നരേന്ദ്ര മോഡി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കാറാകുമ്പോള്‍ ആകെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരു ഹൈപ്പാണ്. ശുചിത്വമുള്ള രാജ്യത്തിനായി പ്രഖ്യാപിക്കപ്പെട്ട പദ്ധതിയും അതിന്റെ പ്രചാരണത്തിനായി ചൂലേന്തിയ പ്രധാനമന്ത്രിയും സൃഷ്ടിച്ച ഹൈപ്പ് ചെറുതല്ല. എല്ലാ മേഖലകളിലെയും പ്രശസ്തര്‍ ചൂലുമായി രംഗത്തെത്തി ചിത്രമെടുപ്പ് ചടങ്ങ് പൂര്‍ത്തിയാക്കി മടങ്ങി. മേക്ക് ഇന്‍ ഇന്ത്യയാണ് അടുത്തത്. രാജ്യത്തെ എല്ലാത്തരം നിര്‍മാണങ്ങളുടെയും കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട പദ്ധതി. ഏതെങ്കിലും രീതിയിലുള്ള മുന്നോട്ടുപോക്ക് ഈ പദ്ധതിയില്‍ ഉണ്ടായതായി അറിവില്ല. എം പിമാര്‍ ഗ്രാമങ്ങളെ ദത്തെടുത്ത് മാതൃകാ ഗ്രാമങ്ങളാക്കുക, 100 നഗരങ്ങളെ സ്മാര്‍ട്ടാക്കുക, അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ നിക്ഷേപം കൊണ്ടുവന്ന് സമ്പൂര്‍ണ മാറ്റത്തിന് കളമൊരുക്കുക എന്നിങ്ങനെ ശബ്ദഘോഷത്തോടെ മുന്നോട്ടുവെക്കപ്പെട്ട പദ്ധതികള്‍ വേറെയുമുണ്ട്. സൃഷ്ടിക്കപ്പെടുന്നത് ഹൈപ്പ് മാത്രമാണെന്ന വിമര്‍ശം വിവിധ കോണുകളില്‍ നിന്ന് ഉയരുകയും അതിന് നരേന്ദ്ര മോഡി തന്നെ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഹൈപ്പ് സൃഷ്ടിക്കുന്നതിലൂടെ വലിയ ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് നരേന്ദ്ര മോഡിയുടെ വിശദീകരണം.
ഇത് പരിഗണിച്ചാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവലോകനം ചെയ്ത് പാര്‍ലിമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേയും അതിന് മുമ്പും പിമ്പുമായി അവതരിപ്പിക്കപ്പെട്ട റെയില്‍വേ, പൊതു ബജറ്റുകളും പുതിയ ഹൈപ്പുകളാണെന്ന് പറയേണ്ടിവരും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളില്‍ അഞ്ച് ശതമാനത്തെച്ചുറ്റിപ്പറ്റിയായിരുന്നു രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ച. മൂന്നാം പാദമായപ്പോഴേക്കും വളര്‍ച്ചാ നിരക്ക് നിര്‍ണയിക്കുന്നതിന്റെ രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി, നിരക്ക് 7.5 ശതമാനത്തിലെത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. എട്ട് ശതമാനത്തോളം വളര്‍ച്ചാ നിരക്കാണ് അവസാനപാദത്തില്‍ പ്രതീക്ഷിക്കുന്നത്. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനം വളര്‍ച്ചാ നിരക്ക് രാജ്യം കൈവരിക്കുമെന്നും സാമ്പത്തിക സര്‍വേ പറഞ്ഞുവെക്കുന്നു. കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാല് ശതമാനത്തോളം വളര്‍ച്ചയുണ്ടായപ്പോള്‍ ഇക്കുറി അത് 1.1 ശതമാനം മാത്രമാണ്. വ്യാവസായിക വളര്‍ച്ചാ നിരക്കും കുറവാണ്. റിയല്‍ എസ്റ്റേറ്റ്-നിര്‍മാണ രംഗത്തും ഊര്‍ജമില്ല. സേവന മേഖല 10.6 ശതമാനം വളര്‍ന്നുവെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. പിന്നെ തിളങ്ങിനില്‍ക്കുന്നത് ഓഹരിക്കമ്പോളം മാത്രമാണ്. സ്ഥിതി ഇതായിരിക്കെ, ഏത് വിധത്തിലാണ് 7.4 ശതമാനം വളര്‍ച്ച രാജ്യം കൈവരിക്കുക എന്ന ചോദ്യം ഉയരുന്നുണ്ട്.
