ആളൊരു ഇടത്തരം പണക്കാരനാണ്. അല്ലറ ചില്ലറ ബിസിനസ്സുണ്ട്. കുറേക്കാലമായി വിളിക്കുന്നു. വിളിക്കുമ്പോഴൊക്കെ എന്തെങ്കിലുമൊക്കെയായി പൊക്കിപറയും. ഈയടുത്തായി കടുപ്പിച്ച് വിളി തുടങ്ങിയിരിക്കുന്നു. ഒന്ന് ചെന്നുകണ്ടേ ഒക്കൂ എന്നിടത്താണ് കാര്യം കിടക്കുന്നത്. വാഴ്ത്തിപ്പറയുന്ന ഒരാളുടെ അടുത്തേക്ക് ചെന്ന് കയറാന്‍ ഇഷ്ടപ്പെടാത്ത എത്രപേരാണ് നമ്മുടെ കൂട്ടത്തിലുള്ളത്?
അങ്ങനെ ഒരുനാള്‍ ഞാന്‍ ഒരുങ്ങിത്താങ്ങി പുറപ്പെട്ടു. ചെന്ന് നോക്കുമ്പോള്‍ ആളിന്റെ ഓഫീസില്‍ ഒരുപാട് പേര് ഇരിക്കുന്നു. എന്നെ കണ്ടതും, പെട്ടെന്ന് ആയാള്‍ എഴുന്നേറ്റ് നിന്നു. അത് കണ്ട്, കൂടെയുള്ളവരെല്ലാം എണീറ്റു നിന്നു. എനിക്കൊരു ചെറുകിട ചമ്മലനുഭവപ്പെട്ടു.
‘ഇയാളെ അറിയുമോ?’
അടുത്തുള്ള കണ്ണട ധരിച്ച യുവാവിനോട് അയാള്‍ അധികാരഭാവത്തില്‍ ചോദിച്ചു.
അയാള്‍ ‘ഇല്ല, പക്ഷെ, അറിയാന്‍ താല്പര്യമുണ്ട്’ എന്നൊരു ഭാവം കാണിച്ചു.
ഈ ജില്ലക്കാരനായിട്ട് ഇയാളെയൊക്കെ അറിയാത്ത നീയൊക്കെ എന്തൊരാളാ? എന്നും ചോദിച്ച് അയാള്‍ വായമലര്ക്കെ ചിരിച്ചു. ശേഷം, മുഖം കടുപ്പിച്ച് ഗൗരവം വരുത്തി.
ഇദ്ദേഹമാണ്, പ്രശസ്തനും, പ്രഗത്ഭനും പ്രസിദ്ദനുമായ എഴുത്തുകാരന്.
ഞാന്‍ ആള്‍ക്കൂട്ടത്തില്‍ വെച്ചുള്ള അതിഗംഭീരമായ പരിചയപ്പെടുത്തലിന്റെ മധുരമഴയില്‍ നനഞ്ഞുകുതിരാന്‍ ഓങ്ങിനില്‍ക്കവെ, അതാ പൊട്ടിക്കഴിഞ്ഞു!
ഇതാണ്, ഫൈസല്‍ അഹ്സനി രണ്ടത്താണി!!
അയാള്‍ പരസ്യമായി പ്രഖ്യാപിച്ചു.
‘ഓ ഓറാ ഇത്?’ കൂട്ടത്തിലൊരാള്‍ ചോദിച്ചു.
അതേ, അദ്ദേഹമാണ് ഇദ്ദേഹം!!!
ഉടന്‍, താടി നന്നായി വെട്ടിയൊപ്പിച്ച, തൊപ്പിധരിച്ച ഒരു യുവാവ് മുന്നോട്ട് വന്ന്, ആ തീര്‍ത്ഥാടനം എഴുതിയ…? ചോദ്യം മുഴുമിക്കുമ്പോഴേക്കും അതെയതെ അതുതന്നെ!!! എന്ന് മറ്റേയാള്‍ ഇടങ്കോലിട്ട് ഉറപ്പിച്ചു കളഞ്ഞു.
‘ഇയാള്‍ തീര്‍ക്കാത്തതും തീര്‍ത്തതും ഒക്കെ എഴുതും, നിങ്ങള്ക്കിയാളെയിങ്ങ് മനസ്സിലായോ?’ വീണ്ടും ഹ ഹ്ഹ ഹ്ഹ ചിരിചിരിച്ചു. എന്നെ നേരത്തെ അറിയാവുന്ന ഒന്ന് രണ്ട് പേര് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.
