ആ വേദന സഹിച്ചങ്ങനെ നില്‍ക്കുന്പോഴാണ് നേരിയ പരിചയം തോന്നുന്ന ഒരു സുഹൃത്ത് അടുത്തേക്ക് നടന്നു വന്നത്. എന്‍റെ നെഞ്ചിലെ കിതപ്പും കണ്ണിലെ അരിശവും മുഖത്തെ വിയര്‍പ്പും കണ്ടായിരിക്കണം അയാള്‍ ചോദിച്ചു:
‘വണ്ടി മിസ്സായി അല്ലേ?’

കാല്‍തെന്നി വീണവന്‍റെ നടുപ്പുറത്ത് ആഞ്ഞുപൊട്ടിക്കുന്ന ഒരു വീക്കായാണ് എനിക്കത് തോന്നിയത്. അയാള്‍ക്ക് എന്നെ നന്നായി അറിയാം പോല്‍. ഞാന്‍ വരുന്ന ഇടവും പോവേണ്ട സ്ഥലവുമൊക്കെ കൃത്യമായി ചോദിച്ചറിഞ്ഞശേഷം അയാള്‍ എന്നോട് ഒരു കാര്യം പറഞ്ഞു.

….നിങ്ങള്‍ക്കൊക്കെ നിര്‍ബന്ധമായും ഒരു വണ്ടിവേണം!
നിങ്ങളേക്കാള്‍ ചെറിയവര്‍ക്ക് പോലും സ്വന്തം വണ്ടിയായി ഡ്രൈവറും! നിങ്ങളൊക്കെ ഒന്ന് മനസ്സുവെച്ചാ എന്താ കഴിയാഞ്ഞിട്ടാ വേണ്ടാന്ന് വെച്ചിട്ടല്ലേ.”
ഖോജരാജാവായ തന്പുരാനേ!

ഞാന്‍ അടുത്തുള്ളൊരു പരുക്കന്‍ സിമന്‍റ് ബെഞ്ചിന്‍മേല്‍ ഇരുന്നു. അയാള്‍ പറഞ്ഞതിനെ കുറിച്ച് ഗാഢമായി ചിന്തിക്കുകയായിരുന്നു ഞാന്‍. അയാള്‍ ശകലം മാറി നിന്നു ഫോണില്‍ കളിക്കുന്പോലെയാക്കി എന്നെ ചെരിഞ്ഞുനോക്കുന്നുണ്ട് ഇടക്കിടെ. അത് അയാള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയാത്ത വിധം ഞാന്‍ ശ്രദ്ധിക്കുന്നുമുണ്ട്. അയാള്‍ ചായയില്‍ വീണ ഈച്ചയെ തട്ടിത്തെറിപ്പിക്കുന്പോലെയും തുന്പിയെ പിടിക്കുന്പോലെയും കളിക്കുന്നതിനിടെ ആ തോണ്ടുഫോണ്‍ അയാളുടെ കയ്യില്‍ നിന്നും നിലത്തേക്ക് വീണു. ഗ്ളിം’ എന്നൊരൊച്ചയോടെ അതിന്‍റെ ഉള്ളുടഞ്ഞു. ഫോണ്‍ വീണ് പൊട്ടിപ്പോയി അല്ലേ’ എന്ന് ചോദിക്കാന്‍ നല്ല അവസരം ഒത്തുവന്നിട്ടും ഞാന്‍ ആത്മസംയമനം കൈക്കൊണ്ടു.

