തൊഴിൽ തേടി കേരളത്തിലെത്തുന്ന ബലിഷ്ഠകായരും അധ്വാനശീലരുമായ തമിഴൻമാരുടെ നാടോടി ജീവിതത്തിനപ്പുറം, മറ്റൊരു തമിഴ്‌നാടുണ്ട്! വൈജ്ഞാനിക പ്രഭാവത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും അമരത്തിരിക്കുന്ന ജ്ഞാനികളും സ്വൂഫികളുമായ തമിഴ് ദേശത്തിന്റെ ജീവിതമാണത്.
ഉന്നത മതപഠനത്തിന് വേണ്ടി മുമ്പുകാലത്ത് കേരളീയ വിദ്യാർത്ഥികൾ ആശ്രയിച്ചിരുന്നത് തമിഴ്‌നാട്ടിലെ വെല്ലൂർ ബാഖിയാതുസ്വാലിഹാത് കോളേജായിരുന്നു. ഇസ്‌ലാമിക കേരളത്തിന്റെ ജ്ഞാന സദസ്സുകളെ ധന്യമാക്കിയ, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള പണ്ഡിത ജ്യോതിസ്സുകൾ ഈ സർവകാലാശാലയിൽ നിന്ന് അറിവ് നേടിയവരായിരുന്നു. തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഉന്നത ഇസ്‌ലാമിക കലാലയവുമായിരുന്നു വെല്ലൂർ ബാഖിയാത്.
”ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലാണ്, ഞാൻ വെല്ലൂരിൽ പഠനം നടത്തുന്നത്. ബാഖിയാതിന്റെ ശില്പമനോഹരമായ കെട്ടിടം കണ്ണിൽ പെട്ടതും, അവിടെ പഠിച്ചു പിരിഞ്ഞ മഹത്തുക്കളായ ഗുരുവര്യരുടെ ഓർമകൾ മനസ്സിൽ തിരതല്ലി. മൗലാന ചാലിലകത്തും, ശംസുൽഉലമയും, കോട്ടുമലയും എല്ലാറ്റിനുമുപരി, എന്റെ ഹൃദയത്തിന്റെ ഉൾക്കണ്ണായ ശൈഖുനാ ഒ കെ ഉസ്താദുമൊക്കെ തൊട്ടുരുമ്മി നടന്ന വഴികളും കിടന്ന നിലങ്ങളും സ്പർശിച്ച ചുമരുകളുമൊക്കെയാണല്ലോ ഇതൊക്കെയെന്നോർത്തപ്പോൾ എന്റെ സിരകൾ ത്രസിച്ചു.
അന്ന് എന്റെ കൂടെ പഠിച്ചവരിൽ പെട്ടവരാണ് കെ എസ് അബ്ദുല്ല മുസ്‌ലിയാർ, പി കെ പി അബ്ദുസ്സലാം മുസ്‌ലിയാർ മുതൽ പേർ. ഞാനന്ന് മുത്വവ്വലിനാണ് പരീക്ഷക്കിരുന്നത്, പി കെ പിയും. ഞങ്ങൾ പരീക്ഷ പാസ്സായി, സീറ്റ് കിട്ടുകയും ചെയ്തു. പക്ഷേ ഞാനേറേ കൊതിച്ച ശൈഖ് ഹസൻ ഹള്‌റതിന്റെ ബുഖാരി ക്ലാസും, അബൂബക്കർ ഹള്‌റതിന്റെ ബൈളാവി ക്ലാസും നടക്കുന്നത് താഴെ മുഖ്തസ്വർ ക്ലാസിലാണെന്ന് പിന്നീടാണറിഞ്ഞത്. ഉടൻ ഞങ്ങൾ മുഖ്തസ്വറിൽ ഇരിക്കാൻ തീരുമാനിച്ചു. രണ്ട് ഹള്‌റതുമാരുടേയും ക്ലാസ്സുകൾ ആവോളം ആസ്വദിച്ചു. ഹള്‌റതിന്റെ ഉറുദുവിലുള്ള ബുഖാരി ക്ലാസ് ഞാൻ അറബിയിൽ അപ്പപ്പോൾ നോട്ടാക്കി എഴുതി വെക്കും. അങ്ങനെയുള്ള നാല്പതോളം നോട്ടുബുക്കുകൾ ബുഖാരിയുടേത് മാത്രമായി ഇപ്പോഴും എന്റെ കൈവശമുണ്ട്.