തീര്‍ത്ഥാടനം വായിച്ച് കണ്ണും മനസ്സും നനഞ്ഞ ആ തൊപ്പിക്കാരന് ഉടന്‍ എന്റെ അടുത്തേക്ക് വന്ന് എന്റെ കൈകള്‍ കോര്‍ത്ത് പിടിച്ചു.
‘ശരിക്കും അവിടെയെത്തിയതു പോലെ. കഅ്ബയും ഹജറുല്‍അസ്വദും റൗളാശരീഫും സൗര്മലയും ഹറമും ഹിറാഗുഹയുമെല്ലാം മനസ്സില്‍ കൊത്തിവെച്ചപോലെ… വായിക്കുമ്പോഴെല്ലാം കരച്ചില് വരും. വല്ലാത്ത ഒരെഴുത്ത് കെട്ടോ, രിസാല കിട്ടിയാല്‍ ആദ്യം വായിക്കല്‍ തീര്‍ത്ഥാടന…’ അവന് എന്റെ കരങ്ങള്‍ പിടിച്ച് മുത്തിക്കളയുമെന്നായപ്പോള് ഞാന്‍ പ്രതിരോധത്തില്‍ നിന്നു.
‘ഇയാള്‍ക്ക് അങ്ങനെയും അതിലപ്പുറവും എഴുതാനാവും’ എന്ന് പറഞ്ഞ് മറ്റേയാള്‍ അണ്ണിയിലെ പല്ല് മലര്‍ക്കെ കാട്ടി, മുതല ചിരിക്കുമ്പോലെ ചിരിച്ചു. ആ ഉപമയോര്‍ത്ത് എനിക്ക് തന്നെ പ്രൈവറ്റായി ഒരു കടുംചിരി അന്നേരം വന്നെങ്കിലും, ഞാനത് ആളുകാണാതെ അമുക്കി.
യുവാവ് പിന്നേയും എന്റെ അടുത്തേക്ക് നീങ്ങിനിന്നു. ആരാധനാഭാവത്തോടെ എന്നെതന്നെ നോക്കുന്നുണ്ട്. ഹാ.., ആ കഅ്ബ തൊട്ടരംഗവും, ഹജ്റുല്‍ അസ്വദ് മുത്തിയ വിവരണവും, ഖദീജ ഉമ്മയോട് നടത്തിയ ഹൃദയസല്ലാപവും, ഹറം പ്രാക്കളോടുള്ള കിന്നാരവും, തിരുറൗളയിലെ വികാരത്തള്ളിച്ചകളും, ജന്നതുല്‍ ബഖീഇലെ കരളെരിച്ചിലുകളും, ചരിത്രഭഞ്ജകര്ക്കെതിരെയുള്ള ക്ഷോഭവും എന്തുമാത്രം ഹൃദയാവര്‍ജകമായാണ് അവതരിപ്പിച്ചിരിക്കുന്നത്? ഇതെങ്ങനെയാണ് നിങ്ങള്‍ക്കിങ്ങനെ എഴുതാനാവുന്നത്? എന്നൊക്കെയായിരുന്നു, ആ നോട്ടത്തില്‍ നുരയുന്ന കുശലങ്ങള്‍.
ഞാനാണെങ്കില്‍ തിരുത്തിയൊന്നും പറയാതെ, ബഷീര്‍ ഭാഷയില്‍ പറഞ്ഞാല്‍ കൃമ്മാതെ നിന്നു. ‘അത,് എഴുതിത്തുടങ്ങിയപ്പോള്‍ അങ്ങനെയൊക്കെ ആയി വന്നതൊന്നുമല്ല, ഞാന്‍ ആ രീതിയില്‍ തന്നെ പ്ലാന്‍ ചെയ്ത് മന:പൂര്‍വ്വം അങ്ങനെത്തന്നെ എഴുതിയവതരിപ്പിച്ചതാണ്’ എന്ന ഭാവത്തില്‍ നിന്നുകൊടുത്തു. എന്റെ ചില എഴുത്തുകളുടെ പേരില്‍ ചില വാഴ്ത്തലുകള്‍ രണ്ടത്താണിക്ക് വരവുവന്നതായി, അദ്ദേഹം തന്നെ എന്നോട് നേരിട്ടു പറഞ്ഞതിന്റെ പ്രത്യുപകാരമെന്നോണമായിരുന്നു നിഷ്കപടമായ ഈ നടിച്ചുനില്പ്!
