ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുകയോ ചരിത്രപുസ്തകത്തില്‍ വക്രീകരിക്കപ്പെടുകയോ ചെയ്ത മുസ്‌ലിം ചരിത്ര പുരുഷന്മാരാണ് മൈസൂര്‍ ഭരണാധികാരികളായ ഹൈദരലി ഖാനും മകന്‍ ടിപ്പുസുല്‍ത്താനും. മുസ്‌ലിം രാജാക്കന്മാരുടെ ക്രൂരതകള്‍ വിവരിക്കുന്നിടത്തും അസഹിഷ്ണുത എടുത്തുകാട്ടുന്നിടത്തും ഉദാഹരണമായി പലപ്പോഴും ഉയര്‍ത്തിക്കാട്ടാറ് ഈ രണ്ടു കഥാപാത്രങ്ങളെയാണ്. കേരളത്തിന്റെ മതമൈത്രിക്ക് ഊനം തട്ടിയ കാലഘട്ടത്തെ കുറിച്ച് പരമര്‍ശിക്കുന്നിടത്തെല്ലാം ‘ടിപ്പുവിന്റെ പടയോട്ട’ത്തെ കുറിച്ചാണ് അനുസ്മരിക്കാറ്. ടിപ്പുസുല്‍ത്താന്റെയും പിതാവ് ഹൈദരലിഖാന്റെയും മലബാര്‍ അധിനിവേശമാണ് മേഖലയുടെ മതമൈത്രി തകരാന്‍ ഇടയാക്കിയതെന്നും ഹിന്ദുസമൂഹത്തിന്റെ നാശത്തിന് നാന്ദി കുറിച്ചത് ഇതോടെയാണെന്നും കുറ്റപ്പെടുത്തുന്ന സിദ്ധാന്തങ്ങള്‍ ധാരാളമായി ഇവിടെ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഹൈദരലിയും മകനും കടുത്ത മുസ്‌ലിം പക്ഷപാതികളാണെന്നും ഹിന്ദുരാജാക്കന്മാരോടും നാടുവാഴികളോടും ക്രൂരമായാണ് പെരുമാറിയതെന്നുമാണ് പൊതുവായ ധാരണ. ഇതിനു പിന്നില്‍, മൈസൂര്‍ രാജാക്കന്മാരുടെ ധീരതക്കും യുദ്ധപാടവത്തിനും മുന്നില്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ബ്രിട്ടീഷുകാരും അവര്‍ക്കുവേണ്ടി ചരിത്രമെഴുതിയ ഓറിയന്റലിസ്റ്റുകളും കേരളത്തിലെ തന്നെ കുറെ ചരിത്രകാരന്മാരുമാണ് പ്രവര്‍ത്തിച്ചത്. പടക്കളത്തില്‍ അവസാനനിമിഷം വരെ പോരാടി വീരമൃത്യുവരിച്ച രാജാക്കന്മാര്‍ വിരളമാണെങ്കിലും ടിപ്പുവിന്റെ ധീരവീര കൃത്യങ്ങളില്‍ ദേശസ്‌നേഹവും വൈദേശികാധിപത്യത്തോടുള്ള എതിര്‍പ്പും വായിച്ചെടുക്കാന്‍ ഇതുവരെ നമ്മുടെ ചരിത്രകാരന്മാര്‍ സത്യസന്ധത കാണിച്ചിട്ടില്ല.