ബുഖാരി ക്ലാസിന്റെ വെല്ലൂർ രീതി കേരളീയ രീതിയിൽ നിന്ന് വ്യത്യസ്തമായിരുന്നു. എന്തുകൊണ്ടെന്നാൽ ഇവിടെ ഒരു മദ്ഹബ് മാത്രമേയുള്ളൂ-ശാഫിഈ മദ്ഹബ്. അവിടെ വ്യത്യസ്ത മദ്ഹബുകളുടെ ഒരു സംഗമഭൂമിയാണ്. ആയതിനാൽ ഓരോ ഹദീസിന്റെ ചർച്ചയും നാല് മദ്ഹബിന്റെ പ്രമാണവുമായി എവ്വിധം ചേർന്ന് നിൽക്കുന്നു എന്നുള്ള ഗഹനമായ ചർച്ചകൾ നടക്കുമായിരുന്നു. അവിടെ മുഖ്തസ്വറിൽ ഉണ്ടായിരുന്ന ചില കിതാബുകൾ ഞാൻ ഇവിടെ നിന്നു തന്നെ ഓതിയതായിരുന്നു. അതിനാൽ ആ ക്ലാസുകൾ നടക്കുന്നേരം, ഉസ്താദുമാരുടെ സമ്മതത്തോടെ കുതുബ്ഖാനയിൽ പോയി ഗ്രന്ഥങ്ങൾ റഫർ ചെയ്ത്, ആവശ്യമായ വിവരങ്ങളും ക്വോട്ടിംഗുകളും എഴുതിയെടുക്കുമായിരുന്നു. ഫതാവൽഹദീസിയ്യ, അദ്കാറുന്നവവി, ഇഹ്‌യാ ഉലൂമുദ്ദീനിന്റെ അജാഇബുൽഖൽബ് പോലുള്ള ചിലഭാഗങ്ങൾ തുടങ്ങിയവ ഇങ്ങനെ മുത്വാലഅ ചെയ്തതാണ്.
ഞങ്ങൾ ചെല്ലുമ്പോൾ അവിടെ കുട്ടികൾക്കുള്ള സാഹിത്യസമാജം രണ്ട് വർഷമായി നിർത്തി വെച്ച അവസ്ഥയിലായിരുന്നു. മലയാളീ വിദ്യാർത്ഥികളും തമിഴ് വിദ്യാർത്ഥികളും തമ്മിലുള്ള ഒരു വാക്തർക്കത്തിന്റെ പേരിലായിരുന്നു, ഈ നിർത്തിവെക്കൽ ഉത്തരവ്. പഠിതാക്കൡ അന്തർലീനമായ സർഗാത്മക ബോധത്തെ ഇളക്കി ഉണർത്താനുള്ള സാഹചര്യമില്ലായ്മ എന്റെ മനസ്സിനെ സ്പർശിച്ചു. ഇത് നോക്കിനിന്ന്, ചരിത്രത്തെ പഴിപറയേണ്ട നേരമല്ലെന്നും, സക്രിയമായി ഇടപെട്ടേ തീരൂ എന്നുമുള്ള ഒരു ഉള്ളുണർവ്വ് എന്റെ മനസ്സിൽ കിടന്ന് കളിച്ചു.
ഇരുകൂട്ടരേയും വിളിച്ചുകൂട്ടി രജ്ഞിപ്പു ചർച്ച നടത്തുകയാണ് പരിഹാരത്തിന്റെ പോംവഴി എന്നെനിക്ക് മനസ്സിലായി. പക്ഷേ, വൈകാരിക വിക്ഷോഭങ്ങളും, ശബ്ദ കോലാഹലങ്ങളും ഉണ്ടാവാനിടയുള്ള ഒരു സദസ്സിൽ, പറഞ്ഞ് ഫലിപ്പിക്കാൻ മാത്രമുള്ള തമിഴ് സമ്പത്ത് എന്റെ കയ്യിലില്ലായിരുന്നു. ഉടൻ അടുത്ത ഉപായം തേടി മനസ്സ് അലഞ്ഞപ്പോൾ, തമിഴ് വിദ്യാർത്ഥികളുടെ നേതാവും എന്നാൽ മലയാളം നന്നായി സംസാരിക്കാൻ കഴിയുന്നയാളുമായ ഷബീർ അലിയെ ചെന്ന് കാണാമെന്നു വെച്ചു. അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും, അനുരജ്ഞന ചർച്ച വിജയകരമായി പൂർത്തിയാക്കുകയും സാഹിത്യ സമാജം തിരിച്ചുകൊണ്ടുവരികയും ചെയ്തു. സീനതുൽഉലമാ എന്നായിരുന്നു ആ വിദ്യാർത്ഥി കൂട്ടായ്മയുടെ പേര്. അങ്ങനെ മലയാളികൾക്കും തമിഴർക്കുമായി വേറെ വേറെ സംഗമങ്ങൾ നടന്നു.
