മഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ പ്പോലെ ഇസ്‌ലാമിക നാഗരികതയുടെ നഷ്ടപ്രതാപം തൊട്ടുകാണിച്ച് സ്വസമുദായത്തെ ജടിലതയുടെ ഗാഢനിദ്രയിൽനിന്നുണർത്താൻ അശ്രാന്തപരിശ്രമം നടത്തിയ ഒരു ധിഷണാശാലി ആധുനിക കാലഘട്ടത്തിൽ ജീവിച്ചിരുന്നുവോ എന്ന് സംശയമാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ മുസ്‌ലിംകൾക്ക് നഷ്ടപ്പെട്ട വൈജ്ഞാനിക മനസ്സും ശാസ്ത്രീയ ചിന്തയും സാംസ്‌കാരിക ഔന്നത്യവുമൊക്കെ തിരിച്ചുപിടിക്കാൻ സാധിക്കാതെ മറ്റുള്ളവരുടെ സഹതാപം മാത്രം പിടിച്ചുവാങ്ങാൻ പാട്‌പെടുന്ന ഒരു ജനതയായി അപഹാസ്യമാകുന്നതിലെ വേദന തന്റെ കവിതകളിലൂടെ ഇഖ്ബാൽ പങ്കുവെച്ചത് ഒരു കാലഘട്ടത്തിന്റെ നിലവിളിയായി. ലോകത്തിന് വെളിച്ചവും വിജ്ഞാനവും പകർന്ന് വഴികാട്ടിയായി വർത്തിച്ച ഒരു നാഗരികത അതിന്റെ ജൈവചൈതന്യം നഷ്ടപ്പെട്ട് പെരുവഴിയിൽ തളർന്നുകിടക്കുമ്പോഴും എന്താണ് തങ്ങൾക്ക് നഷ്ടപ്പെട്ടത് എന്ന മനസ്സിലാക്കാൻ പോലും ശേഷിയില്ലാതെ നട്ടം തിരിഞ്ഞു.അനർഘങ്ങളായ ഈടുവെപ്പുകൾ നഷ്ടപ്പെട്ടതിനേക്കാൾ ഭയാനകം നഷ്ടബോധം കൈമോശം വന്നതാണെന്ന് ഇഖ്ബാൽ വിലപിച്ചു. എല്ലാ തിരിച്ചടികൾക്കും കാരണം, നവീകരണത്തിന്റെയും ആധുനികവത്കരണത്തിന്റെയും വഴികൾ കൊട്ടിയടക്കാൻ ഒരു വിഭാഗം ഇസ്‌ലാമിനെ ദുർവ്യാഖ്യാനം ചെയ്തതാണെന്നും ഇതര ജനതകളോടൊപ്പം ഓടിയെത്താൻ പാശ്ചാത്യ ഉപാധികൾ സ്വായത്തമാക്കുകയേ പോംവഴിയുള്ളൂവെന്നും ആ കാലഘട്ടത്തിലെ മറ്റു സാമുഹിക പരിഷ്‌കർത്താക്കളെ പോലെ അദ്ദേഹവും സ്വസമുദായത്തോട് വിളിച്ചുപറഞ്ഞു. ആഴത്തിൽ ഗ്രസിച്ച രോഗത്തിന്റെ യഥാർഥ കാരണം മഹാകവിക്കും വേണ്ടത് പോലെ തിരിച്ചറിയാൻ കഴിയാതെ പോയത് ഇന്നത്തെ പോലെ തന്നെ അദ്ദേഹം ജീവിച്ച കാലവും എല്ലാ നിലക്കും പടിഞ്ഞാറിന്റെ ദാസ്യത്വം പൂർണമായും ഏറ്റെടുത്തുകഴിഞ്ഞിരുന്നു എന്നതുകൊണ്ടാണ്.