അയാള്‍ എന്നോട് പറഞ്ഞതിനെ കുറിച്ച് നിങ്ങള്‍ ആഴത്തിലാലോചിച്ചിരിക്കാനിടയില്ല. ഞാനത് വിശദീകരിക്കാം. ഞാന്‍ സ്വന്തമായി ഒരു വണ്ടിയൊക്കെ വാങ്ങേണ്ടുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടെന്നും എന്നിട്ടും ഈ കൂട്ടാതെ പോവുന്ന തീവണ്ടിക്കു പിന്നാലെ ഓടി കാലം കഴിക്കുന്നത് നാണക്കേടാണെന്നുമൊക്കെയാണ് അയാള്‍ പറഞ്ഞതിന്‍റെ തൊലിയര്‍ത്ഥങ്ങള്‍. സമ്മതിക്കാം. പക്ഷേ അയാള്‍ അപ്പോള്‍ അതെന്നോട് പറഞ്ഞത് അയാളുടെ ആ വാക്കുകേട്ടിട്ട് ഞാന്‍ വണ്ടിവാങ്ങാനുറക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും അതുവഴി എന്നെയൊന്നളക്കാനുമാണ് തീര്‍ച്ച തീര്‍ച്ച തീര്‍ച്ച! അതെങ്ങനെയാണ് ഞാനത്രക്കതങ്ങ് ഉറപ്പിച്ചതെന്ന് നിങ്ങള്‍ക്ക് സംശയമുണ്ടാവും. അത് കണ്ടുപിടിക്കാന്‍ ഒരു പരീക്ഷണമുണ്ട്. അത് പറഞ്ഞു തരണമെങ്കില്‍ മറ്റൊരു യാത്രാനുഭവം കൂടി നിങ്ങള്‍ കേട്ടേ പറ്റൂ.

മൂന്നാലഞ്ച് കൊല്ലങ്ങള്‍ക്ക് മുന്പായിരിക്കണം. ഞാന്‍ എടവണ്ണപ്പാറയിലേക്കുള്ള ബസ്സ് കാത്ത് കോഴിക്കോട് സ്റ്റേഡിയം ബസ് ബേയില്‍ കുത്തനെ നില്‍ക്കുകയാണ്. പരിചയമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നും ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ലെന്നും പറയാവുന്ന ഒരാള്‍ എനിക്ക് നേരെ നടന്നുവന്നു.
ഇപ്പോള്‍ എവിടെയാ ജോലി?
എടവണ്ണപ്പാറ ദാറുല്‍അമാനില്‍
അതാരാ നടത്തുന്നത്?
മാനേജ്മെന്‍റ്!
അതല്ല അത് നടത്തുന്ന ആളാരാ?
അവിടുത്തെ പ്രാദേശിക കമ്മറ്റി.
എന്നാലും ഒരാളുണ്ടാവില്ലേ നടത്തിപ്പുകാരനായിട്ട് തറയിട്ടാലാ?
അല്ല!
പിന്നെ ആരുടെയാ സ്ഥാപനം?
സമൂഹത്തിന്‍റെ’ എന്നൊരു മറുപടി എന്‍റെ ഉള്ളില്‍ പൊട്ടിത്തെറിച്ചെങ്കിലും ഞാനതമര്‍ച്ച ചെയ്തു.

അയാള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക്കു നന്നായി അറിയാം. സഅദിയ്യ എം എ ഉസ്താദ് സിറാജുല്‍ഹുദാ പേരോടുസ്താദ് നിലന്പൂര്‍ മജ്മഅ് കൂറ്റന്പാറ ഉസ്താദ് എന്നൊക്കെ പറയുന്പോലുള്ള പ്രശസ്തമായ ഒരു പേരാണ് അയാള്‍ക്ക് പറഞ്ഞു കേള്‍ക്കേണ്ടത്. ഇനി പറയാതെ നില്‍ക്കക്കള്ളിയില്ല എന്നായപ്പോള്‍ അയാളുടെ ആ ഉള്ളിലിരിപ്പിനോടു മാത്രമല്ല ഒരു സ്ഥാപനം നടത്തുന്ന ആളായിരിക്കെ (ഈ ലക്കം രിസാല അടിച്ചുവരുന്നതിന്‍റെ തൊട്ടുമുന്പുവരെ) ഏറെക്കുറെ അപ്രശസ്തനായി നിലകൊള്ളുന്ന ഒരാളോടുള്ള പ്രതികാരമെന്നോണവും ഞാന്‍ പറഞ്ഞു
അബ്ദുര്‍റശീദ് ബാഖവി വെട്ടുപാറ!…”