കണ്ണൂർ പാപ്പിനിശ്ശേരിക്കാരനായ പി കെ പി അബ്ദുസ്സലാം മുസ്‌ലിയാർ പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായി പ്രവർത്തിച്ചു. സീനതുൽഉലമാ എന്ന പേരിൽ ഒരു മാസികയും അക്കാലത്ത് അടിച്ചിറക്കി. അതിൽ പ്രധാനമായും ഇസ്‌ലാമിക വിരുദ്ധമായ മൂന്ന് ഇസങ്ങൾക്കെതിരെയുള്ള പ്രബന്ധങ്ങളായിരുന്നു. – വഹാബിസം, മൗദൂദിസം, ഖാദിയാനിസം. അതിനിടെ രസകരമായ ഒരു സംഭവമുണ്ടായി. ഖാദിയാനിസത്തെ കുറിച്ച് കൂടുതലായി പഠിക്കാൻ വേണ്ടി ഞാൻ, നാട്ടിൽ നിന്നും ഒരു പുസ്തകം പോസ്റ്റലായി വരുത്തിച്ചു – യേശുക്രിസ്തു കാശ്മീരിൽ എന്നായിരുന്നു പേര്. പക്ഷെ എനിക്ക് കിട്ടിയ ഉരുപ്പടി റാപ്പർ പൊട്ടിച്ചു നോക്കുമ്പോഴുണ്ട്, ഒരു സിനിമാ ബുക്ക്.! വഴിയിൽ വെച്ച് ആരോ, ആ ഗ്രന്ഥം മാറ്റുകയും ഇത് തിരുകിക്കയറ്റുകയും ചെയ്തതാവാനാണ് സാധ്യത. കാരണം, ഞാൻ അതയക്കാൻ ഏൽപ്പിച്ചത് വളരെ വിശ്വസ്തനായ അലി ഹാജിയെയാണ് – സമദ് മാസ്റ്ററുടെ ഉപ്പ.
ഉറുദു ഭാഷ പഠിച്ചാലേ, അറിവിൽ അവഗാഹം നേടാൻ കഴിയൂ എന്ന് ബോധ്യപ്പെട്ടതിനാൽ, ഞാൻ തളിപ്പറമ്പുകാരനായ സി കുട്ടി മൗലവിയിൽനിന്ന് ഭാഷയുടെ പ്രാഥമിക പഠനങ്ങൾ പൂർത്തിയാക്കി. ഉറുദു നന്നായി വശമുള്ള ആളും സീനിയർ വിദ്യാർത്ഥിയും ഒപ്പം കേരളക്കാരനുമായതിനാൽ ഉറുദു പഠനം അനായാസം നടന്നു. അബൂബക്കർ ഹള്‌റത്ത്, ‘ഇസ്മ്’ എന്ന അറബി പദത്തിന്റെ നിഷ്പത്തിയെക്കുറിച്ച്, രസകരമായി പറയാറുണ്ട്. കൂഫക്കാർ ‘വസ്മ്’ എന്നും ബസ്വറക്കാർ ‘സുമുവ്വ്’ എന്നുമാണ് ‘ഇസ്മിന്റെ’ അസ്വ്‌ല്-ധാതു പറയുന്നത്. എന്നുവെച്ചാൽ ബസ്വറക്കാർ ആദ്യം കുറേ പണിയെടുത്ത് ‘സുമുവ്വിനെ’ ഇസ്മാക്കി മാറ്റും. എന്നാൽ കൂഫക്കാർക്ക് തീരെ ക്ലേശമില്ലാതെ ‘വസ്മി’നെ ‘ഇസ്മാ’ക്കാം. പക്ഷേ ഇസ്മിന്റെ ബഹുവചനം ആകുന്ന നേരം ബസ്വറക്കാർക്ക് വേഗം ‘അസ്മാഅ്’ എന്ന് പറയാം. അതേ സമയം കൂഫക്കാർ ഇപ്പോൾ പണിയെടുക്കേണ്ടി വരുന്നു. ‘വസ്മി’നെ ‘വസ്മാഅ്’ ആക്കി, പിന്നെ മാറ്റിമറിച്ച് അങ്ങനെ…
ബാഖിയാതിന്റെ പ്രൗഢമായ ആ നില്പ് എന്നെ വല്ലാതെ ആകർഷിച്ചു. ചുറ്റും ഭദ്രമായിട്ടുള്ള നാല് കെട്ട്. ഗോവണി കയറിച്ചെന്നാൽ നേരെ കാന്റീൻ. മധ്യത്തിലായി, വിശാലമായ വെള്ളത്തടം (ഹൗള്). എല്ലാം ഒരു റൂഫിന് കീഴിൽ ഒതുങ്ങിയ ശാസ്ത്രീയ സംവിധാനം.
