ജനുവരി മാസം പ്രവാസി ഒത്തുചേരലുകളുടേതായിരുന്നു. ഗുജറാത്തിലെ ഗാന്ധി നഗറില്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം. അതുകഴിഞ്ഞ് ഒരാഴ്ചക്കകം കൊച്ചിയിലെ മെറിഡിയനില്‍ ആഗോള പ്രവാസി കേരളീയ സംഗമം. വിദേശ രാജ്യങ്ങളില്‍ ചേക്കേറിയ ഇന്ത്യക്കാരുടെ വാര്‍ഷിക സംഗമ വേദികള്‍.
ആദ്യം നടന്നത് ഗാന്ധിനഗര്‍ പ്രവാസി ഭാരതീയ ദിവസ്. അവിടെ വന്ന ഉമ്മന്‍ ചാണ്ടിയും പ്രവാസി മന്ത്രി കെ.സി ജോസഫും പ്രവാസി പ്രശ്നങ്ങളില്‍ കേന്ദ്രം അനുവര്‍ത്തിക്കുന്ന നിഷേധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തിന് വന്‍തുകയുടെ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളുടെ ജീവല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കാന്‍ മാത്രമായുള്ള വേദിയായി പ്രവാസി ഭാരതീയ സംഗമം ചുരുങ്ങിപ്പോകുന്നതിലായിരുന്നു ഇരുവര്‍ക്കും പരാതി. എന്നാല്‍ കൊച്ചി സംഗമത്തില്‍ ഇതിന് ഒരു തിരുത്ത് നല്‍കാനുള്ള നല്ല അവസരം ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. ആ നല്ല അവസരം സര്‍ക്കാര്‍ നഷ്ടപ്പെടുത്തുകയായിരുന്നു.
ഗള്‍ഫ് മേഖലയിലെ സ്വദേശിവത്കരണ നടപടികളും എണ്ണവില തകര്‍ച്ചയുടെ ഭാഗമായി സംഭവിച്ചേക്കാവുന്ന തിരിച്ചടികളും ആയിരങ്ങളെ മടങ്ങി വരാന്‍ പ്രേരിപ്പിച്ചേക്കുമെന്ന് സര്‍ക്കാര്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. മുഖ്യമന്ത്രിയും പ്രവാസി മന്ത്രിയും അത് ഗാന്ധി നഗറില്‍ തുറന്നു പറയുകയും ചെയ്തു. എന്നിട്ടും എന്തു കൊണ്ടാണെന്നറിയില്ല, കൊച്ചി സംഗമത്തില്‍ അത്തരം കാര്യങ്ങള്‍ക്ക് വലിയ ഊന്നല്‍ നല്കാന് സര്‍ക്കാര്‍ വിസമ്മതിച്ചു.
ഗാന്ധിനഗറില്‍ എന്ന പോലെ സമ്പന്ന നിക്ഷേപകര്‍ക്ക് നേരെ ഉദാര സമീപനം തന്നെയാണ് കൊച്ചിയിലും കണ്ടത്. സംസ്ഥാനത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഭൂപരിധി നിയമത്തില്‍ ഇളവ് വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു.
സ്റ്റാര്‍ട്ടപ് വില്ലേജിന്റെ വികസന പദ്ധതികള്‍, കൊച്ചി മെട്രോറെയില്‍ പദ്ധതിയുടെ രണ്ടു ടൗണ്‍ഷിപ് പ്രോജക്ടുകള്‍, നിര്‍മാണം പുരോഗമിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയിലേക്ക് ആയിരത്തിലേറെ കോടി രൂപയുടെ പ്രവാസി നിക്ഷേപം തേടാനുള്ള അവസരം മാത്രമായി കൊച്ചി സംഗമം മാറി. ഗള്‍ഫ് മേഖലയിലെ ലക്ഷക്കണക്കിനു വരുന്ന സാധാരണ മലയാളി പ്രവാസികള്‍ അനുഭവിക്കുന്ന ജീവല്‍ പ്രശ്നങ്ങള്‍ പതിവു പോലെ കൊച്ചി സംഗമത്തിലും ഉന്നയിക്കപ്പെട്ടു. അതിലപ്പുറം ഒരു കാര്യത്തിലും മൂര്‍ത്തമായ പരിഹാരം ഉണ്ടായില്ല എന്നതാണ് ഗാന്ധിനഗര്‍ പി.ബി.ഡി പോലെ തന്നെ കൊച്ചി സംഗമത്തിന്റെയും ദുരന്തം.