കൂടിനിന്നവരെയെല്ലാം പിരിച്ചുവിട്ട് ബോസ് എന്നേയും കൂട്ടി ഒരു രഹസ്യമുറിയിലേക്ക് പോയി. ‘ഞാനല്ലേ, നിങ്ങളെ അവര്‍ക്കൊക്കെ പരിചയപ്പെടുത്തിയത്, ആയതിനാല്‍ നിങ്ങള്‍ക്കെന്തായാലും എന്നോട് കടപ്പാടുണ്ടാകണമല്ലോ’ എന്ന അധികാരഭാവത്തിലായിരുന്നു തുടര്‍ന്നുള്ള അയാളുടെ പെരുമാറ്റങ്ങള്‍. ഞാനിതുവരെ പൊക്കിയതിന്റെയും പുകഴ്ത്തിയതിന്റേയും സകലമാന ഭാരങ്ങളും ഇതാ നിങ്ങളുടെ തലയിലേക്ക് ഇറക്കിവെക്കാന്‍ പോവുന്നു എന്നൊരു പോസില്‍ അയാള്‍ കാര്യം പറഞ്ഞുതുടങ്ങി.
ഞാന്‍ എന്റെ ട്രാവല്‍സിന്റെ കീഴില്‍ ഒന്ന് രണ്ട് സിയാറ: പാക്കേജുകള്‍ തുടങ്ങുന്നുണ്ട്. ഒന്ന് അജ്മീര്‍, ഡല്‍ഹി, ആഗ്ര അങ്ങനെ അങ്ങോട്ട.് പിന്നെ ഏര്‍വാടി, നാഗൂര്, മുത്തുപ്പേട്ട എന്നിങ്ങനെ ഒന്നിങ്ങോട്ടും. നിങ്ങള്‍ ഈ സ്ഥലങ്ങളെ പറ്റിയും അവിടുത്തേക്ക് യാത്ര പോവുന്നതിനെപറ്റിയും ഒരു ബുക്ലെറ്റ് എഴുതിത്തരണം. എല്ലാം വിശദീകരിച്ച് എഴുതണ്ട. സൂചനകള്‍ മാത്രം. അത് വായിച്ചാല്‍ ബാക്കിയുള്ളത് അറിയുവാനും അവിടം പോയി കാണുവാനും തോന്നും വിധത്തില്‍ മനസ്സില്‍ തട്ടിച്ച് എഴുതണം. എഴുത്തിനെപ്പറ്റി ഞാമ്പിന്നെ നിങ്ങള്‍ക്ക് ക്ലാസ്സ് തരേണ്ടല്ലോ, കടപ്പുറത്തേക്കെന്തിനാ മണല്‍ തള്ളുന്നത് എന്നും ചോദിച്ച് അയാള്‍ പിന്നേയും ആ മറ്റേച്ചിരി ചിരിച്ചു.…
പരിചയപ്പെടുത്തിയതിന്റെയും വാഴ്ത്തിപ്പറഞ്ഞതിന്റെയും ഗുട്ടന്‍സ് നിങ്ങള്‍ക്കിപ്പോള്‍ പിടികിട്ടിയില്ലേ?
കാര്യം നേടാന്‍ വേണ്ടിയുള്ള വാഴ്ത്തലുപോലെ തന്നെയാണ് ദ്രോഹം തടുക്കാനുള്ള ജാക്കിവെപ്പും. എല്ലാവരും വെറുക്കുന്ന ഒരാളെയുണ്ട് ഒരു സദസ്സില്‍ വെച്ച് ഒരാള്‍ പൊക്കിയടിക്കുന്നു. ആ പ്രസംഗിക്കുന്ന ആള്‍ക്ക് തന്നെ കക്ഷിയെ ഇഷ്ടമല്ലെന്ന് കേള്‍ക്കുന്നതില്‍ ഭൂരിപക്ഷത്തിനും അറിയാം. അയാളാണെങ്കില്‍ അത് കേട്ട് ആത്മരതിയില്‍ മുങ്ങിച്ചാവുന്നു. പ്രോഗ്രാം കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, ഇതെന്ത് ആണും പെണ്ണും കെട്ട പണിയാണെടോ നീ ഈ ചെയ്തത്?