ഇനി നിങ്ങള്‍ക്കെന്ത് പറവാനുണ്ട് എന്ന അര്‍ത്ഥത്തില്‍ പക തീരാതെ ഞാന്‍ അയാളെത്തന്നെ ആഴ്ത്തി നോക്കി. നിങ്ങള്‍ വിചാരിക്കും ഇവനെന്തിനാ ഇങ്ങനെ അനാവശ്യമായി കുതിര കയറുന്നത് എന്ന്. അയാള്‍ അടുത്തായി എന്താണ് പറയാന്‍ പോവുന്നത് എന്ന് അയാളുടെ ഭാവഹാവാദികളില്‍ നിന്ന് ഊഹിച്ചെടുക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലാത്തതിനാലാണ് ആ കുറ്റപ്പെടുത്തല്‍. അയാള്‍ അടുത്തായി പറയുന്നതെന്താണെന്ന് നിങ്ങള്‍ കേള്‍ക്ക്!
നിങ്ങളൊന്നും ശരിക്കു പറഞ്ഞാല്‍ ഇങ്ങനെയുള്ളൊരു സ്ഥാപനത്തില്‍ ജോലി ചെയ്യേണ്ടുന്ന ആളല്ല. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണം എന്നിട്ട് ഒറ്റക്ക് നടത്തണം അതാ വേണ്ടത.്’

അതു പറയുന്പോള്‍ അയാള്‍ എന്‍റെ കണ്ണിലേക്കും മേല്‍പുരികത്തിലേക്കുമാണ് നോക്കിക്കൊണ്ടിരുന്നത്. പക്ഷെ ഞാനയാളുടെ മറ്റൊരു ഭാഗത്താണ് സൂക്ഷിച്ച് നോക്കിയിരുന്നത്. അതെവിടെയാണെന്നും അതെന്തിനാണെന്നും ഞാന്‍ കൃത്യമായി പറഞ്ഞ് തരാം വഴിയേ. ഞാന്‍ നേരത്തെ സൂചിപ്പിച്ച പരീക്ഷണമില്ലേ അതിലേക്കുള്ള ഒരു സൂചനയുമാണത്.

അയാള്‍ പറഞ്ഞുവരുന്നതിന്‍റെ ഉള്‍പരിപ്പിതാണ്. നിങ്ങളൊക്കെ വളര്‍ന്ന് ഒരുപാട് വലുതായിരിക്കുന്നു. പക്ഷെ നിങ്ങളുടെ ആഴമേറിയ വിനയം കാരണം അത് നിങ്ങള്‍ മനസ്സിലാക്കായ്കയാണ്. മറ്റുള്ളവര്‍ നടത്തുന്ന സ്ഥാപനത്തിലെ ഒരുദ്യോഗസ്ഥനായി ജോലിചെയ്യുന്ന താണ അവസ്ഥ വിട്ട്’ സ്വന്തം വിലാസത്തില്‍ ഒരു സ്ഥാപനം തുടങ്ങാന്‍ മാത്രമൊക്കെ ആയിട്ടും ഇവ്വിധം തുടരുന്നത് ശരിക്കുപറഞ്ഞാല്‍ നാണക്കേടാണ് എന്ന് പറഞ്ഞ് എന്‍റെ ഉള്ളില്‍ പുതച്ചുറങ്ങുന്ന ഈഗോയെ കുലുക്കിയുണര്‍ത്തുകയാണ് ആശാന്‍റെ ലക്ഷ്യം.