മൈസൂര്‍ രാജാക്കന്മാര്‍ നമ്മുടെ നാട്ടിലെ പണ്ഡിതന്മാരുടെയും ചരിത്രകാരന്മാരുടെയും ദൃഷ്ടിയില്‍ എന്തുകൊണ്ട് ദുഷ്ടന്മാരും വര്‍ഗീയവാദികളുമായി എന്ന ചോദ്യത്തിന് ചരിത്രത്തിന്റെ തെറ്റായ വായനയും മുന്‍വിധിയോടെയുള്ള സമീപനവുമാണെന്ന കാര്യത്തിലാണ് ഉത്തരം കണ്ടെത്തേണ്ടത്. അതുകൊണ്ടു തന്നെ ഹൈദരലിയെയും ടിപ്പുവിനെയും പുനര്‍വായനക്കായി പുതിയൊരു ചരിത്രപരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ പുതുവായനക്ക് ആവശ്യം ആ കാലഘട്ടത്തെയും കേരളത്തിന്റെ സാമൂഹികരാഷ്ട്രീയ സാംസ്‌കാരിക വേദികളെയും ആഴത്തില്‍ പഠിച്ച് മൈസൂര്‍ രാജാക്കന്മാരുടെ ഇടപെടലിന്റെ പശ്ചാത്തലവും പ്രത്യാഘാതവും വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയാണ്. അത്തരമൊരു ശ്രമം വിജയപ്രദമാകണമെങ്കില്‍ മൈസൂര്‍ ‘അധിനിവേശ’ങ്ങളുടെ കാരണങ്ങളെ നിഷ്പക്ഷമായും ‘പടയോട്ട’ങ്ങളെ പുതിയ അറിവുകളുടെ വെളിച്ചത്തില്‍ ശാസ്ത്രീയമായും വിശകലനം ചെയ്തു കൂടുതല്‍ വെളിച്ചം വിതറേണ്ടതുണ്ട്. എന്തുകൊണ്ട് ഹൈദരലിയും ടിപ്പുസുല്‍ത്താനും മലബാറില്‍ ഇത്രയും താല്‍പര്യം കാണിച്ചുവെന്ന ചോദ്യത്തിനു നിലവിലെ ചരിത്രമതം അവരുടെ മതചോദനകളിലേക്കാണ് ഊന്നല്‍ നല്‍കുന്നത്. അതിനപ്പുറം കാണാനും ദേശീയആഗോളരാഷ്ട്രീയത്തെ വസ്തുനിഷ്ഠമായി മനനം ചെയ്യാനും സന്നദ്ധമാണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു പുനര്‍വായനയുടെ സാധ്യത.
കേരളത്തില്‍ ഇടപെടാന്‍ ഹൈദരലിക്ക് ആദ്യ അവസരം കൈവരുന്നത് പാലക്കാട് രാജാവായ കോമി അച്ചന്‍ ക്ഷണിച്ചതോടെയാണ്. ആ ക്ഷണമാവട്ടെ സാമൂതിരിയുടെ യുദ്ധസന്നാഹങ്ങളെ ചെറുക്കാന്‍ വേണ്ടിയാണ്. ഹൈദരലിഖാന്‍, തന്റെ മച്ചുനന്‍ മഖ്ദൂം സാഹിബിന്റെ നേതൃത്വത്തില്‍ 2000കുതിരപ്പടയെയും 5000കാലാള്‍പ്പടയെയും പാലക്കാട്ടേക്ക് അയച്ചുകൊടുക്കുന്നതോടെയാണ് ‘മൈസൂര്‍ അധിനിവേശ’ത്തിന് തുടക്കം കുറിക്കുന്നത്. മൈസൂര്‍ സേന സാമൂതിരിയുടെ പടയെ തോല്‍പിക്കുകയും കോഴിക്കോട്ടേക്ക് തിരിച്ചോടിക്കുകയും ചെയ്തു. സാമൂതിരി ഒപ്പിട്ട സമാധാന സന്ധിപ്രകാരം യുദ്ധച്ചെലവിലേക്കായി 12ലക്ഷം രൂപ മൈസൂര്‍ ഭരണത്തിന് നല്‍കേണ്ടതുണ്ടായിരുന്നു. ആ വാഗ്ദത്തം പാലിക്കാന്‍ ‘ദരിദ്രവാസിയായ’ സാമൂതിരിക്ക് സാധിച്ചില്ല. ഈ സൈനികനീക്കത്തില്‍ ഏതെങ്കിലും തരത്തിലുള്ള മതമാനം ദര്‍ശിക്കാന്‍ സാധിക്കുമോ? ഒരിക്കലുമില്ല. പാലക്കാട് രാജാവ് നിലനില്‍പിനു വേണ്ടിയാണ് അക്കാലത്ത് കേള്‍വികേട്ട ഹൈദരലിയുടെ സഹായം അഭ്യര്‍ഥിക്കുന്നത്. തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മയും ഹൈദരലിയുടെ സൈനിക