ഇത്തവണ ചര്‍ച്ച ചെയ്യപ്പെടേണ്ടതും തീര്പ്പുണ്ടാകേണ്ടതുമായ സുപ്രധാന വിഷയമായിരുന്നു അന്താരാഷ്ട്ര വിമാനത്താവള ഹബ്ബുമായി ബന്ധപ്പെട്ട കാര്യം. കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ഗാന്ധിനഗറില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പാകെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ മോഡിക്കും വ്യോമയാന മന്ത്രിക്കും മുമ്പാകെ ശക്തമായി ഇക്കാര്യം ഉന്നയിക്കാന്‍ സര്‍ക്കാറിന് സാധിക്കുമോ എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.
ഇനി അന്താരാഷ്ട്ര ഹബ് വിഷയത്തിന്റെ പ്രാധാന്യത്തിലേക്കു വരാം.
കേന്ദ്രസര്‍ക്കാര്‍ ‘ഇന്റര്‍നാഷനല്‍ ഹബ്’ ആയി വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍നിന്ന് കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളും പുറത്തായത് പ്രവാസികളെ ദോഷകരമായി ബാധിക്കും എന്ന കാര്യം ഉറപ്പ്. ഇത് കേരള സര്‍ക്കാറിനും ബോധ്യമുണ്ട്. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി നടപടി തിരുത്താന്‍ എല്ലാ നീക്കവും നടത്തുമെന്ന് ഉമ്മന്‍ ചാണ്ടിയും ജോസഫും ഉറപ്പു നല്കി. എന്നാല്‍ സുപ്രധാനമായ വ്യോമയാന നയം രൂപപ്പെടുത്തുന്ന യോഗത്തിലേക്ക് പ്രാപ്തിയുള്ള ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതില്‍ പോലുംസംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ദല്‍ഹി റിപ്പോര്‍ട്ട്. വിമാന കമ്പനികളുടെ പകല്‍ കൊള്ളക്ക് അവസരം ഒരുക്കുന്ന നിലപാടാണിത്.
കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളെയും ‘അന്താരാഷ്ട്ര ഹബ്’ പട്ടികയില്‍ നിന്നൊഴിവാക്കിയത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ആശ്രയിക്കുന്ന കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങള്‍ തഴയപ്പെടുകയായിരുന്നു. എയര്‍പോര്‍ട്ട് മുഖേനയുള്ള യാത്രക്കാരുടെ ആഗമന-നിര്‍ഗമന തോതാണ് മാനദണ്ഡമെങ്കില്‍ ഇപ്പോള്‍ പട്ടികയില്‍ ഇടം ലഭിച്ച വിമാനത്താവളത്തിനൊപ്പം തന്നെയാണ് ഇവയുടെ സ്ഥാനം. സംസ്ഥാനത്തിന് ഇത് വലിയ നഷ്ടംവരുത്തുമെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. വ്യോമയാന നയരേഖക്ക് അനുമതി ലഭിക്കുന്നതോടെ അടുത്ത ഇരുപത് വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ വ്യോമയാന മേഖലയുടെ വികസന പ്രവര്‍ത്തനങ്ങളെല്ലാം ഇവിടെയാകും കേന്ദ്രീകരിക്കുക. ‘അന്താരാഷ്ട്ര ഹബ്’ പട്ടികയില്‍പ്പെടുന്ന ആറു വിമാനത്താവളങ്ങള്‍ക്ക് വരേണ്യപദവി ലഭിക്കുമ്പോള്‍ മറ്റുള്ളവ വികസന കാര്യത്തില്‍ തഴയപ്പെടും. ലക്ഷകണക്കിന് പ്രവാസി മലയാളികളെയാകും തീരുമാനം പ്രതികൂലമായി ബാധിക്കുക.