ഇവിടെ നിന്നാണ്, എന്റെ മനസ്സിൽ ഇതുപോലൊരു കലാലയം സ്ഥാപിക്കണമെന്ന സ്വപ്‌നം മൊട്ടിടുന്നത്. സർവശക്തനായ അല്ലാഹു അതിന് ഉതവി നൽകി. തുടർന്ന്, അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങാനും, ഒരു പ്രസ്ഥാനത്തിന്റെ ഹൃദയകേന്ദ്രമായി മാറാനും മർകസ് എന്ന ‘കേരളത്തിന്റെ ബാഖിയാതിന്’ കഴിഞ്ഞു. സഹപാഠികളിൽ കഷ്ടപ്പെടുന്നവരെ കാണുമ്പോൾ എന്തെങ്കിലുമൊക്കെ ചെയ്ത് കൊടുക്കണമായിരുന്നു എന്ന ഉത്കടമായ ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു. വളരെ ദരിദ്രമായ ഗാർഹിക പശ്ചാതലത്തിൽ നിന്നുള്ളവരാണ് ഭൂരിഭാഗം മലയാളി വിദ്യാർത്ഥികളും. ഒരു ചായ കുടിക്കാനോ, ഒരു തുണി വാങ്ങാനോ, നാട്ടിലേക്ക് പോവാനുള്ള ടിക്കറ്റിനുള്ള വകയോ ഒന്നുമില്ലാതെ, വളരെ പ്രയാസപ്പെട്ടായിരുന്നു ഞങ്ങളിലധികം പേരും അന്നവിടെ കഴിച്ചുകൂട്ടിയത്. ചില നിർണായക നിമിഷങ്ങൡ, ഞാൻ ദരിദ്രനാനെങ്കിൽ പോലും അവരുടെ കയ്യിലുള്ളതിൽ നിന്ന് ചെറിയ അംശങ്ങൾ പിരിച്ചെടുത്ത് നന്നേ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ഉത്സാഹിക്കാറുണ്ടായിരുന്നു. നാട്ടിൽ വരുന്ന വേളകളിലും, സമ്പന്നരായ ആളുകളെ സമീപിച്ച് പാവങ്ങളായ സഹപാഠികൾക്ക് സഹായങ്ങൾ ചെയ്ത് കൊടുക്കാറുണ്ടായിരുന്നു.
ബാഖിയാത് കാലത്തെ ചികിത്സ രസകരമാണ്. സമീപത്ത് രണ്ട് ആതുരാലയങ്ങളാണുള്ളത്. ഒന്ന് പ്രസിദ്ധമായ മിഷൻ ഹോസ്പിറ്റൽ. മറ്റേത് ഡോ. രാജമ്മയുടെ ക്ലിനിക്ക്. ഞങ്ങളെല്ലാം രാജമ്മയുടെ അടുത്താണ് പോവുക. കാരണം, പത്തണ കൊണ്ട് ചികിത്സ നടക്കും. ആര്, എന്ത് രോഗവുമായി ചെന്നാലും ഈ പത്തണയുടെ മരുന്നാണ്.
എനിക്ക് ഇടത് ഭാഗത്ത് ഒരു വേദന അനുഭവപ്പെടാൻ തുടങ്ങി, ഒരിക്കൽ. അസഹ്യമായ ചൂടായതിനാൽ നല്ല കാറ്റുകിട്ടുന്നിടത്ത് പുറത്ത് കിടക്കുകയുണ്ടായി ഇത്തിരി നാൾ. ആയതിന് ശേഷം ശക്തമായ വേദന. തുപ്പുമ്പോൾ രക്തം വരികയും ചെയ്യുന്നു. ഞാൻ രാജമ്മ ഡോക്ടറുടെ അടുത്തു ചെന്നു. ഡോക്ടറുടെ ക്ലാനിക് കോളജിന്റെ അടുത്താണ്. മിഷൻ ആണെങ്കിൽ ഒരുപാട് നടക്കണം. അവിടെയെത്തിയാലോ തിരതിരക്ക് കാരണം ഒരുപാട് നേരം കാത്ത് നിൽക്കുകയും വേണം. കുറേ ക്ലാസുകൾ നഷ്ടപ്പെടും. എന്നെ പരിശോധിച്ച രാജമ്മ പറഞ്ഞു. ടി ബി ആണെന്ന്. അറുപത് ദിവസം കോഴിമുട്ടയും പാലും മരുന്നിനൊപ്പം കഴിക്കണമെന്ന, നിർദ്ദേശവും. ഇത് രാജമ്മ ഡോക്ടറുടെ സാധാരണഗതിയിലുള്ള ”സാത്തുക്കൂടി സാപ്പിടുങ്കോ, മരുന്ന് സാപ്പിടുങ്കോ, അപ്പുറം വാങ്കോ” എന്ന പൊതു നിർദ്ദേശത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. മറ്റുവേളകളിൽ ഡോക്ടർ പത്തണയുടെ മരുന്ന് കൊടുത്ത് ഇതാണു പറയുക – മുസംബി കഴിക്കുക, മരുന്ന് സേവിക്കുക, വീണ്ടും വന്ന് കാണുക.