അവന് കണ്ണ് മുറുക്കെ ചിമ്മി, മിണ്ടല്ലളിയാ എന്നെന്നോട് ആംഗ്യം കാണിച്ചു. കുറച്ച് കഴിഞ്ഞ് അവന് എന്റെ ചെവിയില്‍ ഒരു കാര്യം മന്ത്രിച്ചു. അത് മിശ്ക്കാത്തില്‍ ഞാനോതിപ്പഠിച്ച ദീര്‍ഘമായ ഒരു ഹദീസിന്റെ ഒരു ഖണ്ഡമായിരുന്നു. അതിങ്ങനെയായിരുന്നു; ഉക്രിമര്റജ്ലു മഖാഫത ശര്റിഹീ… ഒരാള്‍ അയാളില്‍ നിന്നുള്ള അക്രമം ഭയന്ന് ആദരിക്കപ്പെടുന്ന കാലം വന്നാല്‍… പക്ഷേ, ആ കാലമൊക്കെ ഇങ്ങായിപ്പോയോ…?
ദേഹരക്ഷാര്‍ത്ഥം, ദ്രോഹപ്രതിരോധാര്ത്ഥം,ഒരാളിനുള്ളിലെ താന്വിചാരത്തെ തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റില്ല. എന്നല്ല പലപ്പോഴും പല നല്ല കാര്യങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചു കിട്ടാന്‍ അതൊക്കെ ചെയ്യേണ്ടിവരും. ഓര്‍മയില്ലേ, പഴയ അബുസുഫ്യാനെ? മക്കയിലെ പ്രമാണിയായിരുന്നു. യോഗ്യന്‍, തന്റേടി! പക്ഷെ ഇസ്ലാമിന്റെ വഴിയിലേക്ക് കടന്നുവരുന്നേയില്ല. ഉള്‍പക ഉമിത്തീയായി ഉള്ളിലാളിയ അയാള്‍ പലപ്പോഴും തിരുനബി(സ)യും സംഘശക്തിയേയും തൂത്തിക്കളയാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
അക്രമങ്ങളെല്ലാം സഹിച്ചു. ത്യാഗങ്ങളത്രയും ഏറ്റുവാങ്ങി. ഇപ്പോള്‍ കാറ്റ് മാറിവീശിത്തുടങ്ങിയിരിക്കുന്നു, മക്കാഫത്ഹ് നടക്കാനിരിക്കുകയാണ്. പതിനായിരം പടയാളികളുമായാണ് ആരമ്പറസൂല് മടങ്ങിവരുന്നത്. അതെ, മടങ്ങിവരുന്നത് എന്ന് തന്നെ! എന്നുവെച്ചാല്‍ മദീനയിലേക്ക് പോയത് തോറ്റോട്ടമായിരുന്നു എന്ന് ചിലര്‍ മക്കാറാക്കാറുണ്ട്. അല്ല! പതിന്മടങ്ങ് ശക്തിയോടെ മടങ്ങിവരാന്‍ വേണ്ടിയുള്ള ഒരു സ്റ്റ്രാറ്റെജിക് മാറിനില്‍പായിരുന്നു, അത്.