മുംബൈ, ഡല്‍ഹി,കൊല്‍ക്കത്ത, ഹൈദരബാദ്, ചെന്നൈ, ബംഗളൂരു വിമാനത്താവളങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ ‘അന്താരാഷ്ട്ര ഹബ്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചെന്നൈക്ക് നല്കിയ പ്രാധാന്യം പോലും കേരളത്തിലെ ശ്രദ്ധേയ വിമാനത്താവളങ്ങളില്‍ ഒന്നിനു പോലും നല്‍കരുതെന്ന പിടിവാശി തന്നെയാണ് ജയിച്ചത്. ചെന്നൈയേക്കാള്‍ കൂടുതല്‍ വിദേശ യാത്രക്കാര്‍ യാത്രചെയ്യുന്നവയാണ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍. കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ വിദേശ വിമാനക്കമ്പനികള്‍ ഇന്നും മല്‍സരിക്കുകയാണ്. ഇരുപതിലേറെ ഇത്തരം കമ്പനികളാണ് നിരവധി സര്‍വീസുകള്‍ കേരളത്തിലേക്ക് നടത്തുന്നത്. എന്നാല്‍ ഇതൊന്നും തന്നെ അന്താരാഷ്ട്ര ഹബ് പട്ടികയില്‍ കേരളത്തെ പരിഗണിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് പ്രേരണയായില്ല.
അവഗണനയുടെ മറ്റൊരു തുടര്‍ക്കഥയായി ഈ വിഷയത്തെ താഴ്ത്തി കെട്ടുന്നതും ശരിയല്ല. വിസ ഓണ്‍ അറൈവല്‍ സൗകര്യം നല്കുന്ന വിമാനത്താവളങ്ങളുടെ കൂട്ടത്തില്‍ രണ്ടെണ്ണം കേരളത്തില്‍ നിന്നാണ്. അടുത്തിടെയാണ് ഈ ആനുകൂല്യം അനുവദിച്ചത്. അതോടെ നാല്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ആനുകൂല്യം കേരത്തിലും ലഭിക്കുന്ന സാഹചര്യമുണ്ടായി. കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം മുന്‍നിര്‍ത്തിയാണ് ഈ പരിഗണന സംസ്ഥാനത്തിനു ലഭിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരള വിമാനത്താവളങ്ങള്‍ ഇന്നും ഏറെ പിറകിലാണ്. യാത്രക്കാരുടെ എണ്ണത്തിന് അനുപാതമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയില്ല. അന്താരാഷ്ട്ര ഹബ് പട്ടികയില്‍ ഇടം ലഭിച്ചിരുന്നെങ്കില്‍ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനു മാത്രമല്ല, കുടുതല്‍ വിമാന സര്‍വീസുകള്‍ക്കും കേരളത്തിന് സാധ്യത കൂടുമായിരുന്നു. വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്പ്പെടെ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെങ്കില്‍ കേരളം ഇനി കൂടുതല്‍ വിയര്‍ക്കേണ്ടി വരും. എല്ലാ നിലക്കും അര്‍ഹതയുള്ള ഒരവകാശത്തിന്റെ നഗ്നമായ നിരാസമാണ് അന്താരാഷ്ട്ര ഹബ് പ്രശ്നത്തില്‍ ഉണ്ടായത്.
എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേസ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് വിമാന കമ്പനികള്‍ കൂറ്റന്‍ വിമാനങ്ങള്‍ രംഗത്തിറക്കാനുള്ള തിടുക്കത്തിലാണിപ്പോള്‍. വന്‍തുക വരുമാനം ഉറപ്പു നല്കുന്ന കേരളത്തിലേക്ക് ഇവ പരീക്ഷിക്കണമെന്ന ആഗ്രഹവും ഈ കമ്പനികള്‍ക്കുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ഹബിനു പുറത്താണ് എന്ന കാര്യം പറഞ്ഞ് ഉടക്കു വെക്കാന്‍ കേന്ദ്രത്തിന് എളുപ്പം കഴിയും. എല്ലാം തങ്ങളുടെ നിയന്ത്രണത്തില്‍ തന്നെ വേണമെന്ന മുംബൈ, ദല്‍ഹി കേന്ദ്രീകൃത വ്യോമയാന ലോബിയുടെയും ഉദ്യോഗസ്ഥരുടെയും താല്പര്യങ്ങള് തന്നെയാവും ഇവിടെയും വിജയിക്കുന്നത്. ദല്‍ഹി ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങള്‍. അവ മാത്രം മതി ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര യാത്രക്കുള്ള പ്രധാന കേന്ദ്രങ്ങള്‍ എന്ന വ്യോമയാന നയത്തിന്റെ കരട് രേഖ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നതും അതാണ്.
അന്താരാഷ്ട്ര ഹബ് പരിഗണന ലഭിക്കുന്ന ചെന്നൈ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ വലിയതോതിലുള്ള വികസനങ്ങളാകും കേന്ദ്ര സര്‍ക്കാറിനു കീഴില്‍ നടപ്പാക്കുക. റെയില്‍, മെട്രോ,ബസ്, കണക്ടിവിറ്റി സൗകര്യം, സഞ്ചാരികള്‍ക്കുള്ള താമസം ഉള്‍പ്പെടെ എല്ലാം കേന്ദ്ര ചെലവില്‍ ഒരുങ്ങും. ഇലക്ട്രോണിക് ചെക്ക് ഇന്‍ സൗകര്യം, സ്മാര്‍ട്ട് ഗേറ്റുകള്‍, ബാഗേജ് കൈകാര്യം ചെയ്യാന്‍ യന്ത്രവത്കൃത സംവിധാനം എന്നിവയും അന്താരാഷ്ട്ര ഹബ് വിമാനത്താവളങ്ങള്‍ക്ക് മാത്രം സ്വന്തം.
നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് തൊഴിലവസരങ്ങളുടെ നഷ്ടം കൂടിയാണ് ഫലത്തില്‍ കേരളത്തിന് സംഭവിക്കുക. നിര്‍മാണ മേഖല, ഗതാഗതം, ടൂറിസം, ഹോട്ടല്‍ തുടങ്ങിയ മേഖലകളിലെല്ലാം വ്യോമയാനമേഖല വളര്‍ച്ചയുടെ പരിധിക്കു പുറത്താകുന്നതോടെ സര്‍ക്കാറിനും ജനതക്കും നഷ്ടം മാത്രമാകും ഉണ്ടാവുക. കേന്ദ്ര ഭരണ സ്വാധീനം ഉപയോഗിച്ച് അന്താരാഷ്ട്ര ഹബ് പട്ടികയില്‍ ഇടം ലഭിക്കാന്‍ അമൃതസറിനു വേണ്ടി പഞ്ചാബ് രംഗത്തുണ്ട്. വ്യോമയാന നയത്തിന് ആധികാരികത ലഭിക്കും മുമ്പ് കടുത്ത സമ്മര്‍ദം ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ കത്തെഴുത്തിനു പുറമെ കുറേക്കൂടി യോജിച്ച നടപടികള്‍ ആവശ്യമല്ലേ എന്ന ചോദ്യമാണ് പ്രവാസ ലോകത്തു നിന്നും ഉയരുന്നത്.
പക്ഷെ, ആരെങ്കിലും അതിന് ചെവി കൊടുക്കുമോ?
എം സി എ നാസര്‍
You must be logged in to post a comment Login