വ്യക്തിയുടെ ഈഗോ സാറ്റിസ്ഫൈ ചെയ്യിക്കാനല്ലല്ലോ സമൂഹത്തിന്‍റെ ആവശ്യം നിവര്‍ത്തിക്കാനല്ലേ സ്ഥാപനം എന്ന് തുടങ്ങുന്ന ഒരു നീളന്‍ എതിര്‍പ്രസ്താവന എന്നില്‍ ഭ്രൂണപ്പെട്ട് വളര്‍ന്നെങ്കിലും അത് പറയേണ്ട ആളല്ല ഇതെന്ന് എനിക്ക് മനസ്സിലാകയാല്‍ ഞാനതിനെ ഗര്‍ഭപാത്രത്തില്‍വെച്ചുതന്നെ അലസിപ്പിച്ചു. ഞാനും കുറേക്കാലമായി അങ്ങനെ ആലോചിക്കുന്നു നല്ല സ്ഥലം കിട്ടാഞ്ഞിട്ടാ ഒരു രണ്ടുരണ്ടര ഏക്കര്‍ സ്ഥലമുണ്ടെങ്കില്‍ ഒന്ന് പറ!’ എന്ന മറുപടിയെങ്ങാനും ഞാനയാളോട് പറഞ്ഞിരുന്നെങ്കില്‍ അമിതഅളവില്‍ പെരുഞ്ചിരിക്കഷായം കുടിച്ചു പെട്ടവനെപോലെ അയാള്‍ അകമേ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പുമായിരുന്നു.

ആളെ ഒന്നൊലുന്പി വിടുക വഴി സമൂഹത്തിന് പുതിയൊരു സ്ഥാപനം കിട്ടട്ടെ എന്ന സല്‍ചിന്ത കൊണ്ടല്ല മറിച്ച് ആളിന്‍റെ ഈഗോസ്ഥിതിയുടെ ദുര്‍ബലാവസ്ഥ എത്രത്തോളമുണ്ട് എന്ന് കണ്ടെടുക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. എന്തെങ്കിലും കേള്‍ക്കുന്പോഴേക്കങ്ങ് കേറിപ്പോവുക എന്നത് അപകടം പിടിച്ച മനോനിലയാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. എനിക്കറിയാം ഒരു ഡ്രൈവറെ. ആള്‍ എന്‍റെ സുഹൃത്തിന്‍റെ സുഹൃത്താണ്. അയാളുടെ ബോസ് പണം മാത്രമുള്ള ഒരു കുടവയറ് പൊങ്ങാണ്. ആറാറ് മാസം കൂടുന്പോള്‍ അയാള്‍ വണ്ടിമാറ്റിക്കൊണ്ടിരിക്കും. കാരണം മറ്റൊന്നുമല്ല ഈ ചങ്ങാതി ഓരോന്ന് പറഞ്ഞ് അയാളെ മാങ്കൊന്പില്‍ കയറ്റും. അയാള്‍ കൂട്ടാക്കിയില്ലെങ്കില്‍ ഒടുക്കം അവന്‍ പറയുന്ന ഒരു സംഗതി ഇതാണ്: ഈ വണ്ടി നിങ്ങളെപ്പോലെയുള്ളയാള്‍ക്ക് പറ്റിയതല്ല കെട്ടോ ഇതിപ്പോള്‍ എല്ലാരുടെ കയ്യിലുമുണ്ട് എനിക്കത്രയേ പറയാനുള്ളൂ.’ ഇത് കേള്‍ക്കേണ്ടതും കാട്ടുതീയിലേക്ക് പെട്രോള്‍മഴ പെയ്തപോല അയാളിലെ ഈഗോ അഗ്നി കത്തിപ്പാളും.