സഹായം തേടുകയുണ്ടായി. നായര്‍ മാടമ്പിമാരെ അമര്‍ച്ച ചെയ്യുന്നതിനു വേണ്ടിയായിരുന്നു അത്. മൈസൂര്‍ പട വരുന്നുണ്ടെന്ന് കേട്ട മാത്രയില്‍ നായര്‍ ഇടപ്രഭുക്കള്‍ ആയുധംവെച്ച് കീഴടങ്ങി. കണ്ണൂരിലെ ആലി രാജാവും കോലത്തിരിയില്‍നിന്ന് തെറ്റിപ്പിരിഞ്ഞ യാമ്പുതമ്പുരാനും മലബാര്‍ ആക്രമിക്കാന്‍ ഹൈദരാലിയെ നേരില്‍ കണ്ട് ക്ഷണിച്ചതായി ചരിത്രത്തില്‍ കാണാം. അതേസമയം, ഫ്രഞ്ച് ഭരണകൂടവുമായി ഉറ്റചങ്ങാത്തമുള്ള മൈസൂര്‍ രാജാക്കന്മാര്‍, അറബിക്കടലില്‍ ആധിപത്യം സ്ഥാപിക്കുന്നതിനെകുറിച്ച് ആലോചിച്ചിരുന്നുവെന്നും ഫ്രഞ്ച് കോളനിയായ മാഹിയില്‍ താല്‍പര്യം കാണിച്ചതായും ചില രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ്‌കോളനി ശക്തികള്‍ക്കെതിരെ അചഞ്ചലനായി നിന്ന മൈസൂര്‍ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം മലബാറില്‍ തങ്ങളുടെ ശത്രുക്കള്‍ മേല്‍കോയ്മ സ്ഥാപിക്കുന്നത് എന്തുവില കൊടുത്തും തടയുക എന്നത് ആത്യന്തിക ലക്ഷ്യമായിരുന്നു. എന്നാല്‍, ഇത്തരം രാഷ്ട്രീയ കാരണങ്ങളല്ല, പ്രത്യുത സാമുദായിക പ്രശ്‌നമാണ് ഹൈദരാലിയെ മലബാറിലേക്ക് ആനയിച്ചത് എന്നു വരുത്തിത്തീര്‍ക്കാന്‍ ബ്രിട്ടീഷുകാരായ മലബാര്‍ കമീഷണര്‍മാര്‍ ചില സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുകയുണ്ടായി. അതിലൊന്ന്, വാണിജ്യപരമായി മാപ്പിളമാര്‍ ഉയര്‍ച്ച പ്രാപിക്കുകയും അവര്‍ക്ക് കൊടുക്കാനുണ്ടായിരുന്ന പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതെ വരികയും ചെയ്ത ഘട്ടത്തില്‍ നായന്മാരെ സംഘടിപ്പിച്ച് ആറായിരത്തോളം മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്‌തെന്നും അതിനു പ്രതികാരം ചെയ്യാന്‍ ഹൈദരലിയോട് അഭ്യര്‍ഥിച്ചതിന്റെ ഫലമായാണ് മലബാറിലേക്ക് സൈന്യത്തെ അയച്ചതെന്നുമുള്ള ഭാഷ്യമാണ്. മൈസൂര്‍ രാജാക്കന്മാരുടെ മതവിഭാഗീയത പൊലിപ്പിച്ചുകാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം. രാഷ്ട്രീയ കാരണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എന്തിനു മതകാരണങ്ങള്‍ അവലംബമാക്കുന്നുവെന്ന ചോദ്യത്തിനു ഹൈദരലിയെയും ടിപ്പുവിനെയും മുസ്‌ലിം വര്‍ഗീയവാദികളാക്കുകയാണ് ലക്ഷ്യമെന്ന് പകല്‍വെളിച്ചം പോലെ വ്യക്തം. എന്നാല്‍, മലബാറില്‍ ഹൈദരലിയെയും ടിപ്പുവിനെയും പ്രതിനിധാനം ചെയ്തത് ബ്രാഹ്മണരായ രണ്ടു ഗവര്‍ണമാരായിരുന്നുവെന്ന സത്യം പലരും മനഃപൂര്‍വം വിസ്മരിക്കുകയാണ്. ഗവര്‍ണര്‍മാരായ മദണ്ണയും ശ്രീനിവാസറാവുമായിരുന്നു ഇവിടുത്തെ ദൈനംദിന കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്.
ഹൈദരലിയുടെ മലബാര്‍ അധിനിവേശം ഇവിടുത്തെ നാട്ടുരാജാക്കന്മാര്‍ രചിച്ച തിരക്കഥയനുസരിച്ചാണ് മുന്നോട്ട് നീങ്ങിയിരുന്നത്. 12,000 സേനാംഗങ്ങളുമായി മൈസൂര്‍ പട മംഗലാപുരം വഴി1766ല്‍ മലബാറിലേക്ക് കടന്നതോടെയാണ് എത്ര ദുര്‍ബലരും ഭീരുക്കളുമാണ് വീരശൂര പരാക്രമികളായി ചരിത്രത്തില്‍ വാഴ്ത്തപ്പെടുന്ന മലബാര്‍ രാജാക്കന്മാരെന്ന് തെളിയുന്നത്. ചിറക്കല്‍ രാജാവ് ചെറിയൊരു ഏറ്റുമുട്ടലില്‍ തന്നെ കൊല്ലപ്പെടുകയാണ്. കോട്ടയും രാജാവും ഇടപ്രഭുക്കന്മാരും നാട് വിട്ടോടുന്ന ദയനീയ കാഴ്ചയാണ് കണ്ടത്. കടത്തനാട്ടിലൂടെ കോഴിക്കോട്ടേക്ക് തിരിഞ്ഞപ്പോഴേക്കും സാമൂതിരി കൊട്ടാരത്തിലെ വെടിപ്പുരക്ക് തീകൊളുത്തി സ്വയം ജീവനൊടുക്കി. ഒരു കോടി മെഹര്‍ പണമായി അടക്കാന്‍ ഹൈദരലി നിര്‍ബന്ധിച്ചതാണ്, ഈ ഭീരുത്വത്തിലേക്ക് നയിച്ചതെന്ന് ബോംബെ ഗവര്‍ണറായിരുന്ന ജോനാഥന്‍ ഡങ്കല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പില്‍ക്കാലത്ത് ഈ സംഭവത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചവര്‍ മറ്റു ചില സിദ്ധാന്തങ്ങള്‍ ചുട്ടെടുക്കുകയുണ്ടായി. ഹൈദരലി തന്നെ ഇസ്‌ലാമിലേക്ക് മതംമാറാന്‍ നിര്‍ബന്ധിക്കുമോ എന്ന് ഭയന്നാണ് സാമൂതിരി ജീവാഹുതി നടത്തിയതെന്ന് കെ.എം പണിക്കര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഹൈദരലിഖാന്റെ ഭരണകാലഘട്ടത്തെ കുറിച്ച് ഒട്ടേറെ വിവരങ്ങള്‍ നല്‍കുന്ന എം.എം.ഡി.എല്‍.ടി എന്ന തൂലികാനാമത്തില്‍ എഴുതിയ അജ്ഞാത ചരിത്രകാരന്‍, തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാര്‍ സാമൂതിരിയെകുറിച്ച് പ്രചരിപ്പിച്ച അപവാദങ്ങളെ കുറിച്ച് പറയുന്നുണ്ട്. തന്റെ മതവും രാജ്യവും മുഹമ്മദീയര്‍ക്ക് അടിയറ വെച്ച വഞ്ചകനാണ് സാമൂതിരിയെന്നും ബ്രാഹ്മണരെയും നായന്മാരെയും അദ്ദേഹം കൈയൊഴിച്ചെന്നും അതോടെയാണ് അദ്ദേഹം കടും കൈക്ക് തുനിഞ്ഞതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ ദുരന്തത്തിലെ ഏറ്റവും രസാവഹമായ ചരിത്രാഖ്യാനം ശത്രുസൈന്യത്തിനു മുന്നില്‍ പരാജയപ്പെട്ട് സ്വയം ജീവനൊടുക്കിയ ഭരണാധികാരിയുടെ ഭീരുത്വം നിറഞ്ഞ നടപടിയെ മഹത്വവത്കരിക്കാനുള്ള നമ്മുടെ ചില ചരിത്രകാരന്മാരുടെ നാണംകെട്ട ശ്രമമാണ്. കോഴിക്കേട്ടെ സാമൂതിരിമാര്‍ (The Zamorin of Calicut) എഴുതിയ കെ.വി കൃഷ്ണ അയ്യര്‍ ഹൈദര്‍ സാമൂതിരി ഏറ്റുമുട്ടലിനെ കുറിച്ച് വിവരിക്കുന്നത് കാണുക: ‘The Zamorin tried to make peace with Haidar by a personal appeal. He offered all his treasure and property, but the Nabob demanded the astounding sum of a crore of gold mohars. The Zamorin, therefore, retired of Calicut, closely pursued by his enemy. Here and there the Nayars made heroic but ineffectual attempts to stop the advance of the sweeping avalanche. On April20 Haidar arrived at Calicut, and established his camp at Palayam. With his arrival the siege became more rigorous. As provisions ran short the Zamorin sent the rapad and the Tampuraties to Ponnani. As his position became more and more desperate he grew more and more stubborn in his refusal to surrender. At last, he resolved to put an end to his life, and with it the fort which no enemy had entered as a conqueror since the first Zamorin laid its foundation. On the 27th April, corresponding to the 14th of Metam, 941M.E, on Chithra or the fourteenth lunar asterism, he set fire to the powder magazine with his on hand, and was blown up long with the fortress, from which his ancestors had marched out to conquer and annex.’