ഈ സര്‍വേയെ ആധാരമാക്കിയാണ് റെയില്‍വേ – പൊതു ബജറ്റുകളിലെ നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. രണ്ടിലും ‘മേക്ക് ഇന്‍ ഇന്ത്യ’, ‘സ്വച്ഛ് ഭാരത്’ ആശയങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ പാകത്തിലുള്ള പ്രഖ്യാപനങ്ങളുണ്ട്. പുതിയ ട്രെയിനുകളും പുതിയ പദ്ധതികളും പ്രഖ്യാപിക്കുന്നതിന് പകരം നിലവിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് മുന്‍ഗണന നല്‍കാനും പുതിയ റെയില്‍ പാതകളുടെ നിര്‍മാണം, നിലവിലുള്ളവയുടെ ഗേജ് മാറ്റം, ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവക്ക് മുന്‍ഗണന നല്‍കാനും മന്ത്രി സുരേഷ് പ്രഭു സന്നദ്ധനായി. കുറേ വര്‍ഷങ്ങളായി അവതരിപ്പിക്കപ്പെടുന്ന റെയില്‍വേ ബജറ്റുകളില്‍ നിന്നൊരു മാറി നടക്കല്‍ ഇവിടെ പ്രകടമായിരുന്നു. പക്ഷേ, ഈ പ്രഖ്യാപനങ്ങളുടെ നടത്തിപ്പിന് മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാല്‍, സ്വകാര്യവത്കരണത്തിന്റെ വേഗം ഏതളവില്‍ വര്‍ധിക്കാന്‍ പോകുന്നുവെന്ന് മനസ്സിലാകും.
റെയില്‍വേയിലെ പൊതു നിക്ഷേപം കുറച്ചുകാലത്തേക്ക് കൂടി തുടരണമെന്നും സ്വകാര്യ മേഖലയില്‍ നിന്നുള്ള മൂലധന ഒഴുക്കിനുള്ള രാസത്വരകമായി വര്‍ത്തിക്കണമെന്നും സാമ്പത്തിക സര്‍വേ നിര്‍ദേശിക്കുന്നു. അതുതന്നെയാണ് പ്രഭു നടപ്പാക്കുന്നതും. പുതിയ പാളങ്ങളുടെ നിര്‍മാണം, ഗേജ് മാറ്റം, ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഊര്‍ജിതമായി നടക്കുകയാണെങ്കില്‍ ഇരുമ്പുരുക്ക്, സിമന്റ് തുടങ്ങി നിരവധി വ്യവസായങ്ങള്‍ക്ക് അത് പോഷകമാകും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. പരിശീലനം ലഭിച്ചവരും അല്ലാത്തവരുമായ തൊഴിലാളികള്‍ക്ക് അവസരം ലഭിക്കും. ഇതിലൂടെ കമ്പോളത്തിലേക്ക് എത്തുന്ന പണം, ഗ്രാമ – നഗര ഭേദമില്ലാതെ വലിയ ചലനം രാജ്യത്തുണ്ടാക്കുമെന്ന് മോഡി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. പുതുതായി സൃഷ്ടിക്കപ്പെടുന്ന നിര്‍മാണ–വ്യവസായ അവസരങ്ങളൊക്കെ ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമാക്കുമെന്നും എല്ലായിടത്തും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വേണ്ടിടത്തൊക്കെ വിദേശ നിക്ഷേപവും. സ്വകാര്യ – വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് സുഗമമായുണ്ടാകാന്‍ പാകത്തിലുള്ള നിക്ഷേപവും ഇടപെടലുമാണ് റെയില്‍വേ നടത്തേണ്ടതായി സാമ്പത്തിക സര്‍വേ നിര്‍ദേശിച്ചത്, അതു തന്നെയാണ് സുരേഷ് പ്രഭു ചെയ്യുന്നതും. ഇത്തരം പദ്ധതികളിലേക്കുള്ള ക്ഷണപത്രം പൂരിപ്പിച്ചത് പൊതുബജറ്റിലൂടെ അരുണ്‍ ജെയ്റ്റ്‌ലിയാണ്. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നും പദ്ധതി നടത്തിപ്പിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെയും അത് സൃഷ്ടിക്കുന്ന നഷ്ടങ്ങളുടെയും ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു.