ഇഖ്ബാൽ മൂളിയ ഉണർത്തുപാട്ട് മുസ്‌ലിം നേതൃത്വത്തെ മൃതാവസ്ഥയിൽനിന്ന് തട്ടിയുണർത്താനും പുനർവിചിന്തനത്തിന് വിധേയമാക്കാനും പിന്നേയും ദശകങ്ങളെടുത്തു.കോളനിവാഴ്ചയുടെ കരാളഹസ്തങ്ങളിൽനിന്ന് മോചിതമാവുകയും സ്വതന്ത്രചിന്തയുടെ ജീവവായു സ്വത്വബോധത്തിന്റെ വാതായനങ്ങളിലൂടെ മെല്ലെ മെല്ലെ മുസ്‌ലിം സമൂഹത്തിലേക്കും കടന്നുചെല്ലാൻ തുടങ്ങിയപ്പോൾ ലോകത്തിന്റെ പല ദിക്കുകളിലും നവോഥാനത്തിന്റെ പടഹധ്വനി ഉയർന്നുകേൾക്കാൻ തുടങ്ങി. സാമ്പത്തികമായ അഭിവൃദ്ധിയും രാഷ്ട്രീയമായ സ്വസ്ഥതയും ധൈഷണിക-വൈജ്ഞാനിക മേഖലയിൽ ശ്രദ്ധ പതിപ്പിക്കാനും ആ ദിശയിൽ വിഭവങ്ങൾ സമാഹരിക്കാനും അവസരമൊരുക്കിക്കൊടുത്തപ്പോൾ ചരിത്രത്തിന്റെ വഴിവക്കിൽ വിവിധ കാരണങ്ങളാൽ കൈമോശം വന്ന അറിവിന്റെ ചെപ്പുകൾ വീണ്ടെടുക്കാനുള്ള ത്വര മുസ്‌ലിം നാഗകരികതയുടെ കർമാഗ്‌നിയെ ജ്വലിപ്പിച്ചു. അതിന്റെ ഫലമാണ് ഇസ്‌ലാമിക ലോകത്താകമാനം ദൃശ്യമായ പരിവർത്തന ചിന്തകളും മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കും. ഈ ഉണർവിനെ മതമൗലി കവാദമായും വർഗീയതയായുമൊക്കെ ബ്രാക്കറ്റ് ചെയ്യാൻ ശത്രുക്കൾ കിണഞ്ഞു ശ്രമിച്ചത് സ്വാഭാവികം. കോളനി വാഴ്ചയുടെ കൈരാതങ്ങളുടെ പ്രഹരങ്ങളേറ്റ തകർന്നടിഞ്ഞ വിജ്ഞാന കേന്ദ്രങ്ങൾക്ക് പകരം മത ഭൗതിക വിജ്ഞാനങ്ങൾ സമന്വയിപ്പിച്ച ആധുനികവും പ്രൗഢവുമായ കുറെ സ്ഥാപനങ്ങൾ മുസ്‌ലിംകൾ ജീവിക്കുന്ന നാടുകളിലെല്ലാം ഉയർന്നുപൊങ്ങി. എന്തിനുപറയുന്നു, ഒരുവേള ഇസ്‌ലാമിക സംസ്‌കൃതിയെ ഏറ്റുവാങ്ങാൻ മടിച്ചുനിന്ന പടിഞ്ഞാറൻ ലോകത്തുപോലും എണ്ണമറ്റ ഇത്തരം കേന്ദ്രങ്ങൾ ശിരസ്സുയർത്തി പ്രഭ ചൊരിയാൻ തുടങ്ങി; പുതിയ പേരുകളിലും മേൽവിലാസങ്ങളിലും. നാല്‌വർഷം മുമ്പ് പൗരാണിക സഊദി പട്ടണമായ ജിദ്ദയിൽ കിങ് അബ്ദുല്ല യൂനിവേഴ്‌സിറ്റിയുടെ കവാടങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കായി തുറന്നു കൊടുത്തപ്പോൾ അബ്ദുല്ല രാജാവ് പറഞ്ഞത്, അറ്റ്‌ലാന്റിക്കിന്റെ ഓരത്ത് പന്ത്രണ്ടാം നൂറ്റാണ്ടിൽ നഷ്ടപ്പെട്ട ‘ബൈതുൽഹിക്മ’ ചെങ്കടലോരത്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ താൻ തിരിച്ചുപിടിക്കുകയാെണന്നാണ്. എണ്ണ സമൃദ്ധമായ ഗൾഫ് രാജ്യങ്ങളിൽ മാത്രമല്ല, ഇന്തോനേഷ്യയിലും മലേഷ്യയിലും തുർക്കിയിലുമെല്ലാം നിരവധി വിജ്ഞാന സൗധങ്ങൾ അടുത്തിടെയായി കെട്ടിപ്പടുക്കുകയുണ്ടായി. എന്നാൽ, മുഗിളരുടെയും നൈസാമിന്റെയുമൊക്കെ കരപരിപാലനേമറ്റ് ഒരുേവള എണ്ണമറ്റ മുസ്‌ലിം സ്ഥാപനങ്ങൾ പരിലസിച്ചുനിന്ന ഇന്ത്യയിൽ പൊതുവെ ഈ ദിശയിൽ ചില ചലനങ്ങൾ കാണാൻ സാധിച്ചതല്ലാതെ, വിപ്ലവകരമായ ചുവടുവെപ്പുകളൊന്നും സാക്ഷാത്കരിക്കപ്പെട്ടില്ല. അതിനു ഒരു അപവാദം കേരളമായിരിക്കാം.
എന്നാൽ, കേരളത്തിൽ സംഭവിച്ച വൈജ്ഞാനിക മുന്നേറ്റങ്ങളുടെ എടുത്തുപറയേണ്ട സവിശേഷത ‘യാഥാസ്ഥിതികർ’എന്ന് ‘ഉൽപതിഷ്ണു-‘പരിഷ്‌കരണവാദികൾ’ ചാപ്പകുത്തി അകറ്റിനിർത്താൻ ശ്രമിച്ച ഒരു വിഭാഗത്തിൽനിന്നാണ് മാറ്റത്തിന്റെ പുതിയ അരുണോദയങ്ങൾ പൊട്ടിവിടർന്നത് എന്നതാണ്. സുന്നി ചിന്താധാര രാഷ്ട്രീയവീക്ഷണത്തിന്റെ പേരിൽ 1989-ൽ രണ്ടു കൈവഴികളായി തിരിഞ്ഞതോടെ രാഷ്ട്രീയകെട്ടുപാടുകളിൽനിന്ന് മുക്തമായ സുന്നിസരണി, വിദ്യാഭ്യാസ, മത വിഷയങ്ങളിൽ മുമ്പൊരിക്കലുമില്ലാത്ത കർമാവേശം കാട്ടുകയും തൽഫലമായി മത ഭൗതിക ശാസ്ത്രീയ വിദ്യാഭ്യാസങ്ങൾ സമന്വയിപ്പിക്കുന്ന കൂറ്റൻ സ്ഥാപനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉയർന്നുപൊങ്ങാൻ നിമിത്തമാവുകയും ചെയ്തു. വിപ്ലവകരമായ മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത കാന്തപുരം എ പി അബുക്കർ മുസ്‌ലിയാരുടെ വിചാരസന്തതിയായ കാരന്തുർ മർകസുസ്സഖാഫതുസ്സുന്നിയ്യ നവോഥാന വഴിയിലെ പ്രകാശഗോപുരമായി മാറുന്നത് ആ ആസ്ഥാന സ്ഥാപനത്തിന്റെ തണലിൽ മറ്റനേകം വൈജ്ഞാനിക കേന്ദ്രങ്ങൾ വളർന്നുവികസിക്കാനും നറുമണം പരത്താനും സാഹചര്യമുണ്ടാക്കി എന്നതിലൂടെയാണ്. പട്ടിക്കാട് ജാമിയ നൂരിയ്യയുടെ സാരഥ്യം രാഷ്ട്രീയക്കാരുടെ െൈകകളിൽ ഒതുങ്ങുകയും അതിന്റെ പ്രഭാവം നഷ്ടപ്പെടും വിധം പണ്ഡിതരുടെ സ്വാധീനവലയം പരിമിതപ്പെടുകയും ചെയ്ത ഒരു