അബുസുഫ്യാന് ആ വരവിന്റെ ഹുങ്കാരത്തെ പറ്റി ബോധമുദിച്ചു. പറഞ്ഞല്ലോ, നല്ല ലീഡര്‍ഷിപ്പുള്ള കുലീനനാണ് അബുസൂഫ്യാന്. വികാരാന്ധതയാല് ഉറഞ്ഞുതുള്ളുന്ന അന്തങ്കമ്മി അബൂജാഹിലല്ല അയാള്‍. അദ്ദേഹം കാര്യങ്ങളുടെ നിജസ്ഥിതി അറിയാനും, ഈ കൊടുംവരവിന് തടയിടാനാവുമോ എന്ന് നോക്കാനും ചുറ്റിപറ്റി കളിക്കുന്നു. നമ്മള് തന്നെ ലംഘിച്ചതാണെങ്കിലും ആ ഉടമ്പടി കുറച്ച് കാലം കൂടി നീട്ടണമെന്ന് യാചിച്ച് നോക്കുന്നു. ഒന്നും പണ്ടേ പോലെ ഫലിക്കുന്നില്ല. ത്വാഹാ നബിക്ക് വേണ്ടത്; അബുസുഫ്യാന്റെ രക്തമായിരുന്നില്ല, മറിച്ച് ശരീരമായിരുന്നു! എന്ന് വെച്ചാല്‍ അത് തീക്ക് വിട്ടുകൊടുക്കരുതെന്ന വാശി. ഏതുവിധേനയെങ്കിലും കത്തിയാളുന്ന നരകാഗ്നിയില്‍ നിന്ന് ശത്രുവിനെ രക്ഷപ്പെടുത്തണം. ആയിടെ അബ്ബാസ്(റ) പറഞ്ഞു, മൂപ്പരിച്ചിരി പൊക്കിയടിയുടെ ആളാണ്. ഓഹോ അങ്ങനെയോ!
അതാ, മക്കയിലേക്ക് നാല് ഭാഗത്ത് നിന്നും മനുഷ്യക്കടല്‍ പതഞ്ഞൊഴുകുന്നു. തദ്ദേശീയരായ ശത്രുവര്‍ഗം ഉള്‍ഭയത്താല്‍ വിറച്ച്കോച്ചുന്നു. അപ്പോഴാണ് വിളംബരം വരുന്നത്. ആരൊക്കെ അബൂസുഫ്യാന്റെ ഭവനത്തില്‍ അഭയം പ്രാപിച്ചോ, അവര്‍ സുരക്ഷിതര്‍… ങേ! എന്റെ വീട്ടിലോ? അപ്പോള്‍ എന്നെ ഇന്നാട്ടിലെ കാര്യപ്പെട്ട ഒരു കാര്ന്നോറായി മുഹമ്മദ് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്നു അല്ലേ? കഅ്ബത്തിങ്കല്‍ കടന്നവരുടെ, അല്ലാഹുവിന്റെ വീട്ടില്‍ കടന്നവരുടെ അതേ അഭയസ്ഥാനം എന്റെ വീട്ടില്‍ കടന്നവര്‍ക്കും മുഹമ്മദ് ഗണിച്ചുകൊടുത്തിരിക്കുന്നു അല്ലേ? ആ അംഗീകാരം അബൂസുഫ്യാനെ ആസകലമൊന്ന് രോമാഞ്ചപ്പെടുത്തി. ദീനില്‍ അദ്ദേഹത്തിന്റെ മനസ്സുറച്ചുകിട്ടുന്നതില് ഇതേറെ ഗുണം ചെയ്തു.
എന്നുവെച്ച് കണ്ടവനെയൊക്കെ പരോക്ഷമായി പ്രശംസിച്ച് മറിച്ചിടണമെന്നല്ല. പരപ്രശംസ, വാസ്തവത്തില്‍ തീ പോലെയാണ്. തീയെ മെരുക്കി നമുക്ക് തീനും കുടിയുമൊക്കെ പാകത്തില്‍ വേവിച്ചെടുക്കാം. പക്ഷെ, പിടുത്തം വിട്ടാല്‍ പിന്നെ അതു തീക്കളിയാവും. അത് ഇരയെ പൊള്ളിച്ച് കരിച്ചുകളയും.
നിങ്ങളൊരാളെ സദസ്സിലിട്ട് പ്രശംസിക്കുമ്പോള്‍, അതിന്റെ ആത്യന്തിക ഫലമെന്തായിരിക്കുമെന്ന് ആലോചിക്കേണ്ടതുണ്ട്. പ്രശംസിക്കുന്ന നിങ്ങളും അത്കേള്‍ക്കുന്ന സദസ്യരും എന്റെ മനസ്സിന്റെ കാല്ക്കീഴിലിതാ അമര്‍ന്നിരിക്കുന്നു, എന്റെ പരിപൂര്‍ണത ഇതാ പരസ്യമായി ഘോഷിക്കപ്പെട്ടിരിക്കുന്നു എന്നൊക്കെ അയാള്‍ക്ക് തോന്നുക വന്നാല്‍ നിങ്ങളയാളെ തീയിട്ട് കരിച്ചുകൊന്നു എന്നാണര്‍ത്ഥം. അപ്പോള്‍, നാം പ്രശംസിക്കുന്നത് ഒരു കാരാക്കൂസ് പണക്കാരനേയോ, ഒരു തൂര്ലടീസ് രാഷ്ട്രീയക്കാരനെയോ, ഒരു വെറുക്കപ്പെട്ട നേതാവിനെയോ ഒക്കെ ആണെങ്കിലോ? ഒരിക്കലും പാടില്ലാത്തതാണ്. അതു വഴി അവന്മാരുടെ അധര്‍മങ്ങള്‍ക്കും തെമ്മാടിത്തങ്ങള്‍ക്കും സദസ്സിനുമധ്യേ ചുവപ്പുശരി ചാര്ത്തിക്കൊടുക്കുന്നവരായിത്തീരും നാം.