റെയില്‍വേ ഭൂമികളുടെ വിനിയോഗത്തില്‍ വരുത്തിയ മാറ്റമാണ് പ്രഭുവിന്റെ ബജറ്റിലെ രണ്ടാമത്തെ പ്രധാന ഇനം. നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലേക്ക് വ്യവസായികളെ ക്ഷണിച്ചത്, തുച്ഛവിലക്ക് ഭൂമി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു. അദാനിക്ക് തുറമുഖം കെട്ടാനും ടാറ്റക്ക് കാര്‍ നിര്‍മാണ പ്ലാന്റുണ്ടാക്കാനുമൊക്കെ ഭൂമി കൈമാറ്റം ചെയ്തതില്‍ അഴിമതിയുണ്ടെന്ന ആരോപണം നിലനില്‍ക്കുകയും ചെയ്യുന്നു. റെയില്‍വേയുടെ കൈവശമുള്ള വിനിയോഗിക്കാതെ കിടക്കുന്ന ഭൂമി ചുരുങ്ങിയ നിരക്കില്‍ സ്വകാര്യ വ്യവസായികള്‍ക്ക് കൈമാറുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ സുരേഷ് പ്രഭു പറഞ്ഞത്. ഈ ഭൂമി ഏറ്റെടുക്കാനുള്ള ലേലത്തില്‍ ആര്‍ക്കും പങ്കെടുക്കാം. ലേലത്തില്‍ പിടിക്കുന്ന ഭൂമി വികസിപ്പിച്ച് ലാഭമുണ്ടാക്കാനുള്ള ഉത്തരവാദിത്തമുണ്ടാകണമെന്ന് മാത്രം. ചുരുങ്ങിയ നിരക്കില്‍ ഭൂമി ഏറ്റെടുത്ത് വികസിപ്പിക്കാന്‍ പോകുന്നത് അദാനിയോ അംബാനിയോ ടാറ്റയോ എസ്സാറോ എന്ന് മാത്രമേ കാത്തിരുന്ന് കാണേണ്ടതുള്ളൂ. ഏറ്റെടുക്കുന്ന കമ്പനിയുടെ വലുപ്പമനുസരിച്ച്, ഇവിടങ്ങളില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍ക്കുള്ള ഫീസും വര്‍ധിക്കും. രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലെയും പാര്‍ക്കിംഗ് പ്രദേശം റിലയന്‍സോ ടാറ്റയോ ഏറ്റെടുത്ത് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഫീസ് കുത്തനെ വര്‍ധിപ്പിക്കുന്നത് വരും വര്‍ഷങ്ങളില്‍ കാണാമെന്ന് ചുരുക്കം.
പരമ്പരാഗത രീതിയില്‍ നിന്ന് മാറ്റമൊന്നുമില്ലാതെ അവതരിപ്പിക്കപ്പെട്ട അരുണ്‍ ജെയ്റ്റ്‌ലിയുടെ പൊതുബജറ്റ്, റെയില്‍വേയില്‍ സ്വീകരിച്ച മാതൃകയോട് ചേര്‍ന്നു നില്‍ക്കുന്നു. ഏതാണ്ടെല്ലാ പദ്ധതികളും ‘മേക്ക് ഇന്‍ ഇന്ത്യ’ ആശയത്തോട് ബന്ധിപ്പിച്ചിരിക്കുന്നു. ശുചിത്വമുള്ള ഇന്ത്യയുടെ ഭാഗമായി ആറ് കോടി കക്കൂസുകള്‍ നിര്‍മിക്കുമെന്നും 2020 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വൈദ്യുതി, 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീട്, തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്നും പ്രഖ്യാപനമുണ്ട്. ‘മേക്ക് ഇന്‍ ഇന്ത്യ’ വിജയിപ്പിക്കുന്നതിനായി വിദഗ്ധരായ തൊഴില്‍ശക്തിയെ സൃഷ്ടിക്കുന്നതിന് വേണ്ട പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും.