പ്രതിസന്ധിഘട്ടം തരണം ചെയ്യാൻ സമസ്ത കേരള ജംഇയ്യത്തുൽഉലമ സാരഥികൾ കൈകൊണ്ട ധീരമായ തീരുമാനം മുസ്‌ലിംകേരളത്തിന്റെ ശിരോലിഖിതം ഇമ്മട്ടിൽ മാറ്റിെയഴുതിയ ഒരു വിപ്ലവത്തിേലക്ക് നയിച്ചത് നാളത്തെ ചരിത്രവിദ്യാർഥികളെ ആശ്ചര്യപ്പെടുത്തുന്നുണ്ടാവാം. രാഷ്ട്രീയക്കാരനെ പഞ്ചപുച്ചമടക്കി അംഗീകരിച്ചുകൊടുക്കാൻ പണ്ഡിത നേതൃത്വം അഭിപ്രായൈക്യത്തിൽ എത്തിയിരുന്നുവെങ്കിൽ എന്താകുമായിരുന്നു മുസ്‌ലിംകൈരളിയുടെ ഇന്നത്തെ അവസ്ഥ? നഷ്ടപ്രതാപത്തിന്റെ ചിതലരിച്ച ശേഷിപ്പുകളിൽ അടയിരുന്ന്, രാഷ്ട്രീയമേലാളന്മാരുടെ തിട്ടൂരങ്ങൾ അനുസരിച്ച് മുട്ടിട്ടിഴയാൻ ഒരു വിഭാഗം മാനസികമായി സന്നദ്ധമായപ്പോൾ , പണ്ഡിത, മുഅല്ലിം, മുതഅല്ലിം വിഭാഗങ്ങൾക്ക് മാന്യമായ അസ്തിത്വവും അന്തസ്സാർന്ന വ്യക്തിത്വവും പ്രദാനം ചെയ്ത് അതിജീവനത്തിന്റെ പുതിയ കർമപദ്ധതികൾ ആവിഷ്‌കരിച്ചപ്പോൾ അതിന്റെ ഫലശ്രുതിയാണ് മർകസും അതിൽനിന്ന് പ്രകാശം ആവാഹിച്ച് ജ്വലിച്ചുയർന്ന മറ്റനവധി സ്ഥാപനങ്ങളും. ഇന്ന് കാരന്തൂർ മർകസ് വാർഷികം മുസ്‌ലിം കേരളത്തിന്റെ നവോഥാനവഴിയിലെ കയറ്റുപടിയായി മാറുന്നത് അതുയർത്തുന്ന പ്രതീക്ഷകളും അവ പ്രസരിപ്പിക്കുന്ന പോസിറ്റീവ് എനർജിയും കൊണ്ടാണ്. ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാൽ ഇത്തരം സ്ഥാപനങ്ങളും അതിന്റെ പിന്നിലെ ധിഷണയും അവയെ ചുറ്റിപ്പറ്റി കെട്ടഴിഞ്ഞുവീഴുന്ന സംഭവഗതികളുമാണ് മുസ്‌ലിം നാഗരികതയുടെ പ്രയാണത്തിന് ഇന്ധനം പകർന്നതെന്നും ഒരു നാട്ടിന്റെ അല്ലെങ്കിൽ ഒരു ജനതയുടെ മുന്നേറ്റത്തിന് രാസത്വരകമായി വർത്തിച്ചതെന്നും കണ്ടെടുക്കാൻ സാധിക്കും. ബഗ്ദാദും ദമസ്‌കസും കൊർദോവയും മാഡ്രിഡും അലപ്പോയും നിശാപ്പൂരും ബുഖാറയും സമർഖന്തും ദൽഹിയും ഹൈദരാബാദുമൊക്കെ അധികാരത്തിന്റെ പുഷ്‌ക്കലകാലങ്ങളിൽ നിറവേറ്റിയ ധൈഷണികവും കലാപരവും സാംസ്‌കാരികവുമായ ചരിത്രദൗത്യത്തിന്റെ വർത്തമാനകാല ധർമം ഏറ്റെടുക്കാൻ മർകസിനും അനുബന്ധ സ്ഥാപനങ്ങൾക്കും സാധിച്ചുവെന്നതിൽ അല്ലാഹുവിന്നാണ് കൃതജ്ഞത രേഖപ്പെടുത്തേണ്ടത്.