ഓര്‍ക്കണം, സാധാരണക്കാര്‍ മാത്രമല്ല, ആത്മീയ അറിവുകള്‍ ഹൃദയത്തില്‍ ഊറിനില്ക്കുന്ന മഹത്തുക്കള്‍ വരെ ചിലപ്പോള്‍ ഇത്തരം വാഴ്ത്തുതീയില് പെട്ട് കരിഞ്ഞുപോവാറുണ്ട്. താന്‍ പൂര്‍ണത പ്രാപിച്ചു എന്ന് തോന്നുന്നതോടെ ഇനിയും മുകളിലേക്ക് പറക്കാനുള്ള ചിറകുകള് കുഴഞ്ഞൊടിഞ്ഞ് പോവുന്നു. അതോടെ അയാള്‍ നിലവിട്ട് കീഴ്വിതാനത്തിലേക്ക് പതിക്കുന്നു. ഒരിക്കല്‍ താഹാറസൂലിന്റെ ചാരത്ത് വെച്ച് ഒരാളുടെ മേല്‍ മറ്റൊരാള്‍ വാഴ്ത്തുമഴ ചൊരിഞ്ഞു. അപ്പോള്‍ തിരുനബി(സ) പ്രതികരിച്ചത് നിങ്ങളയാളുടെ നട്ടെല്ലൊടിച്ച് കളഞ്ഞല്ലോ എന്നാണ്. മറ്റൊരിക്കല്‍ ഇങ്ങനെ വാഴ്ത്തിപറഞ്ഞ ആളുടെ വായില്‍ മണ്ണുവാരിയിടാനും മുത്തുനബി(സ) ഉത്തരവിട്ടുണ്ട്. കണ്ടോ, വായില്‍ നിന്ന് വരുന്നത്, തീയാണ്. മണ്ണ് വാരിയിട്ടാണ് തീ കെടുത്തേണ്ടത്.
ആത്മീയമായി അങ്ങേയറ്റം ആരുറപ്പുള്ളവര്ക്ക് മാത്രമേ സഭാപ്രശംസകളില് ഒലിച്ചുപോവാതെ പിടിച്ചുനില്ക്കാന് കഴിയൂ. അവര്‍ അന്നേരം ആഴത്തിലാലോചിക്കും, ഈ പ്രശംസകൊണ്ട് എനിക്ക് ഭൗതികമോ ആത്മീയമോ ആയ വല്ല മെച്ചവുമുണ്ടോ? ഭൗതികമായുള്ള മെച്ചമാണെങ്കില്‍ അതിനെയവര്‍ നഷ്ടമായി എണ്ണി ആ ഭാഗം കണ്ണടച്ചുകളയും. ആത്മീയമായി നേട്ടമുണ്ടെങ്കില്‍, ഉദാഹരണത്തിന് തന്റേതുപോലുള്ള ജീവിതചര്യ മറ്റുള്ളവര്‍ പകര്‍ത്തുക, അതേ ആദര്‍ശനിഷ്ഠ കേള്‍ക്കുന്നവര്‍ കൊളുത്തിയിടുക എന്നിങ്ങനെയൊക്കെയാണെങ്കില് അവര്‍ ഇനിയും ഉയരം കിട്ടുവാന്‍ നാഥനോട് പ്രാര്‍ത്ഥിക്കും. വാഴ്ത്തുകലയുടെ എന്താവണക്കെണ്ണ കഴിപ്പിച്ചും ഇത്തരക്കാരുടെ ഉള്ളിളക്കാന് നിങ്ങള്‍ക്കാകില്ല.