യു പി എ സര്‍ക്കാറിന്റെ അവസാന രണ്ട് വര്‍ഷങ്ങളില്‍ പി ചിദംബരം അവതരിപ്പിച്ച ബജറ്റുകള്‍ പരിശോധിച്ചാല്‍ തൊഴില്‍ പരിശീലനം ലഭ്യമാക്കുന്നതിന് (സ്‌കില്‍ ഡവലപ്പ്‌മെന്റ്) രാജ്യവ്യാപകമായി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ കാണാം. ആ പ്രസ്താവനങ്ങള്‍ ആവര്‍ത്തിക്കുകയാണ് അരുണ്‍ ജെയ്റ്റ്‌ലി ചെയ്തിരിക്കുന്നത്. ‘മേക്ക് ഇന്‍ ഇന്ത്യ’യുമായി അതിനെ ഘടിപ്പിച്ചുവെന്ന് മാത്രം. എന്തുകൊണ്ടായിരിക്കാം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്‌കില്‍ ഡവലപ്‌മെന്റിനെക്കുറിച്ച് സാമ്പത്തിക പരിഷ്‌കരണ വാദികളായ ഭരണാധികാരികള്‍ വാതോരാതെ സംസാരിക്കുന്നത്? കമ്പോളം തുറന്ന് നല്‍കല്‍ ഏറെക്കുറെ പൂര്‍ത്തിയാവുകയാണ്. ശേഷിക്കുന്നത് കൂടി തുറന്ന് കൊടുത്താല്‍ പിന്നെ വിദേശ കമ്പനികള്‍ക്ക് വേണ്ടത് അവരുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച് വിപണിയിലെത്തിക്കാന്‍ പാകത്തിലുള്ള സൗകര്യങ്ങളാണ്. വിദേശ നിക്ഷേപാനുമതി സ്ഥാപനങ്ങള്‍ തുടങ്ങാന്‍ മാത്രമേ സഹായകമാകൂ. അവിടേക്ക് വേണ്ട, കുറഞ്ഞ നിരക്കിലുള്ള മനുഷ്യ വിഭവ ശേഷി എവിടെ നിന്ന് കിട്ടും? വിദേശത്തു നിന്ന് വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരികയാണെങ്കില്‍ നല്‍കേണ്ടിവരുന്ന പ്രതിഫലം വലുതാണ്. അതിന് പകരം ആഭ്യന്തരമായി കുറഞ്ഞ നിരക്കില്‍ മനുഷ്യ വിഭവശേഷി ലഭ്യമായാലോ? അതിന് വേണ്ടിയാണോ സ്‌കില്‍ ഡവലപ്‌മെന്റ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ യൂനിയന്റെ വലിയ ശക്തികളിലൊന്ന് ഉയര്‍ന്ന ജനസംഖ്യ തന്നെയാണ്. ആ ജനസംഖ്യയെ ഉത്പാദനക്ഷമമായി ഉപയോഗിക്കാന്‍ പാകത്തില്‍ തൊഴില്‍ പരിശീലനം നല്‍കേണ്ടത് അനിവാര്യമാണ്. പക്ഷേ, വിദേശ – ആഭ്യന്തര കുത്തക കമ്പനികള്‍ക്ക് ചൂഷണം ചെയ്യാന്‍ പാകത്തില്‍ അവരെ തയ്യാറാക്കി നിര്‍ത്താനാണ് ഇപ്പോഴത്തെ യത്‌നം. അതിന് പാകത്തില്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യും, അവകാശങ്ങള്‍ പരിമിതപ്പെടുത്തുകയും ചെയ്യും. അതിനുള്ള ശ്രമങ്ങള്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞു. മനുഷ്യവിഭവ ശേഷിയുടെ വിപണി നിയന്ത്രണമേതുമില്ലാതെ തുറന്ന് കൊടുക്കുമെന്ന് അര്‍ഥം. ഇക്കാര്യത്തിലും മന്‍മോഹന്‍, ചിദംബരാദികളുടെ പാത തെറ്റാതെ പിന്തുടരുന്നു നരേന്ദ്ര മോഡിയും അരുണ്‍ ജെയ്റ്റ്‌ലിയും. തൊഴിലുറപ്പെന്ന ഉത്പാദനക്ഷമമല്ലാത്ത പദ്ധതി തുടര്‍ന്നുകൊണ്ടുപോകാതെ പരിശീലനം സിദ്ധിച്ച മനുഷ്യ വിഭവ ശേഷി സജ്ജമാക്കുകയും അതിനെ ‘മേക് ഇന്‍ ഇന്ത്യ’ എന്ന സ്വപ്ന പദ്ധതിയുമായി യോജിപ്പിക്കുകയും ചെയ്യുന്നതോടെ ചൂഷണത്തിനൊരു ഔദ്യോഗിക സ്വഭാവവും ദേശ നിര്‍മാണ പ്രക്രിയയിലെ പങ്കാളിത്തമെന്ന വ്യാജ ബോധം ജനങ്ങളില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ഇത്തരം പ്രക്രിയയോട് ചേര്‍ന്നുനില്‍ക്കുന്ന വിധത്തില്‍ സാമൂഹിക സുരക്ഷാ പദ്ധതികളെ പുനരവതരിപ്പിക്കാനുള്ള ശ്രമം അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റില്‍ കാണാം. സബ്‌സിഡികള്‍ നിയന്ത്രിച്ച് കൊണ്ടുവരാനുള്ള നീക്കത്തിനൊപ്പം ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മേഖലകളെ വികസിപ്പിക്കാനാണ് ജെയ്റ്റ്‌ലി ശ്രമിക്കുന്നത്. ഇവ രണ്ടും ഊഹക്കമ്പോളവുമായി ഇതിനകം ബന്ധിപ്പിക്കപ്പെട്ടുകഴിഞ്ഞവയാണ്. തൊഴില്‍ ശക്തി വര്‍ധിക്കുകയും അവരുടെ ക്രയശേഷി വര്‍ധിക്കുകയും ചെയ്യുന്നതിനൊപ്പം അതിലൊരു വിഹിതം കമ്പോളത്തിലേക്ക് ഒഴുകുന്നുവെന്ന് ഉറപ്പാക്കുകയാണ് ധനമന്ത്രി. ഇതൊന്നും സമീപഭാവിയിലേക്ക് ഉദ്ദേശിച്ചുള്ളതല്ല, മറിച്ച് വികസിച്ചുവരുന്ന കമ്പോളം ഈ വിധത്തിലായിരിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ളതാണ്.