കാരന്തൂർ മർകസിന്റെ ആത്യന്തികലക്ഷ്യമെന്തെന്ന് പ്രശസ്ത മാധ്യമപ്രവർത്തകൻ രാമചന്ദ്രനുമായുള്ള അഭിമുഖത്തിൽ ഉസ്താദ് എ.പി അബൂബക്കർമുസ്‌ലിയാർ വർഷങ്ങൾക്ക് മുമ്പ് തന്നെ വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നുണ്ട്. ‘മതവിദ്യാഭ്യാസവും ഭൗതികവിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും സംയോജപ്പിക്കുന്ന ഒരു കലാലയം വേണം. ഇതാണ് ലക്ഷ്യം. ചിലർ മതവിദ്യാഭ്യാസത്തിൽ ഉയർന്നുപോരുന്നുണ്ട്. അവർക്കെല്ലാം സൗകര്യമുള്ള ഒരു സ്ഥാപനം വേണം എന്ന ഉദ്ദേശ്യത്തിലാണ്. അത് വളരെ പുണ്യമുള്ളതാണ്. പിന്നെ ഏത് സ്ഥാപനത്തിൽ പഠിക്കുന്നു അതിന്റെ ആശയങ്ങൾക്കനുസരിച്ചായിരിക്കും കുട്ടികൾ വളരുക. സുന്നികളല്ലാത്തവരും സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. അവർ വിദ്യാർഥികളെ അവിടെ ചേർത്തു പഠിപ്പിക്കുന്നു. അതുവഴി അവർ സുന്നിവിരുദ്ധരായി മാറുന്നു. ഞങ്ങൾ സുന്നികൾക്കൊരു സ്ഥാപനം വേണമെന്ന് ആലോചിച്ചതാണ്.’ പുതിയ കാലത്തിന്റെ അനിവാര്യതകൾക്ക് ഉത്തരം കണ്ടെത്തുക എന്നതിനോടൊപ്പം ആശയതലത്തിൽ സുന്നി ചിന്താധാരയെ പുഷ്ടിപ്പെടുത്തുക എന്നത് കൂടിയാണ് മർകസിന്റെ പ്രഖ്യാപിതലക്ഷ്യം. ആ ലക്ഷ്യ പ്രാപ്തിയിൽ സ്ഥാപനം കൈവരിച്ച വിജയമാണ് മർകസിനെ ഒരു വിപ്ലവ നാഴികക്കല്ലായി മാറ്റുന്നത്. കേരളത്തിലെ ഒരു മതസ്ഥാപനവും ചുരുങ്ങിയ കാലം കൊണ്ട് ഇമ്മട്ടിലൊരു ദൗത്യം പൂർത്തി യാക്കിയിട്ടില്ലെന്ന് ശത്രുക്കൾ പോലും സമ്മതിക്കാതിരിക്കില്ല. അത്യാധുനികമായ അറിവും വെളിച്ചവും പ്രസരിപ്പിക്കുന്നതോടൊപ്പം ഇസ്‌ലാമിക പ്രബോധന രംഗത്ത് നൈപുണ്യം കരഗതമാക്കിയ ഒരു യുവനിരയെ വാർത്തെടുക്കുന്നതിൽ മർക്കസ് വഹിക്കുന്ന പങ്ക് കേരളത്തിലെ ദീനിവിദ്യാഭ്യാസ രംഗത്തെ അപൂർവകാഴ്ചയാണ്. ഒരുപടി മുന്നോട്ട് കടന്ന് , നോളജ് സിറ്റി എന്ന ആശയം കൂടി പ്രയോഗവത്കരിക്കുന്നതോടെ വിശ്വാസിക്കു വഴിവക്കിൽ നഷ്ടപ്പെട്ടത് പൂർണമായും തിരിച്ചുപിടിക്കാനുള്ള അവസരം കൈവരുമെന്നു തീർച്ച. അറിവിന്റെ ബൃഹത്തായൊരു സമുച്ചയം സ്ഥാപിതമാകുന്നതോടെ ദീനീ വിജ്ഞാനത്തോടൊപ്പം സയൻസും ടെക്‌നോജളിയും മാനേജ്‌മെന്റും മാസ്‌കമ്യൂണിക്കേഷനുമെല്ലാം ഒരു കുടക്കീഴിൽ അഭ്യസിക്കാനുള്ള സൗഭാഗ്യമാണ് നമ്മുടെ മക്കളെ കാത്തിരിക്കുന്നത്. കടന്നുപോയ തലമുറകൾക്ക് സ്വപ്‌നം കാണാൻ പോലും സാധിക്കാത്ത വൈജ്ഞാനിക സാഫല്യം. ‘മൊറാലിറ്റി വിത് മോഡേണിറ്റി’ (ആധുനികതയോടൊപ്പമുള്ള സദാചാരം) എന്നതാണത്രെ മർകസിന്റെയും നോളജ് സിറ്റിയുടെയും മുദ്രാവാക്യം. കാലത്തിന്റെ ചുമരെഴുത്ത് വായിച്ചുമനസ്സിലാക്കിയ ഒരു യുവപണ്ഡിതനിര അമരത്തേക്ക് ആനയിക്കപ്പെടുന്നുണ്ട് എന്ന് ഈ ആശയം മുന്നോട്ട്‌വെക്കുന്ന മർകസ് ഡയക്ടർ ഡോ. അബ്ദുൽഹകീം അസ്ഹരി കേരളീയ മുസ്‌ലിം ഉമ്മത്തിന് പ്രത്യാശനൽകുന്നു. നോളജ് സിറ്റിയെ കുറിച്ച് അദ്ദേഹം നമ്മുടെ മുന്നിൽവെക്കുന്ന ചിത്രം തന്നെ വർണാർഭവും സുവ്യക്തവുമാണ്: ‘ചരിത്രത്തിന്റെ പ്രത്യേക സന്ധിയിൽവെച്ച് തകർന്ന മുസ്‌ലിം നാഗരികതയാണ് നോളജ് സിറ്റിയിലൂടെ ലക്ഷ്യമിടുന്നത്. ഹെറിറ്റേജ് സിറ്റി, നോളജ് സിറ്റി, കമേഴ്‌സ്യൽ സിറ്റി, മീഡിയ സിറ്റി, ശരീഅത്ത് സിറ്റി തുടങ്ങിയവയാണ് ഇതിലെ പ്രധാന സംരംഭങ്ങൾ. ശാസ്ത്രവിഷയങ്ങളെ മതവിഷയങ്ങളുമായി സമന്വയപ്പെടുത്തി പഠിക്കാനുള്ള സാഹചര്യം ഇവിടെയുണ്ടാവും. ‘അത്തരമൊരു സാഹചര്യവും ആരോഗ്യകരമായ പഠനാന്തരീക്ഷവും സജ്ജീകരിക്കാനായാൽ മിടുക്കന്മാരായ കുട്ടികൾ സ്ഥാപനം തേടി ഓടിയെത്തും. നേരായ വിശ്വാസത്തിലടിയുറച്ച അഭിനവ ഇബ്‌നു ഖൽദൂൻമാരും ഇബ്‌നു തുഫൈൽമാരും സൃഷ്ടിക്കപ്പെടുന്നത് ഇവിടെയായിരിക്കും. അവിസെന്നയുടെയും അൽബിറൂനിയുടെയും അനന്തരമെടുക്കാൻ എന്തുകൊണ്ട് മധ്യകാലഘട്ടത്തിനു ശേഷം മുസ്‌ലിംനാഗരികതക്ക് സാധിച്ചില്ല എന്ന ചോദ്യത്തിനുള്ള മറുപടിയായിരിക്കും ഇത്തരം മതകേന്
ദ്രങ്ങൾ. വിദ്യാഭ്യാസം നേടുക എന്ന പഴയ ലക്ഷ്യം കൊണ്ട് ഇന്നിന്റെ വെല്ലുവിളി നേരിടാനാവില്ല. മേത്തരം വിദ്യാഭ്യാസം(ഋഃരലഹഹലി േഋറൗരമശേീി) കൊണ്ടേ മൽസരാധിഷ്ഠിത ലോകത്ത് തുഴഞ്ഞു മുസ്‌ലിം ന്യൂജനറേഷന് മറുകര അണയാൻ സാധിക്കുകയുള്ളൂ.
മർകസ് ഏറ്റെടുത്തു നടത്തുന്ന കേരളത്തിനു പുറത്തുള്ള ദൗത്യത്തെ എത്ര പ്രകീർത്തിച്ചാലും അമിതമാവില്ല. കാരണം, ആരും കൈവെക്കാൻ ധൈര്യപ്പെടാത്ത ദുഷ്‌കരമായ കർമപരിപാടിയാണ് കാശ്മീരിലും ഗുജറാത്തിലും ബംഗാളിലും അസമിലും കർണാടകയിലുമെല്ലാം ഉസ്താദിന്റെ നേതൃത്വം നിർവഹിക്കുന്നത്. വിഭജനത്തിന്റെ ഇനിയും ഉണങ്ങാത്ത മുറിപ്പാടുകളിൽനിന്ന് കിനിയുന്ന അങ്ങേയറ്റത്തെ നൈരാശ്യത്തിന്റെയും നഷ്ടബോധത്തിന്റെയും തീരാത്ത ആധി ചുമന്ന് , ഇപ്പോഴും മുട്ടിലിഴയുന്ന ഒരു ജനതയുടെ മുന്നിൽ വിദ്യയുടെ വെളിച്ചം തെളിക്കാനും ‘മർകസ് കെയറി’ലൂടെ ജീവിതസുരക്ഷിതത്വം ഉറപ്പാക്കാനും നടത്തുന്ന ഏത് കാൽവെപ്പും വിലമതിക്കാനാവാത്തതാണ്. ഇരുൾമുറ്റിയ ഭാവിക്കുമുന്നിൽ സർക്കാർ ഔദാര്യം കാത്ത് കഴിയുന്ന ഉത്തരേന്ത്യൻ മക്കളുടെ മുന്നിൽ ഭക്ഷണവും വസ്ത്രവും നിരത്തി, സൗജന്യമായി വിദ്യാഭ്യാസം നൽകാൻ ഒരു നേതാവും അനുയായികളും ത്യാഗമനോഭാവത്തോടെ മുന്നോട്ടുവരുമ്പോൾ അതുൾവഹിക്കുന്ന വിപ്ലവവീര്യം കാണാൻ വിശാല മനസ്‌കത കാട്ടുന്നില്ലെങ്കിലും കൃതഘ്‌നതയുെട ശാപവചസ്സുകൾ ചൊരിയരുതേ എന്നേ ശാഹിദിന് അപേക്ഷിക്കാനുള്ളൂ.