സാമൂതിരിയുടെ പടയോട്ടത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ആത്മഹത്യയുടെ മാര്‍ഗം തെരഞ്ഞെടുത്ത സാമൂതിരിയുടെ ചെയ്തി, പില്‍ക്കാലത്ത് കോഴിക്കോടിന്റെ സാമുദായികാന്തരീക്ഷം വഷളാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. മാത്രമല്ല, മൈസൂര്‍ രാജാക്കന്മാരെ കുറിച്ച് കേരളത്തിലെ ചരിത്രകാരന്മാരുടെ കാഴ്ചപ്പാട് വികലമാക്കാനും ആ ദുരന്തം ഹേതുവായി. ടിപ്പുവിന്റെ കാലമാവുമ്പോഴേക്കും നമ്മുടെ മുന്നില്‍ തെളിയുന്ന ചിത്രം, സാമൂതിരി മാത്രമല്ല, തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാരെല്ലാം തന്നെ പൊതുശത്രുവിനെ നേരിടാന്‍ കോളനിശക്തികളുടെ സഹായം അഭ്യര്‍ഥിക്കുന്നതാണ്. മൈസൂര്‍ രാജാവിനെ നേരിടുന്നതില്‍ കാണിച്ച ഈ അത്യൂല്‍സാഹവും അമിതാവേശവും വൈദേശിക കടന്നുകയറ്റക്കാര്‍ക്കെതിരെ ചരിത്രത്തിലൊരിക്കലും കണ്ടില്ല എന്നതാണ്. അന്ന് ടിപ്പുവിനോടൊപ്പം ചേര്‍ന്നു ബ്രിട്ടീഷുകാരെ നേരിടുന്നതില്‍ ഉത്സാഹം കാണിച്ചിരുന്നുവെങ്കില്‍ ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. ഇതിനെല്ലാമുപരി, ഹൈദരാലിയും ടിപ്പുവും ചുരുങ്ങിയ കാലത്തെ ആധിപത്യത്തിനിടയില്‍ മലബാറില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും സാമൂഹിക സാമ്പത്തിക മാറ്റങ്ങളുമാണ് ആധുനികതയുടെ പുതിയൊരു പ്രഭാതത്തിനു നാന്ദികുറിച്ചതെന്ന യാഥാര്‍ഥ്യം എല്ലാവരും മനഃപൂര്‍വം വിട്ടുകളയുകയാണ്. ഹൈദരലി ഖാനും ടിപ്പുവും മലബാറിലൂടെ കടന്നുപോയിട്ടില്ലായിന്നുവെങ്കില്‍ നായര്‍ ഫ്യൂഡലിസത്തിന്റെ ജീര്‍ണതകള്‍ ഇപ്പോഴും ഇവിടെ നടമാടുന്നുണ്ടാകുമായിരുന്നുവെന്ന സത്യത്തോട് എന്തിനു നാം വൈമുഖ്യം കാട്ടണം.
ശാഹിദ്
You must be logged in to post a comment Login