ഒതുക്കുങ്ങല്‍ ഇഹ്യാഉസ്സുന്ന കോളേജില്‍ ഒരു സനദ്ദാന ജല്‍സ നടക്കുകയാണ്. മര്‍ഹും താജുല്ഉലമയാണ് പ്രസംഗിച്ചു കൊണ്ടിരിക്കുന്നത്. ഉസ്താദുല്അസാതിദ് ഒ.കെ ഉസ്താദിനെ പറ്റി മദ്ഹാണ് പറയുന്നത്. ഇടയ്ക്ക് വെച്ച് തങ്ങള്‍ ഉണര്‍ത്തി. ഞാനിങ്ങനെ മദ്ഹ് പറഞ്ഞാലൊന്നും മനസ്സിന് ഇളക്കം തട്ടുന്ന ആളല്ലെടോ മൂപ്പര്!! ഒരകക്കണ്ണ് മറ്റൊരകക്കണ്ണിനെ അകമേ കാണുന്നത് കണ്ടോ?
ഒരിക്കല്‍ സുലൈമാനുസ്താദിനെ കണ്ടുമുട്ടി, ഏതോ ഒരു വേഷംകെട്ടു ശൈഖ്. ഉസ്താദിന്റെ കൈവിരലില്‍ നല്ലൊരു മോതിരം ഉണ്ടായിരുന്നു, അന്നേരം. അയാള്‍ ഒരഭിനയത്തിന്റെ ഭാഗമെന്നോണം ആ മോതിരത്തിലേക്ക് നോക്കിയിട്ട് പറഞ്ഞത്രേ, കേമപ്പെട്ടതാണ്, കയ്യിലിരുന്നാല്‍ കുടുങ്ങിയെന്ന് തോന്നിയാലും എവിടേയും കുടുങ്ങില്ല!
‘കുടുങ്ങിയെന്ന് തോന്നാന്‍ വരെ പാടില്ലല്ലോ?’ എന്നുസ്താദ് ഉടന്‍ മറുപടി പറയുകയും ചെയ്തു. മനസ്സിലാവുന്നില്ലേ, വാഴ്ത്തു പരിപ്പുകള്‍ വെന്ത് കിട്ടാന്‍ മറ്റാരെയെങ്കിലും നോക്കണമെന്ന്!
ശൈഖുല്‍ഹദീസ് നെല്ലിക്കുത്ത് ഉസ്താദിന്റെ അടുക്കല്‍ ഒരിക്കലൊരു ശിഷ്യന് വന്നു. ഉസ്താദിനോട് എന്തും പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരുറ്റശിഷ്യനായിരിക്കണം അയാള്‍. ഉസ്താദിന്റെ ക്ലാസ്സുകളെ പറ്റിയും, രചനകളെ പറ്റിയും, നിലപാടുകളെപറ്റിയും, കുറ്റിയടിയുടെ കിറുകൃത്യതയെ പറ്റിവരെ കുറേ പുകഴ്ത്തി പറഞ്ഞു. എല്ലാം ഇളംചിരിയോടെ കേട്ട ഉസ്താദ് ഒടുക്കം പറഞ്ഞു.
‘നിങ്ങള്‍ എന്നെ എണ്ണയിടാനാണ് ഇതെല്ലാം പറഞ്ഞതെങ്കിലും, സംഗതി അവയെല്ലാം ഉള്ള കാര്യങ്ങള്‍ തന്നെ!!’