എനിക്കറിയാം മറ്റൊരാളെ. സ്പ്രിംഗ് കയറ്റുപണി ലേശമുണ്ടയാള്‍ക്ക.് മൂന്നാളെ അവന്‍ വെട്ടില്‍ വീഴ്ത്തിയിരിക്കുകയാണ് ഇപ്പോള്‍. മാന്യമായ നിലയില്‍ സമാധാനത്തോടെ ജീവിച്ചുപോരുകയായിരുന്നു അവര്‍. അപ്പുറത്തും ഇപ്പുറത്തുമെല്ലാമുള്ള രണ്ടട്ടി വാര്‍പ്പുവീടുകള്‍ കാണിച്ച് അവയുടെ സൗന്ദര്യം വര്‍ണിച്ച് ഇപ്പോഴും ഒറ്റനില വീട്ടില്‍ പാര്‍ക്കുന്നതിന്‍റെ ചേപ്രത്തരം തെളിച്ചുകാട്ടി ആ മൂവരെക്കൊണ്ടും ഇവന്‍ രണ്ടാം നില പൊക്കിപ്പിച്ചു. ലോണ്‍ പണയം കടം…ആകെ കുടുങ്ങിയിരിക്കുകയാണ് അവരില്‍ രണ്ടാള്‍. മൂന്നാമതൊരാള്‍ പണക്കുടുക്കില്ലെങ്കിലും വേണ്ടാത്തത്ര വിസ്തൃതിയുടെ വിഹ്വലതയില്‍ പെട്ടിരിക്കുന്നു. ആകെ രണ്ടാളേ ഉള്ളൂ വീട്ടില്‍. ഒരു മച്ചനും ഒരു മച്ചിയും. മക്കള്‍ പോലുമില്ല. ഇനിയുണ്ടാവുകയുമില്ലത്രെ. പക്ഷെ പണിതിട്ടിരിക്കുന്നത് ഒരു വന്പന്‍ ഭാര്‍ഗവീ നിലയം.

ഇങ്ങനെ പെട്ടുപോവുന്ന ധാരാളം പേര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇത്തരം ഘട്ടത്തില്‍ നമുക്ക് സന്പത്ത് നഷ്ടം മാത്രമല്ല തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധം മാനനഷ്ടവും വരും. ആളുകളുടെ മുന്നാകെ നാം നോളയാകും. മൂന്നാംക്ലാസ്സിലാണോ അതോ നാലിലോ എന്നുറപ്പില്ല ഒരു രാജാവിന്‍റെ കഥ പഠിച്ചിരുന്നു. രാജാവിനൊരാശ; ലോകത്തേറ്റവും നേര്‍ത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങണം. ഈ രാജപൂതി നാടെങ്ങും വിളംബരപ്പെട്ടു. രാജ്യത്തുള്ള പതിനായിരക്കണക്കിന് നെയ്ത്തുകാര്‍ പലജാതി നേരിയ തുണികള്‍ എത്തിച്ചുകൊടുത്തു. അതൊന്നും പക്ഷെ ആ ബഗിഡു രാജാവിന് പിടിച്ചില്ല. ഒടുവില്‍ ബുദ്ധിയുള്ള ഒരു നെയ്തുകാരന്‍ പുടവകളുമായെത്തി. നേരിയത് എന്നു പറഞ്ഞാല്‍ കാണാന്‍ പറ്റാത്തത്ര നേരിയത്.

അയാള്‍ രാജാവിനെ മാറ്റുമുറിക്കകത്താക്കി വാതിലടച്ചു. സകലം അഴിച്ചുമാറ്റി. തന്‍റെ കയ്യില്‍ ഉലഞ്ഞ് കിടക്കുന്ന നേരിയത് ധരിപ്പിക്കും പോലെ ആംഗ്യം കാണിച്ചു. ബട്ടണ്‍ ശരിയാക്കി. കോളര്‍ ഒപ്പിച്ചു. അരുവും മൂലയുമെല്ലാം വലിച്ചും പിടിച്ചും നേരെയാക്കി. ഉഷാര്‍! അങ്ങനെ ആദരവായ ഹിസ് ഹൈനസ് മന്ദബുദ്ധി പുറത്തിറങ്ങി. രാജാവിന്‍റെ രോഗമറിയാമായിരുന്ന പ്രജകളല്ലാം ഉച്ചത്തില്‍ പുകഴ്ത്തിപ്പറഞ്ഞു.