ഡോക്ടർ എനിക്ക് ടി ബി ആണെന്ന് പറഞ്ഞെങ്കിലും എനിക്ക് തീർച്ചയായിരുന്നു ടി ബിയില്ലെന്ന്. ഞാൻ നാട്ടിൽനിന്ന് എല്ലാം ചെക്കപ്പ് നടത്തി അങ്ങോട്ട് പോയതല്ലേ ഉള്ളൂ. ഞാൻ മറ്റൊരു ഡോക്ടറെ മാറ്റിക്കാണിച്ചു. ആയാൾ പറഞ്ഞു, ഈ വേദന ഇഞ്ചക്ഷൻ ചെയ്താൽ മാറുമെന്ന്. അങ്ങനെ എട്ട് ഇഞ്ചക്ഷൻ കുത്തിക്കയറ്റി. ഒരു ഫലവുമില്ല. ഒടുവിൽ, കേസ് മിഷൻ ഹോസ്പിറ്റിലിലേക്ക് തന്നെ വെച്ചു. ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു. ഒരാഴ്ചയോളമെടുത്ത് ടെസ്റ്റ്. എന്നു പറഞ്ഞാൽ, അവിടത്തെ തിരക്ക് കാരണം, പലപ്പോഴായി, ഒരാഴ്ച കൊണ്ടാണ് ടെസ്റ്റ് പൂർത്തിയായത്. നോക്കുമ്പോൾ ലംഗ്‌സിൽ നീരിറങ്ങിയതാണ്. ഒരു മരുന്ന് തന്നു. ഒരു പ്രാവശ്യം കുടിച്ചപ്പോൾ തന്നെ വേദന വിട്ടു.
വെല്ലൂരിലേക്കുള്ള യാത്രാമധ്യേ, ഒരിക്കൽ കാട്പാടിയിൽ വെച്ച് അവിചാരിതമായി മലയാളിയായ ബാലൻ എന്ന റെയിൽവെ ഉദ്യോഗസ്ഥനെ പരിചയപ്പെട്ടത് വലിയൊരു തുണയായി – ഇരുപേർക്കും. തമിഴർക്ക് മധ്യേ, മലയാളിയായ ഒരാളെ കിട്ടിയ സന്തോഷത്തിൽ ബാലേട്ടൻ. തിരിച്ച് അതേ വികാരം എനിക്കും. പിന്നീട് പലപ്പോഴായി, ഞങ്ങൾ കാണുകയും സൗഹൃദം പുതുക്കുകയും ചെയ്യും. ഒഴിവുള്ളപ്പോൾ ബാലേട്ടൻ ഞങ്ങളെക്കാണാൻ ബാഖിയാതിലേക്ക് വരും. അതിനിടെ, കോളേജ് പൂട്ടുന്ന വേളയിൽ, അസഹ്യമായ തിരക്ക് കാരണം, മലയാളികൾക്ക് നാട്ടിലേക്ക് തിരിക്കാൻ കഴിയാത്ത അവസ്ഥ ഞാൻ ബാലേട്ടന്റെ ശ്രദ്ധയിൽ പെടുത്തി. അങ്ങനെ അദ്ദേഹത്തിന്റെ ശ്രമഫലമായി, ഒരു പ്രത്യേക കോച്ച് ബാഖിയാത് വിദ്യാർത്ഥികൾക്കായി അനുവദിച്ചുകിട്ടി എന്ന് മാത്രമല്ല, കുട്ടികൾക്ക് പകുതി കണ്ട് കൺസെഷനും കിട്ടിത്തുടങ്ങി ഇന്നും അത് തുടരുന്നു.
കേട്ടെഴുത്ത്: ഫൈസൽ അഹ്‌സനി ഉളിയിൽ
You must be logged in to post a comment Login