പ്രശംസിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ആളെ വീര്‍പ്പിക്കരുത് എന്നതാണ്. നസ്രാണികള്‍ അവരുടെ നബിയില്‍ ചാര്‍ത്തിയത് പോലുള്ള അതിവൈശിഷ്ട്യങ്ങള് അടിച്ചുപിടിപ്പിക്കരുത് എന്നല്ലേ നബി(സ) പറഞ്ഞത്. ഓര്‍ക്കുക! ആ അതിവാഴ്ത്തലിലുമുണ്ട് അതിനിഗൂഢമായി ചില മുതലെടുപ്പ്. ആത്മാര്‍ത്ഥതയില്ലാത്ത എല്ലാ പുകഴ്ത്തലിന് പിന്നിലും സ്വകാര്യ മുതലെടുപ്പിന്റെ ആര്‍ത്തി നാക്കുനീട്ടിക്കിടപ്പുണ്ടെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഹസ്രത്ത് ഈസാ(അ)നെ ദൈവപുത്രനായി പൊക്കിയടിച്ചതിന് പിന്നില്‍ അധികാരത്തിന്റെ കളിയുണ്ടായിരുന്നു. ഇതു സംബന്ധമായി, വിശ്വപ്രസിദ്ധമായ ‘ഡാവിഞ്ചി കോഡില്‍’ ഡാന്‍ ബ്രൗണ്‍, റോബര്‍ട്ട് ലാങ്ടണ്, സോഫി, ലീ ടീബിങ് എന്നീ മൂവര്‍ ചേര്‍ന്നുള്ള അതിരസകരമായ ഒരു സംഭാഷണം സമര്‍പ്പിക്കുന്നുണ്ട്. അതും കൂടെ വായിച്ച് നമുക്കീ സ്പ്രിംങ് പരമ്പര നിര്‍ത്തിക്കളയാം.
‘ഈ സമ്മേളനത്തില്‍ വെച്ചാണ് ക്രിസ്തുമതത്തിലെ പലകാര്യങ്ങളും ചര്‍ച്ച ചെയ്ത് വോട്ടിനിട്ട് തീരുമാനിച്ചത്. ഈസ്റ്റര്‍ ദിനം, ബിഷപ്പുമാരുടെ ചുമതലകള്‍, കൂദാശകളുടെ നിര്‍വഹണം, ഒപ്പം ക്രിസ്തുവിന്റെ ദൈവികതയും’
‘എനിക്കു മനസ്സിലായില്ല. ക്രിസ്തുവിന്റെ ദൈവികതയോ?’
‘എന്റെ പൊന്നേ’ ടീബിങ് പറഞ്ഞു: ചരിത്രത്തില്‍ അതുവരെ ക്രിസ്തുവിനെ അനുയായികള്‍ മനുഷ്യപ്രവാചകനായാണ് കണ്ടിരുന്നത്.…മഹാനും ശക്തനും. എന്നാല്‍, റോമാസാമ്രാജ്യത്തിന്റെ തുടര്‍ന്നുള്ള ഐക്യത്തിനും വത്തിക്കാനിലെ പുതിയ അധികാര കേന്ദ്രത്തിന്റെ ഭദ്രതയ്ക്കും ക്രിസ്തുവിന്റെ ദിവ്യത്വം സ്ഥാപിച്ചെടുക്കേണ്ടത് സുപ്രധാനമായിരുന്നു. യേശു ദൈവപുത്രനാണെന്ന് ഔദ്യോഗികമായി അംഗീകരിക്കുക വഴി കോണ്സ്റ്റന്റൈന് ചക്രവര്‍ത്തി യേശുവിനെ മനുഷ്യലോകത്തിന്റെ സാധ്യതകള്‍ക്ക് അതീതനായ വിഗ്രഹമാക്കി മാറ്റി. അപരിമേയമായ അധികാരത്തിന്റെ കേന്ദ്രം.
‘എല്ലാം അധികാരത്തിന് വേണ്ടി മാത്രമായിരുന്നു’. ടീബിങ് പറഞ്ഞു.
‘സഭയുടെയും സാമ്രാജ്യത്തിന്റെയും പ്രവര്‍ത്തനത്തിന് ക്രിസ്തു മിശിഹാ ആകേണ്ടത് അനിവാര്യമായിരുന്നു. ആദിമസഭ ക്രസ്തുവിനെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ അനുയായികളില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നുവെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മാനുഷികമായ സന്ദേശം കൈവശപ്പെടുത്തി ദിവ്യത്വത്തില്‍ പൊതിഞ്ഞ് തങ്ങളുടെ അധികാര വിപുലീകരണത്തിന് ഉപയോഗിച്ചു.’
വിട്ടഭാഗം പൂരിപ്പിക്കുക
വലിയവരെ വമ്പന്‍ കാര്യങ്ങള്‍ നേടിയെടുക്കാനായി വന്‍തോതില്‍ വാഴ്ത്തി ഉയര്‍ത്തുമ്പോള്‍, ചെറിയവരെയും ഇടത്തരക്കാരെയും…
ഫൈസല്‍ അഹ്സനി ഉളിയില്‍
You must be logged in to post a comment Login