ഇതെന്തൊരു നേര്‍മ!
ഇത്രയും നേര്‍ത്ത ഉടുപ്പ് നമ്മുടെ രാജാവിനല്ലാതെ മറ്റാര്‍ക്ക് കിട്ടും? ഹൊ ഹൊ!
വഴിയോരത്ത് ഹര്‍ഷാരവങ്ങള്‍. പക്ഷെ ഒരു കൊച്ചുകുട്ടിമാത്രം കളിയാക്കി വിളിച്ചുപറഞ്ഞു:
അയ്യേ രാജാവിന്‍റെ ഇച്ചിമണി കാണുന്നേ!’
(കാണുന്നത് കാണുന്പോലെ വിളിച്ചുപറയാന്‍ കഴിവുള്ള കുട്ടിത്തത്തിന്‍റെ നിഷ്കളങ്കത കട്ടെടുക്കപ്പെട്ടതാണോ നാമനുഭവിക്കുന്ന പ്രശ്നം? അതോ സത്യം വിളിച്ചു പറയുന്നവന്‍റെ നാക്കെരിയുമെന്ന കിരാതഭീഷണി പടര്‍ത്തിയ കരിമൗനമോ?)
വിഢ്ഢിവേഷം കെട്ടിയ ഈ രാജാവിന്‍റെ മാത്രമല്ല മരപ്പൊട്ടന്‍ മല്‍വൊലിയയുടെയും അവസ്ഥ ഒരുകാലത്തും ഒരു കാരണവശാലും നമുക്കാര്‍ക്കും വന്നുചേരരുത്. അതിന് മറ്റുള്ളവരുമായി സംസാരിക്കുന്ന വേളയില്‍ നമുക്ക് നല്ല ജാഗ്രത വേണം. വാക്കുകളുടെ ജഡങ്ങളെ പോസ്റ്റ്മോര്‍ട്ടം ചെയ്താല് പോരാ അവ പുറപ്പെടുന്ന നാവിന്‍റെ അടിവേരുകള്‍ തന്നെ കിളച്ചെടുക്കണം. സംസാരത്തിന്‍റെ ദിശാസൂചി ഏതുഭാഗത്തേക്കാണ് ചെരിഞ്ഞു നില്‍ക്കുന്നതെന്ന് നിങ്ങള്‍ കണ്ടു പിടിക്കണം.
സംസാരത്തിന് ഊത്തുചുവയുണ്ടെന്ന് സംശയം തോന്നിയ ഉടനെ നിങ്ങള്‍ ഇനി പറയുന്ന പരീക്ഷണം നടത്തണം. അഥവാ സംസാരിക്കുന്ന ആളിന്‍റെ കീഴ്ചുണ്ടിന്‍റെ മധ്യഭാഗത്തുള്ള ചാലിന്‍റെ ഒത്തനടുവില്‍ കിട്ടത്തക്കവിധം നിങ്ങളുടെ കണ്ണില്‍ നിന്നും ഒരു നേര്‍രേഖ വിടുക. ആ രശ്മിയും ചാലിന്‍റെ മധ്യവും സന്ധിക്കുന്ന ബിന്ദുവിനെ കേന്ദ്രമാക്കി അവിടം കാസെന്‍റിമീറ്റര്‍ വ്യാസത്തില്‍ നോട്ടം കൊണ്ടൊരു സാങ്കല്‍പിക വൃത്തം വരയ്ക്കുക. നിങ്ങളുടെ മുഴുശ്രദ്ധയും അവിടെത്തന്നെ തളച്ചിടണം എന്നാല്‍ തുറിച്ചു നോക്കുകയാണെന്ന് സംശയം തോന്നിക്കുകയും ചെയ്യരുത്. ശേഷം നിങ്ങള്‍ അങ്ങേയറ്റം ഏകാഗ്രതയോടെ നിരീക്ഷിക്കുക ആള്‍ സംസാരിച്ചുകൊണ്ടിരിക്കവേ ആ വൃത്തത്തിനകത്തെവിടെയങ്കിലും നേര്‍ത്ത കള്ളച്ചിരിയുടെ മങ്ങിയ ഒരു നിഴല്‍പാട് നൃത്തം വെക്കുന്നുണ്ടോ എന്ന്. ഉണ്ടെങ്കിലുറപ്പിച്ചോ ആള്‍ സ്പ്രിങ്ങടി തുടങ്ങി എന്ന.് ഇല്ലേ ആള്‍ ആത്മാര്‍ത്ഥമായി പറയുകയാണെന്ന് കൂട്ടിക്കോ.
നല്ല കാര്യത്തിലാണ് സഹകരിക്കേണ്ടത്; ചീത്ത കാര്യത്തിലല്ല. വാക്കുകള്‍ കൊണ്ട് ആളെ കുഴിയില്‍ ചാടിക്കുന്നത് ഖുര്‍ആന്‍ പാടില്ലെന്ന് പറഞ്ഞ ചീത്ത സഹകരണമാണ്. നമ്മെപ്പറ്റി ഏറ്റവും നന്നായി അറിയുന്നവര്‍ നാമാണ്. ആയതിനാല് മറ്റുള്ളവര്‍ പുറപ്പെടുവിക്കുന്ന പുകഴ്ത്തുപുകകളില്‍ പെട്ട് നമ്മുടെ കണ്ണ് കലങ്ങിപ്പോകരുത്. മറ്റുള്ളവര്‍ നിന്നെ വാഴ്ത്തുന്നത് അവര്‍ക്ക് നിന്നെപ്പറ്റിയുള്ള തോന്നല്‍ വെച്ചാണ്. നിന്നെ കുറിച്ച് ഉറപ്പിച്ചറിയുന്നവന്‍ നീയാണ് എന്നതിനാല്‍ നീ നിന്നെ ഇകഴ്ത്തുകയാണ്’ ആന്തരജ്ഞാനത്തിന്‍റെ ഗുരുഭൂതര്‍ ഇബ്നു അതാഇല്ലാഹി സ്സിക്കന്ദരി റ: പറഞ്ഞുതന്നത് പ്രത്യേകം ഓര്‍ക്കുക (അല്‍ഹികം)
അപ്പോള്‍ നാം ഒരാളെ വാഴ്ത്തി ഉയര്‍ത്തുന്നത് നല്ല കാര്യത്തിനാണെങ്കില്‍ അതു പറ്റുമോ എന്നതായിരിക്കും നിങ്ങളുടെ സംശയം? അതിനെ പറ്റി നമുക്ക് അടുത്തുതന്നെ പറയാം എന്നു പറഞ്ഞുകൊണ്ട് നമുക്കിപ്പോള്‍ പിരിയാം അല്ലേ?
സ്വന്തത്തോട് ചോദിക്കാന്‍
നിങ്ങള്‍ ആരെയെങ്കിലും പറഞ്ഞു പിരികയറ്റി വല്ല കുഴിയിലും ചാടിച്ചിട്ടുണ്ടോ?
ആരെങ്കിലും നിങ്ങളെ ജാക്കിതിരിച്ചതിനെപ്രതി നിങ്ങള്‍ എപ്പോഴെങ്കിലും കോമാളി വേഷം കെട്ടിയിട്ടുണ്ടോ?=

ഫൈസല്‍ അഹ്സനി ഉളിയില്‍

You must be logged in to post a comment Login