ഇസ്‌ലാമിക നാഗരികത എണ്ണമറ്റ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ചരിത്രസന്ധിയാണിത്. ഒരു മതം എന്ന നിലയിൽ ഇസ്‌ലാം വിഭാവന ചെയ്യുന്ന വെള്ളം ചേർക്കാത്ത തൗഹീദിന്റെ പ്രത്യയശാസ്ത്രത്തെ ഇതര മതങ്ങളുടെ അനുയായികൾ ഇപ്പോഴും ഭയത്തോടെയാണ് നോക്കിക്കാണുന്നത്. കാലഹരണപ്പെട്ട വേദഗ്രനഥങ്ങളുടെ പൊടിപടലങ്ങൾ നിറഞ്ഞ അക്ഷരങ്ങൾക്ക് ലോകത്തിനു മാർഗദർശനം നൽകാനുള്ള കരുത്ത് നഷ്ടപ്പെട്ടിട്ട് ഒന്നരസഹസ്രാബ്ദമായി എന്ന് നന്നായി മനസ്സിലാക്കിയ ഇതര സെമിറ്റിക്കുമതാനുയായികൾ കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിയുന്നത് ‘ഒെഫൻസ് ഈസ് ദി ബെസ്റ്റ് ഡിഫെൻസ്’ എന്ന തന്ത്രത്തിലൂന്നിയാണ്. ഇവിടെയാണ് ഇസ്‌ലാമിന്റെ ജൈവചൈതന്യം കർമപഥത്തിലൂടെ അനുഭവവേദ്യമാക്കേണ്ട ബാധ്യത ചിന്തിക്കുന്ന മുസ്‌ലിം നേതൃത്വത്തിന്റെ ചുമലിൽ വന്നുവീഴുന്നത്. ആരുടെ മുന്നിലും തലകുനിക്കാത്ത, വഴിപിഴച്ച ആശയഗതികൾക്ക് മുന്നിൽ പതറാത്ത അജയ്യമായ ഒരു പ്രത്യയശാസ്ത്ര തെളിമയാണ് ശത്രുക്കളുടെ പ്രഹരങ്ങൾ എമ്പാടുമേറ്റിട്ടും ചൂളിപ്പോകാതെ പിടിച്ചുനിൽക്കാൻ കരുത്ത് പകരുന്നത്. അതിനുവേണ്ടത് ഇസ്‌ലാമിന്റെ ശോഭനവും ചേതോഹരങ്ങളുമായ സ്‌നേഹസൗഭ്രാത്രമാനങ്ങളെ പ്രതിസന്ധിയലകപ്പെട്ട ലോകസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ്. കേരളീയ ഇന്ത്യൻ സമൂഹത്തിൽ മർകസിനു നിർവഹിക്കാനുള്ള മഹത്തായ ദൗത്യവും അതുതന്നെ. ഒരു സിലബസിലോ കാമ്പസിലോ ഒതുങ്ങാത്ത, വിപുലവും വിശാലവുമായ കർമപദ്ധതി ആവിഷ്‌കരിക്കുമ്പോൾ മനസ്സിലാവും 120കോടി ജനതയുടെ മുന്നിൽ സമർപ്പിക്കുന്നത് എല്ലാ വിഭാഗങ്ങൾക്കും അംഗീകരിക്കാനാവുന്ന ആത്മീയാധിഷ്ഠിതമായ ഒരു ബദൽ ജീവിതസരണിയാണെന്ന്.
ശാഹിദ്
You must be logged in to post a comment Login