സാമ്പത്തിക സര്‍വേ മുന്നില്‍വെക്കുന്ന ഊതിവീര്‍പ്പിച്ച വളര്‍ച്ചാ നിരക്കും വരും കാലത്തെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കുമൊക്കെ ഈ കമ്പോളത്തെ എത്രയും വേഗം കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് കരുതണം. ‘മേക്ക് ഇന്‍ ഇന്ത്യ’, ‘സ്വച്ഛ് ഭാരത്’ എന്നിവയിലേക്ക് ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍, അവിടേക്ക് ഒഴുകിയെത്തുന്ന മൂലധനം എന്നിവയൊക്കെ വരും നാളുകളില്‍ കൂടുതല്‍ വ്യക്തമാകും. അപ്പോഴേ പുതിയ കമ്പോള വികസനത്തിന്റെ വ്യക്തമായ രൂപം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിക്കൂ. പണത്തിന്റെ ഒഴുക്ക് തടസ്സം കൂടാതെയുണ്ടാകുമെന്നതിനാലും ജനങ്ങളുടെ ക്രയശേഷി വര്‍ധിക്കുമെന്നതിനാലും ഇതിലെ ചൂഷണത്തിന്റെ അംശം വലിയ തോതില്‍ അലട്ടാനിടയില്ലെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു. അത് ഏറെക്കുറെ ശരിയുമാണ്.
പൊതു സ്വത്ത് സ്വകാര്യമേഖലക്ക് വലിയ തോതില്‍ കൈമാറ്റം ചെയ്യുകയും അതിനെ പരമാവധി ലാഭമുണ്ടാക്കാന്‍ പാകത്തില്‍ വിനിയോഗിക്കാനുള്ള അവസരം ആഭ്യന്തര – വിദേശ കമ്പനികള്‍ക്ക് നല്‍കുകയും ചെയ്യുക എന്നതാണ് റെയില്‍ – പൊതു ബജറ്റുകളുടെ പൊതുവായ സമീപനം. സേവന മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്നത് പോലെ നിക്ഷേപ രംഗത്തു നിന്നും സര്‍ക്കാര്‍ വൈകാതെ പിന്‍വാങ്ങുമെന്ന് കരുതണം. ധനക്കമ്മീഷന്റെ ശിപാര്‍ശപ്രകാരം സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം കൂട്ടിയപ്പോള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കുറച്ചതും തുടരുന്ന പദ്ധതികളില്‍ പലതിലും സംസ്ഥാനങ്ങളുടെ വിഹിതം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതുമൊക്കെ അതിനുള്ള മുന്നോടിയാണ്. മാനായി വരുന്നത് മാരീചനാണെന്ന് തിരിച്ചറിയാതെ നോക്കുന്നതിലെ കൈയടക്കമാണ് പ്രധാനം. അതില്‍ ചിദംബരത്തോളം മികവ് സുരേഷ് പ്രഭുവിനും അരുണ്‍ ജെയ്റ്റ്‌ലിക്കുമുണ്ടെന്നതില്‍ തര്‍ക്കമില്ല. അല്ലെങ്കില്‍ അവര്‍ക്ക് ഇതൊക്കെ എഴുതിക്കൊടുക്കുന്നവര്‍ക്ക്.
രാജീവ് ശങ്കരന്‍
You must be logged in to post a comment Login